പ. കന്യകാമറിയം

മാതാവിന്‍റെ തിരുന്നാള്‍

അമ്മമനസ്സ്

എനിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. ആശ്വസിപ്പിക്കാനെന്നവണ്ണം ഇടവകയിലെ ഒരു സിസ്റ്റ൪ എന്‍റെ കാതില്‍ മന്ത്രിച്ചു. “മോനെ, അമ്മ അവസാനമായി എന്ത് പറഞ്ഞാണ് മരിച്ചതെന്നറിയോ? ‘പരിശുദ്ധ അമ്മേ, നിന്‍റെ കരങ്ങളില്‍ ഞാനെന്‍റെ മക്കളെ സമര്‍പ്പിക്കുന്നു’ എന്നായിരിന്നു. ഇനി പരിശുദ്ധ അമ്മ നിങ്ങള്‍ക്ക്‌ കൂട്ടായിരിക്കും.” അതുകൊണ്ടുതന്നെയാവണം കുഞ്ഞുനാള്‍ മുതല് പരിശുദ്ധ അമ്മയോട് ഒരു പ്രത്യേകസ്നേഹം എന്നില്‍ വളര്‍ന്നുവന്നത്. മാത്രമല്ല, എന്‍റെ അമ്മയുടെ പേരും പരിശുദ്ധ അമ്മയുടെ പേരും (Mary) ഒന്നായിരുന്നു. ‘അമ്മേ...’ എന്ന്‍ വിളിച്ചുപോവുന്ന സന്ദര്‍ഭങ്ങളില്‍ ‘മാതാവേ’ എന്നുകൂടെ ചേര്‍ത്ത്‌ ‘അമ്മേ...മാതാവേ’ എന്ന് പിന്നീട് ഞാന്‍ വിളിച്ചു ശീലിച്ചു. ഈ വിളിക്കുത്തരമായി സ്വര്‍ഗ്ഗത്തില്‍ നിന്നും എന്നെ ഉറ്റുനോക്കുന്ന എന്‍റെ അമ്മമാരുടെ നാലു കണ്ണുകളെക്കുറിച്ചുള്ള തിരിച്ചറിവ്‌ എന്‍റെ കൊച്ചുജീവിതത്തെ സ്വര്‍ഗ്ഗവുമായി ബന്ധിപ്പിച്ചു.

എന്തൊക്കെ പറഞ്ഞാലും, സ്വന്തം അമ്മയില്‍ നിന്ന് മാത്രമാണ് മറ്റേതോരു അമ്മയെക്കുറിച്ചും ധ്യാനിക്കാവുക, അത്‌ പരിശുദ്ധ അമ്മയെക്കുറിച്ചാണെങ്കില്‍ പോലും. എന്‍റെ അമ്മയെക്കുറിച്ച് ഒരുപാട് ഓര്‍മ്മകളെനിക്കില്ല. പക്ഷെ, മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒന്ന് രണ്ട് ചിത്രങ്ങളുണ്ട്. വീടിന്നടുത്തെ സ്കൂളില്‍ നിന്നും ഇന്‍റ൪വെല്‍ സമയത്ത്‌ വെള്ളം കുടിക്കാനായി അടുക്കളവശത്തെ പൈപ്പിന്‍ ചുവട്ടിലേക്ക് ഓടിവരുന്ന കുട്ടികള്‍ക്ക്‌ മോരുംവെള്ളം തയ്യാറാക്കിവച്ച് ഒഴിച്ചുകൊടുക്കുന്ന ഒരു ചിത്രം. ഭിക്ഷ യാചിച്ച് വരുന്നവരെ സ്നേഹപുര്‍വ്വം വിളിച്ചിരുത്തി വയറുനിറയെ ഭക്ഷണം വിളമ്പികൊടുത്ത്‌ അവരോട് ബന്ധുമിത്രങ്ങളോടെന്നപോലെ സംഭാഷണത്തിലേര്‍പ്പെടുന്ന മറ്റൊരു ചിത്രം. ഇത് എന്‍റെ അമ്മയുടെ മാത്രം പ്രത്യേകതയല്ല എന്നറിയാം. കാരണം, മറ്റുള്ളവരുടെ ആവശ്യങ്ങളില്‍ അലിയുന്ന ഹ്രദയമാണ് ഏതൊരു മാതൃത്ത്വത്തിനുമുള്ളത്. നമ്മുടെ എല്ലാവരുടെയും അമ്മമാരുടെ മനസ്സുകള്‍ ഇതുപോലെ ആര്‍ദ്രത നിറഞ്ഞതാണ്‌.

കുഞ്ഞുനാളിലേ ഈ വിശ്വാസം മനസ്സില്‍ പതിഞ്ഞതിനാലാവണം കാനായിലെ കല്യാണവീട്ടില്‍ വച്ച് പരിശുദ്ധ അമ്മ സ്വപുത്രനോട്‌ “അവര്‍ക്ക്‌ വീഞ്ഞില്ല” എന്ന്‍ പറഞ്ഞതിന്‍റെ കാരണം അനായാസം മനസ്സിലായത്‌. അപരന്‍റെ ആവശ്യത്തില്‍ അലിഞ്ഞ അമ്മയുടെ ഹൃദയത്തിനാശ്വാസമേകി ഈശോ വെള്ളത്തെ വിഞ്ഞാക്കി മാറ്റി. പക്ഷെ, തുടര്‍ന്ന്‍ ധ്യാനിച്ചപ്പോള്‍ അത്തരമൊരു പ്രതിസന്ധിയില്‍ അമ്മ ആ മകനില്‍ അര്‍പ്പിച്ച വിശ്വാസം വളരെ ആഴമേറിയതായിരുന്നു എന്ന്‍ മനസ്സിലാകുന്നു. കാരണം, അതിനുമുന്‍പ്‌ ഈശോ അപ്രകാരമൊരു അത്ഭുതം പ്രവര്‍ത്തിച്ചിട്ടുണ്ടാകുയില്ല. കാനായിലെ കല്യാണവീട്ടില്‍ വച്ചാണ്‌ ഈശോ ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചതെന്ന്‍ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. കാനായിലെ കല്യാണത്തിനു മുന്‍പ്‌ മരുഭൂമിയില്‍ പ്രലോഭിക്കപ്പെട്ടതും ഇപ്രകാരമുള്ള ചില ആത്ഭുത പ്രവ൪ത്തികള്‍ക്കായിരുന്നു. ഈ പരീക്ഷണത്തിനുമുന്‍പ്‌ ഈശോ അങ്ങനെയെന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ അതൊരു പരീക്ഷണമേയാകുമായിരുന്നില്ല. എന്നിട്ടും, അതായത്‌ യാതൊരു മുന്നനുഭവമില്ലാതിരുന്നിട്ടും സ്വപുത്രനില്‍ അമ്മ അര്‍പ്പിച്ച ഈ വിശ്വാസമാണ്‌ ആഴമേറിയത്.

അടുത്തക്കാലത്ത് ശ്രദ്ധയില്‍പ്പെട്ട പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഒരു ഗാനത്തിന്‍റെ ഈരടികള്‍ ഇപ്രകാരമാണ്:

“Mary, did you know that your Baby Boy would one day walk on water? Mary, did you know that your Baby Boy would save our sons and daughters? Did you know that your Baby Boy has come to make you new? This Child that you delivered will soon deliver you.

Mary, did you know that your Baby Boy will give sight to a blind man? Mary, did you know that your Baby Boy will calm the storm with His hand? Did you know that your Baby Boy has walked where angels trod? When you kiss your little Baby you kissed the face of God?

Mary did you know.. Ooo Ooo Ooo

The blind will see. The deaf will hear. The dead will live again. The lame will leap. The dumb will speak The praises of The Lamb.

Mary, did you know that your Baby Boy is Lord of all creation? Mary, did you know that your Baby Boy would one day rule the nations? Did you know that your Baby Boy is heaven's perfect Lamb? The sleeping Child you're holding is the Great, I Am.”

അതേ, പരിശുദ്ധ അമ്മ അറിഞ്ഞിരുന്നു അഥവാ പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു സ്വപുത്രന്‍ ദൈവമായിരുന്നു എന്ന്‍. ഈ വിശ്വാസമാണ് അമ്മയുടെ ജനനത്തിരുനാളില്‍ നാമും സ്വന്തമാക്കേണ്ടത്. അതോടൊപ്പം ജീവിത പ്രതിസന്ധികളില്‍ മാദ്ധ്യസ്ഥം വഹിക്കാന്‍ നമുക്കൊരു അമ്മയുണ്ടെന്നും അതുവഴി ഈശോ നമ്മുടെ ജീവിതത്തിലും അത്ഭുതം പ്രവര്‍ത്തിക്കുമെന്ന ആഴമേറിയ വിശ്വാസം.

വേണമെങ്കില്‍ ഈ ചിന്തകള്‍ ഇവിടെ വച്ച് അവസാനിപ്പിക്കാം. എന്നെങ്കിലും നമ്മുടെ ജീവിതത്തില്‍ സംഭവിക്കാവുന്ന ഒരത്ഭുതത്തെ പ്രതീക്ഷിച്ചുകൊണ്ട്. പക്ഷെ, മറ്റൊരു കാഴ്ച്ചപ്പാടിലേക്ക് എന്‍റെ മനസ്സ്‌ എന്നെ ക്ഷണിക്കുകയാണ്.

“അവര്‍ക്ക്‌ വീഞ്ഞില്ല” എന്ന്‍ പറഞ്ഞതിനെ തുടര്‍ന്ന്‍ അമ്മ പരിചാരകാരോട് പറയുന്നതിപ്രകാരമാണ്. “അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍”. അമ്മ എന്നോടും ഇത് തന്നെയാണോ പറയുന്നത്? അല്ലായെന്ന്‍ ഇപ്പോള്‍ തോന്നുന്നു, ഒരര്‍ത്ഥത്തില്‍ അതും ശരിയാണെങ്കിലും. കാരണം, ഒരു പരിചാരകനോടെന്ന പോലെ അമ്മക്ക് എന്നോട് സംസാരിക്കാനാവില്ലല്ലോ. അമ്മക്ക് ഞാന്‍ മകനാണ്, എനിക്കമ്മയും. അതുകൊണ്ട്, എന്‍റെ ചുറ്റിലുമുള്ളവരുടെ കുറവുകളില്‍ മനസ്സലിഞ്ഞു സ്വപുത്രനോടെന്ന പോലെ അമ്മയെന്നോടു മന്ത്രിക്കുന്നത് “മകനെ അവര്‍ക്ക് സന്തോഷമില്ല... സമാധാനമില്ല... സമ്പത്തില്ല... പാര്‍പ്പിടമില്ല... ഭക്ഷണമില്ല...” എന്നല്ലേ! കാരണം, അവരുടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ്‌ എന്നിലുണ്ടെന്ന് അമ്മ വിശ്വസിക്കുന്നു. അപ്രകാരമൊരു മുന്നനുഭവവും അമ്മക്കില്ലെങ്കിലും!

നമ്മുടെ അമ്മ നമ്മില്‍ അര്‍പ്പിക്കുന്ന ആഴമേറിയ ഈ വിശ്വാസത്തിന്ന്‍ ഉത്തരമേകാന്‍ നമുക്കാവില്ലേ? മറ്റുള്ളവര്‍ക്ക് വേണ്ടി നമുക്ക്‌ ചെയ്യാനാവുന്ന ‘അത്ഭുതങ്ങള്‍’ പ്രവര്‍ത്തിച്ച് അമ്മയെ ആശ്വസിപ്പിക്കുന്ന മക്കളാകാന്‍ നമുക്ക്‌ പ്രയത്നിക്കാം.

പരിശുദ്ധ അമ്മയുടെ തിരുനാളിന്‍റെ മംഗളങ്ങള്‍ സ്നേഹപുര്‍വ്വം ആശംസിക്കുന്നു...

Fr. Jaimon Pallineerakkal - Diocese of Palghat

www.sundaypulpit.in