Saints – Malayalam
വിശുദ്ധ സെബസ്ത്യാനോസ്
രക്തസാക്ഷിത്വം അത്ര ദൂരെയുള്ള ഒരു കാര്യമല്ല, അത് നിന്റെ പടിക്കലുണ്ട് എന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവരോടൊപ്പം നാമും ചിന്തിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയായിത്തീർന്ന വിശുദ്ധ. സെബസ്ത്യാനോസിന്റെ തിരുനാൾ നാം ആഘോഷിക്കുന്നത്. ആഫ്രിക്കൻ-യൂറോപ്യൻ രാജ്യങ്ങളിൽ ഭീകരവാദത്തിന് ഇരയാകുന്ന ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വം സത്യവിശ്വാസത്തിന്റെ കരുത്തായി മാറുന്നുണ്ടെങ്കിലും ക്രൈസ്തവർ ലോകത്തിന്റെ പല ഭാഗങ്ങളിലും ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു എന്നത് ഒരു യാഥാർഥ്യമാണ്. ക്രിസ്ത്യൻ ദേവാലയങ്ങൾ അടച്ചുപൂട്ടിയില്ലെങ്കിൽ അക്രമത്തിന്റെ മാർഗമെന്ന് മധ്യപ്രദേശിലെ വി.എച്.പി നേതാവ് ഭീഷണി മുഴക്കിയിട്ടു അധിക ദിവസങ്ങളായിട്ടില്ല. രക്തസാക്ഷിത്വം അത്ര ദൂരെയുള്ള ഒരു കാര്യമല്ല എന്ന ചിന്തയിൽ നിന്നുകൊണ്ടാകണം നാം ഇക്കൊല്ലം വിശുദ്ധ. സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷിക്കേണ്ടത്. എല്ലാവർക്കും തിരുനാൾ മംഗളങ്ങൾ ആശംസിക്കുന്നു.
ഫ്രാൻസിലെ മെഡിറ്ററേനിയൻ സമുദ്രത്തിൻറെ തെക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന നർബോണ എന്ന നഗരത്തിൽ കത്തോലിക്ക മാതാപിതാക്കളുടെ പുത്രനായി എ.ഡി. 255 ൽ ജനിച്ച, ഭാരതസഭയില്‍ ഏറ്റവും കൂടുതല്‍ വണങ്ങപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന, വിശുദ്ധ സെബസ്ത്യാനോസ് ജീവിതംകൊണ്ടും ജീവന്‍കൊടുത്തും ക്രിസ്തുവിന് സാക്ഷ്യം നല്‍കിയ രക്തസാക്ഷിയാണ്. അറിയുന്തോറും, മനസ്സിലാക്കുന്തോറും ആഴംകൂടുന്ന ജലാശയമാണ് വിശുദ്ധ സെബസ്ത്യാനോസ്. കാലവും മനുഷ്യരും മറക്കാത്ത അത്ഭുത തേജസ്സാണ് വിശുദ്ധ സെബസ്ത്യാനോസ്. കാറ്റില്‍കെടാത്ത സൂര്യശിഖപോലെ സഹനത്തിന്റെ വേളയിലും ക്രിസ്തുവിനു സാക്ഷ്യം നല്‍കി ജീവിതം സഫലമാക്കിയ വിശുദ്ധ സെബസ്ത്യാനോസ് നമുക്കെന്നും പ്രചോദനകരമാണ്. ആ ജീവിതം എന്നും നമുക്ക് പ്രോത്സാഹനമാണ്.
റോമാസാമ്രാജ്യം. ഡയക്ളീഷന്‍ ചക്രവര്‍ത്തിയുടെ ഭരണകാലം. യുദ്ധനിപുണനായ സെബാസ്റ്റ്യനെ ചക്രവര്‍ത്തി തന്റെ സേനാനായകനാക്കി. സാമ്രാജ്യത്തിലുള്ളവരെല്ലാം റോമന്‍ ദേവന്മാരെ ആരാധിക്കണമെന്നു ചക്രവര്‍ത്തി കല്പന പുറപ്പെടുവിച്ചു. അതിനു തയ്യാറാകാതിരുന്ന ക്രൈസ്തവരെയെല്ലാം അറസ്റ്റുചെയ്തു തുറുങ്കിലടച്ചു. ജയിലിലായ ക്രൈസ്തവരെ ചക്രവര്‍ത്തിയറിയാതെ സെബസ്ത്യാനോസ് സന്ദര്‍ശിച്ച് ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ശക്തരാക്കി. പക്ഷേ, ഇത് അധികനാള്‍ നീണ്ടുനിന്നില്ല. ചക്രവര്‍ത്തിയുടെ കഴുകകണ്ണുകള്‍ തന്റെ സൈന്യത്തില്‍ ഒരുവന്‍ തന്നെ ക്രൈസ്തവനെന്നു കണ്ടുപിടിച്ചു. പിന്നെ താമസിച്ചില്ല. രാജകല്പനയായി. സെബസ്ത്യാനോസിനെ അറസ്റ്റുചെയ്തു. അമ്പ് എയ്ത് കൊല്ലാന്‍ ആജ്ഞാപിച്ചു. പടയാളികൾ അമ്പെയ്ത്തു ആരംഭിച്ചു. അമ്പ് എയ്തിട്ടും മരിക്കാതിരുന്ന സെബസ്ത്യാനോസിനെ ചക്രവര്‍ത്തിയുടെ പടയാളികള്‍ ഗദയ്ക്കടിച്ചുകൊന്നു.
Report this adPrivacy
സ്നേഹമുള്ളവരെ, ക്രിസ്തുവിനു സാക്ഷ്യംവഹിയ്ക്കാന്‍ തയ്യറാകുന്ന എല്ലാവര്‍ക്കും മാതൃകയാണ് വിശുദ്ധ സെബസ്ത്യാനോസ്. സ്വന്തം കുരിശു വഹിച്ചുകൊണ്ടാണ് വിശുദ്ധ സെബസ്ത്യാനോസ് ക്രിസ്തുവിനെ അനുഗമിച്ചത്. “ഗോതമ്പുമണി നിലത്തുവീണു അഴിഞ്ഞ് ഫലം പുറപ്പെടുവിക്കുന്നത് പോലെ” വിശുദ്ധ സെബസ്ത്യാനോസ് സ്വന്തം ജീവിതം നേദിച്ചുകൊണ്ട് ക്രിസ്തുവിനു സാക്ഷ്യം നല്‍കി. നമ്മുടെ ക്രൈസ്തവ ജീവിതം ഈ ഭൂമിയില്‍ ധന്യമാകുവാന്‍ വിശുദ്ധനെപ്പോലെ നമുക്കും ജീവിക്കനാകണം.
നാം കേരളത്തിൽ അമ്പ് തിരുനാൾ, മകര തിരുനാൾ, പിണ്ടി തിരുനാൾ തുടങ്ങിയ പേരുകളില്‍ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുമ്പോള്‍ ഓര്‍ക്കുക: വിശുദ്ധനെപ്പോലെ ഈ ഭൂമിയില്‍ ജീവിക്കേണ്ടവള്‍, ജീവിക്കേണ്ടവൻ ഞാന്‍; കേരളത്തിൽ അമ്പ് തിരുനാൾ ക്രൈസ്തവ ഹൈന്ദവ മുസ്ളിം മതങ്ങളുടെ സൗഹൃദസംഗമത്തിൻറെ തിരുനാളായി ആഘോഷിക്കുമ്പോള്‍ ഓര്‍ക്കുക: കൊന്നും കൊലവിളിച്ചുമല്ല, സ്നേഹിച്ചും, പങ്കുവച്ചും, വിശുദ്ധനെപ്പോലെ വിശ്വാസം ഏറ്റു പറഞ്ഞും ഈ ഭൂമിയില്‍ ജീവിക്കേണ്ടവള്‍, ജീവിക്കേണ്ടവൻ ഞാന്‍. വിശുദ്ധന്റെ നാമധാരിയായി ജീവിക്കുമ്പോള്‍ ഓര്‍ക്കുക: സ്നേഹം ത്യാഗമാണെന്നും, ത്യാഗം സഹനമാണെന്നും, സഹനം രക്ഷയാണെന്നും മനസ്സിലാക്കി ഈ ഭൂമിയില്‍ ജീവിക്കേണ്ടവള്‍, ജീവിക്കേണ്ടവൻ ഞാന്‍.
ക്രൂശിതനെ അനുഗമിക്കുമ്പോള്‍ സഹനത്തിന്റെ മൂല്യം നാം അറിയണം. ഭൂമിക്ക് തണുപ്പേകുന്ന കാര്‍മേഘങ്ങള്‍ തണുപ്പാര്‍ജിക്കുന്നത് കടുത്ത താപം ഏറ്റുവാങ്ങിയ ശേഷമാണ്. മഴനീര്‍ തുള്ളികള്‍ കനത്ത ആഘാതം സഹിച്ചാണ് ഭൂമിയിലേക്ക് പതിക്കുന്നത്. അപ്പോഴേ ദാഹജലമായി പരിണമിക്കുകയുള്ളു. ക്രിസ്തുവിനു സാക്ഷ്യം വഹിക്കുമ്പോള്‍ നാം നേരിടുന്ന വെല്ലുവിളികള്‍ വിശ്വാസത്തോടെ, കരുത്തോടെ വിശുദ്ധനെപ്പോലെ അഭിമുഖീകരിക്കണം.
സ്നേഹമുള്ളവരെ, വിശുദ്ധ സെബസ്ത്യാനോസിനെപ്പോലെ ജീവിത സാഹചര്യങ്ങളില്‍ ത്യാഗം സഹിച്ചുകൊണ്ടുതന്നെ പരസ്പരം ക്ഷമിച്ചും വിട്ടുവീഴ്ച ചെയ്തും ക്രിസ്തുവിനു സാക്ഷ്യം വഹിക്കുവാന്‍ നമുക്കാകട്ടെ. ലൗകിക തൃഷ്ണകളുടെ, അധികാരത്തിന്റെ, സമ്പത്തിന്റെ പിന്നാലെയല്ല, ക്രിസ്തുവിന്റെ പിന്നാലെ നമ്മുക്ക് പോകാം. വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു നമ്മുടെ ക്രൈസ്തവജീവിതത്തെ ശക്തമാക്കാം. അതിനു വിശുദ്ധ സെബസ്ത്യാനോസാകട്ടെ നമ്മുടെ പ്രചോദനം. വിശുദ്ധ സെബസ്ത്യാനോസാകട്ടെ നമ്മുടെ മാതൃക.
എല്ലാവർക്കും പ്രത്യേകിച്ച്, വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധാരികൾക്കും തിരുനാൾ മംഗളങ്ങൾ!!
ആമേൻ!
വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍
“എനിക്ക് ആത്മാക്കളെ തരിക ബാക്കിയെല്ലാം നിങ്ങള്‍ എടുത്തുകൊള്‍ക” എന്ന് പറഞ്ഞ് ഒരു കൈയ്യില്‍ കുരിശ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മറുകൈയ്യില്‍ ബൈബിളും അടക്കിപ്പിടിച്ച് ക്രിസ്തുവിന്റെ മിഷനറി ദൌത്യവുമായി ഏഷ്യയില്‍, പ്രത്യേകിച്ച് ഭാരതത്തില്‍ ഓടിനടന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെക്കുറിച്ച് സംസാരിക്കാന്‍ അഭിമാനത്തോടെയാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്.
പതിനാറാം നൂറ്റാണ്ടില്‍, കൃത്യമായി പറഞ്ഞാല്‍ 1506 ഏപ്രില്‍ എഴാംതിയതി ഇന്നത്തെ സ്പെയ്നില്‍ ജനിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ സുഹൃത്തായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയിലൂടെയാണ് ക്രിസ്തുവിനെ കണ്ടെത്തിയത്. പാരീസ് സര്‍വകലാശാലയിലെ ഏറ്റവും മിടുക്കനായ പ്രൊഫെസറായിരുന്നു വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. തലമുടിയുംനീട്ടി കറങ്ങി നടന്ന ഫ്രാന്‍സീസിനെ കാണുമ്പോഴൊക്കെ സുഹൃത്തായ ലയോള ചോദിക്കും: “ഫ്രാന്‍സീസേ, ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നഷ്ടമായാല്‍ എന്ത് ഫലം?” വിശുദ്ധ മത്തായിയുടെ സുവിശേഷം അധ്യായം 16, വാക്യം 26. ആ വചനത്തിന്റെ ശക്തിയാല്‍ മാനസാന്തരപ്പെട്ട് ഫ്രാന്‍സിസ് സര്‍വകലാശാലവിട്ട് തെരുവിലേക്കിറങ്ങി. പിന്നെ അദ്ദേഹം പ്രസംഗിച്ചത് ശാസ്ത്രവിഷയങ്ങളാ യിരുന്നില്ല, ക്രിസ്തുവിനെക്കുറിച്ചായിരുന്നു. ഇന്ത്യയിലെ കടലോരപ്രദേശങ്ങളില്‍ പ്രത്യേകിച്ച് ഗോവയില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത് തന്റെ ഡിഗ്രി പേപ്പറുകള്‍ ആയിരുന്നില്ല, ക്രൂശിതനായ ക്രിസ്തുവിനെയായിരുന്നു.
സ്നേഹമുള്ളവരെ, മുപ്പതിനായിരംപേരെ മാമോദീസാമുക്കിയിട്ട് 46അം വയസ്സില്‍ ഡിസംബര്‍ 3 നു മരിച്ച വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ നമ്മുടെ മധ്യസ്ഥനായി ലഭിച്ചത് വലിയ ഭാഗ്യം തന്നെയാണ്. ഗ്രിഗറി പതിനഞ്ചാമന്‍ മാര്‍പാപ്പ ഫ്രാന്‍സിസ് സേവ്യറെ വിശുദ്ധനായി പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞത്, വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഭാരതത്തിന്റെ രണ്ടാമത്തെ വിശ്വാസത്തിന്റെ പിതാവ് എന്നാണ്. ഈശോ സഭയുടെ സ്ഥാപനത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് മിഷനറിയായി ജീവിച്ച വിശുദ്ധനെ തിരുസ്സഭ വണങ്ങുന്നത് മിഷനറിമാരുടെ മധ്യസ്ഥനായിട്ടാണ്.
വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ജീവിതം മുഴുവന്‍ ക്രിസ്തുവായിരുന്നു. ഭൂമിയിലെ സമ്പത്തോ, അധികാരങ്ങളോ, ലോകവസ്തുക്കളോ അല്ല, ക്രിസ്തുവാണ് ജീവിതത്തിന്റെ എല്ലാം എന്ന് തിരിച്ചറിഞ്ഞവനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. ബൈബിളിലെ ക്രിസ്തുവിനെ കണ്ടെത്തുകയാണ് ജീവിത ലക്‌ഷ്യം എന്ന് തിരിച്ചറിഞ്ഞവനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. ഇന്നും അഴിയാതെ വിശുദ്ധന്റെ ശരീരം നിലനില്‍ക്കുന്നത് ജീവിതം മുഴുവന്‍ ക്രിസ്തുവിനാല്‍ നിറച്ചതുകൊണ്ടാണ്.
സ്നേഹമുള്ളവരെ, വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ ക്രിസ്തുവില്‍, ക്രിസ്തുവിനായി ജീവിക്കുവാന്‍ നമുക്കാകണം. ക്രിസ്തുവിനെപറ്റി മറ്റുള്ളവരോട് പറയുവാന്‍ നമുക്കാകണം. ബൈബിള്‍ വായിക്കുവാനും, വചനം പഠിക്കുവാനും നാം ശ്രമിക്കണം. മൊബൈലിനുവേണ്ടി, വാശി പിടിക്കുന്നവരാകാതെ ക്രിസ്തുവിനെക്കുറിച്ചു കേള്‍ക്കാന്‍ നമുക്ക് വാശി പിടിക്കാം. മറ്റുള്ളവരെ ക്രിസ്തുവിനായി നേടുക എന്നതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെപ്പോലെ നല്ലൊരു മിഷനറിയാകാം; ക്രിസ്തു സാക്ഷിയാകാം.