പിറവിക്കാലം 01

പിറവിക്കാലം 01

പിറവിക്കാലം ഒന്നാം ഞായർ

മത്തായി 2:1-12

Biblical Background

ലൂക്കായുടെ സുവിശേഷപ്രകാരം ഈശോയെ ആദ്യമായി കാണുന്നത് പാവപ്പെട്ട ആട്ടിടയന്മാർ ആണ്. മത്തായി ആകട്ടെ പൗരസ്ത്യ ദേശങ്ങളിലെ ജ്ഞാനിമാരുടെ സന്ദർശനമാണ് വിശദീകരിച്ചിരിക്കുന്നത്. ഈ രണ്ടു സംഭവങ്ങളും ചരിത്രപരമായി നടന്നിട്ടുണ്ടോ ഇല്ലയോ എന്നതിനേക്കാൾ സുവിശേഷകന്മാർ തങ്ങളുടെ സുവിശേഷത്തിന്റെ ഉദ്ദേശവും ലക്ഷ്യവും ഇതിലൂടെ വിവരിക്കാൻ ശ്രമിക്കുന്നു എന്നു വേണം മനസിലാക്കാൻ. ലൂക്ക സുവിശേഷം എഴുതിയത് പ്രധാനമായും വിജാതീയർക്കും സമൂഹത്തിലെ അവഗണിക്കപ്പെട്ട വർക്കും വേണ്ടി കൂടി ആയതിനാൽ അത്തരത്തിൽ പെട്ട ആട്ടിടയന്മാരുടെ സന്ദർശനമാണ് ലൂക്കയുടെ ഹൈലൈറ്റ്. മത്തായി പ്രധാനമായും യഹൂദ ക്രൈസ്തവരേ ഉദ്ദേശിച്ചാണ് സുവിശേഷം എഴുതിയത്. അതുകൊണ്ട് യഹൂദരുടെ രാജാവിനെ തേടിയുള്ള ജ്ഞാനികളുടെ സന്ദർശനം ആണ് പുള്ളിക്ക് പ്രധാനം.

Interpretation

1. നക്ഷത്രം⭐

നക്ഷത്രം വഴികാട്ടിയാണ്. ഓരോ മേഖലയിലും തിളങ്ങി നിക്കുന്നവരെ നക്ഷത്രങ്ങളായി ഉപമിക്കാറുണ്ട്. Super Star , Mega Star, Cricket Star, Star Singer... etc. എന്നൊക്കെ നമ്മൾ പറയാറില്ലേ.... അങ്ങനെ സാമ്പത്തിക രംഗത്തെയും സാഹിത്യ രംഗത്തെയും രണ്ടു നക്ഷത്രങ്ങൾ അസ്തമിച്ചു പോയ നാളുകൾ ആയിരുന്നു ഈ കഴിഞ്ഞ ആഴ്ച്ച . മറ്റാരുമല്ല, എം. ടി. യും മൻ മോഹൻ സിംഗും. നക്ഷത്രങ്ങൾ മറ്റുള്ളവർക്ക് ഒരു വഴികാട്ടിയാണ് സംശയമില്ല.

നക്ഷത്രം⭐ നോക്കിയാണ് ജ്ഞാനികൾ ക്രിസ്തുവിലേക്ക് എത്തുന്നത് . നിന്നെ ക്രിസ്തുവിലേക്ക് നയിച്ച നക്ഷത്രങ്ങളെ- ജീവിത മാതൃകകളെ- ഓർക്കുക അവർക്കായി പ്രാർത്ഥിക്കുക. അതു വീട്ടുകാർ ആകാം, അധ്യാപകർ ആകാം, മതബോധന അധ്യാപകർ ആകാം അവരെ ഓർക്കണം, പ്രാർത്ഥിക്കണം. അതിലുപരിയായി മനസ്സിൽ ഉറപ്പിക്കുക മറ്റൊരാളെ ക്രിസ്തുവിനെ എത്തിക്കേണ്ട നക്ഷത്രം നീയാണ്. നക്ഷത്രങ്ങൾ കെട്ടു പോയിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ ആയിരിക്കുക. ചൂണ്ടിക്കാണിക്കാനുള്ള മാതൃകകൾ നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. മദർ തെരേസ മരിച്ചപ്പോൾ ജോൺപോൾ രണ്ടാമൻ പറഞ്ഞതു ലോകത്തിന് ചൂണ്ടിക്കാണിക്കാനുള്ള ഒരുമാതൃക നഷ്ടമായിരിക്കുന്നു എന്നാണ്. ഒരു നക്ഷത്രമാകാൻ ഒരു മാതൃകയാകാനുള്ള⭐ വിളിയാണ് എ

മറ്റൊരാളെ ക്രിസ്തു എത്തിക്കാനുള്ള യോഗമാണ് ഓരോ ക്രിസ്ത്യാനിയുടെയും ജീവിതം.

2.അന്വേഷിക്കുവിൻ കണ്ടെത്തും

ഈശോയെ അന്വേഷിച്ച് വന്ന ജ്ഞാനികളാണ്/ രാജാക്കന്മാരാണ് അവനെ കണ്ടെത്തുന്നത്. മൂന്ന് രാജാക്കന്മാർ ശിശുവായ ഈശോയേയും ഒരു പാരമ്പര്യമനുസരിച്ച് നാലാമത്തെ രാജാവ് അന്വേഷിച്ചു, അന്വേഷിച്ചു ഈശോയെ ഒടുവിൽ മരണത്തിനുമുമ്പും കണ്ടെത്തി എന്ന് പറയുന്നു . എന്ന് പറഞ്ഞാൽ ദൈവത്തെ അന്വേഷിക്കുന്നവർക്കാണ് അവനെ കണ്ടെത്താൻ പറ്റുക. ജീവിതത്തിൽ ദൈവാന്വേഷണത്തിന്റെ ഒരു ത്വര കാത്തുസൂക്ഷിക്കുക നല്ലതാണ്. ഒരുപക്ഷേ ഈ ദൈവം അന്വേഷണം തന്നെയാകും ഒരാളുടെ ഏറ്റവും വലിയ ദൈവിക അനുഭവം ആയി മാറുക എന്നൊക്കെ ചില ചിന്തകൾ ഉണ്ട്. ജീവിതത്തിലെ ക്രിസ്തുവിനെ അന്വേഷിക്കാൻ നീ തയ്യാറാണെകിൽ നിശ്ചയമായും നീ അവനെ കണ്ടെത്തും. "ഈശ്വരനെ തേടി ഞാൻ അലഞ്ഞു...." എന്നുള്ള ആബേലച്ചന്റെ വരികൾ ഓർമിക്കുക. അന്വേഷിച്ചയാൾ ഒടുവിൽ സ്നേഹത്തിൻറെ രൂപത്തിൽ ഈശ്വരനെ കണ്ടെത്തി എന്നാണ് പറയുന്നത്. ദൈവ അന്വേഷണത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ് വ്യത്യസ്ത മതങ്ങൾ എന്നു നമുക്കറിയാം . ഒരാളുടെ ദൈവാനുഭവം അയാളുടെ ദൈവ അന്വേഷണത്തിൽ അടിസ്ഥാനത്തിലാണ് തീർച്ച. "അന്വേഷിക്കുവിൻ കണ്ടെത്തും" എന്നാ ണല്ലോ വചനം ഓർമ്മിപ്പിക്കുന്നത്.

3. ഈശോക്കുള്ള സമ്മാനം

മൂന്ന് സമ്മാനങ്ങളാണ് പൂജരാജാക്കന്മാർ ഈശോയ്ക്ക് സമർപ്പിക്കുവാൻ ആയി കൊണ്ടുവന്നത്.

A. പൊന്ന്. സമ്പത്തിന് പ്രതീകമാണ് ദൈവത്തിന് സമ്മാനമായി സമർപ്പിക്കാൻ ആയിട്ട് നിന്റെ കൈവശം ഉള്ള സമ്പത്ത് ഉപകരിക്കും. സാമ്പത്തികമായി എന്തെങ്കിലുമൊക്കെ ദൈവത്തിനും ദേവാലയത്തിനും ദൈവ ജനത്തിനുമായി ചെലവഴിക്കാനായി നിനക്കു പറ്റുന്നുണ്ടോ.

B . മീറ

മീറ സഹനത്തിന്റെ പ്രതീകമാണ്. ദൈവത്തിന് കാഴ്ച കൊടുക്കാൻ നിൻറെ ജീവിതത്തിൽ സഹനങ്ങളെ സമർപ്പിക്കുക.

C. കുന്തിരിക്കം കുന്തിരിക്കം വിശുദ്ധിയുടെ പ്രതീകമാണ്. വിശുദ്ധമായ ഒരു ജീവിതമാണ് ദൈവത്തിന് നൽകാവുന്ന ഏറ്റവും വിലയുള്ള സമ്മാനം .

3.തിരുകുടുംബത്തിന്റ തിരുന്നാൾ‍‍

സീറോ മലബാർ സഭയുടെ പാരമ്പര്യമനുസരിച്ച് ക്രിസ്മസ് കഴിഞ്ഞു വരുന്ന ഞായറാഴ്ച തിരുക്കുടുംബത്തിന്റെതിരുനാളാണ്.

A. ഒരുമിച്ചു യാത്ര ചെയ്യുക

വിശുദ്ധ പിതാവിനെക്കുറിച്ച് സുവിശേഷങ്ങളിൽ കാണുന്ന ഇടങ്ങളിൽ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ് 'അവൻ ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ട്' എന്നുള്ളത്. അതായത് യൗസേപിതാവ് തന്റെ യാത്രയിൽ മാതാവിനെയും കൂട്ടിക്കൊണ്ട് പോകുന്നു. ആദ്യം ബെത്ലഹേമിലേക്കു പോകുന്നു. പിന്നെ ഈജിപ്തിലേക്ക് പോകുന്നു, അവിടെ നിന്നും തിരിച്ചുവരുന്നു, പിന്നെ നസ്രത്തിൽ പോകുന്നു . എന്ന് വെച്ചാൽ യൗസേപിതാവ് പോകുന്നിടത്തെല്ലാം മാതാവിനെയും ഉണ്ണീശോയെയും കൂട്ടിക്കൊണ്ടു പോകുന്നു. നമുക്ക് കണ്ടു പഠിക്കാവുന്ന ഒരു മാതൃകയാണിത്. നമ്മുടെ വീട്ടിലുള്ള ഒരു പ്രശ്നം ഓരോരുത്തരും ഒറ്റയ്ക്ക് ഒറ്റയ്ക്ക് യാത്ര പോകുന്നു എന്നുള്ളതാണ്. അപ്പൻ , അപ്പന് ഇഷ്ടമുള്ളിടത്തേക്ക് ഒറ്റക്ക് പോകുന്നു. പിള്ളേർ അവർക്കി ഷ്ടമുള്ളിടത്തു ഒറ്റക്ക് പോകുന്നു, 'അമ്മ തനിക്ക് ഇഷ്ടമുള്ളിടത്തു‍ ഒറ്റക്ക് പോകുന്നു... etc. തിരുകുടുംബത്തിന്റെ ഒരു നന്മ എന്നുള്ളത് അവർ ഒരുമിച്ച് യാത്ര ചെയ്തു എന്നുള്ളതാണ്. നമ്മുടെയൊക്കെ കുടുംബങ്ങൾക്ക് ഇതേപോലെ ഒരുമിച്ച് യാത്ര ചെയ്യാൻ ശ്രമിക്കണം. കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. എന്നതുപോലെ കൂട്ടത്തിലായിരിക്കുവാനായി പരിശ്രമിക്കുക. ഒറ്റക്കുള്ള യാത്രകൾ ഒഴിവാക്കുക. യൗസേപ്പിതാവ് മാതാവിനെയും ഉണ്ണീ ശോയേയും കൂട്ടി കൊണ്ടാണ് യാത്ര പോകുന്നത് . അതുപോലെ നമ്മുടെ ജീവിതത്തിലും ഈശോയെയും പരിശുദ്ധ അമ്മയെയും കൂട്ടിക്കൊണ്ടു മുന്നോട്ടുപോകാൻ ശ്രമിക്കാം.

B സംരക്ഷകൻ

മോഹൻലാലിൻറെ ദൃശ്യം സിനിമ എല്ലാവരും കണ്ടിരിക്കും . ജോർജ് കുട്ടി എന്ന ഒരു കുടുംബ നാഥൻ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ വേണ്ടി ചെയ്തുകൂട്ടുന്ന ചില സാഹസികത നിറഞ്ഞ കാര്യങ്ങളാണ് ആ സിനിമയുടെ മെയിൻ ഫോക്കസ്. സുവിശേഷത്തിൽ ഔസേപ്പ് എന്ന കുടുംബനാഥൻ തന്റെ കുടുംബത്തെ സംരക്ഷിക്കുവാനായിയിട്ട് കാട്ടിക്കൂട്ടുന്ന ചില സാഹസികത നിറഞ്ഞ സാഹചര്യങ്ങലാണ് മെയിൻ ഫോക്കസ്. യൗസേപ്പ് തന്റെ ഭാര്യയെയും കൊച്ചിനെയും കൊണ്ട് നാടുവിടുന്നു , ഒളിച്ച് താമസിക്കുന്നു ,തിരിച്ചു വരുന്നു, സ്വപ്നത്തിൽ കണ്ടതനുസരിച്ച് മറ്റൊരു സ്ഥലത്ത് പോയി അവിടെ താമസിക്കുന്നു. അങ്ങനെയുള്ള ചില സാഹസികതകളാൽ

മാതാവിനെയും ഉണ്ണീശോയും സംരക്ഷിച്ചു എന്നുള്ളതാണ് യൗസേപ്പിതാവിന്റെ ജീവിതത്തിൻറെ സവിശേഷത. യൗസേപ്പ് തിരുകുടുംബത്തിന്റെ സംരക്ഷകനായിരുന്നു. മറ്റൊരാളുടെ സംരക്ഷകനായി ജീവിക്കുക വലിയ കാര്യമാണ്. മക്കൾ മാതാപിതാക്കളുടെ സംരക്ഷകരാവുക. മാതാ പിതാക്കൾ മക്കളുടെ സംരക്ഷരാവുക, വിശ്വാസികൾ സഭയുടെ സംരക്ഷകരാക്കുക, ഇടവകയുടെ സംരക്ഷകർ ആവുക, കുടുംബത്തിൻറെ സംരക്ഷകരാകുക വിശ്വാസത്തിൻറെ സംരക്ഷകരാവുക ഇതെല്ലാം പ്രധാനപ്പെട്ട കാര്യമാണ്. മറ്റുള്ളവർക്ക് സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നു യൗസേപ്പ് നമ്മെ പഠിപ്പിക്കുന്നു . സ്വന്തം ജീവനു ഭീഷണിയുള്ളപ്പോഴും സമയം നഷ്ടപ്പെടുമ്പോഴും ദൈവം ഹിതം മനസ്സിലാക്കി തൻറെ കുടുംബത്തെ സംരക്ഷിക്കാൻ ആ പിതാവ് മുന്നിട്ടിറങ്ങുന്നു.

അപരന്റെ ജീവൻറെ കാവൽക്കാരാവുക നമ്മുടെ ഉത്തരവാദിത്വമാണ്

പറച്ചിലും പ്രവർത്തിയും

ഉണ്ണിക്കുള്ള സമ്മാനമായി ഒന്നുകിൽ നമ്മുടെ അൽപ്പം ധനം മാറ്റിവക്കുക (സ്വർണ്ണം). (അതായത് പള്ളിക്കോ ഏതങ്കിലും അനാഥാലയ ത്തിനോ കൊടുക്കേണ്ടത് കൊടുക്കേണ്ട പോലെ കൊടുക്കുക)

അല്ലെങ്കിൽ എന്തെങ്കിലും സഹനം ഈശോക്ക് വേണ്ടി എടുക്കുക( മീറ) ഇതു രണ്ടുമല്ലെങ്കിൽ നിന്റെ വിശുദ്ധിക്കായി പ്രത്യേകം പരിശ്രമിക്കുക ( കുന്തിരിക്കം

പിറവിക്കാലം ഒന്നാം ഞായർ

മത്താ 2, 13-14; 19-23

ക്രിസ്തുമസ് ആഘോഷങ്ങൾക്കും, ആരവങ്ങൾക്കും ശേഷം, പിറവിക്കാലം ഒന്നാം ഞായറാഴ്ച്ച, മിശിഹാ രഹസ്യങ്ങളുടെ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കുവാൻ വന്നിരിക്കുന്ന നമ്മുടെ മുൻപിൽ, ഒരു കുടുംബത്തെ അവതരിപ്പിക്കുകയാണ് സുവിശേഷം. നമുക്ക് പരിചിതമാണ് ഈ കുടുംബം. ക്രിസ്തുമസ് നാളിൽ ഈ കുടുംബത്തെ നാം ഹൃദയത്തിൽ ഏറ്റെടുത്തതാണ്. ദൈവത്തിന്റെ ഇഷ്ടത്തിന് മുൻപിൽ, തങ്ങളുടെ പ്ലാനുകളും, പദ്ധതികളും, വാദങ്ങളും, വാദഗതികളും മാറ്റിവച്ച്, ദൈവത്തിന്റെ രക്ഷാകര പദ്ധതിയോട് സഹകരിച്ച വിശുദ്ധ യൗസേപ്പിതാവും, പരിശുദ്ധ കന്യകാമറിയവും, മനുഷ്യമക്കളോടുള്ള സ്നേഹം നിമിത്തം ലോകരക്ഷകനായി മനുഷ്യാവതാരം ചെയ്ത, ദൈവപുത്രനായ ഈശോയുമാണ് ഈ കുടുംബത്തിലെ അംഗങ്ങൾ.

ഇവരുടെ പ്രത്യേകത, ഇന്നത്തെ സുവിശേഷഭാഗത്ത് വളരെ വ്യക്തമാണ്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ അടിസ്ഥാനമിട്ട്, പ്രവചനങ്ങളുടെ, ദൈവവചനങ്ങളുടെ മേൽക്കൂരയ്ക്ക് കീഴിൽ വസിച്ച്, ദൈവത്തിന്റെ പരിപാലനയുടെ പ്രകാശത്തിൽ മുന്നോട്ട് പോകുന്ന ഒരു കുടുംബം. ഈ കുടുംബത്തെ ക്രൈസ്തവർ വിളിക്കുന്നത് തിരുക്കുടുംബമെന്നാണ്. ഉണ്ണിയേശുവിന്റെ സാന്നിധ്യംകൊണ്ട് മാത്രമല്ല, നാം ഈ കുടുംബത്തെ തിരുക്കുടുംബമെന്ന് വിളിക്കുന്നത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ അടിസ്ഥാനമിട്ട്, പ്രവചനങ്ങളുടെ, ദൈവവചനങ്ങളുടെ മേൽക്കൂരയ്ക്ക് കീഴിൽ വസിച്ച്, ദൈവത്തിന്റെ പരിപാലനയുടെ പ്രകാശത്തിൽ മുന്നോട്ട് പോകുന്നതുകൊണ്ട് കൂടിയാണ് നാം ഈ കുടുംബത്തെ തിരുക്കുടുംബമെന്ന് വിളിക്കുന്നത്.

ലോകമെങ്ങുമുള്ള കുടുംബങ്ങൾക്ക് ഒരു ഉത്തമ മാതൃകയായിട്ടാണ് സുവിശേഷം തിരുക്കുടുംബത്തെ അവതരിപ്പിക്കുന്നത്. പലായനത്തിന്റെ കഷ്ടപ്പാടും, അരക്ഷിതാവസ്ഥയും, ഭാവിയെക്കുറിച്ചുള്ള ആകുലതകളും മറ്റും ജോസഫിനെയും, മറിയത്തെയും അലട്ടുമ്പോഴും, പരസ്പരം ചേർന്നുനിൽക്കാനും, ദൈവത്തിന്റെ ഇഷ്ടത്തിന്റെ ആഘോഷമാക്കി തങ്ങളുടെ ജീവിതം നിലനിർത്താനും അവർ ശ്രമിക്കുന്നുണ്ടെന്നുള്ളതാണ് ഇന്നത്തെ സുവിശേഷഭാഗത്തിന്റെ ഉള്ളടക്കം. ഇസ്രായേൽ ജനത്തിന്റെ പുറപ്പാട് തുടങ്ങിയ ഈജിപ്തിലേക്കും, അവിടെനിന്ന് ഗലീലിയയിലേക്കും ഓടുമ്പോഴും, ദൈവപരിപാലനയിലുള്ള വിശ്വാസം അവർ കൈവിടുന്നില്ല. നിരാശപ്പെടാനുള്ളതല്ല, പരസ്പരം ഊന്നുവടികളായി നിൽക്കാനും, ആർദ്രതയോടെ പരസ്പരം ചേർന്നുനിൽക്കാനും, അതുവഴി ദൈവത്തിന്റെ പദ്ധതിയോട് ആത്മാർത്ഥതപുലർത്താനും ഉള്ളതാണ് കുടുംബജീവിതമെന്ന് തിരുക്കുടുംബം നമ്മെ പഠിപ്പിക്കുന്നുണ്ട്. കലഹിക്കാനുള്ളതല്ല, സ്നേഹിക്കാനും, സ്നേഹം കൊടുക്കാനും, വളരാനും, വളർത്താനുമുള്ളതാണ് കുടുംബമെന്നും നിശബ്ദമായി മേരിയും, യൗസേപ്പും നമ്മോട് പറയുന്നുണ്ട്. അല്ലെങ്കിൽ തന്നെ ദേഷ്യമോ, പരിഭവമോ ഇല്ലാത്ത ഒരു ദാമ്പത്യത്തെക്കുറിച്ചല്ല തിരുക്കുടുംബം നമ്മോട് പറയുന്നത്. മാതാപിതാക്കളും, മക്കളും തമ്മിലുള്ള വഴക്കുകളും പിണക്കങ്ങളും ഇല്ലാത്ത ഒരാവസ്ഥയെക്കുറിച്ചുമല്ല തിരുക്കുടുംബം നമ്മോട് പറയുന്നത്. പരസ്പരം തല്ലുകൂടാത്ത, അടിപിടിയില്ലാത്ത, മാതാപിതാക്കളെ അനുസരിക്കുക മാത്രം ചെയ്യുന്ന മക്കളുള്ള ഒരു കുടുംബാന്തരീക്ഷത്തെക്കുറിച്ചല്ല തിരുക്കുടുംബം നമുക്ക് ക്ലസ്സെടുക്കുന്നത്. ഈ പറഞ്ഞവയെയെല്ലാം സ്നേഹംകൊണ്ട് നിർമ്മലമാക്കണമെന്നാണ് തിരുക്കുടുംബം നമ്മോട് പറയുന്നത്. ഇത്തരത്തിലുള്ള സാഹചര്യങ്ങൾക്കിടയിലും, ദൈവത്തിന്റെ ഇഷ്ടം അന്വേഷിക്കണമെന്നാണ് തിരുക്കുടുംബം നമ്മെ ഓർമപ്പെടുത്തുന്നത്.

പരസ്പരം മനസ്സിലാക്കാതെ ജീവിതം ജീവിച്ചു തീർക്കുന്നവരും, സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടി മറ്റുള്ളവരെ അകറ്റിനിർത്തുന്നവരും, അടുത്തിരുന്നുകൊണ്ട് അകലം പാലിക്കുന്നവരും, ജീവിതം സുരക്ഷിതമല്ലെന്ന് കരുതി പേടിച്ചിരിക്കുന്നവരും പഠിക്കേണ്ട പലതും തിരുക്കുടുംബം കാണിച്ചുതരുന്നുണ്ട്. ഈജിപ്തിലേക്കുള്ള പലായനം തന്നെ ധ്യാനിക്കുക. മേരിയും യൗസേപ്പും ഒരുമിച്ചു നിന്നതുകൊണ്ടാണ് കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുവാൻ അവർക്ക് കഴിയുന്നത്. സ്വാർത്ഥത ഒട്ടുമേയില്ലാതെ മുന്നോട്ട് പോയതുകൊണ്ടാണ് കുഞ്ഞിന്റെ ജീവനുവേണ്ടി തങ്ങളുടെ ജീവിതം അവർ പണയംവച്ചത്. അല്ലെങ്കിൽ, ഈ കുഞ്ഞാണ് തങ്ങളുടെ ജീവന് അപകടം എന്ന് മനസ്സിലാക്കിയ നിമിഷം, ആ നിമിഷം അവർക്ക് വേണമെങ്കിൽ ആ കുഞ്ഞിനെ ഗലീലിതടാകത്തിലേക്ക് എറിഞ്ഞു കളയാമായിരുന്നു. കടന്നുപോകുന്ന മണലാരണ്യത്തിൽ കുഴിച്ചുമൂടാമായിരുന്നു. ആരും ചോദിയ്ക്കാൻ വരില്ലായിരുന്നു. തങ്ങളുടെ ജീവനും സുരക്ഷിതം. പക്ഷേ, പ്രിയപ്പെട്ടവരേ, അവരത് ചെയ്തില്ല. ശരിയാണ്. ആധുനിക ലോകം തീർച്ചയായും അവരെ മണ്ടന്മാർ, മരമണ്ടന്മാർ എന്ന് വിളിച്ചേക്കാം. എങ്കിലും, തങ്ങളുടെ കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുവാൻ എന്തും കൊടുക്കാൻ അവർ തയ്യാറായിരുന്നു. മൂന്ന് മിനിറ്റിൽ ഒരു ഗർഭഛിദ്രം എന്ന കണക്കേ, ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിനെ കൊല്ലാൻ മടിയില്ലാത്ത ആധുനിക മനുഷ്യന്, രാഷ്ട്രീയത്തിന്റെ പേരിലും, മതത്തിന്റെ പേരിലും മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത ആധുനിക മനുഷ്യന്, ഏതുരൂപത്തിലും ജീവനെ സംരക്ഷിക്കുവാൻ നമുക്ക് കടമയുണ്ടെന്ന് കേൾക്കുമ്പോൾ Comedy ആയിട്ട് തോന്നാം. ജീവന് തണലേകുന്ന തിരുക്കുടുംബം നമുക്ക് വെല്ലുവിളിയാണ്!!

ദമ്പതിമാർ അവരവരുടെ ആശയലോകത്തിലേക്ക് ചുരുങ്ങിപ്പോകുന്നതാണ് വർത്തമാനകാല ദുരന്തം. വീടിന്റെ അകത്തളങ്ങളിൽ നടക്കേണ്ടത് Ego Clashes അല്ല; ക്ഷമയുടെയും, വിട്ടുവീഴ്ചയുടെയും scnenes ആണ്, കാഴ്ചകളാണ്. ആവശ്യപ്പെടുമ്പോൾ മാത്രം ചെയ്യേണ്ട ഒന്നല്ല സ്നേഹമെന്നും, വാത്സല്യം പെട്ടിയിൽ അടച്ചുവയ്ക്കേണ്ടതല്ലെന്നും, അത് പകർന്ന് നൽകേണ്ടതാണെന്നും, കുടുംബമെന്നത് non-judgemental ആണെന്നും, എന്നും ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ് തിരുക്കുടുംബം. ഈജിപ്തിൽ നിന്ന് ഉടനെ ഗലീലിയയിലേയ്ക്ക്; അവിടെച്ചെല്ലുമ്പോൾ, വീണ്ടും നസ്രത്തിലേക്ക്. ഈ ഓട്ടം അത്ര എളുപ്പമല്ല. ഓർക്കണം, ഇത് പേരെഴുതിക്കാനായി ബെത്ലഹേമിലേക്കുള്ള ഓട്ടത്തിൽ തുടങ്ങിയതാണ്. ഈ ഓട്ടത്തിനായി സാമ്പത്തികം വേണം. ജോസഫിന്റെ ഓട്ടക്കീശയിൽ എന്തുണ്ടാകാൻ!! പിന്നെ Contessa യോ, ഇന്നോവയോ, ഒന്നുമില്ല യാത്ര ചെയ്യാൻ. ഒരു കോവർകഴുത! സങ്കീർത്തനങ്ങൾ പാടിക്കൊണ്ട് തന്നെയായിരിക്കണം അവർ ഈ ഓട്ടങ്ങളെല്ലാം നടത്തിയത്. കർത്താവാണ് എന്റെ ഇടയൻ എന്നുള്ള സങ്കീർത്തനം 23 അവരുടെ അധരങ്ങളിലുണ്ടായിരുന്നിരിക്കണം. ഓരോ സാഹചര്യത്തിലും, “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു; എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു” (ലൂക്ക 1, 46-47) എന്ന് മറിയം പാടിയിട്ടുണ്ടാകണം. അല്ലെങ്കിൽ ഈ ദുരിതങ്ങളെ അതിജീവിക്കുക അസാധ്യം!! മേരി ജോസഫിനെ കളിയാക്കുന്നില്ല; വിധിക്കുന്നില്ല. മേരിയെ ജോസഫ് പഴിക്കുന്നില്ല; ദേഷ്യപ്പെടുന്നില്ല. കുടുംബം non-judgemental ആകുമ്പോഴാണ് അവിടെ സ്വർഗ്ഗത്തിന്റെ ഈണം ഉണ്ടാകുന്നത്.

സ്നേഹമുള്ളവരേ, നമ്മുടെ കുടുംബങ്ങൾ non-judgemental ആകട്ടെ. ആരെയും put down ചെയ്യാതിരിക്കുക. സ്നേഹം പ്രകടിപ്പിച്ചും, പരസ്പരം ശക്തിപ്പെടുത്തിയും മുന്നോട്ട് പോകാനാണ് തിരുക്കുടുംബം നമ്മോട് ആവശ്യപ്പെടുന്നത്.

ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്നതിന്റെ, ഭക്ഷണം കഴിക്കുന്നതിന്റെ ചാരുതയും, ക്രിസ്മസ് പോലുള്ളവ ഒരുമിച്ച് ആഘോഷിക്കുന്നതിന്റെ ഭംഗിയും തിരുക്കുടുംബത്തിന്റെ താളമാണ്. തിരുക്കുടുംബത്തിലുണ്ടായിരുന്ന ഈ സ്വർഗീയ താളം ഇന്നത്തെ കുടുംബങ്ങൾക്ക് എങ്ങനെയോ നഷ്ടപ്പെട്ടിരിക്കുന്നു. ഓടിക്കൊണ്ടിരിക്കുന്ന ഒരു വണ്ടിയുടെ ബാലൻസ്, താളം നഷ്ടപ്പെടുമ്പോൾ, ഓടിച്ചുകൊണ്ടുതന്നെയേ അതിന്റെ ബാലൻസ്, താളം വീണ്ടെടുക്കുവാൻ സാധിക്കൂ. അതുപോലെ, ഒരു കുടുംബത്തിന് നഷ്ടപ്പെടുന്ന താളം, കുടുംബത്തിന് തന്നെയേ വീണ്ടെടുക്കുവാൻ സാധിക്കൂ. കാരണങ്ങൾ പലതുണ്ടാകാം… ഞാൻ പറയാതെ തന്നെ ആ കാരണങ്ങൾ നിങ്ങൾക്ക് അറിയുകയും ചെയ്യാം. പക്ഷേ, എങ്ങനെ നമ്മുടെ കുടുംബങ്ങളുടെ സ്വർഗീയ താളം വീണ്ടെടുക്കാം? കുടുംബാഗങ്ങൾക്ക് മാത്രമേ അത് വീണ്ടെടുക്കാൻ കഴിയൂ.

വീട്ടിൽ തനിച്ച് താമസിച്ചിരുന്ന പിതാവ് ഒരു ഡിസംബർ നാളിൽ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾക്ക് ഒരു മെസ്സേജ് അയച്ചു. മക്കളെ, നിങ്ങൾക്കറിയാലോ ഞാൻ നമ്മുടെ വീട്ടിൽ തനിച്ചാണെന്ന്. പണ്ട് വളരെ സന്തോഷത്തോടെ നമ്മൾ ഇവിടെ ജീവിച്ചിരുന്നതാണ്. ഒരുമിച്ച് ജോലിചെയ്ത്, ഭക്ഷണം കഴിച്ച്, ചിരിച്ച്…വളരെ നല്ലതായിരുന്നു ആ ദിനങ്ങൾ. ഇപ്രാവശ്യം ക്രിസ്തുമസിന് നിങ്ങൾ വരികയാണെങ്കിൽ ഒത്തിരി നന്നായിരുന്നു. മൂത്തമകൻ ഉടനെ തന്നെ മറുപടി അയച്ചു. അപ്പച്ചാ, എനിക്ക് ഇവിടെ ജോലിത്തിരക്കാണ്. വരൻ പറ്റുമെന്ന് തോന്നുന്നില്ല. അല്പം കഴിഞ്ഞപ്പോൾ രണ്ടാമത്തെ മകന്റെ മെസ്സേജും വന്നു. വരാൻ താത്പര്യമുണ്ട് ..ന്നാലും തിരക്കാണ് – എന്നായിരുന്നു മെസ്സേജ്. ആ പിതാവിന് സങ്കടമായി. ഒരു നക്ഷത്രംപോലും ഇടാതെ, ആരോടും സംസാരിക്കാൻ താത്പര്യമില്ലാതെ അയാൾ ജീവിച്ചു. ക്രിസ്തുമസിന്റെ തലേന്ന്, സന്ധ്യയായപ്പോൾ അയാൾ ഒരു സൂപ്പ് ഉണ്ടാക്കാൻ അടുക്കളയിൽ കയറി. പെട്ടെന്നാണ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്. പതുക്കെ നടന്നു ചെന്ന് വാതിൽ തുറന്നപ്പോൾ അയാൾ അത്ഭുതപ്പെട്ടുപോയി. തന്റെ രണ്ട് മക്കളും കുടുംബസമേതം വന്നിരിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ നിന്ന അദ്ദേഹത്തെ മക്കളും, മരുമക്കളും, കുഞ്ഞുമക്കളും എല്ലാവരും വന്ന് കെട്ടിപ്പിടിച്ചു. പിന്നെ – എല്ലാ മുറികളിലും വെളിച്ചമായി..കുട്ടികളുടെ അക്കളികളായി..ഒച്ചയും ബഹളവുമായി…മക്കൾ കൊട്നുവന്ന ഭക്ഷണം മേശമേൽ നിരന്നു…ആ വീട് സന്തോഷംകൊണ്ട് നിറഞ്ഞു. ഇതെല്ലം നോക്കി നിന്ന് അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകി..സന്തോഷത്തിന്റെ!!

സ്നേഹമുള്ളവരേ, നിങ്ങളുടെ കുടുംബങ്ങളെ കൂടുതൽ സുഗന്ധപൂരിതവും, വർണശോഭയുമുള്ളതാക്കാൻ നിങ്ങൾക്ക് താത്പര്യമുണ്ടോ? താത്പര്യമുണ്ടെങ്കിൽ, നിങ്ങൾക്ക് പറ്റിയ പഠനക്കളരിയാണ് തിരുക്കുടുംബം. തിരുക്കുടുംബം പോലെ നംമടുത്തെ കുടുംബങ്ങൾ ആയിത്തീരണം എന്ന് പറയുമ്പോൾ, മേരിയിലും, ജോസെഫിലും നിറഞ്ഞു നിൽക്കുന്ന ദൈവിക മനോഭാവങ്ങൾ സ്വന്തമാക്കുക എന്നാണ് അർത്ഥമാക്കുന്നത്. എപ്പോഴും ഈശോയോടൊത്ത്, ഈശോയെ നഷ്ടപ്പെടുത്താതെ കുടുംബം മുന്നോട്ട് കൊണ്ടുപോകണമെന്നാണ് അർത്ഥമാക്കുന്നത്. ദൈവം നമുക്ക് വേണ്ടി ശോഭനമായ ഒരു പ്ലാൻ, പദ്ധതി ഒരുക്കിയിട്ടുണ്ട് എന്ന് വിശ്വസിക്കുക. ദൈവത്തിന്റെ വചനത്തോട്, ഇഷ്ടത്തോട് ചേർന്ന് നിൽക്കുക. ദൈവപരിപാലനയിൽ ആശ്രയിക്കുക. എന്നിട്ട് ധൈര്യത്തോടെ മുന്നോട്ട് പോകുക. അപ്പോൾ നമ്മുടെ കുടുംബങ്ങൾ തിരുക്കുടുംബങ്ങളാകും.

നമുക്ക് വിശുദ്ധ കുർബാന തുടർന്ന് അർപ്പിക്കാം. കുടുംബമാകുന്ന അൾത്താരകളിൽ ബലിയർപ്പിക്കുന്ന മാതാപിതാക്കൾക്കായി പ്രാർത്ഥിക്കാം. കുടുംബമാകുന്ന അൾത്താരകളിൽ വിടർന്നു നിൽക്കുന്ന പൂക്കളായ മക്കളെ ബലിയിൽ പ്രത്യേകം ഓർക്കാം. ദൈവഹിതത്തിനോട് ചേർന്ന് നിന്ന് ബലിപീഠത്തിലെ മെഴുകുതിരികൾപോലെ കുടുംബങ്ങളിൽ പ്രകാശം പരത്തുന്ന വ്യക്തികളാകാൻ നമുക്ക് പ്രാർത്ഥിക്കാം. കുടുംബത്തിന്റെ നന്മ നഷ്ടപ്പെടുത്തുന്ന ഒരു തലമുറയ്ക്ക് നല്ല കാഴ്ചകളും, അനുഭവങ്ങളും നഷ്ടപ്പെടും. അവർ തെരുവിൽ അലയും. ചിതറിയ്ക്കപ്പെടും.

ഞങ്ങളുടെ കുടുംബങ്ങളെ തിരുക്കുടുംബംപോലെ ആക്കണമേയെന്ന പ്രാർത്ഥനയോടെ നമുക്ക് ബലിയർപ്പിക്കാം. എല്ലാവർക്കും തിരുക്കുടുംബത്തിന്റെ തിരുനാൾ മംഗളങ്ങൾ സ്നേഹപൂർവ്വം നേരുന്നു. ആമ്മേൻ!