മംഗലവാര്‍ത്തക്കാലം 03; യോഹന്നാന്‍ മാംദാനയുടെ ജനനം -Luke 1.57-66
ഞായര്‍ പ്രസംഗം മംഗളവാര്‍ത്ത മൂന്നാം ഞായര്‍ ഡിസംബര്‍ 15 ലൂക്കാ 1: 57-80 യോഹന്നാന്‍ മംദാനയുടെ ജനനം
നമ്മുടെ രക്ഷകനായ മിശിഹായുടെ പിറവിത്തിരുനാളിന് ഒരുക്കമായുള്ള ഈ മംഗളവാര്‍ത്തക്കാലത്തിലെ വിശുദ്ധ ഗ്രന്ഥവായനകളെല്ലാം മംഗളകരമായ വാര്‍ത്തകളാണ് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. മിശിഹായ്ക്ക് വഴിയൊരുക്കാനുള്ളവന്റെ ജനനത്തെക്കുറിച്ച് സഖറിയായ്ക്ക് ലഭിച്ചതായി ആദ്യ ഞായറാഴ്ച്ച നമ്മള്‍ ശ്രവിച്ച അറിയിപ്പ് അക്ഷരംപ്രതി നിറവേറുന്നതാണ് മൂന്നാം ഞായറാഴ്ച്ച നമ്മള്‍ കാണുന്നത് (ലൂക്കാ 1:57-80).
ഏലീശ്വാ ഒരു പുത്രന് ജന്മം നല്‍കിയ സംഭവത്തെ അയല്‍ക്കാരും ചാര്‍ച്ചക്കാരും മനസ്സിലാക്കിയത് ദൈവിക കാരുണ്യത്തിന്റെ പ്രകാശനമായാണ്. മനുഷ്യചരിത്രത്തിലുള്ള ദൈവത്തിന്റെ ഓരോ ഇടപെടലും അവിടുത്തെ കാരുണ്യത്തിന്റെ വെളിപ്പെടുത്തലാണല്ലോ. പഴയനിയമത്തില്‍ നിന്നുള്ള രണ്ട് വായനകളിലും ദൈവം കാരുണ്യപൂര്‍വ്വം തന്റെ ജനത്തിന്റെ ജീവിതത്തില്‍ ഇടപെടുന്നതാണ് നമ്മള്‍ വായിച്ചുകേട്ടത്. ഇസഹാക്കിന് ഭാര്യയായി റബേക്കയെ കണ്ടെത്തുന്നതിന് ദൈവത്തിന്റെ പ്രത്യേക സഹായമുണ്ടായിരുന്നു. സഖറിയാ-ഏലീശ്വാ ദമ്പതിമാരോട് പലതരത്തിലും സാമ്യമുള്ളവരായിരുന്നു സാമുവേലിന്റെ മാതാപിതാക്കളായ എല്‍ക്കാനയും ഹന്നായും. വാര്‍ദ്ധക്യത്തില്‍ ദൈവത്തിന്റെ സവിശേഷമായ ഇടപെടല്‍ കൊണ്ട് അവര്‍ക്ക് സാമുവല്‍ എന്ന പുത്രന്‍ ജനിക്കുന്നതിനെക്കുറിച്ചാണല്ലോ രണ്ടാമത്തെ വായന. ജനങ്ങളുടെയിടയില്‍ തനിക്കുണ്ടായിരുന്ന അപമാനം നീക്കാന്‍, 'കര്‍ത്താവ് തന്നെ കടാക്ഷിച്ച് ഇത് ചെയ്തിരിക്കുന്നു' എന്നാണ് ഏലീശ്വാ ഉദ്‌ഘോഷിച്ചത്. അവളോടൊപ്പം സന്തോഷിക്കുന്ന അയല്‍ക്കാരും ചാര്‍ച്ചക്കാരും നമുക്കൊരു മാതൃകയാണ്. അയല്‍ക്കാര്‍ക്കുണ്ടാകുന്ന നന്മയില്‍ അവരൊടൊപ്പം ആനന്ദിക്കാന്‍ നമുക്ക് സാധിക്കണമെങ്കില്‍ ഹൃദയവിശാലതയുണ്ടാകണം.
ഏതൊരു യഹൂദ ആണ്‍കുഞ്ഞും എന്നപോലെ, സഖറിയാ-ഏലീശ്വാമാരുടെ കുഞ്ഞും എട്ടാം ദിവസം പരിച്ഛേദനം ചെയ്യപ്പെട്ടു. യഹൂദമത ജീവിതത്തില്‍ പരിച്ഛേദനത്തിന് വലിയ പ്രാധാന്യമുണ്ട്. ദൈവം അബ്രാഹത്തോടു ചെയ്ത ഉടമ്പടിയുടെ അടയാളമായാണ് പരിച്ഛേദന കല്‍പന നല്‍കപ്പെട്ടത് (ഉല്‍. 17:10-12). അഗ്രചര്‍മ്മ ഛേദനത്തിലൂടെയാണ് ഒരുവന്‍ പഴയനിയമ ഉടമ്പടി ജനതയുടെ ഭാഗമാകുന്നത്. രക്ഷകനായ മിശിഹായെ അയച്ചുകൊണ്ട് ദൈവം പൂര്‍ത്തിയാക്കാനാരംഭിച്ചിരിക്കുന്നത് അബ്രാഹത്തോടും സന്തതികളോടും ചെയ്ത കാരുണ്യത്തിന്റെ ഉടമ്പടിയാണ് എന്ന് പരിശുദ്ധ കന്യകാമറിയം പ്രഘോഷിക്കുന്നുണ്ടല്ലോ. സംസാരശക്തി വീണ്ടുലഭിച്ച സഖറിയാ ദൈവത്തെ സ്തുതിച്ചുകൊണ്ട് ആലപിച്ച ഗീതത്തിലും അബ്രാഹത്തോട് ചെയ്ത ഉടമ്പടി ദൈവം അനുസ്മരിച്ചതിന്റെ ഫലമാണ് മനുഷ്യാവതാരം എന്ന് ഉദ്‌ഘോഷിക്കുന്നുണ്ട് (ലൂക്കാ 1:73).
യഹൂദ പരിച്ഛേദന കര്‍മ്മത്തില്‍ പ്രവാചകനായ ഏലിയായെ സവിശേഷമാംവിധം അനുസ്മരിക്കുന്നുണ്ട്. ഏലിയായുടെ സിംഹാസനം എന്നപേരില്‍ ഒരു പ്രത്യേക ഇരിപ്പിടം ഓരോ പരിച്ഛേദന വേളയിലും ക്രമീകരിക്കാറുണ്ട്. ദൈവത്തിന്റെ ഉടമ്പടിയെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിച്ചിരുന്ന ഏലിയാ എല്ലാ പരിച്ഛേദനത്തിനും സാക്ഷിയായുണ്ട് എന്നതാണ് യഹൂദവിശ്വാസം. പരിച്ഛേദനം ചെയ്യാനുള്ള ശിശുവിനെ ഈ സിംഹാസനത്തില്‍ ഇരുത്തുന്ന രീതിയുമുണ്ട്.
യോഹന്നാനെക്കുറിച്ച് ഗബ്രിയേല്‍ ദൂതന്‍ അറിയിച്ചത് അവന്‍ ഏലിയായുടെ ശക്തിയോടും ചൈതന്യത്തോടും കൂടെ മിശിഹായ്ക്ക് വഴിയൊരുക്കാനായി അവിടുത്തേയ്ക്കു മുമ്പേ പോകും എന്നായിരുന്നല്ലോ (ലൂക്കാ 1:17). മിശിഹായ്ക്ക് മുമ്പ് വരുമെന്ന് ഇസ്രായേല്‍ ജനം പ്രതീക്ഷിച്ചിരുന്ന ഏലിയാ, യോഹന്നാന്‍ മാംദാന തന്നെയാണ് എന്ന് ഈശോ സാക്ഷ്യപ്പെടുത്തുന്നുമുണ്ടല്ലോ (മര്‍ക്കോ. 9:10-12).
പിതാക്കന്മാരുടെ പേര് ആണ്‍മക്കള്‍ക്ക് നല്‍കുന്ന രീതി യഹൂദര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. മക്കളിലൂടെ അവര്‍ തുടര്‍ന്നും ജീവിക്കുന്നു എന്ന വിശ്വാസമായിരുന്നു അതിനു പിന്നില്‍. ഈ പതിവനുസരിച്ച് സഖറിയായുടെ പുത്രന് ആ പേര് തന്നെ നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. പക്ഷെ അവന് 'യോഹന്നാന്‍' എന്ന് പേരിടണമെന്ന് ഏലീശ്വാ പറഞ്ഞു. ഗബ്രിയേല്‍ ദൂതന്‍ ഇപ്രകാരം നിര്‍ദ്ദേശിച്ചിരുന്നത് (ലൂക്കാ 1:13) സഖറിയാ അവളെ അറിയിച്ചിട്ടുണ്ടാകണം. അവരുടെ ചാര്‍ച്ചക്കാരില്‍പ്പോലും ആര്‍ക്കും യോഹന്നാന്‍ എന്ന പേരില്ലാതിരുന്നതിനാല്‍ ഏത് പേരിടണമെന്ന് അവര്‍ സഖറിയായോട് തന്നെ ആംഗ്യം കാട്ടി ചോദിച്ചു. 'യോഹന്നാന്‍' എന്ന പേര് പിതാവ് എഴുത്തുപലകയില്‍ എഴുതി. 'കര്‍ത്താവിന്റെ കൃപ' എന്നാണ് ഈ പേരിനര്‍ത്ഥം. ഇത് അവര്‍ക്കിടയില്‍ വലിയ വിസ്മയത്തിന് കാരണമാവുകയും ചെയ്തു. കാരണം, ദൈവം അവരോട് കാണിച്ച വലിയ കൃപയുടെ അടയാളമായിരുന്നല്ലോ യോഹന്നാന്‍.
ഈ പരിച്ഛേദനത്തോടനുബന്ധിച്ചാണ് ഒമ്പതു മാസമായി സംസാരിക്കാന്‍ കഴിയാതിരുന്ന സഖറിയാ പുരോഹിതന് സംസാരശക്തി തിരിച്ചുകിട്ടിയത്. സഖറിയാ ആദ്യം ചെയ്ത കാര്യം ദൈവത്തെ സ്തുതിക്കുക എന്നതായിരുന്നു. സങ്കീര്‍ത്തനങ്ങളിലെ ദൈവസ്തുതിയുടെ ശൈലിയിലാണ് സഖറിയാ ദൈവത്തെ സ്തുതിക്കുന്നത്. പല സങ്കീര്‍ത്തനങ്ങളുടെയും ആമുഖത്തില്‍ കാണുന്നതുപോലെ 'ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകുന്നു' എന്ന വാചകത്തോടെയാണ് സഖറിയാ തന്റെ സ്തുതിപ്പ് ആരംഭിക്കുന്നത്.
ദൈവത്തെ സ്തുതിക്കുന്നതിനുള്ള കാരണമാണ് തുടര്‍ന്നു വിവരിക്കുന്നത്. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ച് രക്ഷിച്ചിരിക്കുന്നു എന്നാണ് സഖറിയാ പറയുന്നത്. യഥാര്‍ത്ഥത്തില്‍ മിശിഹായ്ക്ക് വഴിയൊരുക്കാനുള്ളവനേ ജനിച്ചിട്ടുള്ളൂ. മുന്നോടി വന്നതോടെ പിന്‍പേ വരാനുള്ളവനും വന്നുകഴിഞ്ഞതു പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. യോഹന്നാനെ അയച്ചുകൊണ്ട് തന്റെ രക്ഷാകരപദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആരംഭം കുറിച്ച ദൈവം ഇനി അതില്‍ നിന്ന് പിന്മാറുകയില്ല എന്ന സഖറിയായുടെ വിശ്വാസമാണിവിടെ പ്രതിഫലിക്കുന്നത്.
ദാവീദിന്റെ ഭവനത്തില്‍ നമുക്കായി ഒരു രക്ഷകനെ ഉയര്‍ത്തിയിരിക്കുന്നത്, നമ്മുടെ ശത്രുക്കളില്‍ നിന്ന് നമ്മെ രക്ഷിച്ച്, ജീവിതകാലം മുഴുവനും അവിടുത്തെ മുമ്പില്‍ നീതിയോടും വിശുദ്ധിയോടും കൂടെ ശുശ്രൂഷ ചെയ്യുന്നതിന് പ്രാപ്തരാക്കാന്‍ വേണ്ടിയാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ ശത്രു സാത്താനാണ്. തിന്മയുടെ പിടിയിലായിരുന്ന മനുഷ്യവര്‍ഗ്ഗത്തെ വിമോചിപ്പിച്ച് ദൈവീക ഭരണത്തിന്‍കീഴിലാക്കുക എന്നതായിരുന്നു മനുഷ്യാവതാര ലക്ഷ്യം. 'ശുശ്രൂഷ ചെയ്യുക' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം 'ആരാധിക്കുക' എന്നാണ്. ആരാധനയാണല്ലോ ഏറ്റവും ശ്രേഷ്ഠമായ ദൈവശുശ്രൂഷ. പിശാചിന്റെ അടിമത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ദൈവാരാധനയിലാണ് പ്രകടമാകുന്നത്. ദൈവീകഭവനത്തില്‍ ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ വ്യാപരിക്കുന്നതാണ് യഥാര്‍ത്ഥ ആരാധന.
സത്യാരാധനയ്ക്കുണ്ടായിരിക്കേണ്ട രണ്ട് വ്യവസ്ഥകള്‍ കൂടി സഖറിയാ സൂചിപ്പിക്കുന്നുണ്ട്. നീതിയും വിശുദ്ധിയുമാണവ. ദൈവം പരമ പരിശുദ്ധനാകയാല്‍ അവിടുത്തെ സമീപിക്കുന്നവരും പരിശുദ്ധരായിരിക്കണം. അതുകൊണ്ടാണ് വിശുദ്ധി ആരാധനയുടെ ഒരു അവശ്യഘടകമായിരിക്കുന്നത്. നീതിയുടെ ജീവിതത്താല്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നവര്‍ക്കു മാത്രമേ അവിടുത്തെ മുമ്പില്‍ നില്‍ക്കാന്‍ അവകാശമുള്ളു. നീതിയോടും വിശുദ്ധിയോടും കൂടെ ജീവിക്കുന്നവര്‍ക്ക് നിര്‍ഭയം ദൈവസന്നിധിയില്‍ സ്വാതന്ത്ര്യത്തോടെ വ്യാപരിക്കാനാവും. ഇപ്രകാരമുള്ള ഒരു ആരാധനാസമൂഹത്തിന് രൂപം നല്‍കുന്നതിനു വേണ്ടിയാണ് ദൈവം മനുഷ്യനായത്.
എപ്രകാരമാണ് ഈശോയുടെ ശിഷ്യര്‍ ആരാധനയുടെ ജീവിതം നയിക്കേണ്ടത് എന്ന് വി. പൗലോസ് ശ്ലീഹാ എഫേസോസിലെ സഭാംഗങ്ങള്‍ക്കെഴുതുമ്പോള്‍ വ്യക്തമാക്കുന്നുണ്ട്: 'അനാവശ്യമായ അശ്ലീല സംസാരവും വ്യര്‍ത്ഥഭാഷണവും പരിഹാസവും നിങ്ങളുടെയിടയില്‍ ഉണ്ടാകരുത്; മറിച്ച്, ഉണ്ടാകേണ്ടത് കൃതജ്ഞതാ സ്‌തോത്രമാണ്. വെളിച്ചത്തിന്റെ മക്കളെപ്പോലെ വ്യാപരിക്കുവിന്‍. വെളിച്ചത്തിന്റെ ഫലങ്ങള്‍ സകലനന്മയിലും നീതിയിലും സത്യത്തിലും കാണപ്പെടുന്നു. കര്‍ത്താവിന് സ്വീകാര്യമായത് എന്തെന്നു വിവേചിച്ചറിയുവിന്‍. ഭോഷന്മാരാകാതെ, ദൈവഹിതം എന്തെന്ന് ഗ്രഹിക്കുവിന്‍. ദുരാഗ്രഹം കലര്‍ന്ന വീഞ്ഞ് കുടിച്ച് ഉന്മത്തരാകരുത്. മറിച്ച്, അരൂപിയാല്‍ നിറഞ്ഞവരാകുവിന്‍. സങ്കീര്‍ത്തനങ്ങളാലും സ്‌തോത്രങ്ങളാലും അന്യോന്യം സംസാരിക്കുവിന്‍. നിങ്ങളുടെ ഹൃദയങ്ങളില്‍ കര്‍ത്താവിന് ആത്മീയഗീതങ്ങള്‍ ആലപിക്കുവിന്‍. നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ നാമത്തില്‍ പിതാവായ ദൈവത്തിന് എപ്പോഴും എല്ലാ മനുഷ്യര്‍ക്കും വേണ്ടി കൃതജ്ഞതയര്‍പ്പിക്കുവിന്‍' (എഫേ. 5:5-20).
സാമുവലിന്റെ ജനനവേളയില്‍ ഹന്നായും യോഹന്നാന്‍ മാംദാനയുടെ ജനനാവസരത്തില്‍ സഖറിയായും മനുഷ്യാവതാരത്തോട് ബന്ധപ്പെട്ട് പരിശുദ്ധ കന്യകാമറിയവും കൃതജ്ഞതാസ്‌തോത്രങ്ങള്‍ ആലപിച്ചതുപോലെ നമ്മുടെ ജിവിതത്തിലും രക്ഷാകരമായി ദൈവം ഇടപെടുന്നതിനെയോര്‍ത്ത് അവിടുത്തെ സ്തുതിക്കാനാണ് ശ്ലീഹാ നമ്മെ ആഹ്വാനം ചെയ്യുന്നത്. നമ്മുടെ ജീവിതം തന്നെയും ഒരു സ്തുതിഗീതമാക്കി മാറ്റാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍
www.lifeday.in
മംഗളവാര്‍ത്ത മൂന്നാം ഞായര്‍
ഉത്പ. 21:1-12; ഏശ 40:1-11; 1 കോറി 1:26-31; ലൂക്ക 1:57-66
യോഹന്നാന്‍ എന്ന ദൈവകൃപ
ഡോ. റോസ് ഫിലിപ്പ്
ഒരു പേരിലെന്തിരിക്കുന്നുവെന്ന് കുറിച്ചത് ഷേക്‌സ്പിയറാണ്. പേരില്‍ ചിലതൊക്കെയുണ്ട് എന്നതിനാലാണല്ലോ പേരിടീല്‍ ഒരു ചടങ്ങായി നടത്തുന്നത്. പേരില്‍ ഇത്തിരി വലിയ കാര്യമുണ്ടെന്നു 2023 സെപ്തംബറില്‍ ഹൈക്കോടതി പറയുകയും ചെയ്തു. മകളുടെ പേരിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ കലഹം കോടതിയിലെത്തി. പേരിടാന്‍ അവകാശി ഞാനെന്ന് ഇരുവരും വാദിച്ചു. 'പേരന്റ് പാട്രിയാ' എന്ന സവിശേഷ അധികാരം ഉപയോഗിച്ച് നാലുവയസ്സുകാരിക്ക് കോടതി പേരിട്ടു. പേരിന്റെ പേരിലുള്ള തര്‍ക്കം ദൈവം നേരിട്ട് വിധി തീര്‍ത്ത ഒരു ചടങ്ങിലൂടെ വന്ന പേരാണ് യോഹന്നാന്‍. ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും, ഇല്ലായ്മയെത്തന്നെയും ദൈവം തെരഞ്ഞെടുക്കുന്നതെങ്ങ നെയെന്ന (1 കൊറി 1:27) മഹത്തായ ഒരു സംഭവമാണ് യോഹന്നാന്റെ ജനനവും പേരിടീല്‍ കര്‍മ്മവും. അപമാനത്തില്‍നിന്നും അഭിമാനത്തിലേക്ക്... മക്കള്‍ ഇല്ലാതെ പോയി എന്നതിനാല്‍ മറ്റുള്ളവരുടെ അപമാനം ഏറെ ഏറ്റു വാങ്ങിയവരാണ് സക്കറിയായും എലിസബത്തും. 'പ്രായത്തില്‍ കവിഞ്ഞവര്‍' എന്നതായിരുന്നു അവരുടെ വിശേഷണം. എങ്കിലും ദൈവ ഹിതപ്രകാരം ദേവാലയത്തില്‍ ധൂപാര്‍പ്പണത്തിന് സന്നിഹിതനാകാന്‍ സഖറിയാ സന്നദ്ധനാകുന്നു എന്നതിലൂടെ ദൈവസാന്നിധ്യത്തിന്റെ ഇടം ഒരുക്കപ്പെടുകയാണ്. പ്രായത്തില്‍ കവിഞ്ഞവനെങ്കിലും, തന്റെ ഉത്തരവാദിത്വങ്ങള്‍ മുടക്കമില്ലാതെ നിര്‍വ്വഹിക്കാന്‍ സഖറിയ അതീവ ശ്രദ്ധാലുവാണ്. നീതിയോടെ കര്‍മ്മനിരതരായി പ്രാര്‍ഥിക്കുന്നവര്‍ക്ക് ദൈവദൂതര്‍ സന്ദേശങ്ങള്‍ നല്‍കും. സദ്‌വാര്‍ത്ത ദൂതന്‍ പകരുന്നതിലൂടെ (ലൂക്കാ 1:13) അഭിമാനത്തിന്റെ വാതില്‍ തുറന്നാണ് സഖറിയാ ദേവാലയത്തില്‍നിന്നും പുറത്തുവരുന്നത്. എന്നാല്‍ അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ (1 കൊറി 1:31) എന്ന സാക്ഷ്യപ്പെടുത്തല്‍ നാം കാണൂന്നത് ദൈവത്തെ വാഴ്ത്തിക്കൊണ്ടുള്ള അവന്റെ സംസാരത്തിലൂ ടെയാണ് (ലൂക്കാ 1:64). 'സ്വതന്ത്രമായ നാവ്' ഉപയോഗപ്പെടുത്തേണ്ടത് ദൈവസ്തുതി ഘോഷിക്കുന്നതിനാണെന്ന സാക്ഷ്യത്തിലൂടെ അപമാനിതനായ ഊമന്‍, അഭിമാനിയായ ദൈവദാസനായി. ഒറ്റപ്പെടലില്‍നിന്നും കൂട്ടായ്മയിലേക്ക് ലോകത്തിന്റെ ദൃഷ്ടിയില്‍ പലതും തങ്ങള്‍ക്കു കുറവായതിനാല്‍ ഒറ്റപ്പെട്ടവരായിരുന്നു സഖറിയായും എലിസബത്തും. ധൂപാര്‍പ്പണത്തിലും സഖറിയാ ഏകനായിരുന്നു. സന്തോഷവാര്‍ത്ത അവിശ്വസിച്ചതിനാല്‍ മൂകനായി മാറിയ സഖറിയ വീണ്ടും കൂടുതല്‍ ഒറ്റപ്പെടുന്നു. വന്ധ്യയായ എലിസബത്ത് ഒരു സങ്കടദ്വീപായിരുന്നു. ഗര്‍ഭിണിയായി അഞ്ചു മാസം അവള്‍ ആര്‍ക്കും പ്രത്യക്ഷപ്പെട്ടില്ല (ലൂക്കാ 1:24). എന്നാല്‍ എലിസബത്ത് അമ്മയായതോടെ അയല്‍പക്കക്കാരും, ബന്ധുക്കളും ചേര്‍ന്ന കൂട്ടായ്മ അവരിലേക്ക് എത്തിച്ചേര്‍ന്നു. കര്‍ത്താവിന്റെ കാരുണ്യത്തിന്റെ അടയാളത്തില്‍ ഏവരും ഒരുമിച്ചു സന്തോഷിച്ചു. യൂദയായിലെ മലനാട്ടിലെങ്ങും സംസാരവിഷയമായവിധം (ലൂക്കാ1:65) സഖറിയായും എലിസബത്തും കീര്‍ത്തിനേടി. വീടിന്റെ ഒറ്റപ്പെട്ട ഇടത്തില്‍നിന്നും നാടിന്റെ കൂട്ടായ്മയിലേക്ക് അവരെ നടത്തിയത് കര്‍ത്താവിന് വഴി യൊരുക്കാന്‍ വന്നവന്‍ മൂലമാണ്. ഇരുളിലും മരണത്തിന്റെ നിഴലിലും ഇരുന്നവരായിരുന്നു ഇരുവരും (ലൂക്കാ 1:79). ദൈവത്തിന്റെ കാരുണ്യാതിരേകത്താല്‍ പ്രകാശവും സമാധാനവും നിറഞ്ഞ വഴികളിലേക്ക് അവര്‍ നയിക്കപ്പെട്ടു. ബന്ധുഹിതത്തില്‍ നിന്നും ദൈവഹിതത്തിലേക്ക് ശിശുവിന്റെ ജനനത്തില്‍ സന്തോഷിക്കുന്ന സ്വന്തക്കാരും ബന്ധു ക്കളും പിറുപിറുപ്പിലേക്ക് മാറുന്നത് പെട്ടെന്നാണ്. എട്ടാം ദിവസം പരിഛേദനച്ചടങ്ങില്‍ സഖറിയാ എന്നപേരാണ് ബന്ധുക്കള്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ എലിസബത്ത് കുഞ്ഞിന് യോഹന്നാന്‍ എന്ന പേര്‍ ഉറപ്പിച്ചു പറഞ്ഞതോടെ ഏവരുടെയും ഭാവംമാറി. പേരു വന്ന വഴി ആര്‍ക്കും പിടി കിട്ടിയില്ല. അതിനാല്‍ എലിസബത്തിനോട് അവര്‍ക്ക് യോജിക്കാനാ യില്ല. പിതാവാണ് അന്തിമതീരുമാനമെടുക്കേണ്ടത് എന്ന കാഴ്ചപ്പാടിനാല്‍, ഊമനായ സഖറിയായോട് അവര്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ സഖറിയ ആംഗ്യത്തിലൊതുക്കാതെ, ഉറപ്പിക്കാന്‍ തന്നെയാണ് എഴുത്തുപലകയില്‍ എഴുതി കാണിച്ചത്. ബാഹ്യസമ്മര്‍ദ്ദങ്ങളും, അഭിപ്രായ പ്രകടനങ്ങളും എന്തായിരുന്നാലും, ദൈവഹിതത്തില്‍ ഉറച്ചു നില്‍ക്കേണ്ടതെങ്ങനെയെന്ന മഹത്തായ മാതൃകയാണ് ഇരുവരും നല്‍കുന്നത്. അത്ഭുതത്തില്‍നിന്നും ഭീതിയിലേക്ക് മറ്റുള്ളവര്‍ക്ക് വ്യത്യസ്ത വികാരഭാവങ്ങള്‍ നിറഞ്ഞ സംഭവങ്ങള്‍ നല്‍കിയാണ് യോഹന്നാന്റെ ജനനം. ധുപാര്‍പ്പണം കഴിഞ്ഞ് വൈകുന്നതെന്തേ എന്ന് ദേവാലയത്തില്‍ വെളിയില്‍ നിന്നവര്‍ അത്ഭുതപ്പെട്ടു. ശിശുവിന്റെ ജനനത്തില്‍ സന്തോഷിച്ചു. കുടുംബത്തിലില്ലാത്ത പേരായ 'യോഹന്നാന്‍' ശിശുവിനിട്ടപ്പോള്‍ അവര്‍ പിറുപിറുത്തു. ഊമ നായ സഖറിയ എഴുത്തുപലകയില്‍ യോഹന്നാന്‍ എന്നെഴുതിയപ്പോള്‍ അവന്റെ നാവു സ്വതന്ത്രമായതു കണ്ട് ഭയപ്പെട്ടു. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടെന്നു ബോധ്യപ്പെട്ട കാഴ്ചക്കാരില്‍ അത്ഭുതം ഭീതിയിലേക്ക് മാറി. ഈ ശിശു ആരായിത്തീരും എന്നത് അത്ഭുതവും അതോടൊപ്പം ഭീതിയും ജനിപ്പിക്കുന്ന ഒന്നായിമാറി. രക്ഷകന് വഴിയൊരുക്കാന്‍ വന്നവന്‍ മുഖംനോക്കാതെ തെറ്റുകള്‍ക്കു നേരേ വിരല്‍ ചൂണ്ടുന്നവനായി മാറുന്നതിലൂടെ അനീതിയുടെ പക്ഷം ചേര്‍ന്നവര്‍ക്കു ഭയ കാരണമായി മാറി. ജനനത്തിലൂടെ അത്ഭുതം പകര്‍ന്നവന്‍ പിന്നീട് കര്‍മ്മത്തിലൂടെ തിന്മചെയ്യുന്നവര്‍ക്ക് ഭീതികാരണമായി മാറി. സ്‌നാനം സ്വീകരിക്കാന്‍ അടുത്തെത്തിയവരും, പടയാളികളും 'ഗുരോ ഞങ്ങള്‍ എന്തുചെയ്യണം' എന്ന് ചോദിക്കാന്‍ സന്നദ്ധരായത് ഈ ഭീതിമൂലമാണ്. മ്യൂട്ടില്‍ നിന്നും അണ്‍മ്യൂട്ടിലേക്ക്... ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ കൂട്ടായ്മകളില്‍ ആവശ്യാനുസരണം മ്യൂട്ട്- അണ്‍മ്യൂട്ട് ഓപ്ഷന്‍ ഉള്ളത് നമുക്ക് സുപരിചിതമാണ്. ഇത്തരം ഒരു ഓപ്ഷനില്‍ പെട്ടുപോയിരുന്നു സഖറിയായുടെ പത്തു മാസജീവിതം. ഗബ്രിയേല്‍ ദൂതന്റെ സന്തോഷവാര്‍ത്ത സഖറിയാ സ്വീകരിക്കാതിരുന്നതല്ല. ഉത്ക്കണ്ഠ കൊണ്ടു പറഞ്ഞുപോയതാണ് - 'ഞാന്‍ വൃദ്ധന്‍, ഭാര്യ പ്രായം കവിഞ്ഞവള്‍.' ഈ പ്രതികരണത്താല്‍ സഖറിയായെ ഗബ്രിയേല്‍ മ്യൂട്ടു ചെയ്തു. ഞാന്‍ അറിയിച്ചതു സംഭവിക്കുന്നതുവരെ ഇങ്ങനെ തുടരുമെന്ന് ഗബ്രിയേല്‍ കാലാവധിയും അറിയിച്ചു. കുഞ്ഞു ജനിച്ച് എട്ടുദിവസംകൂടി കാത്തിരിക്കേണ്ടിവന്നു സഖറിയാ അണ്‍മ്യൂട്ട് ആകാന്‍. യോഹന്നാന്‍ എന്നപേര് എഴുതി പൂര്‍ത്തിയായപ്പോള്‍ നാവ് സ്വതന്ത്രമായി. സഖറിയാ ദൈവത്തെ വാഴ്ത്താന്‍ നാവ് ഉപയോഗപ്പെടുത്തി. ശബ്ദത്തിലും, നിശബ്ദതയിലും ദൈവത്തോട് ചേര്‍ന്നുനിന്ന സഖറിയാ, സ്വന്തം അധരങ്ങള്‍ക്ക് കാവലായി ഒരു ദൂതനുണ്ടായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചെയ്തത്. ഉന്നതത്തില്‍നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ (ലൂക്കാ 1:78) സമാധാനം ഉണ്ടാകുന്നതെങ്ങനെയെന്ന് എലിസബത്ത് - സഖറിയ ജീവിതം നമ്മുടെ മുമ്പില്‍ തെളിയിക്കുന്നു. ഉദരത്തില്‍ വച്ചുതന്നെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവന്‍ 'ഇവന്‍ തന്നെയോ ക്രിസ്തു' എന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നവിധം സദ്വാര്‍ത്തകളുടെ പ്രഘോഷകനായി (ലൂക്കാ3:18). 'ദൈവം ഓര്‍മ്മിക്കുന്നു' എന്നര്‍ഥമുള്ള സഖറിയായും 'ദൈവ ത്തിന്റെ വാഗ്ദാനം' എന്നര്‍ഥമുള്ള എലിസബത്തും തങ്ങളുടെ പേരിന്റെ അര്‍ഥം പ്രവൃത്തിയിലൂടെ പ്രകടമാക്കിയപ്പോള്‍, 'ദൈവകൃപ' എന്നര്‍ഥം വരുന്ന യോഹന്നാന്റെ ജനനത്തിലേക്ക് അത് എത്തിച്ചേര്‍ന്നു. ദൈവം നമ്മെ ഓര്‍മ്മിക്കുന്നതിനാല്‍ ദൈവത്തിന്റെ വാഗ്ദാന മായ ദൈവകൃപ വിവിധരൂപങ്ങളില്‍ നമ്മില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരി ക്കുന്നു. ദൈവഹിതത്തിന് വിധേയമായി മുന്നേറുമ്പോള്‍, ലോകത്തിന്റെ കാഴ്ചപ്പാടിലുള്ള പോരായ്മകള്‍ അനുഗ്രഹങ്ങളായിമാറുന്ന അത്ഭുതം നമ്മിലൂടെ സംഭവിക്കും. അതിനായി നാം പിടിക്കേണ്ട കരം കര്‍ത്താവിന്റേതാണെന്ന ബോധ്യം നമ്മെ നയിക്കട്ടെ. ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെയും സന്ദര്‍ശിക്കട്ടെ. ✝ ✝ ✝ ✝ ✝ ..................................... homilieslaity.comമംഗളവാർത്തക്കാലം ഞായർ 3
ലൂക്ക1: 57- 66
Biblical Background
ഇന്നത്തെ വായനകൾ ഏറെക്കുറെ ചില സവിശേഷത നിറഞ്ഞ ജനനവുമായി ബന്ധപ്പെട്ടാണ്. ആദ്യ വായനയിൽ ഇസഹാക്കിന്റെ ജനനത്തെ കുറിച്ചുള്ള മുന്നറിയിപ്പും രണ്ടാമത്തെ വായനയിൽ സാംസന്റെ ജനനത്തെകുറിച്ചുള്ള മുന്നറിയിപ്പും സുവിശേഷത്തിൽ സ്നാപകയോഹന്നാന്റെ ജനനവും കാണുന്നു. ഈ വായനകൾ തമ്മിൽ വളരെ സാമ്യമുണ്ട്. അതായത് ഇസഹാക്കിന്റെയും സാംസന്റെയും സ്നാപകയോഹന്നാന്റെയും ജനനം ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നത് ഏതാണ്ട് ഒരേ പോലെയാണ്. ഈ മൂന്നു പേരുടെയും മാതാപിതാക്കൾക്ക് ( അബ്രാഹം- സാറ , മനോവയും - ഭാര്യയും, സഖറിയാ യും - എലിസബത്തും) മക്കളില്ലാതെ ഇരിക്കുന്ന അവസ്ഥ- പിന്നെ ദൈവികമായ ഒരു മുന്നറിയിപ്പ് - കുട്ടികളുടെ സവിശേഷത കളുടെ വിവരണ- തുടർന്ന് കുട്ടികൾ ഉണ്ടാകുന്നു- പിന്നെ കുട്ടികളെ കുറിച്ചുള്ള പ്രവചനങ്ങൾ നിറവേറുന്നു. അങ്ങനെ ഒരു Common pattern ലാണ് ഈ ബൈബിൾ സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
Interpretation
1. ഈ ശിശുക്കൾ ആരായിത്തീരും?
പാലക്കാട് കരിമ്പയിൽ സ്കൂൾ പരീക്ഷ കഴിഞ്ഞു വഴിയിൽ
നടന്നു പോകുന്ന ഏതാനും കുട്ടികൾ അപകടത്തിൽ പെട്ടു മരിച്ചു എന്ന വാർത്ത നമ്മളെ ഏറെ വേദനിപ്പിച്ചു. അതിനും ഏതാനും ദിവസം മുൻപ് നടന്ന അപകടവും യുവ ഡോക്ടർമാരുടെ മരണവും നമ്മെ ഞെട്ടിച്ചു.
സ്നാപക യോഹന്നാന്റെ ജനനത്തിനുശേഷം അവനെക്കുറിച്ച് നാട്ടുകാർ ചിന്തിച്ചത് ഈ ശിശു ആരായിത്തീരുമെന്നാണ്. ഇത് സ്നാപകനെ കുറിച്ച് മാത്രമല്ല ഇമ്മടെ പിള്ളേരെ കുറിച്ച് വീട്ടുകാർക്കും നാട്ടുകാർക്കും ഒക്കെയുള്ള ആശങ്ക ഇതുതന്നെയാണ്. ഈ മകൻ/ മകൾ ആരായിത്തീരും...? എങ്ങനെയായി തീരും..? എന്നുള്ളത് . താഴത്തു വച്ചാൽ ചെറിയ ചെറിയ ഉരുമ്പരിക്കും തലയിൽ വച്ചാൽ ചെറിയ ചെറിയ പേനരിക്കും എന്നപോലെയാണ് പലരും കുഞ്ഞുങ്ങളെ വളർത്തുന്നത്. എന്നിട്ടോ ഒടുവിൽ മാതാപിതാക്കൾക്കു സങ്കടവും കണ്ണീരും ബാക്കി...
കുഞ്ഞുങ്ങക്ക് ഏറെ കരുതൽ കൊടുക്കേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയിലെ കുട്ടികളുടെ ആത്മഹത്യയും കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങളും കൂടി കൂടി വരുന്നു . എവിടെ നോക്കിയാലും POCSO കേസുകൾ മാത്രം. വീട്ടിലും, സ്കൂളിലും, ആരാധനാലയങ്ങളിലും നമ്മുടെ കുട്ടികൾ സുരക്ഷിതരല്ല.
നമ്മുടെ കുഞ്ഞുങ്ങളെ ആരൊക്കെയാക്കി തീർക്കണം എന്നുള്ള ടെന്ഷനിലാണ് മാതാപിതാക്കൾ. അവരെ ഡോക്ടർ ആക്കണോ? എൻജിനീയറാക്കണോ? IAS ഓഫീസറാക്കണോ ? അല്ലെങ്കിൽ UK യിലേക്കും കാനഡ യിലേക്കും ജർമ്മനിയിലേക്കും കയറ്റി അയച്ചു പ്രവാസിയാക്കി മാറ്റണോ ഇതൊക്കെയാണ് ഇമ്മടെ Parents ന്റെ ചിന്ത. പക്ഷേ നമ്മുടെ മക്കളെ സ്നാപക യോഹന്നാനെ പോലെ ഈശോയ്ക്ക് വഴിയൊരുക്കുന്നവനാ ക്കാനായി, സാക്ഷ്യം വഹിക്കുന്നവനാക്കാനായി നമ്മിൽ എത്ര പേർ ആഗ്രഹിക്കുന്നുണ്ട്? അതിനു വേണ്ടി എത്ര പേർ ശ്രമിക്കുന്നുണ്ട് ? അവർ ഭാവിയിൽ ആരുതന്നെ ആയാലും അവരെ ദൈവത്തിന് പ്രിയമുള്ളവരാക്കി തീർക്കുക എന്നുള്ളത് പ്രധാന കാര്യമാണ്. സുവിശേഷത്തിൽ സക്കറിയയും എലിസബത്തും ജനിച്ചു വീണ കുഞ്ഞിനെ ദേവാലയത്തിൽ കൊണ്ടുവന്നതായി കാണുന്നു. അതുപോലെ നമ്മുടെ മക്കളെ ഒന്ന് ദേവാലയത്തിലേക്ക് കൊണ്ടുവരാനും ദൈവത്തോടും ദൈവിക കാര്യങ്ങളോട് ചേർത്തുനിർത്താനും ശ്രമിക്കുക മാതാപിതാക്കന്മാരുടെ ഉത്തരവാദിത്തമാണ്.
നമ്മുടെ കുഞ്ഞുങ്ങൾ സ്നാപകയോഹന്നാനെ പോലെ ആകുന്നില്ല എന്നോർത്ത് വിഷമിച്ചിട്ട് കാര്യമില്ല; ആദ്യം അവരുടെ മാതാപിതാക്കളായ നമുക്ക് സക്കറിയയേ പോലെയും എലിസബത്തിനെ പോലെയും ആകാൻ പറ്റുന്നുണ്ടോ എന്നു ചിന്തിക്കുക. വിത്തുഗുണം പത്തു ഗുണം എന്നല്ലേ പറയാറ് ...(മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്നൊരു ചൊല്ലും കൂടി ഉണ്ട് കെട്ടോ.... ഇരിക്കട്ടെ ഒരു കനത്തിന്.... പിന്നെ ഒന്നു രണ്ടെണ്ണം കയ്യിന്നു ഇട്ടോ....). അതുകൊണ്ടു കുട്ടികളെ ശാസിക്കുന്നതിനും തിരുത്തുന്നതിനും മുൻപ് മാതാപിതാക്കൾ എത്ര കണ്ട് വിശ്വാസമുള്ളവരാണ്?, പള്ളിയിൽ വരുന്നവരാണ്?, ആത്മീയ കാര്യങ്ങളിൽ താല്പര്യമുള്ളവരാണ്? ദൈവആശ്രയ ബോധത്തിൽ ജീവിക്കുന്നവരാണ്? എന്നൊക്കെ നമ്മളും ഒന്നുറപ്പുവരുത്തേണ്ടത് നല്ലതാണ്. സഖറിയായും എലിസബത്തും മാതൃക ദമ്പതികളായിരുന്നു അതുപോലെ തന്നെ സ്നാപകനും . ഔസേപ്പിതവും മാതാവും നല്ല മാതൃക മാതാ പിതാക്കൾ ആയിരുന്നു .പിന്നെ ഈശോയുടെ കാര്യം പറയാനുണ്ടോ. അതുകൊണ്ടു ആദ്യം അപ്പനും അമ്മയും ശരിയാവുക;അപ്പോൾ മക്കൾ തന്നെ ശരിയായിക്കോളും
2. ദൈവത്തിന്റെ കരമുള്ള മക്കൾ
ഇന്നത്തെ
വായനകളെല്ലാം കുഞ്ഞുങ്ങൾ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ടാണ്. ഏറെക്കുറെ എല്ലാവരുടെയും മാതാ പിതാക്കൾ ഇച്ചിരി പ്രായം ചെന്നവരുമാണ്.
ടാഗോർ പറയുന്നത് മനുഷ്യനെകൊണ്ടു ദൈവം മടുത്തിട്ടില്ല എന്നതിന്റ് തെളിവാണ് ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും എന്നാണ്. ഇമ്മടെ നാട്ടിൽ ക്രൈസ്തവ ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുകയാണ് എന്നു പ്രത്യേകം പറയേണ്ടല്ലോ. സർക്കാരിന്റെ ഒഫിഷ്യൽ കണക്കനുസരിച്ചു കേരളത്തിലെ ക്രൈസ്തവരുടെ ജനനനിരക്ക് 13ഉം മരണ നിരക്ക് 19ഉം ആണ്. എന്തായാലും കുട്ടികൾ ഉണ്ടാകേണ്ടതിനെ നമ്മൾ പ്രോത്സാഹിപ്പിക്കുക. വർധിക്യത്തിലാണ് മേൽപ്പറഞ്ഞ ദമ്പതികൾക്കെല്ലാം പിള്ളേർ ഉണ്ടായത്. അതുകൊണ്ടു ഇച്ചിരി നേരം വൈകിയാലും കുഴപ്പമില്ല സാധിക്കുന്നവർ ദൈവം തരുന്ന സമ്മാനം രണ്ടു കയ്യും നീട്ടി സ്വീകരിക്കുക അത്ര തന്നെ...
സ്നാപനെകുറിച്ച് പറയുന്നത് 'ദൈവത്തിൻറെ കരം അവനോടു കൂടി ഉണ്ടായിരുന്നു എന്നുള്ളതാണ്. നമ്മുടെ പിള്ളേരുടെ കൂടെ ഉണ്ടാകുന്ന കരങ്ങൾ ആരുടെയാണ്? ദൈവികമായ , കരങ്ങളാണോ? അതോ പൈശാചിക കരങ്ങളാണോ?
ദൈവിക കരങ്ങൾക്കു പകരം മൊബൈലിന്റെയും ഇൻറർനെറ്റിന്റെയും മദ്യപാനത്തിന്റെയും ദുശീലങ്ങളുടെ കരാള ഹസ്തങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ പിടികൂടിയിട്ടുണ്ട്. മദ്യത്തിനും മയക്കു മരുന്നിനും മൊബൈൽ ഗെയിമിനും പോണോഗ്രഫിക്കും adict ആയിപോകുന്ന കുട്ടികൾ എണ്ണം കൂടി വരുന്നു . Digital Adiction കുട്ടികളിൽ വളരെ കൂടുതലായി കണ്ടു വരുന്നു. എന്ന് പറഞ്ഞാൽ അവരുടെ കൂടെയുള്ള കരങ്ങൾ ആരുടെയാണ് എന്നു നമ്മൾ ചിന്തിക്കണം. ദൈവിക കരങ്ങളിലേക്ക് നമ്മുടെ മക്കളെ നമ്മൾ അടുപ്പിക്കണം.
3. ദൈവത്തിന്റെ മുഖം
യഹൂദർക്കു അവരുടെ പേര് അവരുടെ idendity യുടെ ഭാഗമാണ്.
'സഖറിയ' എന്ന പേരിന്റെ അർത്ഥം 'ദൈവം ഓർത്തു'(God remebered) എന്നാണ് 'യോഹന്നാൻ' എന്ന പേരിന്റെ അർത്ഥം ദൈവം കാരുണ്യവാനാണ്/ ദൈവം കരുണ കാണിക്കും എന്നെല്ലാമാണ്. ഈ രണ്ടു പേരുകളും
വലിയ പ്രതീക്ഷയാണ് നമുക്ക് നൽകുന്നത്. നമ്മുടെ ജീവിതം എത്ര സങ്കടത്തിൽ ആയിരുന്നാലും നമുക്ക് പ്രതീക്ഷ ആണ് 'സഖറിയ' എന്ന നാമം. കാരണം 'ദൈവം നമ്മെ ഓർക്കും' അവൻ നമ്മോടു കരുണ കാണിക്കും. ഏശയ്യ പ്രവാചകൻ പറയുന്നതുപോലെ
മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മകരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.
ഏശയ്യാ 49 : 15. ദൈവം മനുഷ്യരോടു കരുണ കാണിചത്തിന്റെ കഥകളാണ് ബൈബിൾ നിറയെ... കാരുണ്യ വർഷത്തിൽ മാർപാപ്പ ഇറക്കിയ പേപ്പൽ ബുൾ Misericordia Vultus ( കാരുണ്യത്തിന്റെ മുഖം) എന്നാണ്.. ദൈവത്തിന്റെ മുഖം കരുണയാണ് എന്നാണ് അതിൽ മാർപാപ്പ പറയുന്നത്. അതുകൊണ്ടു മറ്റുള്ളവരോട് കരുണ കാണിക്കാം . നമുക്കും ദൈവത്തിന്റെ മുഖം ഉള്ളവരായി മാറാം.
പറച്ചിലും പ്രവർത്തിയും
സഖറിയ മകന് യോഹന്നാൻ എന്നു പേരിട്ടതിന്റെ വായന ആയതുകൊണ്ട് ഇമ്മടെ പിള്ളേരുടെ മാമ്മോദീസ പേരും തീയതിയും കണ്ടെത്തി കൊണ്ടുവരാൻ പറയുന്നത് നല്ലതായിരിക്കും. പറ്റിയാൽ മാമ്മോദീസ നൽകിയ പള്ളീലച്ചന്റെ പേരും ഒപ്പം ജ്ഞാന സ്നാന മാതാപിതാക്കളുടെ പേരും ചുമ്മാ... ഇരിക്കട്ടെ...
കൂടുതൽ കുട്ടികളുള്ള മാതാപിതാക്കളെ ഒന്നു പ്രശംസിച്ചു പറയുന്നതും ഒരു സമ്മാനം കൊടുക്കുന്നതും നല്ലതല്ലേ...
ഉല്‍പത്തി 18:1-10 ന്യായാധിപന്മാര്‍ 13:2-7,24, എഫേസോസ് 3:1-13, ലൂക്കാ 1:57-66
പ്രതിക്കൂട്ടിലെ ദൈവം
'നീ എന്തിനാണ് എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്?' മനുഷ്യനോട് ദൈവം ചോദിച്ചു. എന്നെ അനുഗ്രഹിക്കുകയാണ് നിന്റെ ജോലി. അതിനു തടസമുണ്ടാവുമ്പോള്‍ ഞാന്‍ ഇരുട്ടത്താണ്; തട്ടി വീഴുകയും ചെയ്യുന്നു. സുഗമമായ എന്റെ ജീവിതത്തിനു പ്രതിബന്ധമുണ്ടാക്കുന്നതുകൊണ്ടാണ് ഞാന്‍ നിന്നെ വിചാരണ ചെയ്യുന്നത്.
തുറന്നു സംസാരിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു സാധുഹൃദയത്തോടാണ് ദൈവത്തിന്റെ ചോദ്യവും വളച്ചുകെട്ടില്ലാത്ത ഉത്തരവും.
അന്ധകാരത്തിനാണ് വ്യാപ്തിയും ആധിപത്യവുമെന്ന് നിരാശപ്പെടുന്ന സമൂഹം. കാത്തിരിപ്പിന് അന്തമില്ലാതെ ദൈര്‍ഘ്യമേറുന്നു. നന്മയിലേക്ക് ചാലു കീറുന്ന ചെറു ചലനം പോലുമില്ല, നീതിമാര്‍ഗത്തില്‍ ചരിക്കുന്ന ശുദ്ധമനസ്‌കരുടെ ജീവിതത്തില്‍ തിരിച്ചടികള്‍ മാത്രം, അതില്‍ നിന്ന് ഒരു മടക്കയാത്രയില്ലെന്ന ആഴമുള്ള ചിന്ത. പരമകാരുണികനും സ്നേഹവാരിധിയുമായ ദൈവം ഇതെല്ലാം കണ്ട് നിശബ്ദനായിരിക്കുന്നതെന്തേ?
ഇന്ന് നാം വായിച്ച സുവിശേഷഭാഗം, വി. ലൂക്കായുടെ സുവിശേഷം ഒന്നാം അധ്യായം 57 മുതല്‍ 66 വരെയുള്ള വാക്യങ്ങള്‍ നമുക്ക് വെളിപ്പെടുത്തിത്തരുന്ന ദൈവിക ഇടപെടലിന്റെ സ്വഭാവമെന്താണ്?
ക്രിസ്തുവിനു വഴിയൊരുക്കാന്‍, അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അഭിഷേകം ചെയ്യപ്പെട്ട, ഇസ്രായേലിനെ അവസാനത്തെ പ്രവാചകനായ യോഹന്നാന്‍ സ്നാപകന്റെ ജനനത്തിരുനാളില്‍, ആ ജനനത്തിലേക്ക് നയിച്ച അതിശയകരമായ ദൈവികപദ്ധതിയുടെ പ്രതിപാദനമാണ് ഈ സുവിശേഭാഗത്തെ സവിശേഷമാക്കുന്നത്. പരിശുദ്ധ ദൈവമാതാവിനു പുറമെ സഭയില്‍ ആചരിക്കപ്പെടുന്ന ഏക ജനനത്തിരുനാള്‍ യോഹന്നാന്‍ സ്നാപകന്റേതാണെന്ന് നമുക്കറിയാം.
'ഗര്‍ഭത്തില്‍ത്തന്നെ, എന്നെ കര്‍ത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവിടുന്ന് എന്നെ നാമകരണം ചെയ്തു. എന്റെ നാവിനെ അവിടുന്ന് മൂര്‍ച്ചയുള്ള വാളു പോലെയാക്കി,' (ഏശയ്യ 49:1-2).
അപ്രതീക്ഷിതമായ ആ ജനനത്തെക്കുറിച്ചും ശിശുവിനു നല്‍കേണ്ട പേരും, പിതാവ്, പുരോഹിതനായ സഖറിയയെ ദൈവദൂതന്‍ അറിയിക്കുന്നു. ഇതുമാത്രമല്ല, കര്‍ത്താവിനു വഴിയൊരുക്കാനുള്ള സ്നാപകന്റെ ദൗത്യവും ഏശയ്യ പ്രവാചകന്റെ വാക്കുകളിലുണ്ട്.
പ്രായം കഴിഞ്ഞുപോയ സഖറിയയുടെയും എലിസബത്തിന്റെയും ജീവിതത്തില്‍ വിവരണാതീതമായ അനുഗ്രഹവും ആഹ്ലാദവുമായി യോഹന്നാന്‍ കടന്നുവരുന്നതും, ശിശുവിന്റെ പേരീടിലും അവിശ്വാസം മൂലം നഷ്ടപ്പെട്ട സഖറിയയുടെ സംസാരശേഷി തിരികെക്കിട്ടുന്നതും, യൂദയായിലെ മലനാട്ടിലെങ്ങും സംസാരവിഷയമായെന്ന് ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. ഈ ശിശു ആരായിത്തീരും എന്ന അമ്പരപ്പ് അവരിലാകെയുണ്ടായി.
വാഗ്ദാനങ്ങളില്‍ ദൈവം വിശ്വസ്തനോ?
വിശ്വസിക്കാനും ആശ്രയിക്കാനും ശരണപ്പെടാനും കഴിയുന്നവനാണോ ദൈവം. വിശ്വാസിയുടെ വന്നും പോയുമിരിക്കുന്ന സന്ദേഹമാണിത്.
സ്നാപകന്റെ ജനനത്തോടനുബന്ധിച്ച സംഭവപരമ്പരകള്‍ വേലിയേറ്റവും വേലിയിറക്കവും പോലെയുള്ള മനുഷ്യന്റെ വിശ്വാസാവിശ്വാസങ്ങളെ കീറിമുറിച്ച് ദൈവത്തിന്റെ നിത്യനിദാന്തമായ വിശ്വസ്തതയ്ക്ക് അടിവരയിടുന്നു.
അവിടുന്ന് തന്റെ വാഗ്ദാനം നിറവേറ്റുന്നത് സമയത്തിന്റെ പൂര്‍ണ്ണതയിലാണ്. നമ്മുടെ ടൈംടേബിളിന്റെ അടിസ്ഥാനത്തില്‍ ദൈവികപദ്ധതിയെ വിലയിരുത്തുകയോ സമീപിക്കുകയോ ചെയ്യുന്നവര്‍ ഏറെയാണ്.
ദൈവം തന്ന ടൈംടേബിള്‍
യോഹന്നാന്‍ സ്നാപകന്‍ ക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തിന്റെ മണ്ണൊരുക്കുകയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ജനനത്തിന്റെ സമയം ദൈവികപദ്ധതിയനുസരിച്ച് തീരുമാനിക്കപ്പെട്ടതാണ്. സഖറിയയുടെയും എലിസബത്തിന്റെയും പുത്രനായി യോഹന്നാന്‍ എപ്പോള്‍ ജനിക്കണമെന്ന തീരുമാനം, ഈ രക്ഷാകര ചരിത്രവുമായി ചേര്‍ന്നാണിരിക്കുന്നത്. മാനുഷികമായ ചോദ്യങ്ങള്‍ക്കോ, യുക്തിക്കോ നിർണ്ണയിക്കാവുന്നവയല്ല ആ ദൈവിക പദ്ധതികൾ.
നമ്മുടെ ജീവിതത്തിലെ ദൈവിക ഇടപെടലുകളും ഇതുപോലെയാവാം കടന്നുവരുന്നത്. മാനുഷിക ആലോചനകളുടെയും ഭാവനകളുടെയും സ്വപ്നങ്ങളുടെയും പരിസരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതല്ല ദൈവാനുഗ്രഹങ്ങള്‍.
ആഹ്ലാദിക്കുന്ന സമൂഹം
ശിശുജനനത്തിലൂടെ അനുഗൃഹീതമായ എലിസബത്തിന്റെയും സഖറിയയുടെയും കുടുംബം അവരുടെ അയല്‍ക്കാരെയും ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും ആഹ്ലാദിപ്പിക്കുന്നു.
ഇപ്രകാരം ദൈവികാനുഗ്രഹങ്ങളില്‍ ആനന്ദിച്ച് ദൈവമഹത്വമറിയുന്ന സമൂഹം തന്നെ ദൈവികമായ ഒരു ദാനമാണ്. അപരന്റെ നന്മകളിലും പ്രയാസങ്ങളിലും പ്രതിസന്ധികളിലും ചേര്‍ന്നുനിന്ന് പ്രചോദിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നത് പാരസ്പര്യത്തിന്റെ ദൈവികമുഖമാണ്.
സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലൂടെ നാം കടന്നുപോകുമ്പോള്‍, പരീക്ഷിക്കപ്പെടുന്നെന്ന് നാം പരിതപിക്കുമ്പോള്‍, ദൈവത്തിന്റെ വിശ്വസ്തത നമ്മുടെ ജീവിതത്തില്‍ വെളിപ്പെടുന്നതിനുള്ള അവസരമാണവയെന്ന് തിരിച്ചറിയുക.
സ്നാപകന്‍ ഒരു തിരിച്ചറിവ് !
അപ്രതീക്ഷിതവും അത്ഭുതകരവുമായ ക്രമീകരണങ്ങളിലൂടെ ദൈവം തന്റെ പുത്രന്റെ മാനവവിമോചന ദൗത്യത്തിന്, അനുയോജ്യനായ പ്രാരംഭകനെ നിയോഗിക്കുകയായിരുന്നു. താന്‍ കുറയുകയും അവന്‍ വളരുകയും വേണമെന്ന മനോഭാവമാണു യോഹന്നാന്‍ സ്നാപകന്‍ തന്റെ അനുയായികളിലേക്കും പ്രസരിപ്പിച്ചത്.
കര്‍ത്താവിനു സ്നാനമേകിയും ദൈവത്തിന്റെ കുഞ്ഞാടിനെ ലോകത്തിനു കാട്ടിക്കൊടുത്തതും തന്റെ ദൗത്യപൂര്‍ത്തീകരണത്തിലെത്തി അദ്ദേഹം.
കര്‍ത്താവിന്റെ കരം
'കര്‍ത്താവിന്റെ കരം അവനോടു കൂടെ ഉണ്ടായിരുന്നു.' (ലൂക്കാ 66) എന്ന് സ്നാപകന്റെ ജീവിതത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു. ശക്തമായ ദൈവികസാന്നിദ്ധ്യത്താല്‍ നയിക്കപ്പെട്ടു എന്നാണിത് സൂചിപ്പിക്കുന്നത്.
ദൈവികമായ ശക്തിയും ഇടപെടലും നമ്മുടെ ജീവിതത്തിലും അഭികാമ്യമായ മാറ്റങ്ങള്‍ വരുത്തുന്നു. ഈ അഭികാമ്യത ദൈവഹിതത്തിനു വിധേയമായിരിക്കുമ്പോഴാണ് നാം ദൈവിക പദ്ധതിയുടെ ഭാഗമാവുന്നത്. അതായത്, അവിടുത്തെ മഹത്വത്തിനും രാജ്യത്തിനും വേണ്ടി ഉപയോഗിക്കപ്പെടുന്നവരായി നാം മാറുന്നു.
കാത്തിരിപ്പിന്റെയും നിരാശയുടെയും മാനുഷികമായ പരുക്കന്‍ പ്രതലങ്ങളില്‍ നാം ഉഴലുന്ന സാഹചര്യങ്ങളിലും സമയത്തിന്റെ പൂര്‍ണതയില്‍ ദൈവികപദ്ധതികള്‍ നിറവേറുക തന്നെ ചെയ്യും. ഉപേക്ഷിക്കുന്നവനോ, തള്ളിക്കളയുന്നവനോ, നിസഹായതയില്‍ കാഴ്ചക്കാരനോ അല്ല ദൈവം.
സഖറിയായുടെയും എലിസബത്തിന്റെയും യോഹന്നാന്റെയും പേരുകള്‍ അര്‍ത്ഥമാക്കുന്നതുപോലെ ദൈവം നമ്മെ സ്മരിക്കുന്നവനും നമുക്ക് ആശ്രയിക്കാവുന്നവനും നമ്മോടു കൃപയുള്ളവനുമാണ്. അവിടുത്തോടു ചേര്‍ന്നു നടക്കുമ്പോള്‍ ഈ അനുഗ്രഹ വഴികളില്‍ നാം അനേകരെ സ്വന്തമാക്കും.
ജോമോൻ എം മങ്കുഴിക്കരി
www.homilieslaity.com
മംഗളവാർത്താക്കാലം-ഞായർ 3
ലൂക്കാ 1, 57 – 80
സീറോ മലബാർ സഭയുടെ ആരാധനാക്രമ വത്സരത്തിലെ മംഗളവാർത്താക്കാലത്തിലെ മൂന്നാം ഞായറാഴ്ചയാണിന്ന്.
ക്രിസ്തുമസിന് ഒരുക്കമായുള്ള മംഗളവാർത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച്ച മൂകനായിപ്പോയ സഖറിയായെയാണ് നാം കണ്ടത്. മംഗളവാർത്താക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ചയാകട്ടെ, ദൈവഹിതത്തിന് മുൻപിൽ „ഇതാ കർത്താവിന്റെ ദാസി „ എന്നും പറഞ്ഞ് സർവം സമർപ്പിതയാകുന്ന മറിയത്തെയാണ് സുവിശേഷം നമുക്ക് പരിചയപ്പെടുത്തിത്തന്നത്. ഈ മൂന്നാം ഞായറാഴ്ചത്തെ സുവിശേഷത്തിന്റെ ഉള്ളടക്കം, മനുഷ്യരുടെ ഇടയിൽ തനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയുവാൻ കർത്താവ് തന്നെ കടാക്ഷിച്ചുവെന്ന ആത്മീയ ചിന്തയിൽ പുരോഹിതനായ സഖറിയായുടെ ഭാര്യ എലിസബത്ത് തന്റെ ഗർഭകാലം ചിലവഴിച്ച് പുത്രന് ജന്മം നൽകുന്നതും, കർത്താവ് അവളോട് വലിയ കാരുണ്യം കാണിച്ചിരിക്കുന്നുവെന്നു കേട്ട അയൽവക്കക്കാരും ബന്ധുക്കളും സന്തോഷിക്കുന്നതും, ദൈവഹിതമനുസരിച്ച് കുഞ്ഞിന് യോഹന്നാൻ, ദൈവത്തിന്റെ സമ്മാനം എന്ന് അർഥം വരുന്ന യോഹന്നാൻ എന്ന് നാമകരണം ചെയ്യുന്നതും, ദൈവഹിതമനുസരിച്ചു് പ്രവർത്തിച്ചപ്പോൾ സഖറിയാസിന്റെ നാവ് സ്വതന്ത്രമാകുന്നതും, സഖറിയാസ് മകനെക്കുറിച്ചു ദർശനം പറയുന്നതുമാണ്.
രണ്ട് കാര്യങ്ങളാണ് നാമിന്നു ഈ സുവിശേഷഭാഗത്തുനിന്ന് കൊത്തിപ്പെറുക്കിയെടുക്കുന്നത്.
ഒന്ന്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ ശക്തിപ്പെടുത്താൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളെ മനോഹരമാക്കാൻ, നമ്മുടെ ക്രൈസ്തവജീവിതങ്ങളിലൂടെ ക്രിസ്തുവിനെ ലോകത്തിന് നൽകാൻ നാം എന്ത് ചെയ്യണം എന്നതാണ്. അതിനായുള്ള പ്രയത്നം മറ്റൊന്നുമല്ല, നമ്മുടെ ക്രൈസ്തവ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമാക്കുകയാണ്. ദൈവത്തിന്റെ ഇഷ്ടം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളാണ് എലിസബത്തും സഖറിയാസും. ദൈവത്തിന്റെ വെളിപാടിനുമുന്പിൽ തെല്ലൊന്നു പതറിനിന്നെങ്കിലും, പിന്നീടങ്ങോട്ട് ഉറച്ച വിശ്വാസത്തോടെയാണ് സഖറിയാസ് ജീവിച്ചത്. അതുകൊണ്ടായിരിക്കണമല്ലോ അദ്ദേഹം എലിസബത്തിനോട് ദൈവത്തിന്റെ വെളിപാടിനെക്കുറിച്ചു പറയുകയും, കുഞ്ഞിന് യോഹന്നാൻ എന്ന് പേരിടണമെന്നു നിർദ്ദേശിക്കുകയും ചെയ്തത്. എലിസബത്താണെങ്കിൽ, ജനം മുഴുവൻ എതിരായിരുന്നിട്ടും ദൈവേഷ്ടം പൂർത്തിയാക്കാൻ തിടുക്കം കാട്ടുകയാണ്. അവൾ പറയുന്നത്, ‘നിങ്ങൾ എന്ത് പറഞ്ഞാലും അത് അങ്ങനെയല്ല അവൻ യോഹന്നാൻ എന്ന് വിളിക്കപ്പെടണം’ എന്നാണ്. സഖറിയാസും അതുതന്നെ എഴുതിക്കാണിച്ചു.
നാട്ടുനടപ്പുകളും, പാരമ്പര്യങ്ങളും തീർച്ചയായും മാനിക്കപ്പെടേണ്ടത് തന്നെയാണ്. ഡയലോഗും സമവായവും വളരെ നല്ലതാണ്. എന്നാൽ അവയെല്ലാം ദൈവേഷ്ടം നടപ്പാക്കാൻ നമ്മെ സഹായിക്കുന്നവയാകണം. നേരെ മറിച്ചാകരുത്. ഇന്ന് ആചാരങ്ങളിലും പാരമ്പര്യങ്ങളിലുംപെട്ട് ദൈവേഷ്ടം മുങ്ങിപ്പോകുകയാണ്. ഇന്ന് മതത്തിലൂടെ, മതവിശ്വാസികളിലൂടെ ദൈവത്തിന്റെ സ്വരമല്ല, മനുഷ്യന്റെ, രാഷ്ട്രീയപ്പാർട്ടികളുടെ, തീവ്രവാദ സംഘടനകളുടെ സ്വരമാണ് നാം കേൾക്കുന്നത്. വിശ്വാസികളെ ദൈവത്തിന്റെ ഇഷ്ടം കണ്ടെത്താൻ സഹായിക്കുന്നതിന് പകരം, ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുവാൻ പഠിപ്പിക്കുന്നതിന് പകരം ഇന്ന് മതങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ കയ്യിലെ ചട്ടുകങ്ങളാകുകയാണ്; മതവിശ്വാസികൾ തീവ്രവാദ സംഘടനകളുടെ ചാവേറുകളാകുകയാണ്. ഈ സാഹചര്യം ഭയാനകമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെങ്കിലും ഈ ഭൂമിയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുയാണ് നമ്മുടെ ദൗത്യം.
പഴയനിയമത്തിൽ ഉത്പത്തി പുസ്തകം അദ്ധ്യായം 24 ൽ തന്റെ ഏക മകൻ ഇസഹാക്കിനു ഒരു പെൺകുട്ടിയെ കണ്ടെത്താൻ അബ്രാഹം തന്റെ വിശ്വസ്തനായ വേലക്കാരനെ നിയോഗിക്കുന്നുണ്ട്. നീണ്ട യാത്രകൾക്കൊടുവിൽ അദ്ദേഹം റബേക്ക എന്ന പെൺകുട്ടിയെ കണ്ടെത്തുകയും അവളുടെ വീട്ടിൽച്ചെന്നു തന്റെ യജമാനന്റെ ആഗ്രഹം മാതാപിതാക്കളോടും ലാബാൻ എന്ന സഹോദരനോടും പറയുമ്പോൾ റബേക്കായുടെ പിതാവായ ബത്തുവേലും ചെറുപ്പക്കാരനായ ലാബാനും ഒരുമിച്ചു പറയുന്ന മറുപടി ഇങ്ങനെയാണ്: “ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല.” കർത്താവ് തിരുവുള്ളമായതുപോലെ കുടുംബജീവിതത്തെ രൂപപ്പെടുത്തുവാൻ അവർ ശ്രമിക്കുകയാണ്.
ഉത്പത്തി പുസ്തകം അധ്യായം 45 ൽ ജോസഫ് തന്നെത്തന്നെ സഹോദരങ്ങളുടെ മുൻപിൽ വെളിപ്പെടുത്തുന്ന ഒരു വൈകാരിക രംഗമുണ്ട്. “ഞാൻ ജോസഫാണ്” എന്നും പറഞ്ഞു തന്നെത്തന്നെ ജോസഫ് വെളിപ്പെടുത്തിയപ്പോൾ ഒന്നും സംസാരിക്കാൻ കഴിയാതെ സ്തംഭിച്ചുപോയ സഹോദരങ്ങളോട് ജോസഫ് പറഞ്ഞു:”എന്നെ ഇവിടെ വിറ്റതോർത്തു നിങ്ങൾ വിഷമിക്കുകയോ വിഷാദിക്കുകയോ വേണ്ട…കാരണം ജീവൻ നിലനിർത്താൻ വേണ്ടി നിങ്ങളല്ല, ദൈവമാണ് എന്നെ ഇങ്ങോട്ട് അയച്ചത്”. ജീവിതത്തിലുണ്ടായ, അതും സ്വന്തം സഹോദരങ്ങളിൽ നിന്നുണ്ടായ ദുരന്തത്തെപ്പോലും ദൈവത്തിന്റെ ഇഷ്ടമായി കാണാൻ, ദൈവത്തിന്റെ പദ്ധതിയായിക്കാണാൻ മാത്രം ആത്മീയതയിൽ വളർന്ന ജോസഫിനെയാണ് നാം ഇവിടെ കാണുന്നത്.
ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരൻ പറഞ്ഞ അനുഭവം ഇതോട് ചേർത്ത് വായിക്കാവുന്നതാണ്. ആ ചെറുപ്പക്കാരനെ കണ്ടപ്പോൾ മുതൽ എന്തോ ദുഃഖം അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. കുഞ്ഞു സംസാരങ്ങളിലൂടെ ഞങ്ങൾ അറിയാതെ തന്നെ ഞങ്ങൾക്കിടയിൽ ഒരു സൗഹൃദം ഉടലെടുത്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ കഥ എന്നോട് പറഞ്ഞത്. നാട്ടിൽ ഭാര്യയും, മൂന്ന് മക്കളുമുണ്ട്, പിന്നെ അപ്പച്ചനും അമ്മച്ചിയും. നാട്ടിലെ ബിസിനസ്സ് പോരാ എന്ന് തോന്നിയപ്പോൾ മുംബൈയ്ക്ക് വണ്ടികയറി. മാതാപിതാക്കൾക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു. നാട്ടിലെ ബിസിനസ് പോരേയെന്നാണ് അവർ ചോദിച്ചത്. എന്നാൽ, അവരുടെ ഇഷ്ടത്തിന് വിലകൊടുക്കാതെ അയാൾ മുംബൈയിലെത്തി. ബിസിനസ് നന്നായി നടത്തുവാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടായിരുന്നു. എന്നാൽ, എപ്പോഴും പല പല തടസ്സങ്ങൾ…ചുരുക്കി പറഞ്ഞാൽ, ഇപ്പോൾ ബിസിനസ് നഷ്ടത്തിലാണ്. വീട്ടിൽ രണ്ടാമത്തെ കുഞ്ഞിന് അസുഖമായതുകൊണ്ടാണ് നാട്ടിലേക്ക് യാത്രയായത്. അദ്ദേഹത്തെ കേട്ട്, അല്പം ശാന്തമായിരുന്ന ശേഷം ഞാൻ പറഞ്ഞു, “സ്നേഹിതാ, ബിസിനസ് നഷ്ടമായതും, കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുന്നതും മറ്റൊന്നും കൊണ്ടല്ല. താങ്കളുടെ ചിന്തകൾ കൊണ്ടാണ്. മാതാപിതാക്കളുടെ ഇഷ്ടത്തിന് എതിരായിട്ടാണല്ലോ ഞാൻ ബിസ്‌നസ് നടത്തുന്നത് എന്ന ചിന്തയല്ലേ എപ്പോഴും താങ്കളുടെ മനസ്സിൽ? ആ ചിന്ത തന്നെ താങ്കളുടെ ഹൃദയത്തെ വിഭജിതമാക്കുന്നു. അതുകൊണ്ടു തന്നെ, ദൈവത്തിന്റെ ആത്മാവിന്റെ പ്രവർത്തനം താങ്കളിൽ നടക്കുന്നില്ല. വീട്ടിൽ ചെന്ന് മാതാപിതാക്കളുമായി സംസാരിക്കുക. നല്ലൊരു കുമ്പസാരം നടത്തുക. പരിശുദ്ധാത്മാവിന്റെ കൃപകളും വരങ്ങളും താങ്കളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും.” സ്നേഹമുള്ളവരേ, ഇന്ന് അദ്ദേഹവും കുടുംബവും ക്രിസ്തുവിൽ സന്തോഷത്തോടെ ജീവിക്കുന്നു.
ജീവിതത്തിലെ പ്ലാനുകളും പദ്ധതികളും സ്വപ്നങ്ങളുമെല്ലാം ദൈവത്തിന്റെ ഇഷ്ടമനുസരിച്ചു ക്രമീകരിക്കപ്പെടുമ്പോഴാണ് ക്രൈസ്തവജീവിതം ക്രിസ്തുവിനോടൊത്തുള്ളതാകുന്നത്, ക്രിസ്തുമസ് നമ്മിൽ സംഭവിക്കുന്നത്. ഇന്നത്തെ സുവിശേഷ ഭാഗത്തും ഇതുതന്നെയാണ് നാം കാണുന്നത്. ദൈവേഷ്ടം അന്വേഷിക്കുമ്പോൾ, അത് പൂർത്തീകരിക്കുവാൻ തയ്യാറാകുമ്പോൾ സഖറിയാസിന്റെ കുടുബത്തിൽ അത് ദൈവകൃപയുടെ വസന്തോത്സവമാകുകയാണ്. ചങ്ങലകളെല്ലാം അഴിയുകയാണ്. സഖറിയാസ് സ്വതന്ത്രനാകുകയാണ്. ദൈവത്തിന്റെ കരം സഖറിയാസിന്റെ കുടുബത്തിൽ ദർശിക്കുവാൻ ജനത്തിനു സാധിക്കുകയാണ്.
രണ്ട്, നമ്മുടെ ക്രൈസ്തവ വിശ്വാസത്തെ തകർക്കുന്ന പ്രവർത്തനങ്ങൾ ലോകത്തിൽ സംഭവിക്കുമ്പോൾ, സഭയിൽ ഉണ്ടാകുമ്പോൾ, നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമ്പോൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുവാൻ നമുക്കാകണം. മൂകനായ സഖറിയാസ് ആ ഒൻപത് മാസവും പ്രാർത്ഥനയിൽ, ഉപവാസത്തിൽ ആയിരുന്നതുപോലെ, ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ നമുക്കാകണം. അപ്പോൾ, നമ്മുടെ കുടുംബങ്ങളെ ക്രിസ്തുമസിന്റെ സന്തോഷത്താൽ, നിറയ്ക്കുവാനാകും. മാത്രമല്ല, വരും തലമുറയെ വിശ്വാസത്തിൽ വളർത്തിയെടുക്കാൻ നമുക്കാകും. അതിനായി മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകും. പാർട്ടിക്ലാസ്സുകളിൽ പറയുന്നപോലത്തെ ഒരു താത്വികമായ അവലോകനത്തെ പറ്റിയല്ല ഞാനിവിടെ സൂചിപ്പിക്കുന്നത്. ക്രൈസ്തവരെല്ലാവരും, പ്രത്യേകിച്ച് ക്രൈസ്തവ മാതാപിതാക്കൾ അവശ്യം എത്തിച്ചേരേണ്ട അവസ്ഥയെക്കുറിച്ചാണ് ഞാൻ പറയുന്നത് – മക്കളെക്കുറിച്ചു മാതാപിതാക്കൾക്ക് ദർശനങ്ങളുണ്ടാകണം.
എത്ര മനോഹരമായിട്ടാണ്, എത്ര വിശ്വാസത്തോടെയാണ് സഖറിയാസ് പറയുന്നത്: “നീയോ കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കുവാൻ നീ പോകും.” നിങ്ങൾക്ക് സഖറിയാസിനോട് അസൂയ തോന്നുന്നില്ലേ? നമുക്കൊക്കെ എത്ര പുത്രന്മാരും, പുത്രിമാരും ഉണ്ടായിരിക്കുന്നു. അവരെക്കുറിച്ചു നമുക്ക് ദർശനങ്ങൾ ഉണ്ടാകുന്നുണ്ടോ? തലേ ദിവസം അമ്മയുടെ കഴുത്തിൽ കൈകൾ ചുറ്റിപ്പിടിച്ചു അമ്മയുടെയും പപ്പയുടെയും ഇഷ്ടമാണ് എന്റെയും ഇഷ്ടമെന്ന് പറഞ്ഞു പിറ്റെന്നു കോളേജിൽ പോയ മകൾ കൂട്ടുകാരന്റെകൂടെ, അതും അന്യമതസ്ഥനായ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടിയപ്പോൾ ആരാണ് തോറ്റത്? ആരാണ് ജയിച്ചത്? മാസങ്ങളായി സ്കൂളിൽ നിന്ന് വരുന്ന മകൻ മയക്കുമരുന്ന് കൊണ്ടുവരികയും, കലണ്ടറിന്റെ പുറകിലും, ഡിക്ഷ്ണറിയിലും മറ്റും ഒളിപ്പിച്ചു വയ്ക്കുകയും, അത് ഉപയോഗിക്കുകയും ചെയ്തിട്ടും മാതാപിതാക്കൾക്ക് അത് മനസ്സിലാകുന്നില്ല. അവർക്കു അത് sense ചെയ്യാൻ പറ്റുന്നില്ല.
മക്കളെക്കുറിച്ചു ദർശനങ്ങൾ പോയിട്ട് അവർ എന്താണ് ചിന്തിക്കുന്നതെന്നു നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നില്ല. വീട്ടിൽ എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ മക്കൾ പറയുന്ന ഡയലോഗുകൾ കേട്ട് മാതാപിതാക്കൾ അന്തംവിടുകയാണ്!!! എന്തൊക്കെയാണ് ഇവർ ചിന്തിക്കുന്നത്? എന്തൊക്കെയാണ് ഇവർ പറയുന്നത്? “തമ്പുരാനേ എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ” എന്നോർത്ത് തലയിൽ കൈവച്ചുപോകുകയാണ് മാതാപിതാക്കൾ!
അമ്മിഞ്ഞകുടിക്കുന്ന കുഞ്ഞിന്റെ ഓരോ മൂളലിന്റെയും അർഥം മനസിലാക്കി തിരിച്ചു മൂളുകയും സംസാരിക്കുകയും ചെയ്തിരുന്ന അമ്മമാർക്കു പോലും മക്കൾ വലതുതായിവരുമ്പോൾ അവരെ മനസ്സിലാകുന്നില്ല. അവരെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുന്നില്ല. സത്യമല്ലേ പ്രിയപ്പെട്ടവരേ? ഇന്ന് നമ്മുടെ കുടുംബങ്ങളിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇതല്ലേ? ആർക്കും ആരെക്കുറിച്ചും ദർശനങ്ങൾ ഉണ്ടാകുന്നില്ല.
എനിക്ക് സഖറിയാസിനോട് അസൂയ തോന്നുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് സാധിച്ചത്? സ്വന്തം മകനെക്കുറിച്ചു എങ്ങനെയാണ് അദ്ദേഹത്തിന് ദർശനം ലഭിച്ചത്? ഉത്തരം ഒന്നേയുള്ളു – പരിശുദ്ധാത്മാവിന്റെ കൃപകൊണ്ട്. ഓരോ മനുഷ്യന്റെയും ആത്മീയ ജനിതകത്തിൽ ഉള്ള ഒന്നാണ് പരിശുദ്ധാത്മാവിന്റെ കൃപ. കാരണം, ദൈവത്തിന്റെ ആത്മാവാണ് നമ്മെ നയിക്കുന്നത്. ഈ ആത്മാവിനെ നമുക്ക് നൽകുവാനാണ് ക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. ഈ പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനപ്പെടുത്തുവാനാണ് ക്രിസ്തു വരുന്നതെന്ന് ലോകത്തോട് പറയുക എന്നതായിരുന്നു (ലൂക്ക 3, 16) സ്നാപക യോഹന്നാന്റെ ദൗത്യം. ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് അറിയുവാനും, നമ്മുടെ ജീവിതത്തെക്കുറിച്ചു, കുടുംബത്തെക്കുറിച്ചു, മക്കളെക്കുറിച്ചു ദർശനങ്ങൾ ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരും ആത്മ്മാവിനാൽ നയിക്കപ്പെടുന്നവരുമാകണം നാം. ദൈവസന്നിധിയിൽ നീതിനിഷ്ഠനാകുക, ദൈവേഷ്ടം ജീവിതത്തിൽ നിവർത്തിക്കുക. പരിശുദ്ധാത്മാവേ, അങ്ങയുടെ കൃപകളാലും വരങ്ങളാലും എന്നെ നിറക്കുകയെന്നു പ്രാർത്ഥിക്കുക. അപ്പോൾ മക്കളെക്കുറിച്ചു നമുക്കും ദൈവം ദർശനങ്ങൾ നൽകും.
ദൈവേഷ്ടത്തിന്റെ മഴയിൽ നനയുകയെന്നതാണ് ക്രിസ്തുമസിന്റെ സന്തോഷത്തിലേക്കുള്ള വഴി. ഗദ്സെമനിയിൽ സങ്കടങ്ങളുടെ രാത്രിയെ ഈശോ മറികടക്കുന്നത് എങ്ങനെയാണ്? കാൽവരി യാത്രയുടെ അപമാനവും, കനൽവഴിയിലെ പൊള്ളലുകളും, കാൽവരിയിലെ കുരിശുമരണവും രക്തംവിയർക്കത്തക്കവിധം അവിടുത്തെ ഞെരിച്ചപ്പോൾ, ഈശോ അവയെയെല്ലാം മറികടക്കുന്നത് ഇങ്ങനെയാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ജീവിതത്തിൽ ദൈവേഷ്ടം നിറവേറ്റുകയെന്നത് ലഹരിയാകുന്നവർക്ക് കുരിശുമരണവും, സിംഹക്കൂടുമൊന്നും ഭയാനകങ്ങളല്ല. ദൈവേഷ്ടം നിറവേറ്റുകയെന്ന മനോഭാവത്തെ വീണ്ടെടുക്കുകയാണ് ജീവിത പ്രശ്നങ്ങളെ ക്രൈസ്തവോചിതമായി നേരിടുവാനുള്ള വഴി. എല്ലാം നഷ്ടപ്പെട്ടുവെന്ന് തോന്നുന്നിടത്തുനിന്ന് ചില മനുഷ്യർ പിടിച്ചു കയറുന്നത് കണ്ടിട്ടില്ലേ? എത്ര ശ്രമിച്ചാലും നേടാൻ സാധിക്കുകയില്ലായെന്ന് വിചാരിക്കുന്നിടത്തുനിന്ന് ചിലർ നേടിയെടുക്കുന്നത് കണ്ടിട്ടില്ലേ? പ്രശ്നങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർ പെട്ടെന്ന് ഒരുനാൾ അവയിൽ നിന്ന് പുറത്തുവരുന്നത് കണ്ടിട്ടില്ലേ? എങ്ങനെയാണത് സംഭവിക്കുന്നത്? അതിന്റെ സൂത്രവാക്യം ഇതാണ്: “പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.” ഇങ്ങനെ പറയുന്ന നിമിഷം മുതൽ നിന്റെ കെട്ടുകളഴിയും; നീ സംസാരിച്ചു തുടങ്ങും. നിന്റെ ജീവിതം ദൈവത്തിന്റെ സമ്മാനംകൊണ്ട് നിറയും. അസാധ്യമെന്ന് തോന്നിയതെല്ലാം നിന്റെ ജീവിതത്തിൽ സാധ്യമാകും. നിന്നോട് ചേർന്ന് നിൽക്കുന്നവരെപ്പറ്റി നിനക്ക് ദർശനങ്ങൾ ഉണ്ടാകും.
സ്നേഹമുള്ളവരേ, ഇന്നത്തെ സുവിശേഷം നമ്മെ അസ്വസ്ഥരാക്കണം. പ്രത്യേകിച്ച് ഇന്നത്തെ ലോകത്തിൽ. നാം അദ്ധ്വാനിക്കുന്നുണ്ട്, മക്കൾക്കുവേണ്ടി 24 മണിക്കൂറും ആകുലപ്പെടുന്നുണ്ട്. നല്ല ക്രൈസ്തവരായി ജീവിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ, നമ്മുടെ ക്രൈസ്തവ ജീവിതം എത്രമേൽ ഫലപ്രദമാണ്? ദൈവേഷ്ടത്തിന്റെ ആഘോഷമാണോ നമ്മുടെ ജീവിതം? ദൈവം ദർശനങ്ങൾ നൽകാൻ മാത്രം യോഗ്യതയിലാണോ, വിശുദ്ധിയിലാണോ നമ്മുടെ ജീവിതം? ദൈവത്തോട് നന്ദിയുള്ളവരാണോ? ഉറച്ച ദൈവ വിശ്വാസമുള്ളവരാണോ? നമ്മുടെ അനുദിന ജീവിത പ്രവർത്തികൾ, ആധ്യാത്മിക കാര്യങ്ങൾ നമ്മെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്നുണ്ടോ?
ക്രിസ്മസിന് ഒരുക്കമായി ഈ ചിന്തകളിലൂടെ ഇന്ന് നമ്മുടെ മനസ്സുകൾ കടന്നുപോകട്ടെ. ക്രിസ്തുമസിനൊരുങ്ങുന്ന എല്ലാ സഹോദരീസഹോദരരെയും, വിശ്വാസത്തിനുവേണ്ടി വേദന സഹിക്കുന്ന എല്ലാവരെയും ഈ ബലിയിൽ ഓർത്തു പ്രാർത്ഥിക്കാം. നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ, ആസുരമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
അങ്ങേ നന്മകൾക്ക് ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളെ, ഞങ്ങളുടെ കുടുംബങ്ങളെ പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയ്ക്കണമേ. ഞങ്ങളുടെ മക്കളെ സ്നാപകനെപ്പോലെ ആത്മാവിൽ ശക്തിപ്പെടുത്തണമേ. ആമ്മേൻ!