ഏലിയാ-സ്ളീവാ-മൂശ – 06: കാനന്ക്കാരിയുടെ വിശ്വാസം- Matthew 15:21-28
ഏലിയാ സ്ലീവാ മൂശാക്കാലം ഞായർ 6
യോഹ 12:27-36
Biblical Background
കുരിശിന്റെ പുകഴ്ച /ഉയർപ്പ് അതാണ് ഇന്നത്തെ പ്രധാന ചിന്താവിഷയം. അവഗണിക്കപ്പെട്ടവന്റെ /തഴയപ്പെട്ടവന്റെ വിജയം അതാണ് കുരിശിൽ കാണുക. ആദ്യ വായനയിൽ സഹോദരന്മാരാൽ ഉപേക്ഷിക്കപെട്ടവനും അടിമയായി വിൽക്കപ്പെട്ടവനുമായ ജോസഫിനെ ഈജിപ്ത് അധിപതിയായി ദൈവം ഉയർത്തുന്നു. രണ്ടാം വായനയിൽ വെറും ഇടയ ചെറുക്കനായ ദാവീദിനെ രാജാവിൻറെ സ്ഥാനത്തേക്ക് ഉയർത്തുന്ന കാര്യം കേൾക്കുന്നു. ലേഖനത്തിൽ മനുഷ്യപുത്രന്റെ ഉയർപ്പ്/ മഹത്തീകരണം സൂചിപ്പിക്കുന്നു. യോഹന്നാൻ സുവിശേഷത്തിൽ പറയുന്നതും കുരിശിന്റെ മഹത്തീകരണം ആണ്. ഈശോ കുരിശിൽ ഉയർത്തപ്പെടുമ്പോൾ സകല മനുഷ്യരെയും തന്നിലേക്ക് ആകർഷിക്കും എന്നാണ് പറയുന്നത്.
1.അസ്വസ്ഥമായ മണിക്കൂറുകൾ
തന്റെ ആത്മാവ് അസ്വസ്ഥമാണെന്നും താൻ ഇനി എന്തു പറയേണ്ടു.? എന്ന ഈശോയുടെ ചോദ്യത്തോട് കൂടിയാണ് സുവിശേഷം ആരംഭിക്കുന്നത്. ഈശോയെപോലെ അസ്വസ്ഥമാകുന്ന നിമിഷങ്ങളും മണിക്കൂറുകളും ദിവസങ്ങളും നമുക്കും ഉണ്ടാകാം . ഈയടുത്ത് കർണാടകയിലെ ഗംഗാവലി പുഴയിൽ മുങ്ങിപ്പോയ അർജ്ജുനന്റെ വാഹനവും ശരീരവും കണ്ടെത്തിയ ശേഷം ആ ലോറി ഉടമയുടെ മനാഫിന്റെ ഇൻറർവ്യൂ മാധ്യമങ്ങളിലൊക്കെ നിറഞ്ഞുനിന്നിരുന്നു. അദ്ദേഹം പറയുന്ന ഒരു കാര്യം ഇതാണ് : അർജുനെ കാണാതായത് മുതൽ പലരും തന്നെ കുറ്റപ്പെടുത്തുവാനും ഒറ്റപ്പെടുത്തുവാനും പരിഹസിക്കുവാനും സംശയത്തോട് കൂടി നോക്കുവാനും തനിക്കെതിരെ വേണ്ടാത്തത് പറഞ്ഞു പരത്തുവാനുമൊക്കെ ശ്രമിച്ചുവെന്നും അത് തന്നെ വല്ലാതെ അസ്വസ്ഥനാക്കി എന്നുമൊക്കെയാണ്. ഇത് അയാളുടെ ജീവിതത്തിൽ മാത്രമല്ല നമുക്കൊക്കെ സംഭവിക്കാവുന്ന അപകടമാണ്. ജീവിതത്തിൽ അരുതാത്തതു സംഭവിക്കുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവർ നമ്മളെ കുറിച്ചുള്ള അപവാദങ്ങൾ പറഞ്ഞു പരത്തുമ്പോൾ നമ്മുടെ മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. ഈശോയെപ്പോലെ നമ്മളും ചോദിച്ച് പോകും "ഞാൻ ഇനിയിപ്പോ എന്നാ പറയാനാ ..?" , പറഞ്ഞിട്ട് എന്താ കാര്യം.? എന്നൊക്കെ. എന്നാൽ അങ്ങനെയുള്ള അസ്വസ്ഥതയുടെ നിമിഷങ്ങളിൽ ഈശോയെപോലെ തകരാതെ, തളരാതെ പിടിച്ചുനിൽക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അസ്വസ്ഥമായ മണിക്കൂറുകൾക്കുശേഷം ദൈവം നമ്മെ ഉയർത്തും. കുരിശിൽ കിടന്ന ഈശോയെ മരണത്തിനു അപ്പുറം ദൈവം ഉയർപ്പിച്ചതുപോലെ അവിടുന്നു നമ്മെയും ഉയർത്തും. ഒരു സംശയവുമില്ല.
പരാജയത്തിന്റെയും അപമാനത്തിനും 'സിംബലാണ്' കുരിശ്. മാത്രമല്ല കുരിശിന് തൂങ്ങപ്പെട്ടവൻ ശപിക്കപ്പെട്ടവൻ ആണന്നാണ് പഴയ നിയമത്തിലെ വിശ്വാസം. അങ്ങനെ ശാപത്തിന്റെ മരണത്തിൻറെ അപമാനത്തിന്റെ അടയാളമായ കുരി ശിനെയാണ് ദൈവം മഹത്വത്തിൻറെ ചിഹ്നമായി ഉയർത്തുന്നത്. എന്ന് പറഞ്ഞാൽ അപമാനവും പരാജയവും തഴയപ്പെടലുമെല്ലാം വിജയത്തിലേക്കുള്ള ഒരുവന്റെ ചവിട്ടുപടികളാണ്ട്.
സിൽമാ ഡയലോഗ് പോലെ "ആദ്യം അവർ നിങ്ങളെ പുച്ഛിക്കും, പിന്നെ മാറ്റിനിർത്തും പിന്നെ ആക്രമിക്കും ഒടുവിൽ ആയിരിക്കും നിങ്ങളുടെ വിജയം"
2. എന്തിനാ പ്രാര്ഥിക്കുന്നത്?
സമാന്തര സുവിശേഷങ്ങളിൽ ഈശോ ഗത്സമെൻ തോട്ടത്തിൽ വച്ചു പ്രാർത്ഥിക്കുന്ന സംഭവത്തിന് സമാനമായ ഭാഗമാണ് യോഹന്നാൻ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മനസ്സ് അസ്വസ്ഥമാകമ്പോൾ ഈശോ പ്രാർത്ഥനയിലേക്ക് പ്രവേശിക്കുകയാണ്. തനിക്ക് വരാനിരിക്കുന്ന അപകടം മുൻകൂട്ടിയവൻ കാണുന്നു . അത് മാറിപ്പോകാൻ മാനുഷികമായ ഒരു പ്രേരണയാൽ അവൻ പ്രാർത്ഥിക്കുന്നു. എന്നാൽ അതേ സമയം ദൈവഹിതം സ്വീകരിക്കാനും മനസ്സുകൊണ്ട് ഈശോ തയ്യാറാകുന്നു. മനസ്സ് അസ്വസ്ഥമാകുമ്പോൾ പ്രശ്നങ്ങൾ മുന്നിൽ കുന്നു കൂടുമ്പോൾ നമ്മൾ എന്തിനാണ് അഭയം പ്രാപിക്കുന്നത് ? ഒരു അപകടം, അപമാനം, സങ്കടം, മരണം, നിരാശ ഇതൊക്കെ വരുമ്പോഴേക്കും മനുഷ്യന്മാർ മദ്യപാനത്തിൽ, ആത്മഹത്യയിൽ പ്രശ്നങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടത്തിനുള്ള വഴികളിൽ അതിലേക്കാണ് ശ്രദ്ധിക്കുക . പക്ഷേ പ്രാർത്ഥനയിൽ അഭയം തേടിക്കൊണ്ട് ആ പ്രശ്നത്തെ അഭിമുഖീകരിക്കൻ നമ്മളിൽ എത്രപേർക്ക് പറ്റുന്നുണ്ട്? സങ്കടങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു "പിതാവേ" എന്നു ഈശോ വിളിച്ചതുപോലെ ആത്മാർത്ഥമായി പ്രാർത്ഥിക്കാനും നിലവിളിക്കാനും നമുക്ക് എത്രമാത്രം പറ്റുന്നുണ്ട്?
പലരും ചോദിക്കുന്ന ചോദ്യം ആണിത് . ഓ പ്രർത്ഥിച്ചിട്ടു ഇപ്പോൾ എന്നാ കിട്ടാന? ഒത്തിരി പ്രാര്ഥിച്ചിട്ടും കാര്യങ്ങൾക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്നൊക്കെ.
ഒരു പ്രശ്നത്തെ അതിൽ നിന്നും ഒളിച്ചോടാതെ ധൈര്യപൂർവ്വം നേരിടാൻ ആയിട്ടുള്ള ചങ്കൂറ്റം പ്രാർത്ഥന വഴിയായി നമുക്ക് കിട്ടുന്നുണ്ട് . എന്ന് വെച്ചാൽ പ്രാർത്ഥന പ്രശ്നത്തിന് പരിഹാരം മാത്രം അല്ല , മറിച്ചു ആ പ്രശ്നത്തെ നേരിടാൻ ആയിട്ടുള്ള ധൈര്യമാണ് നമുക്ക് നൽകുന്നത്. ഇമ്മടെ കാരണവന്മാർ പറയും പോലെ 'തെളിച്ച വഴിയിലൂടെ പോയില്ലെങ്കിൽ, പോയ വഴിയിലൂടെ തെളിയിക്കുക' എന്ന് പറയുന്നതുപോലുള്ള ഒരവസ്ഥ. നമ്മൾ ഉദ്ദേശിച്ച പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ആകുന്നില്ലെങ്കിൽ തമ്പുരാന്റെ ഹിതം പോലെ അതിനെ വിട്ടുകൊടുക്കാൻ ഒരു മനസ്സും ധൈര്യവും ഉണ്ടാവുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. അതാണ് പ്രാർത്ഥന വഴി ഒരാൾക്ക് ലഭിക്കുന്ന അനുഗ്രഹവും. പിന്നെ ഓർക്കേണ്ട ഒരു കാര്യം യാക്കോബ് ശ്ലീഹ പറഞ്ഞതാണ്:
"ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്‌തിപ്പെടുത്താന്‍ നിങ്ങള്‍ തിന്‍മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്."
യാക്കോബ് 4 : 3
3.മുഖ്യ ദൂതന്മാരുടെ തിരുന്നാൾ
മുഖ്യ ധൂതന്മാരുടെ തിരുന്നാൾ -ഗബ്രിയേൽ, റാഫേൽ, മിഖായേൽ- ആണ്.
ഈശോയുടെ പ്രാര്ഥനക്കുള്ള ഉത്തരം സ്വർഗത്തിൽ നിന്നും
ലഭിച്ചുവെന്നും ഒരു ദൂതനെ അയച്ചു അവരെ ശക്തിപ്പെടുത്തി എന്നും (അത് ലൂക്കാ സുവിശേഷത്തിൽ ആണ്) നമ്മൾ കാണുന്നു. എന്ന് വെച്ചാൽ നമ്മുടെ പ്രശ്നങ്ങളിൽ നമ്മൾ നിലവിളിച്ച് കരഞ്ഞു പ്രാർത്ഥിക്കുമ്പോൾ ആ പ്രശ്നം മാറുന്നില്ല മറിച്ചു പ്രശ്നത്തെ 'ഫെയ്സ്' ചെയ്യാനായിട്ട് ചില സ്വരങ്ങൾ നമ്മൾ കേൾക്കും, അല്ലെങ്കിൽ ദൈവദൂതരെ/ കാവൽ മാലാഖമാരെ നമ്മെ ശക്തിപ്പെടുത്താൻ അവിടുന്നു അയച്ചു തരും . അങ്ങനെ അവിടുന്ന് നമ്മളെ ബലപ്പെടുത്തും. ഇസഹാക്കിന് നേരെ കത്തി ഉയർത്തിയ അബ്രഹത്തെ ദൂതൻ തടഞ്ഞപോലെ തോബിയാസിന് റാഫേൽ മാലാഖ കാവൽ ആയതു പോലെ ചില കാവൽ ദൂതന്മാർ നമുക്കും കൂട്ടു വരും. നമ്മുടെ കാവലായി ചില മാലാഖമാർ ദൈവം നമുക്കായി നിയോഗിച്ചു നൽകും. അതാണ് സങ്കീർത്തകൻ പറയുന്നത് "നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളു
സങ്കീ 91 : 11
ചുരുക്കി പറഞ്ഞാൽ ഇമ്മടെ പ്രാർത്ഥന ഒരിക്കലും നിഷ്ഫലമാകുന്നില്ല. അതിനുത്തരം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമുക്ക് കിട്ടുന്നുണ്ട് . ഒന്നുകിൽ പ്രശ്നം മാറുന്നു. അല്ലെങ്കിൽ അതിനെ അഭിമുഖീകരിക്കുവാനും അതിജീവിക്കുവാനും ശക്തി കിട്ടുന്നു. ഇതു രണ്ടുമല്ലെങ്കിൽ നമുക്ക് തുണയായി ഒരു ദൈവ ദൂതനെ നൽകപ്പെടുന്നു.
"നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും."
ഏശയ്യാ 58 : 9
*** **** ***** **
'മാലാഖ' എന്ന വാക്കിന്റെ അർത്ഥം ദൂതൻ/ദാസൻ എന്നെല്ലാമാണ്
പരമ്പരാഗതമായി മാലാഖമാരെ ഒമ്പത് വൃന്ദങ്ങളായി തിരിച്ചിരിക്കുന്നു. വിശുദ്ധ ഗ്രന്ഥമാണ് ഇതിന് അടിസ്ഥാനം. മഹാനായ വിശുദ്ധ ഗ്രിഗറി ഒരു ദൈവവചന പ്രഭാഷണത്തിൽ മാലാഖമാരുടെ ഒമ്പത് ഗണത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്
1)ദൈവദൂതൻമാർ,(Angels)
2) മുഖ്യദൂതൻമാർ (Archangels)
3) പ്രാഥമികന്മാർ, (Principalities)
4) ബലവാന്മാർ (Powers)
5) തത്വകന്മാർ (Virtues) 6)അധികാരികൾ,(Dominions)
7) ഭദ്രാസനന്മാർ, (Thrones)
8) ക്രോവേന്മാർ (Cherubim)
9) സ്രാപ്പേൻമാർ (Seraphim)
മുഖ്യ ദൂതന്മാർ
Gabriel= ദൈവമാണ് എന്റെ ബലം (God is My Strength)
Raphael=* ദൈവം സുഖപ്പെടുത്തുന്നു (God has healed)
Michael= ദൈവത്തെപോലെ ആരുണ്ട്...?(Who Resembles God)
ഈ മാലാഖമാരുടെ സഹായം നമുക്കും തേടാം...
ഏലിയാ സ്ലീവ മൂശെ ആറാം ഞായര്‍
ഉത്പ 41:37-45; പ്രഭാ 47:2-3, 8-11;
ഹെബ്രാ 1:1-4;
യോഹ 12:27-36
സഹനത്തിന്‍ ഫലം മഹത്വം
ഡോ. സി. ക്രിസ്റ്റോ സി.എച്ച്. എഫ്
ആരാധനക്രമ വത്സരത്തിലെ ഏലിയാ-സ്ലീവാ-മൂശാ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. സഹനത്തിലൂടെ യേശു മഹത്വത്തിലേയ്ക്ക് കടന്നു വന്നതുപോലെ നാമും നമ്മുടെ ജീവിതസഹനങ്ങളിലൂടെ മഹത്വത്തിലേക്ക് കടന്നുവരണമെന്നാണ് ഈ കാലഘട്ടം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. യോഹന്നാന്റെ സുവി ശേഷം 12-ാം അദ്ധ്യായം സഹനത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ ക്രിസ്തുപാഠം നമ്മെ പഠിപ്പിക്കുന്നുണ്ട്.
വിജ്ഞാനകുതുകികളായ ഗ്രീക്കുകാര്‍ പെസഹാ തിരുനാളില്‍, ഈശോയെ അന്വേഷിച്ചുവരികയും ഈശോ സഹനത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നതാണ് ഇന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം.
മനുഷ്യപുത്രന്‍
'മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു' എന്നു പറഞ്ഞു കൊണ്ടാണ് ഗ്രീക്കുകാരുമായുള്ള സംഭാഷണം ഈശോ ആരംഭിക്കുന്നത്. തൊട്ടടുത്ത വരികളില്‍ അവിടുന്ന് പറയുന്നു, 'ഗോതമ്പുമണി നിലത്ത് വീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും, അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കുന്നു'. ഇവിടെ മഹത്വവും സഹനവും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധം ഇതള്‍ വിരിയുകയാണ്. സഹിക്കുന്നവരാണ് മഹത്വത്തിലേക്ക് പ്രവേശിക്കുന്നതെന്ന് വളരെ വ്യക്തമായി ഈശോ നമ്മെ പഠിപ്പിക്കുന്നു. ഗദ്‌സെമേന്‍ തോട്ടത്തില്‍ ഈശോ രക്തം വിയര്‍ത്തു പ്രാര്‍ത്ഥിച്ചു, 'പിതാവെ, കഴിയുമെങ്കിലീ പാനപാത്രം എന്നില്‍ നിന്ന് അകന്നു പോകട്ടെ, എങ്കിലും എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ.' പിതാവായ ദൈവത്തിന്റെ ഇഷ്ടം ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി ഈശോ കുരിശെടുക്കണമെന്നതായിരുന്നു. അതിന് ഈശോ തയ്യാറായപ്പോള്‍ ദൈവം, സ്വര്‍ഗ്ഗം തുറന്ന് ഈശോയെ മഹത്യപ്പെടുത്തുകയാണ്.
കഷ്ടപ്പാടുകളും സഹനങ്ങളും ദൈവത്തിലാശ്രയിച്ച് ഏറ്റെടുത്തവരെല്ലാം മഹത്വത്തിലേക്ക് പ്രവേശിക്കപ്പെട്ടിട്ടുണ്ടെന്ന് ഉല്‍പത്തിയുടെ പുസ്തകം 41-ാം അദ്ധ്യായത്തില്‍ പൂര്‍വ്വ യൗസേഫിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. പിതാവായ യാക്കോബ്, തന്റെ 12 മക്കളില്‍ കൂടുതല്‍ സ്‌നേഹം ജോസഫിനോട് കാണിക്കുന്നതില്‍ അസൂയ തോന്നിയ സഹോദരന്മാര്‍ ജോസഫിനെ മര്‍ദ്ദിച്ചു, പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു, അവിടന്ന് പൊക്കി ഈജിപ്തുകാര്‍ക്ക് വിറ്റു. ദൈവം ജോസഫിനെ ഉയര്‍ത്തി. സ്വപ്നങ്ങള്‍ വ്യാഖ്യാനിക്കാനുള്ള പ്രത്യേക കഴിവ് ജോസഫി നുണ്ടായിരുന്നു.അങ്ങനെ അവന്‍ ഫറവോയുടെ കൊട്ടാരത്തിലെത്തി. ജോസഫ് തന്റെ ജീവിതത്തിലനുഭവിച്ച കഷ്ടപ്പാടുകളും ദുരിതങ്ങളും വേദനകളും അവനെ ഈജിപ്തിന്റെ അധിപനാക്കി. ഇന്നിന്റെ സഹനങ്ങള്‍ നാളത്തെ മഹത്വത്തിന്റെ കാരണമാകും.
പ്രഭാഷകന്റെ പുസ്തകത്തില്‍ ദാവീദിനെ കുറിച്ച് പറയുന്നിടത്ത്, തന്റെ എല്ലാ പ്രവര്‍ത്തികളിലും അവന്‍ അത്യുന്നതന്റെ മഹത്വം പ്രകീര്‍ത്തിച്ച് പരിശുദ്ധനായ ദൈവത്തിന് കൃതജ്ഞതയര്‍പ്പിച്ചുവെന്ന് തിരുവചനത്തില്‍ രേഖപ്പെടുത്തിയിട്ട്. അവഗണിക്കപ്പെട്ട ജെസ്സെയുടെ ഇളയ പുത്രനെ ഇസ്രായേലിന്റെ രാജാവായി ദൈവം അഭിഷേചിക്കുന്നു. നമ്മുടെ കണ്ണുകളില്‍ അവഗണിക്കപ്പെടുന്നുവെന്ന് തോന്നുന്നവര്‍ക്കും ദൈവസന്നിദ്ധിയില്‍ വിലയുണ്ട്. സാവുള്‍ ആയിരങ്ങളെ കൊന്നു, ദാവീദ് പതിനായിരങ്ങളേയും എന്ന് ജനങ്ങള്‍ വിളിച്ചു പറയുന്ന തരത്തിലേക്ക് ദൈവം ദാവീദിനെ വളര്‍ത്തി.
സഹനത്തെ മഹത്വത്തിന്റെയും രക്ഷയുടെയും കാരണമായി നമുക്ക് കാണാന്‍ കഴിയുമ്പോഴാണ് നമ്മില്‍ പ്രകാശം ഉണ്ടെന്ന് പറയുവാന്‍ കഴിയുന്നത്.
ഹെബ്രായാക്കാര്‍ക്ക് എഴുതപ്പെട്ട ലേഖനത്തില്‍, വെളിപാടിന്റെ പൂര്‍ണ്ണത ക്രിസ്തുവിലാണെന്ന് കൃത്യമായിട്ടവതരിപ്പിക്കുകയാണ്. ഹെബ്രാ 1:1-4 ല്‍ അവസാന നാളുകളില്‍ തന്റെ പുത്രന്‍ വഴി അവി ടുന്ന് നമ്മോട് സംസാരിച്ചിരിക്കുന്നു. ഹെബ്രായ ലേഖനം സഹനത്തെ ശിക്ഷണമായിട്ടാണ് അവതരിപ്പിക്കുന്നത്. ഹെബ്രാ 12:6 -11, ല്‍ 'താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്‍കുന്നു, മക്കളായി സ്വീ കരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. ശിക്ഷണത്തിനു വേണ്ടിയാണ് നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്നപ്പോലെ ദൈവം നിങ്ങളോട് പെരുമാറുന്നു. പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏത് മകനാണുള്ളത്? എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്.' സഹനത്തിലൂടെ നമ്മള്‍ ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയരുകയാണ്. വേദനകളും കഷ്ടപ്പാടുകളും നമ്മുടെ അവകാശമാണ്. കാരണം നമ്മളോരോരുത്തരും ദൈവത്തിന്റെ മക്കളാണ്.
ഒരിക്കല്‍ ഒരു കൂട്ടം സന്യാസികള്‍ വലിയ കുരിശുകള്‍ താങ്ങി, ഒരു കുരിശുയാത്ര നടത്തുകയാണ്. സ്വാഭാവികമായും വലിയ കുരിശുകള്‍ ചുമക്കുന്നതു കൊണ്ട് ദാഹവും, ക്ഷീണവും പരവേശവു മൊക്കെ അവര്‍ക്കുണ്ട്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ കൂട്ടത്തിലെ യുവ സന്യാസി ഇങ്ങനെ ചിന്തിച്ചു, ''എന്തിനാണ് ഇത്രയും വലിയ, നീളവും ഘനവുമുള്ള കുരിശ് ഞാന്‍ ചുമക്കേണ്ടത്? ആകൃതിയില്‍ കുരിശായി രുന്നാല്‍ പോരെ?'' ഈ ചിന്തയുടെ വെളിച്ചത്തില്‍, ആ യുവസന്യാസി തന്റെ കുരിശിന്റെ നീളവും വീതിയും ഘനവും കുറച്ചു. ആകൃതിയില്‍ കുരിശു തന്നെ. യുവസന്യാസിക്ക് വലിയ സന്തോഷമായി. മറ്റുള്ളവരെ നോക്കി തെല്ല് അഹങ്കാരത്തോടെ അവന്‍ യാത്ര തുടര്‍ന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ അവര്‍ക്ക് മുന്നിലതാ വലിയൊരു ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നു. മറ്റുള്ള എല്ലാവരും തങ്ങളുടെ വലിയ കുരിശുകള്‍ ഈ ഗര്‍ത്തത്തിനു മീതെ വച്ച് അതിലൂടെ നടന്ന് മറുകരയിലെത്തി. എന്നാല്‍ കുരിശിന്റെ നീളവും വീതിയും ഘനവും കുറച്ച ആ യുവ സന്യാസി യാകട്ടെ, തന്റെ കുരിശ് ഗര്‍ത്തത്തിന് മീതെ നീട്ടിയപ്പോള്‍ തന്നെ ആ കുരിശ് കൈയില്‍ നിന്നും വഴുതി ഗര്‍ത്തത്തിലേക്ക് വീണു. ആ യുവസന്യാസി, സങ്കടത്തോടെ തന്റെ കുരിശുയാത്ര അവിടെ വച്ച് അവസാനിപ്പിച്ചു.
ചിലര്‍ ദൈവസന്നിധിയില്‍ പരാതിപ്പെടാറുണ്ട്, ദൈവമെ, എന്തിനാണ് എനിക്ക് ഇത്രയും വലിയ ഭാരമുള്ള കുരിശു നല്‍കിയിരിക്കുന്നത്? അതിനുള്ള ഉത്തരമാണീ കഥ. നമുക്ക് രക്ഷയുടെ, മഹത്വത്തിന്റെ മറുകര താണ്ടണമെങ്കില്‍, നീളമുള്ള, വീതിയുള്ള, ഘനമുള്ള ജീവിതകുരിശുകളിലൂടെ മാത്രമെ സാധിക്കൂവെന്ന് ദൈവത്തിന് നന്നായി അറിയാം. ജീവിത കുരിശുകള്‍ മഹത്വത്തിന് കാരണമാകുന്നത് അവിടെയാണ്.
കര്‍ത്താവിന്റെ പീഡാസഹനങ്ങളെ, കുരിശനുഭവങ്ങളെ അപ്പാടെ ജീവിതത്തില്‍ പകര്‍ത്തിയ മഹാ വിശുദ്ധയാണ് വി. മറിയം ത്രേസ്യ. പഞ്ചക്ഷതധാരിയാണ്. ഭാരമേറിയ കുരിശ് താങ്ങി അവശനായി വരുന്ന കര്‍ത്താവിനെ ദര്‍ശനത്തില്‍ കണ്ട മറിയം ത്രേസ്യ പറഞ്ഞു, 'മതി കര്‍ത്താവെ, ഈ കാഴ്ച എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. ഇനി അങ്ങയുടെ കുരിശ് ഞാന്‍ ചുമക്കാം' കര്‍ത്താവിനോടുള്ള സ്‌നേഹം കൊണ്ട്, മറിയം ത്രേസ്യ, ദൈവസന്നിധിയില്‍ നിന്നും സഹനങ്ങള്‍ ചോദിച്ചു വാങ്ങി പഞ്ചക്ഷത ധാരിയായി.
സഹനങ്ങളെ തീണ്ടാപ്പാടകലെ നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഈ കാലഘട്ടത്ത് വിശുദ്ധ മറിയം ത്രേസ്യ നമുക്ക് നല്‍കുന്ന മാതൃക, വെല്ലുവിളി നമുക്ക് സ്വീകരിക്കാം. കഷ്ടപ്പാടുകളെ നമ്മള്‍ അകറ്റി നിര്‍ത്തുമ്പോള്‍ നമ്മള്‍ ശാരീരികമായും, ആത്മീയമായും കൂടുതല്‍ കൂടുതല്‍ രോഗികളും നന്മക്കുറവുള്ളവരുമായി മാറുകയാണ്. അതുകൊണ്ട് സഹനങ്ങളെ ധീരമായി ഏറ്റെടുത്തുകൊണ്ട് കൂടുതല്‍ നന്മകളുള്ളവരായി നമുക്ക് മാറാം.
www.homilieslaity.com