ദെനഹക്കാലം 01

ദെനഹക്കാലം 01: സമഗ്ര വിമോച്ചകനായ യേശുവിന്റെ വെളിപ്പെടുത്തല്‍ – Luke 4:16-22

സീറോ മലബാര്‍ ദനഹാക്കാലം ഒന്നാം ഞായര്‍ - ലൂക്കാ 4: 14-30 ദൈവാത്മാവ്</P

ദൈവത്തിന്റെ ആത്മാവ് അവനിലുണ്ട്. ദൈവാത്മാവ് ഉള്ളില്‍ നിറയുമ്പോളുണ്ടാകുന്ന പരിണിതഫലങ്ങളാണ് പിന്നീട് പറയുന്നവ (4:18-20). നിന്നില്‍ ദൈവാത്മാവുണ്ടോ എന്നറിയാനുള്ള മാര്‍ഗ്ഗം ഇതുതന്നെയാണ്. നീ പാവപ്പെട്ടവര്‍ക്ക് നല്ല വാര്‍ത്ത പകരുന്നുണ്ടോ? ഇതൊന്നും ചെയ്യാതെ മറ്റെന്തു പ്രാര്‍ത്ഥനയും ആത്മീയാഭ്യാസവും നടത്തിയാലും നിന്നില്‍ ദൈവാത്മാവ് ഉണ്ടെന്നു പറയാനാവില്ല.</P

ജനങ്ങളുടെ രണ്ട് വിപരീത പ്രതികരണങ്ങള്‍ക്കും (4:22,28-30) യേശു നിന്നുകൊടുക്കുന്നില്ല. പ്രശംസയുടെയും സ്തുതിയുടെയും മുമ്പില്‍ യേശു പൊങ്ങിപ്പോകുന്നില്ല. (4:26-27). അവരുടെ കോപത്തിനും അവന്‍ നിന്നുകൊടുക്കുന്നില്ല (4:30). നീയും അനുകരിക്കേണ്ട മാതൃകയിതാണ്. മീശ ചുരുട്ടുകയെന്നുളളത് പലരുടെയും ഹോബിയാണ്. ഭയപ്പെടാതിരിക്കുകയെന്നുളളത് നിന്റെ ശൈലിയായി നീ വളര്‍ത്തിയെടുക്കണം. അപ്പോഴാണ് ദൗത്യബോധമുളള യേശുശിഷ്യന്‍ രൂപപ്പെടുന്നത്.</P

ഫാ. ജി. കടൂപ്പാറയില്‍ MCBS

ദനഹാക്കാലം ഞായർ 1
ലൂക്ക 4 :16-22

Background

സിനഗോഗ്: യഹൂദരുടെ വിശ്വാസജീവിതത്തിന്റെ ഒരു ഭാഗമാണ് സിനഗോഗ്. സോളമന്റെ ഭരണത്തിന് ശേഷം ദേവാലയം ആദ്യ ജെറുസലേം ദേവാലയം നശിപ്പിക്കപ്പെട്ടപോൾ (BCE 586) യഹൂദർ പലഭാഗത്തായി ചിതറി പോയി. അപ്പോൾ ഉയർന്നുവന്ന ഒരു സമ്പ്രദായമാണ് സിനഗോഗ് സിസ്റ്റം എന്നാണ് ഭൂരിഭാഗം ബൈബിൾ പണ്ഡിതരും പറയുന്നത്. എന്നാൽ ചിലർ കണക്കാക്കുന്നത് രണ്ടാമത്തെ ദേവാലയം നശിപ്പിക്കപ്പെട്ടപ്പോൾ ( CE 72) അതിനുശേഷം ഉയർന്നുവന്ന ഒരു രീതിയാണ് എന്നും പറയുന്നു. എന്തുതന്നെയായാലും ദേവാലയം ഇല്ലാത്ത സാഹചര്യത്തിൽ ഉണ്ടായ ബദൽ സംവിധാനമാണ് സിനഗോഗ് . അങ്ങനെയാണ് ഇമ്മടെ മാളയിലും മട്ടാഞ്ചേരിയിലുമെ ല്ലാം ഈ സിനഗോഗ് ഉണ്ടായത് . മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളാണ് സിനഗോഗിൽ നടക്കുന്നത്.
1. വചനം വായിക്കുക & വ്യാഖ്യാനിക്കുക
2. പ്രാർത്ഥന
3. പഠനം
SYNAGOGUE എന്ന വാക്കിൻറെ അർത്ഥം 'to bring together', 'കൂടിച്ചേരൽ' 'ഒത്തുകൂടുക' എന്നുള്ളതാണ്.
അങ്ങനെയുള്ള ഒരു സിനഗോഗിൽ വച്ചാണ് ഈശോ വചനം വായിക്കാൻ ആരംഭിക്കുന്നത്.

Interpretation

1.ജീവിത നിയോഗം

ഇന്നത്തെ വായനകളെല്ലാം ഒരുവന്റെ ജീവിത ലക്ഷ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ആദ്യ വായനയിൽ ഇസ്രായേലിന്റെ വിമോചകനായിട്ട് മോശയെ നിയോഗിക്കുന്ന ഭാഗം നമ്മൾ വായിച്ചു കേൾക്കുന്നു. രണ്ടാം വായനയിൽ പ്രവാചകൻ ഇസ്രായേൽജനത്തെ ബാബിലോണിയൻ അടിമത്തത്തിൽ നിന്നും മോചിപ്പിക്കുക എന്നുള്ള ജീവിതനിയോഗം സൈറസ് രാജാവിന് കർത്താവ് നൽകുന്ന സംഭവം നമ്മൾ വായിച്ചു കേൾക്കുന്നു. ലേഖനത്തിന് പൗലോസ് ശ്ലീഹാ, ക്രിസ്തു ശിഷ്യൻ എന്ന നിലയിൽ തിമോത്തിക്ക് ഉണ്ടാകേണ്ട ജീവിതനിയോഗത്തെക്കുറിച്ച് അവനെ ഓർമ്മപ്പെടുത്തുന്നു. സുവിശേഷമാകട്ടെ തൻറെ ജീവിതം നിയോഗത്തെ കുറിച്ചുള്ള ഏശയ്യ പ്രവാചകന്റെ മുന്നറിയിപ്പ് ഈശോ മറ്റുള്ളവരുടെ മുമ്പിൽ വെളിപ്പെടുത്തി കൊടുക്കുന്നതാണ്. നമുക്കൊക്കെ ജീവിതത്തിനും ഇതുപോലെ എന്തെങ്കിലും ഒരു ലക്ഷ്യം/ നിയോഗം ഉണ്ട്. ദൈവത്തിന് എന്നെ കുറിച്ചുള്ള നിയോഗം എന്താണെന്ന് തിരിച്ചറിയുവാനും അതിനുവേണ്ടി അക്ഷീണം പ്രയത്നിക്കാനും അത് നേടിയെടുക്കുവാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. മോശക്ക് ഏൽപ്പിക്കപ്പെട്ട ജീവിതനിയോഗം അദ്ദേഹം പൂർത്തിയാകുന്നു. ഇസ്രായേൽ ജനത്തെ ഈജിപ്തിലെ അടിമത്തത്തിൽ നിന്നും അയാൾ മോചിപ്പിക്കുന്നു. സൈറസ് രാജാവും തന്നെ ജീവിതം പൂർത്തിയാകുന്നു. ബാബിലോണിയൻ അടിമത്തത്തിൽ നിന്നും ഇസ്രായേൽ ജനത്തെ മോചിക്കുന്നു. ഈശോയും തന്നെക്കുറിച്ചുള്ള വിവരണങ്ങൾ ജീവിതം വഴി പൂർത്തിയാകുന്നു. അതുപോലെ നമ്മെ കുറിച്ചുള്ള ദൈവിക നിയോഗം എന്താണ് എന്ന് തിരിച്ചറിയാനും അത് പൂർത്തിയാക്കു വാനുമായി നമ്മൾ പ്രാർത്ഥിക്കണം.

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുക എന്നുള്ളതാണ് ഗാന്ധിജിയുടെ നിയോഗം, കെട്ടുറപ്പുള്ള ഒരു ഭരണ ഘടന ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു അംബേദക്കറിന്റെ നിയോഗം, വർണവിവേചന വ്യവസ്ഥ അവസാനിപ്പിക്കുക എന്നുള്ളതായിരുന്നുനെൽസൺ മണ്ടേലയുടെ നിയോഗം, തെരുവിൽ കിടന്ന ഒരുപാട് കുരുന്നുകൾക്ക് പുതുജീവൻ നൽകുകയായിരുന്നു മദർ തെരേസയുടെ നിയോഗം, നൂറ്റാണ്ടുകളായി കാത്തിരിക്കുന്ന ഒരു ജനതയയുടെ രക്ഷകന്റെ മാതാവാകുകയായിരുന്നു പരിശുദ്ധ അമ്മയുടെ നിയോഗം. എന്തിന് ഒരുപക്ഷേ ക്രിക്കറ്റ് വേൾഡ് കപ്പ് ഇന്ത്യക്ക് നേടിക്കൊടുക്കുക എന്നുള്ളത് ധോണിയുടെ നിയോഗവും അർജൻറീനക്ക് FIFA വേൾഡ് കപ്പ് നേടിക്കൊടുക്കുക എന്നത് മെസ്സിയുടെ ജീവിത നിയോഗവുമായി കണക്കാക്കാം. അത്രയും ഒന്നും ഇല്ലേലും നമ്മുടെ ജീവിതത്തിലും പൂർത്തിയാക്കേണ്ട ചില ലക്ഷ്യങ്ങൾ കാണും. അതു കണ്ടെത്തി പൂർത്തിയാക്കുക.
കുറച്ചു കൂടി Spiritual Language ൽ പറഞ്ഞാൽ There is a vocation within the vocation. 'വിളിക്കുള്ളിലെ വിളി' എന്നൊക്കെ പറയുന്ന സംഭവം മനസ്സിലാക്കാനും അതനുസരിച്ച് ജീവിതത്തെ ക്രമീകരിക്കുവാനും അത് നേടിയെടുക്കാനും നമുക്ക് പറ്റണം.

എല്ലാ വിത്തിലും മരം ഒളിച്ചിരിപ്പുണ്ട് . പക്ഷേ എല്ലാം മരമായി മാറുന്നില്ല എന്നു പറയാറില്ലേ....? അതുപോലെ നമുക്കൊക്കെ വലിയ വലിയ കാര്യങ്ങൾ ചെയ്യാനായിട്ടുള്ള കഴിവും കൃപയും ദൈവികനിയോഗവുമുണ്ട് പക്ഷെ പലരും അത് കണ്ടെത്തുവാനോ പൂർത്തിയാക്കാനോ കഴിയാതെ ഒരു സാധാരണ ജീവിതം ജീവിച്ച് മരിച്ചു പോകുന്നു . അങ്ങനെയല്ലാതെ ഒരു അസാധാരണ ജീവിതം നയിക്കാൻ നമുക്ക് പറ്റണം. സഖറിയ പറയുന്നതു പോലെ (ഏത് സഖറിയ....? മലയാള സാഹിത്യകാരൻ സഖറിയ...) " നീ ജനിച്ചു, ജീവിച്ചു; മരിച്ചു ... ശരി.... ,
ആട്ടെ എന്ത് അത്ഭുതം നീ ചെയ്തിട്ടുണ്ട് ....!!!? അതുകൊണ്ട് നമ്മുടെ ജീവിതത്തിൻ ചില അസാധാരണ കാര്യങ്ങൾ ചെയ്യാനും നമ്മെ കുറിച്ചുള്ള ദൈവനിയോഗം തിരിച്ചറിഞ്ഞ് അതിന് പൂർത്തിയാക്കുവാനു മായിട്ടുള്ള കൃപയ്ക്കു വേണ്ടിയിട്ട് പ്രത്യേകമായി പ്രാർത്ഥിക്കാം.

2. അവനെ നോക്കുക, അവനെ മാത്രം നോക്കുക

സുവിശേഷത്തിൽ കാണുന്ന ഒരു കാര്യം ഇതാണ് എല്ലാവരും അവനെ ഉറ്റുനോക്കി കൊണ്ടിരുന്നു എന്ന്. പണ്ട് കേട്ട ഒരു കഥ ഇപ്രകാരമാണ് . ഒരു ഗായകൻ ഗാനമേളയിൽ മനോഹരമായ ഗാനം ആലപിക്കുന്നു. ചുറ്റുമുള്ളവരൊക്കെ കയ്യടിക്കുന്നു. ആലപാനത്തിനു ശേഷം പലരും വന്നു അദ്ദേഹത്തെ അഭിനന്ദിക്കുന്നു. എന്നാൽ അദ്ദേഹത്തിന് മുഖത്ത് ഒരു പ്രസാദം കാണുന്നില്ല. പത്രപ്രവർത്തകരിലൊരാൾ അദ്ദേഹത്തോട് ചോദിക്കുന്നു " സാർ വളരെ മനോഹരമായി ഗാനമാലപിച്ചു. ചുറ്റുമുള്ളവരെല്ലാം അങ്ങയെ അഭിനന്ദിക്കുന്നു. എന്നിട്ടും എന്തേ അങ്ങയുടെ മുഖത്ത് ഒരു പ്രസാദമില്ലാത്തത്.?" അയാൾ ഇപ്രകരം മറുപടി പറഞ്ഞു: നിങ്ങൾ എന്നെ അഭിന്ദിക്കുമ്പോൾ എല്ലാം എന്റെ കണ്ണുകൾ കാണികൾക്ക് ഏറ്റവും പുറകിൽ നിൽക്കുന്ന എൻറെ ഗുരുവിൻറെ മുഖത്ത് ആയിരുന്നു. ആ മുഖത്ത് എന്നെ തൃപ്തി പെടുത്തുന്ന ഒന്നും കാണാൻ കഴിഞ്ഞില്ല . പിന്നെ എങ്ങനെയാണ് എനിക്ക് സന്തോഷിക്കാൻ ആവുക? സത്യത്തിൽ ഇതു നമ്മുടെ ജീവിതത്തിലും വാസ്തവമാണ്. ഒരുപക്ഷേ നമ്മുടെ കഴിവും അറിവും കണ്ടു ഒത്തിരി പേര് നമുക്ക് ചുറ്റും നിന്ന് കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ ഇടക്കിടക്ക് ഈശോയുടെ മുഖത്തേക്ക് നോക്കാൻ നമുക്ക് പറ്റണം. അതായത് ഓരോ ദിവസവും കുറച്ചുസമയം ഈശോയുടെ ഒപ്പം ഇരിക്കാനായിട്ട് നമുക്ക് പറ്റണം. പള്ളിയിൽ പ്രാർത്ഥിക്കാൻ വന്ന ഒരു കൃഷിക്കാരന്റെടുത്ത് എങ്ങനെയാണ് താങ്കൾ പ്രാർത്ഥിക്കുന്നത് എന്ന് വിയാന്നി പുണ്യാളൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി എപ്രകാരമാണ്. "ഞാൻ എന്റെ ഈശോയെ നോക്കി കൊണ്ടിരിക്കും ഈശോ എന്നെയും" . സത്യത്തിൽ ഇതാണ് പ്രാർത്ഥന. അതുപോലെ ഈശോയുടെ മുഖത്തേക്ക് ഉറ്റു നോക്കാനായി നമുക്ക് പറ്റണം. കുറച്ചു സമയം അവനെ മാത്രം നോക്കിക്കൊണ്ടു പ്രാര്ഥിക്കാനും പറ്റണം.

3.അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കരുത്

ഈശോയുടെ വാക്കുകൾ കേട്ട് ജനക്കൂട്ടം അവനെ പ്രശംസിച്ചു എന്നാണ് സുവിശേഷം പറയുന്നത്. മറ്റൊരാളെ അഭിനന്ദിക്കാൻ മടിയുള്ള ഒരു സമൂഹമാണ് നമ്മുടേത്. ഒരു നേട്ടം ഒരാൾക്ക് വന്നാൽ, ഒരു വിജയം കിട്ടിയാൽ, ഒരു അംഗീകാരം കിട്ടിയാൽ, ആത്മാർത്ഥമായി അയാളെ അംഗീകരിക്കാൻ, ഒരു അഭിനന്ദനം കൊടുക്കാൻ, ഗ്രൂപ്പിൽ ഒരു Congratulation ഇടാൻ, പേഴ്സണൽ ആയി ഒന്ന് വിളിക്കാൻ, അദ്ദേഹത്തെക്കുറിച്ച് രണ്ടു നല്ല വാക്ക് സംസാരിക്കാൻ ഒരു പിശുക്കും കാണിക്കേണ്ട ആവശ്യമില്ല . കാര്യം നമ്മുടെ ശത്രുവാണെങ്കിലും മറ്റൊരാളുടെ നേട്ടത്തെ അംഗീകരിക്കാനും പ്രശംസിക്കാനും പറ്റുക വലിയ കാര്യമാണ്. പലപ്പോഴും അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കുന്ന സമൂഹമാണ് നമ്മുടേത്. ഒട്ടും ആത്മാർത്ഥതയില്ലാത്ത അഭിനന്ദനങ്ങളാണ് പലപ്പോഴും നമ്മൾ കൊടുക്കുന്നത്. ഒരു അഭിനന്ദനം കൊടുക്കുമ്പോൾ- നന്നായിട്ട് പാട്ട് പാടി കേട്ടോ, പ്രസംഗം super ആയി കേട്ടോ, താൻ നന്നായി എഴുതുന്നുണ്ട് കേട്ടോ, നല്ല ക്ലാസ്സ് ആയിരുന്നു നന്നായിട്ട്, കാര്യങ്ങൾ നന്നയി ഓർഗനൈസ് ചെയ്തു കേട്ടോ, നന്നായി പെർഫോം ചെയ്തു കേട്ടോ, വേഷം കലക്കിയിട്ടുണ്ട് കെട്ടോ ഭക്ഷണം നന്നായിട്ടുണ്ട് എന്നൊക്കെ മടികൂടാതെ പറയുക.
നമ്മെ മറ്റുള്ളവർ അഭിനന്ദിക്കുമ്പോൾ എന്തൊക്കെ പറഞ്ഞാലും ഇമ്മക്ക് ഒരു സന്തോഷം തോന്നില്ലേ..? എന്നു പറഞ്ഞപോലെ നമ്മൾ മറ്റുള്ളവരെ അഭിനന്ദിക്കുമ്പോൾ അവർക്കും സന്തോഷമാകും . മക്കളെ , മാതാപിതാക്കളെ, പ്രായമായവരെ ,ഭാര്യയെ, ഭർത്താവിനെ, അധികാരികളെ, കൂട്ടുകാരെ അഭനന്ദിക്കാൻ മറക്കരുത്‌. (ചുമ്മാ ഇമ്മടെ ചിലവിൽ അവരൊന്നു സന്തോഷിക്കട്ടെയെന്നു....)

ഈശോയുടെ വാക്ക് കേട്ട് ജനക്കൂട്ടം അവനെ പ്രശംസിച്ചുകൊണ്ട് പറയുന്നത് അവൻ ജോസഫിന്റെ മകനല്ലേ എന്നൊക്കെ പറഞ്ഞാണ് അവനെ അഭിനന്ദിക്കുന്നത്. അതായത് ഈശോയെയും അവന്റെ അപ്പനെയും അവർ പ്രശംസിക്കുന്നു എന്നർത്ഥം.
അഭിനന്ദിക്കുന്നവരോട് വെറും മാത്രമല്ല ഒന്നോ രണ്ടോ വാക്കുകൾ അവരുടെ ഫാമിലിയെ പറ്റിയും അവരുടെ മറ്റു കഴിവുകളെ പറ്റിയും ചേർത്ത് പറയുന്നതും നന്നായിരിക്കും എന്ന് തോന്നുന്നു.

പറച്ചിലും പ്രവർത്തിയും

1. എന്റെ വിളിക്കുള്ളിലെ വിളി Call within 'the Call' കണ്ടെത്താൻ പ്രാർത്ഥിക്കുക.

2. ഈശോയെ നോക്കി കൊണ്ട് അൽപ്പ സമയം ദേവാലയത്തിൽ ചെലവഴിക്കുക.

3. മറ്റൊരാളെ അഭിനന്ദിക്കാൻ കിട്ടുന്ന അവസരങ്ങൾ പാഴാക്കാതെ സൂക്ഷിക്കുക.

പുറ. 3:1-12, ഏശ 44:28-45:4, 2 തിമോ: 3:10-15, ലൂക്ക 4:16-22

സമഗ്ര വിമോചനവും സ്വാതന്ത്ര്യവും...

വിമോചകരാകുന്ന നേതാക്കള്‍..

അനീതിയുടെ അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് ഒരു ജനതയെ കൈപിടിച്ചുയര്‍ത്താന്‍ തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കന്മാരെയും, അവരുടെ ഉറച്ച ദൗത്യബോധത്തെയും വേദപുസ്തകതാളുകളിലൂടെ ഇന്നത്തെ വചനഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നു. ദൈവത്തിന്റെ സ്വന്തം ജനത്തെ ഈജിപ്തിന്റെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച് തേനും, പാലും ഒഴുകുന്ന ദേശത്തേക്ക് നയിക്കാന്‍ മോശയേയും, ഇസ്രായേലിനെ ബാബിലോണ്‍ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച് സ്വദേശത്തേക്ക് തിരികെകൊണ്ടുവന്ന് ജറുസലെമിനെ പുനര്‍നിര്‍മ്മിക്കാന്‍ സൈറസിനെയും തിരഞ്ഞെടുക്കുന്ന പഴയനിയമ ഭാഗങ്ങളും, പാപാന്ധകാരത്തില്‍ നിന്ന് പ്രകാശത്തിലേക്കും, ബന്ധനത്തിന്റെയും മര്‍ദ്ദനത്തിന്റെയും അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കും സകലജനതകളേയും വീണ്ടെടുക്കാന്‍ സമഗ്രവിമോചകനായി നസ്രായനെ ഉയര്‍ത്തുന്ന സുവിശേഷഭാഗവും...

തങ്ങളുടെ കുടുംബ ജീവിത സാഹചര്യങ്ങളിലേക്ക് മാത്രം ചുരുങ്ങാതെ, ചുറ്റുമുള്ളവരുടെ ഉയര്‍ച്ചയും വിമോചനവും തങ്ങളുടെ ദൗത്യമാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വിമോചകരെ ചരിത്രം നിരത്തുന്നുണ്ട്. അധികം പഴമയിലേക്ക് പോകാതെ നമുക്ക് സുപരിചിതരായവര്‍. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തില്‍നിന്നും ഭാരതത്തെ സ്വാതന്ത്ര്യപ്പുലരിയിലേക്ക് നയിച്ച മഹാത്മാഗാന്ധി, അമേരിക്കന്‍ ജനതയെ നയിച്ച എബ്രഹാം ലിങ്കണ്‍, അവിടെ പൗരാവകാശ സമരങ്ങള്‍ നയിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍, ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത പ്രസിഡന്റായ നെല്‍സണ്‍ മണ്ഡേല, അവിടുത്തെ വിവേചനങ്ങള്‍ക്കെതിരെ പോരാടിയ റൂത്ത് ഫസ്റ്റ്... ഇങ്ങനെ നിരവധി നേതാക്കള്‍..

നമ്മോടൊപ്പം ജീവിക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. ആഫ്രിക്കന്‍ രാജ്യമായ സെനഗല്‍ പട്ടിണിയിലും, തൊഴിലില്ലായ്മയിലും, നിരക്ഷരതയിലുമൊക്കെ പേരുകേട്ട രാജ്യമാണ്. എന്നാല്‍, ഈ പട്ടിണിപ്പാവങ്ങളില്‍നിന്ന് ഫുട്‌ബോള്‍ ഇതിഹാസമായി കഷ്ടപ്പെട്ട് വളര്‍ന്ന സാഡിയോ മെയ്ന്‍ ഇന്നവരുടെ ''വലിയ ഹീറോ"യാണ്. നാട്ടില്‍ നിരവധി സ്‌കൂളുകളും, ഫുട്‌ബോള്‍ മൈതാനങ്ങളും പണിയുന്നതും, പട്ടിണി നിര്‍മ്മാര്‍ജ്ജനവുമൊക്കെയാണ് തനിക്കു പ്രധാനമെന്ന്, പൊട്ടിയ മൊബൈല്‍ മാറ്റാത്തതെന്തെന്ന ചോദ്യത്തിന് മറുപടിയായി മെയ്ന്‍ പറയുന്നു. നിരവധി കുടുംബങ്ങളില്‍ അദ്ദേഹം മാസംതോറും നല്‍കുന്ന 70 യൂറോ കൊണ്ടാണ് അടുപ്പ് പുകയുന്നത്. 21-ാം നൂറ്റാണ്ടിലെ മനുഷ്യത്വത്തിന്റെ രാജാവെന്നു വിളിക്കുന്നത്, മറ്റൊരു ഫുട്‌ബോളറെയാണ്;
സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ! ഏറ്റവും വലിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നിദാനമാകുന്ന കായികരാജാവ്. പാക്കിസ്താനിലെ പെണ്‍കുട്ടികളുടെ ശബ്ദമായ മലാല യൂസഫ്‌സായി, ഇന്ത്യയിലെ മേധാപട്കര്‍, ദയാബായി, ഇറോം ശര്‍മിള, 2011ലെ സമാധാന നൊബേല്‍ നേടിയ ലൈബീരിയന്‍ സമാധാന നേതാവ് ലെയ്മാ ബോവീ.. ഇങ്ങനെ ജീവിക്കുന്നവര്‍ നിരവധി!

എന്നാല്‍, ലോകരക്ഷകനെന്ന് അറിയപ്പെടുന്നത് നസ്രായനായ യേശുമാത്രം.. താനാരാണെന്നും, എന്താണ് ചെയ്യാനുള്ളതെന്നും ഉത്തമബോധ്യത്തോടെ വിളംബരം ചെയ്യുന്ന യേശുവിന്റ 'നസ്രത്ത് മാനിഫെസ്റ്റോ'യാണ് ലൂക്കാ സുവിശേഷകന്‍ അനാവരണം ചെയ്യുന്നത്.

രക്ഷകനെ കാത്ത്..

ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന് അഭിമാനിക്കുമ്പോഴും റോമന്‍ അടിമത്തത്തിനു കീഴിലായിരുന്ന യഹൂദജനത, മര്‍ദ്ദകരെയും ചൂഷകരെയും അടിച്ചൊതുക്കി തങ്ങളെ രക്ഷിക്കാന്‍, മിശിഹാ - രക്ഷകന്‍ വരുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു. മിശിഹാ കിരീടം ധരിച്ചും ചെങ്കോലേന്തിയും സിംഹാസനത്തില്‍ വാഴും എന്നായിരുന്നു അവരുടെ പ്രതീക്ഷ. ഭരണകൂട അടിമത്തത്തോടൊപ്പം, പ്രബലമായ മതാധികാര നിയമ ഭീകരതകളും അനുഭവിച്ചിരുന്ന സാധാരണ ജനങ്ങളും, മാനുഷികത നഷ്ടപ്പെടാത്ത അവരിലെ ചില ഉന്നതരും യേശുവിനെ തങ്ങളിഷ്ടപ്പെടുന്ന ഗുരുവായി അംഗീകരിച്ചിരുന്നു; നിക്കൊദേമൂസിനെപോലെ ചിലര്‍ക്ക് അവന്‍ മഹാനായ ഗുരുവുമായിരുന്നു. സിനഗോഗധികാരികള്‍ വലിയ ബഹുമാനത്തോടെ അവനെ സ്വീകരിച്ചിരുന്നു എന്നുവേണം കരുതാന്‍. 'പതിവുപോലെ അവന്‍ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു' എന്നു തുടങ്ങുന്ന വചനഭാഗങ്ങള്‍ അതിനു തെളിവാണ്. യഹൂദ ആചാരരീതിയനുസരിച്ച് വായിക്കുന്ന ''റബ്ബി" തന്നെയാണ് വചന വ്യാഖ്യാനവും ചെയ്യുന്നത്. എന്നാല്‍ സാധാരണ നേതാക്കള്‍ ചെയ്യുന്നതുപോലെ ഇവിടെ അധികഭാഷണങ്ങളില്ല, ഘോരപ്രഭാഷണങ്ങളുമില്ല. ശാന്തനായിരുന്ന് ഒരു വചനം മാത്രം, ''നിങ്ങള്‍ കേട്ടിരിക്കെ ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു."

നസ്രത്ത് മാനിഫെസ്റ്റോ

യേശുവിന്റെ നസ്രത്തിലെ മാനിഫെസ്റ്റോ പ്രഖ്യാപിക്കുമ്പോള്‍ തന്റെ ജീവിതദൗത്യത്തെക്കുറിച്ചും ശുശ്രൂഷകളെകുറിച്ചും ഉറച്ച ബോധ്യം അവിടുത്തേക്കുണ്ട്. ദൗത്യവാഹകരെ തിരഞ്ഞെടുക്കുന്നത് ദൈവമാണെന്നും, ആത്മാവിന്റെ നിറവിലേ വിമോചനദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനാവൂ എന്നും തിരുവചനഭാഗങ്ങള്‍ അടിവരയിടുന്നു. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നവരുടെ - ദരിദ്രര്‍, ബലഹീനര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നിവരുടെ - സമഗ്രവിമോചനമാണ് തന്റെ ലക്ഷ്യമെന്നും അവിടുന്ന് പ്രഖ്യാപിക്കുന്നു. പിന്നീട്, തന്റെ രാജ്യത്തിലേക്ക് പ്രവേശിക്കാന്‍ അവിടുന്നു പറയുന്ന മാനദണ്ഡങ്ങളും ഇതുതന്നെയാണ്; വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും, വിവസ്ത്രരെ ഉടുപ്പിക്കാനും, ബന്ധിതരെ ആശ്വസിപ്പിക്കാനുമാണ് ആവശ്യപ്പെടുന്നത്.

ആരാകരുത് എന്ന ബോധ്യം..

ഈ വേദപുസ്തകഭാഗങ്ങളിലൂടെ കടന്നുപോകുമ്പോള്‍, കര്‍ത്താവിന് വായിക്കാനായി നല്‍കപ്പെട്ടത് ഏശയ്യാപ്രവാചകന്റെ പുസ്തകമായതുകൊണ്ട് (61ാം അദ്ധ്യായം 1-2 വചനങ്ങള്‍), പ്രവാചകഗ്രന്ഥം കൂടി വായിക്കാന്‍ നാം നിര്‍ബന്ധിതരാകും. അവിടെ എന്നെ അല്‍ഭുതപ്പെടുത്തിയത്, യേശു മന:പ്പൂര്‍വ്വം ഒഴിവാക്കി എന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു ദൗത്യമാണ്! 'നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാന്‍... അവിടുന്ന് എന്നെ അയച്ചിരിക്കുന്നു' എന്ന് പ്രവാചകന്‍ മുഴുമിപ്പിക്കുമ്പോള്‍, പ്രതികാരം തന്റെ അജണ്ടയിലില്ലെന്ന് കര്‍ത്താവ് പറയാതെ പറയുന്നു. കൂടാതെ, 'അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍' പ്രവാചകന്റെ 58-ാം അദ്ധ്യായത്തിലെ 'ഉപവാസ ചിന്തകള്‍' കര്‍ത്താവ് എടുത്തുപറയുകയാണ്; '...മര്‍ദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ യഥാര്‍ത്ഥ ഉപവാസം' (ഏശയ്യ 58:6).

ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്, യേശുവിന് തന്റേയും, തന്റെ പിന്‍ഗാമികളുടേയും ദൗത്യത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്നു എന്ന് തന്നെയാണ്. തങ്ങള്‍ ആരാകണമെന്നും, അതേസമയം ആരാകരുത് എന്നുമുള്ള കൃത്യമായ, വ്യക്തമായ ബോധ്യം..

കേള്‍ക്കാത്ത ചോദ്യങ്ങള്‍..

ഒരു ശതമാനമെങ്കിലും ക്രൂശിതന്റെ വഴിയേ നടക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് മനസ്സില്‍ തികട്ടിവരുന്ന ചില ചോദ്യങ്ങള്‍ എഴുതാതെ വയ്യ; ക്ഷമിക്കുക.

ആടുകള്‍ക്ക് വേണ്ടി ജീവനേകേണ്ട അവന്റെ സഭയിലെ ഇടയരും, ആടുകളുടെ കരച്ചില്‍ കേള്‍ക്കേണ്ട ''വലിയ ഇടയന്മാരും'', 'ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നതെന്ന്' അടിവരയിട്ട്, അവന്‍ പ്രഖ്യാപിച്ച ഈ 'നസ്രത്ത് മാനിഫെസ്റ്റോ' വിസ്മൃതിയിലാഴ്ത്തിയോ?

അവന്റെ പേരില്‍ ഉയര്‍ത്തപ്പെടുന്ന അരമനകളുടെയും, അംബരചുംബികളായ ദേവാലയങ്ങളുടെയും ബലവത്തായ മതിലുകള്‍ക്കപ്പുറമാണ് അവന്റ 'പ്രകടനപത്രിക'യിലെ പ്രവര്‍ത്തനമണ്ഡലമെന്ന് അവന്റെ ശബ്ദമാകേണ്ടവര്‍ മറന്നുകഴിഞ്ഞോ?

'പ്രതികാരം' പുതിയനിയമത്തിന്റെ പാതയല്ലെന്ന് സ്വജീവിതംകൊണ്ട് അവന്‍ കാണിച്ചെങ്കിലും, പഴയനിയമത്തിന്റെ പാരമ്പര്യം പേറി പ്രതികാരമാണ്' തങ്ങളുടെ മുഖമുദ്രയെന്ന് 'പാരമ്പര്യം തലക്കുപിടിച്ച് സീറോ സഭാധികാരികള്‍ പറയാതെപറയുന്നില്ലേ?

ക്രിസ്തുവിന്റെ അനുയായി ആകേണ്ടവന്‍ ക്രിസ്തുവിനെപോലെ ജീവിച്ചാല്‍ മതി, ഇന്നത്തെ പള്ളിയുടെയും, സഭയുടെയും ആചാരബന്ധനങ്ങള്‍ക്കുള്ളില്‍ ഒതുങ്ങേണ്ടതില്ല എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു, പ്രത്യേകിച്ച് പുതുതലമുറയില്‍ എന്ന വസ്തുത സഭയെ ബാധിക്കുമെന്ന തിരിച്ചറിവ് ഉണ്ടാകാത്തതെന്തേ?

രോഗികളേയും അബലരേയും ചേര്‍ത്തുപിടിച്ച, അത്ഭുതങ്ങളിലൂടെ അവര്‍ക്കത്താണിയായ, അവന്റെ പേരിലുള്ള ആതുരാലയങ്ങളെന്തേ, അവരുടെ കുടുംബവേരുകളറുക്കുന്ന കച്ചവടകേന്ദ്രങ്ങളാകുന്നു? അന്ധകാരത്തില്‍നിന്ന് അറിവിന്റെ പ്രകാശത്തിലേക്ക് നയിക്കേണ്ട സഭാവിദ്യാലയങ്ങളെന്തേ കഴുത്തറപ്പന്‍ ബ്ലേഡ് മാഫിയകളാകുന്നു?

''അന്ധകാരത്തിന്, അന്ധകാരത്തെ തുടച്ചുമാറ്റാനാകില്ല, പ്രകാശത്തിനു മാത്രമേ അതിനു കഴിയൂ. വെറുപ്പിനെ തുടച്ചുമാറ്റാന്‍ വെറുപ്പിനാകില്ല, സ്‌നേഹം കൊണ്ടേ അതിനാകൂ'' (മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍). നവോത്ഥാന കാല്‍വെപ്പുകളുടെ മുന്‍പന്തിയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ നിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഈശോയുടെ രക്ഷാകരദൗത്യത്തിന്റെ കാതല്‍ മനസ്സിലാക്കി ബലഹീനരുടെയും, അടിച്ചമര്‍ത്തപ്പെട്ടവരുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും, ആത്മീയാന്ധതബാധിച്ചവരുടെയും ശബ്ദമാകാനും പ്രകാശമാകാനും നൂറായിരം ക്രിസ്തുമാരുണ്ടാകട്ടെ എന്ന് പ്രത്യാശിക്കാം...

.........................................

ഷാജി ആനാന്തുരുത്തി

www.homilieslaity.com

ദനഹാക്കാലം ഒന്നാം ഞായർ

ലൂക്ക 4, 16-22

ഇങ്ങനെ, Whatapp ലൂടെയും, നേരിട്ടും നവവത്സരമംഗളങ്ങളോടെ നമ്മൾ, ദൈവാനുഗ്രഹത്താൽ, 2025 ലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എല്ലാവർക്കും പുതുവത്സരാശംസകൾ സ്നേഹപൂർവ്വം നേരുന്നു!

സീറോ മലബാർ സഭയുടെ ആരാധനാക്രമ കലണ്ടർ അനുസരിച്ച് ഈ ഞായറാഴ്ച്ച നാം ദനഹാക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെയാണ് “ദനഹാ” എന്ന വാക്കിന്റെ അർത്ഥം. ജനുവരി ആറാം തീയതിയാണ് കത്തോലിക്കാ സഭയിൽ ദനഹാതിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ, 24 വ്യക്തിഗത സഭകളുടെ കൂട്ടായ്മയായ കത്തോലിക്കാ സഭയിൽ, ഈശോയുടെ വെളിപ്പെടുത്തൽ ആഘോഷിക്കുന്നതിന് വ്യത്യസ്ത ഭാവങ്ങളുണ്ട്. ഉദാഹരണത്തിന്, ലത്തീൻ സഭയിൽ പൂജ്യരാജാക്കന്മാർ ഈശോയെ സന്ദർശിക്കുന്നു എന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഈശോയുടെ വെളിപ്പെടുത്തൽ ആഘോഷിക്കുന്നത് – മൂന്ന് രാജാക്കന്മാർ ലോകത്തെ മുഴുവനും പ്രതിനിധീകരിക്കുകയും,അവർ വന്ന് രാജാധിരാജനായ ക്രിസ്തുവിനെ ആരാധിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കത്തോലിക്കാ സഭയിലെ മറ്റൊരു വ്യക്തിഗത സഭയായ സീറോ മലബാർ സഭ ഈശോയുടെ മാമ്മോദീസായെ ആസ്പദമാക്കിയാണ് ഈശോയുടെ വെളിപ്പെടുത്തൽ, ദനഹാ ആഘോഷിക്കുന്നത്. ഇത് അനൈക്യത്തിന്റെ ലക്ഷണമല്ല. ഇത്, പാശ്ചാത്യ, പൗരസ്ത്യ വീക്ഷണത്തിലുള്ള (perspective), ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള വ്യത്യാസം കൊണ്ടാണ്.

സീറോ മലബാർ സഭയുടെ ആരാധനാക്രമ ദൈവശാസ്ത്രമനുസരിച്ച് (Liturgical Theology), മനുഷ്യാവതാരത്തിലൂടെ ദൈവം ഈ ലോകത്തിൽ ആഗതനായെങ്കിലും, അവിടുത്തെ പ്രത്യക്ഷവത്കരണം ആരംഭിക്കുന്നത് യോർദ്ദാൻ നദിയിൽ സ്നാപകയോഹന്നാനിൽ നിന്ന് മാമ്മോദ്ദീസ സ്വീകരിക്കുന്നതിലൂടെയാണ്. പൗരസ്ത്യ ആധ്യാത്മികത (Eastern Spirituality) എപ്പോഴും ദൈവിക കാര്യങ്ങളിൽ വലിയൊരു രഹസ്യാത്മകത (Mystical) കാത്തുസൂക്ഷിക്കുന്നുണ്ട്. ഈശോയുടെ മാമ്മോദീസയിൽ അതുണ്ട്. സ്വർഗം തുറക്കപ്പെടുന്നു, പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തിൽ വരുന്നു, സ്വർഗത്തിൽ നിന്ന് ഒരു സ്വരമുണ്ടാകുന്നു. ഇതെല്ലം സാധാരണ കാര്യങ്ങളല്ല. സ്വർഗത്തിന്റേതാണ് അവ; ദൈവത്തിന്റേതാണ് അവ. അതിൽ രഹസ്യാത്മകത ഉണ്ടാകണമല്ലോ. അതുകൊണ്ടാണ് പൗരസ്ത്യ സഭയായ സീറോ മലബാർ സഭ ഈശോയുടെ മാമ്മോദീസ ദനഹതിരുനാളായി സ്വീകരിച്ചിരിക്കുന്നത്. അപ്പോൾ ഒരു സംശയം! പിന്നെ, എന്തുകൊണ്ടാണ് ഈ ഞായറാഴ്ച്ച, ദനഹാ ഒന്നാം ഞായറിൽ മറ്റൊരു സുവിശേഷ ഭാഗം? ഉത്തരമിതാണ്. ഈശോ സ്വയം ലോകത്തിന് വെളിപ്പെടുത്തുകയും, പിതാവും, പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന ദനഹാത്തിരുനാൾ ജനുവരി ആറാം തീയതിയാണ് നാം ആഘോഷിക്കുന്നതെങ്കിലും, ‘ക്രിസ്തു തന്നെത്തന്നെ ഈ ലോകത്തിന് വെളിപ്പെടുത്തുന്നു’ എന്ന സന്ദേശം ഈ ഞായറാഴ്ച മുതൽ സഭ പ്രഘോഷിക്കുകയാണ്.

ജനുവരി ആറാം തീയതി ആഘോഷിക്കുന്ന കർത്താവിന്റെ ദനഹാതിരുനാൾ കേരളത്തിന്റെ വടക്കൻഭാഗങ്ങളിൽ പിണ്ടികുത്തിത്തിരുനാളെന്നും, തെക്കൻഭാഗങ്ങളിൽ രാക്കുളിതിരുനാളെന്നും അറിയപ്പെടുന്നു. ലോകത്തിന്റെ പ്രകാശമായ മിശിഹായെ (യോഹ 8, 12) ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനും, വാഴപ്പിണ്ടിയിൽ പന്തംകൊളുത്തി അതിന് ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് ദൈവം പ്രകാശമാകുന്നു എന്ന് ആർത്തുവിളിക്കുന്ന പതിവിൽ നിന്നാണ് പിണ്ടികുത്തിത്തിരുനാൾ രൂപപ്പെട്ടത്. ഈശോയുടെ മാമ്മോദീസായെ സ്മരിച്ചുകൊണ്ട് ഈ തിരുനാളിന്റെ തലേദിവസം അടുത്തുള്ള നദിയിലോ, കുളത്തിലോ പോയി നമ്മുടെ പൂർവികർ നടത്തിയിരുന്ന ആചരക്കുളിയിൽ നിന്നാണ് രാക്കുളി എന്നപേര് തിരുനാളിന് ലഭിച്ചത്.

നാളെ, ജനുവരി ആറിന് നാം ആചരിക്കുന്ന ദനഹാതിരുനാളിൽ മുഖ്യമായും ഈശോയുടെ മാമ്മോദീസായെയാണ് നമ്മൾ അനുസ്മരിക്കുന്നത്. യോഹന്നാനിൽ നിന്നും ഈശോ മാമ്മോദീസാ സ്വീകരിച്ച വേളയിൽ സ്വർഗം തുറക്കപ്പെടുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവും, മാനവകുലത്തിന് വെളിപ്പെടുകയും, ചെയ്തു. ക്രിസ്തീയ മാമ്മോദീസായെന്നത് ഈശോയുടെ മരണത്തിലും ഉത്ഥാനത്തിലുമുള്ള പങ്കുചേരലാണെന്ന് (റോമാ 6, 3) ദനഹാതിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു. ദനഹാക്കാലത്തിന്റെ സന്ദേശം ഇതാണ്: ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന് ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! ഇതാണ് ക്രൈസ്തവവരുടെ കടമയും, ദൗത്യവും!

മൂന്നാം അധ്യായത്തിലാണ് ഈശോയുടെ മാമ്മോദീസ ലൂക്കാ സുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, നാലാം അദ്ധ്യായത്തിൽ, വീണ്ടും, ജനങ്ങളുടെ മുൻപാകെ, രാജകീയ പ്രതാപത്തോടെ, പ്രവാചക ശബ്ദത്തോടെ, പുരോഹിതന്റെ മഹത്വത്തോടെ ഈശോയെ ലൂക്കാ സുവിശേഷകൻ വെളിപ്പെടുത്തുന്നു. വളരെ നാടകീയമായും, തികഞ്ഞ സൗന്ദര്യത്തോടുംകൂടിയാണ് അദ്ദേഹം ഈ രംഗം അവതരിപ്പിച്ചിരിക്കുന്നത്. താൻ പിച്ചവച്ചു നടന്ന, കൂട്ടുകാരോടൊത്ത് കളിച്ചു നടന്ന സ്ഥലമായ നസ്രത്തിൽ ഈശോ, പൗരുഷ്യമുള്ള, അരോഗദൃഢഗാത്രനായ ചെറുപ്പക്കാരൻ സിനഗോഗിലേക്ക് പ്രവേശിക്കുകയാണ്. ഇത് ആദ്യമായിട്ടൊന്നും ആയിരിക്കില്ല ഈശോ അവിടേക്ക് പ്രവേശിക്കുന്നത്. എല്ലാർക്കും പരിചിതനാണ് ഈശോ. കാരണം, ഈശോ വായിക്കുവാൻ എഴുന്നേറ്റപ്പോൾ, ദൈവാലയ ശുശ്രൂഷകൻ അവന് പുസ്തകം നല്കുകയാണ്. എന്നാൽ, ആ ദിനത്തിന് എന്തോ പ്രത്യേകതയുള്ളതുപോലെ, ജനങ്ങൾക്ക് മാത്രമല്ല സിനഗോഗിലെ കല്ലുകൾക്കുപോലും തോന്നി. സ്വർഗീയ മഹത്വം അവിടെ നിറഞ്ഞു നിൽക്കുന്നതുപോലെ…അന്തരീക്ഷത്തിന് തന്നെ ഒരു മാറ്റം. മാലാഖമാർ വചനപീഠത്തിന് ചുറ്റും നിൽക്കുന്നതുപോലെ ജനങ്ങൾക്ക് തോന്നി. അത്രമാത്രം സ്വർഗീയമായിരുന്നു അവിടം. മുഖത്തു നിറഞ്ഞു നിൽക്കുന്ന പുഞ്ചിരിയോടെ ഈശോ വായിക്കുവാൻ ആരംഭിച്ചു. “കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്.” കൂടിയിരുന്നവർ പതിയെപ്പറഞ്ഞു: ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നാണല്ലോ വായന..” ഈശോ തുടരുകയാണ്. ജനം ഒന്നടങ്കം ശ്വാസമടക്കിപ്പിടിച്ച് അത് മുഴുവൻ കേട്ടു. എല്ലാവരും വിസ്മയത്തോടെ അവനെത്തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഈശോയാകട്ടെ, അവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് പറഞ്ഞു:

“നിങ്ങൾ കേൾക്കെത്തന്നെ ഈ തിരുവെഴുത്ത് നിറവേറിയിരിക്കുന്നു.” ഈശോയുടെ ദനഹായാണ്, ദൈവിക വെളിപ്പെടുത്തലാണ് ലൂക്കാ സുവിശേഷകൻ വളരെ മനോഹരമായി ഇവിടെ കുറിച്ച് വച്ചിരിക്കുന്നത്.

എണ്ണിത്തീർക്കാനാവാത്ത ജീവിത നിരീക്ഷണങ്ങളിലൊന്ന് ഈ പ്രപഞ്ചം മുഴുവനും, നമ്മുടെ സാധാരണ ജീവിതം മുഴുവനും ദൈവത്തിന്റെ വെളിപ്പെടുത്തലുകളാണ് എന്നാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ കാനായിലെ അത്ഭുതം പോലെ ഒന്ന് നമ്മുടെ സാധാരണ ജീവിത സാഹചര്യങ്ങളിലും സംഭവിക്കുന്നുണ്ട്. കാനായിലെ കല്യാണവിരുന്നിലെ വെള്ളം വീഞ്ഞാക്കിയ അത്ഭുതം വിവരിച്ചശേഷം സുവിശേഷകൻ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. “യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിന് പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണ് ഗലീലിയിലെ കാനയിൽ ചെയ്ത ഈ അത്ഭുതം.” (യോഹ 2, 11) ഈശോയുടെ മഹത്വം വെളിവാകുന്ന അത്ഭുതങ്ങളുടെ, വെളിപാടുകളുടെ ദനഹാ യാണ് സ്നേഹമുള്ളവരേ, ഈ പ്രപഞ്ചവും നമ്മുടെ ഈ ഭൂമിയിലെ ജീവിതവും.

രാത്രിയുടെ ഇരുളിനെ വകഞ്ഞുമാറ്റി ഉദിച്ചുയരുന്ന സൂര്യൻ മുതൽ സൗരയൂഥങ്ങളും, ആകാശങ്ങളും എന്തെന്ത് വിസ്മയങ്ങളൊരുക്കിയാണ് ദൈവിക വെളിപാടുകളുടെ അടയാളങ്ങളാകുന്നത്!! വിത്തിനകത്ത് ഒളിച്ചിരിക്കുന്ന വൃക്ഷവും, ചെടികളിൽ വിടരുന്ന പുഷ്പങ്ങളും, ഫലങ്ങളും ഓരോ നിമിഷവും നടക്കുന്ന ജന്മങ്ങളും …ഓരോന്നും ക്രിസ്തുവിന്റെ വെളിപാടുകളാണ്. മനുഷ്യനിലെ അത്ഭുതങ്ങളിലൂടെ വിടരുന്ന ദൈവത്തിന്റെ വെളിപാടുകൾ അനവധിയാണ്! നമ്മുടെ അപ്പച്ചന്മാരും അമ്മച്ചിമാരും ദൈവത്തിന്റെ വെളിപാടുകളല്ലേ? നാം അറിഞ്ഞും അറിയാതെയും എത്രയോ വട്ടമാണ് ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്! ദൈവത്തിന്റെ വെളിപാടുകളായി ജീവിതത്തെ മുഴുവൻ കാണുവാൻ സാധിക്കുക – അതാണ് ദനഹാക്കാലത്തിന്റെ ചൈതന്യമെന്ന് പറയുന്നത്.

ലോകരക്ഷകനായ ക്രിസ്തുവിന്റെ സുവിശേഷം ക്രിസ്തുമതത്തിന്റെ ചൈതന്യമായി, അലങ്കാരമായി തിളങ്ങി നിന്ന ആദിമകാലങ്ങളിലെ രക്തസാക്ഷികളുടെ ജീവിതങ്ങൾ ക്രിസ്തുവിന്റെ വെളിപാടുകളായിരുന്നു. ക്രിസ്തുമതത്തിലെ ആയിരക്കണക്കിന് വിശുദ്ധരുടെ ജീവിതങ്ങളും, ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ജീവിതംകൊണ്ടും, ജീവൻ കൊടുത്തും ക്രിസ്തുവിനെ പ്രഘോഷിക്കുന്ന ക്രൈസ്തവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്. ക്രിസ്തുമതത്തിൽ ഭൗതികതയുടെ, ലൗകികതയുടെ മാറാലകൾ നിറഞ്ഞു നിന്ന മധ്യകാലഘട്ടങ്ങളിൽ ഉദിച്ചുയർന്ന വിശുദ്ധ ഫ്രാൻസിസ് അസീസി (St. Francis Assissi), കച്ചവട താത്പര്യങ്ങളുടെയും, ആധുനിക സങ്കല്പ്പങ്ങളുടെയും പിന്നാലെ നടക്കുന്ന ആധുനിക ക്രിസ്തുമതത്തിൽ ക്രിസ്തുവിന്റെ വെളിപാടായി മാറിയ വിശുദ്ധ മദർ തെരേസ (St. Mother Teresa), സോഷ്യൽ മീഡിയയുടെ പിന്നാലെപോയി വഴിതെറ്റുന്ന ആധുനിക അവതലമുറയ്ക്കു മുന്നിൽ ഉയർന്നു നിൽക്കുന്ന ധന്യനായ കാർലോസ് അക്വിറ്റസ് (St. Carlos Acutis) തുടങ്ങിയവരെല്ലാം ക്രിസ്തുവിന്റെ വെളിപാടുകളാണ്.

എം. മോഹനന്റെ 2011 മേയ് മാസത്തിൽ പുറത്തിറങ്ങിയ “മാണിക്യക്കല്ല്” എന്ന മനോഹരമായ ഒരു ചിത്രമുണ്ട്. നിങ്ങൾ കണ്ടു കാണും ആ Film. SSLC യ്ക്ക് എല്ലാ കുട്ടികളും തോൽക്കുന്ന, ഒരച്ചടക്കവുമില്ലാത്ത, ടീച്ചർമാർ തങ്ങളുടേതായ ജോലി നോക്കുന്ന ഒരു സ്കൂൾ. ഈ സ്കൂളിലേക്ക് വിനയചന്ദ്രൻ എന്ന ചെറുപ്പക്കാരനായ ഒരു മാഷ് വരുന്നു. ആ സ്കൂളിനെ നല്ല വിജയമുള്ള, അച്ചടക്കമുള്ള ഒരു സ്കൂളാക്കി മാറ്റാൻ അദ്ദേഹം ശ്രമിക്കുന്നു. ധരാളം പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോഴും, പത്താം ക്ലാസിലെ ഒരു കുട്ടി തന്നെ കളിയാക്കി ഒരു കാർട്ടൂൺ ചിത്രം വരച്ചപ്പോൾ, അദ്ദേഹം അവന്റെ കഴിവ് മനസ്സിലാക്കി അവന് പെയിന്റിംഗ് സാധനങ്ങൾ നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബഷീറെന്ന ആ കുട്ടിക്ക് സംസ്ഥാന യുവജനോത്സവത്തിൽ ചിത്രരചനയ്ക്ക് ഒന്നാം കിട്ടിയപ്പോൾ അനുമോദിക്കാനായി ഗ്രാമത്തിലെ ത്രീ സ്റ്റാർ ക്ളബ്ബുകാർ ഒരു പ്രോഗ്രാം ഒരുക്കി. അതിൽ സമ്മാനം സ്വീകരിച്ചശേഷം ബഷീർ ഒരു നന്ദി പറയുന്നുണ്ട്. “ഞങ്ങൾക്ക് എല്ലാം വിനയചന്ദ്രൻ മാഷാ. പഠിക്കണമെന്നും, ജയിക്കണമെന്നും തോന്നിപ്പിച്ചത് മാഷാ. അരക്കൊല്ല പരീക്ഷയ്ക്ക് ഞങ്ങൾക്ക് നല്ല മാർക്കുണ്ട്. അത് കണ്ടപ്പോ ഉമ്മയും, ഉപ്പയും പറഞ്ഞു, മാഷെ ഇവിടെ കൊണ്ടെത്തിച്ചത് പടച്ചോനാന്ന്. പക്ഷേ, ഞങ്ങൾക്ക് …മാഷ്….മാഷ്..തന്നെയാ പടച്ചോൻ…! അത് പറഞ്ഞതും അവൻ വിതുമ്പിപ്പോയി.

പ്രിയപ്പെട്ടവരേ, ഒരു സിനിമാക്കഥപോലെ എത്രയോ വട്ടം ഇങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട്. നമ്മുടെ മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പലപ്രാവശ്യം നാം പറഞ്ഞിട്ടില്ലേ. അമ്മേ, അമ്മയാണെന്റെ ദൈവമെന്ന്. അപ്പച്ചാ, അപ്പച്ചനാണെന്റെ ദൈവമെന്ന്. ദൈവങ്ങൾ പ്രത്യക്ഷപ്പെടാൻ മടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത്രമാത്രം ക്രൂരതകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വിധി പറഞ്ഞ പെരിയ ഇരട്ടക്കൊലക്കേസ് പോലെ! എങ്കിലും, നാം ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ജീവിതസാഹചര്യങ്ങളിൽ ക്രിസ്തുവിനെ വെളിപ്പെടുത്തുവാനാണ്. എന്റെ ജീവിതത്തിലെ ഏറ്റവും തകർന്ന് നിന്ന ആ നിമിഷത്തിൽ എന്റെ അടുത്ത് വന്നിരുന്ന് “ഞങ്ങൾ കൂടെയുണ്ട്” എന്ന് എന്റെ കൈകൾ ചേർത്ത് പിടിച്ച് പറഞ്ഞ ആ സ്ത്രീ എനിക്കാരാണ്? ക്രിസ്തു അല്ലാതെ മറ്റാരുമല്ല. സാമ്ബത്തികമായി ഞാൻ തകർന്ന് വേളയിൽ, ഒട്ടും പ്രതീക്ഷയില്ലാതിരുന്ന സാഹചര്യത്തിൽ, ഫോൺ വിളിച്ച് എന്റെ GPay നമ്പർ ചോദിച്ച് എനിക്ക് പൈസ ഇട്ടു തന്ന ആ വ്യക്തി ക്രിസ്തു അല്ലാതെ മറ്റാരാണെനിക്ക്!!! വർഷങ്ങളായി, ആസ്ബസ്റ്റോസ് (Asbestos) ഷീറ്റിന്റെ വീട്ടിൽ കിടന്ന് കഷ്ടപ്പെട്ടപ്പോൾ, ഒരു നല്ല വീട് വേണമെന്നാഗ്രഹിച്ചപ്പോൾ “വീട് പണി തുടങ്ങൂ..ഞാൻ സഹായിക്കാം” എന്ന് പറഞ്ഞ ആ മനുഷ്യൻ എനിക്ക് ക്രിസ്തുവല്ലേ? അങ്ങനെ സ്നേഹമുള്ളവരേ, എത്രപ്രാവശ്യം ക്രിസ്തു നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്? നാം എത്രയോ വട്ടം മറ്റുള്ളവർക്ക് ക്രിസ്തു ആയിട്ടുണ്ട്? അതെ, ഓരോ ക്രൈസ്തവനും, തിരുസ്സഭയോട് ചേർന്ന്, ചിന്തയിലും, വാക്കിലും പ്രവർത്തിയിലും ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുക! അതാണ് ഇന്നത്തെ സുവിശേഷ സന്ദേശം! “

അതിനുള്ള പ്രചോദനമാണ് ഇന്നത്തെ സുവിശേഷത്തിലെ ക്രിസ്തു! എത്രമനോഹരമാണ് ആ Scene!! എത്ര സുന്ദരമാണ് ആ വാക്കുകൾ! കർത്താവിന്റെ ആത്മാവിനാൽ നിറഞ്ഞവരാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ദരിദ്രർക്ക് സുവിശേഷമാകുമ്പോൾ നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ബന്ധിതർക്ക് മോചനമാകുമ്പോൾ നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യമാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. ദൈവവചനം നമ്മിൽ പൂർത്തിയാകുമ്പോൾ, നമുക്ക് ക്രിസ്തുവിനെ വെളിപ്പെടുത്താൻ കഴിയും. “ഇന്ന് ദൈവവചനം എന്നിൽ പൂർത്തിയാകട്ടെ” എന്ന് നമുക്ക് ആശിക്കാം. നാം ദനഹാ ആകുമ്പോൾ, നമ്മിലൂടെ ക്രിസ്തു വെളിപ്പെടുമ്പോൾ, അപ്പോൾ മാത്രമാണ് സുവിശേഷം,ഈ സുവിശേഷ ഭാഗം വിമോചന ദൈവശാസ്ത്രത്തിന്റെ അടിസ്ഥാനമാകുന്നത്.