ഏലിയാ-സ്ളീവാ-മൂശ – 07

ഏലിയാ-സ്ളീവാ-മൂശ – 07: ദൈവനീതിയും മനുഷ്യനീതിയും -Matthew 20:1-16

ഏലിയാ സ്ലീവ മൂശ ഏഴാം ഞായര്‍
പുറ 33:12-17; ജറെ 20:7-13; 2 കോറി 1:3-7; മത്താ 11:25-30

അറിയാതെ പോകുമ്പോള്‍
അകന്നുപോകുന്നത്

വിനായക് നിര്‍മ്മല്‍

'അടുത്തിരിക്കവെ നമ്മള്‍ അന്യോന്യമകലുന്നു
ഇടയില്‍ മൗനത്തിന്റെ മതില്‍ക്കെട്ടുയരുന്നു'

ഇന്ന് ഏറ്റവും കൂടുതല്‍ അകലമുള്ളത് അടുത്തിരിക്കുന്നവര്‍ തമ്മിലാണ്. ഇന്നേറ്റവും കൂടുതല്‍ സംസാരിക്കുന്നത് അകലെയുള്ളവര്‍ തമ്മിലാണ്. അടുത്തിരിക്കുന്നവര്‍ തമ്മിലുള്ള ദൂരം ഏറെയുള്ളതു കൊണ്ടാണ് അകലെയുള്ളവര്‍ അടുത്തായിരിക്കുന്നതുപോലെ നമുക്ക് അനുഭവപ്പെടുന്നത്.

അറിയുന്നില്ല

അകന്നുപോകുന്നതിന് പിന്നിലുള്ള കാരണങ്ങളില്‍ പ്രധാന പ്പെട്ടത് പരസ്പരം അറിയാതെ പോകുന്നുവെന്നതാണ്. ഇന്നത്തെ തിരു വചനഭാഗത്ത് വ്യക്തിപരമായി ചിന്തകള്‍ ഉടക്കിയത് ഒരൊറ്റ ചെറുവാക്കിലാണ്. ''അറിയുന്നില്ല''. സ്പര്‍ശിച്ചതും ആ വാക്ക് തന്നെ.

പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപെടുത്തിക്കൊടുക്കാന്‍ മനസ്സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല എന്നതാണ് വിവക്ഷിതം.

ഏതൊക്കെ തരത്തിലുള്ള ദുര്‍വ്യാഖ്യാനങ്ങളിലൂടെ കടന്നു പോയ വ്യക്തിജീവിതമായിരുന്നു ക്രിസ്തുവിന്റെ 33 വര്‍ഷത്തെ മനു ഷ്യാവതാരമെന്ന് ആലോചിച്ചുനോക്കൂ. അവന്‍ ആ തച്ചന്റെ മകനല്ലേ എന്ന അല്പം പുച്ഛം കലര്‍ന്ന ചോദ്യം മുതല്‍ ചുങ്കക്കാരുടെയും വേശ്യകളുടെയും കൂട്ടുകാരനും വീഞ്ഞുകുടിയനും ഭോജനപ്രിയനും വരെ യായി, എത്രയെത്ര ആരോപണങ്ങള്‍. ആരോപണങ്ങള്‍ പലതും അര്‍ദ്ധസത്യങ്ങളാണ്. എന്നാല്‍ അവ സത്യം പോലെ തോന്നിക്കുകയും ചെയ്യും. ഇത്തരം അപവദിക്കലുകളുടെ ഇടനാഴിയിലൂടെ കടന്നുപോകുമ്പോഴും ക്രിസ്തു മനസ്സിലാക്കിയിരുന്നു തന്റെ നിയോഗം എന്തെന്ന്. തന്നെ പിതാവ് അറിയുന്നുണ്ടെന്ന്. അറിയുന്നുണ്ടെന്നത് എത്രയോ ആശ്വാ സകരമാണ്. സമാധാനമാണ്. ആരും അറിയാതെ പോകുന്നതാണ് ഖേദ കരം. ആരും മനസ്സിലാക്കാതെ പോകുന്നതാണ് പരിതാപകരം. ചങ്കെ ടുത്ത് കാണിക്കുമ്പോഴും ഓ ചെമ്പരത്തിപ്പൂവ് എന്ന മട്ടില്‍ കടന്നു പോകുന്നവരോട്, അല്ല അതെന്റെ ഹൃദയമായിരുന്നുവെന്ന് പോലും പറയാന്‍ കഴിയാതെ വിഷമിക്കുന്നവരെത്രയോ പേരുണ്ട്.

സത്യത്തില്‍ നാം ആരെയാണ് അറിയുന്നത്? അതുപോലെ ആരാണ് നമ്മെ അറിയുന്നത്..? അറിഞ്ഞുവരുമ്പോഴേയ്ക്കും ജീവിതം തീര്‍ന്നുപോകത്തക്കവിധത്തില്‍ എത്ര ഝടുതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടു കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.!

അറിയുക എന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കുക എന്നാണ്. നീ എന്താണോ, നീ ആരാണോ, നിന്നിലെന്താണോ അത് അതേപടി ഞാന്‍ മനസ്സിലാക്കുന്നു. മനസ്സില്‍ സൂക്ഷിക്കുന്നു. അത് നിന്നിലെ കുറവുകളാകാം, വൈകല്യങ്ങളാകാം, ബലഹീനതകളാകാം. എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെടാത്ത സ്വഭാവപ്രത്യേകതകളാകാം.

പക്ഷേ അതിനെല്ലാം അപ്പുറം ഞാന്‍ നിന്നെ അറിയുന്നുവെന്നതാണ് പ്രത്യേകത. അറിയുന്നുവെന്ന് പറയുന്നതിന്റെ അടുത്ത ഘട്ടം സ്നേഹിക്കുന്നുവെന്നു കൂടിയാണ്. എന്നാല്‍ കണ്ടുവരുന്നത് അറിഞ്ഞുവരുമ്പോഴേയ്ക്കും സ്നേഹം നഷ്ടമാകുന്നുവെന്നതാണ്.

അറിയാതെ പോകുന്നുവെന്നതിന്റെ വിശദീകരണമാകട്ടെ മന സ്സിലാക്കാതെ പോകുന്നുവെന്നതും. മനസ്സില്‍ വയ്ക്കുന്നതിനെ മനസ്സിലാക്കല്‍ എന്ന് പറയാമെന്ന് തോന്നുന്നു. മനസ്സില്‍ ശരിയായി വയ്ക്കുമ്പോള്‍ അത് കൃത്യമായ രീതിയിലുള്ളതാകുന്നു. മനസ്സില്‍ തെറ്റായി വയ്ക്കുമ്പോള്‍ അത് തെറ്റിദ്ധാരണയും തെറ്റിദ്ധാരണ തെറ്റായും മാറുന്നു.

അറിയുന്നതെപ്പോള്‍

അറിയുന്നീല നിന്നെ ഞാന്‍
നിന്നു കത്തുന്ന വാക്കുകള്‍
നെഞ്ചിലാഴുമ്പോള്‍
നൃപാ നിന്നെ അറിയുന്നു ഞാന്‍

എന്നാണ് മധുസൂദനന്‍ നായര്‍ പാടിയിരിക്കുന്നത്. ഗാന്ധര്‍വ്വം എന്ന കവിതയിലാണ് ഈ വരികളുള്ളത്.

ചില വിപരീത അനുഭവങ്ങളായിരിക്കും മറ്റുള്ളവരെ മനസ്സിലാ ക്കാന്‍ നമുക്ക് സാഹചര്യമൊരുക്കുന്നത്. ഇന്നലെ വരെ മനവും തനുവും കൊടുത്ത് സ്നേഹിച്ച കാമുകനെ അവള്‍ക്കെന്തു വിശ്വാസമായിരുന്നു. അയാള്‍ തന്നെ സ്നേഹിക്കുന്നുണ്ടെന്നും കൊട്ടാരത്തിലെത്തുമ്പോള്‍ സ്വീകരിക്കുമെന്നും വിശ്വസിച്ച അവള്‍ക്ക് തെറ്റി.

സ്നേഹത്തിന് ദുഷ്യന്തകാമുകന്‍ അടയാളം ചോദിച്ചപ്പോഴാണ് അവള്‍ക്കാദ്യമായി അയാളെ മനസ്സിലാവുന്നത്. എല്ലാ സ്നേഹങ്ങളും മാറ്റുരയ്ക്കപ്പെടുന്നത് ജീവിതത്തില്‍ നേരിടേണ്ടിവരുന്ന പ്രതികൂലങ്ങളിലാണ്. എല്ലാം സാധാരണപോലെ സംഭവിക്കുമ്പോള്‍ സ്നേഹം ചോദ്യം ചെയ്യപ്പെടുന്നില്ല.

സ്നേഹം പ്രതിബന്ധം അറിയുന്നില്ലെന്നാണ് ആബേലച്ചന്‍ കുരിശിന്റെ വഴിയില്‍ പറയുന്നത്. അതുകൊണ്ടാണ് വേറോനിക്കയ്ക്ക് യേശുവിന്റെ തിരുമുഖം തുടയ്ക്കാന്‍ സാധിച്ചത്. പക്ഷേ നമ്മുടെ സ്നേഹം പ്രതിബന്ധങ്ങളുടെ മുമ്പില്‍ പിന്‍വാങ്ങുന്നതാണ്. സുരക്ഷിത ലാവണത്തിലൊതുങ്ങി നില്ക്കുന്ന സ്നേഹങ്ങളേ നമുക്ക് പരിചയമുള്ളൂ. ഒരാളുടെയും മുഖം തുടയ്ക്കാന്‍ നമ്മുടെ പക്കല്‍ കൈലേസുകളില്ല.

സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നുവെന്ന അബദ്ധധാരണയില്‍ ശാന്തമായി കടന്നുപോകുന്നതാണ് ഒട്ടുമിക്ക ജീവിതങ്ങളും. പക്ഷേ അനിവാര്യമായ ഒരു മുഹൂര്‍ത്തത്തില്‍ സ്‌നേഹം ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അപ്പോള്‍ അടയാളമായി എന്തു നല്കും? അതാണ് വലിയ പ്രതിസന്ധി.

ഇതെന്റെ ഭൂപടം

മകനേ ഇതിന്ത്യയുടെ ഭൂപടമെന്ന് കവി. ശരിയാണ് സ്‌കൂള്‍ കാലയളവില്‍ ഇന്ത്യയുടെ ഭൂപടം വരച്ച് സംസ്ഥാനങ്ങള്‍ അടയാള പ്പെടുത്തുക എന്നൊരു ചോദ്യമുണ്ടായിരുന്നു. അടയാളപ്പെടുത്താനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വ്വം നടത്താത്ത ഒരാളായതുകൊണ്ടാവാം, താരതമ്യേന മാര്‍ക്ക് നേടുക എളുപ്പമുള്ള ചോദ്യമായിരുന്നു അതെങ്കിലും ഒരിക്കലും ഭൂപടത്തിന് മാര്‍ക്ക് നേടാതെ പോയത്. അതോ ഭൂപടജ്ഞാനം കുറവായതുകൊണ്ടോ? അറിയില്ല.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, ഓരോരുത്തരെയും കൃത്യമായി അറിഞ്ഞു കഴിഞ്ഞാല്‍ അവരെ കൃത്യമായി വരച്ചുചേര്‍ക്കാന്‍ എളുപ്പ മാണ്. അറിയാതെ പോകുന്നതുകൊണ്ടാണ് പലരെയും നാം തെറ്റായ ഇടങ്ങളില്‍ അടയാളപ്പെടുത്തുന്നത്. തെറ്റായ ഇടങ്ങളില്‍ അടയാളപ്പെ ടുത്തിയവരെല്ലാം ചിലപ്പോള്‍ കൂടുതല്‍ നല്ല ഇടങ്ങള്‍ അര്‍ഹിക്കുന്ന വരായിരിക്കും. നല്ല ഇടങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന വരെല്ലാം അത്ര മേല്‍ അര്‍ഹതയുള്ളവരായിരിക്കണമെന്നുമില്ല.

അതുകൊണ്ട് ശരിയായി അറിയുക എന്നതാണ് പ്രധാനം. അനര്‍ഹമായി ഉയര്‍ത്തി പ്രതിഷ്ഠിക്കപ്പെട്ടവരെയൊക്കെ ഞാന്‍ എന്റെ ജീവിതത്തില്‍ നിന്ന് ഇപ്പോള്‍ താഴ്ത്തിനിര്‍ത്തിയിരിക്കുന്നു. അവര്‍ അത്രയേയുള്ളൂവെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ. എന്നിട്ടും അവരോടെനിക്ക് വെറുപ്പോ വിദ്വേഷമോ ഇല്ല. എന്റെ സ്നേഹത്തിന്റെ ഓഹരിക്കുള്ള അവകാശം അവര്‍ക്ക് കുറവായിരിക്കുന്നുവെന്ന് മാത്രമേയുള്ളൂ

അറിവുകേടുകളുടെ ലോകം

അറിയാതെ പോകുന്നതുകൊണ്ടുള്ള അബദ്ധങ്ങളാണ് നാം ചെയ്തുകൂട്ടുന്ന തെറ്റുകളിലേറെയും. അറിഞ്ഞുകഴിയുമ്പോള്‍ എല്ലാം ശരിയാകും. പക്ഷേ അറിവ് വേദന കൂടിയാണ്. ചില കാര്യങ്ങള്‍ അറിയാ തിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടില്ലേ. ചികിത്സിക്കാതെ മുറിവു വച്ചുകെട്ടുന്നതിലെ അപകടം അതിനുണ്ട്. മുറിവു പഴുക്കും. ദുര്‍ഗന്ധം വമിക്കും. ഒടുവില്‍ ജീവന്‍ തന്നെ അപകടത്തിലാകും. അതുകൊണ്ട് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. അകലെയുള്ളവരെക്കാള്‍ അടുത്തുള്ളവരെ.. അവരെ കേള്‍ക്കാന്‍ തയ്യാറാവുക.

എല്ലാം നല്ലതുപോലെ അറിഞ്ഞുകഴിയുമ്പോഴും നീയെന്നെ സ്‌നേഹിക്കുമോയെന്നതാണ് മനുഷ്യരുടെ മുമ്പിലുയരുന്ന ആശങ്കാ കുലമായ ചോദ്യം. എല്ലാം അറിഞ്ഞുവരുമ്പോള്‍ മനുഷ്യര്‍ ചിലപ്പോള്‍ നിന്നെ തള്ളിക്കളഞ്ഞേക്കാം. പക്ഷേ അപ്പോഴും നിന്നെ നീയായിരിക്കുന്ന അവസ്ഥയില്‍ സ്നേഹിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ ഈ ലോകത്തിലുണ്ടെന്ന അറിവ് നിനക്കേറെ ആശ്വാസം പകരും. മറ്റാരുമല്ല അവന്‍ തന്നെ. അവന്റെ പേരാണ് ദൈവം.

www.homilieslaity.com

ഏലിയ- സ്ലീവാ- മൂശക്കാലം ഞായർ 7

മത്തായി 11: 25-30

Biblical Background

യഹൂദനേതൃത്വം യഹോവയുടെ നിയമത്തിന്റെ പേരിൽ ജനങ്ങളെ വല്ലാതെയങ് ബുദ്ധിമുട്ടിച്ചിരുന്നു. മോശയുടെ നിയമങ്ങളും ഉപ നിയമങ്ങളും അതിൻറെ വ്യാഖ്യാനങ്ങളുമൊക്കെമായി സാധാരണ യഹൂദർ ഈ നിയമം പാലിച്ചു ജീവിക്കാൻ വല്ലാതെയങ് കഷ്ടപ്പെട്ടിരുന്നു. അതിനെയാണ് ഭാരമേറിയ നുകം എന്നതുകൊണ്ടു ഈശോ ഉദദ്ദേശിക്കുന്നത്.

Interpretation

1. ഈശോയിൽ ആശ്വാസം

ഇന്നത്തെ വായനകളെല്ലാം തന്നെ ദൈവം നൽകുന്ന ആശ്വാസമായി ബന്ധപ്പെട്ടാണ് . ഒന്നാം വായനയിൽ കർത്താവ് മോശയോട് കൂടെ വരുകയും അവനെ ആശ്വസിപ്പിക്കുകയും ചെയ്യുമെന്ന് പുറപ്പാട് പുസ്തകത്തിൽ വായിക്കുന്നു. രണ്ടാം വായനയിൽ ജറമിയ പ്രവാചകൻ കർത്താവ് ശത്രുക്കൾക്കെതിരെ വിജയത്തിനായി നമ്മുടെ പക്ഷത്തുണ്ട് എന്ന് പ്രവാചകൻ ഓർമിപ്പിക്കുന്നു. ലേഖനത്തിൽ പൗലോസ് ശ്ലീഹ പറയുന്നത് മിശിഹായുടെ സഹനത്തിൽ പങ്കുചേരുന്ന നമ്മൾ അവന്റെ സമാശ്വാസത്തിനും പങ്കുചേരുന്നു എന്നുള്ളതാണ്. ഇതിന്റെ തുടർച്ചയാണ് സുവിശേഷം പറയുന്നത് അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെ എന്റെ അടുക്കൽ വരുവിൻ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്നാണ്.
പലപ്പോഴും കള്ളുകുടിക്കുന്ന ചേട്ടന്മാരോട് ചോദിച്ചു കഴിഞ്ഞാൽ അവർ പറയും 'അച്ചാ...രാപ്പകൽ അധ്വാനിച്ച് കഴിയുമ്പോൾ ഒരല്പം ആശ്വാസത്തിന് വേണ്ടിയാണ് രണ്ടെണ്ണം വീശുന്നത് എന്ന്. പൊതുവേ മനുഷ്യന്മാരുടെ ആശ്വാസത്തിനുള്ള മാർഗങ്ങൾ ഇതൊക്കെയാണ്- കള്ളുകുടി, യാത്രകൾ, സിനിമ ,ഭക്ഷണം, കളി..etc . ഇതെല്ലാം ആശ്വാസം ലഭിക്കാൻ നല്ലതാണ് , ഒന്ന് Refresh ആവാൻ നല്ലതാണ്. ഇതിനപ്പുറം സ്ഥിരമായി ഒരു ആശ്വാസം കണ്ടെത്താനായിട്ടുള്ള മാർഗം എന്ന് പറയുന്നത് ഈശോയോടൊപ്പമായിരിക്കുക എന്നതാണെന്നു മറക്കാതിരിക്കുക.
ഇവിടെ ആശ്വാസം എന്നതിനു ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് ANAPAUO എന്നാണ് അതിനർത്ഥം 'Have been refreshed' എന്നാണ് അതായത് ഈശോയിലേക്ക് വന്നണഞ്ഞു കുറച്ചു കൂടി Refresh ആകാം എന്ന് ചുരുക്കം

"ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു..." എന്നുള്ളത് പഴയ ഒരു ഭക്തിഗാനമാണ്. നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളുടെ കടന്നു പോകുമ്പോഴും ഏക ആശ്വാസം , ആശ്രയം എന്നു പറയുന്നത് ഈശോയാണ് സംശയമില്ല. നമ്മുടെ ജീവിതം, അധ്വാനം, രോഗം, സാമ്പത്തിക ബാധ്യത, മരണം ,പരാജയം, അപമാനം എങ്ങനെയുള്ള ഒരുപാട് നെഗറ്റീവ് സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും അതിനെ തരണം ചെയ്യാനായി അതിൽ ഒരൽപ്പം ആശ്വാസം കണ്ടെത്താനായിട്ടുള്ള എളുപ്പ മാർഗം ഈശോയിലേക്ക് വരിക എന്നുള്ളതാണ്. വലിയ തിരക്കുള്ള സ്ഥലങ്ങളിലുള്ള നിത്യരാധന ചാപ്പലുകൾ ഒന്നു ശ്രദ്ധിച്ചാൽ മനസിലാകും . ഒരു പാട് തിരക്കുകൾക്കും പ്രശ്നങ്ങൾക്കും ഇടയിൽ മനുഷ്യർ തമ്പുരാന്റെ അടുത്തു ചെന്നിരുന്നു ഊർജം നേടി തിരിച്ചു പോകുന്ന കാഴ്ച്ച. ഇമ്മടെ ധ്യാനകേന്ദ്രങ്ങളിലെ സാക്ഷ്യം പറച്ചിലുകൾ പലപ്പോഴും കേട്ടിട്ടുണ്ടായിരിക്കും. അതിൽ കാണുന്ന ഒരു പൊതുസ്വഭാവം ഇതായിരിക്കും . ഒരുപാട് തകർന്ന മനുഷ്യന്മാര് ഈശോയാകുന്ന തണലിൽ ഒന്ന് ചാഞ്ഞുറങ്ങുന്നു, ആശ്രയം കണ്ടെത്തുന്നു കൂടുതൽ ഉണർവോടുകൂടി അവരുടെ ജീവിതത്തെ അവർ മുന്നോട്ട് നീക്കുന്നു . നമ്മുടെ ജീവിത ക്ലേശങ്ങളിൽ ഒരല്പം ആശ്വാസം നൽകുന്ന തണൽ മരമാണ് ക്രിസ്തു. അതു മറക്കരുത്. ആ തണലിൽ ഓരോ ദിവസവും അൽപ്പ സമയം ചിലവഴിക്കുക.
അധ്വാനിക്കുന്നവന്റെ സംരക്ഷണത്തിനായി എന്ന് കണക്കാക്കപ്പെടുന്ന പാർട്ടികളും പ്രത്യയ ശാസ്ത്രങ്ങളും ഒരു പരിധിയിൽ കവിഞ്ഞ് തൊഴിലാളികളെ സംരക്ഷിക്കില്ല എന്നതിന് കാലം സാക്ഷിയാണ്. അത്തരത്തിലുള്ള മനുഷ്യന്മാർക്ക് ആശ്വാസമെന്നു പറയുന്നത് ക്രിസ്തു തന്നെയാണ് എന്നതിൽ സംശയമില്ല.

2. ശിശുക്കളുടെ വെളിപാടുകൾ

സ്വർഗ്ഗസ്ഥനായ പിതാവ് പല കാര്യങ്ങളും ശിശുക്കൾക്ക് വെളിപ്പെടുത്തി കൊടുക്കുന്നുവെന്നാണ് ഈശോ പറയുന്നത്. മിലാനിലെ പുതിയ മെത്രാനെ തിരഞ്ഞെടുക്കാനായി ആളുകൾ ഒന്നിച്ചു കൂടിയിരിക്കുകയാണ്. ഒരുപാട് ചർച്ചകൾക്ക് ശേഷവും യോഗ്യനായ ഒരാളെ കണ്ടെത്താൻ കഴിഞ്ഞില്ല. പെട്ടെന്നാണ് വെളിപാട് കിട്ടിയതുപോലെ ഒരു കുഞ്ഞു ഉറക്കെ വിളിച്ചു പറയുന്നത് "അംബ്രോസ് നമ്മുടെ മെത്രാൻ " . ഉടനെ ജനങ്ങൾ മുഴുവൻ അത് ഏറ്റു പറയാൻ തുടങ്ങുകയാണ്. അങ്ങനെയാണ് വൈദികൻ പോലും അല്ലാതിരുന്ന അംബ്രോസ് എന്ന യുവാവിനെ വൈദിക പട്ടവും മെത്രാൻ പട്ടവും കൊടുത്തു മിലാൻ രൂപതയുടെ മേലധികാരിയാക്കുന്നത്. അദ്ദേഹമാണ് പിന്നീട് വിശുദ്ധനും സഭാ പിതാവുമൊക്കെയായി മാറ്റപ്പെടുന്നത്. കുട്ടികളിലൂടെ പല കാര്യങ്ങളും നമുക്ക് വെളിപ്പെട്ടു കിട്ടുന്നു എന്നു പറയാറുണ്ട്. അവരിൽ നിന്നും പല കാര്യങ്ങളും നമ്മൾ പഠിക്കേണ്ടതായുമുണ്ട്. 'The Child is the father of the Man' എന്നൊരു ചൊല്ലുണ്ട്. അതായത് കുഞ്ഞുങ്ങളാണ് മുതിർന്നവരുടെ പിതാവ്. കുട്ടികൾ വളരെ നിഷ്കളങ്കമായി പെരുമാറുന്നു, അവർക്ക് കപടതയില്ല. പിള്ള മനസിൽ കള്ളമില്ല എന്നു പറയാറില്ലേ...? അവർക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നതിൽ മടിയില്ല. അതായത് അവർക്ക് നമ്മുടേത് പോലെ ഈഗോ പ്രശ്നം ഒന്നും ഇല്ല. അവർ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും അലസമായി സമയം കളയില്ല. ഇതെല്ലാം കുഞ്ഞുങ്ങളിൽ നിന്നും നമുക്കും പഠിക്കാവുന്ന ചില പാഠങ്ങളാണ്.

3. ഈശോയെ പഠിക്കുക

യഹൂദ നേതൃത്വം തങ്ങളുടെ ഒരുപാട് നിയമങ്ങൾ കൊണ്ടു മനുഷ്യരെ വല്ലാത്തയങ് കഷ്ട പെടുത്തിയിരുന്നു. ( ഏതാണ്ട് ഇമ്മടെ സഭയുടെ നൂറു കൂട്ടം നിയമ ങ്ങൾ പോലെ...)
അതിനെയാണ് ഈശോ ഭാരമായ നുകമായി പറയുന്നത്. തന്റെ നുകം വഹിക്കാൻ എളുപ്പമുള്ളതാണ് എന്ന് ഈശോ പറയുന്നു. കാരണം എന്താ...? അവന്റെ നിയമങ്ങൾ വളരെ സിമ്പിളാണ് . അത് ആകെ 2 എണ്ണമേ ഉള്ളൂ . 1. ദൈവത്തെ സ്നേഹിക്കുക 2. മനുഷ്യനെ സ്നേഹിക്കുക. So simple....!!!
മനുഷ്യന്മാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്ന നിയമവ്യവസ്ഥിതികൾ, ചട്ടക്കൂടുകൾ, നിബന്ധനകൾ, ഇതൊക്കെ ഒന്ന് കുറച്ച് ഒഴിവാക്കി സിമ്പിളാക്കി കൊടുക്കുക . മനുഷ്യന്മാരെ വലതെയങ് കഷ്ടപ്പെടുത്തുന്ന രീതികൾ കഴിവതും ഒഴിവാക്കുക.

തന്നിൽ നിന്ന് പഠിക്കാനായിട്ടാണ് ഈശോ ശിഷ്യന്മാരോട് പറയുന്നത് നമ്മളെല്ലാവരും പഠിച്ചിരിക്കേണ്ട ഒരു പാഠപുസ്തകമാണ് ക്രിസ്തു എന്നത് സംശയമില്ല. ലോകത്ത് എഴുതപ്പെട്ട ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ ക്രിസ്തു എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് എഴുതപ്പെട്ടിട്ടുള്ളത്. . എന്ന് പറഞ്ഞാൽ വർഷങ്ങളും നൂറ്റാണ്ടുകളും കഴിഞ്ഞിട്ടും അവനെ കുറിച്ചുള്ള പഠനങ്ങൾക്ക് അവസാനമില്ല. ഈശോയെ ആഴത്തിൽ അറിയുക, പഠിക്കുക എന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണ്. ഈശോയുടെ വചനങ്ങൾ അറിയുക, ഈശോയുടെ വ്യക്തിത്വത്തെ കുറിച്ചുള്ള അറിവ് നേടുക, ഈശോയുടെ അത്ഭുതങ്ങളെ കുറിച്ചുള്ള അറിവ് നേടുക , ഈശോയുടെ ഈ ഭൂമിയിലെ സാന്നിധ്യത്തെക്കുറിച്ചുള്ള അറിവ് / അനുഭവം നേടിയെടുക്കുക ഇതെല്ലാം ഇന്നത്തെ കാലഘട്ടത്തിൽ പ്രധാനപ്പെട്ടതാണ്. ഈശോയെകുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും വിശ്വാസപരമായ പല അപകടകങ്ങളിലേക്കും നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്. അതുകൊണ്ടു ഈശോയിൽ നിന്നും പഠിക്കുക, ഈശോയെ പഠിക്കുക.