കൈത്താകാലം 03

കൈത്താകാലം 03

കൈത്താക്കാലം
3⃣ഞായർ

യോഹന്നാൻ 9:1-12, 35-41

Biblical and Historical Background

യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു അത്ഭുതമാണിത്. അടയാളങ്ങളുടെ പുസ്തകം( Book of Signs) എന്നറിയപ്പെടുന്ന ഭാഗത്താണ് (Chapters 2-12) യോഹന്നാൻ ഈ അൽഭുതം രേഖപ്പെടുത്തിയിരിക്കുന്നു. പ്രധാനമായും ഏഴ് അടയാളങ്ങൾ/അത്ഭുതങ്ങൾ ആണ് ഈശോ പ്രവർത്തിച്ചതായി യോഹന്നാൻ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ ഒന്നാണ് ഇത്.

പാപവും സഹനവും തമ്മിൽ ഒരു ബന്ധം ഉള്ളതായി യഹൂദർ കരുതിയിരുന്നു. സഹനം പാപത്തിന്റെ ഫലമാണെന്നും അവർ വിചാരിച്ചു. (അതാണല്ലോ ജോബിന്റെ കൂട്ടുകാർ അവനെ കുറ്റപ്പെടുത്തി സംസാരിച്ചതും. അവൻ പാപം ചെയ്തിട്ടുണ്ട് എന്നാണ് അവരുടെ പക്ഷം) എന്നാൽ എല്ലാ സഹനവും അങ്ങിനെയല്ല എന്നാണ് ഈശോ പറയുന്നത്.

യഹൂദരുടെ കൂടാര തിരുനാളിന്റെ Context ൽ വെച്ചാണ് ഈ അത്ഭുതം നടക്കുന്നത് . ഈ തിരുനാളിന്റെ 2 പ്രധാന ആചാരങ്ങളിൽ
ഒന്ന് ദേവാലയത്തിലെ തിരി കത്തിച്ചുകൊണ്ടു പ്രകാശം പരത്തുന്നു. രണ്ടാമത്തേത് ശീലോഹാ കുളത്തിലെ വെള്ളം കൊണ്ടുവന്ന് ദേവാലയത്തിലെ പടികൾ ഒഴിക്കുന്ന ചടങ്ങും. ഈ ഒരു സാഹചര്യത്തിൽ വച്ചാണ് 'ഞാൻ ലോകത്തിന്റെ പ്രകാശമാണ്' എന്നൊക്കെ പറയുന്നതും ഈ അന്ധനു കാഴ്ച്ച കൊടുക്കുന്നതും.

Interpretation

1.
അനുസരണം അത്ഭുതത്തിനു കാരണമാകുന്നു.

ഈശോ പറഞ്ഞത് അതേ പടി അന്ധൻ അനുസരിച്ചു , അവനു കാഴ്ച്ച ലഭിച്ചു. അതായത് ചെളി കണ്ണിൽ പുരട്ടിയപ്പോൾ പുള്ളി എതിർത്തില്ല, പോയി കുളത്തിൽ കഴുകാൻ പറഞ്ഞപ്പോൾ പുള്ളി മറുത്തൊരക്ഷരം പറയാതെ അനുസരിക്കുന്നു. അതു അവനു സൗഖ്യത്തിനു കാരണമായി.

ഏതാണ്ട് സമാനമായ ഒരു അനുഭവം രാജാക്കന്മാരുടെ പുസ്തകത്തിൽ പറയുന്നുണ്ട്. സിറിയ രാജാവിൻറെ സൈന്യാധിപനയ നാമാന് കുഷ്ഠം പിടിപെടുന്നു. അത് മാറാൻ ആയിട്ട് പുള്ളിക്കാരൻ ഏലീഷാ പ്രവാചകന്റെ അടുത്തുവരുന്നു. പ്രവാചകനാകട്ടെ പുള്ളിയുടെ അടുത്ത് ജോർദാൻ നദിയിൽപോയി 7 പ്രാവശ്യം മുങ്ങി കുളിക്കാൻ പറയുന്നു. പുള്ളിക്കാരന് ആദ്യം അതിഷ്ട പെടുന്നില്ല. സിറിയയിൽ ഇഷ്ടംപോലെ നദികൾ വേറെയുണ്ടല്ലോ പിന്നെന്തിനു ജോർദാൻ? എന്നൊക്കെ പറഞ്ഞു പുള്ളി ഇച്ചിരി weight ഇടുന്നു. പക്ഷെ മൂപ്പരുടെ കൂട്ടുകാരൻ പുള്ളിയെ ഉപദേശിക്കുന്നു. പ്രവാചകൻ പറഞ്ഞതു നിസ്സാര കാര്യമല്ലേ ഇമ്മക്കൊന്നു ചെയ്തു നോക്കാം. അങ്ങനെ നമാൻ പോയി കുളിച്ചു. അതോടെ അവന്റെ കുഷ്ടം മാറി (കുട്ടപ്പനായി ) തിരിച്ചു വരുന്നു. ഏതാണ്ട് അങ്ങനെ തന്നെയാണ് ഈ അന്ധന്റെ കാര്യത്തിലും. ഈശോ ചെളിയിലൊക്കെ തുപ്പി, അതെടുത്ത് കണ്ണിലൊക്കെ പുരട്ടി ...ആകെ വഷളാക്കി എന്നിട്ട് പോയി കഴുകാൻ പറയുന്നു . ആ മനുഷ്യൻ ഒരക്ഷരം തിരിച്ച് ചോദിക്കുകയോ പറയുകയും ചെയ്യാതെ പോയി കഴുകുന്നു . ‍അവൻ അതനുസരിച്ചു എന്നുള്ളത് തന്നെയാണ് അത്ഭുതം സംഭവിക്കാൻ ആയിട്ടുള്ള ഒരു പ്രധാനപ്പെട്ട കാരണം. അയാൾ തർക്കിച്ചില്ല , ചോദ്യം ചെയ്യുന്നില്ല അങ്ങനെയുള്ള ചില കീഴ് വഴക്കങ്ങൾ അത്ഭുതത്തിന് കാരണമാകും എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്.

ഈശോ പരിചരകരോട് ഭരണിയിൽ വെള്ളം നിറയ്ക്കാൻ പറയുന്നു . അവർ അനുസരിക്കുന്നു . വെള്ളം വീഞ്ഞായി മാറുന്നു.. അത്ഭുതം നടക്കുന്നു.

ഈശോ തളർവാത രോഗിയോട് കിടക്കയയുമെടുത്ത നടക്കാൻ പറയുന്നു. അവൻ നടക്കുന്നു . രോഗം മാറുന്നു...

ഈശോ ശിഷ്യരോട് വള്ളത്തിന്റെ വലതു വശത്ത് വല ഇടാൻ പറയുന്നു. അവർ അനുസരിക്കുന്നു. ധാരാളം മീൻ കിട്ടുന്നു.

ഇതിൽ നിന്നും എന്തു മനസിലാക്കാം...? തമ്പുരാൻ (കുറച്ചൊക്കെ അവന്റെ പ്രതിനിധികളും) പറയുന്നത് അനുസരിക്കുക. ജീവിതത്തിൽ അത്ഭുതം നടക്കും.

പ. അമ്മയുടെ കാര്യത്തിലും ഏതാണ്ട് ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്. കാര്യം പുള്ളിക്കാരി ചില സംശയങ്ങൾ ഒക്കെ ചോദിച്ചു എങ്കിലും ഒടുവിൽ ദൈവ ഹിതത്തിനു കീഴ് വഴങ്ങുന്നു. അവൾ ഭൂമിയോളം
എളിമപ്പെട്ടു, അനുസരിച്ചു. അവിടുന്ന് അവളെ സ്വര്ഗത്തോളം ഉയർത്തി....


2. 'ശീലോഹ'

ഈ വാക്കിൻറെ അർത്ഥം 'അയക്കപ്പെട്ടവൻ' എന്നാണ് . നമ്മുടെ ശ്ലീഹ /അപ്പസ്തോലൻ എന്ന വാക്കുകൾ ഇതിൽ നിന്നും വരുന്നു. യഥാർത്ഥത്തിൽ ക്രിസ്തുവാണ് അയക്കപ്പെട്ടയവൻ. പോയി 'ശീലോഹ' യിൽ കഴുകുക എന്നാൽ ക്രിസ്തുവിൽ നമ്മെ തന്നെ മുക്കുക എന്നുള്ളതാണ്.
"കാഴ്‌ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്‌ജനവും എന്നോടു വാങ്ങുക."
(വെളിപാട്‌ 3 : 18) എന്ന് പറയുന്നത് അതുകൊണ്ടായിരിക്കും . കാഴ്ച നേടാനുള്ള ഒരു മാർഗം ക്രിസ്തുവിനോട് ചേർന്ന് നിൽക്കുക അല്ലെങ്കിൽ ക്രിസ്തുവിൽ മുങ്ങിത്താഴുക എന്നാണ് . "ഞാൻ ലോകത്തിന്റെ പ്രകാശമാണ്" എന്നൊക്കെ ഈശോ പറയുമ്പോൾ ആ പ്രകാശത്തോട് ചേർന്നു നിൽക്കുമ്പോൾ നമുക്ക് കുറച്ചുകൂടി കാഴ്ച ലഭിക്കുന്നു എന്നുകൂടി മനസിലാക്കാം.

പിന്നെ ഈ അന്ധത എന്നത്
കണ്ണിന്റെ മാത്രം പ്രശ്മായി കാണേണ്ട.
കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാൻ പറ്റാത്തവർ ഒരു തരത്തിൽ അന്ധരാണ്.
കാണേണ്ടത് കാണാൻ മടികണിക്കുന്ന , അന്ധൻ അന്ധനെ നയിക്കുന്ന, കണ്ണടച്ചു ഇരുട്ടാക്കുന്ന മനുഷ്യന്മാരും നേതാക്കളും ഉള്ള നാടാണ് നമ്മുടേത്. ചില കാഴ്ചകൾ കാണാനും പ്രതികരിക്കാനും അവർ മടി കാണിക്കുന്നു. അതുകൊണ്ടു കാണേണ്ടത് കാണാനുള്ള ഒരു ഉൽകാഴ്ചക്കു വേണ്ടി കൂടി നമുക്ക് തമ്പുരാനോട് പ്രാർത്ഥിക്കണം.

ചിലർ ശാരീരികമായി അന്ധരാണ് ...‍
മറ്റു ചിലർ മാനസികമായി അന്ധരാണ്....

ഇനിയും ചിലർ ആത്മീയമായി അന്ധരാണ് ‍

അതുകൊണ്ടു
നമ്മുടെ കാഴ്ചകൾ
ശരിയാക്കാൻ ക്രിസ്തുവാകുന്ന കണ്ണടകൾ വേണം...
മാത്രമല്ല ചില കാഴ്ചകൾക്കു വ്യക്തത വരാൻ നമ്മൾ വച്ചിരിക്കുന്ന ചില മഞ്ഞ കണ്ണടകൾ ഊരി മാറ്റുകയും വേണം...

3. കാഴ്ച്ച കൊടുക്കുന്നവന് കല്ലേറ്‌

സുവിശേഷത്തിലെ ഈശോ അന്ധനു കാഴ്ച കൊടുക്കുമ്പോഴും അതിനെ കുറ്റം വിധിക്കാനും വിമർശിക്കാനും വേണ്ടി നടക്കുന്നവരായിരുന്നു പലരും. ഈ കാര്യത്തിൽ മാത്രമല്ല, ഈശോ ചെയ്ത പല അത്ഭുതങ്ങളും അന്നത്തെ യഹൂദ മുഖ്യധാരയിൽ പെട്ട ആളുകൾ സംശയത്തോടെ വീക്ഷിക്കുകയും അവനെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അവൻ ദൈവദൂഷണം പറയുന്നു, അവൻ സാബത്ത് ലംഘനം നടത്തുന്നു, അവൻ മോശയുടെ പ്രമാണങ്ങൾ അനുസരിക്കുന്നില്ല എന്നിങ്ങനെയുള്ള നിരവധി കുറ്റങ്ങൾ അവനെതിരെ അവർ ചുമത്തുന്നു .ഇന്ന് ഈശോയുടെ പിൻഗാമികൾക്കും വന്നുകൊണ്ടിരിക്കുന്നത് അവൻറെ അതേ ഗതിയാണ് . ഈ അടുത്ത് ക്രൈസ്തവർക്കെതിരെ ഇന്ത്യയിൽ നടന്ന ആക്രമണങ്ങൾ നോക്കുക. ഏകദേശം അയ്യായിരത്തോളം അക്രമങ്ങൾ കഴിഞ്ഞ 10 വർഷം ക്രൈസ്തവർക്കെതിരെ നടന്നു. ഛത്തീസ്ഗഡിൽ സിസ്റ്റേഴ്സിനെതിരായ ആക്രമണത്തിന്റെ മാറ്റൊലി അടങ്ങുമ്പോഴേക്കും അടുത്തത് വന്നു കഴിഞ്ഞു . ഒഡീഷയിൽ വൈദികർക്കും സിസ്റ്റേഴ്സിനും നേരെ ആക്രമണം. ഇനി ഇതങ് കൂടി കൂടി വരാനേ സാധ്യതയുള്ളൂ. എന്താണ് അവർ ചെയ്ത തെറ്റ്? അജ്ഞാനം കൊണ്ട് അന്ധരായ ഒരു കൂട്ടർക്ക് വിജ്ഞാനത്തിന്റെ കാഴ്ച കൊടുത്തു. രോഗം കൊണ്ട് ക്ഷീണിതരായ ഒരു ജനതയ്ക്ക് നല്ല ആരോഗ്യം പകർന്നു കൊടുത്തു , അനീതിയാൽ കഷ്ടപ്പെട്ട പാവപ്പെട്ട ജനങ്ങൾക്ക് നീതി വാങ്ങി കൊടുത്തു. ഇങ്ങനെയുള്ള നന്മകൾ ചെയ്തിട്ടും മനുഷ്യക്കടത്തു നടത്തുന്നു , മതപരിവർത്തനം നടത്തുന്നു എന്നിങ്ങനെ കുറ്റങ്ങൾ ആരോപിച്ചുകൊണ്ട് കല്ലെറിയാനും മിഷനറിമാരെ തുറങ്കിലടയ്ക്കാനും നാടുകടത്താനും ശ്രമിക്കുന്നു എന്നുള്ളതാണ് സത്യം. ഏതൊരു കാലഘട്ടത്തിലും ഇതുതന്നെയാണ് അവസ്ഥ.

' ഗുരു ' എന്ന ഒരു മലയാള സിനിമയുണ്ട്. അന്ധരായ ഒരു ജനതക്ക് കാഴ്ച കൊടുക്കാനായിട്ട് അവരുടെ താഴ വാരത്തിൽ എത്തിയ കാഴ്ചയുള്ള ഒരു മനുഷ്യൻ. -രഘുരാമൻ-
ആ പാവപ്പെട്ട മനുഷ്യർക്ക് കാഴ്ച കൊടുക്കാനായി അയാൾ ഒത്തിരി പരിശ്രമിക്കുന്നുണ്ട് . ഒടുവിൽ അയാൾ അന്ധതയു ടെ കാരണം കണ്ടെത്തുന്നു. അതു പരിഹരിക്കാനുള്ള മാർഗ്ഗവും... എന്നിട്ടും ഒടുവിൽ അയാളെ എല്ലാവരും കൂടി കുറ്റപ്പെടുത്തുന്നു ആക്രമിക്കുന്നു, കൊല്ലാൻ ശ്രമിക്കുന്നു...
എന്ന് പറഞ്ഞാൽ ഒരാൾ നന്മ ചെയ്യാൻ ശ്രമിച്ചാൽ അവനു ലഭിക്കുക കുരിശും സഹനവും കല്ലേറും ആയിരിക്കും.
സോക്രട്ടീസിന്റെ ആകട്ടെക്രിസ്തുവിന്റെയാവാകട്ടെ ഗാന്ധിയുടെ ആകട്ടെ എബ്രഹാം ലിങ്കന്റ ആകട്ടെ ജീവിതാനുഭവം നമ്മെ പഠിപ്പിക്കുന്നത് ഈ കാര്യമാണ്. അതുകൊണ്ടു എന്തെങ്കിലും ഉപകാരം ആർക്കെങ്കിലും ചെയ്യാൻ പോയാൽ അതു മൂലം ഉണ്ടാകുന്ന എതിപ്പുകളെയും ധീരമായി നേരിടാൻ പഠിക്കുക. ഒപ്പം അപരന് കാഴ്ച കൊടുക്കുന്ന പ്രകാശ ദീപങ്ങൾ അണക്കാതിരിക്കുക.