Christmas

ക്രിസ്തുമസ്സ്

Accordion Sample Description

ക്രിസ്തുമസ്സ് .

ക്രിസ്തുമസ് സന്ദേശം 2012 .

________________________________________

“തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ 3.16). ഇതാണ് ക്രിസ്തുമസ്സിന്റെ അടിസ്ഥാന സന്ദേശം. ലോകത്തെ സ്നേഹിച്ചു എന്നുവച്ചാല്‍ ഈ സൃഷ്ടവസ്തുക്കളെ മുഴുവനും, വളരെ പ്രത്യേകമായി സൃഷ്ടിയുടെ മകുടമായ മനുഷ്യരെ, ദൈവം സ്നേ ഹിച്ചു എന്നാണര്‍ത്ഥം. മനുഷ്യരോടുള്ള ദൈവത്തിന്റെ അതിരറ്റ സ്നേഹവും മനുഷ്യന്റെ മഹത്വവും ദൈവം തന്നെ വെളിപ്പെടുത്തിയ ദിവസമാണ് ആദ്യത്തെ ക്രിസ്തുമസ്സ്. സ്വപുത്രനെ മനുഷ്യരക്ഷയ്ക്കു വേണ്ടി അയക്കുവാന്‍ തക്കവിധം അത്രമാത്രം അനന്തമായി ദൈവത്താല്‍ സ്നേഹിക്കപ്പെടുന്നവരാണ് മനുഷ്യര്‍. ഇതിനേക്കാള്‍ വലിയ സ്നേഹം പ്രകടിപ്പിക്കുവാനൊ ഇതിനേക്കാള്‍ വലിയ സമ്മാനം മനുഷ്യര്‍ക്കു നല്‍കുവാനൊ ദൈവത്തിനു സാധിക്കില്ല. യഥാര്‍ത്ഥസ്നേഹം പ്രവര്‍ത്തനനിരതമാണ്. മനുഷ്യനന്മയ്ക്കു വേണ്ടി ദൈവം നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ പ്രവര്‍ത്തനനിരതമായ സ്നേഹത്തെയാണ് ദൈവപരിപാലന എന്നു നാം വിശേഷിപ്പിക്കുന്നത്. .

തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം അത്രമാത്രം ദൈവം മനുഷ്യരെ സ്നേഹിച്ചതില്‍നിന്ന് മനുഷ്യര്‍ എത്രമാത്രം ദൈവത്തിന് വിലപ്പെട്ടവരാണ് എന്ന് നാം ഗ്രഹിക്കുകയാണ്. “നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്” (ഏശ. 43) എന്നാണ് ദൈവംതന്നെ മനുഷ്യനെപ്പറ്റി പറയുന്നത്. ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പാ തന്റെ സ്ഥാനാരോഹണ ദിവസം നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം അനുസ്മരിച്ചുകൊണ്ട് പറഞ്ഞത് ഇപ്രകാരമാണ്: ”യാദൃശ്ചികവും അര്‍ത്ഥശൂന്യവുമായ പരിണാമഫലങ്ങളല്ല നാം. മറിച്ച് അവിടുത്തെ പദ്ധതിയുടെ സാക്ഷാത്ക്കാരങ്ങളാണ്. ഓരോരുത്തരും അവിടുത്തെ മാനസപുത്രര്‍ ആണ്. സ്നേഹിക്കപ്പെട്ടവര്‍ ആണ്. അവിടുത്തേക്ക് വേണ്ടപ്പെട്ടവരും വിലപ്പെട്ടവരുമാണ്.” പെറ്റമ്മയ്ക്കു കുഞ്ഞിനോടുള്ളതിനേക്കാള്‍ വലിയ സ്നേഹമാണ് ദൈവത്തിനു മനുഷ്യരൊടുള്ളതെന്ന് ദൈവം വ്യക്തമാക്കുന്നുണ്ട് (ഏശ. 49.15). .

ദൈവത്തിന് ഇത്രമാത്രം വിലപ്പെട്ടവരായ മനുഷ്യര്‍ക്കു മനുഷ്യന്‍ തന്നെ വിലകല്പ്പിക്കാത്ത ഒരു കാലത്തല്ലെ നമ്മള്‍ ജീവിക്കുന്നത് എന്ന് തോന്നിപോകുന്നു. മനുഷ്യനെ ഒരു ഉപഭോഗവസ്തുവായി മാത്രം ചിലര്‍ കാണുന്നു. നിത്യോപയോഗ സാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും മറ്റ് എല്ലാത്തിനും വിലകൂടിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ വില മാത്രം കുറഞ്ഞുപോകുന്നു. വന്യമൃഗങ്ങള്‍ മനുഷ്യരെ കൊന്നാല്‍ അത് വാര്‍ത്തയല്ല. മനുഷ്യന്‍ സ്വയരക്ഷയ്ക്കുവേണ്ടിയായാല്‍ പോലും മൃഗങ്ങളെ കൊന്നാല്‍ അത് വളരെ ഗൌരവമുള്ള വാര്‍ത്തയാകുന്നു. മനുഷ്യരെയും മൃഗങ്ങളെയും ആക്രമിച്ച കടുവയെ വനപാലകര്‍ കൊന്നതിന്റെ പേരില്‍ അവര്‍ക്കെതിരെ കേസ് കൊടുക്കുന്ന കാലമാണിത്. സ്വത്തുക്കള്‍ കൈക്കലാക്കാന്‍ വേണ്ടി മനുഷ്യര്‍ നിഷ്ക്കരുണം വധിക്കപ്പെടുന്നു. ജഡമോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യജീവന് വിലകല്പ്പിക്കാത്തതു കൊണ്ടല്ലെ ഭ്രൂണഹത്യയും സാധാരണമായികൊണ്ടിരിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി എത്രയോ പേരാണ് അകാലമൃത| അടയുന്നത്. .

നാം ദൈവത്തിന് വിലപ്പെട്ടവരാണ്, ദൈവത്താല്‍ അതിരറ്റു സ്നേഹിക്കപ്പെടുന്നവരാണ് എന്ന് ക്രിസ്തുമസ്സ് നമ്മെ അനുസ്മരിപ്പിക്കുന്നു. മനുഷ്യജീവന്റെ വില നാം മനസ്സിലാക്കുമെങ്കില്‍ നാം നമ്മെത്തന്നെ സ്നേഹിക്കും. എല്ലാ സഹോദരരെയും സ്നേഹിക്കുകയും വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അതിന് ക്രിസ്തുമസ്സ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ. .

Mar Jacob Manathodath, Bishop of Palghat.

ക്രിസ്തുമസ്

ദൈവം മനുഷ്യനായതിന്റെ ആഘോഷം

ദൈവം മനുഷ്യനായി പിറന്ന ആദ്യ ക്രിസ്തുമസിന് 2024 വർഷങ്ങൾക്കുശേഷം, ലോക ചരിത്രത്തിലാദ്യമായി, വിശുദ്ധ ഫ്രാൻസിസ് അസീസി നിർമിച്ച ആദ്യ പുൽക്കൂടിന് 801 വർഷങ്ങൾക്ക് ശേഷം, പതിനഞ്ചാം നൂറ്റാണ്ടിലാരംഭിച്ച്, ലോകം മുഴുവനും അധീനതയിലാക്കിയ വ്യവസായവിപ്ലവത്തിന് 184 വർഷങ്ങൾക്ക് ശേഷം, തുർക്കിയിലെ ഓട്ടോമൻ സാമ്രാജ്യം അർമേനിയായിലെ 15 ലക്ഷം ക്രൈസ്തവരെ ഉന്മൂലനം ചെയ്തിട്ട് 109 വർഷങ്ങൾക്ക് ശേഷം, മനുഷ്യൻ അന്നുവരെ പണിതുയർത്തിയതെല്ലാം ചീട്ടുകൊട്ടാരംപോലെ തകർന്നുവീണ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്കും, രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ 60 ലക്ഷം വരുന്ന ജൂതരെ ഹിറ്റ്ലറിൻറെ നാസികൾ കൊലചെയ്തതിനും 79 വർഷങ്ങൾക്ക് ശേഷം, മനുഷ്യ മനസ്സിനെ ഞെട്ടിച്ച ഗുജറാത്തിലെ കൂട്ടക്കൊലക്ക് 22 വർഷങ്ങൾക്ക് ശേഷം, കാടിറങ്ങി വരുന്ന വന്യജീവികൾ മനുഷ്യനെ കൊല്ലുന്നത് പതിവായിട്ടും, മനുഷ്യത്വപരമല്ലാത്ത പലതും കടന്നുകൂടിയിട്ടുള്ള Kerala Forest Amendment Bill 2024 ന്റെ കരട് പുറത്തിറങ്ങിയിട്ട് 64 ദിവസങ്ങൾക്ക് ശേഷം, നാലുപേരുടെ മരണത്തിനിടയാക്കിയ ഉത്തർപ്രദേശിലെ സാമ്പൽ പ്രദേശത്ത് നടന്ന ലഹള കഴിഞ്ഞ് ഒരു മാസത്തിന് ശേഷം, കേരളത്തിൽ, ഭാര്യയുടെ ചികിത്സയ്ക്കായി സിപിഎം ഭരിക്കുന്ന കട്ടപ്പന Rural Co-operative Society യിൽ നിക്ഷേപിച്ചിരുന്ന തന്റെ പണം ചോദിച്ചപ്പോൾ കിട്ടാതിരുന്നതിന്റെ പേരിൽ വിഷമിച്ച സാബു എന്നയാളുടെ ആത്മഹത്യയ്ക്ക് 4 ദിവസങ്ങൾക്കുശേഷം, നാം സർവ ലോകത്തിനും സന്തോഷവും സമാധാനവും നൽകുന്ന ക്രിസ്തുമസ്, ലോകരക്ഷകനായ ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുകയാണ്.

ഹല്ലേലൂയാ പാടുന്ന, സന്തോഷംകൊണ്ടാടുന്ന ഈ ക്രിസ്തുമസ് രാവിൽ ഇതുപോലുള്ള വിശേഷങ്ങൾ പറഞ്ഞാണോ ക്രിസ്തുമസ് സന്ദേശം തുടങ്ങേണ്ടത് എന്ന് നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ, ദൈവം മനുഷ്യനായി, മനുഷ്യനെ രക്ഷിക്കാൻ ഭൂമിയിൽ വന്ന ശേഷവും മനുഷ്യൻ തന്റെ മാഹാത്മ്യം മനസ്സിലാക്കാതെ, മനുഷ്യത്വം പ്രകടിപ്പിക്കാതെ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ നാം ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ, മക്കളേ, ഞാൻ ചെയ്തതുപോലെ നിങ്ങളും മനുഷ്യരായി, മനുഷ്യത്വത്തോടെ പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിച്ചാൽ, നിങ്ങളിലും ക്രിസ്തുമസ് ഉണ്ടാകും, നിങ്ങളിലും ക്രിസ്തു ജനിക്കും – എന്ന് പ്രഘോഷിക്കുന്ന ഈ ക്രിസ്തുമസ് നാളിൽ, മനുഷ്യത്വം നഷ്ടപ്പെടുന്ന സംഭവങ്ങൾ ചരിത്രത്തിലും, ഇന്നും നടക്കുന്നുണ്ടെന്ന് ഓർമപ്പെടുത്താൻവേണ്ടിയാണ് ഞാൻ ഇത്രയും പറഞ്ഞത്. അതിജീവനത്തിനും വിശപ്പിനും വേണ്ടിയല്ലാതെ കൊലചെയ്യാത്ത മൃഗങ്ങളെക്കാൾ താഴ്ന്ന്, സ്വാർത്ഥ ലാഭത്തിനുവേണ്ടി മാത്രം മനുഷ്യരെ കൊല്ലുന്ന, കാടത്തം നിലനിൽക്കുന്ന ഇക്കാലത്ത്, മനുഷ്യനാകുവാനുള്ള മനുഷ്യത്വത്തിലേക്ക് വളരാനുള്ള വലിയ ആഹ്വാനവുമായിട്ടാണ് ഇക്കൊല്ലത്തെ ക്രിസ്തുമസ് നാം ആഘോഷിക്കുന്നത്. എന്താണ് ക്രിസ്തുമസ്?

ലോകം മുഴുവനും സന്തോഷവും സമാധാനവും മാത്രം പ്രദാനംചെയ്യുന്ന വലിയൊരു ഉത്സവമാണ് ക്രിസ്തുമസ്. ദൈവത്തിന്റെ അനന്തസ്നേഹം കരകവിഞ്ഞൊഴുകി ഈ ഭൂമിയിൽ പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ് ക്രിസ്തുമസ്! 2024 വർഷങ്ങൾക്കുമപ്പുറം മഞ്ഞണിഞ്ഞ രാവിൽ, മാലാഖാമാരുടെ ഹല്ലേലൂയാ അകമ്പടിയോടെ ദൈവപിതാവിന്റെ വാഗ്ദാനത്തിന്റെ സാക്ഷാത്കാരമായി ദൈവം മനുഷ്യനായി ഭൂമിയിൽ പിറന്നതിന്റെ ഓർമയാണ് ക്രിസ്തുമസ്. ചരിത്രം ഉറങ്ങുന്ന ചെറുപട്ടണമായ ബെത്ലഹേമിൽ, അരമായ ഭാഷയിൽ അപ്പത്തിന്റെ ഭവനമെന്നും, അറബിക് ഭാഷയിൽ മാംസത്തിന്റെ ഭവനമെന്നും അർത്ഥമുള്ള ബെത്ലഹേമിൽ, യാക്കോബ് തന്റെ ഭാര്യയായ റാഹേലിനെ സംസ്കരിച്ച ഇടമായ ബെത്ലഹേമിൽ, ബോവാസ്സ് വിവാഹം കഴിച്ചപ്പോൾ റൂത്ത് താമസിച്ച സ്ഥലമായ ബെത്ലഹേമിൽ, ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നുവെന്ന

സകലജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയുടെ അനുഭവംകൂടിയാണ് ക്രിസ്തുമസ്. ഈ സദ്‌വാർത്ത മാലാഖ ആട്ടിടയരെ അറിയിച്ചപ്പോൾ നമുക്കും ബെത്ലഹേമിലേക്കു പോകാം സന്തോഷത്തിന്റെ ഈ മഹാസംഭവം കാണാമെന്നു പറഞ്ഞുകൊണ്ട് ഉണ്ണീശോയെ കാണുവാൻ ആട്ടിടയർ പോയതുപോലെ, കിഴക്കുള്ള ജ്ഞാനികൾ ആകാശത്ത് അത്ഭുത നക്ഷത്രം കണ്ടു ഉണ്ണീശോയെ ആരാധിക്കാൻ വന്നതുപോലെ ലോകമെങ്ങുമുള്ള മനുഷ്യർ ഉണ്ണിയെ, മനുഷ്യനായിത്തീർന്ന ദൈവത്തെ കാണാനിറങ്ങുന്ന സുദിനമാണ് ക്രിസ്തുമസ്.

എന്നാൽ, മനുഷ്യനെ സ്വർഗത്തോളം ഉയർത്താൻ, ദൈവം മനുഷ്യനായി പിറന്നെങ്കിലും, ഞാൻ ആദ്യമേ അവതരിപ്പിച്ചപോലെ മാനവചരിത്രം മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാത്തതിന്റെ, ബഹുമാനിക്കാത്തതിന്റെ, മനുഷ്യൻ മനുഷ്യനെ കൊല്ലുന്നതിന്റെ ചരിത്രമാണ്. വംശത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, ദൈവത്തിന്റെ, മതത്തിന്റെ, രാഷ്ട്രീയത്തിന്റെ, ദുരഭിമാനത്തിന്റെ പേരിൽ, ദൈവം തന്റെ ഛായയിലും, സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യൻ, ദൈവം തന്റെ ഏകജാതനെ തന്നെ നൽകി രക്ഷിച്ച മനുഷ്യൻ പരസ്പരം കൊന്ന് കൊലവിളിക്കുകയാണ്. സ്വാർത്ഥനായ മനുഷ്യൻ ഈ ഭൂമിയെ എന്റേതെന്നും, നിന്റേതെന്നും പറഞ്ഞു വെട്ടിപ്പിടിച്ചുകൊണ്ടും വെട്ടിത്തിരിച്ചുകൊണ്ടും ദൈവം എല്ലാവർക്കുമായി നൽകിയ ഭൂമി സ്വന്തം കാൽക്കീഴിൽ ഒതുക്കാൻ ശ്രമിക്കുമ്പോൾ മനുഷ്യൻ മനുഷ്യനല്ലാതാകുകയാണ്. അഹങ്കാരിയായ മനുഷ്യൻ, വലിപ്പച്ചെറുപ്പങ്ങൾ നോക്കാതെ, മതത്തിന്റെയും ജാതിയുടെയും നിറവും വർണവും നോക്കാതെ എല്ലാം ദൈവം നൽകുന്നതാണെന്നും, നല്കപ്പെട്ടതെല്ലാം സഹോദരങ്ങൾക്കും അർഹതപ്പെട്ടതാണെന്നും ചിന്തിച്ചിരുന്നെങ്കിൽ നമുക്കെന്നും ക്രിസ്തുമസ് ആകുമായിരുന്നു. ദൈവത്തെ മറുതലിക്കുന്ന, പ്രവാചകരെ കൊല്ലുന്ന അന്നത്തെ ജനത്തിനെതിരെ ഇന്ന് നാം ധാർമികരോഷം കൊള്ളുമ്പോൾ ഓർക്കുക, ഇന്നും നമുക്ക് ക്രിസ്തുമസ് വന്നിട്ടില്ല.

ഒരു ചിത്രീകരണമാണ്: അന്നൊരു ദിവസം പൂർണചന്ദ്രന്റെ ശോഭയിൽ പ്രപഞ്ചം തിളങ്ങിനിന്നാ രാത്രിയിൽ അയാൾ ദൈവത്തോട് സംസാരിച്ചു. “ദൈവമേ, ഭൂമിയിൽ സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കാൻ ഞങ്ങൾ എന്തുചെയ്യണം?

ഒന്ന് പുഞ്ചിരിച്ചിട്ട് ദൈവം പറഞ്ഞു: “മനുഷ്യരാകുക, ഞാൻ ചെയ്തതുപോലെ.”

ദൈവത്തോടൊന്ന് ചോദിച്ചു നോക്കൂ…. ദൈവമേ, വീണ്ടും ക്രിസ്തുമസ് ഞങ്ങളിൽ, ഞങ്ങളുടെ കുടുംബങ്ങളിൽ, ഈ ഭൂമിയിൽ ഉണ്ടാകുവാൻ, ക്രിസ്തു ഞങ്ങളിൽ, ഞങ്ങളുടെ കുടുംബങ്ങളിൽ, ഈ ഭൂമിയിൽ വീണ്ടും ജനിക്കുവാൻ ഞങ്ങൾ എന്ത് ചെയ്യണം? ഉത്തരം വളരെ simple ആണ്. ദൈവം പറയും: Become man – മനുഷ്യനാവുക! ഞാൻ ചെയ്തതുപോലെ!

ക്രിസ്തുമസ് 2024 നായി 3M Productions ഇറക്കിയ “പാരിൽ പിറന്നവനേ….” എന്നൊരു, Social Media യിൽ Trend ആയിരിക്കുന്ന അടിപൊളി ക്രിസ്തുമസ് ഗാനം നിങ്ങളും കേട്ടുകാണുമെന്ന് ഞാൻ വിചാരിക്കുന്നു. Rosina Peety രചിച്ച് Fr. Mathews Payyappilly MCBS സംഗീതം നൽകിയ ഈ ഗാനത്തിന്റെ ചരണത്തിൽ ഗാനം പാടുന്നത് ഇങ്ങനെയാണ്: “എന്തൊരു വാർത്തയിത് ദൈവം മനുഷ്യനായി! പാട്ട് കേട്ടപ്പോൾ ക്രിസ്തുമസിന്റെ സന്തോഷം എന്നിൽ നിറഞ്ഞു. കാരണം, ക്രിസ്തുമസിന്റെ വിസ്മയം ആ വരികളിൽ ഞാൻ തെളിഞ്ഞു കണ്ടു.

അന്ന് ക്രിസ്തുമസ് സംഭവിക്കാൻ ഒരു കാരണമുണ്ടായിരുന്നു – മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹം … ദൈവത്തിന്റെ കാരുണ്യം. ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വിവരണമൊന്നും നൽകാതിരുന്ന വിശുദ്ധ യോഹന്നാൻ, വിശുദ്ധ ലൂക്ക നൽകുന്ന ദീർഘമായ വിവരണങ്ങളെല്ലാം ആ ഒറ്റ വാചകത്തിൽ ഒതുക്കി. “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ഈ ലോകത്തെ അത്രമാത്രം സ്നേഹിച്ചു.” (യോഹ 3, 16) ക്രിസ്തുമസ്, ദൈവം മനുഷ്യനെ രക്ഷിച്ചു എന്നതിന്റെ അടയാളമായിരുന്നു, രക്ഷിക്കുന്നു എന്നതിന്റെ അടയാളമാണ്. മൃഗതുല്യനായ മനുഷ്യനെ സ്വർഗ്ഗതുല്യനാക്കിയതിന്റെ അവതാരമായിരുന്നു ക്രിസ്തുമസ്! മനുഷ്യനെ സൃഷ്ടിച്ചതിൽ പരിതപിക്കുന്ന, കരയുന്ന ദൈവം, മനുഷ്യനെ രക്ഷയിലേക്കു കൊണ്ടുവരുവാൻ മനുഷ്യനെ വെള്ളപ്പൊക്കത്തിലൂടെ, മരുഭൂമിയിലൂടെ, ഈജിപ്തിലെ, ബാബിലോണിലെ അടിമത്വങ്ങളിലൂടെ കടത്തിവിടുന്ന ദൈവം, താനയയ്ക്കുന്ന പ്രവാചകരെ കൊല്ലുന്നതുകണ്ടു വേദനിക്കുന്ന ദൈവം അവസാനം സമയത്തിന്റെ പൂർണതയിൽ അവനെ, അവളെ രക്ഷിക്കുവാൻ മനുഷ്യനായി തന്നെ ഭൂമിലേയ്ക്ക് എത്തുകയാണ്. ദൈവത്തിന്റെ ആ സ്നേഹത്തിന്റെ, ത്യാഗത്തിന്റെ പ്രകടനമാണ്, അതിന്റെ ആഘോഷമാണ് ക്രിസ്തുമസ്.

ക്രിസ്തുമസ് എന്നിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു. മനുഷ്യനാവുക. ക്രിസ്തുമസ് എന്റെ കുടുംബത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മനുഷ്യത്വം ഉള്ളവളാകുക, ഉള്ളവനാകുക; ക്രിസ്തുമസ് എന്റെ സമൂഹത്തിൽ, ലോകത്തിൽ സംഭവിക്കാൻ ഒരൊറ്റ മാർഗ്ഗമേയുള്ളു, മനുഷ്യത്വത്തിന്റെ പാതയിലേക്ക് പ്രവേശിക്കുക. ദൈവം ചെയ്തതുപോലെ, സദാ മനുഷ്യനായിക്കൊണ്ടിരിക്കുക.

സ്നേഹമുള്ളവരേ, ദൈവം മനുഷ്യനായതിന്റെ വലിയ ആഘോഷമായി ക്രിസ്തുമസ് നമ്മൾ കൊണ്ടാടുമ്പോൾ, ഓർക്കണം, മനുഷ്യരായി ജീവിച്ചാലേ, ക്രിസ്തുമസ് നമ്മിൽ, നമ്മുടെ കുടുംബങ്ങളിൽ, സമൂഹത്തിൽ ലോകത്തിൽ സംഭവിക്കുകയുള്ളുവെന്ന്!! ലോകചരിത്രം മനുഷ്യത്വഹീനമായ ക്രൂരപ്രവർത്തികളുടെ ആലേഖനമാണ്. അർമേനിയൻ ക്രൈസ്തവരെ കൊന്ന് ഓട്ടോമൻ നടത്തിയ വംശഹത്യ, ഹിറ്റ്‌ലർ നടത്തിയ ജൂത വംശഹത്യ, കാലാകാലങ്ങളിൽ മനുഷ്യൻ മനുഷ്യനോട് ചെയ്തുകൂട്ടിയ ഹിംസകൾ, നമ്മുടെയൊക്കെ കുടുംബങ്ങളിലും സമൂഹങ്ങളിലും നടക്കുന്ന മനുഷ്യത്വഹീനമായ പ്രവർത്തികൾ എന്നിവയ്ക്ക് മുൻപിൽ “നടുക്കം” എന്ന വാക്ക് നിസ്സഹായമായിപ്പോകുകയാണ്. ഈ കൊടുംഹത്യകൾ ചെയ്തതു് മനുഷ്യർ തന്നെയാണ്. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ, ദൈവത്തിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, മതത്തിന്റെ പേരിൽ ലോകത്തിൽ പലയിടങ്ങളിലും, നമ്മുടെ ഭാരതത്തിലും നടക്കുന്ന കൊലകൾ, രാഷ്ട്രീയത്തിന്റെ പേരും പറഞ്ഞു നമ്മുടെ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങൾ, ദിനംപ്രതി നടക്കുന്ന ഭ്രൂണഹത്യകൾ … എവിടെയാണ് പ്രിയപ്പെട്ടവരേ, മനുഷ്യത്വം? മനുഷ്യത്വം മരവിക്കുക എന്നല്ല, മനുഷ്യത്വം മരിച്ചു പോയിരിക്കുന്നു എന്നുവേണം പറയുവാൻ! ഇവയെല്ലാം ചെയ്തിട്ട് മനുഷ്യൻ എന്ന് മേനി നടിച്ചു നടന്നിട്ട് എന്ത് കാര്യം?

ഈ ഭൂമിയിൽ ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും നിറയണമെങ്കിൽ നാം നമ്മുടെ മനുഷ്യത്വം തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു!!! എങ്ങനെ? നല്ല മനുഷ്യരായിക്കൊണ്ട്. എങ്ങനെയാണു നല്ല മനുഷ്യരാകുന്നത്? നമുക്കുള്ളതെല്ലാം ദൈവം നല്കിയതാണെന്നും, എനിക്ക് നല്കപ്പെട്ടിട്ടുള്ളവയെല്ലാം മറ്റുള്ളവർക്ക് കൊടുക്കാനുള്ളതാണെന്നും, പങ്കുവയ്ക്കാനുള്ളതാണെന്നും അറിയുകയും, അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുക.

ദൈവം ചെയ്തതുപോലെ, മനുഷ്യനായിത്തീരുക. ദൈവമായിരുന്നിട്ടും ദൈവമെന്ന സമാനത മുറുകെപ്പിടിക്കാതെ മനുഷ്യനായി കുരിശുമരണത്തോളം അനുസരണമുള്ളവളാകുക /അനുസരണമുള്ളവനാകുക – ദൈവം ചെയ്തതുപോലെ. നീതിമാൻറെമേലും, നീതിരഹിതന്റെമേലും, നിന്നെ സ്നേഹിക്കുന്നവന്റെമേലും, നിന്നെ വെറുക്കുന്നവന്റെമേലും സൂര്യനെ ഉദിപ്പിക്കുക, മഴപെയ്യിക്കുക – ദൈവം ചെയ്തതുപോലെ. നിന്റെ ജീവിത സാഹചര്യങ്ങളിൽ ഇതെന്റെ ശരീരമാകുന്നു, ഇതെന്റെ രക്തമാകുന്നുവെന്നും പറഞ്ഞ് നിന്നെത്തന്നെ പകുത്തുകൊടുക്കുക – ദൈവം ചെയ്തതുപോലെ. കൊടുത്തുകൊണ്ട് സ്നേഹിക്കുക, കൊടുത്തുകൊണ്ട് നിന്നിലെ നന്മയെ വെളിപ്പെടുത്തുക, കൊടുത്തുകൊണ്ട് നിന്നിലെ മനുഷ്യത്വം പ്രകടമാക്കുക. അങ്ങനെയേ ക്രിസ്തുമസ് ആഘോഷിക്കുവാൻ നമുക്ക് കഴിയൂ. അങ്ങനെയേ, ക്രിസ്തുവിനെ ഗർഭം ധരിക്കുവാൻ, ക്രിസ്തുവിനെ നൽകുവാൻ സാധിക്കൂ. Christmas is giving!!

കൊടുക്കുമ്പോൾ നമ്മിൽ നിറയുന്ന നന്മയുടെ പേരാണ് ക്രിസ്തുമസ്; സന്തോഷത്തിന്റെ പേരാണ് ക്രിസ്തുമസ്; സമാധാനത്തിന്റെ പേരാണ് ക്രിസ്തുമസ്. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയിൽ ബുദ്ധ ഭിക്ഷു ആനന്ദന് കൈക്കുമ്പിളിൽ വെള്ളമൊഴിച്ചു കൊടുക്കുന്ന മാതംഗിയെപ്പറ്റി കവി പാടുന്നത് ഇങ്ങനെയാണ്: പുണ്യശാലിനി, നീ പകർന്നീടുമീ/ തണ്ണീർ തന്നുടെ ഓരോരോ തുള്ളിയും/ അന്തമറ്റ സുകൃതഹാരങ്ങൾ നി-/ ന്നന്ത രാത്മാവിലാർപ്പിക്കുന്നുണ്ടാകാം./ മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ മനുഷ്യന്റെ ഹൃദയത്തിൽ ഉണ്ടാകുന്ന സുകൃതമാണ് മനുഷ്യത്വം, ആ സുകൃതം തന്നെയാണ് ക്രിസ്തു; ആ സുകൃതം തന്നെയാണ് ക്രിസ്തുമസ്

സ്നേഹമുള്ളവരേ, കണ്ടുമുട്ടുന്നവർക്കു ക്രിസ്തുമസ് ആകുവാൻ നല്ല മനുഷ്യനാകുവാൻ നമുക്കാകട്ടെ. നല്ല മനുഷ്യരാണ് നല്ല ക്രൈസ്തവരാകുക. നല്ല ക്രൈസ്തവരാണ് നല്ല സന്യസ്തരും, നല്ല പുരോഹിതരുമാകുക. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അതിൽ ക്രിസ്തുമസ്, ദൈവം മനുഷ്യനായ രഹസ്യം ഉണ്ടെന്നുള്ളതാണ്. ക്രിസ്തുമതത്തിന്റെ സൗന്ദര്യം അത് നല്ല മനുഷ്യരുടെ കൂട്ടായ്മ ആണെന്നുള്ളതാണ്.

അതുകൊണ്ടു ഈ ക്രിസ്തുമസ് മനുഷ്യത്വത്തിന്റെ, അതിലെ നന്മയുടെ ഉത്സവമാകട്ടെ. നല്ല മനുഷ്യരായിക്കൊണ്ട്

ക്രിസ്തുമസ് കൊണ്ടുവരുവാൻ, ക്രിസ്തുമസിന്റെ സന്തോഷവും, സമാധാനവും കൊണ്ടുവരുവാൻ മനുഷ്യനായി പിറന്ന ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും സ്നേഹപൂർവ്വം ക്രിസ്തുമസ് ആശംസകൾ!!!