നോയമ്പ്ക്കാലം 05: മിശിഹാ ജീവജലവും പ്രകാശവും – John 7:37-39,8:12-20
നോമ്പ് അഞ്ചാം ഞായര്‍
ഉത്പ 4:8-16; 1 സാമു 24: 1-8; 1 യോഹ 1:5-10, യോഹ 8:1-11
ഒരു ഇരയെ കിട്ടുമ്പോള്‍ എല്ലാവരും വിശുദ്ധരാകുന്നു
അഭിലാഷ് ഫ്രേസര്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ ഒരു നടന്റെമേല്‍ ഒരു കുറ്റം ചുമത്തപ്പെട്ടു. അതിന്റെ പേരില്‍ അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അത് വലിയൊരു വാര്‍ത്തയായി. വാര്‍ത്താ ചാനലുകളും അതിലേറെ ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും മതിവരുവോളം ആ അറസ്റ്റ് ആഘോഷിച്ചു. അയാള്‍ തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് തീര്‍പ്പ് വരും മുമ്പേ അയാളെ കുറിച്ച് കഥകള്‍ പരന്നു. കഥകളുടെ മേല്‍ നെയ്ത കഥകള്‍. ചില യാഥാര്‍ത്ഥ്യങ്ങളുടെ മേല്‍ തൊങ്ങലുകള്‍ പിടിപ്പിച്ച കഥകള്‍. എല്ലാവരും ന്യായാധിപന്‍മാരായി. എല്ലാവരും കുറ്റം വിധിച്ചു. സോഷ്യല്‍ മീഡിയയുടെ സ്വഭാവം ഇതാണ്. ഒരു ഇരയെ കിട്ടുമ്പോള്‍ എല്ലാവരും വിശുദ്ധരാകുന്നു. എല്ലാവരും ന്യായാധിപന്മാരാകുന്നു! ഇത് ആ നടന്റെ മാത്രം കാര്യമല്ല. സോഷ്യല്‍ മീഡിയ വരുന്നതി നൊക്കെ ഏറെക്കാലം മുമ്പ് ഒരു ശാസ്ത്രജ്ഞനും ഇതേ ഗതി വന്നു. ഇപ്പോഴും ഇതേ ഗതി പലര്‍ക്കും വന്നു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി രണ്ടു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍, അബദ്ധത്തില്‍ ഒരു നാക്കുപിഴ സംഭവി ച്ചാല്‍, ജനത്തിന് അഹിതമായതെന്തെങ്കിലും പറഞ്ഞാല്‍, ഇവിടെ കല്ലേറുകള്‍ കൊണ്ടു നിറയുന്നു. കല്ലേറുകാരുടെ സാമ്രാജ്യമാണ് സോഷ്യല്‍ മീഡിയ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കല്ലേറുകളുടെ മുന്നില്‍ തല കുനിച്ചു നില്‍ക്കുന്ന ഒരാളെ കല്ലെറിയാന്‍ നമുക്ക് എന്തൊരാവേശമാണ്! ആള്‍ക്കൂട്ടം എന്ന ഇരുട്ടുമുറിയും ദൈവത്തിന്റെ ടോര്‍ച്ചും സ്വന്തം കുറ്റബോധങ്ങളെ മറയ്ക്കാനും മറക്കാനുമുള്ള ഒരു ശ്രമ മാണ് കല്ലുകള്‍ എടുക്കുന്നവര്‍ നടത്തുന്നതെന്ന് തോന്നിയിട്ടുണ്ട്. ആള്‍ ക്കൂട്ടത്തിനിടയില്‍ ഒളിക്കുമ്പോള്‍ ഞാന്‍ ഒരു പുണ്യാളനാണെന്ന് സ്വയം തോന്നും. ഇരയെ കല്ലെറിയുമ്പോള്‍ സമൂഹത്തിന്റെ മുമ്പില്‍ എനിക്ക് ഒരു സ്ഥാനം ലഭിക്കുന്നുണ്ടെന്ന് സ്വയം വ്യാമോഹിക്കുന്നു. ഞാനൊരു മാന്യനാണെന്ന് എന്നെത്തന്നെയും നാട്ടുകാരെയും വിശ്വസിപ്പിക്കാനുള്ള ഒരു സൈക്കോളജിക്കല്‍ മൂവാണ് ഈ കല്ലെറിയല്‍. ഇത്തരമൊരു സന്ദര്‍ഭമാണ് യേശുവിന്റെ മുന്നിലേക്ക് വ്യഭിചാര ത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുമായെത്തിയ ആള്‍ക്കൂട്ടത്തില്‍ നാം കാണുന്നത്. ആള്‍ക്കൂട്ടം ഒരു തരം ഇരുളാണ്. 'എന്നെ' അഭിമുഖീകരി ക്കാന്‍ എനിക്ക് ധൈര്യമില്ലാതിരിക്കുമ്പോള്‍, ഞാന്‍ അഭയം തേടുന്ന ഇരുട്ടുമുറി. ആള്‍ക്കൂട്ടത്തിന്റെ ഇരുട്ടില്‍ എന്റെ പാതകങ്ങളും എന്റെ വൈകൃതങ്ങളും ഒളിപ്പിച്ചു വയ്ക്കുകയും അവരോടൊത്ത് എനിക്ക് മറ്റുള്ളവരെ കല്ലെറിയുകയും ചെയ്യാം. എനിക്ക് അപ്പോള്‍ എന്റെ ഉള്ളിലേക്ക് നോക്കേണ്ടല്ലോ! എന്നാല്‍, വ്യഭിചാരിണിയായ സ്ത്രീയെ കൊണ്ടു വന്ന ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പോലും ഓര്‍ത്തില്ല, തങ്ങള്‍ വന്നുനില്‍ക്കുന്നത് 'ഹൃദയ വിചാരങ്ങള്‍ വെളിപ്പെടുത്തുന്ന' പ്രകാശത്തിന്റെ മുന്നിലാണെന്ന്. 1 യോഹ ന്നാന്‍ 5-ാം വാക്യത്തില്‍ പറയുന്നതു പോലെ 'ദൈവം പ്രകാശമാണ്. ദൈവത്തില്‍ അന്ധകാരമില്ല.' ദൈവം ആള്‍ക്കൂട്ടമല്ല. ആള്‍ക്കൂട്ടമായി ആര്‍ക്കും ദൈവത്തെ കണ്ടുമുട്ടാനും ആകില്ല. അതു കൊണ്ടാണ് യേശു പറയുന്നത്, നീ പ്രാര്‍ ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കയറി കതകടച്ച് സ്വര്‍ഗസ്ഥനായ പിതാ വിനോട് പ്രാര്‍ത്ഥിക്കുക എന്ന്. അപ്പോള്‍ ആള്‍ക്കൂട്ടം ഒരുമിച്ചു ബലിയര്‍പ്പിക്കുന്നതോ, ആരാധിക്കുന്നതോ എന്ന് നിങ്ങള്‍ ചോദിക്കും. ഏതാള്‍ക്കൂട്ടത്തിന്റെ മധ്യത്തിലും അവനവന്റെ ഉള്ളിലേക്ക് തിരിയാതെ ആര്‍ക്കും പ്രാര്‍ത്ഥിക്കാനാവില്ല, ഉള്ളിലെ പ്രകാശത്തെ അഭിമുഖീകരിക്കാ നുമാവില്ല. യേശു ആള്‍ക്കൂട്ടത്തിലേക്ക് ഒരു ടോര്‍ച്ച് തെളിക്കുകയാണ്. പ്രകാശം വന്നു വീഴുന്നത് ആള്‍ക്കൂട്ടത്തിന്റെ മേലല്ല. ഓരോരുത്തരുടെയും ഹൃദയത്തിന്റെ ഉള്ളിലാണ്. ബൈബിള്‍ പറയുന്നതു പോലെ അവരുടെ 'ഹൃദയ വിചാരങ്ങള്‍' വെളിപ്പെട്ടു! ഒരു കണ്ണാടിയിലെന്നതു പോലെ അവര്‍ തങ്ങളെത്തന്നെ കണ്ടു. അപ്പോഴാണ് അവര്‍ കല്ലുകള്‍ താഴെയിട്ടത്. ധ്യാനം ആള്‍ക്കൂട്ടങ്ങള്‍ക്കു പറഞ്ഞിട്ടുള്ള കാര്യമല്ല എന്ന് ചരി ത്രവും അനുഭവവും നമ്മെ പഠിപ്പിക്കുന്നു. (ആള്‍ക്കൂട്ടം ഒരിക്കലും ധ്യാനിക്കുന്നില്ല. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന ഒരാള്‍, മറ്റുള്ളവരില്‍നിന്ന് സ്വയം വേര്‍പെടുത്തി ഒരു നിമിഷത്തില്‍ ഉള്ളിലേക്ക് നോക്കുമ്പോളാണ് ധ്യാനം സംഭവിക്കുന്നത്). ആള്‍ക്കൂട്ട കൊലപാതങ്ങളെ കുറിച്ച് നമ്മള്‍ എത്ര കേട്ടിരിക്കുന്നു. ആള്‍ക്കൂട്ടത്തെ ഭയപ്പെടണം. കാരണം, നേരത്തെ പറഞ്ഞതു പോലെ അതൊരു ഇരുളാണ്. അതൊരു വന്യമായ വൈകാരികത മാത്രമാണ്. അവിടെ ധ്യാനമില്ല. ഉള്ളിലേക്കുള്ള പ്രയാണമില്ല. ഉള്ളിലെ വെട്ടവുമില്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എപ്പോഴെല്ലാം മതം ആള്‍ക്കൂട്ടമായും സംഘമായും മാറിയിട്ടുണ്ടോ അപ്പോഴെല്ലാം ദുരന്തങ്ങളും നാശങ്ങളും സംഭവിച്ചിട്ടുണ്ട്. ധ്യാനമില്ലാ താകുന്ന, ആത്മപരിശോധനയില്ലാത്ത മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാത്തരം സംഘങ്ങളും ഇരുളാണ്. അവര്‍ കല്ലെറിഞ്ഞു കൊണ്ടിരിക്കുന്നു, വിധിച്ചുകൊണ്ടിരിക്കുന്നു, നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആള്‍ക്കൂട്ടത്തിന് എന്തെങ്കിലും സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടോ? സൃഷ്ടിയെല്ലാം നടക്കുന്നത് ഏകാന്തതയിലാണ്, ധ്യാനത്തിലാണ്, മനനത്തിലാണ്. ദേവാലയത്തില്‍ വച്ചാണ് യേശു ആ ആള്‍ക്കൂട്ടത്തെ നേരിടുന്നതെന്നത് ശ്രദ്ധേയമാണ്. ആള്‍ക്കൂട്ടമാകാനുള്ളതാണോ നമ്മുടെ ദേവാല യങ്ങള്‍? (കൂട്ടായ്മ എന്ന വാക്കും ആള്‍ക്കൂട്ടം എന്ന വാക്കും കൂടിക്കുഴ യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം). 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ,' എന്ന യേശുവിന്റെ വാക്കുകള്‍ ആള്‍ക്കൂട്ടത്തെ ശിഥിലമാക്കുന്നു. സംഘബോധത്തില്‍ നിന്ന് ഓരോരുത്തരെയും വേര്‍ പെടുത്തുകയാണ് ആ വാക്കുകള്‍. ഒറ്റയ്ക്കൊറ്റയ്ക്ക് വാ! എന്നു വെല്ലുവിളിക്കുന്നതു പോലെ. ചിന്തിച്ചു നോക്കൂ, എത്ര സംഘബലമുള്ളയാ ളായാലും അവസാനം മരണത്തിലേക്ക് ഒറ്റയ്ക്കു നടന്നു പോയേ തീരൂ. ദൈവം എന്ന ന്യായാധിപന്റെ മുന്നില്‍ ഒറ്റയ്ക്ക് നിന്നേ തീരൂ. ആ ഏകാന്തതയിലേക്കാണ് യേശു ആള്‍ക്കൂട്ടത്തിനുള്ളിലെ മനുഷ്യരെ ഉണര്‍ത്തുന്നത്. ഉള്ളിന്റെയുള്ളില്‍ ഓരോ മനുഷ്യനും ഓരോ ആദം. അയാള്‍ ദൈവമെന്ന പ്രകാശത്തെ ഒറ്റയ്ക്ക് നേരിടണം. ഇരുണ്ടതായും ഗോപ്യമായും ഒരു കോണു പോലും ബാക്കി വരാത്ത, സകല പ്രവൃത്തികളും പാതകങ്ങളും അനാവൃതമാകുന്ന ആ പ്രകാശത്തിന്റെ മുന്നില്‍ ഒരിക്കല്‍ നിന്നേ തീരൂ. അപ്പോള്‍ ആരെയും കല്ലെറിയാനുള്ള 'ആത്മധൈര്യം' നമുക്ക് ഉണ്ടാവുകയില്ല! ഇന്ന് മതങ്ങളുടെയും ഭരണാധിപന്മാരുടെയും രാഷ്ട്രീയപാര്‍ട്ടിക ളുടെയും ഏറ്റവും വലിയ തകരാറ് ആത്മവിമര്‍ശനം ഇല്ലാത്തതാണെന്ന് തോന്നിയിട്ടുണ്ട്. ആത്മപരിശോധന ആത്മവീര്യത്തെയും സംഘബോധത്തെയും കെടുത്തും എന്നൊരു തെറ്റിദ്ധാരണ! ആത്മവിമര്‍ശനം നടത്തു ന്നവരെ ശത്രുക്കളായി കാണുന്ന പ്രവണതയാണ് പൊതുവെ കാണു ന്നത്. സ്വന്തം തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നവര്‍ സംഘത്തിന്റെ ശത്രു വാകുന്നു. അയാള്‍ ആക്രമിക്കപ്പെടുന്നു. ക്രിസ്തു ക്രൂശിക്കപ്പെട്ടത് എന്തിനായിരുന്നു? യൂഹൂദരെ ആത്മവിമര്‍ശനത്തിലേക്ക് നയിക്കാന്‍ ശ്രമിച്ച തിനായിരുന്നു. ക്രിസ്തുവിന്റെ അടിസ്ഥാന ദൗത്യം പോലും ആത്മപരി ശോധനയും ആത്മവിമര്‍ശവുമായിരുന്നു. ഉള്ളിലേക്ക് നോക്കാനാണ് അവിടുന്ന് ആഹ്വാനം ചെയ്തത് (ആസക്തിയോടെ സ്ത്രീയെ നോക്കു ന്നവനെ കുറിച്ചു പറയുമ്പോഴും കാഴ്ചയര്‍പ്പിക്കാനായി ചെല്ലുമ്പോള്‍ സഹോദരനോട് ഉള്ളില്‍ തോന്നുന്ന നീരസത്തെ കുറിച്ചുമെല്ലാം അവിടുന്ന് പറഞ്ഞത് ഓര്‍ക്കുക). എന്നാല്‍ നമ്മളോ? ആത്മവിമര്‍ശനം ആത്മ വീര്യം കെടുത്തുമെന്ന കാരണം പറഞ്ഞ് എല്ലാ പ്രവാചക ശബ്ദങ്ങളെയും നിശബ്ദരാക്കുന്നു! ആത്മവീര്യം വരുന്നത് ആള്‍ക്കൂട്ടബലത്തില്‍ നിന്നല്ല, ശുദ്ധമായ മനസ്സാക്ഷിയില്‍ നിന്നാണെന്ന കാര്യം നാം പലപ്പോഴും മറന്നു പോ കുന്നു. എന്താണ് ശുദ്ധമായ മനസ്സാക്ഷി? എല്ലാം അനാവൃതമാക്കുന്ന ദൈവത്തിന്റെ പ്രകാശത്തിനു മുമ്പില്‍ മിഴി താഴ്ത്താതെ നില്‍ക്കുവാനുള്ള ആത്മവിശ്വാസമാണത്. അതിനുമപ്പുറം ഒന്നും ഒളിച്ചു വയ്ക്കാതെ എല്ലാം കാണുന്നവന്റെ മുന്നില്‍ സ്വയം അനാവൃതനായി നില്‍ക്കുന്നവന്റെ ഭാരമില്ലായ്മയാണത്. ഈ ഭാരമില്ലായ്മയാണ് വ്യഭിചാരിണിയായ സ്ത്രീയെ ആള്‍ക്കൂട്ട ത്തില്‍ നിന്ന് വ്യത്യസ്തയാക്കിയത്. കല്ലെറിയാന്‍ വന്നവര്‍ ആള്‍ക്കൂട്ടം എന്ന പുകമറയ്ക്കുള്ളില്‍ ഒളിച്ചു നിന്നപ്പോള്‍ തന്റെ തെറ്റിനെ കുറിച്ച് ബോധ്യമുള്ള അഭിസാരിക പ്രകാശത്തിന്റെ മുന്നില്‍ സ്വയം അനാവൃതയായി നിന്നു. അതിനാലാണ് അവള്‍ നീതീകരിക്കപ്പെട്ടതും ക്ഷമ യ്ക്കു പാത്രമായതും. അവളുടെ മനോഭാവം കുരിശിന്റെ പാര്‍ശ്വത്തിലെ നല്ല കള്ളന്റേതുമായി ഒത്തു നോക്കുക. അയാള്‍ സ്വയം ന്യായീകരി ക്കുകയല്ല, സ്വന്തം തെറ്റ് ഏറ്റു പറയുകയാണ് ചെയ്തത്. അങ്ങനെയാണ് അയാള്‍ ഒറ്റ നിമിഷംകൊണ്ട് പറുദീസ സ്വന്തമാക്കിയത്. പ്രകാശത്തിന്റെ മുന്നില്‍ ജീവിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല ആത്മീയത. എപ്പോഴും എവിടെയും ഞാന്‍ ദൈവത്തിന്റെ മിഴിവെട്ടത്തിന് മുന്നിലാണെന്ന ബോധ്യത്തോടെ ജീവിക്കുക. അങ്ങനെ ജീവിക്കുന്നവര്‍ ഒരിക്കലും കല്ല് എടുക്കുകയില്ല. കാരണം അയാള്‍ക്കറിയാം, താന്‍ എറിയാന്‍ പോകുന്നവരുടെ കണ്ണിലുള്ള കരടിനേക്കാള്‍ വലിയ തടിക്കഷണമാണ് തന്റെ കണ്ണിലുള്ളതെന്ന്! എല്ലാവരും ഒരേ തൂവല്‍പക്ഷികള്‍ പിതാവ് ആരെയും വിധിക്കുന്നില്ല. വിധിയെല്ലാം അവിടുന്ന് പുത്രനെ ഏല്‍പിച്ചിരിക്കുന്നു എന്ന് വ്യക്തമായി അരുളിച്ചെയ്ത പുത്രന്‍ തന്നെയാണ് പാപം ചെയ്യുന്നതിനിടയില്‍ പിടിക്കപ്പെട്ട സ്ത്രീയെ വെറുതെ വിടുന്നതെന്നത് ചിന്തനീയമാണ്. ഈ ഭൂമിയില്‍ വിധിക്കാന്‍ അധികാരമുള്ള ഒരേയൊരാള്‍ പോലും വിധിവാചകം ഉച്ചരിക്കാതെ ഒഴിഞ്ഞു മാറുമ്പോള്‍ ഓര്‍ക്കണം, വിധിതീര്‍പ്പുകള്‍ ഈ കാലത്തിന്റേതല്ല, അത് വരാനിരിക്കുന്ന കാലത്തിന്റെതാണ്. ഒരാളെ പോലും ക്രിസ്തു വിധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. അതേ സമയം വ്യഭിചാരിണിയെയും ചുങ്ക ക്കാരെയും വിധിക്കാത്ത ക്രിസ്തു കപടനാട്യക്കാരുടെ നേരെ ആഞ്ഞടിക്കുകയും ചെയ്യുന്നു. കാരണം വളരെ കൃത്യമാണ്. 1 യോഹന്നാന്‍ 8-ാം വാക്യത്തില്‍ പറയുന്നതു പോലെ, 'നമുക്ക് പാപമില്ലെന്ന് പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും. അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും'. ആരാണീ ഫരിസേയരെന്ന് വിശദമാക്കേണ്ടതില്ല. യേശു വിശേ ഷിപ്പിക്കുന്നതു പോലെ അവര്‍ കപടനാട്യക്കാരാണ്. ആത്മവഞ്ചകരാണ്. സ്വയം പുണ്യവാളന്മാരെന്ന് കരുതുന്നവര്‍, ഈ ആള്‍ക്കൂട്ടത്തെ പോലെ. അവരെ മാത്രമാണ് യേശു വിധിക്കുന്നതും വിമര്‍ശിക്കുന്നതും. അവര്‍ കപടനാട്യക്കാരായി തുടരുന്നത് അവര്‍ ദൈവത്തിന്റെയും മനഃസാക്ഷി യുടെയും വെട്ടത്തിലേക്ക് നീങ്ങി നില്‍ക്കാത്തതുകൊണ്ടാണ്. പ്രകാശത്തെ അവര്‍ അകറ്റി നിറുത്തുകയും ചെയ്യുന്നു. ഈ കൂട്ടര്‍ ഒഴികെ ആരും യേശുവിന്റെ വിധിക്ക് പാത്രമാകുന്നില്ല. എല്ലാ പാപികളെയും അഗാധ മായ കരുണയോടെയാണ് അവിടുന്ന് ചേര്‍ത്തണക്കുന്നത്. അതിലൊരാളാണ് ആ അഭിസാരികയും. ആത്മാവബോധത്തിന്റെ മറുവശമാണ് കരുണ. ഞാന്‍ എന്നെത്തന്നെ കാണുന്ന ആ വെട്ടം എനിക്ക് എന്റെ സഹജീവിയെ അയാളാ യിരിക്കുന്ന അവസ്ഥയില്‍ കാണിച്ചു തരുന്നു- അയാളുടെ മുറിവുകളോടെ, ആന്തരിക ദൈന്യതയോടെ. ആ വെട്ടത്തില്‍ ഞാന്‍ എന്നെത്തന്നെയും അപരനെയും കാണുന്നു. ഇരുവരും ഒരേ തൂവല്‍പക്ഷികളാണെന്ന് അവിടെ നാം തിരിച്ചറിയുന്നു. അപ്രകാരം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ എന്തു വിധി? ബാക്കി വരുന്നത് കാരുണ്യം മാത്രം. അഗാധമായ മനുഷ്യത്വം മാത്രം! homilieslaity.com