മംഗലവാര്‍ത്തക്കാലം 04: ഈശോയുടെ ജനനത്തിലുള്ള ദൈവിക ഇടപെടല്‍ -Matthew 1:18-24
മംഗളവാര്‍ത്ത നാലാം ഞായര്‍
പുറ 34:1-9; സഖ 2:7-13; വെളി 21:1-7; മത്താ 1:18-24
ഉപേക്ഷിക്കലിനും സ്വീകരിക്കലിനും ഇടയിലുള്ളത്
വിനായക് നിര്‍മ്മല്‍
ദൈവത്തിന്റെ കളികള്‍
ആറു പ്രസവിക്കുകയും അഞ്ച് മക്കള്‍ ആയുസ്സോടെ ബാക്കി നിൽക്കുകയും ചെയ്ത അവസരത്തിലായിരുന്നു ആ അമ്മ ഏഴാമതും ഗര്‍ഭിണിയായത്. അപ്പോള്‍ അമ്മയ്ക്ക് നാല്പതിലേറെയും അച്ഛന് അമ്പതിനടുത്തും പ്രായമുണ്ടായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ആ ഗര്‍ഭധാരണത്തെ മനസ്സുകൊണ്ട് അംഗീകരിക്കാന്‍ ഇരുവര്‍ക്കും ബുദ്ധി മുട്ടുണ്ടായിരുന്നു. എങ്കിലും കുട്ടി ജനിച്ചതോടെ അവന്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറി. കാലം കടന്നുപോയി. അഞ്ചു മക്കളും അവരവരുടെ ജീവിതങ്ങളുമായി പങ്ക് പിരിഞ്ഞു. ആറാമനും ജീവിതമാര്‍ഗ്ഗത്തിനായി വീടും നാടും വിട്ടു. കൂട്ടുവിട്ടുപോയവരെയെല്ലാം തിരികെ കൂട്ടിലെത്തിച്ച കൊറോണക്കാലം അവനെയും തിരികെ കൊണ്ടുവന്നു, ജോലിരഹിതനും കടക്കാരനുമായി. അപ്പോഴേക്കും അമ്മ സ്മൃതിനാശത്തിന്റെ വഴുവഴുപ്പുള്ള വഴികളിലൂടെ ഇടയ്ക്ക് പാവാടക്കാരിയായും വേറെ ചില നേരങ്ങളില്‍ പെറ്റമ്മയെ കാണണമെന്ന് വാശിപിടിച്ചു കരയുന്ന കൈക്കുഞ്ഞുമൊക്കെയായി മാറിക്കഴിഞ്ഞിരുന്നു. പിന്നെ ഒരു വീഴ്ചയെതുടര്‍ന്ന് പരിപൂര്‍ണ്ണമായും ശയ്യാവലംബിയും. പിന്നീട് അമ്മ യാത്ര പറയുന്നതുവരെ ഒരു പിഞ്ചുകുഞ്ഞിനെയെന്നതുപോലെ അമ്മയെ പരിചരിച്ചത് അവനായിരുന്നു. നേരംതെറ്റിയും കാലംതെറ്റിയും പിറന്നുവീണ അവന്‍ അമ്മയെ കൈക്കുഞ്ഞിനെ യെന്നതുപോലെ പരിചരിക്കുന്നത് പതിവാക്കിയ ഏതോ ദിവസങ്ങളിലൊന്നിലാണ് അച്ഛന്‍ അത് അവനോട് പറഞ്ഞത് : ''ദൈവത്തിന്റെ ഓരോരോ കളികള്‍'' 'എന്തുകളി'യെന്ന് അവന്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ കണ്ണുനിറഞ്ഞു പറഞ്ഞു: ''നീയുള്ളതുകൊണ്ടല്ലേ നിന്റെ അമ്മ ഇത്രയും ഭംഗിയായി ഈ അവസ്ഥയിലും ജീവിക്കുന്നത്? നീയില്ലായിരുന്നുവെങ്കില്‍ അവള് പുഴുത്തു ചാകുമായിരുന്നു''! തന്റെ ജീവിതംകൊണ്ട് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് പ്രയോജനമുണ്ടാവുന്നുണ്ടല്ലോയെന്ന് ആദ്യമായി മനസ്സിലാക്കിയത് അന്നായിരുന്നുവെന്നും ആ സംതൃപ്തി മാത്രം മതി ഇനിയുള്ള ജീവിതമത്രയുമെന്നും അവന്‍ അന്ന് രാത്രിയില്‍ ഡയറിയില്‍ കുറിച്ചുവച്ചു. ജനനത്തിന് പിന്നിലെ നിയോഗങ്ങള്‍ ബൈബിളിലുടനീളം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെല്ലാം നിയോഗങ്ങളുള്ളവരായിരുന്നു. മോശയും അഹറോനും ജോഷ്വായും പൂര്‍വ്വയൗസേപ്പും പുതിയ കാലത്തിലെത്തുമ്പോള്‍ ക്രിസ്തുവും എന്തിന് ഒറ്റുകാരന്‍ യൂദാസ് വരെ നിയോഗങ്ങളുള്ളവരായിരുന്നു. ക്രിസ്തുവിനെ ഒറ്റുകൊടുക്കുക എന്ന നിയോഗത്തിലൂടെ അറിയാതെയാണെങ്കിലും യൂദാസ് മാനവരക്ഷയ്ക്ക് നിമിത്തമാവുകയായിരുന്നുവല്ലോ ചെയ്തത്? ഓരോ ജനനങ്ങള്‍ക്ക് പിന്നിലും ഓരോ നിയോഗങ്ങളുണ്ട്. വലിയ ദൗത്യങ്ങള്‍ ഏറ്റെടുത്തു നിര്‍വഹിക്കുന്നവരുടെ ജീവിതങ്ങളെ മാത്രമേ നാം കാണുന്നുള്ളൂവെന്നതുകൊണ്ട് അത്ര ശോഭയും മനോഹാരിതയും ഇല്ലാത്ത ജീവിതങ്ങള്‍ക്ക് നിയോഗമില്ലെന്ന് തെറ്റിദ്ധരിക്കരുത്. താഴേക്കിടയിലുളളതെന്ന് ചിലരൊക്കെ വില കുറച്ചു പറയുന്ന ജോലി ചെയ്തു ജീവിക്കുന്നവര്‍പോലും നിയോഗങ്ങളുള്ളവരാണ്. അവരൊക്കെ തങ്ങളുടെ കടമകള്‍ ജോലിയുടെ ഭാഗമായി നിര്‍വഹിക്കുന്നതുകൊ ണ്ടാണ് ചെരിപ്പ് പൊട്ടിപ്പോകുമ്പോഴും കുട കേടാകുമ്പോഴും പറമ്പില്‍ കാട് വളരുമ്പോഴും നമുക്കവര്‍ സഹായികളാകുന്നത്. ചിലരുടെ നിയോഗം ഒറ്റപ്പെട്ട ഇടങ്ങളിലും വ്യക്തികളിലും പരിമിത പ്പെട്ടുപോവുകയും നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യു മ്പോള്‍ ക്രിസ്തുവിന്റെ നിയോഗം അങ്ങനെയുള്ളതായിരുന്നില്ല. അങ്ങനെയാണ് ക്രിസ്തുവിന്റെ നിയോഗം നമ്മുടെ ധ്യാനവിഷയവും രക്ഷയുടെ അച്ചാരവുമാകുന്നത്. കാഴ്ചപ്പാടുകള്‍ വലുതാക്കുക, ലോകത്തെ മുഴുവന്‍ ഒരുമിച്ചു കാണുക, ഇതാണ് ക്രിസ്തു നമുക്ക് മുമ്പിലുയര്‍ത്തുന്ന വെല്ലുവിളി. തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്ന് മോചിപ്പിക്കുക, ഇതാ യിരുന്നു ക്രിസ്തുവിന്റെ ദൗത്യം. ഇതായിരുന്നു അവിടുത്തെ ജന്മനി യോഗവും. ഇന്നും നമുക്ക് ചുറ്റിനും ആരൊക്കെയോ ഏതൊക്കെയോ വിധ ത്തില്‍ ചുറ്റിവരിയപ്പെട്ട് കഴിയുന്നുണ്ട്. പലതരത്തിലുളള അടിമത്തങ്ങള്‍. പക്ഷേ കെട്ടിവരിഞ്ഞിരിക്കുന്ന അത്തരം ചുറ്റുപാടുകളില്‍നിന്ന് ഒരാളെയെങ്കിലും മോചിപ്പിക്കുവാന്‍ ഇന്നേവരെ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ജോസഫിന്റെ തീരുമാനങ്ങള്‍ ഉപേക്ഷിക്കലിനും സ്വീകരിക്കലിനും ഇടയിലുള്ള ഓപ്ഷന്റെ പേരാണ് ജീവിതം. ഒരു നിമിഷം നമ്മള്‍ വേണ്ടെന്ന് വയ്ക്കുന്നത് അടുത്ത നിമിഷം സ്വീകരിക്കാന്‍ തയ്യാറാവുന്നു. ഉപേക്ഷിക്കാന്‍ തയ്യാറായത് അതിന്റെ ഗുണത്തെക്കുറിച്ച് ഉറപ്പില്ലാത്തതുകൊണ്ടും സംശയം അവശേഷിക്കുന്നതുകൊണ്ടുമാണ്. സ്വീകരിക്കാന്‍ തയ്യാറാകുന്നതോടെ വലിയൊരു വെല്ലുവിളിയുടെ ഏറ്റെടുക്കലാണ് സംഭവിക്കുന്നത്. ജോസ ഫിന്റെ ജീവിതത്തില്‍ നാം കാണുന്നത് അതാണ്. ഉപേക്ഷിക്കാന്‍ തീരുമാനിച്ചു, സ്വീകരിച്ചു ഈ വചനഭാഗത്ത് ശ്രദ്ധേയമായി തോന്നിയ രണ്ടു വാചകങ്ങള്‍ ഇവയാണ്. ഉപേക്ഷിക്കലിനും സ്വീകരിക്കലിനും ഇടയില്‍ ഒരു അത്ഭുതം സംഭവിക്കുന്നുണ്ട്. ആ അത്ഭുതമാണ് യേശു. മറിയം ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന ജോസഫ്, മാലാഖയുടെ വിശദീകരണം ലഭിക്കുന്നതോടെ മറിയത്തെ സ്വീകരിക്കാന്‍ തീരുമാനിക്കുന്നു. ചിലതൊക്കെ നമ്മള്‍ വേണ്ടെന്ന് വയ്ക്കുന്നത് മാനുഷികമായിട്ടായിരിക്കും. എന്നാല്‍ ദൈവസ്വരത്തിന് കാതു കൊടുക്കുമ്പോള്‍ ചിലതിനെയൊക്കെ സ്വീകരിക്കാന്‍ നാം സന്നദ്ധരാവും. നീ പോയി ഒരു വേശ്യയെ വിവാഹം ചെയ്ത് അവളില്‍നിന്ന് മക്കളെ നേടുക എന്ന് ഹോസിയാ പ്രവാചകനോട് ദൈവം ആവശ്യപ്പെട്ടതുപോലെ. ഏകമകനെ ബലികൊടുക്കാന്‍ അബ്രാഹത്തിനോട് ആവശ്യപ്പെട്ടതു പോലെ. കേള്‍ക്കുന്ന മാത്രയില്‍ അസാധ്യമെന്നും അസഹനീയമെന്നും തോന്നുമ്പോഴും ദൈവസ്വരത്തിന് കീഴടങ്ങാന്‍ സന്നദ്ധമാകുമ്പോള്‍ അവിടെ അത്ഭുതം സംഭവിക്കുന്നു. ഏതിനെയും മനസ്സാ സ്വീകരിക്കാനുള്ള സന്നദ്ധതയുടെ പേരാണ് ദൈവസ്വരത്തിന് കാതോര്‍ക്കല്‍. മനുഷ്യര്‍ പറഞ്ഞതുകേട്ട് എടുക്കുന്ന തീരുമാനങ്ങള്‍ വഴിതെറ്റിച്ചേക്കാമെങ്കിലും ദൈവത്തോട് ആലോചിച്ച് നടപ്പിലാക്കുന്ന തീരുമാനങ്ങള്‍ എവിടെയാണ് തെറ്റിപ്പോയിട്ടുള്ളത്? തീരുമാനങ്ങളുടെ വില ജീവിതത്തില്‍ നടപ്പിലാക്കുന്ന തീരുമാനങ്ങള്‍ക്കെല്ലാം വില കൊടുക്കേണ്ടതുണ്ട്. തെറ്റിപ്പോകുന്ന തീരുമാനങ്ങളുടെ പേരില്‍ പഴി കേള്‍ക്കുന്നവര്‍ ഒരിക്കലും നല്ല തീരുമാനങ്ങളുടെ പേരില്‍ പ്രശംസിക്കപ്പെടാറില്ല. സത്യത്തില്‍ ജോസഫിന്റെ തീരുമാനമാണ് തിരുക്കുടുംബത്തിന് രൂപം കൊടുത്തത്. അല്ലെങ്കിലും ദൈവത്തിന്റെ തീരുമാനങ്ങള്‍ക്ക് മാറ്റമുണ്ടാവില്ലല്ലോ? നിനവെയിലേക്ക് അയച്ചവന്‍ വഴി മറന്ന് താര്‍സീസിലേക്ക് വണ്ടി മാറിക്കയറുമ്പോഴും അവനെ നിനവെയില്‍ തന്നെയെത്തിച്ചവനാണ് ദൈവം. മനുഷ്യന്റെ തീരുമാനങ്ങള്‍ തെറ്റിപ്പോയേക്കാം. എന്നാല്‍ ദൈവത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും തെറ്റിപ്പോവുകയില്ല. പക്ഷേ ദൈവത്തിന്റെ തീരുമാനങ്ങളെ മനുഷ്യര്‍ ചിലപ്പോള്‍ തെറ്റിയെഴുതാന്‍ സാധ്യതയുണ്ട്. അപ്പോഴും തെറ്റിപ്പോയതിനെ നേര്‍വഴിയിലെഴുതാന്‍ ദൈവം സന്നദ്ധനാകും. ഏതൊക്കെ തരത്തില്‍ തെറ്റിപ്പോകാമായിരുന്ന ജീവിതങ്ങളായിരുന്നു ജോസഫിന്റെയും മറിയത്തിന്റേതും. എന്നിട്ടും ആ ജീവിതങ്ങള്‍ നേരെഴുത്തുകളായി മാറ്റിയെഴുതിയത് ദൈവത്തിന്റെ തീരുമാന ങ്ങള്‍ അവര്‍ക്ക് മീതെ നടപ്പിലാക്കപ്പെട്ടതുകൊണ്ടാണ്. അടുത്തയിടെ ഒരു വ്യക്തി കടന്നുപോകുന്ന ഒരു പ്രശ്നത്തിന് പരിഹാരമായി എന്നോട് നിര്‍ദ്ദേശിച്ചത് ഇതായിരുന്നു. ''മാനുഷികമായി ഈ വിഷയത്തില്‍ തീരുമാനമെടുക്കാതിരിക്കുക. ദൈവത്തിന് മുമ്പില്‍ കുറച്ചുനേരം ഇരുന്നതിന് ശേഷം ദൈവം പറയുന്നതുപോലെ ചെയ്യുക.'' ദൈവം പറയുന്നതുപോലെ ചെയ്യാന്‍ മനസ്സാക്ഷിയുടെ സ്വരം കേട്ടാല്‍ മതി. അതുകൊണ്ട് ജീവിതത്തില്‍ തീരുമാനമെടുക്കാന്‍ കഴി യാതെ വിഷമിക്കുന്ന എല്ലാവരോടും എന്നോട് തന്നെയും എനിക്ക് പറ യാനുളളത് ഇത്ര മാത്രമേയുള്ളൂ: ദൈവത്തിന്റെ മുമ്പില്‍ സ്വസ്ഥനും ശാന്തനുമായിരിക്കുക. അവിടുന്ന് പറയുന്നത് കേള്‍ക്കുക. ആ തീരുമാനം നടപ്പിലാക്കുക. അത് നല്ല തീരുമാനമായിരിക്കും. സ്വന്തം ജീവിത നിയോഗം തിരിച്ചറിയാനും പ്രവര്‍ത്തിക്കാനും ഇതേറെ സഹായകരമായിരിക്കും. ✝ ✝ ✝ ✝ ✝ homilieslaity.comമംഗളവാർത്തക്കാലം ഞായർ 4 –
മത്തായി 1:18-24
Biblical Background
മംഗളവാർത്തകാലം അവസാന ഞയർ എല്ലാ വർഷവും ഈശോയുടെ ജനനമാണ് വായന. ഇമ്മാനുവൽ എന്നുള്ള പേര് നൽകുന്ന ഭാഗം മത്തായിയുടെ സുവിശേഷത്തിൽ മാത്രം ആണ് കാണുക. . 'ദൈവം നമ്മോടുകൂടെ' എന്നാണ് അതിനർത്ഥം. മത്തായിയുടെ സുവിശേഷം അവസാനിപ്പിക്കുന്നത് യുഗന്ത്യം വരെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും എന്ന സമാപന സന്ദേശത്തോടെ കൂടിയാണ്.(മത്തായി 28:20) അങ്ങനെ തന്റെ സുവിശേഷത്തിന്റെആരംഭവും അവസാനവും തമ്മിൽ ഒരു ബന്ധം പുള്ളിക്കാരൻ ഉണ്ടാക്കുന്നു. മത്തായി തന്റെ സുവിശേഷത്തിൽ ജോസഫിനു ആണ് ഒരല്പ്പം കൂടുതൽ പ്രാധാന്യം നൽകുന്നത്. എങ്കിലും ഈശോയുടെ ജനനം കന്യകയിൽ നിന്നായിരിക്കും എന്നതിലൂടെ മറിയത്തിന്റെ കന്യകാത്വം കൂടി മത്തായി ഉറപ്പിക്കുന്നു. യേശു എന്ന പേരു നൽകുന്നതിലൂടെ വരാൻ ഇരിക്കുന്ന രക്ഷകൻ ഈശോ തന്നെ ആണെന്ന് മത്തായി ഉറപ്പിക്കുന്നു.
യഹൂദരുടെ വിവാഹ ആചാരത്തിന് മൂന്നു ഘട്ടങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത് ( ചിലർ 4 എന്നും പറയുന്നു) Engagement
Betrohal
Marriage.. ഇതിൽ മനസമ്മതത്തിന് ശേഷമുള്ള കാലഘട്ടത്തിലാണ് മംഗളവാർത്ത ഉണ്ടായത് എന്നാണ് നിഗമനം. അന്ന് ഏകദേശം പന്ത്രണ്ട് പതിമൂന്ന് വയസ്സ് ആണ് യഹൂദ യുവതികൾക്ക് വിവാഹപ്രായം എന്നതിനാൽ മറിയത്തിനു ഏതാണ്ട് അത്ര തന്നെ കാണണം.
Interpretation
1. ഉറങ്ങുന്ന യൗസേപ്പിതാവും ഉറക്കമില്ലാത്ത നമ്മളും
ഫ്രാൻസിസ് മാർപാപ്പ പ്രചാരത്തിന് കൊണ്ടുവന്ന രണ്ടു രൂപങ്ങളിൽ ഒന്നാണ് ഉറങ്ങുന്ന ഔസേപ്പ്. (മറ്റൊന്ന് കുരുക്കഴിക്കുന്ന മാതാവാണ്).
വിശുദ്ധ ഗ്രന്ഥത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും യൗസേപ്പ് നല്ല ഉറക്കത്തിലാണ്. ഭാര്യ തന്നാൽ അല്ലാതെ ഗർഭിണിയാണ് എന്നറിഞ്ഞ സമയം, തന്റെ പുത്രൻറെ ജീവനു ഭീഷണി നേരിടുന്ന സമയം, കെട്ടിയോളും കൈക്കുഞ്ഞുമായി അന്യദേശത്ത് താമസിക്കേണ്ടി വരുന്ന സമയം . ഒത്തിരി ഉത്കണ്ഠ ഉള്ള സമയമാണ് ഇതൊക്കെ . സാധാരണ ഒരു മനുഷ്യന് ഉറക്കം നഷ്ടപ്പെടുന്ന സമയം ....എന്നിട്ടും യൗസേപ്പ് സുഖമായി ഉറങ്ങുന്നു.
മനുഷ്യൻമാർക്ക് ഉറക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഉറക്ക ഗുളിക കഴിച്ചും രണ്ടെണ്ണം അടിച്ചും കൊന്ത മാറിമാറി ചൊല്ലിയുമൊക്കെ യാണ് പലരും ഉറങ്ങാൻ ശ്രമിക്കുക. ചെറിയ ടെൻഷൻസ് പോലും നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു.
എങ്ങിനെയാണ് ഒരാൾക്ക് ഇത്ര വിഷമ സന്ധികളിക്കും കണ്ണും പൂട്ടി ഉറങ്ങാൻ ആവുക? അതിന് കാരണം യൗസേപ്പിന്റെ
ദൈവ ആശ്രയ ബോധമാണ്. ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചാലും അത് കർത്താവ് പറയാതെ സംഭവിക്കില്ല എന്ന് വിശ്വാസം .
ദൈവ പിതാവിൻറെ കരത്തിലാണ് ഞാൻ എന്നുള്ളത് വിശ്വാസം കുറേക്കൂടി നന്നായി നമ്മൾ ഉറങ്ങാൻ സഹായിക്കും.
ആ തച്ചനായ അപ്പനെ പോലെ മകനും ഉറക്കത്തിലാകുന്ന ഒരു സംഭവം ബൈബിളിൽ പറയുന്നുണ്ട്. അതു തോണിയിൽ തിരമാലയും കൊടുങ്കാറ്റും ഉണ്ടായ സമയമാണ്. അത്രയേറെ ടെൻഷൻ പിടിച്ച അവസരത്തിലും ഉറങ്ങാൻ പറ്റുക ചെറിയ കാര്യമല്ല.
എന്താണ് അതിനുള്ള കാരണം. അതു നേരത്തെ പറഞ്ഞ ദൈവ ആശ്രയ ബോധവും അതുപോലെ ആത്മ വിശ്വാസവുമാണ്. തന്റെ കഴിവിനെ കുറിച്ചു കർത്താവിനു നല്ല ആത്മ വിശ്വാസം ഉണ്ടായിരുന്നു. എന്നതുപോലെ നമ്മുടെ വിഷമ സന്ധികളിൽ ദൈവശ്രയത്തിൽ ജീവിക്കുക എന്നതാണ് ഉറക്കം നഷ്‌പേടതിരിക്കാനുള്ള ഒരു മാർഗം. മറ്റേത് ഒരല്പം ആത്മ വിശ്വാസം കൂടി ഉണ്ടാക്കിയെടുക്കുക എന്നതും.
2. .നീതിമാൻ
വിശുദ്ധ ഗ്രന്ഥത്തിൽ വളരെ ചുരുക്കം ചിലർക്ക് നൽകിയിട്ടുള്ള വിശേഷണമാണ് നീതിമാൻ. അബ്രഹാം, ലോത്ത്, നോഹ, തോബിത് etc. അങ്ങനെ എണ്ണപ്പെട്ടവരിൽ ഒരാളാണ് വി. യൗസേപ്പിതാവ്.
അദ്ദേഹം നീതിമാനാണ്. അതേസമയം പുള്ളി നിശബ്ദനുമാണ്. ഈ നീതി എന്ന് പറയുന്നത് ചിലപ്പോഴെങ്കിലും നിശബ്ദത ആയിട്ട് പരിഗണിക്കാവുന്നതാണ്. ഇത് ശബ്ദ കോലാഹലങ്ങളുടെ ലോകമാണ്. സംസാരം, സംഗീതം, മുദ്രാവാക്യങ്ങൾ, തർക്കങ്ങൾ, ചർച്ചാവേദികൾ, സമ്മേളനങ്ങൾ ഉല്ലാസ വേളകൾ എന്തിന് നമ്മുടെ പ്രാർത്ഥന പോലും ശബ്ദ കോലാഹലങ്ങളുടേതായി മാറുന്ന ഈ കാലഘട്ടത്തിൽ ഒരല്പം നിശബ്ദമായിരിക്കുക എന്നുള്ളത വലിയ പുണ്യമാണ്. കാരണം നിശബ്ദതയെ പേടിയുള്ള ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുക.ഒരുപക്ഷേ ഒന്ന് മിണ്ടാതിരുന്നാൽ തീരാവുന്ന പ്രശ്നങ്ങളെ സത്യത്തിൽ നമ്മുടെ കുടുംബത്തുള്ളൂ, കുടുംബ യൂണിറ്റിലുള്ളൂ, ഇടവകയിലുള്ളൂ സമൂഹത്തിലുള്ളൂ, കത്തോലിക്കാ സഭയിലുള്ളൂ. ഭർത്താവ് രണ്ടു ഒച്ചയുണ്ടക്കുമ്പോൾ ഭാര്യ ഒന്നും മിണ്ടാതിരിക്കുക. മാതാപിതാക്കൾ ഒച്ച വെക്കുമ്പോൾ മക്കൾ ഒന്ന് മിണ്ടാതിരിക്കുക. യൂണിറ്റ് പ്രസിഡന്റ് ഇത്തിരി ഉറക്കെ സംസാരിക്കുമ്പോൾ അംഗംങ്ങൾ ഒന്ന് മിണ്ടാതിരിക്കുക. വികാരിയച്ചന്റെ സ്വരം ഉയരുമ്പോൾ ഇടവക ജനം ഒന്നു മിണ്ടാതിരിക്കുക.(നേരെ മറിച്ചും) അങ്ങനെയും ചില ആത്മീയ പരിശീലിക്കുന്നത് നല്ലതാണ്. ഈ ക്രിസ്മസ് കാലഘട്ടത്തിൽ യൗസേപിതാവിൻറെ മൗനത്തെക്കുറിച്ച് ഒന്ന് ധ്യാനിക്കുന്നത് നല്ലതാണ് . നമ്മുടെ നാട്ടിൽ മിണ്ടാമഠം എന്ന് പറയുന്ന ഏർപ്പാടുണ്ട്. ആദ്യകാലങ്ങളിലെ അതിനെക്കുറിച്ച് കേൾക്കുമ്പോൾ ഒരല്പം പുച്ഛവും അവർ തെരഞ്ഞെടുത്ത മാർഗ്ഗത്തെക്കുറിച്ച് ഒരല്പം പരിഹാസം ആയിരുന്നു. എന്നാൽ ഇന്ന് ഏതാണ്ട് ഒരു മധ്യവയസിൽ എത്തുമ്പോൾ മനസ്സിലാകുന്നുണ്ട്. അത് തന്നെയാണ് ദൈവ ഐക്യത്തിന് ഏറ്റവും മികച്ച വഴി എന്ന്.
എന്തായാലും ഔസേ പിതാവിന്റെ നീതിയുടെ ഒരു ഗുണം അദ്ദേഹത്തിന് നിശബ്ദതയാണ്.
3.മറ്റുള്ളവരെ ബഹുമാനിക്കുക
മത്തായി ജോസഫിന് നൽകുന്ന വിശേഷണം നീതിമാൻ എന്നാണ്. അതിനുശേഷം ഉടൻ 'അവളെ അപമാനിതയക്കാൻ ഇഷ്ടപ്പെടായ്ക യാൽ' എന്നും എഴുതുന്നു. ഇതു രണ്ടും ചേർത്തുവായിക്കാവുന്നതാണ്. ഒരു 'നീതിമാൻ' ആരാണ് എന്ന് ചോദിച്ചാൽ ഇന്നത്തെ കാലത്തെ നൽകാവുന്ന ഒരു നല്ല ഉത്തരം മറ്റൊരാളെ അയാൾ ആരുമായിക്കൊള്ളട്ടെ അപമാനിക്കാതെ ജീവിക്കുന്നവർ ആണ്. അഥവാ മറ്റൊരാളെ respect ചെയ്യുന്നവൻ ആണ്. അത് സ്ത്രീകളെ മാത്രമല്ല കൂട്ടുകാരെ, അയൽക്കാരെ, സുഹൃത്തുക്കളെ, ശത്രുക്കളെ അധികാരികളെ ഇവരൊക്കെ respect ചെയ്യാൻ പഠിക്കുക എന്നതാണ് നീതിയുടെ ഒരു ലക്ഷണം. ഇതു Troll കളുടെ കാലഘട്ടമാണ്. രാഷ്ട്രീയക്കാരെ സിനിമ നടന്മാരെ വൈദിക -സന്യസ്ത ജീവിതങ്ങളെ ട്രോൾ ചെയ്യുക എന്നതാണ് ഈ കാലഘട്ടത്തിന്റെ trend . ഇങ്ങനെയുള്ള ഇക്കാലത്തു മറ്റൊരാളെ ട്രോളാതെ ജീവിക്കാൻ പരിശീലിക്കുക. ഒരാളെ അപമാനിക്കാതിരിക്കാൻ പറ്റുക നീതിയാണ്. അതു പോലെ പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് മറ്റൊരാൾ നമ്മെ അപമാനിക്കുമ്പോൾ സമചിത്തത നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നുള്ളതും.
പറച്ചിലും പ്രവർത്തിയും
1.തിരിച്ചു പറയാൻ ഏറെ ഉണ്ടെകിലും ഒരവസരത്തിൽ എങ്കിലും യൗസേപ്പിതാവിനെപോലെ നിശബ്ദത പാലിക്കുക.
2.മറ്റൊരാളെ അപമാനിക്കാവുന്ന (കളിയാക്കാവുന്ന) ഒരവസരമെങ്കിലും ബോധപ്പൂർവ്വം വേണ്ടെന്ന് വയ്ക്കുക.
മംഗളവാര്‍ത്ത നാലാം ഞായര്‍
ഉല്‍പത്തി 24:50-67, 1 സാമുവേല്‍ 1:1-18, എഫേസോസ് 5:5-21, മത്തായി 1:18-24
ഡിസംബര്‍ വിപ്ലവം
"ചരിത്രത്തിലെ ഏറ്റവും വിഖ്യാതരായ പ്രണയജോഡികള്‍ ആരെല്ലാമാണ്? ''
"ആദം - ഹവ്വാ, അബ്രാഹം - സാറ, ഇസഹാക്ക് - റബേക്ക, യാക്കോബ് - റാഹേല്‍, ഉത്തമഗീതത്തിലെ പേരില്ലാത്ത പ്രണയിനികൾ , ശകുന്തള - ദുഷ്യന്തന്‍, സീത- രാമന്‍, ജൂലിയറ്റ് - റോമിയോ, കറുത്തമ്മ - പരീക്കുട്ടി എന്നു തുടങ്ങി നാട്ടിന്‍പുറത്തെ ശാലീനമുഖമുള്ള പെങ്കൊച്ചും കാല്‍പനികമുഖമുള്ള ചെക്കനും വരെ പട്ടികയില്‍ വരും! "
" ഉത്തരം ഭാഗികമായി ശരിയാണ് "
"ഭാഗികമായ തെറ്റ് എന്താണ് ? "
"ചോദ്യം എന്തായിരുന്നു? "
"ചരിത്രത്തിലെ ഏറ്റവും വിഖ്യാതരായ പ്രണയജോഡികള്‍ ആരെല്ലാമാണ്? ''
'' പക്ഷേ പറഞ്ഞതു മുഴുവന്‍ മനുഷ്യരുടെ മാത്രം കാര്യമല്ലേ? "
"അതല്ലേ ഉദ്ദേശിച്ചതും ചോദിച്ചതും? "
"അങ്ങനെ ഒരു ധ്വനി ചോദ്യത്തില്‍ ഉണ്ടായിരുന്നോ? ചരിത്രം ആരുടേതാണ്? "
"മനുഷ്യന്റെ ചരിത്രമല്ലേ ഉദ്ദേശിച്ചത്? "
"ചരിത്രം മനുഷ്യന്റേതുമാത്രമാണോ? His Story അല്ലേ ഹിസ്റ്ററി? ചരിത്രം അവന്റെ കഥയാണ്. അവന്‍, അവനിലൂടെ, അവനില്‍ത്തന്നെ, അവനുവേണ്ടി രചിച്ച കഥയും കവിതയുമാണ് ചരിത്രം! അവന്‍ ആരാണ് എന്നതാണ് അപ്പോള്‍ ഉയരുന്ന സ്വാഭാവികമായ ചോദ്യം. അവന്‍ ആരാണ് ? "
"ദൈവം എന്നതാണ് നിങ്ങള്‍ ആഗ്രഹിക്കുന്ന ഉത്തരമെന്നറിയാം ! "
"അതാണല്ലോ സത്യവും ശരിയും! സത്യത്തെയും ശരിയെയും സ്നേഹിക്കുന്ന എല്ലാവരും പറയേണ്ട സത്യസന്ധവും ശരിയായതുമായ ഉത്തരം അതാണ്. ചരിത്രം ദൈവത്തിന്റേതാണ്. ചരിത്രം മാത്രമല്ല, സര്‍വ്വതും ദൈവത്തിന്റേതാണ്. പൗലോസ് അപ്പസ്തോലന്‍ അരെയോപ്പാഗസില്‍ ചെയ്ത് ഉജ്വലമായ പ്രസംഗം ഓര്‍മ്മിക്കുന്നില്ലേ? 'ആഥന്‍സ് നിവാസികളെ, എല്ലാ വിധത്തിലും മതനിഷ്ഠയുള്ളവരാണ് നിങ്ങള്‍ എന്നു ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചു തന്നെയാണ് ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്. പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വസിക്കുന്നത്. അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളില്‍നിന്ന് അവിടുന്ന് ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടുന്ന് തന്നെയാണ് എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സകലതും പ്രദാനം ചെയ്യുന്നത്. ഭൂമുഖം മുഴുവന്‍ വ്യാപിച്ചു വസിക്കാന്‍ വേണ്ടി അവിടുന്ന് ഒരുവനില്‍നിന്ന് എല്ലാ ജനപദങ്ങളെയും സൃഷ്ടിച്ചു. അവര്‍ക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചു കൊടുത്തു. ഇത് അവർ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്. എങ്കിലും അവിടുന്ന് നമ്മിലാരിലും നിന്ന് അകലെയല്ല. എന്തെന്നാല്‍, അവിടുന്നില്‍ നാം ജീവിക്കുന്നു ; ചരിക്കുന്നു ; നിലനില്‍ക്കുന്നു. നാം അവിടുത്തെ സന്താനങ്ങളാണ് എന്ന് നിങ്ങളുടെ തന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ടല്ലോ'
(അപ്പ. പ്രവ. 17:22-28). ഇതാണ് ഹിസ്റ്ററി എന്നും അവന്റെ കഥ എന്നുമൊക്കെ വിവക്ഷിക്കപ്പെടുന്ന ചരിത്രത്തിന്റെ ഒരു സംക്ഷിപ്തവിവരണം "
"അല്ല! ഈ തത്വവിചാരവും ചോദ്യവുമായി എന്താണ് ബന്ധം? "
" ഓ! അതു പറയാം. ചരിത്രം അവന്റെയാണെന്ന് വ്യക്തമായല്ലോ. ചരിത്രം മാത്രമല്ല, വര്‍ത്തമാനവും ഭാവിയുമുള്‍പ്പെടെ സര്‍വ്വതും അവന്റെയാണ്. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ യുഗങ്ങളെല്ലാം അവന്റെയാണ്. അവന്റെയായതിന് ശേഷമാണ് ചരിത്രമുള്‍പ്പെടെ എല്ലാം നമ്മുടേതായത്. മനുഷ്യന് മാത്രമല്ലല്ലോ ചരിത്രമുള്ളത്. സര്‍വ്വജീവജാലങ്ങള്‍ക്കും ചരിത്രമുണ്ട്. പൂവിനും പൂമ്പാറ്റയ്ക്കും ഷഡ്പദങ്ങള്‍ക്കുമെല്ലാം ചരിത്രമുണ്ട്. പൂവിന്റെ ചരിത്രം രേണുവിലും പൂമ്പാറ്റയുടെ ചരിത്രം പുഴുവിലും ലീനമായിരിക്കുന്നതുപോലെ മനുഷ്യരുടെ ചരിത്രം ദൈവത്തില്‍ ലീനമായിരിക്കുന്നു. ശിലായുഗ മനുഷ്യന്‍ മുതല്‍ യുഗാന്ത്യത്തിൽ പിറക്കാനിരിക്കുന്ന അവസാന മനുഷ്യന്‍ വരെയുള്ള സര്‍വ്വ മനുഷ്യരുടെയും ചരിത്രത്തിന്റെ വേരുകള്‍ ദൈവത്തിലാണ് "
"അല്ല! താങ്കള്‍ ഇപ്പോഴും താങ്കള്‍ തന്നെ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറഞ്ഞില്ല! "
"അതാണല്ലോ പറഞ്ഞുവരുന്നത്! ചരിത്രത്തിലെ ഏറ്റവും മികച്ച പ്രണയജോഡി ദൈവവും മനുഷ്യനുമാണ്! അഥവാ അവനും നമ്മളുമാണ്. ആ പ്രണയത്തിന്റെ നിത്യഹരിതമായ അടയാളമാണ് ബെത്ലെഹെമിലെ പുല്‍ത്തൊട്ടി. നോക്കൂ, ആദ്യപാപത്തിന്റെ അനന്തരഫലങ്ങള്‍ എന്തൊക്കെയാണെന്ന് ഓര്‍ക്കുന്നില്ലേ? "
"ലജ്ജ, ഭയം, വേദനയോടെയുള്ള പ്രസവം, മണ്ണിലെ കഠിനാദ്ധ്വാനം , പാപത്തോടുള്ള അഭിനിവേശം , സര്‍വ്വോപരി മരണം. ഉടുതുണി കിട്ടിയതുമാത്രമാണ് ആകെയുള്ള മെച്ചം ! ''
"ഇതൊന്നുമല്ല! ദൈവവുമായുള്ള അകല്‍ച്ചയാണ് ആദ്യ പാപത്തിന്റെ ഏറ്റവും കയ്പേറിയ അനന്തരഫലം. സ്വാതന്ത്ര്യത്തോടും സ്നേഹത്തോടും കൂടി ഏറ്റവും അടുത്തായിരിക്കാൻ ദൈവം ആരെ സൃഷ്ടിച്ചുവോ അവര്‍ ദൈവത്തില്‍ നിന്ന് ഏറ്റവും അകലെയായി. മനുഷ്യന്റെ പാപം മനുഷ്യനേക്കാളേറെ വേദനിപ്പിച്ചത് ദൈവത്തെയാണ്. മനുഷ്യനേക്കാള്‍ നഷ്ടബോധം ഉണ്ടായത് ദൈവത്തിനാണ്. ആ വേദനകള്‍ക്കും നഷ്ടബോധത്തിനുമുള്ള ഉത്തരമാണ് ബെത്ലെഹെമിലെ പുല്‍ത്തൊട്ടി. മനുഷ്യനെ എന്നെന്നേയ്ക്കുമായി നഷ്ടപ്പെടാതിരിക്കാനാണ് ദൈവം മനുഷ്യനായത്. ദൈവത്തിന് അഗാധമായ മറവിയും അപാരമായ ഓര്‍മ്മയുമാണ് ! മനുഷ്യന്‍ തന്നോട് ചെയ്തതു മുഴുവനും അവിടുന്ന് മറന്നുപോകുന്നു. സ്നേഹത്താല്‍ ഗ്രസിക്കപ്പെട്ട ഒരു സ്മൃതിനാശം! മനുഷ്യന്റെ പ്രവൃത്തിദോഷങ്ങൾ മറക്കുന്നെങ്കിലും മനുഷ്യനെ അവിടുന്ന് എപ്പോഴും ഓര്‍മ്മിക്കുന്നു. സ്നേഹത്താല്‍ ഗ്രസിക്കപ്പെട്ട ഒരു സ്മൃതിസമൃദ്ധി! ബെത്ലെഹെമിലെ പുല്‍ത്തൊട്ടി ദൈവത്തിന്റെ മറവിയുടെയും ഓര്‍മ്മയുടെയും നിത്യസ്മാരകമാണ്. അജ്ഞാത ദേവനെക്കുറിച്ച് അപ്പസ്തോലന്‍ പറഞ്ഞല്ലോ ?പണ്ടു മുതലേ മനുഷ്യര്‍ കാത്തിരുന്ന ആ അജ്ഞാതദേവനാണ് പുല്‍ത്തൊട്ടിയില്‍ കാണപ്പെട്ടത്. പ്രവചനങ്ങളും പ്രതീക്ഷകളുമായി പ്രവാചകർ കാത്തിരുന്നത് ഈ അജ്ഞാതദേവനുവേണ്ടിയാണ്. 'യുഗങ്ങളുടെയും തലമുറകളുടെയും ആരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന രഹസ്യം' (കൊളോ. 1:26) ഈ അജ്ഞാതദേവനെക്കുറിച്ചുളളതാണ്. എന്നാല്‍, ഇപ്പോള്‍ അവന്‍ അജ്ഞാതനല്ല, അവന് പേരുണ്ട്. 'അവള്‍ ഒരു പുത്രനെ പ്രസവിക്കും ; നീ അവന് യേശു എന്ന് പേരിടണം. എന്തെന്നാല്‍, അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും ' എന്ന് കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനോടും 'നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം' എന്ന് ഗബ്രിയേല്‍ ദൂതന്‍ മറിയത്തോടും പറയുന്നുണ്ടല്ലോ. അരെയോപ്പാഗസിലെ പ്രസംഗം അപ്പസ്തോലന്‍ ഉപസംഹരിക്കുന്ന വാചകങ്ങള്‍ ശ്രദ്ധയമാണ്. 'അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു. എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട് ' ( 17: 30,31). ആ മനുഷ്യന്റെ - അജ്ഞാതദേവന്റെ നാമമാണ് യേശുക്രിസ്തു. എല്ലാ നാവുകളും പ്രകീര്‍ത്തിക്കുന്നത് ആ നാമത്തെയാണ്. എല്ലാ മുട്ടുകളും മടങ്ങുന്നത് ആ നാമത്തിന് മുമ്പിലാണ്. ദൈവമില്ലെന്ന് വിശ്വസിച്ച് ജീവിക്കുന്നവർ പോലും ഒരർത്ഥത്തിൽ അജ്ഞാതദേവനെ ന്നോണം ആരാധിക്കുന്നത് യേശുക്രിസ്തുവിനെയാണ് ! പാപങ്ങള്‍ മോചിക്കുന്ന ദൈവത്തിന്റെ പേരാണ് യേശുക്രിസ്തു. ലോകത്തെ മുഴുവനും നീതിയോടെ വിധിക്കുന്ന ദൈവത്തിന്റെ പേരാണ് യേശുക്രിസ്തു. മനുഷ്യനെ രക്ഷിക്കാന്‍ ദൈവം മനുഷ്യനായി നിയോഗിച്ച ദൈവത്തിന്റെ പേരാണ് യേശുക്രിസ്തു. അതായത്, പുല്‍ത്തൊട്ടിയില്‍ കാണപ്പെട്ടത് ഓമത്തമുള്ള ഒരു ദിവ്യശിശു മാത്രമല്ല ; ക്രൂശിതനും ഉത്ഥിതനും കൂടിയാണ്. സൂക്ഷിച്ചുവീക്ഷിച്ചാല്‍ ബെത്ലെഹെമിലെപുല്‍ത്തൊട്ടിയില്‍ ഗാഗുല്‍ത്തായിലെ കാല്‍വരിയും തോട്ടത്തിലെ ശൂന്യമായ കല്ലറയും കാണാം. സെഹിയോനിലെ മാളികമുറിയും ലോകത്തിലെ എല്ലാ അള്‍ത്താരകളിലെയും ബലിപീഠങ്ങളും കാണാം. എല്ലാം ഒറ്റ 'പാക്കേജ് ' ആണെന്ന് സാരം! "
" അപ്പോള്‍ ആദ്യപാപം ഫലത്തില്‍ മനുഷ്യവംശത്തിനു നേട്ടമായെന്നു ചുരുക്കം! "
"നിശ്ചയമായും! 'നമുക്ക് പറുദീസ നഷ്ടപ്പെട്ടെങ്കിലും സ്വര്‍ഗ്ഗരാജ്യം കിട്ടി. അതിനാല്‍ ലാഭം നഷ്ടത്തേക്കാള്‍ വലുതാണ് ' എന്ന് വിശുദ്ധ ക്രിസോസ്റ്റം പഠിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ മനുഷ്യാവതാരം കൊണ്ട് ലാഭവും നേട്ടവുമുണ്ടായത് മനുഷ്യവംശത്തിനാണ്. എന്താണ് യേശു സംഭവത്തിന്റെ സത്തയും സാരവും? ' പാപം ചെയ്യുന്നവന്‍ സ്വന്തം ജീവന്റെ ശത്രുവാണ് 'എന്ന് ഏഴു വിശുദ്ധ ദൂതന്മാരില്‍ ഒരുവനായ റഫായേല്‍ തോബിതിനോടും തോബിയാസിനോടും പറയുന്നുണ്ട് (തോബിത് 12:10). അങ്ങനെയെങ്കില്‍ പാപം ചെയ്യുക വഴി സര്‍വ്വമനുഷ്യരും സ്വന്തം ജീവന്റെ ശത്രുക്കളായി മാറി. 'പാപത്തിന്റെ വേതനം മരണമാണ് ' എന്ന് അറിയാമല്ലോ (റോമാ 6:22). ചെയ്യുന്ന തെറ്റിനൊക്കെ അപ്പപ്പോള്‍ ശിക്ഷ ലഭിച്ചിരുന്നെങ്കില്‍ മനുഷ്യവംശം ഈ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല. തെറ്റ് ചെയ്താല്‍ ശിക്ഷ അനുഭവിക്കണം എന്നത് കേവലനീതിയാണല്ലോ. ഈ തത്വം ദൈവം അനുവര്‍ത്തിച്ചാല്‍ എല്ലാ മനുഷ്യരും നാശമടയും. മനുഷ്യന്റെ തിന്മകളുടെ ഏറ്റവും വേദനാജനകമായ അത്യന്തികഫലം നിത്യനാശമാണ്. സ്വയംകൃതാനര്‍ത്ഥ മായ ഈ ശിക്ഷയില്‍ നിന്ന് മനുഷ്യന് തന്നെത്തന്നെ രക്ഷിക്കാനാവില്ല. അതിനാല്‍ തനിക്കു പുറമെയുള്ള ഒരു രക്ഷകനെ മനുഷ്യന് ആവശ്യമായി വന്നു. ആ രക്ഷകനാണ് യേശുക്രിസ്തു. പാപത്തിന് ആനുപാതികമായ ശിക്ഷ എന്ന കേവലനീതി നിറവേറ്റപ്പെടുമ്പോഴും മനുഷ്യന്റെ നിത്യരക്ഷയും നിത്യജീവനും ഉറപ്പാക്കാനായി ദൈവം വിഭാവനം ചെയ്ത രക്ഷാകരപദ്ധതിയാണ് മനുഷ്യാവതാരം അഥവാ യേശുസംഭവം. 'ശരീരത്താല്‍ ബലഹീനമാക്കപ്പെട്ട നിയമത്തിന് അസാധ്യമായത് ദൈവം ചെയ്തു. അവിടുന്ന് തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു ' എന്ന് (റോമ 8:3) പൗലോസ് അപ്പസ്തോലന്‍ രക്ഷാകരപ്രക്രിയയെ ഒന്നാകെ സംഗ്രഹിക്കുന്നുണ്ട്. എത്ര സൂക്ഷ്മതയോടും കൃത്യതയോടും കൂടിയാണ് ദൈവം രക്ഷാകരപദ്ധതി 'ഗൂഢാലോചന' ചെയ്ത് നടപ്പാക്കിയത്! "
"ദൈവം ഗൂഢാലോചന നടത്തിയെന്നോ?"
" അതെ. ഒരര്‍ത്ഥത്തില്‍, മനുഷ്യനെ രക്ഷിക്കാന്‍ ദൈവം ഗൂഢാലോചന നടത്തുകയായിരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവം ഗൂഢമായും ഗാഢമായും ആലോചിച്ച് നടപ്പാക്കിയതാണ് രക്ഷാകരപദ്ധതി. Decembrist എന്നൊരു പദമുണ്ട്. one of those who took part in the Russian conspiracy of December 1825 എന്നാണ് ആ വാക്കിൻ്റെ അർത്ഥ വിശദീകരണം. റഷ്യയില്‍ 1825 ഡിസംബറില്‍ സാര്‍വാഴ്ചയ്ക്കെതിരായി നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്ത ഒരാളാണ് ഡിസംബ്രിസ്റ്റ്. ദൈവവവും ഒരര്‍ത്ഥത്തില്‍ ഡിസംബ്രിസ്റ്റാണ്. കാരണം ഗൂഢാലോചന നടത്തി തയ്യാറാക്കിയ രക്ഷാകരപദ്ധതി അവിടുന്ന് സാക്ഷാത്കരിച്ചത് ഡിസംബറിലാണ്. ഡിസംബറിലെ ഒരു രാത്രിയിലൂടെ മനുഷ്യവംശത്തിന്റെ നിത്യമായ രാത്രികളെ അവിടുന്ന് നീക്കിക്കളഞ്ഞു. ഡിസംബറിലെ ഒരു രാത്രിയിലൂടെ മനുഷ്യവംശത്തെ നിത്യമായി അവിടുന്ന് വിമോചിപ്പിച്ചു. ഇനിമേല്‍ ദൈവം അജ്ഞാതനല്ല ; അവിടുത്തേക്ക് ഒരു പേരുണ്ട് - രക്ഷകനായ യേശുക്രിസ്തു! ഇനിമേല്‍ ദൈവം അകലെയല്ല ; അവിടുന്ന് നമ്മിലൊരുവനായി നമ്മോടുകൂടെയുണ്ട് - എമ്മാനുവേല്‍! ഇതാണ് യഥാര്‍ത്ഥ ഡിസംബര്‍ വിപ്ലവം. വിപ്ലവം എന്ന വാക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട അര്‍ത്ഥം സമൂലപരിവര്‍ത്തനം അഥവാ മാറ്റം എന്നാണ്. ദൈവം നടപ്പാക്കിയ ഡിസംബര്‍ വിപ്ലവത്തിലൂടെ മനുഷ്യകുലത്തിന്റെ ജീവിതഗതി അപ്പാടെ മാറിപ്പോയി. ദൈവത്തിന്റെ ഈ സ്നേഹവിപ്ലവത്തിന്റെ പേരാണ് ക്രിസ്തുജനനോത്സവം അഥവാ ക്രിസ്മസ്. ഈ വിപ്ലവത്തിന്റെ പ്രഭവകേന്ദ്രമാണ് ബെത്ലെഹെമിലെ പുല്‍ത്തൊട്ടി. ഈ വിപ്ലവത്തിന്റെ സാരസംഗ്രഹം ഇതാണ് : നാമെല്ലാവരും ഒരു പിതാവിന്റെ മക്കളാണ്. അതിനാല്‍ത്തന്നെ സഹോദരങ്ങളുമാണ്. എല്ലാ മനുഷ്യരും 'രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത് ' (1 തിമോത്തി 2:4). അതിനുള്ള ഉപാധിയും മാര്‍ഗ്ഗവുമാണ് രക്ഷകനായ യേശുക്രിസ്തു. 'തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണ്ണമായി രക്ഷിക്കാന്‍ അവനു കഴിവുള്ളതിനാല്‍' (ഹെബ്രായര്‍ 7:25) സര്‍വ്വമനുഷ്യരും അവനിലൂടെ രക്ഷിക്കപ്പെടാന്‍ ദൈവം അവനെ നമുക്ക് ദൈവവും മനുഷ്യനുമായി നല്‍കിയിരിക്കുന്നു. ഇതാണ് നമ്മുടെ ആനന്ദത്തിന്റെയും പ്രത്യാശയുടെയും അടിസ്ഥാനകാരണം. ക്രിസ്തുമസും ഈസ്റ്ററുമെല്ലാം ഈ ആനന്ദത്തിന്റെയും പ്രത്യാശയുടെയും വിളംബരമാണ്. ഉത്സവവേളകളില്‍ മനുഷ്യര്‍ കൂടുതല്‍ ആഹ്ലാദമുള്ളവരായി കാണപ്പെടാറുണ്ടല്ലോ. ക്രിസ്തുമസ് വേളയിലെ ആഹ്ലാദത്തെ അപഗ്രഥിച്ചു നോക്കൂ. പാപമോചകനും ജീവദായകനുമായ രക്ഷകനെ ലഭിച്ചതിലുള്ള ആഹ്ലാദമാണോ നമുക്കുള്ളത്? ആത്മാവിന്റെ രാത്രികള്‍ എന്നെന്നേയ്ക്കുമായി പോയ്മറഞ്ഞതിന്റെയും നിത്യമായ പകല്‍ വന്നുചേര്‍ന്നതിന്റെയും ആഹ്ലാദമാണോ? പറുദീസ വീണ്ടെടുക്കപ്പെട്ടതിന്റെ ആഹ്ലാദമാണോ? അതോ ലാഭവും നേട്ടവും മാത്രം കൊതിക്കുന്ന വിപണിയുടെ ആഹ്ലാദമാണോ? പുറത്തെ ഇന്ദ്രിയങ്ങള്‍ക്ക് സുഖാനുഭൂതി പകരുന്ന വെറുമൊരു ആഘോഷം മാത്രമായി ഡിസംബര്‍ വിപ്ലവം അധഃപതിക്കാതിരിക്കട്ടെ. അകത്തെ ഇന്ദ്രിയമായ ഹൃദയത്തിൽ അവിടുന്ന് വന്ന് പിറക്കുകയും ഹൃദയേശ്വരനായി വാഴുകയും ചെയ്യട്ടെ. യുദ്ധങ്ങളൊക്കെ നിത്യമായി നിലയ്ക്കട്ടെ. തകര്‍ന്നുപോയ സ്നേഹബന്ധങ്ങളുടെ പുല്‍ത്തൊട്ടികളൊക്കെയും പുനരുദ്ധരിക്കപ്പെടട്ടെ. അറിയാത്തതിനെ ആരാധിക്കുകയും ആരാധിക്കുന്നതിനെ അറിയാതിരിക്കുകയും ചെയ്യുന്ന ദുരന്തം ആർക്കും സംഭവിക്കാതിരിക്കട്ടെ. നിങ്ങള്‍ കാത്തിരുന്ന ആ അജ്ഞാതദേവനാണ് ഞങ്ങള്‍ ജീവിക്കുന്ന യേശുക്രിസ്തു എന്ന് എല്ലാ ക്രിസ്ത്യാനികള്‍ക്കും ലോകത്തിലെ മുഴുവന്‍ മനുഷ്യരോടും പറയാനാകട്ടെ. സര്‍വ്വമനുഷ്യരുടെയും മേല്‍ ക്രിസ്തു പ്രകാശിക്കട്ടെ! ക്രിസ്തുജനനോത്സവത്തിന്റെ മംഗളങ്ങള്‍ "
..................................സജീവ് പാറേക്കാട്ടില്‍
www.homilieslaity.com
മംഗളവാർത്താക്കാലം -ഞായർ 4
മത്താ 1, 18-25
മംഗളവാർത്താ കാലത്തിലെ കഴിഞ്ഞ മൂന്ന് ഞായറാഴ്ചകളെ ഒന്ന് ഓർത്തെടുത്തുകൊണ്ട് ഇന്നത്തെ സുവിശേഷ വിചിന്തനം നമുക്ക് തുടങ്ങാം. സുവിശേഷങ്ങളിലെ വ്യക്തികളിലൂടെ, സംഭവങ്ങളിലൂടെ ക്രിസ്തുമസിന് തിരുസ്സഭ നമ്മെ ഒരുക്കുന്ന മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച ജീവിതത്തിലെ, സംഭവങ്ങളിലൂടെ, പ്രാർത്ഥനയിലൂടെ, വ്യക്തികളിലൂടെ ദൈവം വെളിപ്പെടുത്തുന്നവയെ ദൈവഹിതമായി കാണുവാൻ സാധിക്കാതെ മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ ഇതാ കർത്താവിന്റെ ദാസി എന്നും പറഞ്ഞ് സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തി തന്നത്. മൂന്നാം ഞായറാഴ്ച ദൈവഹിതമനുസരിച്ച് കുഞ്ഞിന് യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്ന പുരോഹിതനായ സഖറിയായെയും, ഭാര്യ എലിസബത്തിനെയുമാണ് നാം കണ്ടത്. ക്രിസ്തുമസിന് തൊട്ടു മുൻപുള്ള ഈ നാലാം ഞായറാഴ്ച സുവിശേഷം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്, ഒരു challenge എന്നവണ്ണം നമ്മുടെ മുൻപിൽ നിർത്തുന്നത് വിശുദ്ധ യൗസേപ്പിനെയാണ്.
അസ്വസ്ഥനായ, തന്റെ മുൻപിലുള്ള പ്രശ്നത്തെ എങ്ങനെ തരണംചെയ്യുമെന്ന ചിന്തയിൽ ശരിയായ ഉറക്കംപോലും നഷ്ടപ്പെട്ട വിശുദ്ധ യൗസേപ്പിതാവിനെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ന് ദൈവവചനം നമ്മോട് സംവദിക്കുന്നത്. നോക്കുക! ഒരു സാധാരണ മനുഷ്യൻ! ചരിത്രം ആ മനുഷ്യന് വലിയ വലിയ പേരുകളോ, ഡിഗ്രികളോ ഒന്നും ചാർത്തിക്കൊടുക്കുന്നില്ല. അദ്ദേഹത്തിന്റെ ചെയ്തികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നില്ല. ശാരീരീരിക സൗന്ദര്യത്തെക്കുറിച്ചോ, ജോലിയിലെ നൈപുണ്യത്തെക്കുറിച്ചോ മിണ്ടുന്നില്ല. ആ ഗ്രാമത്തിലെ ജോലിയോട് ആത്മാർത്ഥതയുള്ള, ചെറുപ്പക്കാരനായ ഒരു മരാശാരി. ആകെ അദ്ദേഹത്തെപ്പറ്റി പറയുന്നത് ദൈവത്തോട്, ജീവിതത്തോട്, കണ്ടുമുട്ടുന്നവരോട് നീതി പുലർത്തിയിരുന്ന ഒരു മനുഷ്യൻ! അത്രമാത്രം.
നമുക്കറിയാവുന്നതുപോലെ സുവിശേഷങ്ങളിൽ തെളിഞ്ഞുകാണുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ കർമധർമങ്ങൾ, ഇടിഞ്ഞു പൊളിഞ്ഞ ഇന്നത്തെ ലോകത്തിനു നൽകുന്ന പാഠങ്ങൾ നമ്മിൽ പക്ഷേ വിസ്മയം ജനിപ്പിക്കുന്നുണ്ട്! പ്രത്യേകിച്ച്, രാഷ്ട്രീയ മത നേതാക്കൾ ധാർഷ്ട്യത്തിന്റെ, മറ്റുള്ളവരെ പരിഗണിക്കാത്തതിന്റെ ചായങ്ങൾ വാരിക്കോരി അണിയുന്ന ഇക്കാലത്ത്! ദൈവ വിശ്വാസികൾ പോലും ദൈവത്തിന്റെ ഇഷ്ടം നോക്കാതെ സ്വന്തം ഹൃദയത്തിന്റെ തോന്നലുകൾക്കനുസരിച്ച് മാത്രം കോലങ്ങൾ കെട്ടുന്ന ഇക്കാലത്ത്! മറ്റുള്ളവരുടെ കുറവുകൾ, അവരിലെ തെറ്റുകൾ, അവരെക്കുറിച്ചുള്ള മുൻവിധികൾ, ആരോപണങ്ങൾ…എല്ലാം തെരുവിൽ പിച്ചിചീന്തിയെറിഞ്ഞ്, അവരെ സമൂഹത്തിന്റെ മുൻപിൽ നഗ്‌നരാക്കി നിർത്തി രസിക്കുന്ന ആളുകളുള്ള ഇക്കാലത്ത്!
എത്രയോ ഉത്കൃഷ്ടമായൊരു വ്യക്തിത്വമാണ് വിശുദ്ധന്റേത്! അത് ഭൂമിയിൽ നിറഞ്ഞു നിൽക്കുമ്പോഴും സ്വർഗത്തെ ചുംബിച്ചു നിൽക്കുകയാണ്. ഭാവനയുടെ ആകാശമല്ല, അനുഭവത്തിന്റെ കരയും കടലുമാണ് ഈ ജീവിതത്തെ തൊട്ടുതൊട്ടു നിൽക്കുന്നത്. സ്വന്തം ജീവിതലോകത്തിന്റെ പുറ്റുപൊട്ടിച്ചു അപരന്റെ ജീവിതത്തിന്റെ ഏറ്റവും സൗമ്യമായ വൈകാരികലോകത്തിലേക്കു വളരുന്ന, അപരന്റെ മാനത്തെയും അഭിമാനത്തെയും വിലമതിക്കുന്ന ഒരു വടവൃക്ഷമായി മാറുകയാണ് വിശുദ്ധ യൗസേപ്പിതാവ് ഇന്നത്തെ സുവിശേഷ ഭാഗത്ത്.
യൂ ട്യൂബിൽ (YouTube) upload ചെയ്ത വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഒരു ഗാനം ശ്രദ്ധയിൽപ്പെട്ടു. പ്രസിദ്ധമായ ഉറങ്ങുന്ന യൗസേപ്പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഒരു ഗാനം. നല്ലൊരു ഗാനമൊരുക്കുവാൻ അതിന്റെ team ശ്രമിച്ചെങ്കിലും അതിൽ പാടിയിരിക്കുന്നത് “നിദ്രാധീനനാം ഔസേപ്പേ …” എന്നാണ്. നിദ്രാദീനനാം… എന്നും എഴുതി കണ്ടു. നിദ്രയ്ക്ക് അധീനനായിപ്പോയവനോ, നിദ്രാരോഗിയോ അല്ല വിശുദ്ധ യൗസേപ്പ്. ഉറങ്ങുന്ന ഔസേപ്പിനെ നാം ബഹുമാനിക്കുന്നത് നിദ്രയിൽ (നിദ്രയിൽപ്പോലും!) ദൈവ ദർശനം ലഭിച്ചവനും, ആ ദൈവദർശനത്തിനനുസരിച്ചു പ്രവർത്തിച്ചവനുമായതുകൊണ്ടാണ്. അതാണ് അദ്ദേഹത്തിന്റെ മഹത്വം. വെറുതെ ഉറക്കം തൂങ്ങിയായ ഒരു വ്യക്തിയല്ല അദ്ദേഹം. ദൈവഹിതം മനസ്സിലാക്കിയിട്ടും, അതിനെ തട്ടിത്തെറുപ്പിച്ച് നീങ്ങുന്ന ഒരു യുവാവുമല്ല അദ്ദേഹം. ഭൂമിയിൽ ക്രിസ്തുവിന് ജന്മം നൽകുവാൻ ദൈവത്തോടോത്ത് സഹകരിച്ചവനാണ് ജോസഫ്!
ദൈവത്തിന്റെ ഇഷ്ടവും, ജീവിതത്തിന്റെ യാഥാർഥ്യവും തമ്മിലുള്ള പാരസ്പര്യത്തെ ദൈവിക പരിപാലനയുമായി കൂട്ടിച്ചേർക്കുവാനുള്ള ആർജവം കാണിക്കുന്നിടത്താണ് മനുഷ്യനിൽ ഒരു വിശുദ്ധൻ രൂപപ്പെടുന്നത്. അതാണ് ജോസഫിന്റെ ജീവിതം. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസത്തോടൊപ്പം ഒരു സാധാരണ യുവാവിന്റെ ധീരതയും, ആകാംക്ഷയും, സാഹസികതയും, സ്വപ്നങ്ങളും ഉത്കണ്ഠയുമെല്ലാം ആ ജീവിതത്തിലുണ്ട്. മണൽദൂരങ്ങളിൽ വെന്തു വെന്തു നടക്കുന്ന വേവലാതികളുടെ കാൽപ്പാടുകൾ ജോസഫിന്റെ ജീവിതത്തിലുണ്ട്. ഉരുകിയൊലിക്കുന്ന അനുഭവങ്ങളുടെ ചൂടും ചൂരും, വിയർപ്പിന്റെ ഗന്ധവും ആ ജീവിതത്തിലുണ്ട്. അധ്വാനത്തിന്റെ തഴമ്പുള്ള ആ ജീവിതത്തിനു കയ്പ്പും കണ്ണീരും കലർന്ന ഒരു രുചിയുണ്ട്. അതിലൂടെ ജീവിതത്തിന്റെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ എന്ത് സമീപനം, എന്ത് മനോഭാവം നാം സ്വീകരിക്കണമെന്ന അനുഭവത്തിന്റെ പുതിയ പാഠങ്ങൾ നമ്മുടെ മുന്നിൽ ജോസഫ് തുറന്നു വയ്ക്കുന്നുണ്ട്.
ആധുനിക യുവത്വത്തിന് ജോസഫിന്റെ മുന്നിലുള്ള പ്രശ്നം ഒരു labarynth അല്ലായിരിക്കാം. വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്ന തന്റെ ഭാവി വധു, ജീവിതപങ്കാളി, ഗർഭണിയാണെന്നറിയുമ്പോൾ ഒരു ഞെട്ടൽ ഉണ്ടാകുമെങ്കിലും ഇന്നത്തെ മനുഷ്യന് ആ പ്രശ്നം പരിഹരിക്കാൻ അധിക സമയ വേണമെന്ന് എനിക്ക് തോന്നുന്നില്ല. ഓ വിവാഹം കഴിഞ്ഞില്ലല്ലോ എന്നായിരിക്കും ആശ്വാസം! ആ വിവാഹം വേണ്ടെന്നു വയ്ക്കുക എന്ന ഏറ്റവും എളുപ്പമുള്ള തീരുമാനത്തിലെത്താൻ ഇന്നത്തെ മനുഷ്യന് അത്ര ബുദ്ധിമുട്ടുണ്ടാകയില്ല.
എന്നാൽ ജോസഫ് – വചനം പറയുന്നതിങ്ങനെയാണ്: നീതിമാനാകയാലും മറിയത്തെ സമൂഹത്തിന്റെ മുൻപിൽ അപമാനിതയാക്കാൻ മനസ്സില്ലായ്കയാലും അദ്ദേഹം അവിടെനിന്നു പിന്മാറാൻ ആലോചിച്ചു. സ്വയം പിന്മാറിക്കൊണ്ട്, ജനത്തിന്റെ മുൻപിൽ അവഹേളിതനായികൊണ്ടു മറിയത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുകയെന്ന വലിയ ത്യാഗത്തിനാണ് ജോസഫ് എന്ന ചെറുപ്പക്കാരൻ ഒരുങ്ങുന്നത്. തന്റെ ജീവിതത്തിന്റെ അനുഭവത്തിൽ ചവുട്ടി നിന്നുകൊണ്ട് മറിയത്തിന്റെ ജീവിതത്തിലേക്കും, ജീവിതത്തിന്റെ മൂല്യത്തിലേക്കും എത്തിനോക്കുകയാണ് ജോസഫ്. ആ എത്തിനോട്ടത്തിൽ ദൈവവിശ്വാസത്തിന്റെ കിരണങ്ങളുണ്ട്. അതിൽ പ്രണയവും വിരഹവുമുണ്ട്. സൗഹൃദവും സഹാനുഭൂതിയുമുണ്ട്. സ്നേഹവും, കാത്തിരിപ്പും, കരുതലുമുണ്ട്.
സ്നേഹമുള്ളവരേ, സ്വന്തം കണ്ണീരിന്റെ വിത്തുകൾ ജീവിതത്തിന്റെ അൾത്താരയിൽ വീണു പൊട്ടിമുളയ്ക്കുന്നതു കാണുമ്പോൾ ഏതു ദൈവമാണ് ആ വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്നുവരാതിരിക്കുക? ജോസഫിന്റെ ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലുണ്ടാകുകയാണ്. എന്തുകൊണ്ട്? യൗസേപ്പ് നിലപാടുകളുടെ മനുഷ്യനായതുകൊണ്ട്. ദൈവത്തിൽ ഉറച്ച വിശ്വാസമുള്ള അദ്ദേഹത്തിന് ദൈവം തന്നെ സഹായിക്കുമെന്നത് അദ്ദേഹം സ്വീകരിച്ച നിലപാടായിരുന്നു. അദ്ദേഹം നീതിമാനായിരുന്നു. ഓരോരുത്തർക്കും അർഹതപ്പെട്ടത് കൊടുക്കുക, എനിക്ക് അർഹതപ്പെട്ടതുമാത്രം ഞാൻ സ്വീകരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. എല്ലാവരെയും ബഹുമാനിക്കണം, ആരെയും അപമാനിക്കാതിരിക്കുക, എന്റെ വാക്കോ, സംസാരമോ, പ്രവൃത്തിയോ വഴി ആരെയും വേദനിപ്പിക്കാതിരിക്കുകയെന്നതായിരുന്നു ജോസഫിന്റെ നിലപാട്. ഇങ്ങനെ നല്ല നിലപാടുകളുടെ ഒരു മനുഷ്യൻ ജീവിതപ്രശ്നംകൊണ്ടു രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു വിഷമിക്കുന്നത് കാണുമ്പോൾ ഏതു ദൈവമാണ് പ്രിയപ്പെട്ടവരേ, അവളുടെ/അവന്റെ മുൻപിൽ പ്രത്യക്ഷപ്പെടാതിരിക്കുക!
ദൈവം പ്രത്യക്ഷപ്പെടുകതന്നെ ചെയ്തു. തന്റെ ജീവിത പ്രശ്നം പരിഹരിക്കുവാൻ ജോസഫിന് വെളിച്ചം കിട്ടി. ശരിയായിരിക്കാം, സഖറിയാസിന്റെ മുൻപിൽ ദൂതൻ പ്രത്യക്ഷപ്പെട്ടപ്പോലെ, മറിയത്തിന്റെ മുൻപിൽ ദൈവ ദൂതൻ വന്നപോലെ ജോസഫിന്റെ മുൻപിൽ എന്തുകൊണ്ട് ദൈവദൂതൻ വന്നില്ലായെന്നൊരു ചോദ്യം വേണമെങ്കിൽ ഇവിടെ ഉന്നയിക്കാം. എന്തുകൊണ്ട് ദൈവത്തിന്റെ ദർശനം ഒരു സ്വപ്നത്തിൽ ഒതുക്കി എന്നും ചിന്തിക്കാം. ഒരു കുഞ്ഞു മാലാഖയെയെങ്കിലും നേരിട്ട് അയയ്ക്കാമായിരുന്നുവെന്നും വാദിക്കാം. പക്ഷെ, ജോസഫിന് അത് ധാരാളമായിരുന്നു. സ്വപനത്തിൽ കാണിച്ചു തന്ന വഴി, ദൈവത്തിന്റെ വഴിതന്നെയാണെന്നു വിശ്വസിക്കുവാൻ കുഞ്ഞുന്നാളിൽ പഠിച്ച വേദപാഠം അധികമായിരുന്നു ജോസഫിന്. മറിയത്തിന്റെ ഭാഗത്തു നിന്ന് കൂടി ജീവിതത്തിലെ ഈ പ്രശ്നത്തെ നോക്കിക്കാണുവാൻ ജോസഫ് ശ്രമിക്കുകയാണ്. വചനം പറയുന്നു: “ജോസഫ് നിദ്രയിൽ നിന്നുണർന്ന് കർത്താവിന്റെ ദൂതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു. അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.” (മത്താ 1, 24) ജോസഫിന് മനസ്സിലായി താനറിയാതെ തന്നെ ദൈവത്തിന്റെ മനോഭാവം, അപരനെ മനസിലാക്കേണ്ട മനോഭാവം, കാരുണ്യത്താൽ നിറയുന്ന ഹൃദയം തന്റെ ഉള്ളിൽ പാകപ്പെടുന്നുവെന്ന്.
സ്നേഹമുള്ളവരേ, ദൈവത്തിൽ, ദൈവപരിപാലനയിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ജോസഫെന്ന പുസ്തകം അടയാളപ്പെടുത്തിവയ്ക്കുന്ന പലതും ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. പക്ഷേ, ജോസഫിന്റെ ദൈവത്തിലുള്ള വിശ്വാസം, ദൈവ ഹിതത്തിനോടുള്ള വിധേയത്വം, സ്വന്തം ജീവിതത്തെയും, ജീവിത താത്പര്യങ്ങളെയും, സത്‌പേരിനെപ്പോലും മറ്റുള്ളവരുടെ ജീവിത മഹത്വത്തിനായി മാറ്റിവയ്ക്കുവാൻ ജോസഫ് കാണിക്കുന്ന വ്യക്തിത്വ മാഹാത്മ്യം, അതുവഴിയുണ്ടാകുന്ന പ്രശ്നങ്ങളെ ദൈവ പരിപാലനയുടെ വെളിച്ചത്തിൽ കാണുവാനുള്ള വിശ്വാസതീക്ഷ്ണത – ഇവയെല്ലാം ഇന്നത്തെ മാത്രമല്ല, എന്നത്തേയും തലമുറ ജോസഫിന്റെ ജീവിതത്തിൽ നിന്ന് കൊത്തിപ്പെറുക്കിയെടുക്കേണ്ട മൂല്യങ്ങളാണ്. അല്ലെങ്കിൽ നമുക്ക് നമ്മിലെ ക്രിസ്തുവിനെ വളർത്തിയെടുക്കുവാൻ, നമ്മുടെ സഭയെ സംരക്ഷിക്കുവാൻ, നമ്മുടെ കുഞ്ഞുങ്ങളെ വിശ്വാസത്തിന്റെ പാതയിൽ വളർത്തുവാൻ ചിലപ്പോൾ സാധിച്ചില്ലെന്നുവരും!
സാമൂഹ്യ സാമ്പർക്ക മാധ്യമങ്ങൾ അരങ്ങുതകർക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ മനുഷ്യനും അവളുടെ / അവന്റെ മാനത്തിനും അഭിമാനത്തിനും ഒരു വിലയുമില്ലാതായി പോകുന്നു. അപരനെ സമൂഹത്തിന്റെ മുൻപിൽ വിവസ്ത്രമാക്കിക്കൊണ്ട്, അവളെ /അവനെ അപമാനിച്ചുകൊണ്ടു അപരന്റെ നഗ്നതയെ ആഘോഷമാക്കുന്ന വന്യമായ ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. ആരുടെയെങ്കിലും ജീവിതത്തിൽ, കുടുംബത്തിൽ ഒരു ദുരന്തമുണ്ടായാൽ, ആരെങ്കിലും ഒരു തെറ്റ് ചെയ്‌താൽ, അത് എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തത് എന്ന് ചിന്തിക്കാതെ, അയാളുടെ ഭാഗത്തു നിന്ന് ചിന്തിക്കാൻ ശ്രമിക്കാതെ ആ വ്യക്തിയെ കുറ്റക്കാരനായി മുദ്രകുത്താൻ, ആ വ്യക്തയുടെ ജീവിതം തെരുവിൽ നഗ്നമാക്കിക്കൊണ്ടു നശിപ്പിക്കുവാൻ എന്തൊരു ഉത്സാഹമാണ് നാമടങ്ങുന്ന ഇന്നത്തെ സമൂഹത്തിന്!
ഈയിടെ എന്റെ കണ്ണുകളെ നനയിപ്പിച്ച ഒരു ഷോർട്ട് ഫിലിം കാണുകയുണ്ടായി. അതിലെ പ്രമേയത്തിന്റെ പ്രത്യേകതകൊണ്ടാണോ, അവതരണത്തിന്റെ ഒതുക്കം കൊണ്ടാണോ എന്തോ, എനിക്ക് ആ ഷോർട്ട് ഫിലിം ഏറെ ഇഷ്ടപ്പെട്ടു. കഥയിങ്ങനെയാണ്: പത്തു വയസ്സ് പ്രായമുള്ള ഒരു കുട്ടി. അവൻ എന്നും സ്കൂളിൽ വൈകിയാണ് എത്തുന്നത്. അവൻ ക്ലാസ് റൂമിന്റെ വാതിലിൽ മുട്ടുന്നു, ടീച്ചർ come in പറയുന്നു. അവൻ അകത്തേക്ക് ചെല്ലുമ്പോൾ ടീച്ചർ അവനെ ശകാരിക്കുന്നു. ടീച്ചർക്ക് അവനോടു വല്ലാത്ത ദേഷ്യം തോന്നുകയാണ്. ടീച്ചർ അവനോട് കൈ നീട്ടാൻ പറയുന്നു, സ്കെയിൽ കൊണ്ട് അവനെ അടിക്കുന്നു. സ്കെയിൽ കൊണ്ട് തന്നെ തലയിൽ തട്ടിക്കൊണ്ട് പോയി ഇരിക്കാൻ പറയുന്നു. രണ്ടു മൂന്നു ദിവസം ഇതേ കാര്യം തുടരുന്നുണ്ട്. അടുത്ത ദിവസം, തന്റെ സൈക്കിളിൽ സ്കൂളിലേക്ക് പോകുന്ന വഴിയേ ടീച്ചർ ഈ കുട്ടിയെ വഴിയിൽ വച്ച് കാണുകയാണ്. അവൻ അവന്റെ അപ്പച്ചനെ വീൽ ചെയറിൽ ഇരുത്തി കെയർ ഹോമിലേക്ക് കൊണ്ടുപോകുകയാണ്. ടീച്ചറിന്റെ മുഖത്ത് ആകാംക്ഷയും, ഒപ്പം പശ്ചാത്താപവും നിഴലിക്കുന്നുണ്ട്. അദ്ദേഹം സ്കൂളിലേക്ക് പോകുന്നു. പതിവുപോലെ കുട്ടി വൈകി സ്കൂളിലെത്തുകയാണ്. വാതിലിൽ മുട്ടി അകത്തേക്ക് കയറിയ കുട്ടി തലകുനിച്ചു നിന്നിട്ടു ടീച്ചറിന്റെ മുൻപിലേക്ക്, ഉള്ളിൽ തികട്ടി വന്ന ദുഃഖം കടിച്ചമർത്തി കൈ നീട്ടുകയാണ്. അവനറിയാമല്ലോ തനിക്കുള്ള ശിക്ഷ എന്താണെന്ന്. എന്നാൽ അദ്ധ്യാപകൻ വളരെ പതുക്കെ സ്കെയിൽ ആ കുട്ടിയുടെ കൈയ്യിൽ വച്ചു. ശിക്ഷ വൈകുന്നതും, കയ്യിൽ സ്കെയിൽ വന്നതും കണ്ട കുട്ടി ടീച്ചറിന്റെ മുഖത്തേക്ക് തലയുയർത്തിയപ്പോൾ കണ്ടത് കൈ നീട്ടി അവന്റെ മുൻപിൽ നിൽക്കുന്ന സാറിനെയാണ്. അവന്റെ മുഖത്ത് പരിഭ്രമമായി. അപ്പോൾ ആ ടീച്ചർ അവന്റെ മുൻപിൽ മുട്ടുകുത്തി, അവനോളം ചെറുതായി, അവനെ തന്റെ മാറോടു ചേർത്തു.
പാലസ്തീൻ കവിയായ മുരീദ് ബാർഗുതിയുടെ (Mourid Barghouti) “വ്യാഖ്യാനങ്ങൾ” (Interpretations) എന്ന കവിത ഇങ്ങനെയാണ്: ‘ഒരു കവി കോഫീഷോപ്പിലിരിക്കുന്നു, എഴുതിക്കൊണ്ട്.(അവിടെയുണ്ടായിരുന്ന) പ്രായംചെന്ന സ്ത്രീ വിചാരിക്കുന്നു, അയാൾ തന്റെ അമ്മയ്ക്ക് കത്തെഴുതുകയാണെന്ന്. ചെറുപ്പക്കാരി ചിന്തിക്കുന്നു, അയാൾ തന്റെ കാമുകിക്ക് കത്തെഴുതുകയാണെന്ന്. കുട്ടി കരുതുന്നത് അയാൾ (ചിത്രം) വരയ്ക്കുകയാണെന്ന്. കച്ചവടക്കാരൻ ചിന്തിക്കുന്നത് അയാൾ (കച്ചവട) ഉടമ്പടിയെപ്പറ്റി രൂപരേഖയുണ്ടാക്കുകയാണെന്ന്. വിനോദസഞ്ചാരി വിചാരിക്കുന്നത് അയാൾ പോസ്റ്റ്കാർഡ് എഴുത്തുകയാണെന്ന്. ജോലിക്കാരൻ വിചാരിക്കുന്നത് അയാൾ (തന്റെ) കടങ്ങൾ കുത്തിക്കുറിക്കുകയാണെന്ന്. രഹസ്യപ്പോലീസ് (ആകട്ടെ) പതുക്കെ അയാളുടെ നേരെ നടന്നടുക്കുന്നു.’ (സ്വതന്ത്ര പരിഭാഷ) ബാർഗുതിയുടെ Midnight and Other Poems എന്ന പുസ്തകത്തിലാണ് ഈ കവിത ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോരുത്തരും അവരവരുടെ മനോഗതങ്ങൾക്കനുസരിച്ചാണ്, അവരവരുടെ കണ്ണുകൾകൊണ്ട് മാത്രമാണ് ചുറ്റുപാടുകളെ വീക്ഷിക്കുന്നതും, വ്യക്തികളെ വിലയിരുത്തുന്നതും.
Advertisement
Privacy Settings
ശരിയാണ്, നമുക്ക് നിയമമാണ് പ്രധാനപ്പെട്ടത്, discipline ആണ് ഏറ്റവും വലുത്. എന്തുകൊണ്ട് ഒരു കുട്ടി എന്നും വൈകി സ്കൂളിൽ വരുന്നു, എന്തുകൊണ്ട് ഒരാൾ ലഹരിക്ക് അടിമപ്പെടുന്നു, എന്തുകൊണ്ട് അയാൾ ഞായറാഴ്ച്ച പള്ളിയിൽ വരുന്നില്ല, എന്തുകൊണ്ട് അവൾ ആരോടും സംസാരിക്കുന്നില്ല – ഇല്ല, ഇതൊന്നും നമ്മുടെ വിഷയങ്ങളല്ല. അയാൾ പള്ളിയിൽ വരാത്തതും, അവൾ മിണ്ടാതെ നടക്കുന്നതും, മറ്റൊരാൾ മദ്യപിച്ചു നടക്കുന്നതും മാത്രമാണ് നാം കാണുന്നത്. അതെ, അത് തെറ്റാണ്. അത് അനുവദിച്ചു കൊടുത്തുകൂടാ! ഇങ്ങനെയല്ല നാം ചിന്തിക്കുക?
ഇവിടെയാണ് ദൈവത്തിലുള്ള വിശ്വാസവും, മനുഷ്യനെ മാനിക്കലും ജീവിതത്തിന്റെ ഹൃദയരേഖകളാക്കി വേറിട്ട രീതിയിൽ ജീവിച്ച ജോസഫ് നമുക്ക് വെല്ലുവിളിയാകുന്നത്! അത് സ്ത്രീയായാലും പുരുഷനായാലും, കുടുംബജീവിതാന്തസ്സിലുള്ളവരായാലും വൈദിക സന്യാസ ജീവിതാന്തസ്സിലുള്ളവരായാലും, യുവജനങ്ങളായാലും കുട്ടികളായാലും, അവരുടെ വ്യക്തിത്വം മാനിക്കപ്പെടണമെന്നും, അവരെ പെരുവഴിയിലിട്ടു അപമാനിക്കാൻ പാടില്ലെന്നും ഉള്ള ഒരു നിലപാട് ജീവിതത്തിന്റെ മൂല്യമായി സ്വീകരിക്കാൻ ഇന്നത്തെ സുവിശേഷം നമ്മോടു ആവശ്യപ്പെടുകയാണ്. മറ്റുള്ളവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കാൻ പഠിക്കുക, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ പഠിക്കുക, – ഉന്നതമായൊരു ആദർശമാണത്. എന്നിട്ട്, അവരെ ബഹുമാനിച്ചുകൊണ്ടു ജീവിതയാഥാർഥ്യങ്ങളെ നേരിടുക! വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ കൃപയുടെ പെരുമഴക്കാലങ്ങളുണ്ടാകും!
English ഭാഷയിൽ ഒരു പ്രയോഗം ഉണ്ട് – “Put yourself in someone’s shoes”. മറ്റുള്ളവന്റെ ഷൂസിൽ നമ്മുടെ പാദങ്ങളമർത്തി നടക്കുമ്പോൾ അവളുടെ /അവന്റെ ജീവിതത്തെ മനസ്സിലാക്കുവാൻ നമുക്ക് കഴിയും – ആ വ്യക്തി എന്താണ് ചിന്തിക്കുന്നത്, ആ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ, പ്രതീക്ഷകൾ…പരുപരുത്ത, കഷ്ടത നിറഞ്ഞ കണ്ണീരിന്റെ കഥകൾ… എന്തുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു, അങ്ങനെ പെരുമാറുന്നു എല്ലാം നമുക്കറിയാൻ കഴിയും. സ്നേഹമുള്ളവരേ, പ്രതികരിക്കുന്നതിനു മുൻപ്, അപരനോട് ദേഷ്യപ്പെടുന്നതിനു മുൻപ്, അവൾക്കെതിരെ അവനെതിരെ ആരോപണങ്ങൾ തൊടുക്കുന്നതിനു മുൻപ്, അവളെ /അവനെ സമൂഹത്തിന്റെ മുൻപിൽ, WhatsApp ലൂടെ, ഫോണിലൂടെ, മറ്റു മാധ്യമങ്ങളിലൂടെ നഗ്നരാക്കുന്നതിന് മുൻപ് മറ്റുളളവരുടെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിക്കാൻ ശ്രമിക്കുകയാണെങ്കിൽ, അവളുടെ /അവന്റെ സ്ഥാനത്തു ഞാനാണെങ്കിൽ എന്നൊന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ – നമ്മുടെ മനുഷ്യ ബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ ദൈവത്തിന്റെ അനുഗ്രഹം നമ്മിലേക്ക് ഒഴുകി വരുന്ന നിലയ്ക്കാത്ത ചാലുകളായിത്തീരും!
സ്നേഹമുള്ള ക്രൈസ്തവരെ, ഇന്നത്തെ സുവിശേഷ ഭാഗം ധ്യാനിക്കുമ്പോൾ, വിശുദ്ധ യൗസേപ്പിതാവിന്റെ മനോഹരമായ വ്യക്തിത്വ സവിശേഷതകൾ സ്വന്തമാക്കാൻ കൂടി നമുക്ക് ശ്രമിക്കാം. അപരന്റെ നഗ്നത ആഘോഷിക്കുന്ന ഈ ആസുര ലോകത്തിൽ അപരനെ ബഹുമാനിക്കുന്ന, മനുഷ്യനിലെ നന്മ കാണുന്ന പുതിയൊരു ലോകം പണിയാൻ ജോസഫ് എന്ന ചെറുപ്പക്കാരൻ നമുക്ക് പ്രേരണയാകട്ടെ.
നമുക്ക് വിശുദ്ധ കുർബാന തുടരാം. നമ്മുടെ ജീവിതത്തെ, നമ്മുടെ കുടുംബാംഗങ്ങളെ ജീവിത പ്രശ്നങ്ങളെ, ഭാരതത്തെ, അപ്പത്തിനോടും വീഞ്ഞിനോടുമൊപ്പം ബലിപീഠത്തിൽ അർപ്പിക്കാം.
നമ്മുടെ സഹോദരരെ അവരുടെ കുറവുകളോടും കഴിവുകളോടുംകൂടി ചേർത്ത് നിർത്തി ഈ ബലിയർപ്പിക്കുവാൻ, അങ്ങനെ അടുത്തുവരുന്ന ക്രിസ്തുമസ് ആഘോഷിക്കുവാൻ ക്രിസ്തു നമ്മെ അനുഗ്രഹിക്കട്ടെ. ആമ്മേൻ!