പള്ളികൂദാശക്കാലം 01

പള്ളികൂദാശക്കാലം 01

പള്ളികൂദാശ കാലം ഞായർ 01

മത്തായി 25: 1-13

സീറോമലബാർ ആരാധനക്രമ വത്സരത്തിലെ അവസാന കാലമാണ് പള്ളിക്കൂദാശ കാലം. പേരു സൂചിപ്പിക്കുന്ന പോലെ 'പള്ളിയുടെ' / 'സഭയുടെ', 'കൂദാശ'/ 'വിശുദ്ധീകരണം' ആണ് പ്രധാന വിഷയം. കർത്താവ് തന്റെ മണവാട്ടി‍ യായ സഭയെ വിശുദ്ധീകരിച്ചു ദൈവ പിതാവിന് സമർപ്പിക്കും എന്നതാണ് വിശ്വാസം. വയനകളും ഏറെക്കുറെ ഇതുമായി ബന്ധപ്പെട്ടാണ്.

ഈശോയുടെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമായി ബന്ധപ്പെട്ട പ്രാതീകാത്മകമായ അവതരണമാണ് 10 കന്യകാരുടെ‍‍ ‍ഉപമ. മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് ഇത് കാണുന്നത്. കർത്താവിൻറെ രണ്ടാമത്തെ ആഗമനം (PARUSIA) വൈകുന്നതിനുള്ള അസ്വസ്ഥത മത്തയിയുടെ സഭയിൽ ഉണ്ടായിരുന്നിരിക്കണം. അതിനുള്ള ഒരു പരിഹാരം എന്ന രീതിയിലാണ് ഈ ഭാഗം മത്തായി തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തുന്നത്.

കന്യക: 'PARTHENOS' എന്ന വാക്കാണ് ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനു കന്യക‍ എന്നതിലുപരി യുവതി/ വിവാഹം കഴിക്കാത്ത യുവതി എന്നൊക്കെയാണ് അർത്ഥം. പണ്ട് ഈ രണ്ടു വാക്കിനും. ഏതാണ്ട് ഒരേ അർത്ഥം കൊടുക്കാമായിരുന്നു. ഇന്ന് ഇപ്പ കല്യാണംകഴിക്കാത്ത യുവതികൾ എല്ലാം കന്യക മാർ ആകണമെന്ന് പറഞ്ഞാൽ.....

Interpretation

1. വിവേകവും അവിവേകവും

സർക്കാർ തലത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീയുടെ അത്ര വിവേകമില്ലാത്ത പെരുമാറ്റം ഒരാളുടെ ജീവനെടുത്തതും പിന്നെ അത് ആ സ്ത്രീയുടെ തന്നെ ജീവിതം തടവറയിൽ ആയതുമായ വാർത്തകളായിരുന്നു നീ കഴിഞ്ഞ ആഴ്ച പത്രങ്ങളിൽ. വിവേകം നമുക്കെല്ലാവർക്കും. ഒരുപോലെ ആവശ്യമുള്ള ഗുണമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. സുവിശേഷത്തിൽ കാണുന്നതും 10 സ്ത്രീകളുടെ ഉപമയാണ്. അഞ്ചുപേർ വിവേകം ഉള്ളവരും അഞ്ചു പേര് വിവേകം ഇല്ലാത്തവരും.

വിവേകം എന്നതിന് നൽകുന്ന ഒരു ഡെഫിനിഷൻ : സാഹചര്യം അനുസരിച്ചു പെരുമാറുവാനുള്ള കഴിവ് എന്നതാണ്. (Ability to Act According to the Situation) . സാഹചര്യം അനുസരിച്ച് പ്രവർത്തിക്കാനും പെരുമാറുവാനുമുള്ള കഴിവ് നമ്മുടെ ഇടയിൽ നഷ്ടപ്പെട്ടു പോയികൊണ്ടിരിക്കുകയാണ്. ഒരു വിവേകം ഇല്ലാത്ത അവസ്ഥ എന്നത് ഏത് പ്രായത്തിലും ഏത് തലമുറയിലും ഏതു കാലത്തും സംഭവിക്കുന്ന അപകടമാണ്. വിവേകം (Prudence/ Reason) നഷ്ടപ്പെടുകയും വെറും വികാരത്തിൻറെ ( Emotion) അടിസ്ഥാനത്തിൽ കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രതികരിക്കാനും തുടങ്ങുന്നത് അത്ര ശുഭ സൂചനയല്ല. വിവേകത്തോടുകൂടി ഒരു കാര്യത്തെ കാണാനും വിലയിരുത്താനും നമുക്ക് പറ്റണം. നല്ല

സഭയിൽ ആയാലും സമൂഹത്തിൽ ആയാലും രാഷ്ട്രീയത്തിൽ ആയാലും ഒരല്പം കൂടി വിവേകമുള്ളവരെ (അത് കന്യകമാർ ആയാലും ശരി കന്യകന്മാർ ആയാലും ശരി) നമുക്ക് ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമുണ്ട്. സത്യത്തിൽ ഇത്തരം ഒരു പുണ്യത്തിനു വേണ്ടിയാണ് പണ്ട് സോളമൻ രാജാവ് പ്രാര്ഥിച്ചതും.

"ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്‍മയും തിന്‍മയും വിവേചി ച്ചറിഞ്ഞ്‌ അങ്ങയുടെ ജനത്തെ ഭരിക്കാന പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.

1 രാജാ 3 : ). നിങ്ങൾ സർപ്പങ്ങളെ പോലെ വിവേകികൾ ആകുവിൻ എന്ന ഇമ്മടെ കർത്താവിന്റെ വാക്കുകളും ഒപ്പം

"അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്‌ധിക്കുവിന്‍."

എഫേസോസ്‌ 5 : 15 എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളും

ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.

2. ഒരുക്കമുള്ളവരായിരുക്കുക

മണവാളനെ‍ കാത്തിരുന്ന കന്യകമാരിൽ 5 പേർ എണ്ണ കയ്യിൽ കരുതിയില്ല എന്നാണ് പറയുന്നത് ( ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംമ്പാനേ.....) ‍‍മാത്രമല്ല മണവാളൻ വരാൻ വൈകിയതിനാൽ എല്ലാവരും ഉറങ്ങി പോയി എന്നും പറയുന്നു . ( ഉറക്കത്തിന്റെ കാര്യത്തിൽ നമ്മളും ഒട്ടും മോശം അല്ലല്ലോ) ആത്മീയ ജീവിതത്തിൽ ഒരു നിതാന്ത ജാഗ്രത ഒരു ഉണർവ് നമ്മുക്ക് എപ്പോഴും ആവശ്യമാണ്. എന്നുവച്ചാൽ ജീവിതത്തിന് ഒരുക്കം ആവശ്യമാണ്. മരണം എന്ന മണവാളൻ‍ എപ്പോൾ വന്നു വിളിച്ചാലും പോകുവാൻ തയ്യാറാവുക/ ഒരുക്കമുള്ളവരാവുക. മരണം എന്ന യാഥാർഥ്യം ഏതു നിമിഷവും നമ്മുടെ ജീവിതത്തിലേക്ക് മണവാളനെപോലെ ( കള്ളനെപ്പോലെ എന്നൊക്കെയാണ് നമ്മൾ പറയുക) കടന്നു വന്നേക്കാം അതിനെ സ്വീകരിക്കാൻ വേണ്ടത്ര ഒരുക്കം നമുക്കുണ്ടോ...? സത്യത്തിൽ ഈ ഒരുക്കത്തോട് കൂടി ജീവിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ വിവേകം. ആത്മീയമായിട്ടുള്ള ഒരു ഉറക്കത്തിലേക്ക് ഒരു മന്ദതയിലേക്ക്/അലസതയിലേക്കു നമ്മൾ വീണു പോയിട്ടുണ്ടോ??. അവിടെ നിന്നു ഉണർന്നു ജീവിതമാകുന്ന വിളക്കുകൾ വിശ്വാസമാകുന്ന എണ്ണ ഒഴിച്ചു കത്തിച്ചു കർത്താവിന്റെ വരവിനായി കാത്തിരിക്കുക. വിവേക ശൂന്യരുടെ എണ്ണ കഴിഞ്ഞു പോയി എന്നാണ് പറയുന്നത്. എന്താണ് എണ്ണ. നമ്മുടെ കൈവശമുള്ള വിശ്വാസമാകുന്ന , പുണ്യങ്ങൾ ആകുന്ന വിശുദ്ധിയാകുന്ന എണ്ണകൾ വറ്റതെ സൂക്ഷിക്കുക

3. കർത്താവിനു നമ്മളെ അറിയുമോ??

കന്യകമാർ എണ്ണ വാങ്ങാൻ പോയപ്പോൾ ആണ് മണവാളൻ വന്നതും വതിലടച്ചതും. (വാങ്ങാൻ പോയത് എണ്ണ ആണെങ്കിലും ശരി സോപ്പ് ആണെകിലും ശരി ഷോപ്പിങ്ങിനു പോയി കഴിഞ്ഞാൽ നമ്മുടെ സ്ത്രീജനങ്ങൾ നേരം വൈകിയേ വരൂ) തന്നെ വിളിച്ച് കരയുന്ന കന്യകമാരുടെ അടുത്തു മണവാളൻ പറയുന്നത് "എനിക്ക് നിങ്ങളെ അറിയില്ല" എന്നാണ്. നമുക്ക് ചിലപ്പോൾ സംഭവിക്കാനിരിക്കുന്ന വലിയൊരു അപകടം എന്താണ് എന്ന് വച്ചാൽ നമ്മൾ ഇത്രയേറെ പ്രാർത്ഥിച്ചു കണ്ണിൽ എണ്ണയൊഴിച്ച് കാത്ത് ഇരിക്കുന്ന, നിലവിളിച്ചു കരഞ്ഞപേക്ഷിക്കുന്ന ആ ദൈവത്തിന് നമ്മളെ അറിയുമോ എന്നുള്ളതാണ്? ഒരാൾക്ക് നമ്മളെ പരിചയമുണ്ടാകുന്നത് അയാളുമായിട്ടുള്ള നിരന്തര കോൺടാക്ട് നമ്മൾ നിലനിർത്തുമ്പോഴാണ്. സംസാരിച്ചും കത്തെഴുതിയും ഫോൺ വിളിച്ചും മെസ്സേജ് അയച്ചും നേരിൽ പോയി കണ്ടു നമ്മൾ ചില ബന്ധങ്ങൾ നിലനിർത്തുന്നു. ഈശോയ്ക്ക് നമ്മളെ പരിചയമില്ല എന്നുണ്ടെകിൽ നമുക്ക് അവനുമായുള്ള കോൺടാക്ട് എവിടെയോ നഷ്ടപ്പെട്ടു എന്നർത്ഥം. .പ്രാർത്ഥനയിലൂടെ, ബൈബിൾ വായനയിലൂടെ, ദിവ്യ ബലിയിലൂടെ അതൊന്ന് തിരിച്ചുപിടിക്കുക.

പള്ളിക്കൂദാശക്കാലം - ഞായർ 1⃣
മത്തായി 16:13-19

Liturgical Background

സീറോ മലബാർ ആരാധനക്രമവത്സരത്തിലെ അവസാനത്തെ കാലമാണ് പള്ളിക്കൂദാശക്കാലം. പേര് സൂചിപ്പിക്കും പോലെ പള്ളിയുടെ (Church) 'കൂദാശ' അഥവാ സഭയുടെ വിശുദ്ധീകരണമാണ് ഈ കാലത്തിന്റെ പ്രധാന പ്രമേയം. ക്രിസ്തു തന്റെ മണവാട്ടിയായ സഭയെ വിശുദ്ധീകരിച്ച് സ്വർഗ്ഗ പിതാവിന് സമർപ്പിക്കുന്നു ( Dedication of the Church ) എന്നതാണ് ഈ കാലത്തെ പ്രധാന അനുസ്മരണ വിഷയം.

Biblical Background

സമാന്തര സുവിശേഷങ്ങളിൽ മൂന്നിലും കാണുന്ന ഒരു ഭാഗമാണ് പത്രോസിന്റെ വിശ്വാസപ്രഖ്യാപനം. മത്തായിയുടെ സുവിശേഷത്തിൽ ഇത് സഭയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ ( Ecclesiological Discourse) ഉൾപ്പെടുന്ന ഭാഗത്തിൽ ആണ് വരുന്നത് .
ഈശോ വരാനിരിക്കുന്ന 'മിശിഹാ' ആണ് എന്ന് മത്തായി പത്രോസിനെ കൊണ്ട് ഏറ്റുപറയിക്കുന്നു. സഭയിലുള്ള പത്രോസിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നതിനും വേണ്ടി കൂടി ആകണം മത്തായി ഇപ്രകാരം ഒരു ഭാഗം എഴുതിയത്.


Ecclesiastical Background

ഈശോ പത്രോസിലൂടെ തന്റെ സഭ സ്ഥാപിക്കുന്നു. സഭ (Church) എന്നതിന് തുല്യമായ ഗ്രീക്ക് പദം 'Ecclesia' (എക്ലേസിയ) എന്നാണ്. അതിനു തുല്യമായ ഹീബ്രു വാക്ക് qahal (ക്വഹാൽ) എന്നും. Ecclesia എന്നതിന് assembly , congregation എന്നിങ്ങനെ അർത്ഥം ഉണ്ട്. പക്ഷെ quhalഎന്ന വാക്ക് കുറച്ചുംകൂടി ഗൗരവത്തോടെ ആണ് പഴയ നിയമം ഉപയോഗിക്കുക. 'QUHAL YHWH' എന്നാൽ 'യഹോവയുടെ കൂട്ടായ്മ/ജനം അഥവാ ഇസ്രായേൽ ജനത്തെ സൂചിപ്പിക്കുന്നു. ഏതാണ്ട് ഇതുപോലെ ക്രിസ്തുവിൻറെ സാന്നിധ്യമുള്ള ഒരു കൂട്ടായ്മയാണ് സഭ. ഇന്നത്തെ ആദ്യ വായനയിൽ ദൈവം ഇസ്രായേൽ ജനത്തിന് മദ്ധ്യേ കൂടാരമടിച്ചു എന്ന് പറയുന്നുണ്ട്. എന്നുവെച്ചാൽ ദൈവിക സാന്നിധ്യം/ സഹവാസം ഇസ്രായേൽ ജനത്തിന് കൂടെയുണ്ടായിരുന്നു എന്നർത്ഥം. ഈ divine presence നെ ആണ് hebrew ൽ SHEKINAH എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.(ഇപ്പം ആ TV ചാനലിന്റെ അർത്ഥം പിടി കിട്ടിയില്ലേ..) ദൈവിക സാന്നിധ്യം ഉള്ള ഇടം അതാണ് സഭ . അതുകൊണ്ടായിരിക്കാം രണ്ടായിരം വർഷമായിട്ടും ഈ സഭ തകർന്നു പോകാത്തത്.


1. ജമീമയാണ് താരം

രണ്ടുദിവസമായി (ക്രിസ്ത്യൻ)സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് ജമീമ റോഡ്ജിഗ്രസ് എന്ന ഇന്ത്യൻ വുമൺസ് ക്രിക്കറ്റ് ടീമിലെ ഒരു പെൺകുട്ടിയെ‍ കുറിച്ചുള്ള വാർത്തകളാണ്. ഓസ്ട്രേലിയക്കെതിരെ തികച്ചും അസാധ്യമാണ് എന്ന് കരുതിയ കളി സെഞ്ചുറി അടിച്ചു ജയിപ്പിച്ചതിനു ശേഷമുള്ള സമ്മാനദാന ചടങ്ങിൽ അവൾ പരസ്യമായി ക്രിസ്തുവിനുള്ള വിശ്വാസം ഏറ്റുപറയുകയാണ്. ഈശോയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന അവളുടെ പ്രസംഗം ബൈബിളിലെ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. ആയിരക്കണക്കിന് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ പരസ്യമായി ഈശോയിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു, ഈശോയ്ക്ക് നന്ദി പറഞ്ഞു ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അക്ഷരാർത്ഥത്തിൽ ആ പെൺകുട്ടി നമ്മളെ ഏവരെയും ഞെട്ടിച്ചു എന്നു തന്നെ പറയാം. പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകരെ സാക്ഷി നിർത്തിയാണ് തന്റെ വിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും ഈശോയ്ക്ക് അവൾ സമർപ്പിക്കുന്നത്. പരസ്യമായി ഈശോയിലുള്ള വിശ്വാസം അവൾ പ്രഖ്യാപിക്കുന്നത്.

സുവിശേഷത്തിലും നമ്മൾ കാണുന്നത് ഇത്തരത്തിലുള്ള ഒരു ഒരു വിശ്വാസ പ്രഖ്യാപനമാണ്. താൻ ആരാണ് എന്നുള്ള ഈശോയുടെ ചോദ്യത്തിന് കൃത്യമായും വ്യക്തമായും പരസ്യമായി ഉത്തരം പറയുന്നത് പത്രോസ് ആണ്. " നീ ജീവനുള്ള ദൈവത്തിൻറെ പുത്രനായി ക്രിസ്തുവാണ്." പത്രോസിന്റെ പരസ്യവിശ്വാസ പ്രഖ്യാപനം എന്നൊക്കെയാണ് ഈ സുവിശേഷ ഭാഗത്തെക്കുറിച്ച് പറയുന്നത്. (അതു കേൾക്കാൻ അവന്റെ 11 കൂട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു മാത്രം.) അതവിടെ നിക്കട്ടെ.. ചോദ്യമിതാണ് ... നാല് പേരുടെ മുമ്പിൽവെച്ച് നട്ടെല്ല് വളക്കാതെ ഞാനൊരു ക്രിസ്ത്യാനിയാണെന്നും ഞാൻ ഈശോയിൽ വിശ്വസിക്കുന്നവനാണെന്നും ഈശോ എൻറെ രക്ഷകനാണെന്നുമൊക്കെ ഏറ്റുപറയാനായിട്ടുള്ള ചങ്കൂറ്റം നമ്മിൽ എത്രപേർക്കുണ്ട്?? വിശ്വാസത്തെ ഒളിച്ചുവയ്ക്കാനും മറച്ചുവെക്കാനും മൂടി വയ്ക്കാനും അല്ലേ നമ്മൾ പലപ്പോഴും ശ്രമിക്കാറുണ്ട്. വിശ്വാസം ചലഞ്ച് ചെയ്യപ്പെടുന്ന ഏതെങ്കിലും ഒരു അവസരത്തിൽ നിശബ്ദത വെടിഞ്ഞു അതിനെ മുറുക്ക് പിടിക്കാൻ നമുക്ക് പറ്റിയിട്ടുണ്ടോ? ഞാൻ ഒരു ക്രിസ്ത്യാനിയാണ് എന്ന് മറ്റുള്ളവർക്ക് തോന്നത്തക്ക രീതിയിലുള്ള എൻറെ വിശ്വാസം പ്രഖ്യാപന അവസരങ്ങൾ- അത് ഞായറാഴ്ചകളിലെ പള്ളിപോകൽ ആകട്ടെ , ജപമാല ധരിക്കൽ ആകട്ടെ, അല്ലെങ്കിൽ കുട്ടികൾക്ക് ക്രിസ്ത്യൻ പേരുകൾ ഇടുന്നതാകട്ടെ , അല്ലെങ്കിൽ കരിക്കുറി പെരുന്നാളിന് നെറ്റിയിൽ കുരിശു വരച്ചു പോകുന്നതകട്ടെ - അങ്ങനെ ക്രിസ്തുവിലുള്ള എന്റെ വിശ്വാസം , ഞാൻ ഒരു ക്രിസ്ത്യാനി ആണെന്നുള്ള കാര്യം പരസ്യമായി പ്രഖ്യാപിക്കാനുള്ള ധൈര്യം ഉണ്ടാക്കിയെടുക്കുക. ഏത്.... ? Priestly identity
ഭാഗമായി കണക്കാവുന്ന വെള്ളക്കുപ്പായം ( കേരളത്തിന് പുറത്തുള്ളവർ ദയവ് ചെയ്തു ക്ഷമിക്കുക. നിങ്ങൾ വല്ല വൈറ്റ് കോളറോ പോക്കറ്റ് കുരിശോ ആയാലും മതി കെട്ടോ..) പോലും ധരിച്ച് പുറത്തിറങ്ങാൻ മടി കാണിക്കാൻ ക്രിസ്തുവിന്റെ ശിക്ഷമാരുടെ അടുത്ത അനുഗാമികൾ എന്നഭിമാനിക്കുന്ന പൗരോഹിത്യ വർഗം പോലും മടിക്കാണിക്കുന്ന കാലഘട്ടത്തിലാണ് ജമീമയെ ‍പോലുള്ളവർ കയ്യടി വാങ്ങുന്നത്. അതുകൊണ്ട് സുവിശേഷം ഓർമിപ്പിക്കുന്ന ഒരു കാര്യം ഇതാണ്. പത്രോസിനെ പോലെ, ജമീമയെ പോലെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാൻ ആയിട്ടുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുക.
2. കൂടെയുള്ളവരെ തിരിച്ചറിയുക

തന്നെക്കുറിച്ചുള്ള ഒരു Feedback തരാൻ ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നു. ശിഷ്യരിൽ പലരും മറ്റു പലരുടെയും മറുപടികളാണ് ആണ് പറയുന്നത്. ഈശോ അതു മൈൻഡ് ചെയ്യാതെ ശിഷ്യന്മാരുടെ personal answer നു വേണ്ടി വീണ്ടും ചോദിക്കുന്നു. കാരണം
ഒരാളെകുറിച്ചു അവരും ഇവരും പറയുന്നത് കേൾക്കുന്നതിനെക്കാൾ വ്യക്തിപരമായ അഭിപ്രായം അറിയാനായിരുന്നു ഈശോക്ക് കൂടുതൽ ഇഷ്ടം. ഇത് 'ഗോസിപ്പു'കളുടെ കാലമാണ്. ഒരാളെക്കുറിച്ച് കണ്ടതും കേട്ടതും കേട്ടറിഞ്ഞതും കേൾക്കാത്തതും പറഞ്ഞു നടക്കുന്ന കാലഘട്ടത്തിൽ വ്യക്തമായി അനുഭവിച്ചറിഞ്ഞു ഒരു വ്യക്തിയെ വിലയിരുത്താൻ, ആ വ്യക്തിയെ കുറിച്ചു നേരിട്ടുള്ള അഭിപ്രായം പറയാൻ പറ്റുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ഒരു വ്യക്തിയെ കുറിച്ചുള്ള നമ്മുടെ അഭിപ്രായങ്ങളിൽ ഭൂരിഭാഗവും നമുക്കു നേരിട്ടുള്ള അനുഭവങ്ങളല്ല, മറ്റാരോ പറഞ്ഞുകേൾക്കുന്നത് ആയി പോകുന്നു എന്നുള്ളതാണ് ഏറ്റവും വലിയ അപകടം. അതുകൊണ്ട് കഴിയുന്നത്ര മറ്റുള്ളവർ പറയുന്നത് വില കൊടുക്കാതിരിക്കുക. നിനക്കുള്ള അനുഭവത്തിൽ കാര്യങ്ങൾ വിലയിരുത്തുക, പങ്കുവെക്കുക അതാണ് നല്ലത്.

താൻ ആരാണ് എന്ന് ഇമ്മടെ കർത്താവ് ഒരു ചോദ്യം ചോദിച്ചിട്ട് ആ viva exam കഷ്ടി പാസാകുന്നത് പത്രോസ് മാത്രം ആണ്. (എന്നിട്ടും കർത്താവ് പറയുന്നത് അതു അവന്റെ മിടുക്കുകൊണ്ടല്ല എന്നാണ്.) എന്ന് പറഞ്ഞാൽ പുള്ളിക്ക് മാത്രമാണ് കർത്താവിനെ ശരിക്കും പിടികിട്ടിയിട്ടുള്ളത്. കൂടെയുള്ളവരെ തിരിച്ചറിയാൻ പറ്റുന്നില്ല എന്ന ഒരു അപകടം നമുക്കിടയിലുണ്ട്. കൂടെ ജീവിക്കുന്നവരെ, പഠിക്കുന്നവരെ ,ജോലി ചെയ്യുന്നവരെ, കളിക്കുന്നവരെ ശരിക്കും നമുക്ക് മനസിലാകുന്നുണ്ടോ..?
ഒരേ പാത്രത്തിൽ നിന്നും ഉണ്ടിട്ടും ഒരേ പായയിൽ കിടന്നുറങ്ങിയിട്ടും ഒരേ വാഹനത്തിൽ യാത്ര ചെയ്തിട്ടും ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചിട്ടും ഒരേ ബലി പീഠത്തിൽ ബലി അർപ്പിച്ചിട്ടും എന്തിനു ഒരേ കട്ടിലിൽ കിടന്നു ഉറങ്ങുന്നവർക്കു വരെ പരസ്പരം തിരിച്ചറിയാതെ പോകുന്നു.
ഭാര്യക്ക് ഭർത്താവിനെ,
മാതാപിതാക്കൾക്ക് മക്കളെ,
വികരിക്കു ഇടവക ജനത്തെ,
മെത്രാനാച്ചന് വികരി അച്ചന്മാരെ ( നേരെ തിരിച്ചും...)
ഒരാൾക്ക് മറ്റൊരാളെ മനസിലാക്കാൻ അത്ര എളുപ്പമല്ല. എങ്കിലും അതിനു ശ്രമിക്കുക. പത്രോസ് ഒഴികെ മറ്റു ശിഷ്യന്മാര്‌ പരാജയപ്പെട്ട പരീക്ഷയാണിത്. അതുകൊണ്ട് നുമ്മ പാസാക്കുമെന്ന് ഒരു ഉറപ്പുമില്ല.

3.*പത്രോസ് എന്ന പാറ*

കർത്താവ് പത്രോസിന്റെ മേലാണ് തന്റെ സഭ സ്ഥാപിക്കുന്നത്.
പത്രോസിന്റെ നേതൃത്വ സ്ഥാനം ആദിമസഭ അംഗീകരിച്ചിരുന്നു. കത്തോലിക്ക സഭ ആ സ്ഥാനത്തിന്റെ പിന്തുടർച്ച അവകാശികൾ എന്ന നിലയിൽ റോമിലെ മാർപാപ്പക്കും ഓർത്തഡോക്സ് സഭകൾ ആസ്ഥാനം അന്ത്യോക്യയിലെ പാത്രിയാർക്കീസിനും നൽകുന്നു. പ്രൊട്ടസ്റ്റൻറ് സഭകൾ ആകട്ടെ പത്രോസ്നോടൊപ്പം എല്ലാ ശിഷ്യന്മാർക്കും ഉള്ള അധികാരത്തെയും അവകാശത്തെയും ഒരുപോലെ മാനിക്കുന്നു.

കാര്യം പത്രോസിനെ പാറ പോലെ ഉറച്ചവൻ എന്നൊക്കെ യേശു വിശേഷിപ്പിയ്ക്കുണ്ടെകിലും പുള്ളിക്കാരൻ പൂഴി മണ്ണ് പോലെ ഇളകുന്നവൻ പോലെ ആണെന്ന് നമുക്കറിയാം.
വലിയ ആവേശത്തോടെ കടലിനു മുകളിൽ നടന്നു തുടങ്ങിയപ്പോഴേക്കും പേടിച്ചു മുങ്ങി താഴ്ന്നു.

ആരൊക്കെ ഉപേക്ഷിച്ചു പോയാലും ഞാൻ നിന്നെ വിട്ടു പിരിയില്ല പറഞ്ഞ പത്രോസ് അവസാന നാളുകളിൽ ഈശോയെ വിട്ടേച്ചു ഓടിപ്പോകുന്നു.
വെറും ഒരു സ്ത്രീയുടെ മുന്നിൽ ഈശോയേ തള്ളിപ്പറയുന്നു.
അപരിച്ഛേദി തരുടെ കൂടെ ഭക്ഷണത്തിന് ഇരുന്ന് പിന്നെ പിന്നെ പരിച്ഛേദവാദികൾ വന്നപ്പോൾ അവിടുന്നുമാറി കളയുന്നു ( അതിനു പൗലോസ് പുള്ളിനെ നല്ല ചീത്തയും വിളിക്കുന്നുണ്ട്.. പാവം പത്രോസ്...)
ഏതാണ്ടിങ്ങനെയാണ് പത്രോസിന്റെ അവസ്ഥ.
ഈ പത്രോസിനെ ആണ് സഭയുടെ നേതാവായി കർത്താവ് നിയോഗിക്കുന്നത്. കാരണം ഒരല്പ്പം എടുത്തു ചാട്ടം കൂടുതൽ ആണേലും തന്നെ ശരിക്കും മനസിൽ ആക്കിയവനും സ്നേഹിക്കുന്നവനും പത്രോസ് ആണെന്ന് കർത്താവിനു നന്നായി അറിയാമായിരുന്നു. കർത്താവിനെ തിരിച്ചറിയുക, അധികമായി അവനെ സ്നേഹിക്കുക. ഒപ്പം കർത്താവിനാൽ പത്രോസിലൂടെ സ്ഥാപിതമായ സഭയെയും.പത്രോസ് ഈശോയുടെ അടുത്തു പറയുന്നു "നീ ക്രിസ്തു ആണെന്ന്". (SU EI CRISTOS) . അതു കഴിഞ്ഞപ്പോൾ ഈശോ തിരിച്ചു പറയുന്നു " നീ പാറയാണ്" (SU EI PETROS) എന്ന്. എന്നുവച്ചാൽ ഈശോ ആരാണെന്ന് പത്രോസ് വ്യക്തമായി പറഞ്ഞപ്പോൾ പത്രോസ് ആരാണെന്ന് ഈശോ അവനു വ്യക്തമാക്കി കൊടുത്തു. തമ്പുരാനെ വ്യക്തമായി നമ്മൾ തിരിച്ചറിഞ്ഞൽ നമ്മളാരാണെന്ന് അവൻ നമുക്ക് വ്യക്തമാക്കി തരും.

സഭയുടെ വിശുദ്ധീകരണത്തെ പ്രത്യേകം സൂചിപ്പിക്കുന്ന കാലഘട്ടമാണ് പള്ളിക്കൂദാശ കാലം. എന്താണ് സഭ എന്നും ആരാണെന്ന് സഭ എന്നും എന്തെല്ലാം പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടാണ് പത്രോസിന്റെ പാറ ഇത്തരം ഒരു സാഹചര്യത്തിൽ എത്തിയത് എന്നുമുള്ളതെല്ലാം സഭാ മക്കൾക്ക് പറഞ്ഞു കൊടുക്കുന്നത് നല്ലതാണ് .
കവി പറയുന്നതുപോലെ "നിങ്ങളോർക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്നു..!!!"

സഭയുടെ പൗരാണിക ചരിത്രത്തിൽ അഭിമാനം കൊള്ളുവാനും . അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും സഭയെ പ്രതിരോധിക്കാനും സഭക്ക് വേണ്ടി വാദിക്കാനും സഭയെ സംരക്ഷിക്കുവാനും ആയിട്ടുള്ള ചുമതല നമുക്കുണ്ട് അതു മറന്നു പോകരുത്.