മംഗലവാര്‍ത്തക്കാലം 02: ഈശോയുടെ ജനനത്തെക്കുറിച്ചുള്ള സദ്വാര്‍ത്ത -Luke 1.26-38
ഞായര്‍ പ്രസംഗം മംഗളവാര്‍ത്താക്കാലം രണ്ടാം ഞായര്‍ ഡിസംബര്‍ 08 ലൂക്കാ 1: 26-38 ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്
രക്ഷകനായ മിശിഹായുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണ് മംഗളവാര്‍ത്താക്കാലം രണ്ടാം ഞായറാഴ്ചത്തെ സുവിശേഷഭാഗം (ലൂക്കാ 1:26-38).
മനുഷ്യനായി അവതരിക്കുന്ന ദൈവത്തിന്റെ അമ്മയാകുവാന്‍ വിളിക്കപ്പെട്ട മറിയമാണ് ഈ രംഗത്തെ മുഖ്യ കഥാപാത്രം. പരിശുദ്ധ കന്യകാമറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നത് സഖറിയായ്ക്ക് അറിയിപ്പ് നല്കിയ ഗബ്രിയേല്‍ ദൂതന്‍ തന്നെയാണ്. പഴയനിയമത്തില്‍ പല സന്ദര്‍ഭങ്ങളിലായി ദൈവം രക്ഷകനായ മിശിഹായെക്കുറിച്ച് നല്കിയിരുന്ന വാഗ്ദാനങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണത്തെക്കുറിച്ചാണ് മറിയത്തിന് അറിയിപ്പ് ലഭിച്ചത്. ഇന്നത്തെ രണ്ട് പഴയനിയമ വായനകളും ഇസ്രായേലിന്റെ രക്ഷയെക്കുറിച്ചുള്ള അറിയിപ്പുമായി ബന്ധപ്പെട്ടവയാണ്.
സംഖ്യയുടെ പുസ്തകത്തില്‍ നിന്നുള്ള ആദ്യവായനയില്‍ (സംഖ്യ 22: 20-35) വിജാതീയനായ ബാലാമിനെപ്പോലും ദൈവം തന്റെ ദൂതനായി ഉപയോഗിക്കുന്നതു കാണാം. വാഗ്ദത്തഭൂമി ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന ഇസ്രായേലിനെ കണ്ടു ഭയന്ന മൊവാബ് രാജാവായ ബാലാക്കാണ് ഇസ്രായേലിനെ ശപിപ്പിക്കാനായി ബാലാമിനെ ക്ഷണിച്ചത്. മൊവാബ് ദേശത്തേയ്ക്കുള്ള മാര്‍ഗ്ഗമധ്യേ ബാലാമിനുണ്ടാകുന്ന ദര്‍ശനത്തെക്കുറിച്ചാണ് ആദ്യവായന. ബാലാം സഞ്ചരിച്ചിരുന്ന കഴുത, വഴിയില്‍ പ്രത്യക്ഷപ്പെട്ട കര്‍ത്താവിന്റെ ദൂതനെക്കണ്ട് ഭയപ്പെട്ട് വിരണ്ടോടുകയും വഴിയില്‍ വീണുകിടക്കുകയും ചെയ്തു. അരിശം പൂണ്ട ബാലാം, കഴുതയ്ക്കിട്ട് വടി കൊണ്ട് മൂന്നു തവണ അടിച്ചു. കര്‍ത്താവ് നല്കിയ സംസാരശക്തിയാല്‍ കഴുത, തന്നെ അടിച്ചതിന്റെ കാരണമന്വേഷിച്ചു. കഴുത സംസാരിക്കുന്നതു കേട്ടപ്പോള്‍ മാത്രമാണ് മുമ്പില്‍ നില്‍ക്കുന്ന കര്‍ത്താവിന്റെ ദൂതനെ ബാലാം കാണുന്നത്.
കര്‍ത്താവ് നിര്‍ദ്ദേശിക്കുന്ന വചനം മാത്രമേ ബാലാക്കിന്റെ പക്കലെത്തുമ്പോള്‍ ബാലാം പറയാവൂ എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ദൂതന്‍ പ്രത്യക്ഷപ്പെട്ടത്. ഈ നിര്‍ദ്ദേശപ്രകാരമാണ് ബാലാം ഇസ്രായേലിനെ ശപിക്കുന്നതിനു പകരം അനുഗ്രഹിച്ചതും ഭാവിയില്‍ ജനിക്കാനിരുന്ന രാജാവിനെയും അവന്റെ ജനനത്തില്‍ പ്രത്യക്ഷപ്പെടാനിരുന്ന നക്ഷത്രത്തെയും കുറിച്ച് പ്രവചിച്ചതും (സംഖ്യ 24,17). ഇതിന്റെ വെളിച്ചത്തിലാണല്ലോ പൗരസ്ത്യദേശത്തു നിന്നുള്ള ജ്ഞാനികള്‍ ഈശോയുടെ ജനനവേളയില്‍, ഇസ്രായേലിന് ജനിച്ചിരിക്കുന്ന രാജാവിനെ അന്വേഷിച്ച് ജറുസലേമിലെ രാജകൊട്ടാരത്തിലെത്തുന്നത് (മത്തായി 2:1-12).
മറിയത്തിന് ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെടുന്നത്, മിശിഹായ്ക്ക് വഴിയൊരുക്കുന്ന യോഹന്നാന്‍സ്‌നാപകന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പിന്റെ ആറാം മാസത്തിലാണ്. ഇരുസംഭവങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കാനാണ് ആറാം മാസം എന്ന സമയസൂചന സുവിശേഷകന്‍ നല്കുന്നത്. സഖറിയായ്ക്ക് അറിയിപ്പ് ലഭിച്ചത് ജറുസലേം ദൈവാലയത്തില്‍ വച്ചാണെങ്കില്‍, മറിയത്തിനത് ലഭിച്ചത് നസ്രത്തിലെ ലളിതമായ കുടുംബസാഹചര്യത്തിലാണ്. ശക്തരെ അവരുടെ സിംഹാസനങ്ങളില്‍ നിന്നു താഴെയിറക്കി, വിനീതരെ ഉയര്‍ത്തുന്ന, ദാസിയുടെ താഴ്മയെ കടാക്ഷിക്കുന്ന പുതിയനിയമത്തിന്റെ നൂതനശൈലി വ്യക്തമാക്കുന്നതാണ് അറിയിപ്പിന്റെ സ്ഥലങ്ങള്‍ തമ്മിലുള്ള ഈ വ്യത്യാസം.
കന്യകയായ മറിയത്തെ അവതരിപ്പിച്ചിരിക്കുന്നത് ദാവീദ് വംശജനായ യൗസേപ്പുമായി ബന്ധിപ്പിച്ചാണ്. മറിയത്തില്‍ നിന്നു ജനിക്കാനിരിക്കുന്നവന്‍ നിയമപ്രകാരം ദാവീദിന്റെ പുത്രനാണ് എന്നു സാരം. യാക്കോബിന്റെ ഭവനത്തിന്മേല്‍ എന്നേയ്ക്കും വാഴുവാനുള്ള നിത്യരാജാവ് ദാവീദിന്റെ പുത്രനായി ജനിക്കും എന്നായിരുന്നല്ലോ ദൈവം പ്രവാചകനായ നാഥാനിലൂടെ നല്കിയ വാഗ്ദാനം (2 സാമു. 7:12-14). ഈ വാഗ്ദാനത്തിന്റെ തന്നെ ഭാഷയുപയോഗിച്ചാണ് ഗബ്രിയേല്‍ മറിയത്തോട് രക്ഷകന്റെ ജനനത്തെക്കുറിച്ച് അറിയിക്കുന്നത് (ലൂക്കാ 1:32-33). ജറീക്കോയിലെ അന്ധന്‍ ഈശോയെ വിളിച്ചപേക്ഷിക്കുന്നതും ജറുസേലം പ്രവേശനവേളയില്‍ ജനക്കൂട്ടം ആര്‍ത്തുവിളിക്കുന്നതുമെല്ലാം 'ദാവീദിന്റെ പുത്രാ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണല്ലോ.
യൗസേപ്പുമായി മറിയത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു; അവര്‍ ഒന്നിച്ചു ജീവിക്കാന്‍ ആരംഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെയാണ്, 'ഞാന്‍ പുരുഷനെ അറിയാതിരിക്കെ ഇതെങ്ങനെ സംഭവിക്കും' (ലൂക്കാ 1:34) എന്ന് ദൂതനോട് അവള്‍ ചോദിക്കുന്നതും. ദൈവമാണ് ഗബ്രിയേല്‍ ദൂതനെ മറിയത്തിന്റെ പക്കലേക്ക് അയച്ചത് എന്ന് എടുത്തുപറയുന്നത് അറിയിക്കാന്‍ പോകുന്ന മംഗളവാര്‍ത്ത ദൈവത്തില്‍ നിന്നു തന്നെയാണ് എന്നു കാണിക്കാനാണ്. മാലാഖവൃന്ദത്തിന്റെ തലവന്‍ സര്‍വ്വശക്തനായ ദൈവത്താല്‍ പരിശുദ്ധയായ കന്യകയുടെ പക്കലേയ്ക്ക് അയയ്ക്കപ്പെട്ടത്, അസാധാരണവും രഹസ്യാത്മകവുമായ സംഭവത്തിന്റെ നല്ല വാര്‍ത്ത അറിയിക്കുന്നതിനു വേണ്ടിയായിരുന്നു.
കൃപ നിറഞ്ഞവളേ, എന്ന അഭിസംബോധന ദൈവപുത്രന്റെ മാതാവാകുന്നതിന് മറിയത്തിനുള്ള യോഗ്യത വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ ഭാഗത്തു നിന്നുള്ള സവിശേഷമായ തിരഞ്ഞെടുപ്പിനെയും ഒരുക്കലിനെയുമാണ് ദൈവകൃപ സൂചിപ്പിക്കുന്നത്. കര്‍ത്താവ് നിന്നോടു കൂടെ എന്ന് ദൂതന്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ അര്‍ത്ഥമിതാണ്. കൃപ ദൈവത്തിന്റെ ദാനമാണ്. ഇതിന്റെ മറുവശമാണ്, നീ ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നു എന്ന പ്രസ്താവനയിലുള്ളത്.
പാപക്കറ ഏശാതെ ജീവിച്ചുകൊണ്ട് മറിയം ദൈവത്തിന്റെ ഈ കൃപാദാനത്തോട് പൂര്‍ണ്ണമായി സഹകരിച്ചു. തന്റെ മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും ജീവിതം മുഴുവനും വഴിയാണ് മറിയം ദൈവസന്നിധിയില്‍ സംപ്രീതി കണ്ടെത്തിയത്. ഇതെക്കുറിച്ച് ബീഡ് പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: "സത്യമായും അവള്‍ കൃപ നിറഞ്ഞവളായിരുന്നു. ദൈവികപ്രീതിയാല്‍ അത് അവള്‍ക്ക് നല്കപ്പെട്ടു. പകരം, കന്യാത്വമെന്ന മഹത്വപൂര്‍ണ്ണമായ ദാനം സ്ത്രീകളില്‍ ആദ്യമായി അവള്‍ കര്‍ത്താവിന് സമര്‍പ്പിക്കുന്നു. അപ്രകാരം മാലാഖയുടെ ജീവിതത്തെ അനുകരിക്കാന്‍ ആഗ്രഹിച്ച അവള്‍ക്ക്, ഒരു മാലാഖയെ കാണാനും സംസാരിക്കാനും ഭാഗ്യം കൈവന്നു. കൃപയും സത്യവും ആരിലൂടെ വന്നുവോ ആ ഈശോമിശിഹായ്ക്കു ജന്മം നല്കിയവള്‍ കൃപ നിറഞ്ഞവളായിരുന്നു. അതുകൊണ്ട് സത്യമായും കര്‍ത്താവ് അവളോടു കൂടെ ഉണ്ടായിരുന്നു."
മറിയം ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുമെന്നും അവന്‍ അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടുമെന്നുമുള്ള അറിയിപ്പ് മറിയത്തിന് പൂര്‍ണ്ണമായി മനസ്സിലായില്ല. ദൂതന്‍ നല്കിയ വിശദീകരണവും മാനുഷിക ബുദ്ധിയ്ക്ക് ഗ്രഹിക്കാവുന്നതിലുപരിയായിരുന്നു. "പരിശുദ്ധാരൂപി നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും" എന്നായിരുന്നല്ലോ ഗബ്രിയേല്‍ മാലാഖ നല്കിയ വിശദീകരണം. ദൈവാരൂപിയുടെ പ്രവര്‍ത്തനത്താലാണെങ്കിലും വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായാല്‍ തനിക്കു ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളെയും സഹനങ്ങളെയും കുറിച്ച് മറിയം ഒരുനിമിഷം ചിന്തിച്ചുകാണണം.
ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് ഉറച്ചുവിശ്വസിച്ച മറിയം, ദൈവികപദ്ധതിക്ക് പൂര്‍ണ്ണമായി തന്നെത്തന്നെ വിട്ടുകൊടുക്കുന്നതായാണ് തുടര്‍ന്ന് നമ്മള്‍ കാണുന്നത്. അവള്‍ പ്രത്യുത്തരിച്ചു: "ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വചനം പോലെ എന്നില്‍ സംഭവിക്കട്ടെ." മറിയം ദൈവകൃപ നിറഞ്ഞവളും ദൈവസന്നിധിയില്‍ സംപ്രീതി കണ്ടെത്തിയവളുമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ മറുപടി. മറിയത്തിന്റെ സമ്പൂര്‍ണ സമര്‍പ്പണമാണ് നാമിവിടെ കാണുന്നത്. കര്‍ത്താവിന്റെ ദാസിയായുള്ള സമര്‍പ്പണം. നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്നു പറഞ്ഞപ്പോള്‍ ദൈവത്തിന്റെ വചനം മറിയത്തില്‍ മനുഷ്യനാവുകയായിരുന്നു.
സഭാപിതാവായ ഇരണേവൂസിന്റെ വാക്കുകളില്‍: "ദൈവത്തിന്റെ വചനത്തോട് മറുതലിച്ച് ദൈവത്തില്‍ നിന്ന് ഓടിയകന്ന ദൂതന്റെ (സാത്താന്റെ) വാക്കുകളാല്‍ ഹവ്വാ വശീകരിക്കപ്പെട്ടെങ്കില്‍, ദൈവത്തിന്റെ വചനം അനുസരിക്കുന്നതുവഴി മറിയം ദൈവത്തെ വഹിക്കും എന്ന സന്തോഷകരമായ വര്‍ത്തമാനം ദൂതനില്‍ നിന്ന് സ്വീകരിച്ചു. ആദ്യത്തേയാള്‍ (ഹവ്വാ) ദൈവത്തെ ധിക്കരിക്കുന്നതിനു വേണ്ടി വശീകരിക്കപ്പെടുകയും അതുവഴി പാപത്തില്‍ വീഴുകയും ചെയ്തു. എന്നാല്‍, രണ്ടാമത്തെയാള്‍ (കന്യകാമറിയം) ദൈവത്തെ അനുസരിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും അതുവഴി ഹവ്വായുടെ വക്താവായി മാറുകയും ചെയ്തു. ഒരു കന്യകയുടെ പ്രവൃത്തി വഴി മനുഷ്യകുലം മരണത്തിന് കീഴടങ്ങി. മറ്റൊരു കന്യകയാല്‍ അതു പൂര്‍വ്വസ്ഥിതിയിലായി. വാസ്തവത്തില്‍, ആദ്യത്തെ മനുഷ്യനാല്‍ ഉണ്ടായ പാപം ആദ്യജാതനേറ്റ കഠിനസഹനം വഴി ഇല്ലാതാക്കപ്പെട്ടു. സര്‍പ്പത്തിന്റെ കൗശലത്തെ പ്രാവിന്റെ നിഷ്‌കളങ്കത കീഴടക്കി."
മറിയം എപ്രകാരമാണ് ഒരേ സമയം കന്യകയും മാതാവുമായി തുടരുന്നത് എന്ന് സഭാപിതാവായ ജെറോം വിശദീകരിക്കുന്നത് ശ്രദ്ധേയമാണ്: "കതകുകള്‍ അടച്ചിരുന്നു; ഈശോ അകത്ത് പ്രവേശിച്ചു" എന്നു നമ്മള്‍ സുവിശേഷത്തില്‍ വായിക്കുന്നു (യോഹ. 20:19.26). അടഞ്ഞ വാതിലിലൂടെ പ്രവേശിച്ചവന്‍ ഭൂതമോ അരൂപിയോ ആയിരുന്നില്ല. യഥാര്‍ത്ഥ ശരീരത്തോടു കൂടിയ യഥാര്‍ത്ഥ മനുഷ്യനാണവന്‍. അവന്‍ പറയുന്നു: "എന്നെ സ്പര്‍ശിച്ചു നോക്കുവിന്‍. എനിക്കുള്ളതു പോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ" (ലൂക്കാ 24:39). അവന് മാംസവും അസ്ഥികളും ഉണ്ടായിരുന്നു. എങ്ങനെയാണ് മാംസവും അസ്ഥികളും അടഞ്ഞ വാതിലിലൂടെ അകത്ത് പ്രവേശിക്കുന്നത്? വാതിലുകള്‍ അടച്ചിരുന്നപ്പോള്‍ തന്നെ അവന്‍ അകത്ത് പ്രവേശിക്കുന്നു. എന്നാല്‍, അവന്‍ പ്രവേശിക്കുന്നത് നമ്മള്‍ കാണുന്നില്ല. എങ്ങനെയായാലും പ്രവേശിച്ചവന്‍ അകത്തുണ്ട്. അവന്‍ എങ്ങനെ പ്രവേശിച്ചു എന്നതിനു തെളിവില്ല. ദൈവത്തിന്റെ ശക്തി അത് നിര്‍വ്വഹിച്ചു എന്ന് നീ വിശ്വസിക്കുന്നു. ഇതുപോലെ തന്നെ അവന്‍ കന്യകയില്‍ നിന്നു ജനിച്ചു. അവള്‍ ജന്മം നല്കിയതിനു ശേഷവും കന്യകയായി തുടരുന്നു. ഇതും ദൈവത്തിന്റെ ശക്തിയുടെ പ്രവര്‍ത്തനമാണെന്നു നീ വിശ്വസിക്കണം."
മറിയത്തിന് ലഭിച്ച മംഗളവാര്‍ത്ത മനുഷ്യവര്‍ഗ്ഗം മുഴുവനും വേണ്ടിയുള്ള സദ്‌വാര്‍ത്തയാണ്. പ്രവാചകനായ ഏശയ്യായിലൂടെ ദൈവം അരുളിച്ചെയ്തിരുന്നവ പൂര്‍ത്തിയാകുന്നതിന്റെ ഭാഗം കൂടിയായിരുന്നത് (രണ്ടാം വായന). "എന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, നിന്നെ സൃഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ നിനക്ക് രൂപം നല്കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ഭയപ്പെടേണ്ട. വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെ മേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെ മേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും" (ഏശ. 44:1-3).
വറ്റിവരണ്ട മനുഷ്യജീവിതങ്ങളില്‍ ജീവജലത്തിന്റെ അരുവികള്‍ ഒഴുക്കാനും നമ്മുടെ മേല്‍ കര്‍ത്താവിന്റെ റൂഹായെയും അവിടുത്തെ അനുഗ്രഹങ്ങളെയും സമൃദ്ധമായി വര്‍ഷിക്കാനും ദൈവം ആരംഭിക്കുന്നതാണ് മറിയത്തിനു ലഭിച്ച മംഗളവാര്‍ത്തയുടെ സാരം. പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവഹിതത്തിന് പൂര്‍ണ്ണമായി സമര്‍പ്പിച്ച് ദൈവികപദ്ധതിയോട് സഹകരിച്ച് ജീവിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍
(www.lifeday.in)
മംഗളവാർത്താക്കാലം ഞായർ- 2
ലൂക്ക 1:26-38
Biblical & Liturgical Background
മറിയത്തിന്റെ അമലോത്ഭവ തിരുന്നാൾ
ഡിസംബർ 8 നാണ് തിരുസഭയിൽ മറിയത്തിന്റെ അമലോത്ഭവ തിരുന്നാൾ ആഘോഷിക്കുന്നത്. 1854 ൽ 9ആം പിയൂസ് മാർപാപ്പയാണ് ഈ വിശ്വാസ സത്യം ഔദ്യാഗികമായി പ്രഖ്യാപിച്ചത്.
"മനുഷ്യകുലത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതവഴി ലഭിച്ച സർവശക്തനായ ദൈവത്തിന്റെ പ്രത്യേക കൃപ നിമിത്തം പരിശുദ്ധ കന്യക ഗർഭധാരണത്തിന്റെ ആദ്യനിമിഷത്തിൽതന്നെ ജൻമപാപത്തിന്റെ എല്ലാ കളങ്കങ്ങളിലും നിന്നു സംരക്ഷിക്കപ്പെട്ടു" എന്നാണ് ഇതിനെപ്പറ്റി വിശ്വാസസത്യപ്രഖ്യാപനത്തിൽ ഒൻപതാം പീയൂസ് മാർപ്പാപ്പ വിശദീകരിച്ചിരിക്കുന്നത്.
"ഉത്പത്തി പുസ്തകത്തിലെ നീയും സ്ത്രീയും തമ്മിലും, നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും, ഞാൻ ശത്രുത ഉളവാക്കും, അവൾ നിന്റെ തല തകർക്കും"(ഉല്പത്തി 3:15) എന്ന വാക്യമാണ് അമലോദ്ഭത്തിന്റെ പ്രധാന തെളിവായി ഹാജരാക്കിയിട്ടുള്ളത്. ഇതിൽ നീ സാത്താനും, സ്ത്രീ കന്യകാമറിയവും, അവളുടെ സന്തതി ക്രിസ്തുവും ആണ്. കന്യകാമറിയം ഒരു നിമിഷമെങ്കിലും പാപത്തിൽ ഉൾപ്പെട്ടിരുന്നെങ്കിൽ ഈ തലതകർക്കൽ സാധിക്കുകയില്ല.
"നൻമനിറഞ്ഞവളേ, നിനക്കു സ്വസ്തി; സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളേ, കർത്താവു നിന്നോടുകൂടെ" (ലൂക്ക: 1.28) എന്ന ഗബ്രിയേൽ മാലാഖയുടെ അഭിവാദനത്തിൽ നിന്നു കന്യകാമറിയം പാപരഹിതയാണെന്നു തെളിയുന്നുണ്ട്.ഒന്നാം നൂറ്റാണ്ടു മുതൽക്കു തന്നെ കത്തോലിക്കാസഭയിൽ ഒരു അലിഖിതവിശ്വാസതത്ത്വമായി ഇത് അംഗീകരിച്ചുപോന്നതിനു തെളിവുകളുണ്ട്. എ.ഡി. 431-ലെ എഫേസൂസ് കൗൺസിലിൽ ഇത് അവിതർക്കിതവും അസന്ദിഗ്ധവുമാണെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. കന്യകാമേരി പാപത്തിന്റെ സകല കെണികളിലും നിന്നു വിമുക്തയായിരുന്നു എന്നാണ് നാലാം ശതകത്തിൽ ജീവിച്ചിരുന്ന വിശുദ്ധ അംബ്രോസ് പ്രസ്താവിച്ചിട്ടുള്ളത്. മറിയം പുതിയ ഹവ്വായാണെന്നും ഹവ്വാ പാപരഹിതയായി ഭൂമിയിൽ അവതരിച്ചതുപോലെ പുതിയ ഹവ്വായും ജനിച്ചുവെന്നുമാണ് സഭാപിതാക്കൻമാരുടെ നിഗമനം.
Interpretation
1. മറിയം
മറിയം എന്ന വാക്കിൻറെ ഒരർഥം കയ്പ്പ് ( Bitterness) എന്നാണ് . പ. അമ്മയുടെ ജീവിതവും കയ്പ് നിറഞ്ഞതായിരുന്നു. ഭർത്താവിനാൽ അല്ലാതെ ഗർഭിണിയായിട്ട് കാണപ്പെട്ടവൾ, ഭർത്താവിനാൽ ഉപേക്ഷയുടെ വക്കോളം എത്തിയവൾ, ഏക സന്താനത്തിനെ കാലിത്തൊഴുത്തിൽ പ്രസവിക്കേണ്ടി വന്നവൾ , അന്യ ദേശത്ത് പ്രദേശിയായി പാർക്കേണ്ടി വന്നവൾ, നല്ല ചെറുപ്പത്തിലെ വിധവയായവൾ, തന്റെ മകൻറെ കുരിശു മരണത്തിന് ദൃസാക്ഷിയാകേണ്ടി വന്നവൾ , അവൻറെ ചേതനയറ്റ ശരീരം മടിത്തട്ടിൽ ഏറ്റുവാങ്ങേണ്ടി വന്നവർ , അങ്ങനെ എല്ലാംകൊണ്ടും കൈപ്പേറിയ ജീവിതം . എന്നിട്ടും കെ. പി. അപ്പൻ എന്ന മലയാള സാഹിത്യകാരൻ പരിശുദ്ധ അമ്മയെക്കുറിച്ച് എഴുതിയ പുസ്തകത്തിന് നൽകിയ പേര് 'മധുരം നിൻ ജീവിതം' എന്നാണ്. അതായത് 'കയ്പ്പ്' എന്ന് പേരുള്ളവൾ, ജീവിതം മുഴുവൻ കൈപ്പേറിയ അനുഭവത്തിലൂടെ കടന്നുപോയവൾ, എന്നിട്ടും അവളെ നമ്മൾ ഭാഗ്യവതിയെന്നും അവളുടെ ജീവിതം മധുരകരമാണ് എന്നൊക്കെ പറയുന്നു . അതിനുള്ള പ്രധാനപ്പെട്ട കാരണം മറിയം തന്റെ കയ്പ്പ് ഏറിയ ജീവിതാനുഭവങ്ങൾ സ്വീകരിച്ച രീതിയാണ്. "ഇതാ കർത്താവിൻറെ ദാസി" എന്ന് പറഞ്ഞുകൊണ്ട് എളിമപ്പെട്ട് വിധേയപ്പെട്ട് ജീവിതാനുഭവങ്ങളെ അവൾ സ്വീകരിച്ചു എന്നുള്ളതാണ് അവരുടെ ജീവിതത്തിൻറെ പ്രത്യേകത . അതാണ് അവളെ മധുരകരമാക്കി മാറ്റിയത്. ഒന്ന് ദൈവഹിതത്തിന് കീഴ് വഴങ്ങാനും എളിമപ്പെടുവാനും പറ്റിയിരുന്നെങ്കിൽ ഒരുമാതിരി കയ്പ്പേറിയ പ്രശ്നങ്ങളൊക്കെ മധുരമാക്കാൻ നമുക്കും പറ്റിയേനെ. പക്ഷേ പ്രശ്നങ്ങളെ എതിർത്തും തർക്കിച്ചു നിൽക്കുന്നതോടെ പ്രശ്നം കൂടുതൽ വഷളാകുന്നു. ജീവിതം കൂടുതൽ കൈപ്പേറിയതായി മാറുന്നു . ചില പ്രശ്നപരിഹാരത്തിന് പരിശുദ്ധ അമ്മയെ പോലെ കീഴ് വഴക്കം തന്നെയാണ് നല്ല മരുന്ന് . അതാണ് സങ്കീർത്തനം പറയുന്നത്
"നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും."
(സങ്കീ 37 : 5) തമ്പുരാന്റെയും മുന്നിലും ചിലപ്പോഴെങ്കിലും മറ്റു മനുഷ്യരുടെ മുമ്പിലും ഒന്ന് തലകുനിക്കാനും കീഴടങ്ങാനും പഠിക്കുക ജീവിതം കുറച്ചുകൂടി മധുരകരമാകും തീർച്ച....
2. മംഗള വാർത്ത
വാർത്തകൾ ഉണ്ടാവുകയും ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്ന കാലഘട്ടമാണ് ഇത്. ഇവിടെ വാർത്തകൾക്ക് ഒരു പഞ്ഞവുമില്ല. ചൂടുള്ള വാർത്തകളും, വാർത്താ വിശകലനങ്ങളും,
24×7 വാർത്ത ചാനലുകളും ഒക്കെ പൊടി പൊടിക്കുന്ന കാലം. പക്ഷേ നമുക്ക് ചുറ്റും കേൾക്കുന്ന വാർത്തകൾ ഒന്നും തന്നെ അത്ര മംഗളകരമല്ല ഈയിടെ പുറത്തിറങ്ങിയ ഒരു മനശാസ്ത്ര പഠനം അനുസരിച്ച് നമ്മുടെ കാണുകയും കേൾക്കുകയും ചെയ്യുന്ന വാർത്തകളിൽ അധികവും (above 60% ) നെഗറ്റീവ് ആണ് എന്നാണ് പറയുന്നത്. കൊലപാതകവും ബലാത്സംഗവും അഴിമതിയും അടക്കമുള്ള വാർത്തകൾ... (Violence.... Violence..... Violence......)അതു നാമറിയാതെ നമ്മുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നു.
അതുകൊണ്ട് ഈ കാലത്ത് എടുക്കാവുന്ന ഒരു തീരുമാനം നമ്മൾ നല്ല വാർത്തകളുടെ വാഹകരാവുക എന്നുള്ളതാണ് . കുറച്ച് നല്ല വർത്തമാനം മറ്റുളളവരെ കുറിച്ചു പറയുക, അവരെ അറിയിക്കുക എന്നുള്ളതാണ്. ക്രിസ്മസ്ക്കാലം പൊതുവേ പരസ്പരം സന്ദേശങ്ങൾ കൈമാറുന്ന കാലമാണ് . കത്തായും കാർഡായും കുറിപ്പായും മനുഷ്യരെ പരസ്പരം നല്ല സന്ദേശങ്ങൾ കൈമാറുന്ന കാലം. ഈ കാലഘട്ടത്തിലെ മംഗളമായ വാർത്തയുടെ വാഹകരാകാൻ നമുക്ക് പരിശ്രമിക്കാം.
3.സന്തോഷിക്കുക
മാലാഖ മറിയത്തോട് പറയുന്ന അഭിവാദനം ഗ്രീക്കിൽ 'CHAIRE' എന്നാണ്. 'Rejoys' എന്നാണ് അതിനു അർത്ഥം. ക്രിസ്തുമസ് നമുക്ക് നൽകുന്ന ഏറ്റവും പ്രധാന സന്ദേശം സന്തോഷിക്കുക എന്നതാണ്.
സങ്കടപ്പെടുവാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു സന്തോഷം കണ്ടെത്താനും ആ സന്തോഷം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ഈ ക്രിസ്തുമസ് കാലത്തു നമുക്ക് പറ്റണം. രോഗം, മരണം, പരാജയം, കുടുംബ പ്രശ്ങ്ങൾ, നാട്ടിലെ പ്രശ്ങ്ങൾ, സഭയിലെ പ്രശ്ങ്ങൾ ഇതൊക്കെ ഉണ്ടെകിലും ഇവയ്ക്കെല്ലാം നടുവിൽ സന്തോഷത്തോടെ ഇരിക്കാൻ കഴിയുക വലിയ പുണ്യമാണ്.
പൗലോസ് പറയുന്നു: "നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍.
ഫിലിപ്പി 4 : 4 . അതുകൊണ്ടു Be Happy always.......
പറച്ചിലും പ്രവർത്തിയും
മംഗളവാർത്താക്കാല മല്ലേ... മറ്റുള്ളവരെ കുറിച്ചുള്ള അമംങ്ങളമായ കാര്യങ്ങൾക്ക് ഒന്നു സുല്ലു കൊടുക്കാം. (ഏത്....? കുറ്റം പറച്ചലിന്റെ കുലത്തൊഴിലിന് കുറച്ചു ദിവസം അവധി കൊടുക്കാം എന്ന്...) . അപരനെ കുറിച്ചു രണ്ടു നല്ല വർത്തമാനം പറയാം.
ഇമ്മടെ Catechism പിള്ളേരുടെ അടുത്തു നല്ല വാർത്തകളുടെ ഒരു ചാനൽ റിപ്പോർട്ട്, ( Positive news only) or വാർത്ത വിശകലനം ഒരു Group തിരിച്ചു ചെയ്യിപ്പിക്കാവുന്നതാണെന്നു തോന്നുന്നു.
മംഗളവാർത്താക്കാലം – ഞായർ 2
ലൂക്കാ 1, 26 – 38
ഇന്നത്തെ സുവിശേഷഭാഗം വായിച്ച് ധ്യാനിച്ചപ്പോൾ മനസ്സിലേക്കോടി വന്നത് അരുന്ധതിറോയുടെ (Arundhati Roy) “ചെറുതുകളുടെ ദൈവം” (God of small things) എന്ന നോവലാണ്. ആ നോവലിലെ, ‘പപ്പച്ചിയുടെ നിശാശലഭം ‘ എന്ന രണ്ടാം അധ്യായത്തിൽ നമുക്കൊക്കെ സുപരിചിതയായ ഭൂമിദേവിയെക്കുറിച്ച്, ഭൂമിപ്പെണ്ണിനെക്കുറിച്ച് അമ്മാവനായ ചാക്കോ ഇരട്ടക്കുട്ടികളായ റാഹേലിനും, എസ്തയ്ക്കും പരിചയപ്പെടുത്തുന്നുണ്ട്. സർവം സഹയായ, വിനീതയായ, ഭൂമിപ്പെണ്ണ്, Earth Woman. ഈ ഭൂമിപ്പെണ്ണിന് മുന്നിൽ നാമെല്ലാവരും തന്നെ എത്ര ചെറുത്! മനുഷ്യനും, ജീവജാലങ്ങളും, ചരിത്രവും, ലോകമഹായുദ്ധങ്ങളും, അഹങ്കാരവും, സ്വാർത്ഥതയും, ശാസ്ത്രവും, സാഹിത്യവും, രാഷ്ട്രീയവും എല്ലാം ഈ ഭൂമിപ്പെണ്ണിന് മുന്നിൽ എത്രയായ ചെറുത് എന്ന് ചാക്കോയിൽ നിന്ന് കേട്ട് കുട്ടികളിൽ ഭൂമിപ്പെണ്ണിനോടുള്ള ആദരവും, സ്നേഹവും നിറയുന്നു. അരുന്ധതിറോയ് എഴുതുന്നു: “It was an awe-inspiring and humbling thought!”
ഇന്നത്തെ സുവിശേഷത്തിലെ, ദൈവവചനത്തോട് ആമ്മേൻ പറയുന്ന, ദൈവത്തിന്റെ ഇഷ്ടത്തിന് മുൻപിൽ തന്നെത്തന്നെ സമർപ്പിക്കുന്ന പരിശുദ്ധ അമ്മയെ കണ്ടപ്പോൾ, ഈ ഭൂമിപ്പെണ്ണിനെക്കാളും എത്രയോ ഉയരത്തിലാണ്, വലിപ്പത്തിലാണ് മറിയം നിൽക്കുന്നത് എന്ന് ഞാൻ ചിന്തിച്ചുപോയി. ദൈവത്തിന്റെ കൃപയിൽ ജീവിച്ച, ദൈവകൃപനിറഞ്ഞവളായ പരിശുദ്ധ കന്യകാമറിയത്തിന് “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെയെന്ന് പറയുവാൻ, ദൈവഹിതത്തിന് പൂർണമായി സമർപ്പിക്കുവാൻ, അങ്ങനെയൊരു ജീവിതവീക്ഷണത്തിലെത്തിച്ചേരുവാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നുകാണില്ല. മാതാപിതാക്കളോട് ബഹുമാനവും ആദരവും, അനുസരണവും പുലർത്തിക്കൊണ്ട് ജീവിതച്ചതിനാലാകണം, ദൈവത്തിന്റെ ഇഷ്ടത്തിനോട് YES പറയുവാൻ, ദൈവത്തിന്റെ ആഗ്രഹത്തെ അനുസരിക്കുവാൻ അവൾക്ക് എളുപ്പം തോന്നിയത്. മംഗളവർത്തക്കാലത്തിന്റെ ഈ രണ്ടാം ഞായറാഴ്ച്ച, പരിശുദ്ധ അമ്മയുടെ “ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനംപോലെ എന്നിൽ സംഭവിക്കട്ടെ” യെന്ന സമർപ്പണ മനോഭാവം ക്രൈസ്തവരുടെ മുൻപിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ സമർപ്പണമനോഭാവം നമ്മുടെ ആനുകാലിക ജീവിത സാഹചര്യങ്ങളോട്, അവയോട് നാം പുലർത്തുന്ന മനോഭാവങ്ങളോട് എന്ത് പറയുന്നു എന്ന് പരിശോധിക്കുവാനുള്ളതാണ് ഇന്നത്തെ സുവിശേഷം.
ഇന്നത്തെ സുവിശേഷത്തിൽ, രക്ഷാകര പദ്ധതിയുടെ പണിപ്പുരയിൽ നിന്ന് ദൈവം ഗബ്രിയേൽ ദൂതനെ അയയ്‌ക്കുന്നത് പരിശുദ്ധ അമ്മയെക്കുറിച്ചുള്ള സ്വർഗ്ഗത്തിന്റെ മനസ്സ് തുറക്കുവാനാണ്. ഓരോ മാലാഖയും ഭൂമിയിലേക്ക് വരുന്നത് ഇത്തരമൊരു ദൗത്യവുമായിട്ടാണ്. ഇതാ ദൈവത്തിന്റെ ശക്തിയായ ഗബ്രിയേൽ ദൂതൻ വെറുമൊരു സാധാരണ യഹൂദ സ്ത്രീയുടെ മുൻപിൽ വന്നു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കുകയാണ്. സ്നേഹമുള്ളവരേ, സ്വർഗ്ഗവും ഭൂമിയും കണ്ടുമുട്ടുന്ന മനോഹര ദൃശ്യമാണിത്. ഒരു മഹാസമാഗമം! ഇന്നുവരെയുണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായത്. ഇന്നുവരെ മനുഷ്യൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഹൃദ്യമായ, ആത്മാർഥത നിറഞ്ഞ അഭിവാദ്യങ്ങളാണ് മാലാഖയിൽ നിന്ന് ഉതിർന്നുവീണത്! ഇത് കേട്ട് ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! പക്ഷികൾ ചിറകടിച്ചു പറന്നു ആഹ്ലാദിച്ചിട്ടുണ്ടാകണം! വൃക്ഷങ്ങൾ പുഷ്പവൃഷ്ടി നടത്തിയിട്ടുണ്ടാകണം! അത്രമാത്രം സ്വർഗീയമായിരുന്നു ദൂതന്റെ അറിയിപ്പ്.
ദൈവത്തിന്റെ മാലാഖ ഈശോയുടെ ജനനത്തിന്റെ അറിയിപ്പിനായി മാതാവിന്റെ അടുത്ത് എത്തിയപ്പോൾ, അറിയിപ്പ് മാത്രമായിരുന്നില്ല മാലാഖയുടെ ലക്‌ഷ്യം. മാലാഖ ചോദിക്കാതെ ചോദിച്ചത്, Mary, are you ready for it? മറിയം, ഈ ദൗത്യത്തിന് നീ തയ്യാറാണോ? എന്നാണ്. ദൂതന്റെ അറിയിപ്പിനും, മാതാവിന്റെ തീരുമാനത്തിനും ഇടയ്ക്കുള്ള മൗനം, നിശബ്ദത – ആ ഇടവേള ധ്യാനിക്കേണ്ടതാണ് നാം. സ്നേഹമുള്ളവരേ, സ്വർഗം നിശ്ചലമായ നിമിഷമായിരുന്നു അത്! മാലാഖമാരെല്ലാം ഭൂമിയിലേയ്ക്ക്, മേരിയിലേക്കു മാത്രം നോക്കിയിരുന്ന നിമിഷമായിരുന്നിരിക്കണം അത്! കാരണം, ഭൂമിക്ക്, ഭൂമിയിലെ മനുഷ്യർക്ക് അത്ര എളുപ്പത്തിൽ ഉത്തരം കൊടുക്കുവാൻ സാധിക്കാത്ത ഒരു ചോദ്യമാണ് സ്വർഗം ചോദിച്ചത്? ഇന്നുവരെയുള്ള പാരമ്പര്യമനുസരിച്ച്, വിവാഹംകഴിക്കാതെ ഗർഭവതിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനേ മറിയത്തിന് കഴിയില്ല. ഇന്നുവരെയുള്ള രീതിയനുസരിച്ച് പോകാനാണ് താത്പര്യമെന്ന് മറിയം വാശിപിടിച്ചാലോ? ആരും ഒന്നും പറയാൻ പോകുന്നില്ല. ഇതിന് സമ്മതം കൊടുത്താൽ എന്താണ് സംഭവിക്കാൻ പോകുന്നത്? അവൾക്കറിയില്ല. സമ്മതം കൊടുത്തില്ലെങ്കിൽ ദൈവം അവളെ, അവളെയെന്നല്ല ആരെയും, നിർബന്ധിക്കുവാനും പോകുന്നില്ല. ഇതെല്ലം സ്വർഗത്തിനറിയാം. അതുകൊണ്ടാണ് സ്വർഗത്തിന് ആകാംക്ഷ!! സ്വർഗം കാത്തിരിക്കുകയാണ്, മനുഷ്യന്റെ ഉത്തരത്തിന്!!!
മേരി നിശബ്ദയായി, മുട്ടുകുത്തി നിൽക്കുകയാണ്. ഒരു വലിയ നിശ്ശബ്ദതയ്ക്കുശേഷം മാതാവ്, ദൈവത്തിൽ പൂർണമായി വിശ്വസിച്ചുകൊണ്ട്, തന്നെത്തന്നെ പൂർണമായി സമർപ്പിച്ചുകൊണ്ട് പറഞ്ഞു: “ഞാൻ തയ്യാറാണ്”. ഞാൻ തയ്യാറാണ് എന്ന് പറഞ്ഞപ്പോൾ, നിങ്ങൾക്ക് ഊഹിക്കുവാൻ പറ്റുമോ, പ്രിയപ്പെട്ടവരേ, സ്വർഗം എത്രമാത്രം സന്തോഷിച്ചുകാണുമെന്ന്? മറിയത്തിന്റെ ഈ തീരുമാനമാണ്, ബാഹ്യസമ്മർദ്ദങ്ങളില്ലാത്ത, പുറമെനിന്നുള്ള നിർബന്ധങ്ങളില്ലാത്ത ഈ സമർപ്പണ മനോഭാവമാണ് ദൈവത്തിന്റെ രക്ഷ ഈ ഭൂമിയിൽ സാധ്യമാക്കിയത്! അപ്പോൾ, ആ നിമിഷത്തിൽ മറിയം സ്വർഗത്തോളം വലിപ്പമുള്ളവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയം ഈ ഭൂമിയിലെ എല്ലാ ചരാചരങ്ങളിലും വച്ച് ഉയരമുള്ളവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയത്തിന്റെ പാദങ്ങൾ ഭൂമിയിൽ നിന്നുയർന്ന് സ്വർഗത്തെ തൊട്ടു. അപ്പോൾ, ആ നിമിഷത്തിൽ മറിയം ദൈവിക ചൈതന്യം നിറഞ്ഞവളായി. അപ്പോൾ, ആ നിമിഷത്തിൽ മറിയത്തിന്റെ ശരീരത്തിലെ സർവ സെല്ലുകളും അവളറിയാതെ ദൈവത്തിന്റെ സങ്കീർത്തനം പാടി!!
ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം ഉയരുന്നുണ്ടാകും. “എങ്കിൽ പിന്നെ എന്തിനാണ് മാതാവ് ദൂതനോട് ചോദ്യങ്ങൾ ചോദിച്ചത്?” ശരിയാണ് യുവതിയായ മറിയം ചോദ്യങ്ങൾ ചോദിച്ചു. പക്ഷെ, ചോദ്യം ചെയ്തില്ല സ്നേഹമുള്ളവരേ. ഹീലോളജി (Healology)എന്ന മോനോഹരമായൊരു പുസ്‌തകമുണ്ട്. ക്രിസ് ജാമി (Criss Jami) യാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. അതിൽ മനോഹരമായൊരു ചിന്തയുണ്ട്. അദ്ദേഹം പറയുകയാണ്, “സുഹൃത്തുക്കൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കളാകട്ടെ ചോദ്യം ചെയ്യുന്നു.” (“Friends ask you questions, enemies question you.”) ഉത്പത്തി പുസ്തകത്തിൽ സായാഹ്നങ്ങളിൽ ദൈവത്തോടൊത്തു ഉലാത്തിക്കൊണ്ടിരുന്ന ആദത്തെയും ഹവ്വയേയും പോലെ, ദൈവത്തോടൊത്തു സൗഹൃദത്തിൽ കഴിഞ്ഞിരുന്നൊരു യഹൂദ യുവതിയായ മറിയം ചോദ്യങ്ങൾ ചോദിക്കുന്നതിൽ എന്തിനു അത്ഭുതപ്പെടുന്നു? എത്രയോ വട്ടം ദൈവത്തോടൊത്തു മറിയം പ്രാർത്ഥനയിൽ ഇരുന്നിട്ടുണ്ട്? എത്രയോ വട്ടം അവർ സഹൃദ സംഭാഷണങ്ങൾ നടത്തിക്കാണണം? എത്രയോ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടാകണം. എത്രയോ വട്ടം ദൈവം ഉത്തരം കൊടുത്തിട്ടുണ്ടാകണം! – സുഹൃത്തുക്കൾ ചോദ്യങ്ങൾ ചോദിക്കുന്നു, ശത്രുക്കൾ ചോദ്യം ചെയ്യുന്നു!! – അവൾ സർവ സ്വാതന്ത്ര്യത്തോടും കൂടി ഒരു സങ്കീർത്തനം പാടുന്നതുപോലെ പറയുകയാണ്: “ഇതാ കർത്താവിന്റെ ദാസി, നിന്റെ ഇഷ്ടം എന്നിൽ നിറവേറട്ടെ.”
Advertisement
Privacy Settings
പ്രിയപ്പെട്ടവരേ, ഈ സമർപ്പണ മനോഭാവമാണ് മറിയത്തെ മഹത്വമുള്ളവളാക്കിയത്; മറിയത്തെ വലിപ്പമുള്ളവളാക്കിയത്. ഇത്തരത്തിലുള്ള സമർപ്പണമനോഭാവത്തിലേക്ക് വളരുവാനാണ്, ഇന്നത്തെ സുവിശേഷം നമ്മെ, ക്രൈസ്തവരെ ക്ഷണിക്കുന്നത്. ആ മനോഭാവത്തെ വിശുദ്ധ പൗലോസ് വരച്ചുകാട്ടുന്നത് ഇങ്ങനെയാണ്: ദൈവമായിരുന്നിട്ടും, ആ സമാനത മുറുകെപ്പിടിക്കാതെ, മനുഷ്യനായി മരണത്തോളം, അതെ, കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തിയ ക്രിസ്തുവിനെപ്പോലെ ഓരോ ക്രൈസ്തവനും ആയിത്തീരണം. (ഫിലിപ്പി 2, 6-8) അപ്പോഴാണ് നമ്മിലൂടെ ദൈവം മഹത്വപ്പെടുന്നത്. ക്രൈസ്തവ ജീവിതം പരിശുദ്ധ അമ്മയുടേതുപോലെ ദൈവത്തെ മഹത്വപ്പെടുത്തുന്നതാകണം. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതാകണം. നേരെമറിച്ചായാൽ, ക്രിസ്തു അവഹേളിക്കപ്പെടും; ക്രിസ്തു ചെറുതായിപ്പോകും. ക്രൈസ്തവർ പരിശുദ്ധ അമ്മയെപ്പോലെ വലിയവരാകുമ്പോൾ, ദൈവവും മഹത്വപ്പെടും.
ഐറീനാ സെൻഡ്‌ലേറോവായെ (Irena Sendlerowa) ഓർക്കുന്നുണ്ടോ? രണ്ടാം ലോക മഹായുദ്ധകാലത്ത് പോളണ്ടിലെ ജർമൻ അധിനിവേശ പ്രദേശത്ത് നേഴ്‌സായും, സോഷ്യൽ വർക്കർ ആയും പ്രവർത്തിച്ചിരുന്ന അവർ ഹിറ്റ്ലറുടെ (Hitler) കോൺസെൻട്രേഷൻ ക്യാമ്പിൽ നിന്ന് 2500 കുഞ്ഞുങ്ങളെ ഒളിച്ചുകടത്തി രക്ഷിച്ചു. നാഡിയുടെ സീക്രട്ട് പോലീസ് (Gestapo) അവരെ അറസ്റ്റ് ചെയ്തപ്പോൾ കുഞ്ഞുങ്ങളെ ഒളിപ്പിച്ചിരുന്ന സ്ഥലം അവർ വെളിപ്പെടുത്തിയില്ല. ജീവൻ പണയം വച്ച് ദൈവത്തിന്റെ ജോലി ചെയ്ത ഐറീനാ, ഹിറ്റ്ലറിനെക്കാൾ എത്രയോ ഉയരത്തിലാണ്. ഐറീനാ സെൻഡ്‌ലേറോവായുടെ മുന്നിൽ ലോകം വളരെ ചെറുതാണ്.
ഫാദർ ബോബി ജോസ് കട്ടികാടിൻറെ “അവൾ” എന്ന പുസ്തകത്തിൽ ഒരു ചിത്രീകരണം ഉണ്ട്.
“കൊടിയ ദാമ്പത്യ അവിശ്വസ്ഥതകളിലൂടെ കടന്നുപോയ ഒരാൾ തന്റെ ഭാര്യയോട് എല്ലാം ഏറ്റുപറയാൻ തീരുമാനിക്കുന്നു. സ്നേഹം ഏകാഗ്രമാകുന്നിടത്താണ് ഏറ്റുപറച്ചിലുകളുടെ ആവശ്യകത.
ഒത്തിരി അലഞ്ഞ അയാൾക്ക് അവളെന്ന വീട്ടിലേക്ക് മടങ്ങിയെത്തണമായിരുന്നു. അതിന് ഈ കുമ്പസാരത്തിന്റെ പടിപ്പുര കടക്കേണ്ടിയിരിക്കുന്നു. അതവളെ ചില്ലുപാത്രംപോലെ ചിതറിക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ട്.
എന്നാൽ, എപ്പോഴും എല്ലാ അർത്ഥത്തിലും അയാളേക്കാൾ ചെറിയവളായ അവൾ അയാളെ ചേർത്തുപിടിച്ചു. “ഞാൻ നിങ്ങൾക്ക് മാപ്പുനല്കിയില്ലെങ്കിൽ മറ്റാരാണ് അത് തരിക” എന്ന് അയാളുടെ കാതുകളിൽ അവൾ മന്ത്രിച്ചു.
അങ്ങനെ അയാളേക്കാൾ അവൾ വലിയവളായി.”
ഈ വരുന്ന ജനുവരിയിൽ 25 വർഷത്തിലേക്ക് കടക്കുന്ന ഒരു സംഭവംകൂടി ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കാം. 21 വർഷത്തോളം ഒഡിഷയിലെ ഒരു ഗ്രാമത്തിൽ കുഷ്ഠരോഗികളെ ചികിത്സിച്ചുകൊണ്ടിരുന്ന ഓസ്‌ട്രേലിയൻ മിഷനറി ഗ്രഹാം സ്‌റ്റെയ്‌നെയും (Grahamsteins) അദ്ദ്ദേഹത്തിന്റെ ഫിലിപ്പ് (10), തിമോത്തി (6) എന്ന രണ്ട് മക്കളെയും ബജ്രങ്ദൾ (Bajrangdal) പ്രവർത്തകർ ചുട്ടുകരിച്ചുകൊന്നു. എന്നാൽ, തന്റെ ഭർത്താവിന്റെയും, കുഞ്ഞുങ്ങളുടെയും, ചിതാഭസ്മം നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് തീവ്രഹിന്ദുത്വവാദികളായ ദാരാ സിംഗിനും (Dara singh) കൂട്ടർക്കും അവർ മാപ്പുകൊടുത്തപ്പോൾ തീവ്രഹിന്ദുത്വ വാദികളെക്കാളും, അവരുടെ രാഷ്ട്രീയ നേതാക്കളെക്കാളും എത്രയോ ഉയരത്തിലായി ഗ്രഹാംസ്റ്റെയിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയ്ൻസ്!!! (Gladis Steins)
ഈ ലോകത്തിൽ വച്ച് തന്നെ സ്വർഗത്തോളം വലുതാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അങ്ങനെ ദൈവത്തിന്റെ പ്രകാശത്തിൽ ജീവിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ – പരിശുദ്ധ അമ്മയെപ്പോലെ ദൈവഹിതം, ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുക. ക്രിസ്തുവിന്റെ മനോഭാവം ഉൾക്കൊള്ളുക.
സ്നേഹമുള്ളവരേ, പരിശുദ്ധ അമ്മയെപ്പോലെ നിങ്ങളുടെ, നമ്മുടെ സാധരണ ജീവിത സാഹചര്യങ്ങളിൽ, ‘ക്രിസ്തുവിനെ ഗർഭം ധരിക്കുവാനും, ഗർഭം ധരിച്ച ക്രിസ്തുവിനെ നിങ്ങളുടെ, നമ്മുടെ ജീവിതാന്തസ്സിലൂടെ ലോകത്തിന് നൽകുവാൻ തയ്യാറാണോ? വിവാഹമെന്ന കൂദാശയിലൂടെ, ദാമ്പത്യ ജീവിതത്തിലേക്ക്, കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന നമുക്ക്, സന്യസ്ത ജീവിതത്തിലൂടെ സന്യാസികളാകുന്ന നമുക്ക്, പൗരോഹിത്യ സ്വീകരണത്തിലൂടെ പുരോഹിതരാകുന്ന നമുക്ക് നമ്മുടെ തീരുമാനങ്ങൾ, പ്രതിജ്ഞകൾ ഒരിക്കൽക്കൂടി ഓർക്കാം. ജീവിതത്തിന്റെ ഓരോ നിമിഷവും, മറിയത്തെപ്പോലെ, ഇതാ കർത്താവിന്റെ ദാസി നിന്റെ ഇഷ്ടംപോലെ എന്നിൽ സംഭവിക്കട്ടെയെന്ന് ഉറക്കെ പറയാം. അങ്ങനെ, സ്വർഗത്തോളം നമ്മെ, നമ്മുട ക്രൈസ്തവ വിശ്വാസത്തെ, ജീവിതത്തെ ഉയർത്തിനിർത്താം.
പക്ഷേ, നമ്മുടെ ക്രൈസ്തവജീവിതങ്ങൾ, സ്വർഗത്തോളം, പോട്ടെ, നമ്മുടെ ഉയരത്തോളംപോലും ഉയരുന്നില്ലയെന്നത് എത്രയോ വൈരുധ്യമാണ്!!! എത്രയോ വട്ടമാണ് എടുത്ത പ്രതിജ്ഞ ലംഘിച്ചത്? നമ്മുടെ സുഖത്തിനും സൗകര്യത്തിനുവേണ്ടി എത്ര പ്രാവശ്യമാണ് നമ്മുടെ ഇഷ്ടം നിറവേറ്റിയത്? നാളുകൾ കഴിയുമ്പോൾ ദൈവേഷ്ടം തന്നിഷ്ടത്തിന് വഴിമാറുന്നു. അനുസരണം ന്യായീകരണങ്ങളിലൂടെ വലിച്ചെറിയപ്പെട്ടു. ബ്രഹ്‌മചര്യം സ്വന്തം മനഃസാക്ഷിയുടെ കോടതി മുറികളിൽ വിചാരണചെയ്യപ്പെടുന്നു! ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ പോലും ദൈവമേ നിന്റെ ഇഷ്ടം നിറവേറട്ടെയെന്നും പറഞ്ഞു ഭൂമിയിൽ ക്രിസ്തുമസ് സംജാതമാകാൻ ജീവിതം സമർപ്പിച്ച മറിയമെവിടെ? ഇന്നത്തെ സന്യസ്തരെവിടെ? ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിന്റെ തിരുസ്സഭയ്ക്കുവേണ്ടി. ദൗത്യംസ്വീകരിച്ചിട്ട് സ്വന്തം ഇഷ്ടം ചെയ്യുവാൻ ജാഥയായി ഇറങ്ങിപുറപ്പെടുമ്പോൾ ക്രിസ്തുവിന്റെ പൗരോഹിത്യം അപഹസിക്കപ്പെടുകയല്ലേ? ഇന്നത്തെ സുവിശേഷ ഭാഗം വെല്ലുവിളിയാണ്! ശരാശരി ക്രൈസ്തവനിന്ന് മറിയത്തെപ്പോലെ ഉയർന്നു നിൽക്കാതെ, മണ്ണിൽ കിടന്ന്, ചെളിയിൽ കിടന്ന് ഉരുളുകയാണ്! ചെളിപിടിച്ച ക്രൈസ്തവജീവിതങ്ങൾ!!
ജീവിതത്തിന്റെ ഓരോ നിമിഷത്തിലും, സ്വർഗം നമ്മുടെ മുൻപിലെത്തുന്നുണ്ട്. എന്തിനെന്നോ? നാം സ്വർഗത്തോളം വലുതാകുന്നുണ്ടോ എന്നറിയാൻ! കാരണം, നമ്മുട ഓരോ നിമിഷവും, ഈ ഭൂമിയിൽ ക്രിസ്തുമസ്സാകാൻ, ക്രിസ്തുമസിന്റെ സന്തോഷവും സമാധാനവും വിതറുന്നതാകാൻ ദൈവം ആഗ്രഹിക്കുന്നു. നമ്മുടെ ഓരോ തീരുമാനവും ക്രിസ്തു നമ്മിൽ ഗർഭം ധരിക്കുന്നതുവേണ്ടിയുള്ള YES ആകാൻ സ്വർഗം ആഗ്രഹിക്കുന്നു.
സ്നേഹമുള്ളവരേ, ജീവിതത്തിന്റെ ഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകൾ മനസ്സിലാക്കുവാനും, അറിയിപ്പുകൾ കേൾക്കാനും, ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുവാനും, തീരുമാനങ്ങളോട്
ചേർന്ന് നന്മനിറഞ്ഞ ക്രൈസ്തവജീവിതം നയിക്കുവാനും നമുക്കാകട്ടെ. അപ്പോൾ നാം ഉയരമുള്ളവരാകും.അപ്പോൾ നമ്മിലൂടെ ക്രിസ്മസ് ആഗതമാകും. നാം അനുഗ്രഹീതരാകും. ഇതാ കർത്താവിന്റെ ദാസി / ദാസൻ. അവിടുത്തെ ഇഷ്ടം എന്നിൽ, എന്റെ കുടുംബത്തിൽ, സഭയിൽ, ഇടവകയിൽ നിറവേറട്ടെ. ആമേൻ!