ശ്ലീഹക്കാലം 05

ശ്ലീഹക്കാലം 05

ശ്ലീഹാ 5⃣ഞായർ
ലൂക്ക 12: 22-34

Biblical Background

ജറുസലേമിലേക്കു ഈശോ നടത്തുന്ന യാത്രക്കിടയിലുള്ള ദീർഘമായ സംഭാഷണത്തിന്റെ ഭാഗമാണ് നമ്മൾ ഇന്ന് വായിച്ച സുവിശേഷം. ഭോഷനായ ധനികന്റെ ഉപമയാണ് ഇതിനു തൊട്ടു മുന്നിലുള്ള സുവിശേഷഭാഗം. അതിൻറെ തുടർച്ച തന്നെയാണ് ഇന്നത്തെ സുവിശേഷവും. കാരണം രണ്ടിലും സമ്പത്തിനൊടുള്ള മനുഷ്യന്റെ attitude എങ്ങിനെ ആകണം എന്നാണ് ലൂക്കാ സൂചിപ്പിക്കുന്നത്.

Interpretation

1.ടെൻഷൻ അടിക്കേണ്ട.. Be....cool


ഈ വർഷത്തെ ജൂലൈ 5 വളരെ സവിശേഷത നിറഞ്ഞ ഒരു ദിവസമായിരുന്നു. ജാപ്പനീസ് കലാകാരി ആയ റിയോ തത്സുകി ജൂലൈ 5 പുലർച്ച വലിയൊരു ഡിസാസ്റ്റർ സംഭവിക്കുമെന്ന് തന്റെ പുസ്തകത്തിൽ പ്രതീകാത്മകമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നു പ്രചരിക്കുകയും ഒത്തിരി പേര് ആ പ്രവചനം വിശ്വസിക്കുകയും ചെയ്തുകൊണ്ട് ആ ദിവസം (അതായത് ഇന്ന്) വലിയ ഭൂകമ്പമോ സുനാമിയോ ഉണ്ടാകും ഉണ്ടാകുമോ എന്നു ഭയന്നും ആകുലപ്പെട്ടും ഇരുന്നിരുന്നു. അതുമൂലം ജപ്പാൻ തായ്‌ലൻഡ് ഹോങ്കോങ് ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കുള്ള യാത്ര പലരും മാറ്റിവയ്ക്കുകയും വിമാനങ്ങൾ റദ്ദ് ചെയ്യുകയും ചെയ്തു എന്നുള്ളതാണ് അറിയാൻ കഴിഞ്ഞത്. സുനാമിയും കോവിഡ് മഹാമാരിയുമമൊക്കെ പ്രവചിച്ച വ്യക്തിയാണ് ഈ പുള്ളിക്കാരി എന്നാണ് പറയപ്പെടുന്നത്.
എന്തായാലും ലോകത്തെ മുഴുവനും ഉത്കണ്ഠയിലും ആശങ്കയിലും എത്തിക്കുവാൻ ഈ കൊച്ചു കലാകാരിക്ക് ( കൊച്ചല്ല, പ്രായം 70 ആയി കേട്ടോ) സാധിച്ചു എന്നുള്ളതാണ് സത്യം.

സുവിശേഷം പറയുന്നത് ഉത്ക്കണ്ഠകൂടാതെ ജീവിക്കാൻ ആയിട്ടാണ്. മലയാളിയുടെ ജീവിതം ഒരു ടെൻഷൻ സർക്കിളിൽ ആണ് എന്നാണ് പറയുക. കുട്ടികൾക്ക് പരീക്ഷയെക്കുറിച്ചും പഠനത്തെക്കുറിച്ചും ടെൻഷൻ. പഠനം കഴിഞ്ഞാൽ ജോലി കിട്ടാനുള്ള ടെൻഷൻ, ജോലി കിട്ടിയാൽ വിവാഹത്തെക്കുറിച്ച് ടെൻഷൻ, വിവാഹം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാകുന്നത്തിന്റെ ടെൻഷൻ, അതു കഴിഞ്ഞാൽ അവരുടെ ഭാവിയെക്കുറിച്ച് ടെൻഷൻ അവരുടെ പഠനം... അങ്ങനെ പോകുന്നു നീണ്ട നിര ...ഇന്നാളു ഇമ്മടെ ഒരു വല്യച്ഛൻ പറഞ്ഞത് ടെൻഷനടിച്ചു ടെൻഷനടിച്ചു നമ്മളിപ്പോൾ PSC (Pressure, Sugar Cholesterol) ക്കാരായി മാറി എന്നാണ്.
മലയാളികൾ ഒരു മാനസികമായ പിരിമുറുക്കത്തിലൂടെ കടന്നുപോകുന്ന നാളുകളാണ് ഇത്. ആത്മഹത്യയും ഡിപ്രഷനും ലഹരി ഉപയോഗവും ഇത്തരത്തിലുള്ള ടെൻഷന്റെ ഭാഗമായിട്ടാണ് ഒരു പരിധി വരെ സംഭവിക്കുന്നതും.
സുവിശേഷത്തിൽ ഈശോ പറയുന്ന ഒരു കാര്യം ടെൻഷനടിക്കാതെ ജീവിക്കുക എന്നുള്ളതാണ്. അതിനുള്ള മാർഗ്ഗമെന്താണ്? ദൈവ ആശ്രയ ബോധമാണ് അതിനുള്ള മരുന്ന്. ജീവിതത്തില് എന്തെല്ലാം സംഭവിച്ചാലും എൻറെ ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല എന്നുള്ള വിശ്വാസമാണ് ടെൻഷൻ ഫ്രീ ആയി ജീവിക്കാനുള്ള മാർഗം. സങ്കീ37:5 പറയുന്നു

"നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും."
ഈ വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കുക.

2.ആമസോണിലെ അത്ഭുതം

ആമസോൺ കാട്ടിൽ വിമാന അപകടത്തിൽ അകപ്പെട്ട ഏഴ് പേരിൽ 11 മാസം പ്രായമുള്ള കൈക്കുഞ്ഞ് അടക്കം 7 കുട്ടികളെ തിരിച്ചു കണ്ടെത്തി എന്നുള്ളത് 2 വർഷം മുൻപത്തെ വലിയ ഒരു പ്രധാന പത്ര വാർത്തയായിരുന്നു.. തികച്ചും അൽഭുതം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സംഭവം. കാടിനോടും കാലാവസ്ഥയോടും വന്യമൃഗങ്ങളോടും പോരാടിക്കൊണ്ട് ആ കുട്ടികൾ ജീവനിലേക്ക് നടന്നു കയറി. ഏതോ ഒരു അദൃശ്യ കരം അവരെ കാത്തു പരിപാലിച്ചു എന്ന് വേണം കരുതാൻ.

സുവിശേഷത്തിൽ ഈശോ ഓർമിപ്പിക്കുന്നത് ഇത്തരം ഒരു ദൈവ പരിപാലനയെ കുറിച്ചാണ്.
എന്ന് വെച്ചാൽ ഭക്ഷിക്കുവാനും ധരിക്കുവാനും യാതൊന്നും ഇല്ലാതിരുന്ന സാഹചര്യത്തെയും ആ കുട്ടികൾ അതിജീവിച്ചു എന്ന് പറയുന്ന പോലെ ദൈവ പരിപാലനയിൽ ആശ്രയിക്കുന്നവൻ തങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഒരു പരിധിവിട്ട് ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല . എല്ലാം ദൈവം നോക്കിക്കൊള്ളും. അത്തരം ചില സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ദൈവം തരും എന്ന് ചുരുക്കം. നമ്മൾ ചെയ്യേണ്ടത് അവനിൽ ആശ്രയിക്കുക എന്ന് മാത്രം.
മർക്കിടനും (എന്നുവച്ചാൽ കുരങ്‌ - ) മാർജാരനും ( എന്നു വച്ചാൽ പൂച്ച) തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാഴ്ച നമ്മുടെ കണ്ടിരിക്കും. കുരങ്ങന്റെ ദേഹത്ത് കുട്ടിക്കുരങ്ങ് അത് വീഴാതിരിക്കാനായിമുറുകെ പിടിച്ചിരിക്കുന്നു. തള്ള പൂച്ചയാകട്ടെ പൂച്ചക്കുട്ടിയുടെ കഴുത്തിൽ മുറുക്കെ കടിച്ചു പിടിച്ചിരിക്കും. അത് നഷ്ടപ്പെട്ടു പോകാതിരിക്കാൻ. എനിക്ക് തോന്നുന്നു നമുക്ക് ഈ രണ്ടു മനോഭാവവും ആവശ്യമാണ്. നമ്മൾ കുട്ടി കുരങ്ങനെ പോലെ ദൈവത്തെ മുറുകെ പിടിക്കുക . അപ്പോൾ അവൻ തള്ള പൂച്ചയെ പോലെ നമ്മുടെ പിടിവിടില്ല ഉറപ്പാണ്.

ആമസോണിലെ കുട്ടികൾ അപ്രതീക്ഷിതമായി രക്ഷപ്പെട്ടു എന്നുള്ളത് മാത്രമല്ല ആ ദിവസങ്ങളിലെ പ്രധാന വാർത്ത. കടലിനടിയിൽ പോയ ഏതാനും വ്യക്തികൾ നമ്മുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ടൈറ്റാൻ എന്ന മുങ്ങിക്കപ്പൽ പൊട്ടിത്തെറിച്ച് മരിച്ചു എന്നും നമ്മൾ കേട്ടു.

എന്നുവച്ചാൽ തികച്ചും ദരിദ്രമായ, മരണകരമായ സാഹചര്യത്തിൽ എത്തപ്പെട്ടവർ അതിനെ അതിജീവിക്കുന്നു. അതേസമയം വളരെ ധനികമായ സുരക്ഷിതമായ സാഹചര്യങ്ങളിൽ പെട്ടവർ മരണത്തിന് കീഴടങ്ങുന്നു.
എന്നുവച്ചാൽ നമ്മൾ ശരണം വെക്കുന്ന സുരക്ഷയ്ക്കും മാനുഷിക മാനദണ്ഡങ്ങൾക്കും അപ്പുറം മറ്റെന്തോ ആണ് നമ്മളെ സംരക്ഷിക്കുന്നത്. അല്ലേ...?
അതാണ് പുറപ്പാട് പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്
"അധികം സമ്പാദിച്ചവന്‌ ഒന്നും മിച്ചമുണ്ടായിരുന്നില്ല; അല്‍പം സമ്പാദിച്ചവനു കുറവുമുണ്ടായിരുന്നില്ല."
പുറപ്പാട് 16:18

3.
"എൻറെ നിക്ഷേപം നീ തന്നെയാ... എന്റെ ഹൃദയവും നിന്നിൽ തന്നെയാ...."

വിശുദ്ധ അന്തോണിസിന്റെ ജീവിതത്തിലെ കഥ പോലെ: ധനികൻ മരിച്ചു . പ്രാർത്ഥന കഴിഞ്ഞ് അടക്കാൻ നേരം അന്തോണി പറഞ്ഞു "അടക്കാൻ വരട്ടെ, ഈ മനുഷ്യൻറെ ഹൃദയം കാണാനില്ല. എല്ലാവരും അവനെ പരിഹസിച്ചു. എന്നാൽ അന്തോണി പറഞ്ഞതാനുസരിച്ചു ഒരാൾ പോയി ധനവാന്റെ പണപ്പെട്ടി തുറന്നപ്പോൾ പുള്ളിയുടെ ഹൃദയം അവിടെ ഇരിക്കുന്നു. സംഭവം കഥയാണ്.
പക്ഷെ നമ്മുടെ ഹൃദയം നമ്മുടെ കൂടെ തന്നെ ഉണ്ടോ എന്ന് ഇടക്ക് ചെക്ക് ചെയ്യുന്നത് നല്ലതാണ്.

സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഉയർച്ച താഴ്ച്ചകളും ടീം 11 പ്ലെയേഴ്സിലെ മാറ്റങ്ങളും , സ്റ്റേറ്റ് ബാങ്കിലെ പലിശ നിരക്കുകളും നമ്മുടെ ഹൃദയത്തെ അസ്വസ്ഥമാകുന്നുണ്ടോ എന്നും വെറുതെ ചിന്തിക്കുക.

പ്രാര്ഥനക്കും പഠനത്തിനും ഇരിക്കുബോഴും പലപ്പോഴും നമ്മുടെ ഹൃദയങ്ങൾ പലപ്പോഴും വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റിങ്ങിലും ക്ലബ് ഹൗസിലെ discussionകളിലും face ബുക്കിലെ മെസ്സേജർ ബോക്സ് ലും ഒക്കെയായി തങ്ങി പോകുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കുംഹൃദയം പണയം വച്ച യുവതമുറയാണ് നമുക്ക് ചുറ്റും കെട്ടോ... ലോകത്തിനു ഹൃദയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നുള്ള ഫ്രാൻസിസ് മാർപാപ്പയുടെ പരാതിയും ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്.