പള്ളികൂദാശക്കാലം 04: മിശിഹായുടെ രാജത്വതിരുന്നാള്‍ – Matthew 22 :41-46 (22:41-23:22)
പള്ളിക്കൂദാശക്കാലം - 4
ഞായർ യോഹ 18:33-37
ഈശോയുടെ രാജത്ത്വ തിരുനാൾ
HISTORICAL BACKGROUND
1925 ൽ പതിനൊന്നാം പീയൂസ് മാർപാപ്പയാണ്
ഈശോയുടെ രാജത്വ തിരുനാൾ സഭയിൽ ഔദ്യോഗികമായി ആരംഭിച്ചത്. യൂറോപ്പിൽ അന്ന് നിലനിന്നിരുന്ന Secularism, (മത നിരപേക്ഷത) Nationalism( അതിതീവ്ര ദേശീയ വാദം) എന്നിങ്ങനെ രണ്ടു പ്രശ്ങ്ങൾക്കുള്ള ഒരു മറുപടി എന്ന നിലയിലാണ് ഇപ്രകാരമൊരു തിരുന്നാൾ ആഘോഷിക്കാൻ Quas Primas (The First) എന്ന തന്റെ തിരുവെഴുത്തു വഴി മാർപാപ്പ ആഹ്വാനം ചെയ്തത്.
Biblical Background
യഹൂദരുടെ വിശാസപ്രകാരം വരാനിരിക്കുന്ന 'മിശിഹാ' തങ്ങളെ രാഷ്ട്രീയമായി സ്വതന്ത്രമാക്കാൻ വരുന്ന രാജാവായിരിക്കുംഎന്ന് കരുതിയിരുന്നു. ആദ്യ വായനയിൽ രാജാവായ മെൽക്കി സദേക്ക് അബ്രാഹത്തെ അനുഗ്രഹിക്കുന്നതും രണ്ടാം വായനയിൽ ഇസ്രായേൽ ജനം ഒരു രാജാവിന് വേണ്ടി സാമുവൽ പ്രവാചകനോട് ആവശ്യപ്പെടുന്നതും മൂന്നാം വായനയിൽ വെളിപാട് പുസ്തകത്തിൽ ഈശോ രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായി വീണ്ടും വരുന്നതും വായിച്ചു കേൾക്കുന്നു.
ഈശോയുട രാജ്യത്വനു വേണ്ട തെളിവുകൾ ബൈബിളിൽ തന്നെ കാണാം. ഈശോയുടെ ജനനസമയത്ത്⭐ പൗരസ്ത്യ ദേശത്തു നിന്നും വന്ന ജ്ഞാനികൾ യഹൂദരുടെ രാജാവിനെ അന്വേഷിച്ചാണ് വരുന്നത്. ഈശോയുടെ പരസ്യ ജീവിതകാലത്ത് ജനക്കൂട്ടം അവനെ രാജാവ് ആക്കാൻ ആയിട്ട് കൊണ്ടുപോകുന്നുണ്ട് . അതുപോലെ ജെറുസലേമിലെ ഇശോ പ്രവേശിക്കുമ്പോൾ ഒരു രാജകീയ സ്വീകരണം അവന് നൽകുന്നുമുണ്ട്. അതുപോലെ
ഈശോയുടെ മരണസമയത്തും പീലത്തോസ് ഈശോയുടെ കുരിശിനു മുകളിൽ എഴുതി വയ്ക്കാൻ കൊടുക്കുന്ന വാചകം 'യൂദൻമാരുടെ രാജാവായ നസ്രായക്കാരൻ ഈശോ' എന്നാണ്. ഈശോയുടെ രാജത്വം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അന്നത്തെ ജനത അംഗീകരിച്ചിരുന്നു എന്നു ചുരുക്കം
Interpretation
1. സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക
കേരളത്തിലെ ഉപ തിരഞ്ഞെടുപ്പ് ഫലം വന്നതേയുള്ളൂ. ചിലർ വിജയിച്ചു, ചിലർ പരാജയപ്പെട്ടു. ഉത്തരേന്ത്യയിലും ഏതാണ്ട് ഇങ്ങനെ തന്നെ കാര്യങ്ങൾ. ചില സംസ്ഥാനങ്ങളിൽ ഒരു കൂട്ടർ വിജയിക്കുന്നു മറ്റ് സംസ്ഥാനത്ത് വേറെ കൂട്ടാൻ വിജയിക്കുന്നു.⬛ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഈ ജനാധിപത്യത്തിന്റെ സ് സൗന്ദര്യം നമ്മൾ ശരിക്കും ആസ്വദിക്കുന്നത് തിരഞ്ഞെടുപ്പ് കാലത്താണ്. ലോകമെമ്പാടുമുള്ള രാജ്യങ്ങളെല്ലാം വ്യത്യസ്തമായ രീതിയിലാണ് ഭരണകൂടം നിർമ്മിക്കുന്നതും ഭരണക്രമം നിർവഹിക്കുന്നതും. ഭൂരിഭാഗം രാജ്യങ്ങളിലും ജനാധിപത്യ രീതിയിലാണ്. ചിലയിടങ്ങളിൽ ഏകാധിപത്യങ്ങളാണ്. വേറെ ചിലയിടത്ത് കമ്മ്യൂണിസമാണ്, അല്പം ചിലയിടത്ത് പട്ടാള ഭരണമാണ് . അപൂർവ്വം ചിലയിടങ്ങളിലകട്ടെ പഴയ രാജ ഭരണവും നിലനിർത്തി കൊണ്ടുപോകുന്നു. ഈ സംവിധാനങ്ങൾ എല്ലാം പ്രധാനമായും അടിച്ചമർത്തിയും പിടിച്ചടക്കിയും കീഴ്പ്പെടുത്തിയും ആണ് തങ്ങളുടെ അധികാരം സ്ഥാപിക്കാൻ ശ്രമിച്ചത് . എന്നാൽ ഈശോ സ്നേഹിച്ചു കൊണ്ടാണ് തൻറെ രാജ്യം സ്ഥാപിക്കാൻ ശ്രമിച്ചത്. "To love and Conquer the world":- Mother Theresa. ഏതാണ്ട് ഇതാണ് ഈശോയുടെ ജീവിത ശൈലി. സ്നേഹിച്ചുകൊണ്ടു, പുഞ്ചിരിച്ചു കൊണ്ടു, താഴ്ന്നു നിന്നുകൊണ്ട് മറ്റുള്ളവരുടെ ജീവിതവും ഹൃദയവും കീഴടക്കാൻ ഈശോ എന്ന രാജാവ് നമ്മെ പഠിപ്പിക്കുന്നു . ഇമ്മടെ രാഹുൽ ഗാന്ധി പറഞ്ഞ പോലെ വെറുപ്പിന്റെ ലോകത്തു സ്നേഹത്തിന്റെ കമ്പോളം തുറക്കാൻ വന്നവണ് താൻ എന്നാണ്. ഏതാണ്ട് ഇതാണ് ഇമ്മടെ കർത്താവിന്റെ ഒരു ലൈൻ...
2. എന്താണ് സത്യം?
പിലാത്തോസ് ഈശോയോട് ചോദിക്കുന്ന ചോദ്യം ഇതാണ്. എന്താണ് സത്യം? പക്ഷേ ആ sentence ന്റെ construction രീതിയെ കുറിച്ചു ബൈബിൾ പണ്ഡിതന്മാര് പറയുന്നത് .അതു പീലാത്തോസ് ഒരു ചോദ്യ രൂപത്തിൽ ചോദിച്ചതല്ല , മറിച്ച് അയാൾ പുച്ഛഭാവത്തോടെ ആത്മാഗതം ചെയ്തതാണത്രേ...
"എന്ത് സത്യം....!!!"
നമ്മുടെ ജീവിക്കുന്ന കാലഘട്ടത്തെ പൊതുവിൽ പറയുക സത്യാനന്തര കാലഘട്ടം ( Post Truth Era) എന്നാണ് .
ഈ കാലത്തു ഒരു കാര്യം സത്യമാണെന്ന് തിരിച്ചറിയാൻ വല്ലാത്ത പങ്ക പാടാണ്. അഥവാ അസത്യങ്ങളെ അർധസത്യങ്ങളായും അർദ്ധസത്യങ്ങളെ സത്യങ്ങളായും സത്യങ്ങളെ അസത്യങ്ങളായും മാറ്റിയെടുക്കുന്ന കാലഘട്ടത്തിലാണ് നമ്മൾ.
2016 ലെ Word of the Year ആയിട്ട് ഓക്സ്ഫോർഡ് സർവകലാശാല തെരഞ്ഞെടുത്തത് ഈ Post Truth എന്ന ഈ വാക്കാണ്. എന്ന് പറഞ്ഞാൽ രാഷ്ട്രീയ രംഗത്തും സാമൂഹിക രംഗത്തും മാധ്യമ രംഗത്തും എന്തിന് മത രംഗത്ത് പോലും സത്യം തമസ്കരിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഈ കാലത്ത് സത്യമെന്താണെന്ന് തിരിച്ചറിഞ്ഞു സത്യത്തിന് ഒപ്പം നിൽക്കാ നായിട്ടും സത്യത്തിനു വേണ്ടിയിട്ടുള്ള പോരാട്ടങ്ങളിൽ നിലകൊള്ളാനായിട്ടും പറ്റുക വലിയ കാര്യമാണ് .
പക്ഷേ പ്രശ്നം ഇതാണ് എന്താണ് സത്യം? ഏതാണ് സത്യം? ആരാണ് സത്യം പറയുന്നത് ? ആരാണ് സത്യത്തിനു വേണ്ടി നിലകൊള്ളുന്നത്?
പിലാത്തോസിനു പറ്റിയ അപകടം സത്യമായ ക്രിസ്തുവിനെ പുള്ളിക്ക് മനസ്സിലാക്കാൻ പറ്റിയില്ല എന്നുള്ളതും അതുകൊണ്ട് തന്നെ അവനു വേണ്ടി നിലകൊള്ളാൻ പറ്റിയില്ല എന്നുള്ളതുമാണ്. അഥവാ മൂപ്പർക്ക് സത്യത്തെക്കാൾ വലുത് മൂപ്പരുടെ കസേരയായിരുന്നു. ഈശോ പറയുന്ന "ഞാൻ വഴിയും സത്യവും ജീവനും ആണ് " എന്ന്. അതുകൊണ്ട് ക്രിസ്തുവിന് ഒപ്പം ആയിരിക്കുക എന്നുള്ളതാണ് സത്യത്തിന്റെ ഒപ്പമായിരിക്കാനുള്ള മാർഗം. ക്രിസ്തുവിൻറെ ജീവിത രീതി, ക്രിസ്തുവിൻറെ നിലപാടുകൾ, ക്രിസ്തുവിൻറെ ആദർശങ്ങൾ, ക്രിസ്തുവിൻറെ ഉപദേശങ്ങൾ, അതൊക്കെ സത്യത്തിന് നിരക്കുന്നതാണ്. ക്രിസ്തുവിൻറെതല്ലാത്ത കാര്യങ്ങൾ അത്ര സത്യസന്ധമായിരിക്കണം . അതുകൊണ്ട് നമ്മുടെ മുമ്പിൽ രണ്ട് ഓപ്ഷൻ ഉണ്ട് . ഒന്ന് പീളത്തോസ് ചെയ്തപോലെ "എന്ത് സത്യം" എന്നൊക്കെ ആത്മഗതം ചെയ്തു പുച്ഛിച്ച് സത്യത്തെ നിഷേധിക്കാം. പീലാത്തോസ് ചെയ്യാത്തതുപോലെ സത്യമായ ക്രിസ്തുവിന് ഒപ്പം അവനു വേണ്ടി നിലകൊള്ളം. ആയിരിക്കും .
പഴയ സിനിമ ഡയലോഗ് പോലെ ഗ്രഹണം സംഭവിച്ചാലും ഒരു നാൾ സൂര്യൻ മറ നീക്കി പുറത്തുവരും. അതുപോലെ യാണ് സത്യവും ...എത്ര മൂടി വച്ചാലും മറച്ചു പിടിച്ചാലും ഒരുനാൾ അതു വെളിവാക്കപ്പെടുക തന്നെ ചെയ്യും.
ഈ സത്യാനന്തര കാലഘട്ടത്തിന്റെ മറ്റൊരു പ്രതികത
സത്യത്തിന്റെ ആധികാരികത ചോദ്യം ചെയ്യപെടുന്നു എന്നതാണ്. ഉദാഹരണത്തിനു പറഞ്ഞാൽ ഇറാക്കിൽ സദാം ഹുസൈന്റെ കയ്യിൽ ലോക നശീകരണ ആയുധങ്ങൾ ഉണ്ടായിരുന്നോ....? അങ്ങനെ ചോദിച്ചാൽ 'ഉണ്ടായിരുന്നു....' എന്നാണ് അമേരിക്ക പറയുന്നത്.....!!! അതായത് സത്യത്തിന്റെ ആധികാരികതയും (authenticity) വസ്തുതനിഷ്ഠതയും (Objectivity) ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. വ്യക്തിനിഷ്ഠ സത്യങ്ങളിലേക്ക് (Subjective Truths) മനുഷ്യൻ ചെവി കൊടുക്കുന്ന കാലഘട്ടം. (ഉദാഹരണത്തിന് വക്കഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് പറയുമ്പോൾ കുറ്റക്കാർ സംസ്ഥാന സർക്കാരും അവർ പറയുമ്പോൾ കേന്ദ്ര സർക്കാരും ⬛കേന്ദ്ര സർക്കാർ പറയുമ്പോൾ വക്കഫ് ബോർഡും വക്കഫ് ബോർഡ് പറയുമ്പോൾ ഫറൂഖ് കോളേജും ഫറൂഖ് കോളേജ് പറയുമ്പോൾ മുനമ്പം ദേശ വാസികളും കുറ്റക്കാരായി മാറുന്നു എന്നപോലത്തെ അവസ്ഥ) . ഇതിലിപ്പ ആരു പറയുന്നതാണ് സത്യം...? , ശരി... ? അതാണ് സത്യം Subjective ആയി മാറുന്നു എന്നു പറയുന്നത്. ( പറഞ്ഞു പറഞ്ഞു ഇച്ചിരി ഫിലോസഫി കൂടി പോയോ എന്നു സംശയം... ക്ഷമിക്കുക). എന്തായാലും
ഈ കാലഘട്ടത്തിൽ നിഷ്പക്ഷമായി വസ്തുനിഷ്ഠമായും സത്യത്തെ തിരിച്ചറിഞ്ഞു അതിൻറെ കൂടെ നിൽക്കാൻ പറ്റുക വലിയ കാര്യം. പിന്നെ ഒരു രാജാവിന് ഉണ്ടാവേണ്ട പ്രധാന ഗുണം അദ്ദേഹം സത്യസന്ധനായിരിക്കണം എന്നുള്ളതാണ് എന്നു പ്രത്യേകിച്ചു പറയണ്ടല്ലോല്ലേ...?
3. നമ്മുടെ രാജ്യം ഐഹികമല്ല
ജൂബിലി വർഷത്തിലെ മോട്ടോ ആയി ഫ്രാൻസിസ് മാർപാപ്പ എടുത്തിരിക്കുന്നത് 'പ്രത്യാശയുടെ തീർത്ഥാടകർ' (Pilgrims of Hope). അതായത് സ്വർഗം ലക്ഷ്യമാക്കി യാത്ര ചെയ്യുന്നവരാണ് നമ്മൾ ഓരോരുത്തരും എന്നാണ്. സുവിശേഷത്തിൽ
ഈശോ പറയുന്നുണ്ട് "എൻറെ രാജ്യം ഐഹികമല്ല" എന്ന് അതായത് ഈ ലോകത്തല്ല എന്നർത്ഥം. ഏതൊരു ക്രിസ്ത്യാനിയുടെയും കാര്യം ഇതുതന്നെയാണ്. ഈ ലോകമല്ല നമ്മുടെ രാജ്യം. ഇതൊരു താൽക്കാലിക വാസസ്ഥലം മാത്രമാണ്. പഴയ ഒരു ഭക്തിഗാനം പോലെ "അക്കരയ്ക്ക് യാത്ര ചെയ്യുന്ന സീയോൺ സഞ്ചാരി." അതുമാത്രമാണ് ഓരോ മനുഷ്യനും. അക്കരെയുള്ള രാജ്യമാണ് നമ്മുടെ യഥാർത്ഥ വാസസ്ഥലം. താൽക്കാലികമായ ഈ ഇടത്താവളത്തിലെ താമസം വെടിഞ്ഞ് നമ്മല്ലെള്ളവരും ഒരു ദിവസം യഥാർത്ഥ ദൈവ രാജ്യത്തിലേക്ക് സ്വർഗ്ത്തിലേക്ക് പോകാനുള്ളവരാണ് ആ ചിന്തയോട് കൂടി ജീവിക്കുക. ഇഹലോകത്തിലെ മായാവലയത്തിലും ലീലാവിലാസങ്ങളും മയങ്ങി പോകാതെയും മുങ്ങി പോകാതെയും ജീവിക്കുക എന്നർത്ഥം. സഭാപ്രസംഗകൻ പറയുന്നതുപോലെ. ഇതെല്ലാം സർവ്വവും മിഥ്യയാണ്... മിഥ്യാ....
ഇതാ, നിങ്ങളുടെ രാജാവ്!
യോഹന്നാന്‍ 19 : 15
ഒരിക്കൽ ഒരു അധ്യാപകൻ തൻ്റെ മുന്നിൽ ഇരിക്കുന്ന മതബോധന വിദ്യാർത്ഥികളോട് ഒരു രാജാവിൻ്റെ ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടു. നിങ്ങളുടെ മനസ്സിലുള്ള ഏത് രാജാവിനെയും നിങ്ങൾക്ക് വരയ്ക്കാം. വളരെ മനോഹരമായിരിക്കണം. എല്ലാവർക്കും ഇഷ്ടപ്പെടുന്നതായിരിക്കണം. നല്ല ചിത്രങ്ങൾക്ക് സമ്മാനം ഉണ്ടായിരിക്കും. കുട്ടികൾ നേരത്തെകൊണ്ടുവന്നിരുന്ന ചിത്രവര സാമഗ്രികൾ കൊണ്ട് പടം വരയ്ക്കാൻ ആരംഭിച്ചു. മനസ്സിലുള്ള രാജാവിനെ അവർ വരയ്ക്കാൻ തുടങ്ങി. വർണ്ണവിഭൂഷിതമായ ചെമ്പട്ടുവസ്ത്രം ധരിച്ച്, കിരീടം അണിഞ്ഞ്, ആയുധമേന്തി സ്വർണാഭരണങ്ങൾഅണിഞ്ഞ് പ്രൗഢിയോടെ നിൽക്കുന്ന, പ്രതാപത്തോടെ നിൽക്കുന്ന രാജാക്കന്മാരെ കുട്ടികൾ വരയ്ക്കാൻ തുടങ്ങി. ശേഷം ചിത്രങ്ങൾ കൊണ്ടുവരാൻ അധ്യാപിക ആവശ്യപ്പെട്ടു. എല്ലാവരുടെയും ചിത്രങ്ങൾ വളരെ മനോഹരമായിരിക്കുന്നു. ഇതിൽ ഒരു കുട്ടിയുടെ ചിത്രം ഏവരെയും അത്ഭുതപ്പെടുത്തി.
കാരണം അത് മറ്റു ചിത്രങ്ങളെക്കാൾ വ്യത്യസ്തമായിരുന്നു. ചോര വാർന്നൊലിക്കുന്ന ശരീരവുമായി,മുൾക്കിരീടം ചാർത്തപ്പെട്ട് കൈകൾ കെട്ടപ്പെട്ട്,കണ്ണുകൾ പാതി തുറന്ന് സകലവിധ വേദനകൾ സഹിച്ച് ഒറ്റ മുണ്ട് മാത്രം ഉടുത്ത് നിൽക്കുന്ന ക്രിസ്തു. അതിനടിയിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു.
ഇതാ, നിങ്ങളുടെ രാജാവ്!
യോഹന്നാന്‍ 19 : 15.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ വളരെ പ്രസിദ്ധി നേടിയ നോവലാണ് സുഭാഷ് ചന്ദ്രൻ എഴുതിയ മനുഷ്യന് ഒരു ആമുഖം എന്ന നോവൽ. അതിൽ ജിതൻ ആൻ മേരി ഇഷ്ടത്തിലാണ്.ആൻമേരി ജിതനോട് ചോദിക്കുന്നുണ്ട് ബൈബിളിലെ ഏറ്റവും ചെറിയ വാചകം ഏതാണ്? അറിയില്ല എന്ന് മറുപടി കേട്ടിട്ട് ആൻമേരി ജിതനോട് പറയുകയാണ്. ബൈബിളിലെ ഏറ്റവും ചെറിയ വാചകം കരഞ്ഞു എന്നുള്ളതാണ്. (യേശു കണ്ണീര്‍ പൊഴിച്ചു.
യോഹന്നാന്‍ 11 : 35)
ഇത് കേട്ടപ്പോൾ ജിതൻ ആൻമേരിയോട് പറയുന്നു. 'യേശു കരഞ്ഞു' എന്നുള്ളത് ചെറിയ വാചകം അല്ല അത് വലിയ വാചകമാണ്.
ക്രിസ്തുവിൻ്റെ രാജത്വതിരുനാൾ ആഘോഷിക്കുമ്പോൾ
മറ്റു രാജാക്കന്മാരെക്കാൾ വ്യത്യസ്തമായി സ്വന്തം ശരീരവും മനസ്സും ആത്മാവും എല്ലാമെല്ലാം മറ്റുള്ളവർക്കായി ഉഴിഞ്ഞുവെച്ച ധീരനായ രാജാവാണ് നമ്മുടെ ക്രിസ്തു.
വിശുദ്ധ വത്സരമായി ആചരിച്ച 1925-ന്റെ സമാപനത്തിൽ പതിനൊന്നാം പീയൂസ് മാർപ്പാപ്പയാണ് സർവ്വലോകരാജാവായ ക്രിസ്തുവിന്റെ തിരുനാൾ എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ അവസാനത്തെ ഞായറാഴ്ച തിരുസഭയാസകലം കൊണ്ടാടണമെന്ന് തീരുമാനിച്ചത്.
ക്രിസ്തുവിൽനിന്ന് വഴിമാറിക്കൊണ്ടിരിക്കുന്ന വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും രാജ്യങ്ങളും ക്രിസ്തുവിന്റെ രാജത്വം അംഗീകരിക്കേണ്ട ആവശ്യകത അനുസ്മരിപ്പിക്കാനാണ് ഈ തിരുനാൾ മാർപ്പാപ്പ സ്ഥാപിച്ചത്.
ക്രിസ്തു എന്ന രാജാവിൻ്റെ ഗുണങ്ങൾ
1.പിതാവായ ദൈവത്തിലുള്ള വിശ്വാസം.
പീലാത്തോസ് ചോദിച്ചു: നീ എന്നോടു സംസാരിക്കുകയില്ലേ? നിന്നെ സ്വതന്ത്രനാക്കാനും ക്രൂശിക്കാനും എനിക്ക് അധികാരമുണ്ടെന്ന് അറിഞ്ഞുകൂടെ?
യേശു പ്രതിവചിച്ചു: ഉന്നതത്തില്‍നിന്നു നല്‍കപ്പെട്ടില്ലായിരുന്നുവെങ്കില്‍ എന്റെ മേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല. അതിനാല്‍, എന്നെ നിനക്കേല്‍പിച്ചുതന്നവന്റെ പാപം കൂടുതല്‍ ഗൗരവമുള്ളതാണ്.
യോഹന്നാന്‍ 19 : 10-11
2. തന്നിൽ തന്നെയുള്ള വിശ്വാസം
പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും - സത്യത്തിനു സാക്‌ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.
യോഹന്നാന്‍ 18 : 37
3. ജനങ്ങളിൽ ഉള്ള വിശ്വാസം
എന്നോടു ചോദിക്കുന്നതെന്തിന്? ഞാന്‍ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാന്‍ എന്താണു പറഞ്ഞതെന്ന് അവര്‍ക്കറിയാം.
യോഹന്നാന്‍ 18 : 21
3. വാക്കുകളിലെ ആധികാരികത
യേശു പിലാത്തൊസിനോട് പറഞ്ഞു: ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു?
യോഹന്നാന്‍ 18 : 23
വാഴ്ത്തപ്പെട്ട മാർട്ടിൻ മാർട്ടിനെസ് പാസ്കുവാൽ എന്ന രക്തസാക്ഷിയെ കുറിച്ചുള്ള
ഒരു ലേഖനം ഇൻറർനെറ്റിൽ വായിച്ചു. കത്താലിക്കാ വൈദികനായതിന്റെ പേരിൽ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ഒരു ധീര യുവാവ്. സ്പെയിനിൽ ആഭ്യന്തര യുദ്ധം രൂക്ഷമായപ്പോൾ കലാപകാരികൾ കൊന്നൊടുക്കിയ വിശുദ്ധാത്മാവ്. 1936 ആഗസ്റ്റ് 18ന് മാർട്ടിന്റെ വധശിക്ഷയുടെ സമയം അടുത്തപ്പോൾ അദ്ദേഹത്തോട് ചോദിച്ചു ”തോക്കിൻ കുഴൽ നീ ഭയപ്പെട്ടന്നുവോ?” ഇല്ല എന്നായിരുന്നു മറുപടി. തന്നെ വധിക്കാനൊരുങ്ങി നിന്നവരെ അനുഗ്രഹിച്ചു കൊണ്ട് മാർട്ടിൻ പ്രാർത്ഥിച്ചു ”ഞാൻ നിങ്ങൾക്ക് എന്റെ അനുഗ്രഹം നൽകുന്നു, നിങ്ങൾ കാണിക്കുന്ന ബുദ്ധിഹീനത ദൈവം കണക്കിലെടുക്കാതിരിക്കട്ടെ“. പിന്നീട് “ക്രിസ്തുരാജൻ നീണാൾ വാഴട്ടെ” എന്ന് ഉറക്കെ പ്രഘോഷിച്ചുകൊണ്ട് അദ്ദേഹം പിടഞ്ഞു വീണു മരിച്ചു. മാർട്ടിനെ വധിക്കുന്നതിനു തൊട്ടുമുമ്പ് ഹാൻസ് ഗൂട്ടമാൻ (Hans Guttman) എന്ന ഫോട്ടോഗ്രാഫർ അദ്ദേഹത്തിന്റെ ഫോട്ടോ പകർത്തുകയുണ്ടായി. അദ്ദേഹം പറഞ്ഞു; നിത്യതയുടെ മുന്നാസ്വാദനവും വിശ്വസ്തനായ ഒരു പുരോഹിതന്റെ ആത്മനിർവൃതിയും മാർട്ടിന്റെ കണ്ണുകളിൽ കാണാമെന്ന്.
ഈ വിശുദ്ധാത്മാക്കളുടെയെല്ലാം ജീവിതം ചൂണ്ടിക്കാണിക്കുന്നത് അവരെല്ലാം തങ്ങളുടെ ജീവിതത്തിന്റെ രാജാവും രക്ഷകനും നിയന്താവുമായി ക്രിസ്തുവിനെ മാത്രമാണ് അവർ സ്വീകരിച്ചത്.
പ്രിയപ്പെട്ടവരെ നമുക്കും നമ്മുടെ രാജാവായി രക്ഷകനായി ക്രിസ്തുവിനെ പ്രഖ്യാപിക്കാം
ഏവർക്കും ക്രിസ്തുരാജന്റെ തിരുനാൾ ആശംസകൾ
ജെയിംസ് പള്ളിപ്പാ
പള്ളിക്കൂദാശ നാലാം ഞായര്‍
മിശിഹായുടെ രാജത്വത്തിരുനാള്‍
ഉത്പ 14:17-24, 1 സാമു 8:1-9; വെളി 19:11-16; യോഹ 18:33-37
ഹൃദയങ്ങളിലെ രാജാവ്
രാജാക്കന്മാര്‍ പലവിധം- 800 കോടി മനുഷ്യര്‍ അധിവസിക്കുന്ന ഈ ഭൂമിയില്‍ ചിലര്‍ മാത്രം രാജകുടുംബങ്ങളില്‍ ജനിക്കുന്നു. അങ്ങനെ ജനിച്ചു എന്ന ഒരൊറ്റകാരണം മൂലം ജീവിതകാലം മുഴുവന്‍ ഒരു പ്രഖ്യാപിത സമൂഹത്തിന്റെ അതികായര്‍ ആയി ജീവിക്കുവാന്‍ സാധി ക്കുന്ന ഒരു കൂട്ടരുടെ പേരാണ് രാജാക്കന്മാര്‍. എന്നാല്‍ വേറെ ചിലര്‍ അധികാരത്തിന്റെ രാജകസേരയില്‍ സ്വയം അവരോധിക്കാനുള്ള ശ്രമ ത്തിന്റെ ഭാഗമായി മറ്റു ചിലരെ വെട്ടി നിരത്തി ഒരു സമൂഹത്തിന്റെ അധി കാരകേന്ദ്രമായി മാറുന്നു, ഒടുവില്‍ അവരുടെ രാജാവും. വേറെ ചിലര്‍ ജനാധിപത്യ സംവിധാനത്തിലൂടെ അധികാരത്തില്‍ വന്നതിനുശേഷം ജനാധിപത്യത്തെ അടിച്ചമര്‍ത്തി സ്വയം ചക്രവര്‍ത്തിയായി മാറുന്നതും നമ്മള്‍ ദൈനംദിനം കണ്ടുകൊണ്ടിരിക്കുന്നതാണ്.
പ്രവാസജീവിതത്തിന്റെ ആരംഭത്തില്‍ പരിചയപ്പെട്ട, സ്വന്തമായി രാജ്യമോ പാസ്സ്‌പോര്‍ട്ടോ ഇല്ലാത്ത, മാതൃരാജ്യത്തില്‍ തകര്‍ന്നുവീണ വീടിന്റെ മണ്‍കൂനയില്‍ നിന്നും വളര്‍ന്നു വന്ന, ഇന്ന് ലോകത്തിന്റെ തന്നെ ഏറ്റവും സമ്പന്നമായ ഒരു സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയി മാറിയ അഭയാര്‍ത്ഥിയായ ഒരു നല്ല മനുഷ്യനും സുഹൃത്തുമായ വ്യക്തിയുടെ ജീവിതം വിസ്മയാവഹമാണ്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന ആയിര കണക്കിന് വരുന്ന ഏതൊരുവനോടും ചക്രവര്‍ത്തി കണക്കെ പെരുമാറുവാന്‍ അധികാരം ഉള്ള ഈ വ്യക്തി ഇന്ന് ജീവിക്കുന്നത് അവരുടെ ഹൃദയങ്ങളിലെ ചക്രവര്‍ത്തിയായാണ്. തന്റെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന അന്യരാജ്യക്കാരും അന്യമതസ്ഥരുമായ തൊഴിലാളികള്‍ നാട്ടിലേക്ക് പോവുമ്പോള്‍ അവരുടെ കുടുംബത്തിന് വേണ്ടതെല്ലാം സ്വയം മേടിച്ചുകൊടുക്കുകയും, സ്വയം അവരുടെ ഡ്രൈവര്‍ ആയി കൊണ്ട് അവരെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടുകയും ചെയ്യുന്ന ദൃശ്യം അത്രയെളുപ്പം ഒരു മനുഷ്യസ്‌നേഹിക്കും മറക്കുവാന്‍ സാധി ക്കുന്നതല്ല. ചുരുക്കത്തില്‍ ഒരുവന്‍ രാജാവായി മാറുന്നത് എപ്പോള്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം, ക്രിസ്തുവിനെ പോലെ എന്റെ രാജ്യം ഐഹികമല്ല എന്ന് ചങ്കില്‍ തൊട്ടു പറയുമ്പോഴാണ്.
ഞാന്‍ രാജാവോ? എങ്കില്‍ ആരുടെ?
സത്യത്തില്‍ ഈ ഭൂമിയിലെ ഓരോ മനുഷ്യനും ഒരു രാജാ വാണ്. മാതാപിതാക്കള്‍ മക്കളുടെ, ചേട്ടന്‍ അനിയന്റെ, മുതലാളി തൊഴിലാളിയുടെ - അങ്ങനെ പല നിലയില്‍ ഏവരും ജീവിതത്തില്‍ പല അവസരങ്ങളിലും ഒരു രാജാവിന്റെ കുപ്പായം അണിയുന്നുണ്ട്. 'ഒരു രാജാവ് കൊട്ടാരങ്ങളില്‍ അല്ല, മനുഷ്യരുടെ ഉള്ളില്‍ ആണ് ജീവിക്കുന്നത്' എന്ന പഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ ക്രിസ്തു നമ്മള്‍ക്കായി ജീവിക്കുകയാണ്. ദൈവമായിരുന്നിട്ടും സ്വയം ചെറുതായികൊണ്ടു ഒരു സാധാരണ മനുഷ്യന്‍ ആയി ജീവിക്കുക വഴി, ദൈവം എന്ന യാഥാര്‍ഥ്യ ത്തെയും രാജാവ് എന്ന കല്പിത സങ്കല്പത്തെയും പൊളിച്ചെഴുതുകയാണ്. എന്നാല്‍ കാലിക കേരളത്തില്‍ ക്രിസ്തുവിന്റെ രാജാക്കന്മാര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ തങ്ങളുടെ അജഗണത്തിന്റെ ഊരും ചൂരും അറിയാതെ, അവരെ തമ്മില്‍ ഭിന്നിപ്പിച്ചുകൊണ്ടു, ഐക്യത്തിന്റെ പേരിലുള്ള കലാപത്തിന് തീകൊളുത്തി, പീലാത്തോസ് കണക്കെ സ്വന്തം പ്രത്തോറിയത്തിന്റെ അകത്തളങ്ങളില്‍ വിരാജിക്കുന്നതും നമ്മള്‍ കാണുന്നുണ്ട്.
രാജാവിന്റെ കല്പിത കവചങ്ങള്‍ സ്വയരക്ഷയ്ക്കായി ഉപ യോഗിക്കുന്ന ഏതൊരുവനും തന്റെ പ്രജകളില്‍നിന്നും കാതങ്ങള്‍ അകലെ യാണ്, എന്നാല്‍ ക്രിസ്തുവാകട്ടെ അവരുടെ വിഹായസ്സില്‍ പോലും കാണുകയുമില്ല.
വെളിപാടിന്റെ പുസ്തകം പത്തൊന്‍പതാം അധ്യായത്തില്‍ പറയുംപോലെ നീതിയും ധര്‍മ്മവും കരുതലും എളിമയും മുഖമുദ്രയാക്കി ജീവിക്കുകയും, തന്റെ കൂടെയുള്ളവരുടെ സ്വയംസേവകനും കാര്യസ്ഥനുമായി ജീവിക്കുന്ന ഏവനും ഒരു രാജാവാണ് - ക്രിസ്തു വിനോളം വളര്‍ന്ന രാജാവ്.
'മരണമാസ്സ്' ഡയലോഗുകളുടെ ക്രിസ്തു എന്ന രാജാവ്
യോഹന്നാന്റെ സുവിശേഷം ഒരു വിധത്തില്‍ പറഞ്ഞാല്‍ ഒരു സിനിമയ്ക്ക് വേണ്ട സര്‍വ്വചേരുവകളും അടങ്ങുന്ന ഒന്നാണ്. ക്രിസ്തുവിനെ ഇത്ര അടുത്ത് വീക്ഷിക്കുന്ന യോഹന്നാന്റെ സുവിശേഷം ശ്രദ്ധിച്ചു വായിച്ചാല്‍ അതില്‍ യുവത്വത്തിന്റെ കാമ്പ് ബാക്കി സുവിശേഷങ്ങളെ അപേക്ഷിച്ചു കൂടുതല്‍ കാണുവാന്‍ സാധിക്കും.
യോഹന്നാന്‍ എഴുതുന്ന ക്രിസ്തു എന്ന വിപ്ലവകാരിയുടെ സംഭാഷണങ്ങള്‍, അതും മരണത്തെ മുഖാമുഖം കാണുമ്പോഴുള്ള സംഭാഷണങ്ങളും ആത്മവിശ്വാസവും, ഏതൊരു യുവാവിന്റെയും ചേതനകളെ തുളച്ചുകയറുന്നതാണ്. ഇന്നത്തെ സുവിശേഷത്തിലും പീലാത്തോസ് ചോദിച്ച ഒരു ചോദ്യത്തിനും, പീലാത്തോസിനു മനസി ലാവുന്ന വിധത്തില്‍ ക്രിസ്തു ഉത്തരം പറയുന്നില്ല. ചുരുക്കം പറഞ്ഞാല്‍ മരണമാസ്സ് ഡയലോഗുകളുടെ കുത്തൊഴുക്കില്‍ സ്വയം ഒന്നും അല്ലാതായി പോവുന്ന പീലാത്തോസ് എന്ന രാജാവിന്റെ നില്‍പ്പ് കുറച്ചു കഷ്ടം ആണ്!
പക്ഷെ ഡയലോഗുകള്‍ക്കും അപ്പുറം ക്രിസ്തു വരച്ചിടുന്നത് ദൈവം എന്ന 'ഹൃദയങ്ങളിലെ രാജാവിന്റെ' പൂര്‍ണ്ണകായ ചിത്രമാണ്. സ്വര്‍ഗ്ഗത്തിന്റെ ഔന്നത്യത്തില്‍നിന്നും ഗോതമ്പിന്റെ കണികയിലേക്കുള്ള പരകായ പ്രവേശം ആരംഭിക്കുന്നത് ഒരുപക്ഷെ പീലാത്തോ സിന്റെ പ്രത്തോറിയത്തില്‍ നിന്നാണ്. എന്റെ രാജ്യം ഐഹികമല്ല എന്നുപറയുന്ന ക്രിസ്തു മരണത്തിനു സ്വയം ഏല്പിച്ചുകൊടു ക്കുകയാണ്, അത് വഴി ഉയിര്‍പ്പിലേക്കും!
ഓര്‍ക്കുക: ജീവിതത്തിന്റെ ഓരോ ഇടനാഴിയിലും, താളുകളിലും നമ്മള്‍ പീലാത്തോസിന്റെ പ്രത്തോറിയം വഴി കടന്നുപോവുന്നുണ്ട്, എന്നാല്‍ അവിടെയെല്ലാം പ്രത്തോറിയത്തിന്റെ രാജകസേരകള്‍ അല്ല നമ്മളെ ആകര്‍ഷിക്കേണ്ടത്; മറിച്ച് പ്രത്തോറിയത്തില്‍ നിന്ന് ഗാഗുല്‍ത്തായിലേക്കും, കുരിശിലേക്കും നടക്കുവാന്‍ നമ്മള്‍ക്ക് സാധിച്ചാല്‍ നമ്മള്‍ ഹൃദയങ്ങളിലെ രാജാക്കന്മാരും രാജ്ഞിമാരും ആകും!
സന്തോഷ് സെബാസ്റ്റ്യന്‍ മറ്റത്തില്‍
www.homilieslaity.com