ദെനഹക്കാലം 02: നമ്മെപോലെ അവരും ഒന്നാവണം -John 1.14-18
ഞായര്‍ പ്രസംഗം ദനഹാ രണ്ടാം ഞായര്‍ യോഹ. 1: 14-18
കൃപയും സത്യവും മിശിഹാ വഴി മനുഷ്യനായി അവതരിച്ച ഈശോമിശിഹായുടെ വെളിപ്പെടുത്തലിനെക്കുറിച്ച് ധ്യാനിക്കുവാനാണല്ലോ ദനഹാക്കാലം നമ്മെ ക്ഷണിക്കുന്നത്. ദൈവം മനുഷ്യനായതിലൂടെ എന്താണ് സംഭവിച്ചതെന്ന് യോഹന്നാന്‍ സുവിശേഷകന്‍ വര്‍ണ്ണിക്കുന്നതാണ് രണ്ടാം ഞായറാഴ്ച്ചത്തെ നമ്മുടെ പരിചിന്തനവിഷയം (യോഹ. 1:14-18).
അനാദിയിലെ ദൈവത്തോടു കൂടെയുള്ള, ദൈവം തന്നെയായ വചനമാണ് മനുഷ്യനായത്. നസ്രായനായ ഈശോയിലാണ് മനുഷ്യരായ നമ്മള്‍ പിതാവായ ദൈവത്തിന്റെ മുഖം ദര്‍ശിച്ചത്. തന്നെ കാണുന്നവര്‍ പിതാവിനെയാണ് കാണുന്നത് (യോഹ. 14:9) എന്ന് അവിടുന്ന് തന്നെ അരുളിച്ചെയ്തിട്ടുണ്ടല്ലോ. സുവിശേഷകന്മാരായ ലൂക്കായും യോഹന്നാനും മനുഷ്യനായി അവതരിച്ച ഈശോയെ 'വചനം' എന്നാണ് വിശേഷിപ്പിക്കുന്നത് (ലൂക്കാ. 1:2; യോഹ. 1:1-18). അവിടുന്ന് പിതാവിനെ നമുക്ക് വെളിപ്പെടുത്തിത്തരുന്നതു കൊണ്ടാണിത്. ഏതൊരു വചനവും ആരില്‍ നിന്നു പുറപ്പെടുന്നുവോ ആ വ്യക്തിയെയാണല്ലോ വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ വചനമായ ഈശോ, പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നു. പുത്രനെന്ന നിലയില്‍ അവിടുത്തേയ്ക്ക് പിതാവുമായുള്ള ഗാഢബന്ധമാണ് മറ്റാരെയുംകാള്‍ പിതാവായ ദൈവത്തെ വെളിപ്പെടുത്തുന്നതിന് ഈശോയെ പ്രാപ്തനാക്കുന്നത്.
ഈശോയ്ക്ക് പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിച്ചുകൊണ്ട് യോഹന്നാന്‍ സുവിശേഷകന്‍ തന്റെ സുവിശേഷ വിവരണം ആരംഭിക്കാന്‍ തന്നെ കാരണവുമിതാണ്. വചനത്തെക്കുറിച്ചുള്ള ആമുഖത്തില്‍ നമ്മള്‍ ഇപ്രകാരം വായിക്കുന്നു: 'ആദിയില്‍ വചനമുണ്ടായിരുന്നു. ആ വചനം ദൈവത്തോട് കൂടെയായിരുന്നു. ആ വചനം ദൈവമായിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു' (യോഹ. 1:1-2). ഇപ്രകാരം, പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തുന്നത് (യോഹ. 1:18).
ഈശോയുടെ ആഗമനം വരെയുള്ള മനുഷ്യചരിത്രത്തില്‍ (പഴയനിയമത്തില്‍) ദൈവത്തെക്കുറിച്ചുള്ള അറിവ് നമുക്ക് പകര്‍ന്നുതന്നിട്ടുള്ളത് മോശയാണ്. ദൈവവുമായി മോശയ്ക്കുണ്ടായിരുന്ന അടുത്ത ബന്ധം തന്നെയായിരുന്നു ദൈവത്തെക്കുറിച്ച് വിവരിക്കുന്നതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്. കാരണം, സ്‌നേഹിതനോടെന്ന പോലെ കര്‍ത്താവ് മോശയോട് മുഖാഭിമുഖം സംസാരിച്ചിരുന്നു (പുറ. 33:11). ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ്, മനുഷ്യന് ചരിത്രത്തിലൂടെയുള്ള വഴി കാണിക്കുന്ന നിയമങ്ങള്‍ - മനുഷ്യനെ സംബന്ധിച്ച ദൈവഹിതം - നല്‍കുവാന്‍ അദ്ദേഹത്തിന് സാധിച്ചത്. ഞായറാഴ്ച്ചകളിലും ആഘോഷ ദിവസങ്ങളിലും പരിശുദ്ധ കുര്‍ബാനയിലെ ആദ്യവായന മോശയുടെ ഗ്രന്ഥമായ തോറാ അഥവാ പഞ്ചഗ്രന്ഥത്തില്‍ നിന്നാണല്ലോ.
ഇന്നത്തെ ആദ്യവായനയിലൂടെ മോശ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഇസ്രായേല്‍ ജനത്തിന്റെ മരുഭൂമി യാത്രയിലേക്കാണ് (സംഖ്യ 10:29-36). വര്‍ഷങ്ങള്‍ ദീര്‍ഘിച്ച ഈ യാത്രയില്‍ അവര്‍ക്ക് വഴികാട്ടിയായിരുന്നത് വാഗ്ദാന പേടകമായിരുന്നു. ഈ പേടകത്തിലുണ്ടായിരുന്നതാകട്ടെ, സീനായ് ഉടമ്പടിയുടെ വ്യവസ്ഥകളായ പത്ത് പ്രമാണങ്ങളടങ്ങിയ രണ്ട് ഫലകങ്ങളും. മരുഭൂമിയില്‍ ദൈവം ജനത്തെ അത്ഭുതകരമായി തീറ്റിപ്പോറ്റിയ മന്നായും പ്രധാന പുരോഹിതനായ അഹറോന്റെ വടിയുമായിരുന്നു. ദൈവസാന്നിധ്യത്തിന്റെയും അവിടുത്തെ പരിപാലനയുടെയും പ്രതീകങ്ങളായിരുന്നു വാഗ്ദാന പേടകവും അതിനുള്ളിലുണ്ടായിരുന്നവയും. ദൈവസാന്നിധ്യത്തിന്റെ അടയാളമെന്നോണം വാഗ്ദാന പേടകത്തോടനുബന്ധിച്ച് ഒരു മേഘവും നമ്മള്‍ കാണുന്നുണ്ട് (പുറ. 40:34).
യാത്രയ്ക്കിടയില്‍ ജനം കൂടാരങ്ങളില്‍ വിശ്രമിച്ചിരുന്നപ്പോള്‍ വാഗ്ദാന പേടകം സമാഗമന കൂടാരത്തിലായിരുന്നു. ദൈവസാന്നിധ്യം ജനത്തിനിടയില്‍ കൂടാരമടിച്ചതായിരുന്നു വാഗ്ദാന പേടകം (പുറ. 25:8-9). പിന്നീട് സോളമന്‍ നിര്‍മ്മിച്ച ജറുസലേം ദൈവാലയത്തിന്റെ കേന്ദ്രസ്ഥാനത്ത് ഈ വാഗ്ദാന പേടകമുണ്ടായിരുന്നു (1 രാജാ. 8:10-13). ദൈവത്തിന്റെ വചനം മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിക്കാനിരുന്നതിന്റെ മുന്നോടിയായിരുന്നു ഇത്. അതിശ്രേഷ്ഠമാം വിധം ദൈവം മനുഷ്യരുടെയിടയില്‍ കൂടാരമടിക്കുമെന്ന് പ്രവാചകന്മാരിലൂടെ ദൈവം മുന്‍കൂട്ടി അറിയിച്ചിട്ടുമുണ്ട് (ജോയേല്‍ 3:17; സംഖ്യ 2:10; എസെ. 43:7). മുന്‍മലയാള പരിഭാഷകളിലെ, വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു എന്നതിന്റെ സ്ഥാനത്ത്, പുതിയ പ്രഘോഷണഗ്രന്ഥത്തില്‍ വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചു (യോഹ. 1:14) എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് മൂലത്തോട് കൂടുതല്‍ വിശ്വസ്തമാണ്. പൂര്‍വ്വകാലങ്ങളില്‍ പ്രതീകങ്ങളിലൂടെ മനുഷ്യരുടെ ഇടയില്‍ വസിച്ച ദൈവം അവസാന നാളുകളില്‍ മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിച്ചു; അതാണ് നസ്രായനായ ഈശോ. പഴയനിയമ സമാഗമന കൂടാരത്തിന്റെ സ്ഥാനത്താണ് ഭൂമിയില്‍ ദൈവത്തിന്റെ മഹോന്നത സാന്നിധ്യമായ ഈശോ നിലകൊള്ളുന്നത്.
ദൈവഹിതവും ദൈവീകപദ്ധതിയും വെളിപ്പെടുത്തുന്നതില്‍ മോശയ്ക്ക് ശ്രേഷ്ഠമായ സ്ഥാനമുണ്ടായിരുന്നിട്ടുപോലും യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മുഖം കാണാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. ദൈവത്തിന്റെ മഹത്വം കാണാന്‍ ആഗ്രഹിച്ച മോശയോട് ദൈവം അരുളിച്ചെയ്തു: "നീ എന്റെ മുഖം കണ്ടുകൂടാ; എന്തെന്നാല്‍, എന്നെ കാണുന്ന ഒരു മനുഷ്യനും ജീവനോടെയിരിക്കുകയില്ല" (പുറ. 33: 20-23). മോശയ്ക്ക് നിഷേധിക്കപ്പെട്ട ദൈവീക ദര്‍ശനമാണ് പുത്രനായ ഈശോയ്ക്ക് സകലനേരവും സാധ്യമായിരുന്നത്. ഒരു വ്യക്തിയ്ക്ക് മറ്റൊരു വ്യക്തിയോട് സാധിക്കുന്നതിനെക്കാളുമെല്ലാം ഉപരിയായ ബന്ധം പുത്രനെന്ന നിലയില്‍ ഈശോയ്ക്ക് പിതാവിനോടുണ്ട്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അവിടുന്ന് ആധികാരികമായി പിതാവിനെ വെളിപ്പെടുത്തുന്നത്. മോശയും പ്രവാചകന്മാരും ദൈവത്തെയാണ് വെളിപ്പെടുത്താന്‍ ശ്രമിച്ചതെങ്കിലും പഴയനിയമത്തിലെ ദൈവം മറഞ്ഞിരിക്കുന്ന ദൈവം തന്നെയാണ്. ഇതേക്കുറിച്ച് ഇന്നത്തെ രണ്ടാം വായനയില്‍ പരാമര്‍ശമുണ്ട്: 'ഇസ്രായേലിന്റെ ദൈവവും രക്ഷകനുമായവനേ, അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാണ്' (ഏശ. 45:15). പഴയനിയമത്തില്‍ മറഞ്ഞു മാത്രം പ്രത്യക്ഷപ്പെടുന്ന ദൈവത്തെ പൂര്‍ണ്ണമായി നമുക്ക് വെളിപ്പെടുത്തിത്തന്നത് പുത്രനായ ഈശോമിശിഹായാണ്.
മോശയും ഈശോയും തമ്മിലുള്ള താരതമ്യമാണ് പുതിയ നിയമത്തില്‍ നിന്നുള്ള ആദ്യവായനയിലും തുടരുന്നത്. അവിടെ ഹെബ്രായ ലേഖകന്‍ ലോകം മുഴുവനെയും ഒരു ഭവനത്തോട് ഉപമിക്കുന്നു (ഹെബ്രാ. 3:1-6). ദൈവത്തിന്റെ ഈ ഭവനത്തില്‍ വിശ്വസ്തതാപൂര്‍വ്വം ശുശ്രൂഷ ചെയ്തവനായിരുന്നു മോശ. ഈശോയാകട്ടെ, ഭവനം മുഴുവന്റെയും അധിപനായ ദൈവത്തോടുള്ള വിശ്വസ്തതയില്‍ താരതമ്യമില്ലാത്ത വിധം മോശയെക്കാള്‍ മുമ്പനാണ്. മോശ ഈ ഭവനത്തില്‍ ഭൃത്യനെപ്പോലെ ആയിരുന്നെങ്കില്‍, ഈശോ യഥാര്‍ത്ഥ പുത്രനാണ്. ഈ പുത്രനാണ് മനുഷ്യരൂപമെടുത്ത് നമ്മുടെയിടയില്‍ കൂടാരമടിച്ചത്. പുത്രനായതു കൊണ്ടാണ് ഈ വിധം പിതാവിനെ വെളിപ്പെടുത്താന്‍ അവിടുത്തേയ്ക്ക് കഴിയുന്നതും.
നമ്മുടെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈ മനുഷ്യാവതരമാണ്. നമ്മള്‍ ഏറ്റുപറയുന്ന വിശ്വാസത്തിന്റെ ശ്ലീഹായും ശ്രേഷ്ഠ പുരോഹിതനുമായ ഈശോയെപ്പറ്റി ചിന്തിക്കാന്‍ ഹെബ്രായ ലേഖകന്‍ നമ്മെ ആഹ്വാനം ചെയ്യുന്നുമുണ്ട്. മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിച്ച ഈശോയില്‍ നമ്മള്‍ ദര്‍ശിച്ചത് പിതാവിന്റെ ഏകജാതന്റെ മഹത്വമാണ്. പഴയനിയമത്തില്‍ 'ദൈവം പ്രത്യക്ഷപ്പെട്ടു' എന്നുപറയുന്നതിനു പകരം 'ദൈവമഹത്വം പ്രത്യക്ഷപ്പെട്ടു' എന്നു പറയുന്നുണ്ട് (പുറ. 24: 10-16). ദൈവത്തിന്റെ അതിശ്രേഷ്ഠമായ സാന്നിധ്യത്തെയും ശക്തിയെയും വിശുദ്ധിയെയും സൂചിപ്പിക്കാനാണ് 'കര്‍ത്താവിന്റെ മഹത്വം' എന്ന് ഉപയോഗിക്കുന്നത്. ദൈവസാന്നിധ്യത്തിന്റെ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അഗ്നിയും മേഘവും ഈ മഹത്വത്തിന്റെ അടയാളങ്ങളാണ്. കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പിലും മേഘാവൃതമായ സീനായ് മലയിലും കര്‍ത്താവിന്റെ മഹത്വമാണ് കാണപ്പെട്ടത്. വാഗ്ദാന പേടകത്തിലും ജറുസലേം ദൈവാലയത്തിലും ഈ മഹത്വം ദൃശ്യമായിരുന്നു (പുറ. 40:34; 1 രാജാ. 8:11). വിജാതീയര്‍ ദൈവാലയം നശിപ്പിക്കുന്നതിനു മുമ്പ് കര്‍ത്താവിന്റെ മഹത്വം ദൈവാലയം വിട്ടുപോകുന്നതായി പ്രവാചകന് ദര്‍ശനമുണ്ടായി (എസ. 10:18-19; 11:22-23). യുഗാന്ത്യത്തിലെ പുതിയ ദൈവാലയത്തിലേക്ക് ഈ മഹത്വം തിരിച്ചുവരുമെന്നും എസക്കിയേല്‍ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട് (എസ. 43:1-5). പ്രവാചകന്‍ മുന്‍കൂട്ടി കണ്ട ഈ മഹത്വമാണ് മനുഷ്യനായ ഈശോയില്‍ പ്രത്യക്ഷപ്പെട്ടത്. അവിടുന്ന് പ്രവര്‍ത്തിച്ച അടയാളങ്ങളും അത്ഭുതങ്ങളും ഈ ദൈവികമഹത്വം കൂടുതല്‍ പ്രകാശിതമാക്കി. പിതാവിന്റെ മുഖം നമുക്ക് കാണിച്ചുതന്നു എന്നതിലാണ് ഈശോ നല്‍കിയ വെളിപാടിന്റെ മാഹാത്മ്യം എന്ന് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 'നസ്രായനായ ഈശോ' എന്ന തന്റെ പുസ്തകത്തില്‍ എഴുതുന്നു.
ഈശോയില്‍ പ്രകടമായ മഹത്വത്തിന്റെ പ്രത്യേകത, അത് കൃപയും സത്യവും നിറഞ്ഞതാണ് എന്നതാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന രണ്ടു പദങ്ങളാണ് 'കൃപയും സത്യവും'. മോശ വഴി നല്‍കപ്പെട്ട നിയമത്തോട് താരതമ്യപ്പെടുത്തിയാണ് യോഹന്നാന്‍ കൃപയെയും സത്യത്തെയും അവതരിപ്പിക്കുന്നത് (യോഹ. 1:17). പഴയനിയമകാലത്ത്, ദൈവത്തിന്റെ സ്വന്തജനമാകുന്നതിനുള്ള മാര്‍ഗ്ഗം മോശയുടെ നിയമം പാലിക്കുകയായിരുന്നു. എന്നാല്‍, ദൈവപുത്രന്റെ മനുഷ്യാവതാരത്തോടെ ദൈവത്തിന്റെ മക്കളാകുന്നതിനുള്ള നവീന സാധ്യത തെളിഞ്ഞു. ദൈവികതയ്ക്ക് തെല്ലും ഭംഗം വരാതെ മനുഷ്യനായ പുത്രന്‍ തന്റെ സഹന-മരണോത്ഥാനങ്ങളിലൂടെ പിതാവിന്റെ സ്‌നേഹത്തിന്റെ പാരമ്യം വെളിപ്പെടുത്തിക്കൊണ്ട് രക്ഷാകരപദ്ധതി അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അതോടെ, ദൈവത്തോടൊത്തുള്ള നിത്യജീവിതത്തിലേയ്ക്കുള്ള വാതായനം മനുഷ്യരായ നമുക്ക് തുറന്നുകിട്ടി. ദൈവത്തിന്റെ ഏകജാതനില്‍ നമ്മെ ഓരോരുത്തരെയും ദൈവമക്കളാക്കുന്ന അവിടുത്തെ വിശ്വസ്തതയും കാരുണ്യാതിരേകവും സ്‌നേഹവായ്പുമെല്ലാമാണ് കൃപയും സത്യവും എന്നതുകൊണ്ട് യോഹന്നാന്‍ സുവിശേഷകന്‍ വിവക്ഷിക്കുന്നത്. ദൈവീക വെളിപാടിന്റെ പൂര്‍ണ്ണതയാണിത്.
'അവന്റെ പൂര്‍ണ്ണതയില്‍ നിന്ന് നാമെല്ലാവരും കൃപയ്ക്കുമേല്‍ കൃപ പ്രാപിച്ചിരിക്കുന്നു' (യോഹ. 1:16). ഈശോയുടെ പൂര്‍ണ്ണത അടങ്ങിയിരിക്കുന്നത് പിതാവുമായുള്ള അവിടുത്തെ ബന്ധത്തിലാണ്. ഈ ദൈവ-പുത്രബന്ധത്തിലേയ്ക്കാണ് ഈശോയില്‍ വിശ്വസിക്കുന്നതു വഴി നമ്മളും പ്രവേശിച്ചിരിക്കുന്നത്. തന്നെ സ്വീകരിച്ചവര്‍ക്ക്, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക്, ദൈവമക്കളാകാനുള്ള അധികാരം അവന്‍ നല്‍കി (യോഹ. 1:12). 'കൃപയ്ക്കുമേല്‍ കൃപ' എന്ന പ്രയോഗം കൊണ്ട് യോഹന്നാന്‍ വിവക്ഷിക്കുന്നത് നമ്മെ ദൈവപുത്രരാക്കുന്ന ഈ 'മഹാകൃപ' യെയാണ്. നസ്രായനായ ഈശോമിശിഹായെ ദൈവത്തിന്റെ സമ്പൂര്‍ണ്ണ വെളിപ്പെടുത്തലായി അംഗീകരിച്ച്, പിതാവിന്റെ ഐക്കണായി അവിടുത്തെ സ്വീകരിച്ച് ദൈവികജീവനില്‍ പങ്കുചേര്‍ന്ന് ദൈവമക്കളാകാനുള്ള ഭാഗ്യം നല്‍കി ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍
www.lifeday.in