1 Annunciation (Suboro)

1 Annunciation (Suboro)

ലൂക്കാ 1: 39-56 മാതാവ് ഏലിസബത്തിനെ സന്ദർശിക്കുന്നു

യേശുവിന്റെ ജനനത്തിന് ഒരുക്കമായുള്ള ഇരുപത്തിയഞ്ചു നോമ്പിന്റെ ആരംഭം കുറിക്കുന്ന ഇന്ന്, പരിശുദ്ധ ദൈവമാതാവ് തന്റെ ചർച്ചക്കാരിയായ ഏലിസബത്തിനെ സന്ദർശിക്കുന്ന മനോഹരമായ വേദഭാഗമാണ് നമ്മുടെ വിചിന്തന വിഷയം. മനുഷ്യരക്ഷയ്ക്കായുള്ള ദൈവത്തിന്റെ വലിയ പദ്ധതിയിൽ പങ്കാളികളാകാൻ വിളി ലഭിച്ച രണ്ടു വിശുദ്ധ സ്ത്രീകളുടെ സമാഗമമാണിത്. അതുപോലെ തന്നെ ഇത് യോഹന്നാൻ സ്നാപകന്റെയും യേശുവിന്റെയും ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നു. മറിയത്തിലുള്ള യേശുസാന്നിധ്യം എലിസബത്തിന്റെ ഉദരത്തിലെ ശിശു തിരിച്ചറിഞ്ഞ് "സന്തോഷത്താൽ കുതിച്ചുചാടി."

അക്കാലത്ത് മറിയത്തെപ്പോലെ ചെറുപ്പക്കാരിയായ ഒരാൾ എഴുപതു കിലോമീറ്റർ ദൂരം യാത്ര ചെയ്ത് ഇവിടെയെത്തുക എന്നത് വളരെ ദുഷ്കരമാണ്. ഇന്നും എല്ലാവരുടെയും ആവശ്യത്തിൽ സഹായിയായി ഓടിയെത്തുന്ന മറിയത്തിന്റെ സ്വഭാവവൈശിഷ്ട്യം അന്നേ വളരെ പ്രകടമായിരുന്നു. മൂന്നു മാസത്തോളം അവൾ എലിസബത്തിനെ ശുശ്രൂഷിച്ച്, കർത്താവിന് വഴിയൊരുക്കാൻ വന്നവന്റെ പിറവിയും കണ്ടിട്ടാണ് തിരികെപ്പോകുന്നത്.

മറിയത്തിന്റെ സ്തോത്രഗീതം, (Magnificat) ലോകം കണ്ടിട്ടില്ലാത്ത പുതിയ ഒരു വിപ്ലവത്തിന്റെ വിത്ത് പാകലാണ്. നിലവിലുള്ള വ്യവസ്ഥിതികൾ മാറ്റിമറിച്ച് സ്നേഹത്തിന്റെ വിപ്ലവം സംജാതമാക്കുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ഈ ഗീതത്തിൽ കാണാം. എന്നാൽ, ഇത് സംഭവിക്കുന്നത് മാനുഷിക പ്രവർത്തിയാലല്ല. പിന്നെയോ, ദൈവത്തിന്റെ മനുഷ്യചരിത്രത്തിലുള്ള ഇടപെടലിന്റെ ഭാഗമാണ്. ഈ പദ്ധതി ദൈവം നടപ്പാക്കുന്നത് മറിയത്തെയും എലിസബത്തിനെയും പോലുള്ളവരെ ഉപയോഗിച്ചു കൊണ്ടാണ്.

ഇസ്രായേൽ ജനത്തോട് നൂറ്റാണ്ടുകളായി ചെയ്ത വാഗ്‌ദാന നിവർത്തീകരണത്തിന് ദൈവം തിരഞ്ഞെടുത്തിരിക്കുന്ന മഹത്തായ ഉപകരണമാണ് പരിശുദ്ധ അമ്മ. ബലഹീനരെ ശക്തരാക്കി അവരിലൂടെ ദൈവാനുഗ്രഹങ്ങൾ അനേകരിലേയ്ക്ക് ചൊരിയപ്പെടുന്നതിന്റെ അനുഭവസാക്ഷ്യമാണ് ഈ മനോഹരഗീതത്തിലൂടെ മറിയം നമുക്ക് പകർന്നുതരുന്നത്. എലിസബത്ത് മറിയത്തോടു പറഞ്ഞ മനോഹര വചനങ്ങൾ "കൃപ നിറഞ്ഞ മറിയമേ" എന്ന പ്രാർത്ഥനയിലൂടെ നാം ഇന്നും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. എലിസബത്തിനെപ്പോലെ, മറിയത്തെപ്പോലെ യേശുവിന്റെ ലോകത്തിനായുള്ള സ്നേഹവിപ്ലവം ഇന്ന് ഈ ലോകത്തിൽ തുടരേണ്ടവരാണ് നാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

(www.lifeday.in>

സീറോ മലങ്കര ഡിസംബർ 08 ലൂക്കാ 1: 57-66 സ്നാപകയോഹന്നാന്റെ ജനനം

വിശുദ്ധന്മാരുടെ സ്വർഗ്ഗപ്രവേശനത്തെ അനുസ്മരിച്ച് അവരുടെ മരണദിവസമാണ് നാം തിരുനാൾ ദിനമായി ആഘോഷിക്കുന്നത്. അതിൽ നിന്നും വ്യത്യസ്തമായി രണ്ടുപേരുടെ ജന്മദിനം സഭാകലണ്ടറിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. യേശുവിൽക്കൂടി നമുക്ക് ലഭ്യമായ രക്ഷാകര ദൗത്യത്തിലുള്ള പ്രത്യേക പങ്കു കാരണം മാതാവിന്റെയും യോഹന്നാൻ സ്നാപകന്റെയും. യോഹന്നാന്റെ ജനനത്തെക്കുറിച്ച് ദൂതൻ മറിയത്തോടു പറഞ്ഞത് "ദൈവത്തിനു ഒന്നും അസാധ്യമല്ല" (ലൂക്കാ 1:37) എന്നാണ്. മനുഷ്യചിന്തയിൽ അസാധ്യമായത് ദൈവം ഇവിടെ സാധിതമാക്കി. അങ്ങനെ (ആലങ്കാരികമായി പറഞ്ഞാൽ) പഴയനിയമ ചരിത്രത്തിന്റെ അവസാന വാചകവും, പുതിയനിയമ ചരിത്രത്തിന്റെ ആദ്യവാചകവും യോഹന്നാൻ എന്ന പേരിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ധൂപാർപ്പണ സമയത്ത് ദേവാലയത്തിൽ മാലാഖയുടെ ദർശനശേഷം മൗനിയായി അരങ്ങിൽ നിന്നും നിന്നും അപ്രത്യക്ഷനായ സഖറിയാ വീണ്ടും ഇവിടെ പ്രവേശിക്കുന്നു . ഈ ഇടവേളയിൽ വി. ലൂക്കാ എലിസബത്തിനെക്കുറിച്ച്‌ ഒരുപാട് കാര്യങ്ങൾ നമുക്ക് പറഞ്ഞുതന്നു. യോഹന്നാൻ, മാതാപിതാക്കൾക്ക് പ്രായാധിക്യത്തിൽ ജനിച്ചവനാകയാലും മാലാഖയുടെ അവനെക്കുറിച്ചുള്ള സന്ദേശം ഇവിടെ നിവർത്തിച്ചിരിക്കുന്നതിനാലും ഇവൻ അത്ഭുതശിശുവാണെന്നതിൽ ആർക്കും സംശയമില്ല. വീട്ടുകാർക്കും നാട്ടുകാർക്കും യോഹന്നാന്റെ ദൗത്യത്തെക്കുറിച്ച്‌ പൂർണ്ണമായും ഇപ്പോൾ അറിയില്ലെങ്കിലും അവനിലൂടെ ദൈവത്തിന്റെ കരസ്പർശം ലോകത്തിലുണ്ടാകുമെന്ന് തിരിച്ചറിയുന്നു. ഇതുവരെ, ദൈവത്തിന്റെ മുമ്പിൽ കുറ്റമറ്റവരായിരുന്ന എലിസബത്തും സഖറിയായും മനുഷ്യരുടെ മുമ്പിൽ നല്ല കുടുബത്തിൽ പിറന്നിട്ടും ദൈവാനുഗ്രഹം ലഭിക്കാതെ പോയവരായിരുന്നു. ഇപ്പോൾ ദൈവം നേരിട്ട് ഇടപെട്ട് അനുഗ്രഹിച്ചിരിക്കുന്ന ദൈവീക കരുണയുടെ ജീവിക്കുന്ന പ്രതീകമായി ഈ കുടുംബം മാറുന്നു.

ഴയനിയമ ഉടമ്പടിയുടെ പരിപാലനത്തിനായി അവർ എട്ടാം ദിവസം പരിച്ഛേദനത്തിനായി യോഹന്നാനെ ദേവാലയത്തിൽ കൊണ്ടുവരുന്നു. ദൈവത്തിന്റെ എഴുത്തുപലകയിൽ അനാദി മുതലേ എഴുതിവച്ച, ഗബ്രിയേൽ ദൂതൻ വെളിപ്പെടുത്തിയ, യോഹന്നാൻ എന്ന പേര് സഖറിയായുടെ വിരൽത്തുമ്പിലൂടെ ഭൂമിയിലെ എഴുത്തുപലകയിലും പ്രത്യക്ഷപ്പെടുന്നു. കർത്താവിനു വഴിയൊരുക്കിയ യോഹന്നാന്റെ ദൗത്യം ഇന്ന് നമ്മുടെ കരങ്ങളിൽ ഭദ്രമാണെന്ന് ദൈവത്തോട് നമുക്ക് ഉറക്കെ പറയാം. (ജൂൺ 24 നാണ് സ്നാപകയോഹന്നാന്റെ ജനനതിരുനാൾ. ഈ വേദഭാഗം തന്നെയാണ് അന്ന് നമ്മുടെ വിചിന്തനത്തിനായി നല്കിയിട്ടുള്ളതും).

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

www.lifeday.in