പള്ളികൂദാശക്കാലം 03
പള്ളിക്കൂദാശക്കാലം ഞായർ 3
മത്തായി 25:14-30
Background
അധ്വാനവുമായി ബന്ധപ്പെട്ട വായനകൾ ആണ് നമ്മൾ ഇന്ന് കേൾക്കുക. ആദ്യ വായനയിൽ ലാബാന്റെ ദേശത്ത് 14 വർഷത്തോളം വിശ്വസ്തമായി പണിയെടുക്കുന്ന യാക്കോബിനെയും അതുവഴിയായി അവന് കിട്ടുന്ന രണ്ട് ഭാര്യമാരെയും കുറിച്ച് പരാമർശിക്കുന്നു. രണ്ടാമത്തെ വായനയിൽ പ്രഭാഷകന്റെ പുസ്തകത്തിൽ കർത്തവ്യങ്ങൾ കൃത്യനിഷ്ഠയോടെ അനുഷ്ഠിക്കുവാൻ ഉപദേശിക്കുന്ന ഭാഗം കേൾക്കുന്നു. ലേഖനത്തിൽ പൗലോസ് ശ്ലീഹാ അധ്വാനിക്കാത്തവൻ ഭക്ഷിക്കാതിരിക്കട്ടെ എന്ന് ഓർമിപ്പിക്കുന്നു. സുവിശേഷവും ഏറെക്കുറെ ഇതുമായി ബന്ധപ്പെട്ടാണ്.
മത്തായി ഈ സുവിശേഷം എഴുതാനിട്ട് കാരണം ഈശോയുടെ രണ്ടാമത്തെ വരവു നീണ്ടു പോകുന്നതു കൊണ്ടാണ്. നാണയങ്ങൾ ഏൽപ്പിച്ചു പോകുന്ന യജമാനൻ ഈശോയ്ക്ക് തുല്യനാണ് . അവൻ എപ്പോൾ തിരിച്ചു വരുമ്പോൾ ഓരോരുത്തരുടെ കയ്യിൽ നിന്നും കണക്ക് ചോദിക്കും എന്നുള്ളതാണ് സൂചന.
1. നീ വിശ്വസ്തനാണോ?
തൻറെ നാണയം ഇരട്ടിപ്പിച്ച ഭൃത്യൻമാർക്ക് യജമാനൻ കൊടുത്ത വിശേഷണം അവർ നല്ലവരും വിശ്വസ്തരുമാണ് എന്നാണ്. ദൈവം നൽകിയ ഒരുപാട് താലന്തുകൾ/ കഴിവുകൾ നമുക്കുണ്ട്. പാടാനുള്ള കഴിവ്, പഠിക്കാനുള്ള കഴിവ്, നൃത്തം ചെയ്യാനുള്ള കഴിവ്, നേതൃത്വം നൽകാനുള്ള കഴിവ്, പ്രസംഗിക്കാനുള്ള കഴിവ് പ്രാർത്ഥിക്കാനുള്ള കഴിവ് etc. ആ കഴിവുകളെ കണ്ടെത്തി വർദ്ധിപ്പിക്കാൻ നമുക്ക് പറ്റുന്നുണ്ടോ? കഴിവുകൾ ചിലപ്പോൾ വ്യത്യസ്തമായിരിക്കും . ചിലർക്ക് കൂടുതൽ കഴിവുണ്ടായിരിക്കും മറ്റു ചിലർക്ക് ഇച്ചിരി കുറവായിരിക്കും. ഒരുപക്ഷേ എനിക്ക് ഉള്ള കഴിവുകൾ വെറും രണ്ടായിരിക്കാം. എന്ന് കരുതി അഞ്ചു കിട്ടിയവനെ നോക്കിക്കൊണ്ട് അസൂയപ്പെടാതെ കിട്ടിയ രണ്ട് ഇരട്ടിയാക്കാനായി പറ്റുന്നുണ്ടോ എന്നുള്ളതാണ് പ്രധാനം. അതാണ് വിശ്വസ്തത. ദൈവം നമുക്ക് നൽകിയ കഴിവുകൾ ഏതാണെന്ന് കണ്ടെത്തുക അത് വികസിപ്പിച്ചെടുക്കുക . മദർ തെരേസ പറയുന്നുണ്ട് "വിജയമല്ല, വിശ്വസ്തതയാണ് പ്രധാനം" എന്ന്. ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും ഈ വിശ്വസ്തത യാണ് ദൈവം മാത്രമല്ല, മനുഷ്യരും. ഞാൻ വിശ്വസിക്കാൻ കൊള്ളാവുന്ന വനാണ് എന്ന് മറ്റുള്ളവർ എന്നെക്കുറിച്ച് പറയുമോ . എന്റെ സ്വഭാവം, എൻറെ നിലപാടുകൾ എൻറെ ബോധ്യങ്ങൾ എൻറെ പെരുമാറ്റ ശൈലികൾ എൻറെ അധ്വാനം ഇതെല്ലാം കണ്ടുകൊണ്ട് മറ്റൊരാള്‍ പറയുമോ ഞാൻ വിശ്വസിക്കാൻ കൊള്ളാവുന്നവനാണ് എന്ന്. അങ്ങനെയാണെങ്കിൽ അതാണ് ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവാർഡ്. ചിലപ്പോഴൊക്കെ നമ്മളെ കുറിച്ച് മറ്റുള്ളവരും മറ്റുള്ളവരെക്കുറിച്ച് നമ്മളും പറയുന്ന കമന്റ് 'അവൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണ് എന്നാണ് അത് വല്ലാത്ത ഒരു നെഗറ്റീവ് പ്രയോഗമാണ്. അപ്പൻ പറയുന്നു മകൻ അവിശ്വസ്തൻ ആണെന്ന്, ടീച്ചർ പറയുമോ കുട്ടിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നു, ബോസ് പറയുന്നു ജോലിക്കാരൻ വിശ്വസ്തനല്ലെന്ന്, മെത്രാനച്ചൻ പറയുന്നു പള്ളിലച്ചനെ വിശ്വസിക്കാൻ പറ്റില്ലെന്ന്. പള്ളിലെ അച്ചൻ പറയുന്നു കപ്യാർ വിശ്വസ്തനല്ലെന്ന്, കപ്യാര് പറയുന്നു അൾത്താര ബാലൻ വിശ്വസ്തനല്ലെന്ന്? എന്നു സങ്കടകരമായ അവസ്ഥ അല്ലേ.? എന്നു വച്ചാൽ ഈ വിശ്വസ്തത എല്ലാവരും നമ്മിൽനിന്നും പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടു വിജയിച്ചാലും ശരി ഇല്ലെങ്കിലും ശരി , തമ്പുരാനോടും മനുഷ്യന്മാരോടും വിശ്വസ്തരാവുക.
2. ന്യായീകരണ തൊഴിലാളികൾ
ഒരു താലന്ത് കിട്ടിയവൻ അതു മണ്ണിൽ മൂടി വെക്കാനുള്ള കാരണകൾ യജമാനന് മുന്നിൽ നിരത്തുന്നു. അവൻ യജമാനനെ വിമർശിക്കുകയാണ്. അങ്ങനെയുള്ള ചില മനുഷ്യന്മാര് നമ്മുടെ ഇടയിൽ ഉണ്ട് . ഒരു കാര്യം ചെയ്യാതിരിക്കാനായിട്ട് 100 ന്യായങ്ങൾ നിരത്തുന്നവർ. അത് ശരിയായില്ല, ഇത് ശരിയായില്ല മുതലാളി ശരിയല്ല, അധ്യാപകൻ ശരിയല്ല, ട്യൂഷൻ ശരിയല്ല, വികാരിയച്ചൻ ശരിയല്ല മെത്രാനച്ചൻ ശരിയല്ല, മാനേജർ ശരിയല്ല, കോഡിനേറ്റർ ശരിയല്ല, ഭരിക്കുന്ന മന്ത്രി ശരിയല്ല. ഇങ്ങനെ പറഞ്ഞു മറ്റൊരാളെ പഴിചാരുന്ന സ്വഭാവം നമുക്കുണ്ടോ? കുറ്റങ്ങളും കുറവുകളും എല്ലാവർക്കും ഉണ്ടാകും. ഒരുപക്ഷേ നമുക്ക് പണി തരുന്ന നേതാക്കന്മാർ/ അധികാരികൾ കർക്കശക്കാരനും ആവശ്യത്തിലധികം നമ്മിൽ നിന്നും ആവശ്യപ്പെടുന്നവനും ആയിരിക്കും. അതല്ല ഇവിടുത്തെ പ്രശ്നം. നിനക്ക് ഏൽപ്പിക്കപ്പെട്ട ഒരു നാണയം, അത് നീ എന്ത് ചെയ്തു? കുടുംബം, വിദ്യാലയം , ഓഫീസ്, ജോലിസ്ഥലം, ഇടവക ഇതൊക്കെ ദൈവം നൽകിയ ഒറ്റ നാണയത്തുട്ടുകൾ ആണ് . അതിന് നീ എങ്ങനെ വർദ്ധിപ്പിച്ചു. ഭാര്യ ശരിയല്ല , ഭർത്താവ് ശരിയല്ല, കൂടെ ജോലി ചെയ്യുന്നവർ ശരിയല്ല, പഠിപ്പിക്കുന്ന പിള്ളേര് ശരിയല്ല, കിട്ടിയ ഇടവക ശരിയല്ല, കോൺവെന്റിലെ മദർ ശരിയല്ല ഇങ്ങനെ പറഞ്ഞുകൊണ്ട് നീ നിനക്ക് ഏൽപ്പിക്കപ്പെട്ട നാണയത്തെ മണ്ണിൽ കുഴിച്ചു മൂടിയോ...?
3. അലസത എന്ന പാപം
ഉപമയിലെ
രണ്ട് ഭൃത്യന്മാർ റിസ്ക് എടുത്തു ബിസിനസിന് ഇറങ്ങി തങ്ങൾക്ക് കിട്ടിയ താലന്തു ഇരട്ടിപ്പിച്ചു . ഒരു മടിയൻ മാത്രം തനിക്ക് കിട്ടിയത് കുഴിച്ചിട്ടു. ഈ 'മടി' അല്ലെങ്കിൽ അലസതയാണ് ഏറ്റവും വലിയ അപകടം . ഇന്നത്തെ ലേഖനത്തിൽ പൗലോസ് ശ്ലീഹ പറയുന്ന പോലെ എല്ലാ കാര്യങ്ങളിലും ഇടപെടുകയും എന്നാൽ ഒരു പ്രവർത്തിയും ചെയ്യാതെ അലസമായിട്ട് കഴിയുന്ന ചില ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട്. അങ്ങനെ ഒരു അലസത നമ്മുടെ ജീവിതത്തിലെ കയറി വരുന്നുണ്ടോ എന്ന് ചിന്തിക്കുക ഒരു കാര്യം ആരംഭിക്കാൻ പേടിയും മടിയും നമുക്കുണ്ടോ? അഥവാ ആരംഭിച്ചാൽ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ നമുക്ക് പറ്റുന്നുണ്ടോ ? നമ്മുടെ പഠനം ആകട്ടെ ജോലി ആകട്ടെ യാത്രയാകട്ടെ വിശുദ്ധി ആകട്ടെ ഇപ്പോൾ വേണ്ട പിന്നെയാകാം പിന്നെയാകാം എന്ന് പറഞ്ഞ് നീട്ടിവെക്കുന്ന ഒരു അവസ്ഥ നമ്മുടെ സ്വഭാവത്തിൽ ഉണ്ടെകിൽ നമ്മുടെ കൈവശമുള്ള കഴിവുകൾ സാധ്യതകൾ എടുത്തു മാറ്റുകയും അതൊക്കെ ഇരട്ടിപ്പിക്കാനായിട്ട് അറിവും കഴിവും സന്നദ്ധതയും ഉള്ള മറ്റു ചിലർക്ക് നൽകുകയും ചെയ്യുന്നു എന്നുള്ള ഒരു അപകടം നമുക്കും സംഭവിച്ചേക്കാം.
"അലസത നാശത്തിനും പട്ടിണിക്കും നിദാനമാകുന്നു. കാരണം അല സതയാണ് ദാരിദ്യ്രത്തിന്റെ മാതാവ്."
(തോബിത് 4 : 13) എന്നാണ് തോബിത്തിന്റെ പുസ്തകം നമ്മെ ഓർമ്മിപ്പിക്കുന്നത്. 'അലസന്റെ മനസ്സ് പിശാചിൻറെ പണിപ്പുരയാണ്' എന്നുള്ള ഒരു പഴമൊഴി പോലുമുണ്ട്.
സത്യത്തിൽ എന്താണ് നാണയം കുഴിച്ചിട്ടവൻ ചെയ്ത അപരാധം? അവൻ 'മിനിമം' കൊണ്ടു തൃപ്തിപെട്ടു എന്നതാണ്. യജമാനൻ ആവശ്യപ്പെടുന്നത് 'മാക്സിമം ഔട്ട് പുട്' ആണ്. അതു നൽകാൻ പറ്റിയില്ലെങ്കിൽ അതിൽ പരം അപരാധം വേറെ ഇല്ല. 'Good is not good Where better is expected' എന്നു പറയാറില്ലേ ..?അതു തന്നെ കാര്യം.
പള്ളിക്കൂദാശ മൂന്നാം ഞായര്‍
ഉത്പ 29:15-30; പ്രഭാ 11:20-27; 2 തെസ 3:6-15; മത്താ 25:14-30
മനോഹരമായ ഒരു ജീവിതം
പ്രശസ്തമായ ഒരു ഹോളിവുഡ് ചലച്ചിത്രമാണ് 'Its a Wonderful Life'. ഇതിലെ നായകന് ജീവിതം തകര്‍ന്ന ഒരു മനുഷ്യനാണ്. അയാള്‍ ഭാര്യയെ വെറുക്കുന്നു. സ്വന്തം ജീവിതത്തെത്തന്നെ വെറുക്കുന്നു. ഒരു വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. നിരാശ പൂണ്ട ആ മനുഷ്യന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയാണ്. ഒരു പാലത്തില്‍ നിന്ന് ചാടാന്‍ വേണ്ടി അയാള്‍ തയ്യാറായി നില്ക്കവേ, അയാളുടെ കാവല്‍മാലാഖ അയാള്‍ക്ക് പ്രത്യക്ഷപ്പെടുകയാണ്. മാലാഖ അയാള്‍ക്ക് ഒരു വരം കൊടുക്കുന്നു - അയാള്‍ ഇല്ലായിരുന്നെങ്കില്‍ ലോകം എങ്ങനെ ആയിത്തീരുമായിരുന്നുവെന്നു കാണാനുള്ള വരം. അയാള്‍ ആ ലോകം കാണുന്നു - അയാളുടെ നന്മപ്രവൃത്തികള് മൂലം ഒഴിവായിപ്പോയ തിന്മകള് കൊടികുത്തി വാഴുന്ന ഒരു ഞെട്ടിപ്പിക്കുന്ന ലോകം. സ്വന്തം ജീവിതം മൂലം ഭാര്യക്ക്, മക്കള്‍ക്ക്, സമൂഹത്തിന്, നാടിന് ഒക്കെ ഒരുപാട് നന്മകള് താന്‍ നല്‍കിയിരുന്നു എന്ന് ആ ദൃശ്യങ്ങളിലൂടെ അയാള്‍ തിരിച്ചറിയുന്നു. മനോഹരമായ ഒരു ജീവിതമായിരുന്നു അയാ ളുടേതെന്ന് സ്വയം ബോധ്യമാകുന്നു.
ദൈവം നമ്മെ ഈ ഭൂമിയില്‍, ഈ ശരീരവും മനസ്സും ആത്മാവുമായി, ഒരു ജീവിതം നയിക്കാന്‍ പറഞ്ഞുവിട്ടിരിക്കുന്നു. ഇന്നു തിരിഞ്ഞു നോക്കിയാല്‍, ദൈവം തന്നതിന് നാം എന്ത് തിരിച്ചുകൊടുത്തു എന്നതിന് നമുക്ക് എന്താണ് മറുപടി? ആ മറുപടി കണ്ടെത്താന്‍ നമ്മെ ചിന്തിപ്പിക്കുന്ന സുവിശേഷഭാഗമാണ് താലന്തുകളുടെ ഉപമ.
താലന്ത് - ടാലന്റ്
സുവിശേഷവ്യാഖ്യാതാക്കള്‍ കണക്കുകൂട്ടുന്നതുപ്രകാരം, ഒരു താലന്ത് എന്നാല്‍ ഏകദേശം പതിനാറ് - പതിനേഴു വര്‍ഷത്തെ ജോലിയുടെ പ്രതിഫലമാണ്. അഞ്ചും രണ്ടും ഒന്നും താലന്ത് ലഭിച്ച ഭൂതൃന്മാരെ പ്പറ്റിയാണ് നാം ഈ ഉപമയില്‍ വായിക്കുന്നത്. അതായത്, ജീവിതത്തിന്റെ മുഴുവനോ, അല്ലെങ്കില്‍ ജീവിതത്തിന്റെ നല്ലൊരു പങ്കോ കൈവശമുള്ള ഭൃത്യന്മാര്. താലന്ത് എന്നത് സുവിശേഷത്തില്‍ പണത്തിന്റെ കണക്ക് ആണെങ്കില്‍, നാം അതിനെ മനസ്സിലാക്കേണ്ടത് പണം മാത്രമായിട്ടല്ല. ജീവിതവും ജീവിതത്തിലെ ദൈവം തന്ന എല്ലാ കഴിവുകളും - ടാലന്റ്- ആയിട്ടാണ്. ദൈവം തന്ന കഴിവുകളെ, നമ്മുടെ ജീവിതത്തെ നമ്മള് എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത് ? ജീവന് നല്കിയ ദൈവം നമ്മെ വിധിക്കുമ്പോള്‍, എന്തായിരിക്കും നമ്മുടെ അവസ്ഥ? ആ ചിന്തയില്‍ വ്യാപരിക്കാന്‍ ഓരോ നിമിഷവും നമ്മള് കടപ്പെട്ടിരിക്കുന്നു. കര്‍ത്താവേ, മനോഹരമായ ഒരു ജീവിതം - അങ്ങു നല്കിയ ദാനങ്ങളെ ഉപയോഗിക്കേണ്ട വിധത്തില്‍ അപരനന്മയ്ക്കായി ഉപയോഗിച്ച ഒരു ജീവിതം - ഞാന്‍ നയിച്ചു എന്ന് നെഞ്ചില്‍ കൈ വച്ച് അഭിമാനത്തോടെ പറയാന്‍ നമുക്ക് കഴിയുമോ? താലന്തുകളുടെ ഉപമ നമുക്ക് കാണിച്ചുതരുന്ന മനോഹരജീവിതത്തിന് പലവിധത്തിലുള്ള മാനങ്ങളുണ്ട്.
തന്നാലാകുന്നത് ചെയ്യുന്ന ജീവിതം
അഞ്ചു താലന്ത് കിട്ടിയവനോട് ഇരുപത് താലന്ത് തിരിച്ചുതരാന്‍ യജമാനന് ആവശ്യപ്പെടുന്നില്ല. രണ്ടു താലന്ത് കിട്ടിയവന് രണ്ടും രണ്ടും നാലാക്കി തിരിച്ചുകൊടുത്തപ്പോള്‍ യജമാനന് സന്തോഷവാ നാണ്. ഒരു താലന്ത് കിട്ടിയവനോട്, ചുരുങ്ങിയത് പലിശ എങ്കിലും കൂട്ടി തിരിച്ചുതരാന്‍ പാടില്ലായിരുന്നോ എന്നാണ് യജമാനന് ചോദിക്കുന്നത്. എല്ലാവരും ഗാന്ധിജിയോ മദര്‍ തെരേസയോ ഫ്രാന്‍സിസ് അസീസിയോ തോമസ് അക്വീനാസോ ഐയിന്സ്റ്റൈനോ ഉസൈന്‍ ബോള്‍ട്ടോ ആകാനല്ല ദൈവത്തിന്റെ തിരുവിഷ്ടം. മറിച്ച്, കിട്ടിയ ചെറിയ അനുഗ്രഹങ്ങളെ കൂടുതല്‍ അനുഗ്രഹങ്ങള്‍ ആക്കുക എന്നതാണ്.. തന്നാലാകുന്ന രീതിയില്‍ മറ്റുള്ളവര്‍ക്ക് അനുഗ്രഹമാകുന്ന ജീവിതമാണ് മനോ ഹരമായ ജീവിതം.
വളരുന്ന, വളര്‍ത്തുന്ന ജീവിതം
കിട്ടിയ അനുഗ്രഹങ്ങള്‍ - അത് കഴിവുകളാകാം, സ്ഥാനങ്ങളാകാം, പണമാകാം, സുഹൃദ്ബന്ധങ്ങളാകാം, ആത്മീയാനുഗ്രഹങ്ങളാകാം, എന്തുമാകാം - വളര്‍ത്തി വലുതാക്കാനുള്ള ഒരു കടമ ദൈവം നമുക്ക് തന്നിട്ടുണ്ട്. ഉള്ളത് കുഴിച്ചിട്ട്, ആര്‍ക്കുമാര്‍ക്കും ഉപയോഗമില്ലാതെ ആക്കിമാറ്റുന്ന ഒരു ജീവിതം ക്രിസ്തീയമല്ല. പരിശ്രമത്തിലൂടെ വളരുക, വളര്‍ത്തുക എന്നത് ദൈവം നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു ഗുണമാണ്. ആ ഗുണമില്ലാത്ത മനോഭാവത്തോടെ ജീവിച്ചാല്‍, താലന്ത് കുഴിച്ചിട്ട ഭൂത്യനെപ്പോലെ ഉള്ളതും കൂടി എടുക്കപ്പെടുന്ന വിധിയി ലേക്ക് ആയിരിക്കും ദൈവം നമ്മെ തള്ളിവിടുന്നത്.
ഭയവും പഴിചാരലും ഇല്ലാത്ത ജീവിതം
എന്തുകൊണ്ടാണ് ഒരു ഭൃത്യന് തന്റെ താലന്ത് കുഴിച്ചിട്ടത് എന്നു നാം വായിക്കുന്നുണ്ട്. അയാള്‍ യജമാനനെ ഭയപ്പെട്ടു. യജമാനന് കഠിന ഹൃദയന്‍ ആണെന്ന് അയാള്‍ വിചാരിച്ചു. പക്ഷെ, ഭയപ്പെടാന്‍ മാത്രം യജമാനന് ഒന്നും ചെയ്യുന്നതായി നാം കാണുന്നില്ല. വലിയ പണം ഭൂത്യന്മാരെ ഏല്‍പ്പിച്ച് യാത്ര പോകുന്ന യജമാനന് കഠിനഹൃദയന്‍ ആണെന്ന് വിചാരിക്കാനും നമുക്ക് സാധിക്കില്ല. മറിച്ച് ഭൃത്യന്മാരെ വിശ്വസിക്കുന്ന, അവര്‍ക്ക് വേണ്ട സ്വാതന്ത്ര്യം കൊടുക്കുന്ന ഒരു നല്ല യജമാനനെ ആണ് നാം യഥാര്‍ത്ഥത്തില്‍ കാണുന്നത്. അപ്പോള്‍, സ്വന്തം കുറവുകള്‍ക്കും ദോഷങ്ങള്‍ക്കും ഭയപ്പെടുകയും അതിനു കാരണമായി മറ്റുള്ളവരെ പഴിചാരുകയും ചെയ്യുന്ന ഒരു ഭൃത്യനെയാണ് നാം കണ്ടുമുട്ടുന്നത്. മനോഹരമായ ഒരു ജീവിതം നാം നയിക്ക ണമെങ്കില്‍, മറ്റുള്ളവരോടുള്ള ഭയവും പഴിചാരലും അകറ്റിനിര്‍ത്താന്‍ സാധിക്കണം.
ഇകഴ്ത്തലും അസൂയയും ഇല്ലാത്ത ജീവിതം
അഞ്ചു താലന്ത് കിട്ടിയവര്‍ മൂന്ന് കിട്ടിയവനുമായി മത്സരിക്കുന്നില്ല. അവനെ ഇകഴ്ത്തുന്നില്ല. അതുപോലെ, മൂന്ന് കിട്ടിയവന് അഞ്ച് കിട്ടിയില്ലല്ലോ എന്ന് അസൂയപ്പെടുകയോ പരിഭവിക്കുകയോ ചെയ്യു ന്നില്ല. കിട്ടിയതുകൊണ്ട് പരിശ്രമിക്കുക എന്നതു മാത്രമാണ് യജമാനന്റെ പ്രീതി നേടിയ ഭൃത്യന്മാര് ചെയ്യുന്നത്. ഇങ്ങനെ, ഇകഴ്ത്തലും അസൂയയും പരിഭവവും അക്കരപ്പച്ചയും ഇല്ലാത്ത ഒരു ജീവിതമാണ് മനോഹരമായ ജീവിതം. ശ്രദ്ധിക്കുക, ഒടുവില്‍ പ്രീതി നേടിയ രണ്ടു പേര്‍ക്കും അന്തിമമായി കിട്ടിയ പ്രതിഫലം ഒന്നാണ് - യജമാനന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുക എന്ന വലിയ അനുഗ്രഹം. ദൈവം നീതിമാനാണ്. നമ്മുടെ താരതമ്യങ്ങള്‍ക്ക് അപ്പുറമാണ് ദൈവത്തിന്റെ നീതി എന്നു തിരിച്ചറിഞ്ഞുള്ള ജീവിതമാണ് മനോഹരമായ ജീവിതം.
ഒന്നും സ്വന്തമല്ല എന്ന് തിരിച്ചറിവുള്ള ജീവിതം
ഭൂത്യന്മാര് യജമാനന്റെ സ്വത്തുക്കളാണ് കൈകാര്യം ചെയ്യുന്നത്. അവര്‍ ഉണ്ടാക്കിയ അഞ്ചും രണ്ടും താലന്തുകള്‍ സ്വന്തമാണെന്ന് അവര്‍ അവകാശപ്പെടുന്നില്ല. അവര്‍ വെറും കാര്യസ്ഥര്‍ മാത്രമാണെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതുപോലെ, നമ്മുടെ ജീവിതവും അതിലെ സര്‍വ്വ അനുഗ്രഹങ്ങളും സ്വന്തമല്ല, ദൈവദാനമാണ് എന്ന തിരിച്ചറിവ് പ്രധാനപ്പെട്ട ഒന്നാണ്. സമ്മാനമായി ലഭിച്ചത് വളര്‍ത്തി ദൈവത്തിന് സമ്മാനമായി കൊടുക്കാനുള്ളതാണ് എന്ന ഉള്‍ക്കാഴ്ച നിറഞ്ഞ ഒരു ജീവിതമാണ് മനോഹരമായ ജിവിതം.
ഉത്തരവാദിത്വമുള്ള ഒരു ജീവിതം
ലഭിച്ച ദാനങ്ങള്‍ക്ക് കണക്ക് ബോധിപ്പിക്കേണ്ടി വരും എന്ന ബോധ്യം നമുക്ക് ഉണ്ടാകണം എന്നു കൂടി താലന്തുകളുടെ ഉപമ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ജീവിതത്തില്‍ ദൈവം ഏല്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള ഒരു വിളിയുണ്ട്. ആ വിളിക്ക് അനുസരണമായി ജീവിക്കുന്ന ഒരു ജീവിതമാണ് മനോഹര മായ ജീവിതം. അത് കേവലം നമ്മുടെ കുടുംബത്തോടുള്ള ഉത്തരവാദിത്വം മാത്രമല്ല. മറിച്ച്, ജീവിതത്തിന്റെ വിവിധ അവസ്ഥകളില്‍ സമൂഹവും അപരനും ലോകവുമായി ഇടപഴകുമ്പോള്‍ ധാര്‍മികമായി പെരുമാറാനുള്ള ഉത്തരവാദിത്വവും കൂടിയാണ്. അത്, ഒരു താലന്ത് ലഭിച്ച ഭൂത്യനെപ്പോലെ മുറുമുറുത്തുകൊണ്ട് നിര്‍വഹിക്കേണ്ട ഒന്നല്ല, മറിച്ച് നന്മയും സന്തോഷവും നിറഞ്ഞ ഭാവത്തോടെ, ദൈവത്തിന്റെ പ്രതിപുരുഷനായി നിര്‍വഹിക്കേണ്ട ഒന്നാണ്.
ദൈവവചനങ്ങളെ വളര്‍ത്തുന്ന ഒരു ജീവിതം
താലന്തുകളുടെ ഉപമയിലെ യജമാനന്, ഉത്ഥാനം ചെയ്ത കര്‍ത്താവാണ്. ഉത്ഥാനശേഷം, സ്വന്തം രക്ഷാകരവചനങ്ങളെ ശിഷ്യന്മാര്ക്ക് - സഭയ്ക്ക് - ഏല്‍പ്പിച്ചുകൊടുത്തശേഷം പിതാവിന്റെ ഭവന ത്തിലേക്ക് മടങ്ങിപ്പോയ യേശുവാണ് യജമാനന്. അവന്റെ വരവിനെ കാത്തിരിക്കുന്ന സഭയാണ് ഭൃത്യന്മാര്. കര്‍ത്താവ് സഭയ്ക്ക് ഏല്‍പ്പിച്ചു കൊടുത്ത രക്ഷാകരദൗത്യമാണ് താലന്തുകള്‍. യേശുവിന്റെ രക്ഷയുടെ സന്ദേശത്തെ ലോകം മുഴുവന്‍ വളര്‍ത്തുവാന്‍ കടപ്പെട്ടവരാണ് സഭാ മക്കളായ നമ്മള്. വാക്കുകളിലും പ്രവൃത്തികളിലും രക്ഷാകരമായ യേശുസന്ദേശം ജീവിച്ച്, ആ സന്ദേശത്തിന്റെ മഹത്വത്തെ ഇരട്ടിപ്പി ക്കുവാനുള്ള ഒരു ദൗത്യമാണ് ഭൃത്യരായ നമുക്കുള്ളത്. നമുക്ക് കിട്ടിയിരിക്കുന്ന രക്ഷാകരവചനങ്ങള്‍ കമിഴ്ത്തിവച്ച പറയുടെ കീഴില്‍ മറച്ചു സൂക്ഷിക്കാനുള്ളതല്ല, പൊതിഞ്ഞുമൂടി കുഴിച്ചുവയ്ക്കാനും ഉള്ളതല്ല. മറിച്ച്, സ്വന്തം ജീവിതത്തിലൂടെ വെളിപ്പെട്ടുകൊണ്ട് അനേകരെ ആകര്ഷിക്കാനുള്ളതാണ്. അങ്ങനെ, രക്ഷാകരമായ ദൈവവചസ്സുകളെ വളര്‍ത്തുന്ന ഒരു ജീവിതമാണ് മനോഹരമായ ജീവിതം.
ആത്മീയമായ ഒരു ജീവിതം
ഭൃത്യന്മാര് യജമാനന്റെ വരവിനായി കാത്തിരുന്നവരാണ്. യജ മാനന് അവരുടെ മുന്പില് ഇല്ലെങ്കിലും, എപ്പോള്‍ വരുമെന്ന് അറിയി ല്ലായിരുന്നുവെങ്കിലും, ഏതു സമയവും അവര്‍ യജമാനനെ പ്രതീക്ഷിച്ചു. ദൈവത്തിനായുള്ള കാത്തിരുപ്പ് ആത്മീയമായ ആ ജീവിതത്തിന്റെ അടയാളമാണ്. ഓരോ നിമിഷവും ദൈവത്തെ ആഗ്രഹിക്കു ന്നതിനെയോ, കാണുന്നതിനെയോ തിരിച്ചറിയുന്നതിനെയോ ഒക്കെയാണ് ആത്മീയത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യക്ഷമായി ദൈവം കണ്മുന്പില് ഇല്ല എന്നതുകൊണ്ടോ, ദൈവസാന്നിധ്യം അനുഭവിക്കാന്‍ ഭൗതികമായി നമുക്ക് സാധിക്കുന്നില്ല എന്നതു കൊണ്ടോ, ദൈവത്തെ മറന്നുള്ള ഒരു ജീവിതത്തിലേക്ക് നാം വ്യതിചലിക്കാന്‍ പാടില്ല. നമുക്കായി തന്നിരിക്കുന്ന അനുഗ്രഹങ്ങളില്‍ ദൈവ സാന്നിധ്യം അനുഭവിക്കാനാണ് മനുഷ്യരായ നമ്മുടെ വിളി. ഇങ്ങനെ ദൈവത്തെ കാത്തിരിക്കുന്ന ഒരു ആത്മീയജീവിതമാണ് മനോഹരമായ ജിവിതം.
ബിനു തോമസ് കിഴക്കമ്പലം
www.homilieslaity.com
ഞായർ 3⃣
യോഹന്നാൻ 2: 13-21
Biblical Background
4 സുവിശേഷങ്ങളിലും കാണുന്ന ഭാഗമാണ് ദേവാലയ ശുദ്ധീകരണം.
പക്ഷെ സമാന്തര സുവിശേഷങ്ങളിൽ അവസാന ഭാഗത്താണ് ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത്. യോഹന്നാനിൽ ആകട്ടെ സുവിശേഷത്തിന്റെ ആദ്യഭാഗത്തും.
സമാന്തര സുവിശേഷങ്ങളിൽ ഈശോ തന്റെ പരസ്യ ജീവിതത്തിൻ ഒടുവിലായി ജറുസലേമിൽ എത്തുകയും അവിടെ വച്ചു കൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാൽ യോഹന്നാന്റെ വിവരണ പ്രകാരം ഈശോ 3 പ്രാവശ്യമെങ്കിലും ജറുസലേമിൽ വരുന്നുണ്ട്. അതിൽ ആദ്യത്തെ വരവിലാണ് ഈ കോലാഹലം.
യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുന്നാൾ ആണ് പെസഹാ. ഈജിപ്ത്തിലെ അടിമത്തത്തിൽ നിന്നും ഇസ്രായേൽ ജനം രക്ഷപെട്ടത്തിന്റെ ഓർമ ആണ് ഈ തിരുന്നാൾ. ലോകത്തുള്ള എല്ലാ യഹൂദരും ഈ ദിവസങ്ങളിൽ അവരുടെ ഏക ദേവലയമായ ജറുസലേമിൽ വരാൻ ശ്രമിക്കുമായിരുന്നു.
Interpretation
1. ദേവാലയത്തെ കച്ചവടസ്ഥലം ആക്കരുത്
പ്രശസ്ത ധ്യാന ഗുരുക്കന്മാരും മോട്ടിവേഷൻ സ്പീക്കേഴ്സും ഒക്കെയായ ദമ്പതികളുടെ ഇടയിലുള്ള പ്രശ്നമാണ് ഈ കഴിഞ്ഞ ആഴ്ചയിലെ ചൂടുള്ള ഒരു വാർത്ത. മാതൃകപരമായി ജീവിതം നയിക്കുന്നു എന്നു നാം കരുതിയവർ, അനേകം പേർക്ക് പ്രചോദനം നല്കിയവർ, ധാരാളം ചാരിറ്റി പ്രവർത്തങ്ങൾ വഴി ഒത്തിരി നന്മ ചെയ്തവർ, ആത്മീയമായ ക്ലാസുകൾ നൽകിയവർ അവർക്കിടയിൽ ഉടലെടുത്തിരിക്കുന്ന അസ്വസ്ഥതയും അസ്വാരസ്യവും മാധ്യമങ്ങൾ ആഘോഷമാക്കി . കേൾക്കുന്നത് ശരിയാണെങ്കിൽ അവർക്കിടയിലെ പ്രശ്നത്തിന് പ്രധാനപ്പെട്ട ഒരു കാരണം സാമ്പത്തികമാണ്. (അവർക്കിടയിലെ മാത്രമല്ല ,നമുക്കെല്ലാവർക്കും ഇടയിലെ പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം പണമാണ്...) . പൈസ കൂടുതൽ വരുംതോറും പ്രശ്നങ്ങൾക്കുള്ള സാധ്യതയാണ് ഏറുകയാണ്. അതാണ് പലപ്പോഴും കണ്ടുവരുന്നത്.
സുവിശേഷത്തിൽ ഈശോ ദേഷ്യപ്പെടുന്ന സംഭവം കാണുന്നു. ദേവാലയത്തെ കച്ചവട സ്ഥലമാകുമ്പോളാണ് അവൻ മുഖം കറുപ്പിക്കുന്നതും അവിടെ ഇടപെടുന്നതും അവരെ പുറത്താക്കുന്നതും.
കച്ചവടത്തിന്റെ ഒരേയൊരു ലക്ഷ്യം ലാഭമാണ്. അതു ഇന്നത്തെ കാലത്തയാലും അന്നത്തെ കാലത്തയാലും . കച്ചവടം വേണ്ട എന്നല്ല മറിച്ചു ദേവാലയം കച്ചവട സ്ഥലം ആക്കരുത് എന്നു മാത്രം. കാരണം അത് പ്രാര്‍ഥിക്കാനുള്ള ഇടമാണ്, ആത്മീയ ഇടമാണ്. അതായത് ആത്മീയതയിലെ കച്ചവട സാധ്യതകളെ കർത്താവ് വച്ചു പൊറുപ്പിക്കുന്നില്ല. (മൂപ്പർക്ക് അത് പണ്ടേ ഇഷ്ടമല്ല... അതുകൊണ്ടു പള്ളീലച്ചന്മാർ ജാഗ്രതൈ...!!! ) (മുകളിൽ സൂചിപ്പിച്ച ദമ്പതികളുടെ കാര്യത്തിൽ സംഭവിച്ചതും കുറച്ചൊക്കെ അതു തന്നെ ആകാം)..
ആരാണ് ദേവാലയത്തെ കച്ചവട സ്ഥലം ആക്കുന്നത്..? കച്ചവടത്തിന് ഈശോയുടെ കാലത്ത് ആയാലും ശരി ഇന്നത്തെ കാലത്ത് ആയാലും ശരി ഒറ്റ ലക്ഷ്യമേ ഉള്ളൂ അതു ലാഭം ആണ്. അപ്പോൾ ലാഭത്തിനു വേണ്ടി മാത്രം ദേവാലയത്തിലേക്ക് പ്രാർത്ഥിക്കാൻ വരുന്നവരാണ് സത്യത്തിൽ ദേവാലയത്തെ കച്ചവട സ്ഥലം ആക്കി മാറ്റുന്നത്.( അല്ലാതെ പള്ളി പെരുന്നാളിന് പള്ളി പറമ്പിൽ ബലൂണും പീപ്പിയും വിൽക്കുന്ന പാവപ്പെട്ട മനുഷ്യരല്ല കെട്ടോ... അവരെ വെറുതെ വിട്ടേക്കൂ.....) പലപ്പോഴും നമ്മൾ പള്ളിയിൽ പോകുന്നത്, പ്രാർത്ഥിക്കുന്നത് , കുർബാന ആർപ്പിക്കുന്നത് നമ്മുക്ക് എന്തെകിലും നേട്ടം/ ലാഭം കിട്ടാൻ വേണ്ടി മാത്രം ആയിരിക്കും. പരീക്ഷ പാസ്സാകാൻ, ജോലി കിട്ടാൻ, രോഗം മാറാൻ... ഇങ്ങനെ ഒരു നീണ്ട list നമ്മുടെ കയ്യിൽ മുണ്ടാകും. 50 രൂപ നേർച്ച പെട്ടിയിൽഇട്ടിട്ടു 50000 രൂപയുടെ കാര്യ സാധ്യത്തിനാണ് നമ്മൾ പ്രാർഥിക്കുന്നത്. എന്നു വച്ചാൽ ദേവാലയം ലാഭം ഉണ്ടാക്കാൻ കഴിയുന്ന കച്ചവട സ്ഥലമായി നമ്മൾ തെറ്റി ധരിച്ചിരിക്കുന്നു എന്നു ചുരുക്കം. അല്ലാതെ ദൈവ സ്നേഹത്തെ പ്രതിയോ തന്റെ പാപത്തിന്റെ അനുതാപത്തെ പ്രതിയോ ഒന്നും അല്ല ഒരു ശരാശരി വിശാസ സമൂഹം പള്ളിയിൽ വരുന്നത്. സത്യത്തിൽ ഇത്തരം ലാഭം മാത്രം നോക്കി പ്രാർത്ഥിക്കാൻ വരുന്നവരെ ആണ് കർത്താവ് അടിച്ചു പുറത്താക്കുന്നത്. അതുകൊണ്ടു ഞാൻ എന്തിനാണ് പള്ളിയിൽ വരുന്നത് എന്നു ചിന്തിക്കുന്നത് നല്ലതാണ്. ജീവിതത്തിൽ, കുടുബത്തിൽ എനിക്ക് എന്തെങ്കിലും ലാഭം, നേട്ടം ഉണ്ടാക്കണം എന്ന ആഗ്രഹത്തോട് കൂടി മാത്രം ആണെകിൽ തമ്പുരാന്റെ ചാട്ടവർ നീളുന്നത് നമ്മുടെ നേർക്കു കൂടിയാണ്
2. പള്ളിയും ചന്തയും
ദേവാലയമാണ് കച്ചവടമായി മാറ്റപ്പെടുന്നത്. പരിപാവനമായ സ്ഥലം ചന്തയാക്കി മാറ്റപ്പെടുന്നു. ഈ അപകടം നമുക്കിടയിൽ സംഭവിക്കുന്നുണ്ട്. പള്ളിയിൽ പാലിക്കേണ്ട പരിശുദ്ധി ,ബഹുമാനം, നിശബ്ദത അതൊക്കെ ഒന്നു കൊടുക്കാൻ പഠിക്കുന്നത് നല്ലതാണ്, ഇമ്മടെ പിള്ളേരെ ഒന്നു പഠിപ്പിക്കുന്നതും നല്ലതാണ്. . നമ്മുടെ പല തിരുന്നളുകളിലും വിവാഹ അവസരങ്ങളിലുമൊക്കെ പള്ളിയകം ചിലപ്പോൾ ചന്തയേക്കാൾ തരം താന്ന നിലയിലേക്ക് മാറി പോകുന്നുണ്ട്. പലപ്പോഴും ക്ലാസുകൾ, ക്യാമ്പുകൾ, ആഘോഷങ്ങൾ, ബഹളങ്ങൾ, ചിലപ്പോഴൊക്കെ പ്രാർത്ഥനകൾ പോലും പള്ളിയിലെ നിശബ്ദതയെ നശിപ്പിക്കുകയും അതൊരു ചന്തയായി മാറ്റപ്പെടുകയും ചെയ്യുന്നു . സോളമൻ ജെറുസലേം ദേവാല പണിതപ്പോൾ കല്ലുകളും മരവും മറ്റും നേരെത്തെ തയാറാക്കി വച്ചിരുന്നതിനാൽ ദേവാലയം പണിയുമ്പോൾ പോലും കാര്യമായ ശബ്ദം കെട്ടിരുന്നില്ല എന്നാണ് പറയുന്നത്. അതായത് അത്രേ നിശബ്ദതയും പരിപാവനതയും ദേവാലയം പണിയുമ്പോൾ പോലും വേണം എന്ന് ചുരുക്കം. അതുകൊണ്ടു പള്ളിക്ക് കൊടുക്കേണ്ട പവിത്രത നഷ്ടപ്പെടുത്തതിരിക്കുക.
പശ്ചാത്യ ആത്മീയതയെ കുറിച്ചു ഒരു വിമർശനം ഇതാണ്: 'Europe Lost the sense of Sacredness.' എന്നാണ്. ശ്രധിച്ചില്ലെങ്കിൽ ആ അപകടം നമുക്കിടയിലും സംഭവിക്കാം. അതുകൊണ്ടു ജാഗ്രതൈ...!!!
. 3. ശരീരം എന്ന ദേവാലയം
കർത്താവ് ദേവാലയം എന്നതുകൊണ്ട് ഉദ്ദേശിച്ചത് തന്റെ ശരീരം ആകുന്ന ആലയം ആണ്. "നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?"
1 കോറിന്തോസ് 3 : 16 എന്നു പൗലോസ് പറയുന്നത് ഇതുമായി കൂട്ടി വായിക്കാവുന്നതാണ്. ശരീരം ദേവാലയമാണ് അതിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നത് നല്ലതാണ്. പക്ഷേ നിർഭാഗ്യവശൽ ഇന്നത്തെ ഏറ്റവും വലിയ കച്ചവടം വസ്തുവായി അതു മാറിയിരുന്നു എന്നതാണ് ദുരിതം. ബോബി അച്ഛന്റെ വാക്ക് കടം എടുത്തു പറഞ്ഞാൽ ശരീരം ക്ഷേത്രം ആണ് സത്രം അല്ല. തൊഴു കൈകളോടെ നിൽക്കണം ഒരു വ്യക്തിയുടെ മുന്നിലും. ഒരു സത്രം പോലെ ആർക്കു കയറി ഇറങ്ങാവുന്നതല്ല ശരീരം എന്നു ചുരുക്കം. ദേവാലയം പോലെ ശരീരത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുക. അവനവന്റെയും അപരന്റെയും. ശരീരത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുന്ന കാര്യങ്ങളിൽ നിന്നും ബോധപൂർവം വിട്ടു നിൽക്കുക. "വ്യഭിചാരത്തില്‍ നിന്ന് ഓടിയകലുവിന്‍. മനുഷ്യന് ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു.
1 കോറിന്തോസ് 6 : 18. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവർ അവളുമായി വ്യഭിചാരം ചെയ്യുന്നു എന്നണ് കർത്താവ് പറയുന്നത്.
ഞായർ 3⃣
ലൂക്ക1: 57- 66
Biblical Background
ഇന്നത്തെ വായനകൾ ഏറെക്കുറെ ചില സവിശേഷത നിറഞ്ഞ ജനനവുമായി ബന്ധപ്പെട്ടാണ്. ആദ്യ വായനയിൽ ഇസഹാക്കിന്റെ ജനനത്തെ കുറിച്ചുള്ള മുന്നറിയിപ്പും രണ്ടാമത്തെ വായനയിൽ സാംസന്റെ ജനനത്തെകുറിച്ചുള്ള മുന്നറിയിപ്പും സുവിശേഷത്തിൽ സ്നാപകയോഹന്നാന്റെ ജനനവും കാണുന്നു. ഈ വായനകൾ തമ്മിൽ വളരെ സാമ്യമുണ്ട്. അതായത് ഇസഹാക്കിന്റെയും സാംസന്റെയും സ്നാപകയോഹന്നാന്റെയും ജനനം ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നത് ഏതാണ്ട് ഒരേ പോലെയാണ്. ഈ മൂന്നു പേരുടെയും മാതാപിതാക്കൾക്ക് ( അബ്രാഹം- സാറ , മനോവയും - ഭാര്യയും, സഖറിയാ യും - എലിസബത്തും) മക്കളില്ലാതെ ഇരിക്കുന്ന അവസ്ഥ- പിന്നെ ദൈവികമായ ഒരു മുന്നറിയിപ്പ് - കുട്ടികളുടെ സവിശേഷത കളുടെ വിവരണ- തുടർന്ന് കുട്ടികൾ ഉണ്ടാകുന്നു- പിന്നെ കുട്ടികളെ കുറിച്ചുള്ള പ്രവചനങ്ങൾ നിറവേറുന്നു. അങ്ങനെ ഒരു Common pattern ലാണ് ഈ ബൈബിൾ സംഭവങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
Interpretation
1. സന്തോഷം
ഇലക്ഷന്റെ റിസൾട്ട് വന്ന ദിവസമാണ്. ചാനലായ ചാനലുകൾ മുഴുവൻ വിജയിച്ച പാർട്ടികളുടെ ആഹ്ലാദ പ്രകടനങ്ങളാണ്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും ലഡു വിതരണം ചെയ്തും (പ്രമുഖ നടന്റെ കോടതി വിധി വന്നപ്പോഴും അവർ ലഡു വിതരണം ചെയ്തുവത്രേ...!!!ഇതൊക്കെ എപ്പ വാങ്ങി വച്ചിരുന്നുവോ എന്തോ...? ) ആഹ്ലാദ പ്രകടങ്ങൾ നടത്തുന്നു.
ഒരാൾ വിജയിക്കുമ്പോൾ ഒരാൾക്ക് നേട്ടമുണ്ടാകുമ്പോൾ ഉള്ള അറിഞ്ഞുകൊണ്ട് സന്തോഷിക്കുക വലിയ കാര്യമാണ് സുവിശേഷത്തിൽ കാണുന്നത് സഖറിയായ്ക്കും കുടുംബത്തിനും ഒരു നന്മ വന്നപ്പോഴും അവൻറെ അയൽക്കാരും ബന്ധുക്കളും അവരോട് സന്തോഷിച്ചു എന്നുള്ളതാണ്. സത്യത്തിൽ മറ്റുള്ളവർക്ക് ഒരു നന്മ വരുമ്പോഴും അവരോടൊത്ത് ആത്മാർത്ഥമായി സന്തോഷിക്കുവാൻ ആയിട്ട് നമുക്ക് എത്രപേർക്ക് പറ്റും ?എന്റെ സുഹൃത്ത് ജയിക്കുമ്പോൾ ,പാർട്ടി ജയിക്കുമ്പോൾ, ബന്ധുവിനു നേട്ടമുണ്ടാകുമ്പോൾ ആത്മാർത്ഥമായി സന്തോഷം പ്രകടിപ്പിക്കാൻ നമുക്ക് കഴിയുന്നുണ്ടോ..?ഒരു അടുത്തു കണ്ട ഒരു വാട്സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെയാണ് ഒരാൾ മുന്നിലേക്ക് കയറുമ്പോൾ സത്യത്തിൽ നമുക്ക് സന്തോഷം ഉണ്ടാകുന്നത് നമ്മൾ 'ക്യു' വിൽ നിൽക്കുമ്പോൾ മാത്രമാണ്. അപരന്റെ നേട്ടത്തിൽ വിജയത്തിന് ഉയർച്ചയിൽ ആത്മാർത്ഥമായി സന്തോഷിക്കാൻ പറ്റുക വലിയ കാര്യമാണ്. പൗലോസ് ശ്ലീഹ പറയുന്നുണ്ട്
"നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ സന്തോഷിക്കുവിന്‍.
ഫിലിപ്പി 4 : 4
സന്തോഷവുമായി ബന്ധപ്പെട്ടു
ബോബി അച്ചൻ പറയുന്ന ഒരു കാര്യം 2 വാക്കുകളുടെ അർത്ഥം നമ്മൾ മനസിലാക്കണം എന്നാണ്. സന്തോഷവും ആനന്ദവും . ഇംഗ്ലീഷിൽ അതു കുറെ കൂടെ. വ്യക്തമാണ്. Pleasure and Joy . Pleasure (സന്തോഷം) എന്നു പറയുന്നത് കുറേക്കൂടെ External ആണ് Material ആണ് അത് Temporary ആണ് . ആനന്ദം എന്നു പറയുന്നത് കുറേക്കൂടെ Internal ആണ് Spiritual ആണ് അതു കുറേകൂടി Permanent ആണ്. എന്നു പറഞ്ഞാൽ ഈ സന്തോഷത്തെയും ആനന്ദത്തെയും വേർതിരിക്കാനായിട്ട് നമുക്ക് പറ്റണം . നമ്മുടെ മക്കളെ പഠിപ്പിക്കണം. നമ്മുടെ കുട്ടികളെല്ലാവരും പലപ്പോഴും ഈ നൈമിഷികമായ സന്തോഷത്തിനു പിന്നാലെയാണ് പോകുന്നത്. ചിലപ്പോഴൊക്കെ ഈ നൈമിഷികമായ സന്തോഷത്തിന് (Pleasure) വേണ്ടിയിട്ടാണ് നമ്മൾ നമ്മുടെ സമയവും സമ്പത്തും അധ്വാനവും ചെലവഴിക്കുന്നത് എന്ന് തോന്നിപ്പോകും. സന്തോഷം വേണ്ട എന്നല്ല .പക്ഷേ അതിനു മേലേ നിൽക്കണം ആനന്ദം (Joy) . ക്രിസ്മസ് സന്തോഷത്തിന്റെ ഉത്സവമാണ്. ക്രിസ്മസ് കാലഘട്ടത്തിലെ ലാറ്റിൻ പാരമ്പര്യം അനുസരിച്ച് കത്തിക്കുന്ന മെഴുകു തിരിയിൽ ഒന്ന് Candle of Joy ആണ് (അല്ലാതെ Candle of Pleasure അല്ല) . സന്തോഷത്തേക്കാൾ ഉപരി ആനന്ദത്തിന്റെ രാവുകളായി ഈ ക്രിസ്മസ്ക്കാലം മാറ്റുക. കൂട്ടത്തിൽ ഓർക്കുക അപരന് ഒരു നന്മ വരുമ്പോഴും ആത്മാർത്ഥമായിട്ട് ആനന്ദിക്കാൻ നമുക്ക് പറ്റണം.
2. ദൈവത്തിന്റെ കരമുള്ള മക്കൾ
ഈ അടുത്ത ദിവസം മലയാറ്റൂരിനടുത്ത് ഒരു 19 വയസ്സുകാരിയെ കാമുകൻ തലക്കടിച്ചുകൊന്നു എന്നുള്ളതിന്റെ വാർത്ത നമ്മളെ ഞെട്ടിച്ചു കാണും.
സ്നാപക യോഹന്നാന്റെ ജനനത്തിനുശേഷം അവനെക്കുറിച്ച് നാട്ടുകാർ ചിന്തിച്ചത് ഈ ശിശു ആരായിത്തീരുമെന്നാണ്. ഇത് സ്നാപകനെ കുറിച്ച് മാത്രമല്ല ഇമ്മടെ പിള്ളേരെ കുറിച്ച് വീട്ടുകാർക്കും നാട്ടുകാർക്കും ഒക്കെയുള്ള ആശങ്ക ഇതുതന്നെയാണ്. ഈ മകൻ/ മകൾ ആരായിത്തീരും...? എങ്ങനെയായി തീരും..? എന്നുള്ളത് . താഴത്തു വച്ചാൽ ചെറിയ ചെറിയ ഉരുമ്പരിക്കും തലയിൽ വച്ചാൽ ചെറിയ ചെറിയ പേനരിക്കും എന്നപോലെയാണ് പലരും കുഞ്ഞുങ്ങളെ വളർത്തുന്നത്. എന്നിട്ടോ ഒടുവിൽ മാതാപിതാക്കൾക്കു സങ്കടവും കണ്ണീരും ബാക്കി...
കുഞ്ഞുങ്ങക്ക് ഏറെ കരുതൽ കൊടുക്കേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയിലെ കുട്ടികളുടെ ആത്മഹത്യയും കുട്ടികൾക്ക് നേരെയുള്ള പീഡനങ്ങളും കൂടി കൂടി വരുന്നു . എവിടെ നോക്കിയാലും POCSO കേസുകൾ മാത്രം. വീട്ടിലും, സ്കൂളിലും, ആരാധനാലയങ്ങളിലും നമ്മുടെ കുട്ടികൾ സുരക്ഷിതരല്ല.
നമ്മുടെ കുഞ്ഞുങ്ങളെ ആരൊക്കെയാക്കി തീർക്കണം എന്നുള്ള ടെന്‍ഷനിലാണ് മാതാപിതാക്കൾ. അവരെ ഡോക്ടർ ആക്കണോ? എൻജിനീയറാക്കണോ? IAS ഓഫീസറാക്കണോ ? അല്ലെങ്കിൽ UK യിലേക്കും കാനഡ യിലേക്കും ജർമ്മനിയിലേക്കും കയറ്റി അയച്ചു പ്രവാസിയാക്കി മാറ്റണോ ഇതൊക്കെയാണ് ഇമ്മടെ Parents ന്റെ ചിന്ത. പക്ഷേ നമ്മുടെ മക്കളെ സ്നാപക യോഹന്നാനെ പോലെ ഈശോയ്ക്ക് വഴിയൊരുക്കുന്നവനാ ക്കാനായി, സാക്ഷ്യം വഹിക്കുന്നവനാക്കാനായി നമ്മിൽ എത്ര പേർ ആഗ്രഹിക്കുന്നുണ്ട്? അതിനു വേണ്ടി എത്ര പേർ ശ്രമിക്കുന്നുണ്ട് ? അവർ ഭാവിയിൽ ആരുതന്നെ ആയാലും അവരെ ദൈവത്തിന് പ്രിയമുള്ളവരാക്കി തീർക്കുക എന്നുള്ളത് പ്രധാന കാര്യമാണ്. സുവിശേഷത്തിൽ സക്കറിയയും എലിസബത്തും ജനിച്ചു വീണ കുഞ്ഞിനെ ദേവാലയത്തിൽ കൊണ്ടുവന്നതായി കാണുന്നു. അതുപോലെ നമ്മുടെ മക്കളെ ഒന്ന് ദേവാലയത്തിലേക്ക് കൊണ്ടുവരാനും ദൈവത്തോടും ദൈവിക കാര്യങ്ങളോട് ചേർത്തുനിർത്താനും ശ്രമിക്കുക മാതാപിതാക്കന്മാരുടെ ഉത്തരവാദിത്തമാണ്.
നമ്മുടെ കുഞ്ഞുങ്ങൾ സ്നാപകയോഹന്നാനെ പോലെ ആകുന്നില്ല എന്നോർത്ത് വിഷമിച്ചിട്ട് കാര്യമില്ല; ആദ്യം അവരുടെ മാതാപിതാക്കളായ നമുക്ക് സക്കറിയയേ പോലെയും എലിസബത്തിനെ പോലെയും ആകാൻ പറ്റുന്നുണ്ടോ എന്നു ചിന്തിക്കുക. വിത്തുഗുണം പത്തു ഗുണം എന്നല്ലേ പറയാറ് ...(മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല എന്നൊരു ചൊല്ലും കൂടി ഉണ്ട് കെട്ടോ.... ഇരിക്കട്ടെ ഒരു കനത്തിന്.... പിന്നെ ഒന്നു രണ്ടെണ്ണം കയ്യിന്നു ഇട്ടോ....). അതുകൊണ്ടു കുട്ടികളെ ശാസിക്കുന്നതിനും തിരുത്തുന്നതിനും മുൻപ് മാതാപിതാക്കൾ എത്ര കണ്ട് വിശ്വാസമുള്ളവരാണ്?, പള്ളിയിൽ വരുന്നവരാണ്?, ആത്മീയ കാര്യങ്ങളിൽ താല്പര്യമുള്ളവരാണ്? ദൈവആശ്രയ ബോധത്തിൽ ജീവിക്കുന്നവരാണ്? എന്നൊക്കെ നമ്മളും ഒന്നുറപ്പുവരുത്തേണ്ടത് നല്ലതാണ്. സഖറിയായും എലിസബത്തും മാതൃക ദമ്പതികളായിരുന്നു അതുപോലെ തന്നെ സ്നാപകനും . ഔസേപ്പിതവും മാതാവും നല്ല മാതൃക മാതാ പിതാക്കൾ ആയിരുന്നു .പിന്നെ ഈശോയുടെ കാര്യം പറയാനുണ്ടോ. അതുകൊണ്ടു ആദ്യം അപ്പനും അമ്മയും ശരിയാവുക;അപ്പോൾ മക്കൾ തന്നെ ശരിയായിക്കോളും
സ്നാപനെകുറിച്ച് പറയുന്നത് 'ദൈവത്തിൻറെ കരം അവനോടു കൂടി ഉണ്ടായിരുന്നു എന്നുള്ളതാണ്. നമ്മുടെ പിള്ളേരുടെ കൂടെ ഉണ്ടാകുന്ന കരങ്ങൾ ആരുടെയാണ്? ദൈവികമായ , കരങ്ങളാണോ? അതോ പൈശാചിക കരങ്ങളാണോ?
ദൈവിക കരങ്ങൾക്കു പകരം മൊബൈലിന്റെയും ഇൻറർനെറ്റിന്റെയും മദ്യപാനത്തിന്റെയും ദുശീലങ്ങളുടെ കരാള ഹസ്തങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ പിടികൂടിയിട്ടുണ്ട്. മദ്യത്തിനും മയക്കു മരുന്നിനും മൊബൈൽ ഗെയിമിനും പോണോഗ്രഫിക്കും adict ആയിപോകുന്ന കുട്ടികൾ എണ്ണം കൂടി വരുന്നു . Digital Adiction കുട്ടികളിൽ വളരെ കൂടുതലായി കണ്ടു വരുന്നു. എന്ന് പറഞ്ഞാൽ അവരുടെ കൂടെയുള്ള കരങ്ങൾ ആരുടെയാണ് എന്നു നമ്മൾ ചിന്തിക്കണം. ദൈവിക കരങ്ങളിലേക്ക് നമ്മുടെ മക്കളെ നമ്മൾ അടുപ്പിക്കണം.
3. ദൈവത്തിന്റെ മുഖം
യഹൂദർക്കു അവരുടെ പേര് അവരുടെ idendity യുടെ ഭാഗമാണ്.
'സഖറിയ' എന്ന പേരിന്റെ അർത്ഥം 'ദൈവം ഓർത്തു'(God remebered) എന്നാണ് 'യോഹന്നാൻ' എന്ന പേരിന്റെ അർത്ഥം ദൈവം കാരുണ്യവാനാണ്/ ദൈവം കരുണ കാണിക്കും എന്നെല്ലാമാണ്. ഈ രണ്ടു പേരുകളും
വലിയ പ്രതീക്ഷയാണ് നമുക്ക് നൽകുന്നത്. നമ്മുടെ ജീവിതം എത്ര സങ്കടത്തിൽ ആയിരുന്നാലും നമുക്ക് പ്രതീക്ഷ ആണ് 'സഖറിയ' എന്ന നാമം. കാരണം 'ദൈവം നമ്മെ ഓർക്കും' അവൻ നമ്മോടു കരുണ കാണിക്കും. ഏശയ്യ പ്രവാചകൻ പറയുന്നതുപോലെ
മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മകരുണ കാണിക്കാതിരിക്കുമോ? അവള് മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല.
ഏശയ്യാ 49 : 15. ദൈവം മനുഷ്യരോടു കരുണ കാണിചത്തിന്റെ കഥകളാണ് ബൈബിൾ നിറയെ... കാരുണ്യ വർഷത്തിൽ മാർപാപ്പ ഇറക്കിയ പേപ്പൽ ബുൾ Misericordia Vultus ( കാരുണ്യത്തിന്റെ മുഖം) എന്നാണ്.. ദൈവത്തിന്റെ മുഖം കരുണയാണ് എന്നാണ് അതിൽ മാർപാപ്പ പറയുന്നത്. അതുകൊണ്ടു മറ്റുള്ളവരോട് കരുണ കാണിക്കാം . നമുക്കും ദൈവത്തിന്റെ മുഖം ഉള്ളവരായി മാറാം.
*ചോദ്യവും ഉത്തരവും
▶ എന്താണ് പരിച്ഛേദനം (Circumcision)?
യഹൂദ പാരമ്പര്യമനുസരിച്ചു ദൈവം അബ്രാഹവുമായി ചെയ്ത ഉടമ്പടിയുടെ (ഉല്പത്തി 17)ബാഹ്യമായ അടയാളമാണ് പരിച്ഛേദനം. അതുകൊണ്ടുതന്നെ അബ്രാഹത്തിന്റെ സന്തതികൾ എന്നൊക്കെ പറയാവുന്ന സെമിറ്റിക്ക് പാരമ്പര്യമുള്ള മതങ്ങളിൽ (യഹൂദ, മതം , സമറിയക്കാർ, ഇസ്ലാം മതം ) ഈ ഒരു കർമ്മം കാണുന്നുണ്ട്.
ദൈവവുമായുള്ള ഉടമ്പടിയുടെ ശാരീരികമായ അടയാളമായി ഇതിനെ കണക്കാക്കുന്നു എങ്കിലും കാലാകാലങ്ങളായി മണലാരണങ്ങളിൽ ജീവിക്കുന്ന ആ സമൂഹത്തിൻറെ ശുചിത്വവുമായി ബന്ധപ്പെട്ടാണ് ഇപ്രകാരം ഒരാചാരം ആരംഭിക്കുന്നത് എന്നുള്ള ചില വാദഗതികളും ഉണ്ട്..അതുകൊണ്ടു തന്നെ അബ്രഹാത്തിനു വളരെ മുൻപേ തന്നെ ഈജിപ്ഷൻ, ആഫ്രിക്കൻ സംസ്ക്കാരങ്ങളിൽ ഈ കർമ്മം ഉണ്ടായിരുന്നു.
▶ക്രിസ്ത്യൻസ് പരിച്ഛേദനം എന്തു കൊണ്ട് ചെയ്യുന്നില്ല?
ആദ്യ കാലങ്ങളിൽ ക്രിസ്ത്യാനികൾക്കിടയിലും ഈ കർമ്മം ഉണ്ടായിരുന്നു എങ്കിലും പിന്നീട് പൗലോസ് ശ്ലീഹ ഇടപെട്ട് (Acts 15) ഈ
കാര്യം വേണ്ട എന്ന് പറഞ്ഞ കാര്യം നമുക്ക് അറിയാമല്ലോ.... ഈശോയിലുള്ള വിശ്വാസവും ഹൃദയത്തിൽ നടക്കുന്ന പരിച്ഛേദവുമാണ് നമ്മുക്ക് മുഖ്യം.
എന്തായാലും നമ്മുടെ ഇടയിൽ ആ പരിപാടി നിർത്തിച്ചത് നന്നായി. അതല്ലെങ്കിൽ നമ്മളെല്ലാവരും സുന്നത്തും ചെയ്തു നടക്കേണ്ടി വന്നേനെ... അതു മാത്രമല്ല, നുമ്മ പള്ളീലച്ചന്മാർ അത് ചെയ്തു കൊടുക്കുന്ന പണി കൂടി എടുക്കേണ്ടി വന്നേനെ
