ഏലിയാ-സ്ളീവാ-മൂശ – 08

ഏലിയാ-സ്ളീവാ-മൂശ – 08: വിശ്വസിക്കുന്നവര്‍ക്ക് എല്ലാം സാധ്യം – Luke 8:41b -56

ഏലിയാ സ്ലീവ മൂശ എട്ടാം ഞായര്‍
പുറ 20:18-21; ജോയേ 2:1-11; ഹെബ്രാ 10:19-25; മത്താ 25: 31-46

ദൈവം ഒളിച്ചുതാമസിക്കുന്ന ഇടങ്ങള്‍

പോളണ്ടിലെ ഒരു കൊച്ചുഗ്രാമത്തില്‍ യഹൂദര്‍ കൂട്ടമായി താമസിച്ചിരുന്ന പ്രദേശമാണത്. രണ്ടാം ലോകമഹായുദ്ധകാലത്ത്, നാസി സൈന്യം, അവിടേക്ക് ഇരച്ചുകയറി. ആ സൈനികവലയത്തില്‍, ജൂത സമൂഹമൊന്നാകെ മരണശിക്ഷക്ക് വിധിക്കപ്പെട്ടു.

പ്രാണവേദനയോടെ സ്വന്തം ശവക്കുഴികള്‍ വെട്ടാന്‍ അവര്‍ നിര്‍ബന്ധിതരായി. അവര്‍ക്കൊപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു. സൈനികരുടെ തോക്കുകള്‍, ആ നിസഹായര്‍ക്ക് നേരെ തുടരെ നിറയൊഴിച്ച പ്പോള്‍, അവന്റെ മാതാപിതാക്കളടക്കം ഒട്ടേറേ പേര്‍, ജീവനറ്റ് ആ കുഴികളിലേക്ക് വീണു. ചതഞ്ഞരഞ്ഞ മൃതശരീരങ്ങള്‍ നാസിസൈന്യം ചെളികൊണ്ട് മറവുചെയ്തു.

വെടിയുണ്ടകളൊന്നും കുട്ടിയുടെമേല്‍ പതിച്ചില്ലെങ്കിലും, വെടിവയ്പ്പിന്റെ ആഘാതത്തില്‍ മാതാപിതാക്കള്‍ക്കുമേല്‍ അവനും കുഴിയിലേക്ക് വീഴുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇരുട്ട് വീണപ്പോള്‍ അവന്‍ കുഴിയില്‍ നിന്ന് ഇഴഞ്ഞ് പുറത്തേക്ക് വന്നു. ആ കുഞ്ഞു ശരീരം മുഴുവന്‍ രക്തവും അഴുക്കും പുരണ്ടിരുന്നു. അടുത്തൊരു വീട്ടിലെത്തി സഹായത്തിനു കേണപേക്ഷിച്ചിട്ടും വാതില്‍ തുറന്നില്ല. യഹൂദ ബാലനെന്ന് തിരിച്ചറിഞ്ഞ് എല്ലാ വീടുകളിലും അവന്‍ തിരസ്‌ക്കരിക്കപ്പെട്ടു.

ഹൃദയം നിലച്ചുപോകുന്ന നാസിഭയം ആ നാട്ടുകാരെയെല്ലാം പരവശരാക്കിയിരുന്നു. അടുത്ത വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍, അവനുതന്നെ അപരിചിതമായ വാക്കുകളാണ് അവന്റെ നാവില്‍ നിന്ന് പുറത്തു വന്നത്: 'നിങ്ങള്‍ക്കെനെ മനസിലായില്ലേ, നിങ്ങള്‍ സ്‌നേഹിക്കുന്നുവെന്ന് പറയുന്ന യേശുവാണ് ഞാന്‍.' അവന്‍ കരഞ്ഞു. തീക്ഷ്ണമായി. ഒരു ഇടവേളയ്ക്കുശേഷം, ആ വീടിന്റെ വാതില്‍ക്കല്‍ നിന്ന സ്ത്രീ അവനെ ചേര്‍ത്തുപിടിച്ചു ചുംബിച്ചു. അന്നു മുതല്‍ ആ കുടുംബം അവനെ മകനായി സ്വീകരിച്ചു.

യേശുവിന്റെ നാമം ഉണര്‍ത്തിയ അവിടുത്തെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള അവബോധം സര്‍വ്വ ആപത്ശങ്കകളെയും അവഗണിച്ച് ഒരു തീരുമാനമെടുക്കാന്‍ ആ കുടുംബത്തിനു പ്രചോദനമാവുകയാണ്.

അന്ത്യവിധിയില്‍ അനുഗ്രഹത്തിനും ശിക്ഷയ്ക്കും അര്‍ഹരായവര്‍ക്ക്, അതിന്റെ കാരണങ്ങളുടെ പേരിലുണ്ടാവുന്ന അമ്പരപ്പാണ് ഇന്ന് നാം വിചിന്തനം ചെയ്യുന്ന വി. മത്തായിയുടെ സുവിശേഷഭാഗത്തെ (25:31-46) ആഴമായ ആലോചനയ്ക്കും വ്യാഖ്യാനത്തിനും വിഷയമാക്കുന്നത്.

വിധി... വിവാദമോ?

നീതിഭ്രംശം കൊണ്ട് പ്രക്ഷുബ്ധവും അശാന്തവുമായ ലോകത്ത്, അവസാനം ന്യായവിധിയെക്കുറിച്ച്, യേശു നല്‍കുന്ന പ്രബോധനം അവിടുത്തെ ശിഷ്യര്‍ക്കുമാത്രമല്ല, സഹസ്രാബ്ദങ്ങളിലൂടെ അവന്റെ മാര്‍ഗത്തില്‍ നടന്നവര്‍ക്കെല്ലാം വലിയ വെല്ലുവിളിയാണ്. തന്റെ രാജ്യത്തിന്റെ ന്യായാസനത്തിലിരുന്നുകൊണ്ട് താന്‍ ന്യായം നടത്തുന്ന രാജ്യത്തെക്കുറിച്ചുള്ള നയപ്രഖ്യാപനമാണ് അവിടുന്ന് നടത്തിയത്.

കരുണകൊണ്ട് പ്രതികാരനിഷ്‌കാസനം ചെയ്യുന്ന ഒരു ക്രമമാണ് ആ രാജ്യത്തില്‍ പുലരേണ്ടത്. കരുതലും സാഹോദര്യവും കൊണ്ട് കര്‍ത്താവിന്റെ വിശ്വസ്തര്‍ തങ്ങളുടെ ജീവിതത്തെ നിര്‍വഹിച്ചു. യേശു നിര്‍വഹിച്ച ശുശ്രൂഷയുടെ തുടര്‍ച്ച. അവരുടെ ചുമതലയായി അവര്‍ തിരിച്ചറിഞ്ഞു. പരിപാലിക്കാന്‍ ആരുമില്ലാത്തവര്‍ക്ക് ക്രിസ്തുവിന്റെ സ്‌നേഹം അവരിലൂടെ സംലഭ്യമായി. ഏറ്റവും എളിയവരുമായി താദാത്മ്യം പ്രാപിച്ച യേശുവിനെ തന്നെ പരിചരിക്കാനുള്ള സ്വാഭാവികമായ അവസരം തന്നെയായി അവര്‍ക്കിത്. മറിച്ച് ക്രിസ്തുവിന്റെ രാജ്യത്തിന്റെ കര്‍മ്മവഴികള്‍ മനസിലാകാതെ, അത് അവഗണിച്ചവര്‍ക്ക് അവശര്‍ അഗണ്യരായി; ക്രിസ്തു അപ്രാപ്യനായി.

വേഷപ്രച്ഛന്നനായ ദൈവം

ഔപചാരികതയുടെയും ആധികാരികതയുടെയും പ്രൗഡിയുറ്റ മേല്‍വിലാസങ്ങളില്‍ ദൈവത്തെ തേടുന്നവര്‍ക്ക് അവന്‍ അദൃശ്യനായിരിക്കും. സ്ഥാനവസ്ത്രങ്ങളിലല്ല അവിടുന്ന് കുടി കൊള്ളുന്നത്. അശരണനായി, വേഷപ്രച്ഛന്നനായി, നമ്മുടെ അയലത്ത് അവിടുന്നുണ്ടാവാം. ദൈവം ഒളിച്ചു താമസിക്കുന്നയിടങ്ങള്‍ നമ്മുടെ പരിസരത്താ വാമെങ്കിലും നാം അവിടുത്തെ കാണാത്തതെന്തേ?

ആ കുഷ്ഠരോഗി

ഭൗതിക ആഡംബരങ്ങളുടെ കുടമാറ്റമായിരുന്നു ഫ്രാന്‍സിസിന്റെ ജീവിതം. മാടമ്പി പദവിയിലേക്കുള്ള ചവിട്ടുപടികളിലേക്ക് ഉല്ലാസനടനമായി ജീവിതത്തെ കൊണ്ടാടിയ സുന്ദരയൗവനം. തന്റെ ആരാധകര്‍ക്കൊപ്പം ചേരാന്‍ ഫ്രാന്‍സീസ് അസീസിയില്‍ നിന്ന് കുതിരപ്പുറത്ത് യാത്രതിരിക്കുമ്പോള്‍ റോഡരികില്‍ ഒരു കുഷ്ഠരോഗി.

യേശുവിന്റെ കാലത്തെന്നതുപോലെ, പന്ത്രണ്ടാം നൂറ്റാണ്ടിലും പ്രത്യേകിച്ച് യൂറോപ്പില്‍, കുഷ്ഠരോഗികള്‍ ഭയവും വെറുപ്പും ഉളവാക്കുന്നവരായിരുന്നു. പെട്ടെന്ന് ഒരാകര്‍ഷണത്തില്‍പ്പെട്ടെന്നതുപോലെ ഫ്രാന്‍സീസ് ആ കുഷ്ഠരോഗിയുടെ അടുത്തേക്കു ചെന്നു, തന്റെ കയ്യിലുണ്ടായിരുന്ന പണമത്രയും നല്‍കി. ആ മനുഷ്യനെ കരങ്ങളിലും കവിളിലും ചുംബിച്ചു. അയാള്‍ ഫ്രാന്‍സിസിന്റെ കവിളില്‍ ചുംബിച്ചു. അപ്പോള്‍ അനിര്‍വചനീയമായ സമാധാനം ഉള്ളില്‍ നിറഞ്ഞു. മടക്കയാത്രയ്ക്കായി കുതിരപ്പുറത്ത് കയറിയിട്ട് ഫ്രാന്‍സീസ് തിരിഞ്ഞു നോക്കുമ്പോള്‍, കുഷ്ഠരോഗി അപ്രത്യക്ഷനായിരിക്കുന്നു.

യേശു തന്നോടു സംസാരിക്കാന്‍ ശ്രമിക്കുന്നുവെന്ന തോന്നലുമായി, ഫ്രാന്‍സീസ് വളരെക്കാലമായി മല്ലിടുകയായിരുന്നു. കുഷ്ഠരോഗിയില്‍ താന്‍ യേശുവിനെയാണു കണ്ടുമുട്ടുകയും ആശ്ലേഷിക്കുകയും ചെയ്തതെന്ന് ഫ്രാന്‍സീസ് അറിഞ്ഞു.

ഇത്തരം ജീവിതാനുഭവങ്ങള്‍ ഫ്രാന്‍സീസില്‍ അവസാനിച്ചില്ല, ചരിത്രത്തിലൂടനീളം തന്റെ ചെറിയ സഹോദരരില്‍, തന്നെ കണ്ടെത്താന്‍ യേശു നമ്മെ നിരന്തരം ക്ഷണിക്കുന്നു.

സാഹോദര്യം എന്ന സമ്മാനം

ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരെന്ന നിലയിലുള്ള സാഹോദര്യം; അത് നാമെല്ലാം പരസ്പരം പങ്കിടുന്ന അനുപമവും ഉദാത്തവുമായ സമ്മാനമാണ്. സ്രഷ്ടാവിന്റെ അനന്തമായ സ്‌നേഹത്തിനു അര്‍ഹരായവരെന്ന നിലയില്‍ ഓരോ മനുഷ്യനും അമൂല്യനാണ്; ഓരോരുത്തരിലും ദൈവം ഉണ്ട്. ഓരോ വ്യക്തിയോടും എല്ലാ ജീവജാലങ്ങളോടും സ്‌നേഹപൂര്‍വ്വമായ ആദരവോടെ പെരുമാറാനുള്ള നമ്മുടെ ഉത്തരവാദിത്വം ദൈവികമാണ്.

ദിവ്യബലിയിലെ തിരിച്ചറിവുകള്‍

ദൈവമക്കളെന്നെ നിലയില്‍ പരസ്പരം സ്വന്തമാണെന്ന അവബോധം അഗാധമായ ഒരു കൂട്ടായ്മയിലേക്ക് നമ്മെ നയിക്കുന്നുണ്ട്. ദിവ്യബലിയിലെ നമ്മുടെ ഭാഗഭാഗിത്വത്തില്‍ ഇത് പ്രത്യേകമാംവിധം പ്രതിഫലിക്കുന്നുണ്ട്. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു. കുര്‍ബാന നമ്മെ ദരിദ്രര്‍ക്കായി സമര്‍പ്പിക്കുന്നു. നമുക്കുവേണ്ടി ത്യജിച്ച ക്രിസ്തുവിന്റെ ശരീരവും രക്തവും ആത്മാര്‍ത്ഥമായി സ്വീകരിക്കണമെങ്കില്‍, ഏറ്റവും ദരിദ്രരായവരില്‍ ക്രിസ്തുവിനെ നാം തിരിച്ചറിയണം.

സഭ ചെറിയവര്‍ക്കൊപ്പം

ഭൂമിയുടെ ഫലങ്ങള്‍ എല്ലാവരുടെയും അവകാശമാണെന്ന കാഴ്ചപ്പാടാണ് സഭയ്ക്കുള്ളത്. സൃഷ്ടിയുടെ വരദാനങ്ങളില്‍ നിന്ന് ആരെയും ഒഴിവാക്കരുത്. ആര്‍ക്കും ആ നന്മകള്‍ നിഷേധിക്കപ്പെടുകയോ ഒരുകൂട്ടര്‍ അത് പിടിച്ചുവയ്ക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകരുത്. ജനതകളുടെ പുരോഗതി എന്ന ചാക്രികലേഖനത്തില്‍ പോള്‍ ആറാമന്‍ മാര്‍പ്പാപ്പ വിരല്‍ ചൂണ്ടിയത് ഈ ദിശയിലേക്കാണ്.

ദരിദ്രരോട് പക്ഷം ചേരണമെന്ന് നാം പലപ്പോഴും ആവര്‍ത്തിച്ചു പറയാറുണ്ട്. ദരിദ്രരും അതീവദുര്‍ബലരുമായവരോടുള്ള ദൈവത്തിന്റെ മുന്‍ഗണന നിറഞ്ഞ സ്‌നേഹവും കരുതലും നമ്മിലൂടെ പ്രതിഫലിക്കണം. ദൈവം പീഡകരുടെ പക്ഷം ചേരുന്നവനല്ലെന്നും എളിയവര്‍ സാര്‍വത്രികമായ അവിടുത്തെ സ്‌നേഹത്തിന്റെ സമാശ്ലേഷത്തിലാണെന്നുമുള്ള തിരിച്ചറിവ് നമ്മുടെ കര്‍മ്മവഴികള്‍ക്ക് ദിശാസൂചകമാവണം.

ഭൂമിയെ ഭാരപ്പെടുത്തുകയും അമിതലാഭത്തിനായി ദുര്‍വ്യയം ചെയ്യുകയും ചെയ്യുന്ന അനീതിക്കെതിരെ ലൗദാത്തോ സിയിലൂടെ ഫ്രാന്‍സീസ് പാപ്പ നല്‍കിയ സുവിശേഷ പ്രചോദിതങ്ങളായ പ്രബോധനങ്ങളും നമ്മുടെ മുന്‍ഗണനകളെ നിര്‍ണ്ണയിക്കണം.

നിലവിളികള്‍ക്കൊപ്പം

പ്രക്ഷുബ്ധമായ ലോകത്തില്‍, അടിച്ചേല്‍പ്പിക്കപ്പെട്ട യുദ്ധങ്ങളിലും, കലാപങ്ങളിലും വംശീയഹത്യകളിലും, മരണതുല്യമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സഹജീവികളുടെ ഹൃദയഭേദകമായ നിലവിളി ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നു നമ്മുടെ ചെവികളില്‍ മുഴങ്ങുന്നു. സമാധാന സംസ്ഥാപകരാകാന്‍ നമുക്കുള്ള വിളി ഉച്ചത്തിലാണെങ്കിലും, അതിനോടു പ്രത്യുത്തരിക്കാനുള്ള നമ്മുടെ നിസഹായത മറച്ചുവയ്ക്കാന്‍ കഴിയാത്തതാണ്.

എന്നാല്‍, ക്രിസ്തുവിനെ അനുയാത്ര ചെയ്യുന്നവരെന്ന നിലയില്‍ സഹോദരരോടുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനാലാണ് നമ്മുടെ ക്രിസ്തീയത കുടികൊള്ളുന്നത്. വിശപ്പും ദാഹവും നഗ്നതയും ഭവനരാഹിത്യവും രോഗവും തടവും അനുഭവിക്കുന്നവരുടെ ദുരവസ്ഥ നമുക്ക് അവഗണിക്കാനാവില്ല.

തട്ടിപ്പറിക്കപ്പെട്ട സൗഭാഗ്യങ്ങള്‍

സമകാലിക ലോകത്ത് വേണ്ടത്ര ഭക്ഷണം കിട്ടാതെ 795 ദശലക്ഷം പേര്‍, ഏറ്റവും അസമത്വം നിറഞ്ഞ സാഹചര്യങ്ങളില്‍ കഴിയുന്ന ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും ജനസമൂഹങ്ങള്‍, തടവറകളില്‍ കഴിയുന്ന 11 ദശലക്ഷമാളുകള്‍, മതിയായ പാര്‍പ്പിടസൗകര്യം നിഷേധിക്കപ്പെട്ട 100 കോടി ജനങ്ങള്‍. വ്യവസായ വാണിജ്യ പുരോഗതിയുടെയും സമൃദ്ധിയുടെയും വര്‍ണ്ണശബളമായ ആഗോള കാന്‍വാസിന്റെ അവഗണിക്കപ്പെടുന്ന പിന്‍കാഴ്ചകള്‍ അതിദയനീയമാണ്. ചൂഷണത്തിന്റെയും തട്ടിപ്പറിക്കലിന്റെയും ഒരു കൂട്ടരുടെ അത്യാര്‍ത്തിയുടെയും ദുരന്തഫലമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന ദാരിദ്ര്യം; നാം നേരിട്ട് ഉത്തരവാദികളല്ലാത്ത ഈ സമസ്യകള്‍ നമ്മെ പരിധിയില്ലാതെ ആകുലപ്പെടുത്തുന്നുണ്ട്. വ്യക്തികളെന്ന നിലയിലും ചെറു സമൂഹങ്ങളെന്ന നിലയിലും അവയ്ക്ക് നാമെങ്ങനെയാണ് സമാധാനം കാണുക?

ഈശ്വരന്റെ പാദപീഠം

ഗീതാഞ്ജലി പത്താം ഗീതത്തില്‍ രവീന്ദ്രനാഥ ടാഗോള്‍ ഈശ്വരസാന്നിദ്ധ്യം കണ്ടെത്തുന്നതെവിടെയെന്നു കാണുക; ഇവിടാണീശ്വരന്റെ പാദപീഠം; ദരിദ്രര്‍ക്കും ആലംബഹീനര്‍ക്കും അശരണര്‍ക്കുമിടയില്‍. എളിയവന്റെ വസ്ത്രങ്ങളില്‍ പതിതര്‍ക്കും എല്ലാം നഷ്ടപ്പെട്ടവര്‍ക്കുമൊപ്പം വസിക്കുന്ന ഈശ്വരന്റെ സവിധത്തിലെത്താന്‍ അഹങ്കാരത്തിന് ഒരിക്കലും കഴിയുകയില്ല.

ദൈവപ്രസാദം തേടിയുള്ള നമ്മുടെ ജീവിതയാത്രയുടെ പാത ഇപ്രകാരം ഈശ്വരസാന്നിദ്ധ്യമുള്ളയിടങ്ങളിലേക്ക്; ദൈവം ഒളിച്ചുതാമസിക്കുന്നയിടങ്ങളിലേക്ക്, വഴി തിരിച്ചുവിടുമ്പോള്‍, സങ്കടപര്‍വങ്ങളായി മാറിയിരിക്കുന്ന ആ ജീവിതങ്ങള്‍ക്ക് സമാശ്വാസം പകരാന്‍ സന്നദ്ധതയുള്ളവരാകുമ്പോഴാണ് നാം ആ സ്വരം ശ്രവിക്കുക. എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരെ വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. (മത്തായി 25:34).

ജോമോന്‍ എം. മങ്കുഴിക്കരി

www.homilieslaity.com

ഏലിയാ സ്ലീവ മൂശാക്കാലം ഞായർ 8
മത്തായി 25:31-46

മത്തായിയുടെ സുവിശേഷത്തിൽ മാത്രം കാണുന്ന ഒരു ഭാഗമാണിത്. ഈശോയുടെ യുഗാന്ത്യ പ്രഭാഷണത്തിലാണ് (Eschatological Discourse) മത്തായി ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈസ്തവ ധാർമികതയുടെ അല്ലെങ്കിൽ പരസ്നേഹ പ്രവർത്തനങ്ങളുടെ അടിസ്ഥാനമായി നിൽക്കുന്ന സുവിശേഷ ഭാഗമാണ് ഇത്. അത് മാത്രമല്ല ക്രൈസ്തവ- കത്തോലിക്ക വിശ്വാസത്തിലെ അടിസ്ഥാന ഘടകങ്ങളായ മരണം, വിധി , നിത്യ രക്ഷ , നിത്യശിക്ഷ‍ എന്നിവയെ കുറിച്ച് വളരെ വ്യക്തമായി പറയുന്ന സുവിശേഷ ഭാഗം കൂടിയാണ് ഇത്.

1. തനത് വിധിയും( Particular Judgement) പൊതുവിധിയും ( Final Judgement)

ക്രൈസ്തവ കത്തോലിക്ക വിശ്വാസമനുസരിച്ച് ഒരു മനുഷ്യൻറെ മരണശേഷം അവൻ രണ്ടുതരത്തിലുള്ള വിധിക്ക് വിധേയമാകുന്നു ഒന്ന് തനതു വിധി അഥവാ Particular Judgement. (CCC 1021) . മറ്റൊന്ന് പൊതുവിധി അഥവാ Final Judgement.(CCC 1038). ആദ്യത്തേത് മരിച്ച ഒരാൾ ഉടൻ നേരിടേണ്ടി വരുന്നു ( ഏതാണ്ട് ധനവാനും ലാസറിനും സംഭവിച്ചതു പോലെ) മറ്റൊന്ന് ഈശോയുടെ രണ്ടാം വരവുമായി ബന്ധപ്പെട്ട് നടക്കുന്നു. എന്തുതന്നെയായാലും ഒരാൾ അവന്റെ പ്രവർത്തികൾക്കനുസരിച്ചു വിധിക്ക് വിധേയനാകേണ്ടി വരും എന്നുള്ളതാണ് നമ്മുടെ വിശ്വാസം നമ്മളെ പഠിപ്പിക്കുന്നത്. ദൈവം കരുണമായനാണ് അതേ സമയം അവിടുന്നു നീതിമാനുമാണ്. അതുകൊണ്ട് നന്മ ചെയ്തവർക്ക് സമ്മാനവും തിന്മ ചെയ്തവർക്ക് ശിക്ഷയും ലഭിക്കുക എന്നുള്ളത് ദൈവത്തിൻറെ നീതിയുടെ ഭാഗമാണ്. അത്തരത്തിൽ ഒരു വിവരണം ദാനിയേൽ പ്രവാചകൻറെ പുസ്തകത്തിലും വെളിപാട് പുസ്തകത്തിലും നമ്മൾ കാണുന്നുണ്ട് അതിനു സമാനമായ ആശയമാണ് മത്തായി ഇവിടെ സൂചിപ്പിക്കുന്നത്. എന്ന് പറഞ്ഞാൽ ഒരു ക്രൈസ്തവ വിശ്വാസി മറക്കാതെ ഹൃദയത്തിൽ സൂക്ഷിക്കേണ്ട ഒരു കാര്യം തനിക്കൊരു മരണം ഉണ്ടെന്നും ഒരു വിധിയാളന്റെ മുൻപിൽ താൻ നിൽക്കേണ്ടി വരും എന്നുമുള്ള വിചാരമാണ്. ആ ഒരൊറ്റ ചിന്ത ജീവിതത്തെ കുറച്ചു കൂടി ഗൗരവമായി എടുക്കാൻ നമ്മെ പ്രേരിപ്പിക്കും. അതാണ് പ്രഭാഷകൻ പുസ്തകത്തിൽ പറയുന്നത് " ഓരോ പ്രവർത്തിയും ചെയ്യുമ്പോൾ ജീവിതാന്ത്യത്തെക്കുറിച്ച് ഓർമ്മിക്കണം. എന്നാൽ നീ പാപം ചെയ്യില്ല എന്ന്" ( പ്രഭാ7:36). നമ്മുടെ മരണത്തെ കുറിച്ചുള്ള ഓർമ്മയും നിത്യ രക്ഷയെ കുറിച്ചുള്ള പ്രതീക്ഷയും നിത്യ ശിക്ഷയെക്കുറിച്ചുള്ള ഭയവും ഒരു പരിധിവരെ പാപത്തിൽ വീഴാതെ ജീവിക്കാൻ നമ്മളെ സഹായിക്കും. ( പണ്ട് കാലങ്ങളിൽ പല സന്യാസ വൈദികരും തലയോട്ടി കയ്യിൽ പിടിച്ചു ധ്യാന പ്രസംഗം നടത്തിയിരുന്നത്രെ.... !!! മനുഷ്യനെ പേടിപ്പിക്കാൻ അതിലും നല്ലൊരു മാർഗം ഇല്ല അല്ലേ....?)

2.നേരെത്തെ Out ആയ ചോദ്യ പേപ്പർ

PSC പരീക്ഷ യുടെ ചോദ്യ പേപ്പർ നേരെത്തെ ഇന്റർനെറ്റ് സൈറ്റിൽ വന്നത് വലിയ വിവാദമായിരുന്നു. QUESTION PAPER നേരെത്തെ കിട്ടിയാൽ പരീക്ഷ പാസാകാൻ വളരെ EASY ആണ്. ഏതാണ്ട് ഇതുപോലെയാണ്
ക്രിസ്ത്യാനിയുടെ FINAL EXAM ന്റെ ചോദ്യ പേപ്പർ നേരെത്തെ OUT ആയിട്ടുണ്ട്. 6 ചോദ്യ ങ്ങളാണ് അതിലുള്ളത്. പരീക്ഷ VIVA MODEL ആണ്. അവസാന നാളിൽ കർത്താവ് ചോദിക്കും
1- എനിക്ക് വിശന്നപ്പോൽ ഭക്ഷിക്കാൻ തന്നുവോ?
2- ദാഹിച്ചപ്പോൾ കുടിക്കാൻ തന്നുവോ?
3-നഗ്നനായിരുന്നപ്പോൾ വസ്ത്രം നൽകിയോ?
4-രോഗിയായ എന്നെ സന്ദര്ശിച്ചുവോ?
5-പരദേശി ആയിരുന്നപ്പോൾ സ്വീകരിച്ചോ?
6-കരാഗ്രഹത്തിൽ ആയിരുന്നപ്പോൾ സന്ദർശിച്ചോ...?‍

പേപ്പർ ഔട്ടായിട്ടും കൂടി നമ്മിൽ എത്രപേർക്ക് ആ പരീക്ഷ പാസാകാൻ കഴിയും?
അർപ്പിച്ചു കൂട്ടിയ ബലികളോ എത്തിച്ചു കൂട്ടിയ ജപമാലയും ഏൽപ്പിച്ചു കൂട്ടിയ നൊവേനകളും കത്തിച്ച് കൂട്ടിയ തിരികളോ പൊട്ടിച്ചു കൂട്ടിയ വെടി മരുന്നുകളോ കെട്ടിപ്പൊക്കിയ പള്ളികളോ കല്ലിട്ടു കൊടുത്ത പള്ളിമേടകളോ സ്വർഗ്ഗത്തിലേക്ക് നമ്മെ എത്തിക്കണം എന്നില്ല. കാരുണ്യ പ്രവർത്തികൾ 14 എണ്ണം ആണ് സഭ പഠിപ്പിക്കുന്നത്. അതു ചെയ്യാതെ ഒരു ദിവസം പോലും കടന്നുപോയിക്കൂടാ. ഒന്നും പറ്റിയില്ലെങ്കിൽ ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്ക് വേണ്ടി ഒന്നു പ്രാർത്ഥിച്ചിട്ടേ കിടന്നുറങ്ങാവൂ...

3. എളിയ സഹോദരരിൽ ക്രിസ്തുവിനെ കാണുക

ഇത് മത്തായി ആദിമ സഭക്കു നൽകുന്ന ഉപദേശം കൂടിയാണ്. കാരണം പാവപെട്ടവരെ അവഗണിക്കുന്ന ഒരു സ്വഭാവ സ്ഥിതി ആദിമ സഭയിൽ ഉണ്ടായിരുന്നു. അതാണ് യാക്കോബ് തന്റെ ലേഖനത്തിൽ സൂചിപ്പിക്കുന്നത് 'നിങ്ങളുടെ പ്രാർത്ഥനയോഗത്തിലേക്ക് വിശിഷ്ടമായ വസ്ത്രങ്ങൾ ഇട്ട് സ്വർണ മോതിരം അണിഞ്ഞു വരുന്ന ഒരുവനെ നിങ്ങൾ സ്വീകരിക്കുന്നു. അതേസമയം മുഷിഞ്ഞ വസ്ത്രം ധരിച്ചു വരുന്ന പാവപ്പെട്ടവനെ നിരാകരിക്കുന്നു എന്ന്'. ഈ ഒരു അപകടം ആണ് മത്തായിയും സൂചിപ്പിക്കുന്നത്. അതുകൊണ്ടു എളിയവരിൽ ക്രിസ്തുവിനെ കാണാൻ മത്തായി ഓർമിപ്പിക്കുന്നു. നമ്മൾ ഒരാൾക്ക് ഉപകാരം ചെയ്യുമ്പോൾ അത് ക്രിസ്തുവിനാണ് ചെയ്യുന്നത് എന്നുള്ള ബോധവും ബോധ്യവും ഉണ്ടാവുക പ്രധാനപെട്ട കാര്യമാണ്. ഫ്രാൻസിസ് അസീസിയുടെ കഥ പോലെ. വഴിയിൽ വച്ചു അദ്ദേഹം ഒരു കുഷ്ഠരോഗിയെ കാണുന്നു . ആദ്യം വെറുപ്പോടെയും പിന്നെ ഒരലപ്പം അകൽച്ചയോടെയും അയാളെ നോക്കുന്നു. പിന്നെ ഒരു ഭ്രാന്തനെപോലെ ഓടിച്ചെന്നു കെട്ടി പിടിച്ചു ചുംബിക്കുന്നു. ഓരോ ചുംബനത്തിലും ഓരോ മുറിവുകൾ അപ്രത്യക്ഷമാകുന്നു. ഒടുവിൽ അവശേഷിക്കുന്നത് 5 മുറിവുകളാണ്. രണ്ടു കൈ വെള്ളയിലും രണ്ടു കാൽ മുട്ടുകളിലും ഒന്നു വിലാവിലും. ഒരു ഭ്രാന്തനെ പോലെ ഫ്രാൻസിസ് നിലവിളിച്ച് പറയുകയാണ് "മുറിവേറ്റ ഓരോ മനുഷ്യൻറെ പുറകിലും ഒളിച്ചിരിക്കുന്നത് നീയാണെന്നു തിരിച്ചറിയുവാൻഞാൻ എത്ര വൈകി" എന്ന്. മുറിവേറ്റ മനുഷ്യർക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത് ക്രിസ്തുവാണെന്ന് തിരിച്ചറിയുക.
ക്രൈസ്തവരുടെ പരസ്നേഹ പ്രവർത്തനങ്ങളുടെ അടിസ്ഥാനം തന്നെ ഈ വചന ഭാഗമാണ്.സഭയുടെ അടിസ്ഥാന മുഖമുദ്ര തന്നെ ഉപവി പ്രവർത്തങ്ങൾ ആണ്. Charity is Our Idendity എന്നാണ് പറയുക. വിശുദ്ധ ഡാമിയനും വി. വിൻസെന്റ് ഡി പോളും വിശുദ്ധ മദർ തെരേസയും നമുക്ക് കാണിച്ചു തരുന്നു മാതൃക അതാണ്. ഇവരുടെ പാതയിൽ മുന്നേറുവാൻ നമുക്കും പരിശ്രമിക്കാം.
ഒരു കാര്യം കൂടി ഓർക്കുക
ചെയ്തുകൂട്ടിയ നന്മകളാണ് ഒരുവനെ സ്വർഗ്ഗത്തിലേക്ക് എത്തിക്കുന്നതെങ്കിൽ ചെയ്യാതെ പോയ നന്മകളാണ് അയാളെ നരകത്തിന് അർഹനാക്കുക. അതായത് അവഗണനയാണ് ഏറ്റവും വലിയ അപരാധം. "നിസ്സംഗതയാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ തിന്മ" എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളും ഇതോടു കൂടി ചേർത്ത് വായിക്കാവുന്നതാണ്.