കൈത്താകാലം 06

കൈത്താകാലം 06

കൈത്താക്കാലം ഞായർ 6
ലൂക്ക 17: 11-19

Biblical Background

സോളമന്റെ മകൻ റഹോബോവമിന്റെ കാലത്ത് രാജ്യം രണ്ടായിട്ട് വിഭജിക്കപ്പെട്ടപ്പോൾ 10 ഗോത്രങ്ങൾ ഒരുമിച്ച് ഇസ്രായേൽ എന്ന് പറയുന്ന രാജ്യത്തിന്റെ രൂപം കൊടുത്തു. അതിൻറെ തലസ്ഥാനം ( Capital) ആയിരുന്നു സമരിയ. മറ്റു 2 ഗോത്രങ്ങൾ ( യൂദാ &ബെഞ്ചമിൻ) യൂദാ രാജ്യത്തിനു രൂപം കൊടുക്കുകയും അതിൻറെ Capital ആയി ജെറുസലേം തുടരുകയും ചെയ്തു. ചുരുക്കത്തിൽ സമരിയക്കാരും യഹൂദരും ഇസ്രായേൽ ജനം തന്നെ ആയിരുന്നു എന്ന് മനസ്സിലാക്കുക. എന്നാൽ പിന്നീട് ഇവർ തമ്മിൽ പൊരിഞ്ഞ അടിയായി .കാരണംഅസീറിയാക്കാർ ഇസ്രായേൽ ആക്രമിക്കുകയും സമരിയ പട്ടണം നശിപ്പിക്കുകയും മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ജനങ്ങളെ അവിടെ കൊണ്ടു വന്നു പാർപ്പിക്കുകയും ചെയ്തതോടെ അവരുടെ പരിശുദ്ധി( Purity) നഷ്ടപ്പെട്ടു എന്നാണ് യഹൂദർ വിശ്വസിക്കുന്നത്. അതുകൊണ്ട് അവരെ യഹൂദർ ഒരു തരം രണ്ടാം കിടക്കാരായിട്ടാണ് കണക്കാക്കിയിരുന്നത്. ‍എന്നാൽ ഈശോ സമറിയക്കാർക്ക് ഒരു പോസിറ്റീവ് ഇമേജ്‌ നൽകാൻ പലപ്പോഴും ശ്രമിച്ചിരുന്നു. ഈ ഈ കഥയിലെ ഹീറോ ആയ കുഷ്ഠരോഗി അതിനു ഉദാഹരണമാണ്. നല്ല സമിരിയക്കാരന്റെ ഉപമയിലെ സമരിയക്കാരനാണ് മറ്റൊരു വ്യക്തിത്വം.

Interpretation

1. നന്ദി പറയുന്ന കുഷ്ഠരോഗി

10 പേര് സുഖപ്പെട്ടത്തിൽ ഒരാളാണ് തിരിച്ചു വന്നു നന്ദി പറഞ്ഞത്.
മനുഷ്യനിൽ ഉണ്ടാകേണ്ട മനോഭാവങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് നന്ദിയുടെ ആണ്. Gratitude is the best attitude എന്നാണല്ലോ പറയുക. പലപ്പോഴും വലിയ മീറ്റിംഗ്ങ്ങളും സമ്മേളനങ്ങളും അവസാനിക്കുമ്പോൾ ഒരു ആചാരം പോലെ ഒരാൾ വന്നു നന്ദിയുടെ നീണ്ട 'ലുത്തിനിയ' പറയുന്നത് കേൾക്കാം... (അപ്പോഴേക്കും ഒരു മാതിരി ആളുകളൊക്കെ സ്ഥലം വിട്ടിരിക്കും) . ജീവിതത്തിൽ ദൈവത്തോടും മനുഷ്യരോടും നന്ദി ഉള്ളവരായിരിക്കുക.
കഥ: വിശുദ്ധ കമില്ലസും സഹ സന്യാസിമാരും തെരുവിലൂടെ ഭിക്ഷ യാചിച്ചു കൊണ്ടു നടക്കുമ്പോൾ ഏതാനും കള്ളന്മാർ അവരെ ആക്രമിച്ചു അടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു. അല്പസമയത്തിനുശേഷം സമനില തിരിച്ചുകിട്ടിയ വിശുദ്ധൻ ഉടൻ ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഉറക്കെ പ്രാർത്ഥിക്കാൻ തുടങ്ങി. ഇത് കണ്ട് മറ്റ് സന്യാസിമാർ അവനെ പരിഹസിക്കാൻ തുടങ്ങി. "എന്തിനു വേണ്ടിയാണ് കമ്മിലെസ്, ഇപ്പോൾ ദൈവത്തിന് നന്ദി പറഞ്ഞത്? കള്ളന്മാർ നമ്മെ ആക്രമിച്ചതിനാണോ ?" എന്ന പരിഹാസ ചോദ്യത്തിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു. 4 കാര്യങ്ങൾക്കായിട്ടാണ് ഞാൻ നന്ദി പറഞ്ഞത്.

1. കള്ളന്മാർ ഇന്നു മാത്രമാണ് നമ്മെ ആക്രമിച്ചത് ഇതുവരെ ദൈവം നമ്മളെ സംരക്ഷിച്ചു പാലിച്ചു.

2. കള്ളന്മാർ നമ്മളെ മാത്രമാണ് ആക്രമിച്ചത്, ആശ്രമവും അതിൽ ഉള്ളതും ഉള്ളവരും സുരക്ഷിതരാണ്.

3. കവർച്ചക്കാർ നമ്മെ ആക്രമിച്ചു വസ്തുക്കൾ അപഹരിച്ചു എങ്കിലും നമ്മുടെ ജീവൻ അപായപ്പെടുത്താൻ ദൈവം ഇടവരുത്തിയില്ല അതിനാണ് നന്ദി പറയുന്നത്.

4. കള്ളന്മാരാണ് നമ്മളെ ആക്രമിച്ചു കീഴ്പ്പെടുത്തിയത് മറ്റൊരാളെ ആക്രമിച്ചു കീഴ്പ്പെടുത്തുന്ന കള്ളന്മാരാക്കി നല്ല ദൈവം ഇതുവരെ നമ്മെ മാറ്റിയിട്ടില്ല. അതിനും കൂടിയാണ് ഞാൻ നന്ദി പറയുന്നത്.
എന്നു വച്ചാൽ കൈവന്ന അനുഗ്രഹകൾക്കു മാത്രമല്ല വരാതെ പോയ ആപത്തുകൾക്കും കൂടി ഒരുപോലെ നന്ദി പറഞ്ഞു പ്രാർഥിക്കാനുള്ള കടമ നമുക്കുണ്ട്.
പരിശുദ്ധ മറിയത്തിനു ഈ ഗുണം നല്ലപോലെ ഉണ്ടായിരുന്നു. മറിയത്തിന്റെ സ്തോത്ര ഗീതത്തിൽ നാം അതു വ്യക്തമായി വായിക്കുന്നു.
അതുകൊണ്ട് നന്ദിയുള്ളവരായിരിക്കുക.....
ജന്മം നൽകിയ മാതാപിതാക്കളോട്...
അറിവ് നൽകിയ ഗുരുഭൂതരോട്...‍

ഈശ്വരനെ പകർന്നു നൽകിയ ആത്മീയ ജീവിതങ്ങളോട്....

സമയം പങ്കുവച്ച സുഹൃത്തുക്കളോട്....
പ്രാണന്റെ പാതി നൽകിയ പ്രിയ സഖിയോട്....

സർവ്വോപരി നല്ലവനായ ദൈവത്തോട്....

"ദൈവസ്നേഹം വർണ്ണിച്ചിടാൻ വാക്കുകൾ പോരാ ...
നന്ദി ചൊല്ലി
തീർക്കുവാനീ
ജീവിതം പോരാ..."

2. കുർബാനയെന്ന നന്ദി പ്രകാശനം
ഈശോയെ കണ്ട
കുഷ്ഠരോഗികൾ സ്വരം ഉയർത്തി അവനെ വിളിച്ചു എന്നാണ് സുവിശേഷം പറയുന്നത്.
ആത്മീയതയുടെ കാര്യത്തിൽ ഈ സ്വരം ഉയർത്തിയുള്ള പ്രാർത്ഥന /യാചന, അതിന് വലിയ പങ്കുണ്ട് എന്ന് തോന്നുന്നു. അന്ധനായ യാചകൻ‍ ഈശോയെ സ്വരമുയർത്തി വിളിച്ചപേക്ഷിച്ചു എന്ന് സുവിശേഷത്തിൽ കാണുന്നുണ്ട്. മിണ്ടാതിരിക്കാൻ മറ്റുള്ളവർ പറഞ്ഞപ്പോഴും അവൻ കൂടുതൽ ഉച്ചത്തിൽ വിളിച്ചു എന്നൊക്കെയാണ് സുവിശേഷം പറഞ്ഞിരിക്കുന്നത്. ആ വിളി കേട്ട് ഈശോ അവനെ ശ്രദ്ധിച്ചു . പലപ്പോഴും നമ്മുടെ പ്രാർത്ഥനകൾ ഒട്ടും സ്വരമില്ലാതെ പോകുന്നു. കുർബാനയ്ക്ക് സ്വരമില്ല , കുടുംബ പ്രാർത്ഥനയിൽ സ്വരമില്ല, കൊന്തയിൽ സ്വരമില്ല . ഇതെല്ലാം കഴിയുമ്പോൾ നമുക്ക് വലിയ വായയിൽ സംസാരിക്കാൻ അറിയാം. അതുകൊണ്ട് ഒരു അല്പം സ്വരമുയർത്തി പ്രാർഥിക്കുക നല്ലതാണെന്ന് തോന്നുന്നു. പലപ്പോഴും ധ്യാന കേന്ദ്രത്തിൽ മാത്രമാണ് ഉച്ച സ്വരത്തിൽ ദൈവത്തെ വിളിക്കുന്നത് കേൾക്കാനാവുക. പ്രാർത്ഥനയിൽ ക്ഷീണം മാറാനും ശ്രദ്ധ കിട്ടുവാനും ഈ സ്വരമുയർത്തിയുള്ള അപേക്ഷ നമ്മെ സഹായിക്കും . പിന്നെ
കുഷ്ഠരോഗി തന്നെ സഹായിക്കാൻ ഉച്ചത്തിൽ വിളിച്ചു എന്ന് പറഞ്ഞതുപോലെ സൗഖ്യം കിട്ടിയപ്പോഴും ഉച്ച സ്വരത്തിൽ ദൈവത്തെ സ്തുതിച്ചു തിരിച്ചു വന്നു എന്നാണ് പറയണേ. എന്ന് പറഞ്ഞാൽ അനുഗ്രഹങ്ങൾ കിട്ടാനായിട്ട് മാത്രം ഉച്ചത്തിൽ നിലവിളിച്ചു കാര്യമില്ല. കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയുമ്പോഴും ഈ ഉച്ചസ്വരവും ശബ്ദവും ഒക്കെ ഉണ്ടാവണം കേട്ടോ.

എന്താണ് ഏറ്റവും വലിയ നന്ദി പ്രകടനം? . അതു പരിശുദ്ധ കുർബാന അല്ലാതെ മറ്റൊന്നല്ല. ഈ 'EUCHARIST' എന്ന വാക്ക് തന്നെ 'എവുക്കരിസ്‌തിയ' ( EUCHARASTIA) എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് എന്നറിയാല്ലോ. ആ വാക്കിന്റെ അർത്ഥം 'THANKS GIVING'എന്നാണ്. അതു മറന്നു പോകരുത്. അതുകൊണ്ടു ദൈവത്തോട് നന്ദി പറയാനുള്ള ഏറ്റവും നല്ല അവസരം എന്നു പറയുന്നത് കുര്ബാനയാണ്. അതിനാൽ കുര്ബാനയിലൊക്കെ കുറച്ചു ഉച്ചത്തിൽ പാടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് നല്ലതാണ് (ഗായക സംഘത്തോടല്ല ഈ ഉപദേശം കെട്ടോ.... അവർക്ക് ആവശ്യത്തിലധികം ശബ്ദം ഉണ്ട്.... ഇനി ഇച്ചിരി കുറഞ്ഞാലും കുഴപ്പമില്ല...)

3. തിരിച്ചുവരവ്

സൗഖ്യം കിട്ടിയ കുഷ്ഠരോഗി തന്നെ സുഖപ്പെടുത്തിയവനെ കാണാനും നന്ദി പറയുവാനും തിരിച്ചുവന്നു എന്നാണ് സുവിശേഷം പറയുന്നത്. അതായത് സൗഖ്യം നേടിയവൻ അതു നൽകിയവനെ കാണാൻ തിരിച്ചു നടക്കുന്നു ...
നമ്മുടെ ജീവിതത്തിലും അപ്രകാരം ചില തിരിച്ചു നടക്കലുകൾ ഉണ്ടാകുന്നത് നല്ലതാണ്.

സ്നേഹം പകർന്നു നൽകിയ കുടുംബത്തിലേക്ക്...

സൗഖ്യം നൽകിയ ആതുരാലായത്തിലേക്ക്
അറിവ് പകർന്നു നൽകിയ വിദ്യാലയത്തിലേക്ക്...

അക്ഷരം പഠിപ്പിച്ച അധ്യാപകരിലേക്ക്...

നമ്മൾ നടന്ന നാട്ടു വഴികളിലേക്ക്....

ആത്മീയതയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ച ദേവാലയത്തിലേക്ക്...

ഓണമാണ് വരുന്നത്... കഥയായാലും ചരിത്രമായാലും. ഒരു ഒരു നല്ല മനുഷ്യൻ തന്നെ സ്നേഹിച്ചവരെയും താൻ സ്നേഹിച്ചവരെയും തൻറെ നാടിനെയും കാണുവാനായിട്ടുള്ള ഒരു തിരിച്ചുവരവാണ് ഓണം എന്ന് വിശേഷിപ്പിക്കുന്നത്.
പഴയകാല ഓർമ്മകളിലേക്കും നാട്ടു വഴികളിലേക്കും ഒരു തിരിച്ചുപോക്ക് ഈ ഓണക്കാലത്ത് നല്ലതാണ് എന്നു തോന്നുന്നു. അതു നമ്മെ കുറെ കൂടി നല്ല മനുഷ്യരായി മാറ്റിയേക്കാം...