നോയമ്പ്ക്കാലം 04: അയക്കപെട്ട പുത്രനെ തിരസ്കരിക്കുന്നവര് -Matthew 21:33-44
നോമ്പ് ഞായർ 4 മത്തായി 5:27-32
Biblical Background മത്തായിയുടെ സുവിശേഷത്തിലെ ഈശോയുടെ ഗിരിപ്രഭാഷണം ആണ് context. മത്തായി ഈശോയെ പുതിയ മോശമായിട്ട് അവതരിപ്പിക്കാൻ ആണ് ശ്രമിക്കുന്നത്.. അതിന്റെ ഭാഗമായി യഹൂദ നിയമങ്ങളെ (മത്തായിയുടെ) ഈശോ പൊളിച്ച് എഴുതുന്നുണ്ട്. ഇങ്ങനെ പൊളിച്ചെഴുതുന്ന നിയമങ്ങളിൽ ഒന്നാണ് വ്യഭിചാരം ചെയ്യരുത് എന്ന കല്പനക്കു ഈശോ നൽകുന്ന വിശദീകരണം. 1. വിശുദ്ധി പാലിക്കുക ഇന്നത്തെ വായനകളുടെ ഒരു പ്രധാന ആശയം ശാരീരിക വിശുദ്ധി കാത്തു സൂക്ഷിക്കുക എന്നുള്ളതാണ്. പഴയ നിയമത്തിലെ ഉല്പത്തി പുസ്തകത്തിൽ സോദോം -ഗൊമോറ ദേശത്തിലെ ജങ്ങളുടെ മ്ലേച്ഛത നിറഞ്ഞ പെരുമാറ്റവും അതുമൂലം വന്ന ദുരന്തവും സൂചിപ്പിക്കുന്നു. രണ്ടാം വായനയിൽ യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ദാസനായ ദാവീദിന്റെ വ്യഭിചാരവും നാഥൻ പ്രവാചകന്റെ കുറ്റാരോപണവും വായിക്കുന്നു. പിന്നെ ലേഖനത്തിൽ പൗലോസ് ഓർമ്മിപ്പിക്കുന്നത് യുവ സഹജമായ മോഹങ്ങളിൽ ഓടി അകലാനുമാണ്. സുവിശേഷത്തിൽ 'വ്യഭിചാരം ചെയ്യരുത്' എന്ന ദൈവിക കല്പനക്കു പുതിയ ഒരു നിർവചനം ഈശോ നൽകുന്നു. നോമ്പ് കാലത്തു ( അല്ലെങ്കിലും) പാലിക്കേണ്ട ഒരു പുണ്യമാണ് ശാരീരിക വിശുദ്ധി. സ്വന്തം ശരീരത്തോടും അപരന്റെ ശരീരത്തോടും ( പുരുഷൻ ആകട്ടെ സ്ത്രീ ആകട്ടെ) കൊടുക്കേണ്ട respect കൊടുക്കാൻ നമ്മൾ പഠിക്കണം പീഡിപ്പിച്ചതിന്റെയും പീഡിപ്പിക്കപ്പെട്ടത്തിന്റെയും വാർത്തകളാണ് പത്രങ്ങൾ നിറയെ... വന്നു വന്നു 'പോക്സോ' എന്നോക്ക കേട്ടാൽ നമ്മുക്ക് ഇപ്പോൾ ഞെട്ടൽ ഇല്ലാതായി... 'me too' ക്യാമ്പയിൻ ആകട്ടെ തകൃതിയായി നടക്കുന്നു. ഇന്റർനെറ്റിൽ ഇപ്പോഴും ഏറ്റവും market 'porn site' കൽക്കു തന്നെ. എന്നു വച്ചാൽ വിശുദ്ധി പാലിച്ചു ജീവിക്കുക എന്നത് ഇന്നത്തെ കാലത്തു എളുപ്പമല്ല . അതിനു അനുകൂലമായ സാഹചര്യം അല്ല നമുക്ക് ചുറ്റും. ആ വെല്ലുവിളി ഏറ്റെടുക്കാൻ പറ്റണം. ബോബി അച്ചന്റെ അഭിപ്രായത്തിൽ പത്രങ്ങളിൽ സ്ത്രീ പീഡനങ്ങൾക്ക് ഇത്രയേറെ പ്രാധാന്യം കൊടുക്കുന്നതിനുള്ള കാരണം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയോടുള്ള അലിവിൻറെ പേരിൽ ഒന്നുമല്ല; മറിച്ചു അത് വായിക്കുന്നവന്റെ ഭാവനകൾക്ക്‍ രതിയുടെ നീലിമ ചാർത്തി കൊടുക്കുന്നു എന്നതുകൊണ്ടാണ്. അതായത് വായിക്കുന്ന നമ്മളും ഒരു നിഗൂഢ സന്തോഷം അനുഭവിക്കുന്നുണ്ടത്രേ....!! അഴിക്കോട് സാറിന്റെ വാക്കുകൾ കടമെടുത്തത്താൽ കേരളത്തിൽ ഇന്ന് മത്സ്യ കച്ചവടവും മാംസ കച്ചവടവുമാണ് തകൃതി ആയിട്ട് നടക്കുന്നത്. അത്തരം ഒരു bussiness ന്റെ ഉല്പാദകരോ ഉപഭോക്താക്കളും ആകാതിരിക്കുക. "വ്യഭിചാരത്തിന്റെ ദുർഭൂതം അനേകരെ വഴി തെറ്റിക്കുന്നു" എന്നാണ് ഹോസിയ പ്രവാചകൻ നൽകുന്ന മുന്നറിയിപ്പ്.( ഹോസിയ 4:12) ആ ഭൂതത്തിനു പിടി കൊടുക്കാതെ ജീവിക്കുക. "വ്യഭിചാരത്തില്‍നിന്ന് ഓടിയകലുവിന്‍. മനുഷ്യന്‍ ചെയ്യുന്ന മറ്റു പാപങ്ങളെല്ലാം ശരീരത്തിനു വെളിയിലാണ്. വ്യഭിചാരം ചെയ്യുന്നവനാകട്ടെ സ്വന്തം ശരീരത്തിനെതിരായി പാപം ചെയ്യുന്നു." 1 കോറി 6 : 18 എന്ന പൗലോസിന്റെ ഉപദേശം മറക്കരുത്. 2. ദൂരെ കളയുക കുട്ടിക്കാലത്ത് ഏറെ കൗതുകത്തോടെ നോക്കിയിരുന്ന ഒരു ജീവി പല്ലി യാണ് . അതിങ്ങനെ ഇഴഞ്ഞു പോകുമ്പോൾ അതിനു അപകടം വരാൻ സാധ്യത ഉള്ള സാഹചര്യത്തിൽ അതിന്റെ വാൽ മുറിച്ചു കളഞ്ഞു കടന്നു പോകുന്നു.. മുറിഞ്ഞു പോയ ആ വാൽ തനിയെ പിടയുന്നത് പല തവണ നോക്കി നിന്നിട്ടുണ്ട്. എന്ന് പറഞ്ഞാൽ തല പോകുന്ന സാഹചര്യത്തിൽ ആത്മ രക്ഷക്കയി പല്ലി അതിന്റെ വാല് മുറിച്ചു കളയുന്നു. സത്യത്തിൽ അതുതന്നെയാണ് കർത്താവ് പറയുന്നത് . ശരീരം മൊത്തം പോകാതിരിക്കാനായി ഒരാവയവം നഷ്ടപ്പെടുത്തുക. നടക്കണ കാര്യം വല്ലതും ആണോ...? ( അല്ലേലും ഇമ്മടെ കർത്താവ് ചിലപ്പോൾ അത്ര പ്രാക്ടിക്കൽ അല്ല എന്ന് തോന്നാറുണ്ട്...) എന്തായാലും ഏതൊന്നാണോ നമ്മെ പ്രലോഭനത്തിൽ വീഴ്ത്തുന്നത്. അതു വെട്ടി ദൂരെ കളയുക എന്ന് ഇതിനെ കൂട്ടി വായിക്കാവുന്നതാണ്. നിന്റെ മൊബൈൽ ആണ് നിനക്കു ഇടർച്ചക്കു കാരണം എങ്കിൽ അത് ദൂരെ കളയുക, നിന്റെ ഇന്റർനെറ്റൊ whatsApps ഗ്രൂപ്പോ ആണോ നിനക്കു ഇടർച്ചക്കു കാരണമാകുന്നെങ്കിൽ ദയവ് ചെയ്തു അതു ഉപയോഗിക്കാതിരിക്കുകയോ uninstall ചെയ്തു കളയുകയോ ചെയ്യുക. എന്നു വച്ചാൽ നിന്റെ കാഴ്ച്ച നിനക്കു പ്രലോഭന ഹേതുവാകുന്നെങ്കിൽ കണ്ണല്ല, കാഴ്ച്ചകൾ വെട്ടി കളയുക എന്നർഥം. അതായത് ഉത്തമാ..... തെറ്റിലേക്ക് നിന്നെ നയിക്കുന്ന വസ്തുക്കളും വ്യക്തികളും സ്ഥലങ്ങളും കൂട്ടു കെട്ടുകളും യാത്രകളും ശീലങ്ങളും ഉപേക്ഷിക്കുക. അതാണ് വിശുദ്ധിയിലേക്കുള്ള ആദ്യ ചുവട്. പൗലോസ് പറയുന്നില്ലേ... "എല്ലാ അനുവദനീയമാണ് പക്ഷേ എല്ലാം പ്രയോജനകരമല്ല." അത്ര പ്രയോജനകരമല്ലാത്ത ചില കാര്യങ്ങൾ ഉപേക്ഷിക്കേണ്ട സമയം എന്നേ അതിക്രമിച്ചിരിക്കുന്നു അല്ലേ... 3. കണ്ണടക്കം ഈശോ യഹൂദരുടെ വ്യഭിചാരം ചെയ്യരുത് എന്ന നിയമത്തിനു പുതിയ മാനം നൽകുന്നു. ശാരീരിക മായുള്ള ബന്ധം അതും വിവാഹം കഴിഞ്ഞ സ്ത്രീ പുരുഷനുമായുള്ള ആയിട്ടുള്ള അവിഹിത ബന്ധം മാത്രമാണ് യഹൂദരെ സമ്പാദിച്ചു വ്യഭിചാരത്തിന്റെ മെയിൻ THRUST. പക്ഷെ ഈശോയെ സംബന്ധിച്ചു ക ആസക്തിയോടെ സ്ത്രീയെ നോക്കുന്നതു പോലും വ്യഭിചാരം എന്ന കാറ്റഗറിയിൽ വരുന്നു. അപ്പോൾ പ്രശനം ആസക്തിയും നോട്ടവുമണ്. കാഴ്ച്ചയും (See) നോട്ടവും ( Look) തമ്മിലുള്ള വ്യത്യാസം നമുക്കറിയാം. കാഴ്ച(See) സ്വാഭാവികമായി സംഭവിക്കുന്നതാണ്. നോട്ടം(Look) ആകട്ടെ മനപ്പൂർവ്വം നടത്തുന്നതാണ്. കാഴ്ചയെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിലും നോട്ടത്തെ നിയന്ത്രിക്കുക. 'കണ്ണടക്കം' എന്നൊക്കെ കർന്നവൻമാർ പറയാറില്ലേ... അതൊന്നു പരിശീലയ്ക്കുന്നത് നല്ലതാണ്. ആസക്തിയോട് കൂടിയുള്ള ചില നോട്ടങ്ങൾ ഉപേക്ഷിക്കുക എന്ന അർത്ഥം. അതിപ്പ പ്രൈവറ്റ് ബസിന്റെ മുൻ വശത്തെക്കുള്ള നോട്ടം മുതൽ ഒഴിവു സമയത്തെ ഇന്റർനെറ്റിലെ അത്ര നല്ലതല്ലാത്ത തിരച്ചിലുകൾ വരെ ഒരേ റേഞ്ചിൽ പെടും കർത്താവിന്റെ കാഴ്ചപ്പാടിൽ... അതുകൊണ്ടു അത് ഒഴിവാക്കുക. "ആസക്തികളാൽ കലുഷിതമായ പഴയ മനുഷ്യനെ ദൂരെ എറിയുവിൻ " (എഫേ 4:22) എന്ന പൗലോസിന്റെ വാക്കുകൾക്ക് ഈ നോമ്പ് കാലത്തു വലിയ അർത്ഥമുണ്ട്.. തല തിരിഞ്ഞ ചിന്ത "എടീ..., ഇമ്മടെ വികാരിയച്ചന്റെ നോട്ടം ശരിയല്ല കെട്ടോ...." ഒരു പള്ളീലച്ചനു നേരെ ഉയരാവുന്ന രഹസ്യമായ ആരോപണമാണിത്. കൊച്ചു വർത്തമാനങ്ങളിൽ ഏർപ്പെടുമ്പോഴും... ക്ലാസ് എടുക്കുമ്പോഴും, സൗഹൃദം പുതുക്കുമ്പോഴും, ഫോണിൽ തിരയുമ്പോഴും, യാത്ര ചെയ്യുമ്പോഴും, ഭക്ഷണ മേശയിലും എന്തിന്.... കുമ്പസാരക്കൂട്ടിലും, ബലിയർപ്പിക്കുമ്പോഴും ഒരു കണ്ണടക്കം പാതിരിക്ക് അത്യവശ്യമായ കാലമാണിത് ....!!! ഒരു കണക്കിനു പറഞ്ഞാൽ 'പാതി തിരിഞ്ഞതു' നന്നായി അല്ലേ....???