നോയമ്പ്ക്കാലം

ഈശോയുടെ പരസ്യജീവിതത്തിന്റെ അവസാനത്തിലാണല്ലോ രക്ഷാകരകര്‍മ്മങ്ങളുടെ പരിസമാപ്തി കുറിക്കുന്ന അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവും. ദനഹാക്കാലത്തിനും ഉയിര്‍പ്പുതിരുനാളിനും ഇടയ്ക്കുള്ള ഏഴ് ആഴ്ചകള്‍ പ്രാര്‍ത്ഥനയ്ക്കും പ്രായശ്ചിത്തത്തിനും ഉപവാസത്തിനുമായി നീക്കിവച്ചിരിക്കുന്നു. ഈശോയുടെ നാല്പതു ദിവസത്തെ ഉപവാസമാണ് ‘വലിയ നോമ്പ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ കാലത്തിന്റെ അടിസ്ഥാനം. എങ്കിലും നാം സാധാരണമായി ‘അമ്പതുനോമ്പ്’ എന്നാണ് ഈ കാലത്തെ വിളിക്കുക. പക്ഷേ, മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ ‘പേത്തുര്‍ത്താ’ ഞായര്‍ മുതല്‍ ഉയിര്‍പ്പുതിരുനാള്‍വരെ നോമ്പുനോക്കിയിരുന്നതാകാം ‘അമ്പതുനോമ്പ്’ എന്നു പറയാനുള്ള കാരണം. ‘പേത്തുര്‍ത്താ’ എന്ന സുറിയാനി പദത്തിന്റെ അര്‍ത്ഥം ‘തിരിഞ്ഞുനോക്കല്‍’, ‘അനുരഞ്ജനം’ എന്നൊക്കെയാണ്. അനുതാപത്തിനും അനുരഞ്ജനത്തിനുമായി പ്രത്യേകം മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന സമയമാണല്ലോ നോമ്പുകാലം.

മാമ്മോദീസാവഴി ദൈവമക്കളും പുതിയ മനുഷ്യരുമായിത്തീര്‍ന്ന നാം പാപംവഴി ദൈവത്തില്‍നിന്നകന്നു. മനുഷ്യന്റെ പാപവും അതിന്റെ അനന്തരഫലങ്ങളും അനുതാപത്തിന്റെയും മനഃപരിവര്‍ത്തനത്തിന്റെയും ആവശ്യകതയും, അനുതപിക്കുന്ന പാപികളോടു ദൈവം കാണിക്കുന്ന അനന്തമായ സ്നേഹവും കാരുണ്യവും, ഈശോമിശിഹായുടെ പീഡാനുഭവം, മരണം, സംസ്കാരം എന്നിവയും ഈ കാലത്തിലെ ചിന്താവിഷയങ്ങളാണ്. ദൈവവുമായും മനുഷ്യര്‍ തമ്മില്‍ത്തമ്മിലും അനുരഞ്ജിതരാകേണ്ടതിന്റെ ആവശ്യകതയിലേക്കു നോമ്പുകാലം പ്രത്യേകമായി ശ്രദ്ധ തിരിക്കുന്നു. അതുകൊണ്ടാണ് ഈ അവസരത്തില്‍ അനുരഞ്ജന കൂദാശ സ്വീകരിക്കാന്‍ സഭ വിശ്വാസികളെ പ്രേരിപ്പിക്കുക.

പ്രലോഭനങ്ങളെ പരാജയപ്പെടുത്തി സ്വജീവിതം പിതാവിനു സമര്‍പ്പിച്ച ഈശോയെപ്പോലെ നമ്മുടെ ദുരാശകളെ ഉന്മൂലനംചെയ്ത്, തീക്ഷ്ണത നിറഞ്ഞ പ്രാര്‍ത്ഥനയിലും ആത്മാര്‍ത്ഥതയുള്ള ഉപവാസത്തിലും ഔദാര്യപൂര്‍വ്വകമായ ദാനധര്‍മ്മപ്രവൃത്തികളിലും ഈ കാലം ചെലവഴിക്കണമെന്ന് സഭ നമ്മെ അനുസ്മരിപ്പിക്കുന്നു. മരണത്തെ പരാജയപ്പെടുത്തി ജീവിതത്തിലേക്കു പ്രവേശിച്ച ഈശോയെപ്പോലെ നമുക്കു പാപത്തിനു മരിച്ച് നിത്യജീവിതത്തിലേക്കു പ്രവേശിക്കാം