ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നെല്ലാം അര്‍ത്ഥം വരുന്ന ‘ദനഹാ’ക്കാലത്തില്‍, ജോര്‍ദാന്‍ നദിയില്‍വച്ച് ഈശോയുടെ മാമ്മോദീസാവേളയില്‍ ആരംഭിച്ച അവിടുത്തെ പ്രത്യക്ഷവത്കരണമാണ് അനുസ്മരിക്കപ്പെടുന്നത്. ഈശോ സ്വയം ലോകത്തിനു വെളിപ്പെടുത്തുകയും പിതാവും പരിശുദ്ധാത്മാവും അതു സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു: ‘ഇവന്‍ എന്റെ പ്രിയപുത്രനാകുന്നു; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു’ (മത്താ 3:7). ഈശോമിശിഹായുടെ ത്രിത്വരഹസ്യം അവിടുത്തെ മാമ്മോദീസായില്‍ വെളിവാക്കപ്പെട്ടു.
ജനുവരി ആറാംതീയതി ആഘോഷിക്കപ്പെടുന്ന കര്‍ത്താവിന്റെ ‘ദനഹാ’ത്തിരുനാളിനെ കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ‘പിണ്ടികുത്തി’പ്പെരുന്നാളെന്നും തെക്കന്‍ഭാഗങ്ങളില്‍ ‘രാക്കുളി’പ്പെരുന്നാളെന്നും വിളിക്കാറുണ്ട്. ‘ലോകത്തിന്റെ പ്രകാശമായ’ മിശിഹായെ ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും വാഴപ്പിണ്ടിയില്‍ പന്തംകൊളുത്തി അതിനുചുറ്റും പ്രദക്ഷിണംവെച്ചുകൊണ്ട് ‘ദൈവം പ്രകാശമാകുന്നു’ (ഏല്‍ പയ്യ) എന്ന് ആര്‍ത്തുവിളിച്ചിരുന്ന പതിവില്‍നിന്നാണ് ‘പിണ്ടികുത്തി’പ്പെരുന്നാള്‍ ഉണ്ടായത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുന്നാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ കുളത്തിലോ പോയി നമ്മുടെ പൂര്‍വ്വികര്‍ നടത്തിയിരുന്ന ആചാരക്കുളി (ൃശൌമഹ യമവേ) യില്‍നിന്നാണ് ‘രാക്കുളി’ എന്ന പേരു ലഭിച്ചത്. തികച്ചും മതാത്മകമായി നടത്തിയിരുന്ന ഒരു കര്‍മ്മമായിരുന്നു അത്.
വെളിപ്പെടുത്തപ്പെട്ട മിശിഹാ രഹസ്യത്തെ തങ്ങളുടെ ജീവിതങ്ങളിലൂടെ സാക്ഷ്യപ്പെടുത്തിയ വിശുദ്ധാത്മാക്കളെ ദനഹാക്കാലത്തെ വെളിളിയാഴ്ചകളില്‍ സഭ അനുസ്മരിക്കുന്നു. ഈശോയുടെ മാമ്മോദീസ, അവിടുത്തെ പരസ്യജീവിതം, അവിടുത്തെ വ്യക്തിത്വവും മാനുഷിക-ദൈവിക സ്വഭാവങ്ങളും, പിതാവിനോടും പരിശുദ്ധാത്മാവിനോടും അവിടുത്തേക്കുള്ള ഗാഢമായ ബന്ധം, സ്വയം ശൂന്യവത്കരിക്കുന്ന അവിടുത്തെ സ്നേഹം എന്നിവ ഈ കാലത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളാണ്. ഈശോയുടെ പരസ്യജീവിതവുമായി ബന്ധപ്പെട്ട വി. ഗ്രന്ഥപ്രഘോഷണങ്ങളാണ് (വായനകള്‍) ഈകാലയളവില്‍ നാം പ്രധാനമായും ഉപയോഗിക്കുക. ഈശോയുടെ മാമ്മോദീസ അനുസ്മരിക്കുന്നതോടൊപ്പം ഓരോ ക്രൈസ്തവനും തന്റെതന്നെ മാമ്മോദീസാ സ്വീകരണത്തെയും അതിലൂടെ ഏറ്റെടുത്ത ഉത്തരവാദിത്വത്തെയുംപറ്റി ഗാഢമായി ചിന്തിക്കണമെന്ന് ഈ കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ ഈശോയെ അടുത്തറിഞ്ഞ്, അവിടുത്തെ തീവ്രമായി സ്നേഹിച്ച്, ദൈവമക്കളായി ജീവിക്കാന്‍ പരിശ്രമിക്കേണ്ട സന്ദര്‍ഭമാണ് ദനഹാകാലം