ദുഃഖവെള്ളി

ദുഃഖവെള്ളി

പീഡാനുഭവ വെള്ളി

ഉത്പ 22:1-19; ഏശ 52:13-53:9; റോമ 5:6-19; ലൂക്കാ 23:24 - 45

സ്‌നേഹപൂര്‍വ്വം, യേശുവിന്റെ കുരിശ്

സജീവ് പാറേക്കാട്ടില്‍   രണ്ടായിരം വര്‍ഷങ്ങള്‍! രണ്ടു നിമിഷങ്ങള്‍ പോലെ കടന്നു പോയ രണ്ടായിരം വര്‍ഷങ്ങള്‍! ഓര്‍മ്മകള്‍ക്ക് മരണമില്ല എന്നത് എത്രയോ സത്യമാണ്. ഒരു മറവിയിലൂടെ വന്നു ചേര്‍ന്ന കെടുതികളത്രയും മായ്ക്കാനായിരുന്നല്ലോ അവന്‍ മരിച്ചതുതന്നെ! ഏദനിലെ മനുഷ്യന്റെ മറവിക്ക് കാല്‍വരിയില്‍ ദൈവകൃപയുടെ പ്രായശ്ചിത്തം! പറുദീസയിലെ വഞ്ചനയ്ക്ക് ഗൊല്‍ഗോഥായില്‍ അനുസരണത്തിന്റെ പ്രതികാരം! കുതികാലില്‍ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചവന്റെ തല തകര്‍ത്തുള്ള പ്രതികാരം! പുരാതനസര്‍പ്പം നഷ്ടപ്പെടുത്തിയ നിറസ്വപ്‌നങ്ങള്‍ക്ക് ജീവവസന്തങ്ങള്‍ വീണ്ടെടുത്ത നവസര്‍പ്പത്തിന്റെ പരിഹാരവും മറുപടിയും! മരത്താലേ വന്ന പാപങ്ങള്‍ മരത്താലേ മായ്ക്കുവാനായി മരത്തിന്മേല്‍ ആര്‍ത്തനായ്ത്തൂങ്ങി മരിക്കുന്നു രക്ഷകന്‍ ദൈവം എന്നൊക്കെ പാടുമ്പോള്‍ പ്രിയരേ, നിങ്ങള്‍ എന്നെ ഓര്‍മ്മിക്കാറുണ്ടോ എന്നറിയില്ല. (നിങ്ങള്‍ എന്നെ ഓര്‍മ്മിച്ചില്ലെങ്കിലും അവനെ ഓര്‍മ്മിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്). എനിക്കു പക്ഷേ, അന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമൊക്കെ യുഗാന്തം വരെയുള്ള ജ്വലിക്കുന്ന ഓര്‍മ്മകളാണ്. ഗൊല്‍ഗോഥാ വരെ അവനാണ് എന്നെ വഹിച്ചത്. പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും തുപ്പലുകള്‍ക്കും ഞാങ്ങണ കൊണ്ട് ശിരസിലേറ്റ പ്രഹരങ്ങള്‍ക്കും ചമ്മട്ടിയടികള്‍ക്കുമെല്ലാം ഒടുവില്‍, അവന്‍ നന്നേ ക്ഷീണിതനായിരുന്നു. വഴിയില്‍ വച്ച് തന്നെ അവന്‍ മരിച്ചുപോയേക്കുമെന്ന് ഞാനും ഭയന്നിരുന്നു. വിറയാര്‍ന്ന ചുവടുകളോടെ ഇടറി നീങ്ങവെ മൂന്നുവട്ടം ഞങ്ങളൊരുമിച്ച് നിലത്തുവീണു. പടയാളികള്‍ നിര്‍ദ്ദയം അവനെ വലിച്ചെഴുന്നേല്‍പ്പിച്ചു. അപ്പോഴാണ് കിറേനക്കാരനായ ശിമയോന്‍ അതിലേ വന്നത്. അയാള്‍ സഹായിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ എന്റെയും നിങ്ങളുടെയും ചരിത്രം വഴിമാറുമായിരുന്നു. ഗൊല്‍ഗോഥായിലെത്തിയപ്പോള്‍ ഇനി അധികം സമയം വേണ്ടല്ലോ എന്ന സമാശ്വാസത്തോടെ അവന്‍ എന്നെ ഉറ്റുനോക്കി. സഹനത്തിന്റെ മാധുര്യലഹരിയില്‍ മറ്റൊന്നും അവന് ആവശ്യമില്ലായിരുന്നു. അതിനാല്‍ കയ്പ് കലര്‍ത്തിയ വീഞ്ഞ് അവന്‍ കുടിച്ചില്ല. വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് അവര്‍ അവനെ എന്നില്‍ തറച്ചു. ആകാശത്തിനും ഭൂമിക്കും മധ്യേ അവനെയും ചുമന്ന് ഞാന്‍ ഉയര്‍ന്നുനിന്നു. ആ സമയത്തെ എന്റെ വികാരവിചാരങ്ങള്‍ വാക്കുകളില്‍ വിവരിക്കാന്‍ സാധ്യമല്ല. ജറുസലെമിലെ വിശുദ്ധ സിറില്‍ പറഞ്ഞതുപോലെ, 'പ്രപഞ്ചത്തിന്റെ ഏറ്റവും അകലെയുള്ള കോണുകളെപ്പോലും ആശ്ലേഷിക്കാന്‍ ദൈവം കുരിശില്‍ തന്റെ കൈകള്‍ വിരിച്ചു' എന്ന വാമൊഴിയൊക്കെ അങ്ങനെ ഉണ്ടായതാണ്. ശിരോലിഖിതങ്ങള്‍ മാറ്റാന്‍ കെല്പുള്ളവനെ ശിരസ് നമിച്ച് ആരാധിക്കേണ്ടതിന് പകരം തലകുലുക്കി പരിഹസിക്കുന്നതിനും വെല്ലുവിളിക്കുന്നതിനും ഞാന്‍ സാക്ഷിയാണ്. ''പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല'' എന്ന പവിത്രമായ പ്രാര്‍ത്ഥന എന്റെ വിരിമാറില്‍ കിടന്നാണ് അവന്‍ ഉരുവിട്ടത് ''ഏലി, ഏലി ല്മാ സബക്ഥാനി'' എന്ന ഉച്ചത്തിലുള്ള നിലവിളിക്കും, ''പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു'' എന്ന ഹൃദയാര്‍ച്ചനയ്ക്കും, ''എല്ലാം പൂര്‍ത്തിയാ യിരിക്കുന്നു'' എന്ന ആത്മനിര്‍വൃതിക്കും ഞാന്‍ സാക്ഷിയാണ്. 'മൂന്നു സാക്ഷികളാണുള്ളത്- ആത്മാവ്, ജലം, രക്തം' എന്ന് അരുമശിഷ്യന്‍ അടയാളപ്പെടുത്തുന്നുണ്ടല്ലോ (1 യോഹന്നാന്‍ 5:7). എന്നാല്‍, നാലാമത്തെ സാക്ഷി ഞാനാണ്. ആ മൂന്നു സാക്ഷികള്‍ക്കുമുള്ള ഏക ദൃക്‌സാക്ഷി ഞാനാണ്! പിളര്‍ക്കപ്പെട്ട പാര്‍ശ്വത്തിലൂടെ ഞാന്‍ കണ്ടതുപോലെ സ്പഷ്ടമായും ചേര്‍ന്നുനിന്നും അവന്റെ ഹൃദയം കണ്ട മറ്റാരുമുണ്ടാവില്ല! അവന്റെ അമൂല്യമായ രക്തത്തിലും ജലത്തിലും ആദ്യമായി സ്‌നാനമേറ്റതും ഞാന്‍ തന്നെയാണ്! പ്രപഞ്ചത്തിലെ സര്‍വമനുഷ്യര്‍ക്കും മുമ്പേ അതിനുള്ള കൃപയും ഭാഗ്യവും ലഭിച്ചത് എനിക്കാണ്. ഒരര്‍ത്ഥത്തില്‍ അവന്‍ മരിച്ചത് ആദ്യമായി എനിക്കുവേണ്ടിയാണ്; ആദ്യം രക്ഷിച്ചത് എന്നെയാണ്! അല്ലയോ മനുഷ്യരേ, ഇതാ നിങ്ങളുടെ രക്ഷകന്‍; ഇതാ നിങ്ങളുടെ ദൈവം; ഇതാ നിങ്ങള്‍ക്കുള്ള അപ്പം; ഇതാ നിങ്ങളുടെ ജീവജലം; ഓടിയണയുവിന്‍ എന്നൊക്കെ അലറിവിളിക്കാനാണ് എനിക്ക് തോന്നിയത്. എന്നാല്‍, തിരശീല രണ്ടായി കീറിയ ദേവാലയവും കുലുങ്ങിയ ഭൂമിയും പിളര്‍ക്കപ്പെട്ട പാറകളും തുറക്കപ്പെട്ട ശവകുടീരങ്ങളും ഉയിര്‍പ്പിക്കപ്പെട്ട വിശുദ്ധശരീരങ്ങളും എല്ലാം ചേര്‍ന്നുണ്ടായ സംഭീതിയില്‍ ഞാന്‍ നിശ്ചേഷ്ടനായിപ്പോയി. അവന്റെ ശരീരം താഴെ ഇറക്കുന്നതും നവജീവന്റെ വസന്തമായി പൂത്തു തളിര്‍ക്കാനായി തോട്ടത്തിലെ കല്ലറയില്‍ അടക്കം ചെയ്യുന്നതും ഇമചിമ്മാതെ ഞാന്‍ കണ്ടുനിന്നു. വൈകാതെ എല്ലാവരും അവരവരുടെ ദിനസരികളിലേക്ക് മടങ്ങി. എന്നാല്‍, ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമായവിധം ഞാന്‍ രൂപാന്തരപ്പെട്ടിരുന്നു. അനേകം യുഗങ്ങള്‍കൊണ്ട് മാത്രം സംഭവ്യമായ ഒരു മെറ്റെമോര്‍ഫസിസ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എനിക്ക് സംഭവിച്ചിരുന്നു! ഇനിയൊരിക്കലും എനിക്ക് പഴയതുപോലെയാകാന്‍ കഴിയില്ല. ക്രൂശിതന്‍ നല്‍കുന്ന രൂപാന്തര പ്രാപ്തിയും അതാണല്ലോ! വ്യഥയും ഹര്‍ഷവും നഷ്ടബോധവും അഭിമാനപുളകങ്ങളുമെല്ലാം ചേര്‍ന്ന ഒരു മനോ നിലയിലായി ഞാന്‍! 'മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്ക പ്പെട്ടവനാണ്' എന്ന് (നിയമാവര്‍ത്തനം 21:23) എന്നെ നോക്കി ഇനിമേല്‍ ആര്‍ക്കും പറയാനാവില്ലല്ലോ എന്നത് എന്നെ സന്തോഷിപ്പിച്ചു. 'ക്രിസ്തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ട് നിയമത്തിന്റെ ശാപത്തില്‍ നിന്നു നമ്മെ രക്ഷിച്ചു' (ഗലാ 3:13) എന്ന് എഴുതപ്പെടുന്നത് ഞാന്‍ മൂലമാണല്ലോ എന്നത് എന്നില്‍ കൃതജ്ഞത നിറച്ചു. ജീവന്റെ പുതിയ വൃക്ഷം എന്ന് വാഴ്ത്തപ്പെടുമല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ പുളകമണിഞ്ഞു. ഇനിയൊരിക്കലും ഞാന്‍ നെടുകെയും കുറുകെയും കൂട്ടിച്ചേര്‍ക്കപ്പെട്ട രണ്ടു മരപ്പാളികളല്ല; രക്ഷയുടെ നിത്യമുദ്രയാണ് എന്ന ചിന്ത എന്നില്‍ അഭിമാനം നിറച്ചു. എങ്കിലും, വിശന്നും ദാഹിച്ചും പിടഞ്ഞും രക്തംചിന്തിയും അവന്‍ പ്രാണന്‍ വെടിയുമ്പോള്‍ ഒരു ചെറുസഹായം പോലും നല്‍കാന്‍ കഴിയാതെ മൂകസാക്ഷിയായി നില്‍ക്കേണ്ടിവന്നല്ലോ എന്ന ചിന്ത ഉള്ളില്‍ ഒരു നീറ്റലായി. ഞാനും അവന്റെ അരുംകൊലയ്ക്ക് കൂട്ടുനില്‍ക്കുകയായിരുന്നില്ലേ എന്ന കുറ്റബോധം പോലും ഒരുവേള ഉള്ളിലുണര്‍ന്നു. എന്നെങ്കിലും അവനെ വീണ്ടും കാണണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ക്കൂടി അവന്റെ രക്ഷാകരമായ ഗാഢാലിംഗനത്തിലമരാന്‍ ഉള്ളം തുടിച്ചു. പാഴ്ക്കിനാവെന്ന് ഉള്ളിലിരുന്ന് ആരോ പരിഹസിച്ചെങ്കിലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അവന്റെ മുന്നില്‍ ഒരു മോഹവും വ്യര്‍ത്ഥമല്ലെന്ന് ഞാനറിഞ്ഞു. നോക്കൂ, നിങ്ങള്‍ക്ക് അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമിതാണ്- കഴിഞ്ഞ ദിവസം ഞാന്‍ അവനെ കണ്ടു! ദുഃഖവെള്ളിക്ക് മുന്നോടിയായുള്ള വാര്‍ഷികതപസിലായിരുന്നു ഞാന്‍! തേടിവരുന്നതാണല്ലോ അവന്റെ പതിവ്! എന്നെ തേടി വന്ന അവനെ ഗൊല്‍ഗോഥായില്‍ വച്ച് തന്നെ ഞാന്‍ കണ്ടുമുട്ടി. രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷമുള്ള ഒരു കൂടിക്കാഴ്ചയുടെ വൈകാരികത നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ! നിണമണിഞ്ഞ കാല്‍പ്പാടു കളുമായി എന്നെയും ചുമന്ന് പണ്ട് കയറിവന്ന വഴിത്താരയിലൂടെ ഏകനായ് അവന്‍ കയറിവരുന്നത് ദൂരെ നിന്നേ ഞാന്‍ കണ്ടു. കല്ലറയില്‍ നിന്ന് ഓടിപ്പോകവെ, അവനെ കണ്ടപ്പോള്‍ മഗ്ദലേനമറിയവും കൂട്ടുകാരിയും ചെയ്തതുപോലെ ഓടിച്ചെന്ന് അവന്റെ പാദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിക്കാന്‍ എനിക്കു തോന്നി. എന്നാല്‍, ആ മാത്രയില്‍ത്തന്നെ അവന്റെ മഹത്വമാര്‍ന്ന സാന്നിധ്യം എന്നെ പുണര്‍ന്നു. തന്റെ ഹൃദയത്തോട് ചേര്‍ത്ത് മൃദുവായി അവന്‍ എന്നെ ചുംബിച്ചു. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്ത് നിന്നു ദിവ്യമായ ഒരനുഭൂതി എന്നെ പൊതിഞ്ഞു. മൂന്നുവട്ടം വീണപ്പോഴും ചോരയൊലിക്കുന്ന മുഖവുമായി അന്നും അവന്‍ എന്നെ ചുംബിച്ചിരുന്നല്ലോ! ''കര്‍ത്താവേ, സ്വസ്തി!'' എന്ന അഭിവാദനത്തോടെ ഞാനാണ് സംഭാഷണത്തിന് തുടക്കമിട്ടത്. ''കര്‍ത്താവിന്റെ കുരിശിനും സ്വസ്തി!'' എന്ന മറുപടി എനിക്ക് അത്ഭുതമായി. തുടര്‍ന്ന് ഞങ്ങള്‍ തമ്മില്‍ നടന്ന സംഭാഷണം പ്രിയരേ, നിങ്ങള്‍ക്കു മാത്രമായി ഞാന്‍ രേഖപ്പെടുത്തുകയാണ്! 'എന്നെങ്കിലും അങ്ങ് വരുമെന്ന് എനിക്കറിയാമായിരുന്നു!' 'നീ രക്ഷയുടെ മാത്രമല്ല; പ്രത്യാശയുടെയും അടയാളമാണല്ലോ' 'അങ്ങ് വീണ്ടും ബലിയായി സ്വയം അര്‍പ്പിക്കേണ്ട നിലയിലാണല്ലോ ലോകം. ഒരുപക്ഷേ, അന്നത്തേക്കാള്‍ മോശമായ നിലയിലാണല്ലോ' 'ശരിയാണ്. തിന്മ പെരുകിയിരിക്കുന്നു. സ്വാര്‍ത്ഥതയും സുഖ ലോലുപതയും അനീതിയും അക്രമവും യുദ്ധങ്ങളും കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു. അന്നത്തേത് എന്നേക്കുമായുള്ള ഏകബലിയായിരുന്നു. ഇനി വിതയില്ല; കൊയ്ത്ത് മാത്രമേയുള്ളൂ.' 'മനുഷ്യനോളം ക്രൂരതയുള്ള മറ്റൊരു ജീവി ഭൂമിയിലില്ല. വംശഹത്യകളും വര്‍ഗീയ ഉന്മൂലനങ്ങളും തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നു' 'ശരിയാണ്. ആര്‍ദ്രമായ ഹൃദയങ്ങളേക്കാള്‍ പവിത്രമായ ബലിപീഠങ്ങളില്ല. കരുണയുള്ള മനുഷ്യരേക്കാള്‍ ശ്രേഷ്ഠമായ ശ്രീകോവിലുകളുമില്ല. അത്തരം മാനവഹൃദയങ്ങള്‍ രൂപപ്പെടുത്താനാണ് ഞാന്‍ നിന്നില്‍ ചോരചിന്തി മരിച്ചത്.' 'ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിച്ചതില്‍ അങ്ങ് പരിതപിച്ചതായി ഉല്‍പത്തി പുസ്തകത്തില്‍ വായിച്ചതോര്‍ക്കുന്നു. ഇപ്പോഴും അങ്ങനെ തോന്നുന്നുണ്ടോ?' 'ഒരിക്കലുമില്ല. അക്കങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് അറിയാമല്ലോ. ലാളിത്യവും വിശുദ്ധിയുമുള്ള ചെറിയ അജഗണമാണ് എന്നെ എന്നും ആകര്‍ഷിക്കുന്നത്. സരളമായ ആ ജീവിതസരണി സ്വന്തമാക്കാന്‍ പരിശുദ്ധാത്മബലമുള്ളവര്‍ക്കേ കഴിയുകയുള്ളു. സ്വര്‍ഗരാജ്യം ബലവാ ന്മാര്‍ക്കുള്ളതാണെന്ന് ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ.' 'അങ്ങയുടെ ശരീരമായ സഭയുടെ സ്ഥിതിയും മോശമാണ്. ക്രൂശിതരൂപവും കുര്‍ബാനയുമൊക്കെ കലഹത്തിന് ഹേതുവായിരിക്കുന്നു'. 'അതെ. എല്ലാവരെയും പിതാവിനോട് അനുരഞ്ജിപ്പിക്കാനും ശത്രുതകളെല്ലാം അവസാനിപ്പിക്കാനുമാണ് ഞാന്‍ നിന്നില്‍ ചോര ചിന്തി മരിച്ചത്. എന്നാലിന്ന് എന്റെയും നിന്റെയുമൊക്കെ പേരില്‍ കലഹങ്ങളും കലാപങ്ങളുമായി.' 'സമൃദ്ധിയുടെ സുവിശേഷങ്ങള്‍ക്കാണ് സഭയിലും ഇന്ന് പ്രാമുഖ്യം. അനുഗ്രഹത്തിന്റെ ഉടമ്പടികള്‍ക്കായി ആളുകള്‍ ഓടിക്കൂടുന്നുണ്ട്. എന്നാല്‍ സഹനത്തിന്റെ ഉടമ്പടികള്‍ക്ക് ആവശ്യക്കാരില്ല.' 'ശരിയാണ്. സഹനത്തെ കൃപയും അനുഗ്രഹവുമായി കാണുന്നവര്‍ വിരളമാണ്. എന്നിൽ വിശ്വസിക്കാന്‍ മാത്രമല്ല, എനിക്കുവേണ്ടി സഹിക്കാന്‍ കൂടിയുള്ള അനുഗ്രഹം എന്നെ പ്രതി ലഭിക്കുമെന്ന് പ്രിയപ്പെട്ട പൗലോസ് പഠിപ്പിച്ചത് (ഫിലിപ്പി 1:29) ആരും ഓര്‍മ്മിക്കുന്നില്ല. എന്നില്‍ വസിക്കുന്നെന്നു പറയുന്നവന്‍ ഞാന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു എന്ന് പ്രിയപ്പെട്ട യോഹന്നാന്‍ പഠിപ്പിച്ചതും (1, 2:6) സകലരും മറന്നു.' 'പലപ്പോഴും അങ്ങയുടെ കരുണയുടെ മുഖമാകാന്‍ സഭയ്ക്ക് കഴിയാതെ പോകുന്നുണ്ട്. മതകോടതികളും മഹറോനുമൊക്കെ ഇപ്പോഴും ഉണ്ടെന്നത് ദുഃഖകരമാണ്.' 'പിളര്‍ക്കപ്പെട്ട എന്റെ പാര്‍ശ്വത്തില്‍ നിന്ന് പ്രവഹിച്ച കൂദാശയാണ് സഭ. അക്കാരണത്താല്‍ത്തന്നെ സഭയുടേതും , എന്റേതുപോലെ സ്‌നേഹാര്‍ദ്രവും സൗഖ്യദായകവുമായ സാന്നിധ്യമാകണം. മതകോടതികളും മറ്റും എന്നേയ്ക്കുമായി അവസാനിപ്പിക്കാനാണ് ഞാന്‍ മതകോടതിയുടെ ശിക്ഷക്ക് സ്വയം സമര്‍പ്പിച്ചത്. മതകോടതികള്‍ക്ക് പകരം സ്‌നേഹത്തിന്റെ പൂവാടികള്‍ നിര്‍മ്മിക്കാനാണ് സഭ മുന്നിട്ടിറങ്ങേണ്ടത്.' 'പുതിയ മനുഷ്യനെ സൃഷ്ടിക്കുകയായിരുന്നല്ലോ അങ്ങയുടെ സ്വപ്നം. അതോര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നുണ്ടോ?' 'ഇല്ല. സുവിശേഷം സ്വീകരിച്ചവരൊക്കെ പുതിയ മനുഷ്യരായില്ലേ? പരിശുദ്ധാരൂപിയുടെ നിസ്വനങ്ങള്‍ക്കും നിമന്ത്രണങ്ങള്‍ക്കും സദാ കാതോര്‍ക്കുന്ന ശക്തരായ ആന്തരികമനുഷ്യര്‍ എന്നുമുണ്ടായിരുന്നല്ലോ. അവരിലൂടെയാണ് സുവിശേഷത്തിന്റെ കാന്തിയും ദീപ്തിയും ഇന്നും സഭയിലും ലോകത്തിലും പ്രസരിക്കുന്നത്. സഭയെയും ലോകത്തെയും നിലനിര്‍ത്തുന്നതും അവരാണ്.' 'ദുഃഖവെള്ളിയാണല്ലോ! അങ്ങുമായുള്ള അനുപമമായ ഈ കൂടിക്കാഴ്ചയുടെ വെളിച്ചത്തില്‍ പുതുതായി എന്ത് സന്ദേശമാണ് ഞാന്‍ ലോകത്തിന് പകരേണ്ടത്?' 'പുതുതായി ഒന്നുമില്ല! എല്ലാം പഴയതും നേരത്തെ പറയപ്പെട്ടതുമാണ്. നീയാണ് എന്റെ വിദ്യാലയമെന്ന് ലോകത്തോട് പറയുക. 'നീതിയുടെ കവാടങ്ങള്‍ എനിക്കായി തുറന്നു തരിക, ഞാന്‍ അവയി ലൂടെ പ്രവേശിച്ച് കര്‍ത്താവിന് നന്ദി പറയട്ടെ' എന്ന് (സങ്കീ. 118:19) ദാവീദ് പാടുന്നില്ലേ? നീതിയുടെ മാത്രമല്ല, മനുഷ്യര്‍ക്കുവേണ്ടിയുള്ള സകല കവാടങ്ങളും പിതാവ് തുറന്നത് നിന്നിലാണെന്ന് പറയുക. പറുദീസയുടെ, പരമാനന്ദത്തിന്റെ, നിത്യജീവന്റെ, ദൈവരാജ്യത്തിന്റെ, സമാധാനത്തിന്റെ, സ്‌നേഹത്തിന്റെ, എന്നിങ്ങനെ എന്റെ ശാശ്വതസാമ്രാജ്യത്തിലേക്കുള്ള എല്ലാ കവാടങ്ങളും അവിടുന്ന് തുറന്നുതന്നത് നിന്നില്‍ മാത്രമാണെന്ന് പറയുക. നിന്നില്‍ തുറക്കാത്ത വാതിലുകളില്ലെന്ന് അവരോട് പറയുക. നിന്നില്‍ ശയിച്ചപ്പോള്‍ ഞാന്‍ എന്നെത്തന്നെ മറന്ന് മറ്റുള്ളവരെ ഓര്‍മ്മിച്ചതുപോലെ നിന്നെ കാണുകയും ഓര്‍ക്കുകയും ചെയ്യുമ്പോഴൊക്കെ സ്വയം മറക്കാനും മറ്റുള്ളവരെ ഓര്‍മ്മിക്കാനും അവരോട് പറയുക. ഇന്ന് അനേകം മനുഷ്യര്‍ സദാ ഓര്‍മ്മിക്കുന്നത് തങ്ങളെ മാത്രമാണ്. തന്നെയും തന്റേതിനെയുമല്ലാതെ മറ്റൊന്നിനെയും ഓര്‍മ്മിക്കാനാകാത്ത മനുഷ്യര്‍ക്ക് നീ നിത്യപ്രഹേളികയായിരിക്കും എന്ന് അവരെ ഓര്‍മ്മിപ്പിക്കുക. നീ ഒരേസമയം മറവിയും ഓര്‍മ്മയുമാണെന്ന് പറയുക. അവനവനെക്കുറിച്ചുള്ള സമ്പൂര്‍ണ്ണമായ മറവിയും അപരനെക്കുറിച്ചുള്ള സമ്പൂര്‍ണ്ണമായ ഓര്‍മ്മയുമാണെന്ന് പറയുക. ഓരോ ക്രിസ്തുശിഷ്യരുടെയും ജീവിതം കാല്‍വരിയിലെ നിന്റെ വീരഗാഥയാണെന്ന് പറയുക. കുരിശ് എന്നതിന് സ്‌നേഹം എന്നാണ് അര്‍ത്ഥമെന്ന സത്യം മനസ്സിലാക്കാന്‍ അവരെ ആഹ്വാനം ചെയ്യുക. 'അപ്പസ്‌തോലന്മാരോട് അവസാനമായി പറഞ്ഞ ആശംസ തന്നെയാണ് പിരിയും മുമ്പ് നിന്നോടും പറയാനുള്ളത്: യുഗാന്തം വരെ എന്നും ഞാന്‍ നിന്നോടുകൂടെ ഉണ്ടായിരിക്കും! ശുഭാശംസകള്‍!' പ്രിയരേ, വീണ്ടുമൊരിക്കല്‍ക്കൂടി എന്നെ ഗാഢമായി ചേര്‍ത്തണച്ചശേഷം അവന്‍ നടന്നു മറഞ്ഞു. അപാരമായ ആനന്ദത്താല്‍ ഞാന്‍ ഉന്മാദത്തിന്റെ വക്കോളമെത്തി. യഹൂദരും ഫരിസേയരും കാണാതെ കടന്നുപോകാന്‍ അവനു കഴിയണേ എന്ന് അറിയാതെ ഞാന്‍ പ്രാര്‍ത്ഥിച്ചുപോയി! കണ്ടാല്‍ അവര്‍ അവനെ ബന്ധിച്ച് വീണ്ടും തറച്ചുകൊല്ലാന്‍ കൊണ്ടുവരുമോ എന്ന് ഞാന്‍ ഭയന്നു. മിശിഹായുടെ സ്‌നേഹഭാജനങ്ങളെ! നിങ്ങള്‍ക്ക് ഈ വിവരണം നാടകീയവും അവിശ്വസനീയവുമായി തോന്നുമെന്ന് എനിക്കറിയാം. എന്നാല്‍, കാല്‍വരിയില്‍ അന്ന് നടന്ന ആ രക്ഷാകരസംഭവം അനുദിനം കൗദാശികമായി ആവര്‍ത്തിക്കുന്നവരാണ് നിങ്ങളെന്ന് നിങ്ങളോര്‍ക്കണം. ഇതുവരെ പറഞ്ഞതിന്റെയും ഇനിയും പറയാനുള്ള സകലതിന്റെയും പൊരുളിതാണ്: ഞാന്‍ ഒരു ദുരന്തമല്ല; പരാജയവും കയ്പും കണ്ണീരും മാത്രമല്ല. പിന്നെയോ ഞാന്‍ ആനന്ദമാണ്. ആത്മസമര്‍പ്പണത്തിന്റയും ആത്മപരിത്യാഗത്തിന്റെയും ആനന്ദം. ഞാന്‍ സ്‌നേഹമാണ്. കറയും കളങ്കവുമില്ലാത്ത ദൈവസ്‌നേഹവും അതില്‍ നിന്നുയിര്‍കൊള്ളുന്ന മനുഷ്യസ്‌നേഹവുമാണ്. ഞാന്‍ രക്ഷയുടെ നിത്യമുദ്രയും പ്രത്യാശയുടെ ശാശ്വതശിലയുമാണ്. എന്റെയും നിങ്ങളുടെയും രക്ഷകനായ യേശുക്രിസ്തുവിന്റെ തിരുനാമം വാഴ്ത്തപ്പെടട്ടെ. സ്‌നേഹവെള്ളിയുടെ മംഗളങ്ങള്‍! സ്‌നേഹപൂര്‍വ്വം, യേശുവിന്റെ കുരിശ്. ……………………………………. homilieslaity.com

ദുഃഖ വെള്ളിയാഴ്ച

1. അനുരഞ്ജനത്തിന്റെ ഉത്സവ ദിനം "ദൈവം മനുഷ്യരുടെ തെറ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്‌ദേശം ഞങ്ങളെ ഭരമേല്‍പിച്ചുകൊണ്ട്‌ ക്രിസ്‌തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തി" 2 കോറി 5 : 19 പൗലോസിന്റെ അഭിപ്രായത്തിൽ പാപം ചെയ്തുപോയ മനുഷ്യനെ ദൈവം താന്നോട് രമ്യത പെടുത്തിയത് ക്രിസ്തുവിന്റെ കുരിശിൽ ആണ്. ആ രമ്യത നടന്നത് ഈശോയുടെ കുരിശുമരണം വഴി ആയിട്ടാണ്. "നാം ശത്രുക്കളായിരുന്നപ്പോള്‍ അവിടുത്തെ പുത്രന്റെ മരണത്താല്‍ ദൈവവുമായി രമ്യതപ്പെട്ടു" റോമാ 5 : 10 ഈശോയുടെ രക്തമാണ് ആ രമ്യതയുടെ മോചനദ്രവ്യമായി നൽകേണ്ടിവന്നത്. ആ അർത്ഥത്തിൽ ദുഃഖവെള്ളി എന്ന് പറയുന്നത് അനുരഞ്ജനത്തിന് ഉത്സവ ദിനമാണ് (Festivel of Reconciliation) മാത്രമല്ല കുരിശു എന്നുപറയുന്നത് അനുരഞ്ജനത്തിന്റെ പ്രതീകമാണ് (Symbol of Reconciliation). അതുകൊണ്ട് ദുഃഖവെള്ളി നൽകുന്ന ആദ്യത്തെ സന്ദേശം കുറച്ചുകൂടി ദൈവവുമായും മനുഷ്യനുമായും രമ്യതയിൽ ജീവിക്കാൻ ആണ് . പരസ്പരം രമ്യപ്പെട്ടു ജീവിക്കാൻ പഠിക്കണം. വഴക്കുകൾ കഴിവതും ഒഴിവാക്കി സ്നേഹത്തിൽ വർത്തിക്കുക. "കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും." ഏശയ്യാ 1 : 18 ദൈവവുമായി രമ്യപ്പെടുക അതുപോലെ മനുഷ്യരുമായിട്ടും. അതുനുള്ള മാർഗമാണ് കുരിശോളം താഴുക ക്ഷമിക്കുക എന്നുള്ളത്. ഒരാളായെങ്കിലും ഒന്നു രമ്യതപെട്ടെക്കണേ... 2. ക്ഷമയുടെ പാഠം കുരിശിൽ കിടന്ന് ഈശോ പറയുന്ന ആദ്യത്തെ വചനം "പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷമിക്കണേ" എന്നാണ്. ക്ഷമയുടെ ഒരു വലിയ പാഠം ദുഃഖവെള്ളി നമ്മെ പഠിപ്പിക്കുന്നുണ്ട്. ഈശോ ക്ഷമിച്ചതു പോലെ നമ്മളെ വേദനിപ്പിച്ചവരെ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും നമ്മളെ ഉപദ്രവരോട് ക്ഷമിക്കുക വലിയ കാര്യം ആണ്. തന്നെ കുത്തിയ അല്കസാണ്ടറിനോട് പൊറുത്ത വി. മരിയ ഗോരേത്തി, തന്നെ വെടിവെച്ച അലി അഗ്‌ന എന്ന ചെറുപ്പക്കാരനോട് ക്ഷമിച്ചു ജയിലിൽ പോയി കണ്ട ജോൺപോൾ രണ്ടാമൻ മാർപാപ്പയും സഹോദരിയെ കുത്തിക്കൊന്ന സമുന്ദർ സിങ്ങിനോട് ക്ഷമിച്ച് കയ്യിൽ രാഖി കെട്ടി കൊടുത്ത വാ. റാണി മരിയയുടെ സഹോദരി സി. സെൽമിയും തന്റെ ഭർത്തവിനെയും മക്കളായ ഫിലിപ്പിന്നെയും തിമോത്തിയെയും ചുട്ടെരിച്ച ഘതകരോട ക്ഷമിച്ച ഗ്രഹാം സ്റ്റൈൻന്റെ ഭാര്യ ഗ്ലാഡിസും നമുക്ക് കാണിച്ചു തരുന്ന മാത്രക ചില്ലറയല്ല. ക്ഷമിക്കാനും പൊറുക്കാനും നമ്മൾ ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു. ഒരാവേശത്തിനു അവതാരകനെ കേറി അടിച്ച ശേഷം വിൽ സ്മിത്ത് ഫേസ്ബുക്കിലെ കുറിച്ച് വരികളെ ശ്രദ്ധേയമാണ്: Violence is in all its form poisonous and destructive , I was out of line and I was wrong. My sincere apologies... കുരിശു പഠിപ്പിക്കുന്ന പാഠം ക്ഷമയുടെ പാഠമാണ്. ഒന്നു ക്ഷമിക്കാമായിരുന്ന എത്ര അവസരങ്ങൾ നമ്മൾ പാഴാക്കി... 3. ഒരു ബലിയാട് സിദ്ധാന്തം (Scape Goat Theory) ചരിത്രകരൻമാർ പറയുന്ന ഒരു ആശയം മറ്റുള്ളവർക്ക് വേണ്ടി ആരെങ്കിലും ഒക്കെ ബലിയാടായാൽ മാത്രമേ ഒരു സംഘടന, കുടുംബം പാർട്ടി , ആശയം ആദർശം ഇതൊക്കെ വളരുകയുള്ളൂ. ആരെങ്കിലുമൊക്കെ അതിൻറെ പുറകിൽ കഷ്ടപ്പെട്ട് ചോരയും നീരും നൽകി ബലിയാടായി മറിയെ പറ്റൂ. കുടുംബത്തിന് വേണ്ടി രാപ്പകൽ അധ്വാനിനിക്കുന്ന അപ്പൻ, കഷ്ടപ്പെടുന്ന അമ്മ , സ്കൂളിന് വേണ്ടി കഷ്ടപ്പെടുന്ന അധ്യാപിക ഇടവകയ്ക്ക് വേണ്ടി ബുദ്ധിമുട്ടുന്ന വികാരിയച്ചൻ സംഘടനയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന നേതാക്കൾ ഇങ്ങനെയുള്ളവർ ഒക്കെ ഒരു ബലിയാടിന്റെ ചൂരും ചൊകയും ഉള്ളവരാണ്. മറ്റുള്ളവർക്ക് വേണ്ടി മുറിയപ്പെടാൻ തയ്യാറാക്കുന്നവരൊക്കെ ഒരു ക്രിസ്തുവായി മാറുന്നുണ്ട്. കഥ: ( പഴയതാണ്) ക്രിസ്താനി ആകാൻ വന്ന ചെറുപ്പക്കാരനോട് മാർപാപ്പ ചോദിക്കുന്ന ചോദ്യം "ഈശോയെ കുരിശിൽ തറക്കുന്നിടത്തു നീ ഉണ്ടായാൽ എന്തു ചെയ്യുമായിരുന്നു?" എന്നാണ്. അല്പം ആലോചിച്ച ശേഷം അവൻ മറുപടി പറഞ്ഞു :"ഞാൻ പടയാളികളെ തട്ടിമാറ്റി ഈശോയെ കുരിശിൽ നിന്നും രക്ഷിക്കാമായിരുന്നു". പാപ്പാ പുള്ളിക്കാരനെ തിരിച്ചയച്ചു. വർഷങ്ങൾക്കു ശേഷം വീണ്ടും ഇതേ ചെറുപ്പക്കാരൻ ഇതേ ആവശ്യവുമായി വരുന്നു . മാർപാപ്പ ചോദ്യം ആവർത്തിക്കുന്നു ഇത്തവണ പുള്ളി പറയുന്നു "ഞാൻ പടയാളികളെ കാലുപിടിച്ചു കേണഅപേക്ഷിച്ച് ഈശോയെ കുരിശിൽ നിന്നു രക്ഷിക്കാമായിരുന്നു. മാർപാപ്പ അവനെ വീണ്ടും തിരിച്ചയക്കുന്നു. ഏതാനും വർഷങ്ങൾക്കു ശേഷം വീണ്ടും അവൻ മാർപാപ്പയെ കാണാൻ വരുന്നു. പാപ്പ ചോദ്യം ആവർത്തിക്കുന്നു. ഇത്തവണ അവൻ പറയുന്ന മറുപടി: "ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ ഞാനാ പടയാളികളുടെ പറയുമായിരുന്നു എന്റെ കർത്താവിൻറെ കുരിശിൻറെ മറുവശത്ത് എന്നെ കൂടെ ചേർത്തുനിർത്തി ക്രൂശിക്കുവാൻ" മാർപാപ്പ അവനെ ക്രിസ്താനി ആകാൻ അനുവാദം നൽകുന്നു. എന്നുവച്ചാൽ ഇത്രയേ ഉള്ളൂ കുരിശിൽ നിന്നും ഓടി അകലുന്നവനല്ല‍ നല്ല ക്രിസ്ത്യാനി. മറിച്ചു അതിനെ നെഞ്ചോടു ചേർത്തു പിടിക്കുന്നവൻ ആണ്. അതുകൊണ്ടാണ് ഫുൾട്ടൻ ജെ ഷീൻ ന്റെ വാക്കുകൾ ഇന്നും പ്രസക്തി ഉള്ളത് " The Wounded Christ is the real Christ, The Wounded Church is the real Church and the wounded Christian is the real Christian" തലതിരിഞ്ഞ ചിന്ത കുരിശു പഠിപ്പിക്കുന്ന പാഠം ക്ഷമയുടെ ആണ്. Theoryയിൽ ഒക്കെ Full A+ ആണ് but practical ആണ് പ്രശനം... ഫാൻ തിരിച്ചു വക്കാതിരുന്ന അൾത്താര ബാലനോട്... താളം തെറ്റി പാടിയ പാട്ടുകരോട്... ഓസ്തി വക്കാൻ മറന്നുപോയ പാവം കപ്യാരോട്... നേർച്ച എണ്ണൻ വൈകിയ കൈക്കാരനോട്... മോട്ടോർ ഓഫ് ചെയ്യാൻ വിട്ടുപോയ കാര്യസ്ഥനോട്... എരിവ് ഇച്ചിരി കൂട്ടിയിട്ട സിസ്റ്ററമ്മയോട്.... എന്തിനു... ആജ്ഞകളുടെ വാറോലകളാൾ വിയർപ്പിക്കുന്ന അധികാരികളോട്... അങ്ങനെ ക്ഷമയുടെ practical exam ൽ വീണ്ടും വീണ്ടും നമ്മൾ പരാജയപെട്ടുകൊണ്ടിരിക്കുന്നു.... എന്നിട്ടും വലിയ വായിൽ നിലവിളിക്കുന്നു: "പിതാവേ.. .. ഞങ്ങളോട് തെറ്റു ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതു പോലെ ഞങ്ങളോടും....." ലേശം.... ഉളുപ്പ്........