ഓശാനത്തിരുന്നാൾ
ഓശാന ഞായര്‍
(നോമ്പ് ഏഴാം ഞായര്‍)
ഉത്പ 49:8-12, 22-26;
സഖ 9:9-12;
റോമാ 11:13-24;
മത്താ 21:1-17
നിനക്കൊരു രാജകീയ സ്വീകരണം
ഏതൊരു ഘോഷയാത്ര കാണുമ്പോഴും നമ്മള്‍ അതിലെ മുഖ്യ കഥാപാത്രമെന്നു നാം കരുതും. അവാര്‍ഡ് നല്‍കപ്പെടുന്ന വേദികളിലെ സദസിലിരിക്കുമ്പോഴും, അവാര്‍ഡ് വാങ്ങിയിട്ട് പറയുന്ന ഒരു മറുപടി പ്രസംഗം നമ്മള്‍ മനസ്സില്‍ ഒരുക്കി കൊണ്ടിരിക്കുന്നുണ്ടാവും. ഫുട്‌ബോള്‍ കളി നടക്കുമ്പോള്‍ ചിലരുടെ പുറം കളി കണ്ടിട്ടില്ലേ, താന്‍ തന്നെയാണ് കളിക്കാരന്‍ എന്ന് കരുതി ചില ആംഗ്യങ്ങളും, കസര്‍ത്തുകളും കാണി ക്കുന്നത്? വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ആഘോഷിക്കപ്പെടുന്ന ഇട ങ്ങളിലെ കേന്ദ്ര കഥാപാത്രമാകാന്‍ എല്ലാവരുടെയും മനസ് കൊതിക്കുന്നുണ്ട്. ഫുട്‌ബോള്‍ കളിയുടെ ഹൈലൈറ്റ്‌സ് മാത്രം കാണുന്ന പോലെയാണ് ഇടക്കൊക്കെ ജീവിതം. ഗോളടിക്കുന്നതും വിജയം ആഘോഷിക്കുന്നതും കാണുമ്പോള്‍, ആ വിജയത്തിന്റെ ലഹരി നമ്മിലേക്ക് അറിയാതെ പടരും. പക്ഷെ ആ കളിക്കാരന്‍, ആ കളിയില്‍ ഗോളടിക്കാന്‍ എത്തി യതുവരെ എടുത്ത കഷ്ടപ്പാടുകള്‍ തിരിച്ചറിയപ്പെടാതെ പോകുന്നു, അല്ലെങ്കില്‍ മറന്നു പോകുന്നു. ജനങ്ങളുടെ ആരവങ്ങളേറ്റ് എഴുന്നള്ളി വരുന്ന കര്‍ത്താവിനെയാണ് നാം കാണുന്നത്, അവിടേക്കെത്തുവാന്‍ യേശുക്രിസ്തു നടന്നുകയറിയ കഷ്ടപ്പാടുകളും, അപമാനങ്ങളും, തിരസ് കരിക്കലുകളും വിസ്മരിക്കപ്പെടുന്നു. തന്റെ ഇഹലോകജീവിതം കൊണ്ട് ചെയ്ത തീര്‍ക്കേണ്ട കടമകള്‍ ഈ ഭൂമിയില്‍ ചെയ്തു കഴിഞ്ഞപ്പോഴാണ് കര്‍ത്താവിനു ജയ് വിളിക്കാന്‍ ജനം മുന്നോട്ട് വരുന്നത്. നിശ്ച യദാര്‍ഢ്യത്തോടെ, ഉത്തമ ബോധ്യത്തോടെ തങ്ങളുടെ കടമകള്‍ ചെയ്തീര്‍ക്കുന്നവര്‍ക്കു, അവര്‍ എത്ര സങ്കടക്കടല്‍ നീന്തി കടന്നവരായാലും ഒരു രാജകീയസ്വീകരണം കാത്തിരിപ്പുണ്ട്. അത് എവിടെയെന്നോ എപ്പോഴേന്നോ, പറയാനാകില്ലെന്നു മാത്രം. ജയ് വിളിക്കപ്പെടുന്നവന്റെ ഉത്തരവാദിത്വങ്ങള്‍ ഓശാന വിളിക്കപ്പെടുന്നവരുടെ ദൗത്യത്തെകുറിച്ചാണ് ക്രിസ്തു ഉടനെതന്നെ വെളിവാക്കുന്നത്. റോമാ സമ്രാജ്യത്തിന്റെ അടിമത്തത്തില്‍ നിന്നും തങ്ങളെ മോചിപ്പിക്കാന്‍ ഒരാള്‍ വരും എന്ന് കാത്തിരുന്ന യഹൂദ ജനത, തങ്ങളുടെ രാഷ്ട്രീയ വിമോചകന്‍ ആയിക്കൂടിയാണ് യേശുവിനെ കാണുന്നതും, കുരുത്തോലകള്‍ നിരത്തി വരവേല്‍ക്കുന്നതും. ജനങ്ങള്‍ക്ക് പ്രതീക്ഷയും, പ്രത്യാശയും വിമോചനവും വാഗ്ദാനം ചെയ്യുന്നവരെ ജനങ്ങള്‍ രാജകീയമായി സ്വീകരിക്കുന്ന, ചരിത്രാതീതകാലം മുതല്‍ നിലനില്‍ക്കുന്ന, മനുഷ്യസമൂഹത്തിന്റെ സ്വഭാവം ആണത്. ഹോസാന എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ, 'ദൈവമേ ഞങ്ങളെ രക്ഷിക്കൂ' എന്നാണല്ലോ. തങ്ങള്‍ കാത്തിരിക്കുന്ന രക്ഷകന്‍ ആണ് വന്നിരിക്കുന്നതെന്ന ഉറപ്പിലാണ് ജനങ്ങള്‍ കര്‍ത്താവിന്റെ പിന്നാലെ കൂടുന്നത്. എന്നാല്‍ ജനങ്ങള്‍ ആഗ്രഹിച്ചപോലുള്ള ഒരു രക്ഷപ്പെടുത്തലല്ല, മതപരമായും രാഷ്ട്രീയമായും കര്‍ത്താവ് ചെയ്തത്. കണ്ണിനു മുന്നില്‍ നടക്കുന്ന അനീതിക്കെതിരെ, ഭവിഷ്യത്തുകള്‍ നോക്കാതെ പ്രതികരിക്കുന്ന കര്‍ത്താവിനെയാണ്, ആര്‍പ്പുവിളികളോടെ ആനയിക്കപ്പെട്ട കര്‍ത്താ വില്‍ ജനങ്ങള്‍ കാണുന്നത്. അനീതിക്കെതിരെ പ്രതികരിക്കുന്നതിനു മുന്‍പ് സ്വന്തം നിലനില്പും, അധികാരികളെ പ്രീതിപ്പെടുത്തലും ഉറപ്പുവരുത്തുന്ന ഇന്നത്തെ കാലത്തെ കപടരക്ഷകര്‍ കണ്ടുപഠിക്കേണ്ട പാഠം തന്നെ യാണ് രണ്ടായിരം വര്‍ഷം മുന്‍പ് നടന്ന ഹോസാന യാത്രയും, ദേവാലയം ശുദ്ധമാക്കലും. ഓശാന ദിവസത്തെ കഴുത യേശുവിനെ ചുമന്ന കഴുതക്കുട്ടിയെക്കുറിച്ചു ഒരു കഥ ഇങ്ങനെയാണ്. ആളുകളുടെ ആരവമൊക്കെയേറ്റ്, ജനമധ്യത്തിലൂടെ ഇങ്ങനെ നടന്നു നീങ്ങിയപ്പോള്‍ താന്‍ എന്തോ മഹാസംഭവമാണെന്ന് ആ കഴുതക്കുട്ടിക്കു തോന്നി. പിറ്റേന്ന് കഴുതക്കുട്ടി തന്റെ അമ്മയോട്, ഇന്നും ആ തെരുവില്‍ പോയി ഒന്ന് കറങ്ങിക്കോട്ടെയെന്നുചോദിച്ചു. തലേന്നത്തെ പോലെ ആളുകള്‍ തന്നെ എഴുന്നള്ളിച്ചു കൊണ്ട് നടക്കും എന്നാണ് ആ കഴുതക്കുട്ടി കരുതിയത്. എന്നാല്‍ വിവേകിയായ അതിന്റെ അമ്മ പറഞ്ഞു, 'നിന്റെ പുറത്തിരിക്കുന്ന ആളില്ലെങ്കില്‍ നീ ഒന്നുമല്ല. നിന്നെയല്ല നിന്റെ പുറത്തിരിക്കുന്ന ആളിനെയാണ് ആളുകള്‍ ജയ് വിളിക്കുന്നത്'. കഴുതക്കുട്ടി, ഇത്തിരി പ്രയാസത്തോടെ അന്ന് തെരുവിലേക്ക് പോകാതെ അമ്മയോട് പിണങ്ങി വീട്ടിലിരുന്നു. അഞ്ചു ദിവസം കഴിഞ്ഞ പ്പോള്‍, തെരുവില്‍ വീണ്ടും ഒത്തിരി ജനങ്ങളുടെ ആരവം കേട്ടു. അമ്മയുടെ എതിര്‍പ്പിനെ അവഗണിച്ചു കഴുതക്കുട്ടി തെരുവിലേക്കോടി. ദുഃഖവെള്ളിയാഴ്ച യേശുവിനെ കുരിശില്‍ തറക്കാന്‍ കൊണ്ടുപോ കുന്ന യാത്ര ആയിരുന്നു അത്. യേശു യാത്ര ചെയ്ത കഴുതക്കുട്ടിയ കണ്ട പാടെ പട്ടാളക്കാര്‍ അതിനെ പിടിക്കാന്‍ ഓടി വന്നു. ജീവനും കൊണ്ട് ഓടി വീട്ടിലെത്തിയ കഴുതക്കുട്ടിക്ക് അപ്പോഴാണ്, താനല്ല, താന്‍ വഹിച്ച ആളുടെ മഹത്വം മൂലമാണ് തന്നെ ആളുകള്‍ ആര്‍പ്പു വിളിച്ചു ആനയിച്ചതെന്നു മനസിലായത്. ഓരോ പദവിയിലും ഇരിക്കുന്ന ആളുകള്‍ക്കു പറ്റുന്ന മഠയത്തരം തന്നെയാണ് കഴുതക്കുട്ടിക്കും പറ്റുന്നത്. താനിരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം കൊണ്ടാണ് ആളുകള്‍ തന്നെ ബഹുമാനിക്കുന്നതെന്നു തിരിച്ച റിയാന്‍ പറ്റാതെ, ഇരിക്കുന്ന സ്ഥാനത്തിന്റെ അധികാരത്തില്‍ കണ്ണുമയങ്ങി ഈ കഴുതക്കുട്ടിയെപോലെ പോലെ പെരുമാറുന്നവര്‍ രാഷ്ട്രീയത്തിലും, ഉദ്യോഗസ്ഥ വൃന്ദങ്ങളിലും, പുരോഹിതരിലും, അധ്യാപകരിലും ഒക്കെ ഉണ്ട്. അധികാരത്തിലിരിക്കുമ്പോള്‍ വീമ്പു കാണിക്കുന്ന ചിലരെ റിട്ടയര്‍ ചെയ്തൂ കഴിഞ്ഞാല്‍ ആരും വകവെക്കില്ല എന്ന് നാട്ടു ഭാഷയില്‍ പറയാറുണ്ട്. ഏതു അധികാരത്തിലിരിക്കുമ്പോഴും, പദവിയെയാണ് ഞാനെന്ന വ്യക്തിയെ അല്ല മറിച്ച്, കയ്യാളുന്ന പദവിയെയാണ് ആളുകള്‍ ആദരിക്കുന്നതെന്ന ചിന്ത വേണം. എന്നാല്‍ ചില വ്യക്തികള്‍ പദവികള്‍ക്കും മുകളിലായി വ്യക്തിപ്രഭാവം സൃഷ്ടിച്ചവരാണ്. അവര്‍ ഏതു പദവിയില്‍ ഇരുന്നാലും, ആ പദവി കൂടുതല്‍ മനോഹരമാകും. വേറൊര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവര്‍ ക്രിസ്തുവിനെപ്പോലെയാണ്, ഏതു കഴുതപ്പുറത്തി രുന്നാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണവരുടേത്. ക്രിസ്തു ഏതു കഴുതപ്പുറത്ത് കയറിയാലും, ക്രിസ്തുവിനാല്‍ ആ കഴുത കൂടി ആദരിക്ക പ്പെടുന്നതുപോലെ തന്നെ. നമ്മില്‍ ക്രിസ്തുവിന്റെ നന്മയും അനുകമ്പയും ഉള്ളപ്പോള്‍, എവിടെയും അംഗീകരിക്കപ്പെടുക തന്നെ ചെയ്യും. ഏതു അധികാരത്തിലിരിക്കുമ്പോഴും, തന്റെ നന്മയും, കരുണയും, കരുതലും കൊണ്ട് മനുഷ്യനെ നേടുന്നവര്‍ക്കേ, അധികാരം പോയിക്കഴിയുമ്പോഴും സമൂഹത്തില്‍ തല ഉയര്‍ത്തിപിടിച്ചു നടക്കാനാവൂ. പ്രതീക്ഷയുടെ വിശുദ്ധവാരം പ്രതീക്ഷയുടെയും, പ്രത്യാശയുടെയും ഒരു വാരം കൂടിയാണ് ഈ കുരുത്തോല തിരുന്നാള്‍ മുതല്‍ ആരംഭിക്കുന്നത്. വിശുദ്ധവാരത്തിന്റെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുക എന്നത് ചെറുപ്പം മുതലേ നമ്മള്‍ ചെയ്യുന്ന കാര്യമാണ്. ദേവാലയത്തിലെ ശുശ്രൂഷകളെക്കുറിച്ചു നമ്മള്‍ ഓര്‍മിക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ഓടിവരുന്നതു കുരുത്തോല പിടിച്ചുള്ള പ്രദിക്ഷണവും, പെസഹാവ്യാഴാഴ്ചയിലെ കാലുകഴുകല്‍ ശുശ്രൂഷയും, ദുഖവെള്ളിയിലെ നഗരി കാണിക്കലും, ഈസ്റ്ററിലെ ഉയിര്‍പ്പും മറ്റുമാണ്. വിശുദ്ധവാരത്തിലെ ഒരു കുമ്പസാരവും, വീട്ടിലെ അപ്പം മുറിക്കലും, ദു:ഖവെള്ളിയാഴ്ചയിലെ പള്ളിയില്‍ പോക്കും നമുക്ക് മുടക്കാനാവാത്തതാണ്. ദൂരങ്ങളില്‍ ആയിരിക്കുന്നവര്‍ ഈ ദിവസങ്ങളില്‍ കുടുംബത്തോടൊപ്പം ആകാന്‍ ഓടിയെത്തുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഭൂമിയില്‍ ജീവിച്ചിരുന്ന ഒരാളുടെ ജീവിതത്തിന്റെ ഓര്‍മ നമ്മള്‍ എല്ലാവര്‍ഷവും സ്മരിക്കുന്നത്, യേശുക്രിസ്തു ഇന്നും എത്രമാത്രം നമ്മെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ്. ആ രക്ഷകന്റെ ഓര്‍മയും, ജീവിതവും, നന്മയും എന്നും നമ്മളെ നയിക്കു മാറാകട്ടെ. ......................................... Publisher: Fr Paul Kottackal (Sr) Email: frpaulkottackal@gmail.com