Other Occasions

തിരുന്നാളുകള്‍

ഞായർ പ്രസംഗം രാജത്വതിരുനാൾ - അഭൗമികരാജത്വം പള്ളിക്കൂദാശകാലം നാലാം ഞായർ ഫാ. ജെറി വള്ളോംകുന്നേൽ MCBS  (www.lifeday.in) പള്ളിക്കൂദാശക്കാലം നാലാം ഞായർ  ക്രിസ്തുവിൻറെ രാജത്വ തിരുനാൾ ആഘോഷിക്കപ്പെടുന്ന ദിനം കൂടിയാണ്.   രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ നിന്നുള്ള (1 രാജാ 6:11-19)  ആദ്യത്തെ പഴയനിയമ വായനയുടെ ഉള്ളടക്കം  ഇസ്രായേൽ ജനതയ്ക്ക് സമരാധ്യനായിരുന്ന സോളമൻ രാജാവ്, രാജാക്കൻമാരുടെ രാജാവായ  ദൈവത്തിനായി ആലയം  പണിയുന്ന വേളയിൽ അദ്ദേഹത്തിന് നൽകപ്പെടുന്ന ദൈവികവെളിപാടിൻറെ വിവരണമാണ്. ഇസ്രായേൽ ജനത കൽപനകളും  ചട്ടങ്ങളും ലംഘിച്ച് പാപപൂർണമായ ജീവിതം നയിച്ചപ്പോൾ ദൈവാലയത്തിൽ  നിറഞ്ഞുനിന്നിരുന്ന ദൈവികസാന്നിധ്യം   ജെറുസലേം വിട്ടുപോയിയെങ്കിലും,     അകന്നുപോയ ദൈവികസാന്നിധ്യം തിരികെ വരുന്നതായുള്ള പ്രതീക്ഷയുടെ ദിനങ്ങളെ കുറിച്ച്  എസക്കിയേൽ പ്രവാചകനുണ്ടായ ദൈവീകദർശന വിവരണമാണ് രണ്ടാമത്തെ പഴയനിയമ വായനയുടെ  (എസെ 43:1-7) ഉള്ളടക്കം.  തിരികെ വരുന്ന ദൈവിക സാന്നിധ്യം ജനഹൃദയങ്ങളിൽ നിത്യമായി വാഴും എന്ന്  നൽകപ്പെട്ട  ആ ദൈവിക വാഗ്ദാനം പൂർണമായി പൂർത്തിയാക്കുന്നത് യേശുക്രിസ്തുവിലാണ്. ഐഹികമായി  കൊട്ടാരങ്ങളിലല്ല,  മറിച്ച്   കൗദാശികമായി ദിവ്യസക്രാരിയിലും  ആത്മീയമായി മനുഷ്യഹൃദയങ്ങളിലും  വസിക്കുന്ന ക്രിസ്തുവെന്ന ആത്മീയ രാജാവിലൂടെയാണ്  പ്രവാചകന് വെളിപ്പെടുത്തപ്പെട്ട ആ വാഗ്ദാനം നിറവേറ്റപ്പെടുന്നത് എന്ന് രണ്ടാം വായന ഓർമ്മപ്പെടുത്തുന്നു. ശത്രുവിനെ പരാജയപ്പെടുത്തി വിജയശ്രീലാളിതനായിവരുന്ന ഒരു രാജാവിനെപ്പോലെ  പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി ഉയിർത്തെഴുന്നേറ്റ  ക്രിസ്തുരാജന്റെ  ഉത്ഥിതസാന്നിധ്യം തങ്ങളുടെ സഭയിൽ അനുഭവിക്കാൻ സാധിക്കാതെ വന്നപ്പോൾ  ഹെബ്രായ സഭാമക്കൾ  ദാവീദ്-സോളമൻ രാജാക്കൻമ്മാരുടെ  രാജകീയ പ്രൗഢിയിലേക്കും മഹത്വത്തിലേക്കും  തിരിച്ചുപോകാൻ പരിശ്രമം നടത്തുമ്പോൾ;  ക്രൈസ്തവ ജീവിതത്തിൽ  ഭൗതിക മഹത്വങ്ങളല്ല തേടേണ്ടത്  മറിച്ച് കാലത്തിൻറെ പൂർണ്ണതയിൽ തന്നെ തന്നെ ബലി അർപ്പിച്ചു കൊണ്ട്  പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി ക്രിസ്തുവിന്റെ  ഉത്ഥാനത്തിലൂടെ വെളിപ്പെടുത്തപ്പെട്ട നവീനരാജത്വത്തിന്റെ  മഹത്വവും, അവന്റെ രണ്ടാം വരവിൽ ശരീരങ്ങളുടെ ഉയിർപ്പിലൂടെ  സംജാതമാകുന്ന നിത്യരക്ഷയുമാണ് തേടേണ്ടത് എന്ന് ഹെബ്രായ ലേഖനകർത്താവ് മൂന്നാം വായനയിൽ (ഹെബ്രാ 9:16-28) ഓർമ്മപ്പെടുത്തുന്നു. " ദാവീദ് അവനെ (മിശിഹായെ) കർത്താവ് എന്നാണ് വിളിക്കുന്നത്" എന്ന ക്രിസ്തുവചനം  ഉദ്ധരിച്ചുകൊണ്ട്  ഇന്നത്തെ സുവിശേഷം (മത്താ 22:41-46) ക്രിസ്തുവിൻറെ രാജത്വം  ദാവീദിനെക്കാളും പുരാതനവും ശ്രേഷ്ഠവും  വ്യത്യസ്തവുമാണ് എന്ന് തെളിയിക്കുന്നു. രാജത്വം, ആധിപത്യം, സാമ്രാജ്യത്വം  തുടങ്ങിയ പദങ്ങൾ  ചരിത്രപുസ്തകതാളുകളിൽ നിന്നും അടർത്തിയെടുത്ത് നമ്മുടെ മനസ്സുകളിൽ അവതരിപ്പിക്കുന്ന ചില നാമധേയങ്ങൾ ഉണ്ട്.  റോമാസാമ്രാജ്യത്തിലെ അതിശക്തമായിരുന്ന അഗസ്റ്റസ് സീസർ ചക്രവർത്തി,  ലോകം മുഴുവൻ പിടിച്ചെടുക്കാനാഗ്രഹിച്ച് പടനീക്കങ്ങൾ നടത്തിയ അലക്സാണ്ടർ ചക്രവർത്തി,  തന്റെ സൈന്യശക്തികൊണ്ട് യൂറോപ്പിനെ കിടുകിടാ വിറപ്പിച്ച നെപ്പോളിയൻ ബോണപ്പാർട്ട്,  യഹൂദരെ ഭൂമുഖത്തു നിന്ന് തുടച്ചുനീക്കുമെന്ന്  പ്രതിജ്ഞയെടുത്ത അഡോൾഫ് ഹിറ്റ്ലർ,  ക്രിസ്തുവിന്റെ വികാരിയായ മാർപ്പാപ്പയെ വധിക്കുമെന്നും റോം ബോംബിട്ട് ചാമ്പലാക്കുമെന്നും ഭീഷണി മുഴക്കിയ ബെനിറ്റോ മുസോളിനി തുടങ്ങിയവയാണ് ആ നാമധേയങ്ങൾ. ഈ രാജാക്കൻമ്മാരെല്ലാവരും അവരുടെ കാലഘട്ടത്തിൽ ശക്തിയുടെ പ്രതീകങ്ങളായിരുന്നു. ഇപ്രകാരം, ശക്തിയെ അധികാരത്തോടും  രാജ്യത്തോടും സംബന്ധിപ്പിക്കുന്നത് സ്വാഭാവികമാണ്.   ക്രൂശിതനായ ക്രിസ്തുവിനോട് കുരിശിൻ  ചുവട്ടിലായിരുന്ന്  മൂന്ന് വ്യത്യസ്ത വിഭാഗം ആളുകൾ ചോദിക്കുന്ന ചോദ്യം ഇതിന് വ്യക്തമായ ഉദാഹരണങ്ങളാണ്.  ഒന്നാമതായി,  "ഇവന് ദൈവത്തിന്െറ ക്രിസ്തു ആണെങ്കില്, അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കില്, തന്നെത്തന്നെ രക്ഷിക്കട്ടെ" (ലൂക്കാ 23:35) എന്ന പ്രമാണികളുടെ സംസാരം ഭൗമികരാജത്വത്തിന്റെ അധികാരശക്തിയിയെയാണ് സൂചിപ്പിക്കുന്നത്. രണ്ടാമതായി,  "നീ യഹൂദരുടെ രാജാവാണെങ്കില് നിന്നെത്തന്നെ രക്ഷിക്കുക"  (ലൂക്കാ 23 : 37)  എന്ന പടയാളികളുടെ ചോദ്യവും; മൂന്നാമതായി, കുരിശില് തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില് ഒരുവന് അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക!"(ലൂക്കാ 23:39) എന്ന കൂടെ ക്രൂശിക്കപ്പെട്ടവന്റെ  ചോദ്യവും  വിരൽചൂണ്ടുന്നത് ഭൗമീകരാജത്വശക്തിയുടെ  സാധ്യതകളിലേക്കാണ്. പീലാത്തോസിന്റെ  അരമനയിൽ വച്ച് "എൻറെ രാജ്യം ഐഹികമല്ല" (യോഹ 18 :36) എന്ന് അരുളിച്ചെയ്യുന്ന യേശുവെന്ന വ്യത്യസ്തനായ രാജാവ്,   പരസ്യജീവിതകാലത്ത് തന്നെ ഒരു ഭൗതിക രാജാവായി ചിത്രീകരിക്കാനും  അവരോധിക്കാനും  ശ്രമങ്ങൾ നടത്തിയപ്പോൾ  തിരസ്കരിക്കുന്നത് ആയാണ് സുവിശേഷത്തിൽ കാണുന്നത്.  ഉദാഹരണത്തിന്,  സെബദിപുത്രന്മാരുടെ അമ്മ  പുത്രന്മാരുമായി വന്ന്‌  സ്വർഗ്ഗരാജ്യത്തിൽ ഇടത്തും വലത്തും ഇരിക്കാൻ അനുവദിക്കണമെന്ന്  അപേക്ഷിച്ചപ്പോൾ,   മഹത്വത്തിന് കൊടുക്കേണ്ട വില എന്താണ് എന്ന് അവരെ പഠിപ്പിക്കാനായി ഇപ്രകാരം അരുളിച്ചെയ്തു,  "നിങ്ങള്‍ ചോദിക്കുന്നതെന്താണെന്നു നിങ്ങള്‍ അറിയുന്നില്ല. ഞാന്‍ കുടിക്കാന്‍ പോകുന്ന പാനപാത്രം കുടിക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?" (മത്താ 20 : 22).  അതായത് താൻ കുടിക്കാൻ പോകുന്ന കുരിശിലെ രക്ഷാകരമായ മരണമെന്ന പാനപാത്രത്തിൽ സഹനത്തിലൂടെ പങ്കുചേരുക വഴിയാണ് തന്റെ അഭൗമിക രാജത്വത്തിൽ പങ്കുചേരാൻ സാധിക്കുക എന്ന വെളിപ്പെടുത്തൽ കൂടിയാണ് അത്. നിരീശ്വരവാദവും, അധാർമ്മികതയും, ശത്രുതയും മനുഷ്യർക്കിടയിൽ ശക്തമായി തലപൊക്കി യൂറോപ്പിൽ ഒന്നാം ലോകമഹായുദ്ധത്തിന് നാന്ദികുറിച്ചപ്പോൾ ദുഖിതനായ പതിനൊന്നാം പീയൂസ് മാർപാപ്പ പത്രോസിന്റെ സിംഹാസനത്തിലിരുന്ന് ലോകത്തിന്റെ മുൻപിൽ വരച്ചുകാണിച്ച രാജാവിന്റെ ചിത്രം അധികാരത്തിന്റെ ഉൻമാദശക്തിയിൽ അടിച്ചമർത്തി ഭരിക്കുന്ന ഒരു രാഷ്ട്രീയ രാജാവിന്റെ ചിത്രമായിരുന്നില്ല, മറിച്ച്, സ്നേഹത്തിന്റെ വ ശ്യതയിൽ മനുഷ്യഹൃദയങ്ങളെ ഭരിക്കുന്ന ഒരു അഭൗമിക സ്നേഹരാജാവിന്റെ ചിത്രമായിരുന്നു അത്. കുരിശിനെ സിംഹാസനമാക്കി, അതിൽ ബലിയർപ്പിച്ച് മനുഷ്യകുലത്തെ സ്നേഹിച്ച തികച്ചും വ്യത്യസ്തനായ ക്രിസ്തുവെന്നെ രാജാവിന്റെ  ചിത്രം. വിധ മതപണ്ഡിതന്മാർ ഒന്നിച്ചുവന്ന ഒരു  സംവാദവേള. ക്രൈസ്തവനല്ലാത്ത  ഒരു പണ്ഡിതൻ ക്രൈസ്തവ പണ്ഡിതനോട്  പറഞ്ഞു, "എനിക്ക്  കുരിശിൽ തൂങ്ങിക്കിടക്കുന്നവനെ ഒരു ദൈവപുരുഷനായോ രാജാവായോ  അംഗീകരിക്കാൻ സാധിക്കില്ല.  കാരണം  അവൻ ക്രൂശിക്കപ്പെട്ടപ്പോൾ ദൈവത്തിന്റെ  ശക്തി എവിടെ ആയ്യിരുന്നു." ക്രിസ്തീയ പണ്ഡിതൻ മറുപടിയായി  പറഞ്ഞു, "ക്രിസ്തീയ ദൈവ സങ്കൽപ്പത്തെ കുറിച്ചുള്ള താങ്കളുടെ അറിവ് വളരെ ബാലിശമാണ് എന്ന് പറയട്ടെ.  ക്രിസ്തീയ സങ്കൽപ്പത്തിലെ ദൈവം ഒരു ശക്തി അല്ല,  മറിച്ചു സ്നേഹമാണ്! ഒരു ശക്തിയായിരുന്നെങ്കിൽ എത്രയോ പണ്ടേ എന്റെയും  നിങ്ങളുടെയും  ഒക്കെ പാപങ്ങളെ പ്രതി നമ്മെ അ ശക്തി കത്തിച്ചു ചാമ്പലാക്കിയേനെ! എന്റെയും നിങ്ങളുടെയും പാപങ്ങൾക്കുള്ള ദൈവത്തിന്റെ മറുപടി ശിക്ഷയല്ല,  മറിച്ചു കരുണയാണ് എന്നതിന്റെ ഏറ്റവും ഉദാത്തമായ പ്രകാശനമാണല്ലോ കുരിശിൽ തൂക്കപ്പെട്ട ദൈവപുത്രൻ.  എവിടെയോ ഇരുന്ന് മനുഷ്യപാപങ്ങൾക്കു ശിക്ഷിക്കുന്ന അദൃശ്യശക്തിയായ ഒരു ദൈവസങ്കൽപ്പത്തേക്കാൾ എത്രയോ മഹനീയമാണ് എന്റെ വേദനകളിൽ എന്നോടൊപ്പം സഹിക്കുന്ന ദൈവത്തെകുറിച്ചുള്ള സങ്കല്പം. അധികാരത്തിന്റെ ഉൻമാദശക്തിയിൽ അടിച്ചമർത്തി ഭരിക്കുന്ന ഒരു രാഷ്ട്രീയ രാജാവിന്റെതിനേക്കാൾ എത്രയോ മനോഹരമാണ് സ്നേഹത്തിന്റെ വ ശ്യതയിൽ മനുഷ്യഹൃദയങ്ങളെ ഭരിക്കുന്ന ഒരു അഭൗമിക സ്നേഹരാജാവിന്റെ ചിത്രം." ക്രൈസ്തവ പണ്ഡിതന്റെ ഉത്തരത്തിന്റെ മുൻപിൽ അദ്ദേഹം നിശബ്ദനായി ഇരുന്നു. സുവിശേഷം ക്രിസ്തുരാജവിലൂടെ അവതരിപ്പിക്കുന്നത് സിംഹാസനത്തിലിരുന്ന് അധികാരശക്തിയിൽ അടിച്ചമർത്തി ഭരിക്കുന്ന ഒരു ഭൗമിക രാജാവിന്റെ ചിത്രമല്ല, മറിച്ച് കുരിശിൽ മരിച്ച നിന്ദിതനും, പരാചിതനും, പരിത്യക്തനുമായ  ഒരു അഭൗമികരാജാവിന്റെ ചിത്രമാണ്.  ലോകത്തിന്റെ  രാജത്വവീക്ഷങ്ങൾക്ക് ഘടകവിരുദ്ധമായ രാജാവിന്റെ ചിത്രമാണ്. സ്വർണ്ണ കിരീടത്തിന് പകരം മുൾക്കിരീടം, ചെങ്കോലിന് പകരം ഞാങ്ങണ പത്തൽ, തൈലാഭിഷേകത്തിനു പകരം തുപ്പൽകൊണ്ട് അഭിഷേകം, രാജകീയ വസ്ത്രങ്ങൾക്ക് പകരം രക്തക്കറ പുരണ്ട് കീറിയ വസ്ത്രങ്ങൾ, സിംഹാസനത്തിന് പകരം കുരിശുമരം.   ക്രിസ്തുവെന്ന രാജാവിന്റെ രാജത്വം അതിഷ്ഠിതമായിരിക്കുന്നത് അധികാരത്തിന്റെ ഉൻമാദശക്തിയിലല്ല, മറിച്ച് സ്നേഹത്തിന്റെ വശ്യതയിലാണ്. ലോകത്തിന് "കുരിശ്"  വേദനകൾ, ദുരിതങ്ങൾ, സങ്കടങ്ങൾ, അനര്ത്ഥങ്ങൾ, കഷ്ടതകൾ, അപകടങ്ങൾ, രോഗങ്ങൾ എന്നിവയുടെയൊക്കെ പ്രതീകമാണ്. പക്ഷെ ക്രിസ്തുവിന് കുരിശ് ആത്മത്യാഗത്തിന്റെ അൾത്താരയും മഹത്വീകരണത്തിന്റെ സിംഹാസനവും ആണ്. കുരിശ് ഒരു മരത്തടിക്കഷ്ണമോ, ലോഹക്കഷ്ണമോ മാത്രമല്ല, മറിച്ചു ക്രിസ്തുവിന്റെ രക്ഷണീയ പ്രവർത്തനങ്ങളുടെ (സഹന-മരണ-ഉത്ഥാനം) പ്രതീകാത്മക സംഗ്രഹം ആണ്. സ്നേഹം ബലിയായി പരിണമിക്കുന്ന ദൈവസ്നേഹത്തിന്റെ ഏറ്റവും ഉൽകൃഷ്ടമായ പ്രതീകാത്മക പ്രകാശനമാണ് കുരിശ്. ഇപ്രകാരം  പീലാത്തോസിന്റെ  അരമനയിൽ പരിഹാസ്യനും  പരിത്യക്തനുമായി തീർന്ന,   കുരിശിൽ എല്ലാവരാലും പരിത്യജിക്കപ്പെട്ട,   ലോകദൃഷ്ടിയിൽ  അശക്തനും പരാചിതനുമായ ഒരു അഭൗരാജാവിന്റെ   ഈ സമ്പൂർണ്ണ ബലഹീനത   ഒരു വിരോധാഭാസം എന്നോണം  അവൻറെ ശക്തിയായി ചരിത്രത്തിൽ പരിണമിച്ചത്തിന്റെ  ഓർമ്മപ്പെടുത്തലും  ആഘോഷവുമാണ് ക്രിസ്തുവിൻറെ രാജത്വതിരുനാൾ. കുരിശിൽ നിന്നും കരകവിഞ്ഞൊഴുകിയ  ക്രിസ്തുവെന്ന സ്നേഹരാജാവിന്റെ  സ്നേഹശക്തി  ലോകത്തെ മുഴുവൻ  പിടിച്ചടക്കിയിരിക്കുന്നു.  ഭൗതിക രാജ്യത്ത് ശക്തിയുടെ പ്രതീകങ്ങൾ ആയിരുന്ന ചക്രവർത്തിമാർ ചരിത്രത്തിൽ വിഭാവനം ചെയ്തതും സ്ഥാപിച്ചതുമായ ഭൗമികസാമ്രാജ്യങ്ങൾ  ഇന്ന് ചരിത്രപുസ്തകത്തിലെ ഏതാനും താളുകളിൽ മാത്രമായി നിലകൊള്ളുമ്പോൾ   ക്രിസ്തുവെന്ന അഭൗമിക രാജാവ്  വിഭാവനം ചെയ്യുകയും പ്രഘോഷിക്കുകയും ചെയ്ത ദൈവരാജ്യം ഇന്ന് രണ്ടായിരം വർഷങ്ങൾക്കുശേഷവും  ഇരുന്നൂറു കോടി ജനങ്ങളുടെ ഹൃദയത്തിൽ വ്യാപിച്ചിരിക്കുന്നു. ദൈവരാജ്യം എന്നത് ഒരു രാഷ്ട്രീയ-ഭൗമിക യാഥാർഥ്യമല്ല,  മറിച്ച് ദൈവത്തിന്റെ സ്നേഹത്തിനും, കാരുണ്യത്തിനും, മഹത്വത്തിനും, പരിപാലനക്കും സമർപ്പിക്കപ്പെടുന്ന ഹൃദയങ്ങളിൽ നിലനിൽക്കുന്ന ആത്മീയ യാഥാർഥ്യമാണ്. ഞാൻ ദൈവഭരണത്തിനായ് എന്നെ തന്നെ സമർപ്പിക്കുമ്പോൾ ദൈവരാജ്യം എന്നിൽ ആരംഭിക്കുന്നു. എന്റെ സഹോദരങ്ങളും  സഭാംഗങ്ങളും അപ്രകാരം ഒരു സമർപ്പണം നടത്തുമ്പോൾ ദൈവരാജ്യം എന്റെ കുടുംബത്തിലേക്കും സഭയിലേക്കും ലോകത്തിന്റെ അതിർത്തികളിലേക്കും  വ്യാപിക്കുകയായി. പീലാത്തോസിന്റെ  അരമനയിൽ  പരിഹാസ്യനും  പരിത്യക്തനുമായി തീർന്ന് ,   കുരിശിൽ എല്ലാവരാലും പരിത്യജിക്കപ്പെട്ട് സഹനരഹസ്യത്തിലൂടെ സത്യം തന്നെയായ ദൈവത്തിന് സാക്ഷ്യം വഹിച്ച ക്രിസ്തുരാജനെ അനുകരിച്ച് ക്രിസ്തുവിന് സാക്ഷിയാകുമ്പോഴും, സ്നേഹശക്തിയാൽ മനുഷ്യഹൃദയങ്ങളിൽ ഇടം നേടി നൻമ്മ തന്നെയായ ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തുമ്പോഴും, ഉത്ഥാനത്താൽ മരണത്തെയും പാപത്തെയും ക്രിസ്തുവിനെപോലെ ഓരോ തവണയും പാപത്തെ പരാചയപെടുത്തുമ്പോഴും നാം യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ രാജത്വത്തിൽ പങ്കുചേരുകയാണ്. ഫാ. ജെറി വള്ളോംകുന്നേൽ MCBS

ദെനഹ തിരുന്നാള്‍

ഈ അടുത്ത ഇറങ്ങിയ ടാ തടിയാ എന്ന സിനിമയില്‍ വളരെ ഹൃദയസ്സ്പര്‍ശിയായ ഒരു രംഗം ഉണ്ട്. പോണ്ണതടിയനായ ലൂക്കാ എന്നാ ചെറുപ്പക്കാരന്‍ തന്റെ തടി എന്നും നല്ലതാണെന്ന് വിചാരിച്ചിരുന്ന കലഖട്ടത്തില്‍ അവന്‍ തിരിച്ചറിയുന്നു അവന്റെ തടി മറ്റുള്ളവര്‍ക്ക് ഒരു പരിഹാസ വിഷയം ആണെന്ന്. അന്ന് വരെ സന്തോഷിച്ചും, ജീവിതത്തെക്കുറിച്ച് വലിയ കാരിയങ്ങള്‍ ഒന്നും ചിന്തിക്കാതെയും നടന്ന അവന്‍ അന്ന് മുതല്‍ അപകര്‍ഷതയുടെ താഴവരതെക്ക് കൂപ്പുകുത്തുകയാണ്. അന്ന് വരെ വളരെയേറെ ഭക്ഷണം കഴിച്ചിരുന്ന സന്തോഷിച്ചു നടന്നിരുന്ന അവന്‍ പലതിനെയും ജീവിതത്തില്‍ വെറുക്കുകയാണ്. അങ്ങനെയിരിക്കെ അവന്റെ വിഷമം മനസ്സിലാക്കി അവന്റെ വലിയമ്മച്ചി അവനു നല്ല ഒരു ഉപദേശം കൊടുക്കുകയാണ്. “മറ്റുള്ളവരില്‍നിന്നും വിഭിന്നമായി നിനക്ക് വലിയ പോണ്ണതടി ദൈവം നലികിയിട്ടുന്ടെങ്ങില്‍ ദൈവം നിന്നിലൂടെ മറ്റുള്ളവരില്‍ നിന്നും വിഭിന്നമായി വലിയ കാരിയങ്ങള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നു”. ഈ വാക്കുകള്‍ അവന്റെ ജീവിതത്തിനു പുതിയ ഒരു അര്‍ത്ഥം നല്‍കുകയാണ്. അവന്‍ തന്റെ പോണ്ണതടിയെ, തന്റെ ജീവിത വീക്ഷണത്തെ ഒന്നായി കാണുവാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഫലം ആയി ജീവിത യാത്രയില്‍ വിജയിച്ചു നില്കുന്നവനായി സിനിമയില്‍ അവനെ പിന്നീട് കാണിക്കുന്നു.

മിശിഹായില്‍ പ്രിയപ്പെട്ടവരേ, കര്‍ത്താവിന്റെ ദെനഹ തിരുന്നാളിന്റെ ഓര്‍മയാണ് നാം ഇന്ന് ആചരിക്കുന്നത്. ദൈവപുത്രന്‍ ആയ ഈശോ തന്റെ സ്നാപകനില്‍ നിന്നുള്ള മാമോദീസ സ്വീകരണത്തിലൂടെ പരിശുദ്ധ ആത്മാവിനാല്‍ പൂരിതനായി തന്റെ ദൌതിനിര്‍വഹണത്തിനായി തന്നെതന്നെ വെളിപ്പെടുത്തുന്ന ദിവസം മറൊരു വാക്കില്‍ പറഞ്ഞാല്‍ ദൈവപിതാവ് പുത്രനെ വെളിപ്പെടുത്തുന്ന ദിവസം.

ഒന്നാമതായി, ദൈവപുത്രന്‍ ആയ യേശുവിനു ലോകത്തിന്റെ പുത്രനായ ഒരു സ്നപകനിലൂടെ സ്നാനം സ്വീകരിക്കെനമോ എന്ന് സ്നാനം നല്‍കുന്നവന്‍ തന്നെ, സ്നാപക യോഹന്നാന്‍ ചോദിക്കുന്നുണ്ട്. “ഞാന്‍ നിന്നില്‍നിന്നും സ്നാനം സ്വീകരിക്കെണ്ടിയിരിക്കെ നീ എന്റെ അടുത്തേക്ക് വരുന്നുവോ!”. എന്നാല്‍ പ്രവചനങ്ങളുടെ പൂരത്തികരനതിനായി ഇത് ഇപ്പോള്‍ നടക്കട്ടെ എന്ന് പറഞ്ഞു ദൈവപുത്രന്‍ മനുഷ്യന്റെ മുന്‍പില്‍ സ്നാനം സ്വീകരിക്കുവാനായി കുനിയുകയാണ്.

ജീവിതത്തില്‍ പലപ്പോഴും കണ്ടു മറയുന്ന മറ്റു മനുഷ്യര്‍ നമ്മുടെ ജീവിതയാത്രയില്‍ വെറും അപരിചിതര്‍ അയ സഹായാതിര്കര്‍ അല്ല. ദൈവത്തിനു അവരിലൂടെ നമ്മോടു എന്തോ പറയാന്‍ ഉണ്ട്..എന്തോ പ്രവര്‍ത്തിക്കാന്‍ ഉണ്ട്. എന്തൊക്കെയോ നമുക്കുവേണ്ടി നേടിത്തരുവാന്‍ ഉണ്ട്. മേല്‍ വിവരിച്ച സിനിമയില്‍ ജീവിതത്തില്‍ തകര്‍ന്നുപോയ തടിയന്‍ ലൂക്കക്ക് അവന്റെ ജീവിതത്തെ, അവന്റെ പോണ്ണതടിയെ വേറെ ഒരു ദിശയില്‍ നോക്കി കാണുവാന്‍ സഹായിച്ചത് അവന്റെ വലിയമ്മച്ചിയുടെ വാക്കുകള്‍ ആയിരുന്നു. അവന്‍ തന്റെ ജീവിത ലക്‌ഷ്യം ആ വാകുകളിലൂടെ മനസ്സിലാകുകയാണ്.

രണ്ടാമതായി, ദൈവം മനുഷ്യന് മുന്‍പില്‍ കുനിയുന്ന അനുഭവം യോഹന്നാനില്‍ നിന്നും സ്നാനം സ്വീകരിക്കുന്ന ദൈവപുത്രനായ ക്രിസ്തുവില്‍ നാം കാണുന്നു. വളരെയേറെ നമ്മെ ചിന്തിപ്പിക്കേണ്ട ഒരു പ്രവര്‍ത്തി. പ്രവചനങ്ങളുടെ പൂര്‍ത്തികരണത്തിനായാണ്‌ അവന്‍ സ്നാപകന്റെ മുന്‍പില്‍ കുനിയുന്നതെങ്ങിലും ക്രിസ്തുവിന്റെ ജീവിതത്തില്‍ മുഴുവന്‍ നാം കാണുന്നത് ഈ കുനിയലിന്റെ, എളിമയുടെ പ്രവര്‍ത്തികള്‍ ആണ്. അവന്‍ കുനിയുന്നത് ശരീരം കൊണ്ടല്ല: അതിനു മുന്‍പേ അവന്‍ മനസ്സുകൊണ്ട് തന്നെ തന്നെ എളിയവന്‍ ആക്കി കഴിഞ്ഞു. കാലിത്തോഴുതു മുതല്‍, ശിഷ്യരുടെ കാല്‍പാദം കഴുകുന്ന വേളയിലും, ദൈവം -മനുഷ്യന്‍ ആയി മൂന്ന് ആണികളില്‍ തൂങ്ങി മനുഷ്യരുടെ മുന്‍പില്‍ ആയിരിക്കുമ്പോഴും, അവന്‍ നമ്മോടു പറയുന്ന ഒരു ദെനഹ്ഹ സന്ദേശം ഉണ്ട്, “നിയും പോയി അത് പോലെ ചെയ്യുക”. ദൈവപുത്രന്‍ മനുഷ്യന്റെ മുന്‍പില്‍ കുനിയുമ്പോള്‍ സ്വര്‍ഗം തുറക്കപെടുകയാണ്. പരിശുദ്ധ ആത്മാവിന്റെ നിറവു അവനും മറ്റുള്ളവര്‍ക്കും ലഭിക്കുകയാണ്.

നാമും എപ്പോള്‍ നമ്മുടെ വാകുകളിലൂടെ മനുഷ്യരുടെ മുന്‍പില്‍ എളിമപ്പെട്ടു കുനിയുന്നുവോ, മറ്റുള്ളവരെ നമ്മെക്കാള്‍ ശ്രേഷ്ട്ടരായി കരുതി അവര്‍ക്ക് നന്മ ചെയ്യുവാന്‍ ശ്രമിക്കുന്നുവോ അപ്പോള്‍ ഈ ദെനഹ് അനുഭവം ആണ് നാം പങ്കുവെക്കുന്നത്. അവിടം വലിയ ഒരു ദൈവാനുഭാവതിന്റെ കേന്ദ്രം ആയി മാറുകയും മറ്റുള്ളവര്‍ “നിങ്ങളുടെ പ്രവര്‍ത്തികള്‍ കണ്ടു ദൈവത്തെ സ്തുതിക്കുകയും ചെയ്യും”. ഈ ദെന്ഹ അനുഭവം സ്വന്തമാക്കി ക്രിസ്തുവിനു സാക്ഷ്യം വഹിച്ചു ജീവിക്കാന്‍ നമുക്ക് ശ്രമിക്കാം.

Fr. Shyju Naduvathaniyi, Diocese of Palghat.

മൂന്ന് നോമ്പ് ഇന്നത്തെ സന്ധ്യാ (റംശ) നമസ്കാരത്തോടുകൂടി സീറോ മലബാർ സഭ മൂന്നു നോമ്പിലേക്ക് പ്രവേശിക്കുന്നു... എന്താണ് മൂന്ന് നോമ്പ് സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി അറിയപ്പെട്ടിരുന്നു. ഈസ്റ്ററിന്‍റെ തിയതിയനുസരിച്ച് സാധാരണ ജനുവരി 12നും ഫെബ്രുവരി 18നും മധ്യേയാണ് ഈ നോമ്പ് വരുന്നത്. പഴയ നിയമത്തില്‍ യോനാപ്രവാചകന്‍ ദൈവകല്പനയനുസരിച്ച് നിനവേ നഗരത്തില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്‍റെയും അതേത്തുടര്‍ന്നുള്ള അവരുടെ മനസുതിരിവിന്‍റെയും അനുസ്മരണമായാണ് ഈ നോമ്പ് ആചരിച്ചു പോരുന്നത്. ഈ നോമ്പാചരണം നിനവേക്കാരുടെ യാചന (Rogation of the Ninivites) അഥവാ നിനവേ നോമ്പ് എന്ന പേരിലും അറിയപ്പെടുന്നു. യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തില്‍ ചിലവഴിച്ചു മാനസാന്തരപ്പെട്ടു (യോനാ 1:17) എന്നതാണ് മൂന്നു ദിവസത്തെ നോമ്പിന്‍റെ പ്രസക്തി. അതേത്തുടര്‍ന്ന് നിനവേയില്‍ ചെന്നുള്ള അദ്ദേഹത്തിന്‍റെ പ്രസംഗം കേട്ടപ്പോള്‍ അവിടെയുള്ളവര്‍ ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് നിനവേ നോമ്പ് എന്ന പേരിന്‍റെ സാംഗത്യം. അപ്പോള്‍ മൂന്നു നോമ്പ് യോനായുടെ മാനസാന്തരത്തിന്‍റെ അനുസ്മരണമാണോ നിനവേക്കാരുടെ മാനസാന്തരത്തിന്‍റെ അനുസ്മരണമാണോ എന്നൊരു സമസ്യയുണ്ട്. എന്നാല്‍ യോനായുടെ മൂന്നു ദിവസത്തെ മത്സ്യോദരത്തിലെ വാസവും നിനവേക്കാരുടെ മാനസാന്തരവും ഒന്നിച്ചു മനസിലാക്കാവുന്നതും പരസ്പരപൂരകവും ആയതിനാല്‍ ഈ നോമ്പിന്‍റെ പേരോ ദിവസക്കണക്കിന്‍റെ കാരണമോ നോമ്പിന്‍റെ ചൈതന്യത്തിന് ക്ഷതമേല്പ്പിക്കുന്നുമില്ല; വൈരുദ്ധ്യം ക്ഷണിച്ചു വരുത്തുന്നുമില്ല. എന്നാല്‍ ബൈബിള്‍ പ്രചോദിതമായ ഒരു ആചരണം എന്നതിനേക്കാള്‍ ചരിത്രപരമായ കാരണങ്ങളാണ് ഈ നോമ്പിന്‍റെ പിന്നില്‍ എന്നാണ് പണ്ഡിതമതം. എ.ഡി 570 - 580 കാലത്ത് നിനവേ, ബേസ്ഗര്‍മേ, അസോര്‍ തുടങ്ങിയ പേര്‍ഷ്യന്‍ നഗരങ്ങളെ പ്ളേഗു ബാധിച്ച് ജനസംഖ്യയില്‍ വലിയൊരു ഭാഗം മരണപ്പെട്ടപ്പോള്‍ ദുഃഖാര്‍ത്തരും ഭയഭീതരുമായ വിശ്വാസിഗണം ഞായറാഴ്ച്ച ദേവാലയത്തില്‍ ഒന്നിച്ചുകൂടി ഈ നിയോഗത്തെ സമര്‍പ്പിച്ച് പ്രാര്‍ഥന ആരംഭിച്ചു. ഉപവസിച്ച് പ്രാര്‍ഥിക്കാന്‍ അപ്പോള്‍ അവര്‍ക്ക് ദൈവിക അരുളപ്പാടുണ്ടായി. അതനുസരിച്ച് അവര്‍ തിങ്കളാഴ്ച്ച തുടങ്ങി ഉപവസിച്ച് പ്രാര്‍ഥിക്കാന്‍ തീരുമാനിച്ചു. പിന്നീട് ആരും രോഗബാധിതരായില്ല. ബുധനാഴ്ച്ച ആയപ്പോഴേക്കും രോഗം പരക്കുന്നത് അവസാനിച്ചതായി ജനം തിരിച്ചറിഞ്ഞു. ഇതില്‍ കൃതജ്ഞതാനിര്‍ഭരരായ വിശ്വാസിഗണം ഇനിയൊരിക്കലും ഇത്തരം പ്ളേഗുബാധ ഉണ്ടാകാതിരിക്കേണ്ടതിനുകൂടി തുടര്‍ന്ന് എല്ലാ വര്‍ഷവും മൂന്നു ദിവസത്തെ നോമ്പ് ആചരിക്കാന്‍ നിശ്ചയിച്ചു. പേര്‍ഷ്യന്‍ സഭയുമായി ആത്മബന്ധമുണ്ടായിരുന്ന കേരളസഭയിലേക്കും കാലക്രമേണ ഈ നോമ്പാചരണം വ്യാപിച്ചു. മൂന്ന് നോമ്പെടുത്തില്ലെങ്കില്‍ ആപത്തു ഭവിക്കും എന്ന ചിന്താഗതി പോലും ഒരുകാലത്ത് നസ്രാണി സമൂഹത്തിനിടയിലുണ്ടായിരുന്നു. മാര്‍ത്തോമ്മാ നസ്രാണികള്‍ നിഷ്ഠയോടെ ആചരിച്ചിരുന്ന നോമ്പുകളെപ്പറ്റിയുള്ള റിപ്പോര്‍ട്ടില്‍ 1578ല്‍ ഈശോസഭാ വൈദികനായ ഫ്രാന്‍സിസ് ഡയനീഷ്യസ് മൂന്നു നോമ്പിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജസ്യൂട്ട് സഭാ പ്രൊക്കുറേറ്ററായിരുന്ന ഫാദര്‍ പേരോ ഫ്രാന്‍സിസ്കോ മലബാറില്‍ മിഷണറിയായി എത്തി ഇവിടുത്തെ സ്ഥിതിവിവരങ്ങള്‍ അറിയിച്ചുകൊണ്ട് തന്റെ സുപ്പീരിയര്‍ ജനറല്‍ ക്ളൗദിയോ അക്വാവിവായക്ക് 1612ല്‍ എഴുതിയ കത്തിൽ കേരളസഭയിലെ മൂന്നു നോമ്പാചരണത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മൂന്നു ദിവസവും ഉപവസിച്ച് ദേവാലയത്തില്‍ ഭജനമിരിക്കുന്ന ജനങ്ങളോട് ചേര്‍ന്ന് വൈദികര്‍ തുടര്‍ച്ചയായി സങ്കീർത്തനാലാപനം നടത്തുകയും നിനിവേക്കാരുടെ മാനസാന്തരത്തെപ്പറ്റിയുള്ള വി. അപ്രേമിന്റെ വ്യാഖ്യാനഗീതങ്ങൾ വായിക്കുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹത്തിന്‍റെ സാക്ഷ്യം. കര്‍മ്മങ്ങളുടെ മധ്യേ നിരവധി തവണ ആമേൻ എന്നേറ്റു പറഞ്ഞ് കൊണ്ട് സര്‍വ്വരും സാഷ്ടാംഗനമസ്കാരം ചൊല്ലിയിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. സന്ധ്യാനമസ്കാരത്തോടുകൂടി അവസാനച്ചിരുന്ന ഒരോ ദിവസത്തെയും തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം നേര്‍ച്ചഭക്ഷണവുമുണ്ടായിരുന്നു. നേര്‍ച്ചഭക്ഷണം കഴിക്കാനാണ് നസ്രാണികള്‍ മൂന്നു നോമ്പാചരണം നടത്തുന്നതെന്ന് ഇതേപ്പറ്റി ഒരു പരാമര്‍ശം ഉദയംപേരൂര്‍ സൂനഹദോസ് കാനോനകളിലുണ്ട്. മൂന്നു ദിവസത്തെ ഉപവാസത്തിനു ശേഷം വ്യാഴാഴ്ച്ച മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ ഒന്നുചേര്‍ന്ന് ആദരപൂര്‍വ്വം ദേവാലയത്തില്‍ പ്രവേശിക്കുകയും സ്ളീവാ വന്ദിക്കുകയും ചെയ്തിരുന്നതായി ഒന്നര ദശാബ്ദക്കാലം (1644 - 1659) കൊടുങ്ങലൂര്‍ മെത്രാപ്പോലീത്താ ഫ്രാന്‍സിസ് ഗാര്‍സ്യായുടെ സഹചാരിയായിരുന്ന ജിയാക്വീന്തോ ദെ മാജിസ്ത്രീസ് തന്‍റെ ഗ്രന്ഥത്തില്‍ കുറിച്ചിരിക്കുന്നു. നാലാം ദിവസം ആഘോഷപൂർവ്വമായ കുർബ്ബാനയർപ്പിച്ചാണ് നോമ്പ് സമാപിപ്പിച്ചിരുന്നത്. മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ക്ക് മൂന്നു നോമ്പിനോടുള്ള പ്രതിപത്തി പരിഗണിച്ച് പ്രസ്തുത നോമ്പാചരണം തുടരാന്‍ സഭാനവീകരണത്തിനുദ്യമിച്ച ഉദയംപേരൂര്‍ സൂനഹദോസ് അനുവദിച്ചു. പൊതുവേ മൂന്നു നോമ്പാചരണത്തിനു കേരളസഭയില്‍ മങ്ങലേറ്റിട്ടുണ്ടെങ്കിലും കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങിയ പുരാതന ദേവാലയങ്ങളില്‍ ഇന്നും ശോഭകെടാതെ ഈ നോമ്പും തിരുനാളും നടത്തപ്പെടുന്നുണ്ട്. യോനാ പ്രവാചകന്‍റെ സംഭവത്തെ അനുസ്മരിക്കുന്ന കപ്പലോട്ടം കുറവിലങ്ങാട് പള്ളിയിലെ മൂന്നു നോമ്പ് പെരുന്നാളിന്‍റെ മുഖ്യ ആകര്‍ഷണമാണ്. ചേരമാന്‍ പെരുമാളിന്‍റെ കാലം മുതലേ കുറവിലങ്ങാട് പെരുന്നാളിന് ആന അകമ്പടിയുള്ള പ്രദക്ഷിണത്തിന് അവകാശം നല്കിയിരുന്നു എന്നത് പൊതുസമൂഹത്തില്‍ ഈ തിരുനാളിനുണ്ടായിരുന്ന സ്വീകാര്യതയുടെ തെളിവാണ്. വലിയ നോമ്പിന്‍റെ ഒരുക്കമായി വേണം ഇക്കാലത്ത് നാം മൂന്നു നോമ്പിനെ മനസിലാക്കാന്‍. അതുകൊണ്ട് മൂന്നു നോമ്പിനെ ചെറിയ നോമ്പ് എന്നു വിളിച്ചു പോന്നിരുന്നു. സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന്‍ മൂന്ന് നോമ്പ് പ്രചോദിപ്പിക്കുന്നു. ഏവര്‍ക്കും മൂന്നു നോമ്പിന്‍റെ മംഗളങ്ങള്