ശ്ലീഹക്കാലം

പന്തക്കുസ്താത്തിരുനാള്‍ തുടങ്ങിയുള്ള ഏഴ് ആഴ്ചകളാണ് ശ്ളീഹാക്കാലം എന്ന പേരില്‍ അറിയപ്പെടുന്നത്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രത്യേകമായി പ്രാധാന്യം നല്കുന്ന കാലമാണിത്.

രക്ഷാചരിത്രവുമായി അഭേദ്യബന്ധം പുലര്‍ത്തുന്ന ഒരു തിരുനാളാണ് പന്തക്കുസ്ത. ഇസ്രായേല്‍ജനം വിളവെടുപ്പിനോടു ബന്ധപ്പെടുത്തി ‘പന്തക്കുസ്താ’ ത്തിരുനാള്‍ ആഘോഷിച്ചിരുന്നതായി നാം പഴയ നിയമത്തില്‍ വായിക്കുന്നുണ്ട്. ‘പന്തക്കുസ്ത’ എന്ന പദത്തിന്റെ അര്‍ത്ഥം അമ്പത് എന്നാണ്- അമ്പതാം ദിവസത്തെ തിരുനാള്‍. വിളവെടുപ്പിനോടനുബന്ധിച്ചുള്ള ആദ്യഫലസമര്‍പ്പണത്തിന്റെ തിരുനാളായിരുന്നു അത്. പിന്നീടാണ് ഇസ്രായേല്‍ ജനം ദൈവത്തിന്റെ ഉടമ്പടിപ്രകാരമുള്ള ദൈവജനമായിത്തീര്‍ന്നതിന്റെ ഓര്‍മ്മയാചരണമായി ഈ തിരുനാള്‍ രൂപാന്തരപ്പെട്ടത്.

പുതിയ നിയമത്തില്‍ ഈ തിരുനാളിനു ‘പുതിയ’ അര്‍ത്ഥം നല്കപ്പെട്ടു. ഉയിര്‍പ്പിനുശേഷം അമ്പതാം ദിവസമാണല്ലോ പരിശുദ്ധാത്മാവ് ശ്ളീഹന്‍മാരുടെമേല്‍ എഴുന്നള്ളിയത്. അന്നാണ് സഭ ഔദ്യാഗികമായി ‘ഉദ്ഘാടനം’ ചെയ്യപ്പെട്ടത്. പുതിയ ദൈവജനത്തിന്റെ ജന്മദിനമാണത്. അന്നു പിതാവായ ദൈവം, ദൈവസ്നേഹം വ്യക്തിത്വം ധരിച്ച പരിശുദ്ധാത്മാവില്‍ പുതിയ ഉടമ്പടിക്കു മുദ്രവച്ചു. ഈ ഉടമ്പടി കല്പലകകളിലല്ല, മനുഷ്യഹൃദയങ്ങളിലാണ് ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. പന്തക്കുസ്തായ്ക്കുശേഷമാണ് പരിശുദ്ധാത്മാവിനാല്‍ പൂരിതരായ ശ്ളീഹന്‍മാര്‍ പുതിയ ഉടമ്പടിയുടെ സന്ദേശവുമായി ലോകമെങ്ങും പോവുകയും സഭാസമൂഹങ്ങള്‍ക്ക് അടിസ്ഥാനമിടുകയും ചെയ്തത്. ‘ശ്ളീഹാ’ എന്ന പദത്തിന്റെ അര്‍ത്ഥംതന്നെ “അയയ്ക്കപ്പെട്ടവന്‍” എന്നാണ്. മാമ്മോദീസായും തൈലാഭിഷേകവും സ്വീകരിച്ച എല്ലാവരും “അയയ്ക്കപ്പെട്ടവര്‍” ആണെന്ന വസ്തുത ഈ കാലം നമ്മെ അനുസ്മരിപ്പിക്കുന്നു.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍, ശ്ളീഹന്‍മാരും ദൈവജനവുമാകുന്ന സഭയും തമ്മിലുള്ള സുദൃഢമായ ബന്ധം, ആദിമസഭയുടെ ചൈതന്യവും കൂട്ടായ്മയും, സഭയുടെ പ്രേഷിതസ്വഭാവവും ദൌത്യവും എന്നിവയാണ് ഈ കാലത്തിലെ പ്രധാന ചിന്തകള്‍. തങ്ങളുടെ ഗുരുവിന്റെ സന്ദേശവുമായി ലോകം മുഴുവനും ചുറ്റിസഞ്ചരിച്ച്, പുതിയ സഭാസമൂഹങ്ങള്‍ക്കു രൂപംകൊടുത്ത ശ്ളീഹന്മാരുടെ കൂട്ടായ്മയിലും ഐക്യത്തിലും നമുക്കും പങ്കുചേരാം. നമ്മള്‍ പരിശുദ്ധാത്മാവിന്റെ ആലയങ്ങളാണെന്ന സത്യം മുറുകെപിടിച്ചുകൊണ്ട്, അവിടുത്തെ നിരന്തരസഹായത്താല്‍, നമുക്കും ശ്ളീഹന്‍മാരെപ്പോലെ മിശിഹായെ പ്രഘോഷിക്കാം.