ഉയിര്‍പ്പുതിരുനാള്‍ മുതല്‍ പന്തക്കുസ്താവരെയുള്ള ഏഴ് ആഴ്ചകളാണ് ഉയിര്‍പ്പുകാലം. രക്ഷകന്റെ ഉത്ഥാനത്തിലൂടെ കൈവന്ന പുതുജീവനില്‍ ആഹ്ളാദിക്കുന്നതിനുള്ള അവസരമാണിത്. ഈ ആഹ്ളാദത്തിന്റെ പ്രതിഫലനമാണ് ഈ കാലത്തിലെ പ്രാര്‍ത്ഥനകളിലും ഗീതങ്ങളിലും ഉള്ളത്. ഈശോമിശിഹായുടെ ഉത്ഥാനം, പാപത്തിന്റെയും മരണത്തിന്റെയും സാത്താന്റെയുംമേല്‍ അവിടുന്നു വരിച്ച വിജയം, അതുവഴി ഭോഷത്തത്തിന്റെ ചിഹ്നമായ കുരിശ് രക്ഷയുടെയും മഹത്ത്വത്തിന്റെയും ചിഹ്നമായി മാറുന്നത്, ഈശോയുടെ ഉയിര്‍പ്പ് നമ്മുടെ ഉയിര്‍പ്പിന്റെ അച്ചാരം, അവിടുത്തെ ഉയിര്‍പ്പ് ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം തുടങ്ങിയവയാണ് ഈ കാലത്തിലെ പ്രധാന ചിന്താവിഷയങ്ങള്‍.
ആദിമസഭയില്‍ മാമ്മോദീസ നല്കിയിരുന്നത് ഉയിര്‍പ്പുതിരുനാളിനോട് അനുബന്ധിച്ചായിരുന്നു. വി. പൌലോസ് അനുസ്മരിപ്പിക്കുന്നതുപോലെ “ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്ത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത്” (റോമാ 6:4-5). ഉയിര്‍പ്പുകാലത്തിലെ ആദ്യ ആഴ്ച, പുതുതായി മാമ്മോദീസ സ്വീകരിച്ച “പുതുക്രിസ്ത്യാനി”കളുടെ ആഴ്ചയായി മാറ്റിവച്ചിരുന്നു. അതിനാല്‍ അനുകരണാര്‍ഹമായ ഈ പാരമ്പര്യം പുനര്‍ജീവിപ്പിച്ചുകൊണ്ട് ഉയിര്‍പ്പുതിരുനാളിനോടനുബന്ധിച്ചു മാമ്മോദീസ നല്കുക ഉചിതമായിരിക്കും.