മംഗലവാര്‍ത്തക്കാലം 01 : യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള സദ്വാര്‍ത്ത -Luke 1.5-25
സീറോ മലബാര്‍ മംഗളവാര്‍ത്താക്കാലം ഒന്നാം ഞായര്‍ ഡിസംബര്‍ 01 ലൂക്കാ 1: 1-25 യോഹന്നാന്‍റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്
ആരാധനാവത്സരത്തില്‍ പുതിയ ഒരു വര്‍ഷം ആരംഭിക്കുകയാണ്. ആണ്ടുവട്ടം മുഴുവനിലൂടെ മിശിഹാരഹസ്യം അനുസ്മരിക്കാനും അതില്‍ ഉള്‍ച്ചേര്‍ന്ന് ജീവിക്കാനും നമ്മെ സഹായിക്കുന്നത് ആരാധനാവത്സരമാണല്ലോ. വിശ്വാസിയുടെ വര്‍ഷം ആരംഭിക്കുന്നത് മംഗളവാര്‍ത്ത - പിറവിക്കാലത്തോടെയാണ്. അറിയിപ്പ് എന്നര്‍ത്ഥമുള്ള 'സുബാറ' എന്ന പേരിലാണ് സുറിയാനി ഭാഷയില്‍ ഈ കാലം അറിയപ്പെടുന്നത്.
നമ്മുടെ കര്‍ത്താവിന്റെ പിറവിത്തിരുനാളിനു മുമ്പ് നാലാഴ്ച്ചകളും അതിനുശേഷം നാലാഴ്ച്ചകളുമായാണ് ഈ കാലം ക്രമീകരിച്ചിരിക്കുന്നത്. മനുഷ്യവര്‍ഗ്ഗത്തെ സംബന്ധിച്ച് ഏറ്റവും മംഗളകരമായ അറിയിപ്പ് ദൈവം മനുഷ്യനാകുന്നതിനെക്കുറിച്ചുള്ളതാണല്ലോ. ഈ സുവിശേഷം അഥവാ സദ്‌വാര്‍ത്ത വഴിയാണ് മനുഷ്യന് ദൈവപുത്രത്വം വീണ്ടുലഭിച്ചത്. മിശിഹാരഹസ്യം പരിശുദ്ധ കന്യകാമറിയത്തോടും യോഹന്നാന്‍ മാംദാനയോടും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ഈ കാലത്തിലെ വായനകളില്‍ ഇവര്‍ ഇരുവരും പല തവണ പ്രത്യക്ഷപ്പെടും..
വി. ലൂക്കായുടെയും വി. മത്തായിയുടെയും സുവിശേഷങ്ങളിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളില്‍ നിന്നാണ് സുവിശേഷഭാഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. മിശിഹായ്ക്ക് വഴിയൊരുക്കാനും ലോകത്തിന് അവിടുത്തെ പരിചയപ്പെടുത്തുവാനുമായി ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണ് സ്‌നാപകയോഹന്നാന്‍. ഈ യോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണ് മംഗളവാര്‍ത്താക്കാലത്തിലെ ആദ്യ ഞായറാഴ്ച്ചത്തെ നമ്മുടെ ധ്യാനവിഷയം (ലൂക്കാ 1: 5-25)..
ജറുസലേം ദൈവാലയത്തില്‍ പുരോഹിതശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന സഖറിയാ പുരോഹിതനാണ് ഈ അറിയിപ്പ് ലഭിച്ചത്. സാധിക്കുന്നിടത്തോളം എല്ലാ കാര്യങ്ങളും കൃത്യമായി വിവരിക്കാന്‍ ആഗ്രഹിക്കുന്ന വി. ലൂക്കാ, സഖറിയായെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കിക്കൊണ്ടാണ് ആരംഭിക്കുന്നത്. വിവരിക്കുന്ന വസ്തുതകളുടെ ചരിത്രപരത വ്യക്തമാക്കാനാണ് യഹൂദരുടെ രാജാവായിരുന്ന ഹേറോദേസിനെപ്പറ്റി പരാമര്‍ശിക്കുന്നത്. ഇസ്രായേലിലെ പ്രഥമപ്രധാന പുരോഹിതനായിരുന്ന അഹറോനുമായി സഖറിയായ്ക്കും അദ്ദേഹത്തിന്റെ ഭാര്യയായ ഏലീശ്വായ്ക്കുമുള്ള ബന്ധവും വ്യക്തമാക്കുന്നത്, പഴയനിയമ പൗരോഹിത്യസംവിധാനം മുഴുവനെയും സഖറിയാ പ്രതിനിധാനം ചെയ്യുന്നുവെന്ന് കാണിക്കാനാണ്..
മിശിഹായ്ക്ക് വഴിയൊരുക്കുവാനുള്ളവന്റെ മാതാപിതാക്കളാകുന്നതിനുള്ള യോഗ്യത സഖറിയാ-ഏലീശ്വാ ദമ്പതിമാര്‍ക്ക് നേടിക്കൊടുത്തത് അവരുടെ ധാര്‍മ്മിക ജീവിതരീതിയായിരുന്നു. അവര്‍ ഇരുവരും കര്‍ത്താവിന്റെ എല്ലാ കല്‍പനകളും നീതിമാര്‍ഗ്ഗങ്ങളും അന്യൂനം പാലിച്ചിരുന്നവരും ദൈവസന്നിധിയില്‍ നീതിനിഷ്ഠരുമായിരുന്നു എന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത് (ലൂക്കാ 1:6). ദൈവത്തിന്റെ രക്ഷാകരമായ ഇടപെടല്‍ നമ്മുടെ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ നമ്മളും അവിടുത്തെ പ്രമാണങ്ങളും കല്‍പനകളും പാലിച്ച് അവിടുത്തെ തിരുമുമ്പില്‍ സ്വീകാര്യമായ ജീവിതം നയിക്കണം. ദൈവത്തിനു പ്രീതികരമായ ജീവിതം നയിച്ചിരുന്നവരാണ് അവരെങ്കിലും ഒരു സന്താനമില്ലാത്തതിന്റെ ദുഃഖവും പേറിയാണ് അവര്‍ കഴിഞ്ഞിരുന്നത്. എങ്കിലും ദൈവപരിപാലനയില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് അവര്‍ നിരാശരായില്ല; തങ്ങളുടെ ദുഃഖം പ്രാര്‍ത്ഥനയിലൂടെ ദൈവസന്നിധിയില്‍ അര്‍പ്പിച്ച് അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. രക്ഷാകരപദ്ധതിയില്‍ ദൈവത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ വിളിക്കപ്പെടുന്നവരുടെയെല്ലാം ജീവിതത്തില്‍ സഹനം ഒരു അവശ്യഘടകമാണ്..
ജറുസലേം ദൈവാലയത്തില്‍ ദിവസംതോറും വിവിധ തരത്തിലുള്ള ബലിയര്‍പ്പണങ്ങളുണ്ടായിരുന്നു. അതില്‍ ഒരു ബലിയാണ് ധൂപാര്‍പ്പണം. ഇതിനായി കരുവേല മരം കൊണ്ടു നിര്‍മ്മിച്ച ബലിപീഠം സാക്ഷ്യപേടകത്തിനു മുമ്പിലായി വിശുദ്ധ സ്ഥലത്ത് സ്ഥാപിച്ചിരുന്നു (പുറ. 30:6). ഓരോ ദിവസവും പ്രഭാതത്തിലും സായാഹ്നത്തിലും ഈ ബലിപീഠത്തിന്മേല്‍ പരിമളദ്രവ്യം പുകച്ചിരുന്നു. ധൂപം അര്‍പ്പിക്കാനുള്ള പുരോഹിതനെ കുറിയിട്ടാണ് നിശ്ചയിച്ചിരുന്നത്. ഇപ്രകാരം ധൂപമര്‍പ്പിക്കാനായി സഖറിയാ, കര്‍ത്താവിന്റെ സന്നിധിയിലായിരിക്കുമ്പോഴാണ് ധൂപപീഠത്തിന്റെ വലതുവശത്ത് കര്‍ത്താവിന്റെ ദൂതന്‍ അദ്ദേഹത്തിന് പ്രത്യക്ഷപ്പെട്ടത്. ആ സമയത്ത് ജനം വിശുദ്ധസ്ഥലത്തിനു വെളിയില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ഇസ്രായേല്‍ ജനത്തിന്റെ പ്രാര്‍ത്ഥന, രക്ഷകനായ മിശിഹായുടെ വരവിനു വേണ്ടിയായിരുന്നു. യഥാര്‍ത്ഥത്തില്‍ അവരുടെ പ്രാര്‍ത്ഥനയാണ് പ്രതീകാത്മകമായി ധൂപത്തിലൂടെ ദൈവസന്നിധിയിലേയ്ക്ക് പുരോഹിതന്‍ ഉയര്‍ത്തിയിരുന്നത്..
നമ്മുടെ ആരാധനക്രമത്തിലും ധൂപാര്‍പ്പണത്തിന് വലിയ പ്രാധാന്യമുണ്ടല്ലോ. എല്ലാ ദിവസവും റംശാ പ്രാര്‍ത്ഥനയില്‍ ഇക്കാര്യം നമ്മള്‍ അനുസ്മരിക്കുന്നുമുണ്ട്: "എന്റെ പ്രാര്‍ത്ഥന സ്വീകരിക്കണമേ. പരിമളധൂപം പോലെ അത് അങ്ങേ പക്കലേക്കുയരട്ടെ. കര്‍ത്താവേ, എന്റെ ഈ പ്രാര്‍ത്ഥന എന്റെ സായാഹ്നബലിയായി സ്വീകരിക്കണമേ" (സങ്കീ. 141:2)..
നമ്മുടെ കുര്‍ബാനയില്‍ ധൂപാശീര്‍വാദ സമയത്ത് കാര്‍മ്മികന്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍ ഈ ധൂപാര്‍പ്പണത്തിന്റെ അര്‍ത്ഥം വ്യക്തമാക്കുന്നവയാണ്. സഖറിയാ അര്‍പ്പിച്ച ധൂപം ദൈവസന്നിധിയില്‍ സ്വീകൃതമായി. ഗബ്രിയേല്‍ മാലാഖ അതാണ് സഖറിയായെ അറിയിച്ചത്: "സഖറിയാ, നീ ഭയപ്പെടേണ്ട; നിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടിരിക്കുന്നു. നിന്റെ ഭാര്യ ഏലീശ്വാ ഒരു പുത്രനെ പ്രസവിക്കും" (ലൂക്കാ 1:13). പ്രാര്‍ത്ഥിച്ചു കൊണ്ടു നിന്നിരുന്ന ജനത്തിന്റെ പ്രതിനിധി എന്ന നിലയില്‍ സഖറിയാ പ്രാര്‍ത്ഥിച്ചിരുന്നതും മിശിഹായ്ക്കു വേണ്ടിയായിരുന്നു. ഒരു കുഞ്ഞിനു വേണ്ടിയുള്ള വ്യക്തിപരമായ പ്രാര്‍ത്ഥനയും സഖറിയാ നിശ്ചയമായും അര്‍പ്പിച്ചിരുന്നു. ദൈവം നല്‍കുന്ന ഉത്തരം ഈ രണ്ട് പ്രാര്‍ത്ഥനകള്‍ക്കും കൂടിയുള്ളതാണ്. അദ്ദേഹത്തിന് ജനിക്കുന്ന കുഞ്ഞ് അനേകം ഇസ്രായേല്‍ വംശജരെ കര്‍ത്താവിന്റെ പക്കലേയ്ക്കു തിരിച്ചുവിട്ടു കൊണ്ട് മിശിഹായെ സ്വീകരിക്കാനായി ഒരു ജനതയെ ഒരുക്കും. ഇപ്രകാരം മുമ്പേ പോയി മിശിഹായ്ക്ക് വഴിയൊരുക്കുവാനാണ് യോഹന്നാനെ ദൈവം അയയ്ക്കുന്നത്..
യോഹന്നാന്‍ മാംദാന ഇന്നും തന്റെ ദൗത്യം തിരുസഭയില്‍ തുടര്‍ന്നു കൊണ്ടാണിരിക്കുന്നത്. ഏലിയാ പ്രവാചകന്റെ ശക്തിയോടും ചൈതന്യത്തോടും കൂടെ പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേയ്ക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിജ്ഞാനത്തിലേയ്ക്കും തിരിച്ചുവിട്ട് കര്‍ത്താവിനായി പരിപൂര്‍ണ്ണമായ ഒരു ജനതയെ ഒരുക്കുന്നതില്‍ യോഹന്നാന്‍ ഇന്നും വ്യാപൃതനാണ്. ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ ഇല്ലാത്തവരുമായി പങ്കുവച്ചു കൊണ്ടും നീതിയോടെയും സത്യസന്ധതയോടെയും വര്‍ത്തിച്ചുകൊണ്ടും അനുതാപത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ യോഹന്നാന്‍ നമ്മെയും ആഹ്വാനം ചെയ്യുന്നുണ്ട്. അധാര്‍മ്മിക ജീവിതം നയിച്ച രാജാവിന്റെ മുഖത്തു നോക്കി സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് തെറ്റാണെന്നു വിളിച്ചുപറയാനുള്ള ധൈര്യം കാണിച്ച യോഹന്നാന്‍ ഇന്നും ധാര്‍മ്മികതയുടെ നിലയ്ക്കാത്ത സ്വരമായി നമുക്കു ചുറ്റും മുഴങ്ങുന്നുണ്ട്..
സഖറിയായ്ക്ക് വിശ്വസിക്കാനാവുന്നതിലും ഉപരിയായിരുന്നു ദൂതന്റെ അറിയിപ്പ്. മാനുഷികമായ ബലഹീനതയില്‍ അദ്ദേഹം ചോദിച്ചു: "ഞാന്‍ ഇത് എങ്ങനെ അറിയും? കാരണം, ഞാന്‍ വൃദ്ധനും എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണ്." സഖറിയായുടെ ഈ പ്രതികരണം ദൂതനെ ക്ഷോഭിപ്പിച്ചു: "യഥാകാലം നിറവേറാനിരിക്കുന്ന എന്റെ വാക്കുകള്‍ നീ വിശ്വസിക്കായ്കയാല്‍, ഇന്നുമുതല്‍ ഇത് സംഭവിക്കുന്ന ദിവസം വരെ നീ സംസാരിക്കാന്‍ കഴിയാതെ ഊമനായിരിക്കും.".
വാര്‍ദ്ധക്യത്തിലെത്തിയവര്‍ക്കും ദൈവം സന്താനങ്ങളെ നല്‍കിയിട്ടുണ്ട് എന്ന വസ്തുത പുരോഹിതനെന്ന നിലയില്‍ സഖറിയാ ഓര്‍മ്മിക്കേണ്ടതായിരുന്നു. അബ്രാഹം - സാറാ ദമ്പതിമാര്‍ക്കും എല്‍ക്കാന - ഹന്നാ ദമ്പതിമാര്‍ക്കും കുഞ്ഞുങ്ങളെ ലഭിച്ചത് അവരുടെ വാര്‍ദ്ധക്യത്തിലാണല്ലോ. ഉല്‍പത്തി പുസ്തകത്തില്‍ നിന്നുള്ള ഇന്നത്തെ ആദ്യവായന (ഉല്‍. 17:15-22) ഈ വസ്തുത നമ്മെ അനുസ്മരിപ്പിക്കുന്നുണ്ട്. ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന സത്യം സഖറിയാ അല്‍പനേരത്തേയ്ക്ക് വിസ്മരിച്ചുപോയി. അതിനുള്ള ശിക്ഷയെന്നോണം സംസാരശേഷി അദ്ദേഹത്തിന് നഷ്ടപ്പെടുകയും ചെയ്തു..
സഖറിയായുടേതിന് സമാനമായ ഒരു ചോദ്യം ഉന്നയിച്ച മറിയത്തിന് ശിക്ഷ ലഭിച്ചില്ലല്ലോ എന്ന് നിരീക്ഷിക്കുന്നവരുണ്ട്. അവര്‍ ഇരുവരുടെയും ചോദ്യങ്ങള്‍ തമ്മിലുള്ള വലിയ അന്തരം കാണാതെപോകുന്നതു കൊണ്ടാണിത്. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ഭര്‍ത്താവുമൊത്ത് വസിക്കാന്‍ ആരംഭിക്കാത്ത ഒരു കന്യക മാത്രമായിരുന്നു മറിയം. പുരുഷബന്ധമില്ലാതെ ഒരു കന്യകയും ഗര്‍ഭിണി ആയതായി ചരിത്രമില്ല. അതുകൊണ്ട്, ഞാന്‍ പുരുഷനെ അറിയാതിരിക്കെ ഇതെങ്ങനെ സംഭവിക്കും എന്ന മറിയത്തിന്റെ ചോദ്യത്തിന് നീതീകരണമുണ്ട്. പക്ഷേ, സഖറിയായുടെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. ഭാര്യാ-ഭര്‍തൃബന്ധത്തില്‍ കഴിഞ്ഞിരുന്നവരാണ് സഖറിയായും ഏലീശ്വായും. ദൈവാലയ ശുശ്രൂഷ കഴിഞ്ഞ് സഖറിയാ സ്വഭവനത്തില്‍ തിരിച്ചെത്തിയ ശേഷം മാത്രമാണ് ഏലീശ്വാ ഗര്‍ഭം ധരിച്ചതെന്ന് സുവിശേഷകന്‍ വ്യക്തമായി രേഖപ്പെടുത്തുന്നതും അതുകൊണ്ടാണ്. ഭാര്യാ-ഭര്‍തൃബന്ധത്തിന്റെ പവിത്രതയെയും ദൈവികപദ്ധതിയില്‍ അതിനുള്ള സവിശേഷസ്ഥാനത്തെയും കുറിച്ച് വി. പൗലോസ് ശ്ലീഹാ നമ്മെ അനുസ്മരിപ്പിക്കുന്നതും നമ്മള്‍ വായിച്ചു കേട്ടല്ലോ (എഫേ. 5: 22-6,4)..
സൂക്ഷ്മമായി പരിശോധിച്ചാല്‍ സഖറിയായ്ക്ക് ലഭിച്ചത് ഒരു ശിക്ഷയായിരുന്നില്ല എന്ന് നമുക്ക് മനസ്സിലാകും. മാലാഖ അറിയിച്ച കാര്യം നിശ്ചയമായും നിറവേറും എന്നതിന്റെ ഉറപ്പാണ് അദ്ദേഹത്തിന് നല്‍കപ്പെട്ടത്. സഖറിയാ നിശബ്ദനായി കഴിയേണ്ട വരുന്നത് ദൂതന്‍ അറിയിച്ച കാര്യം പൂര്‍ത്തിയാകുന്ന ദിവസം വരെ മാത്രമാണ്. ദൈവം അറിയിച്ച കാര്യം നിറവേറുമെന്നതിന്റെ അടയാളമായിരുന്നു അത്. യോഹന്നാന്റെ ജനനത്തോടനുബന്ധിച്ച് സഖറിയായ്ക്ക് സംസാരശേഷി വീണ്ടുലഭിക്കുകയും ചെയ്തു..
സംസാരശേഷി നഷ്ടപ്പെട്ട് വിശുദ്ധസ്ഥലത്തു നിന്ന് പുറത്തുവന്ന സഖറിയായ്ക്ക് സാധാരണ പുരോഹിതര്‍ ബലിയര്‍പ്പണശേഷം ചെയ്യാറുള്ളതുപോലെ കാത്തുനിന്ന ജനത്തെ ആശീര്‍വദിക്കാന്‍ സാധിച്ചില്ല. ഇതിന് പ്രതീകാത്മകമായ ഒരര്‍ത്ഥമുണ്ട്. അഹറോനില്‍ ആരംഭിച്ച പഴയനിയമ പൗരോഹിത്യം സഖറിയായില്‍ വഴിമുട്ടി നില്‍ക്കുകയാണ്. ഈ പൗരോഹിത്യത്തിനും ബലിയര്‍പ്പണരീതിക്കും സാരമായ മാറ്റം വരാന്‍ പോകുന്നു എന്നതിന്റെ സൂചനായിയിരുന്നു അത്. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ മദ്ധ്യസ്ഥനായി വര്‍ത്തിക്കുന്ന പുരോഹിതന്‍ ബലിയര്‍പ്പണത്തിലൂടെ ദൈവതിരുമുമ്പില്‍ ജനത്തെ പ്രതിനിധീകരിക്കുകയും പുരോഹിതാശീര്‍വാദത്തിലൂടെ ദൈവത്തിന്റെ അനുഗ്രഹം ജനത്തിന് എത്തിച്ചുനല്‍കുകയും ചെയ്യുന്നവനാണല്ലോ..
സത്യദൈവവും സത്യമനുഷ്യനുമായ ഈശോമിശിഹായാണ് ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ യഥാര്‍ത്ഥ മദ്ധ്യസ്ഥന്‍. അവിടുന്നാണ് നിത്യപുരോഹിതന്‍. തന്റെ ഏകവും നിത്യവുമായ സ്വയാര്‍പ്പണത്തിലൂടെ അവിടുന്ന് നിത്യപുരോഹിതനായി. ഈ ബലി തന്നെയാണ് ഓരോ പരിശുദ്ധ കുര്‍ബാനയര്‍പ്പണവും. ദൈവസന്നിധിയില്‍ നിന്നുള്ള സമൃദ്ധമായ അനുഗ്രഹം തന്റെ ജനത്തിന് നല്‍കുന്നതിന്റെ സൂചനയാണ് സുവിശേഷത്തിലെ അവസാന രംഗത്തില്‍ ശിഷ്യന്മാരെ അനുഗ്രഹിച്ചുകൊണ്ട് സ്വര്‍ഗത്തിലേയ്ക്കു പോകുന്ന ഉത്ഥിതനായ ഈശോ നല്‍കുന്നത്. പിതാവിന്റെ വലത്തുഭാഗത്തിരുന്നുകൊണ്ട് ഇന്നും അവിടുന്ന് നമ്മെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു. തിരുസഭയില്‍ പരിശുദ്ധ കുര്‍ബാനയിലും കൂദാശകളിലും കൂടെ ഈ അനുഗ്രഹം നമുക്കും ലഭ്യമാണ്. ഉറച്ച വിശ്വാസത്തോടെ നമുക്കും മിശിഹായുടെ ഏകവും നിത്യവുമായ ഈ ബലിയില്‍ സജീവമായി പങ്കെടുത്തുകൊണ്ട് അവിടുത്തെ അനുഗ്രഹത്തിനു യോഗ്യരാകാന്‍ പരിശ്രമിക്കാം..
ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍.
(www.lifeday.in)
മംഗളവാർത്തക്കാലം ഞായർ 1
ലൂക്കാ 1: 5 - 25
Liturgical Background
സീറോ മലബാർ സഭയുടെ ആരാധനക്രമ വത്സരത്തെ കാലങ്ങളായി തിരിച്ചിരിക്കുന്നു. അതിൽ ആദ്യത്തേതാണ് മംഗളവാർത്തക്കാലം. 4 ഞായറാഴ്ചകൾ ആണ് ഈ കാലത്തിൽ ഉള്ളത്. ഇതിൽ ആദ്യ ഞായറാഴ്ച സ്നാപകയോഹന്നാൻ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്‍ രണ്ടാമത്തെ ആഴ്ച ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്‍ മൂന്നാമത്തെ ആഴ്ച സ്നാപക യോഹന്നാന്റെ ജനനം നാലാമത്തെ ആഴ്ച ഈശോയുടെ ജനനം. പ്രകാരമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഈശോയുടെ മനുഷ്യ അവതാര രഹസ്യം കൊണ്ടാടുന്നതിനു മുന്നോടിയായി അതിനു കാരണമായ സംഭവങ്ങൾ- സൃഷ്ടി, ആദ്യ മാതാപിതാക്കളുടെ അനുസരണക്കേട്, രക്ഷകന്റെ വാഗ്ദാനം- ഇതെല്ലാം ഈ കാലത്തു പ്രതേകം അനുസ്മരിക്കുന്നു.
Biblical Background
ജെറുസലേമിലെ പുരോഹിതന്മാരെ 24 ഗണങ്ങളായി തിരിച്ചിരുന്നു. ബാബിലോണിയൻ പ്രവാസത്തിനു ശേഷം അതിൽ 4 ഗണങ്ങൾ മാത്രമാണ് ജെറുസലേമിലേക്കു തിരിച്ചെത്തിയത്. ഏകദേശം 18000ത്തോളാം പുരോഹിതന്മാർ ഈശോയുടെ കാലത്തു ജറുസലേമിൽ ശുശ്രൂഷ ചെയ്തിരുന്നു എന്നാണ് വെപ്പ്. അവരുടെ ബാഹുല്യം നിമിത്തം ദേവാലയത്തിൽ ശുശ്രൂഷ നടത്തേണ്ടവരെ നറുക്കെടുപ്പിലൂടെ യാണ് തെരഞ്ഞെടുത്തിരുന്നത് . (നമ്മുടെ കാലത്ത് ശബരിമല മേൽശാന്തിയെ തെരഞ്ഞെടുക്കുന്ന പോലുള്ള ഒരു ഏർപ്പാട്.) സമൂഹത്തിൽ ബഹുമാനവും ഒരല്പ്പം സാമ്പത്തിക മെച്ചപാടും കിട്ടുന്ന ഒരു സ്ഥാനമണിത്.
1. ആത്മാവിൽ നിറഞ്ഞ മക്കൾ
ഈ വർഷത്തെ ലോഗോസ് ക്വിസ് പ്രതിഭയെ കുറിച്ചു നിങ്ങൾ കേട്ടിരിക്കും. കോതമംഗലം രൂപതയിൽ നിന്നുള്ള 10 വയസ്സുകാരനായ ജിസ് മോനാണ് കക്ഷി. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ഈ പരീക്ഷയിൽ ഒന്നാമനായി മാറിയത് വെറും 10 വയസ്സുള്ള ഈ പയ്യനാണ്. (ഇമ്മടെ കുട്ടികളൊക്കെ നല്ല മിടുക്കന്മാരും മിടുക്കികളാണ് കേട്ടോ... നുമ്മ അവരെ ചീത്തയാക്കാതിരുന്നാൽ മതി.). ആ മകനെ കുറിച്ചു കേൾക്കുന്ന ഒരു കാര്യം അവൻ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ അവന്റെ അമ്മ ദൈവ വചനം ഉറക്കെ വായിക്കുന്നത് അവൻ ഉദരത്തിലിരുന്നു കെട്ടിരുന്നത്രെ...!!. സുവിശേഷത്തിൽ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കുറിച്ചുള്ള മാലാഖയുടെ വിശേഷണം അവൻ ആത്മാവിനാൽ നിറഞ്ഞവൻ ആയിരിക്കുമെന്നാണ്. നമ്മുടെ കുട്ടികളൊക്കെ ആത്മാവിൽ നിറഞ്ഞവരായി മാറുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. കൂട്ടത്തിൽ മാലാഖ ഒരു പറയുന്നു വേറെ ഒരു കാര്യം കൂടി പറയുന്നു. അവൻ വീഞ്ഞോ മറ്റു ലഹരി പാനീയങ്ങളും കുടിക്കുകയില്ല എന്ന്. . ഏതൊരു മക്കളെകുറിച്ചും ഇന്നത്തെ കാലത്തു കേൾക്കാവുന്നതു ഒരു നല്ല വർത്തമാനം ഇതാണ് "അവൻ ലഹരി ഉപയോഗിക്കില്ല" എന്നുള്ളത്. ഓർക്കുക വല്ലാത്ത ഒരു Drugs addiction നമ്മുടെ സമൂഹത്തിലെ കുട്ടികളിൽ/ യുവജങ്ങളിൽ വളർന്ന് വരുന്നുണ്ട് . നമ്മൾ അറിഞ്ഞും അറിയാതെയും അതിന്റെ ഭാഗമായിട്ട് മാറുന്നുണ്ട് . അത് വീട്ടിലെ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ആയിട്ട് 'ബാച്ചിലർ പാർട്ടികൾ' എന്ന ഓമനപ്പേരിൽ പേരിൽ നമ്മൾ നടത്തുന്ന വിരുന്നു സൽക്കാരങ്ങൾ ആകട്ടെ . അല്ലെങ്കിൽ ഓരോ ദിവസവും അവിടെയും ഇവിടെയും പിടിച്ചെടുത്തു എന്ന് നമ്മൾ പത്രങ്ങളിൽ വായിക്കുന്ന വിലകൂടിയ വീര്യം നിറഞ്ഞ ലഹരി മരുന്നുകൾ ആകട്ടെ. ലഹരി എന്ന വിപത്തിനു നമ്മളും നമ്മുടെ മക്കളും ഇരയായി തീരുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണ്. അവൻ പരിശുദ്ധാത്മാവിനാൽ നിറയും എന്നാണ് മാലാഖ പറയുന്നത് എന്ന് പറഞ്ഞാൽ 'SPRIT FILLED' ആകും. എന്ന്. നമ്മുടെ മക്കളും SPIRIT FILLED ആകുന്നുണ്ട് . പക്ഷേ അത് ഏത് സ്പിരിറ്റാണ് എന്നൊന്ന് ചിന്തിക്കുന്നത് നല്ലതാണ്. കുറച്ചുകൂടി ദൈവവാത്മാവിനാൽ നിറയാൻ നമ്മുടെ മക്കളെ പ്രചോദിപ്പിക്കുക. ലഹരിയുടെ ഒരു കൾച്ചറിൽ നിന്ന് അവരെ മാറ്റി നിർത്തുക. മാമോദിസയും ആദ്യകുർബാന സ്വീകരണം മുതൽ മരണത്തിലും മരണാനന്തര കർമ്മങ്ങളിലും വരെ ഒളിഞ്ഞും തെളിഞ്ഞും നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ലഹരിയുടെ വിഭവങ്ങളെ ഒന്ന് മാറ്റി പിടിക്കുക. അതല്ലാതെ ലഹരിക്കെതിരെ എത്ര ക്യാമ്പയിൻ നടത്തിയിട്ടും മുദ്രാവാക്യം വിളിച്ചിട്ടും ബോധവൽക്കരണം നടത്തിയിട്ടും മദ്യനിരോധനമല്ല, മദ്യ വർജനമാണ് ലക്ഷ്യമെന്ന പൊള്ളയായ വാഗ്‌ദാനങ്ങളിൽ വിശ്വസിച്ചിട്ടും പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല. ആദ്യ ലഹരി വിരുദ്ധ ക്യാമ്പയിൻ നമ്മുടെ സൽക്കാര മുറിയിൽ നിന്നും ഉല്ലാസ് വേളകൾ നിന്നും ആരംഭിക്കണം. ക്രിസ്തുമസ് കാലമാണ്.... എടുക്കാവുന്ന നല്ല തീരുമാനങ്ങളിൽ ഒന്ന് എല്ലാവിധ ലഹരിയോടും ഒന്നു സുല്ല് പറയുക എന്നതാവട്ടെ.
2. കുടുംബം ഭദ്രമാകട്ടെ
ബൈബിളിൽ Ideal Couple എന്ന രീതിയിൽ എടുത്തു കാണിക്കാവുന്ന 2 പേരാണ് സഖറിയായും എലിസബത്തും. ഈ ദമ്പതികൾക്ക് മക്കൾ ഉണ്ടായിരുന്നില്ലെങ്കിൽ കൂടി അവർ ദൈവ സന്നിധിയിൽ നീതി നിഷ്ഠരും കുറ്റമറ്റവരുമായി ജീവിച്ചു പോന്നു എന്നാണ് സുവിശേഷം പറയുക. അതായത് മക്കളില്ല എന്നുള്ള അപമാനം സഹിക്കേണ്ടി വരുമ്പോഴും വാർദ്ധക്യത്തിലും അവർ ഒന്നിച്ചു ജീവിക്കുന്നു എന്നുള്ളതാണ് ഒരു സന്തോഷവാർത്തമാനം. ദാമ്പത്യജീവത്തിന് വല്ലാത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.
നമ്മുടെ കാലത്തെ വലിയ ഒരു ഗായകൻ തന്റെ പത്നിയെ വിവാഹ മോചനം നേടി എന്നതായിരുന്നു ഈ നാളുകളിലെ ചൂടുള്ള വാർത്ത.
ദാമ്പത്യ ഭദ്രതയിൽ മരണം വരെ ജീവിക്കുക എന്നുള്ളത് ഈ കാലത്ത് വലിയ കാര്യമാണ്. ലേഖനത്തിൽ പൗലോസ് ശ്ലീഹ ഓർമ്മിപ്പിക്കുന്ന ഒരു കാര്യവും ഇതുതന്നെയാണ് ക്രിസ്തു സഭയെ സ്നേഹിച്ചത് പോലെ ഭർത്താക്കന്മാർ പരസ്പരം സ്നേഹിക്കണമെന്ന്.. കുടുംബജീവിതത്തിന്റെ വിശ്വസ്തതയും ഭദ്രത കാത്തു സൂക്ഷിക്കുക വലിയ കാര്യമാണ്.
ഏതാനും നാളുകൾക്ക് മുമ്പ് പത്രത്തിൽ ശ്രദ്ധേയമായ അടിക്കുറിപ്പോടുകൂടി വന്ന ഒരു ചിത്രം ഇപ്രകാരം ആയിരുന്നു മെട്രോ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറാൻ ആയി തന്റെ പ്രായമായ തൻറെ പ്രിയതമയുടെ കൈപിടിച്ച് അവളുടെ ചെരിപ്പും കയ്യിലെടുത്ത് മുണ്ട് മടക്കി കുത്തി നടന്നു നീങ്ങുന്ന വൃദ്ധ ദമ്പതികൾ. ദാമ്പത്യം ഒരുപാട് വെല്ലുവിളി നേരിട്ട് കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മുടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
അതുകൊണ്ടാണ് 'ക്രിസ്തു ജീവിക്കുന്നു'(Christus Vivit) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ എന്താണ് സൗന്ദര്യം എന്നുള്ള വിശദീകരണത്തിൽ മാർപാപ്പ പറയുന്ന ഒരു കാര്യം 'ജീവിതത്തിൻറെ സായാഹ്നത്തിൽ എത്തിയിട്ടും കൈകോർത്ത് പിടിച്ചു നടക്കുന്ന വൃദ്ധദമ്പതികളിൽ ഒരു ദൈവിക സൗന്ദര്യം ഒളിച്ചിരിപ്പുണ്ട്' എന്നാണ്. മാധ്യമങ്ങളിലൂടെയും പത്രങ്ങളുടെയും വരുന്ന വാർത്തകൾ കുടുംബം എന്ന വ്യവസ്ഥിതിയുടെ കെട്ടുറപ്പ് തകർക്കുന്ന തരത്തിലുള്ളതാണ്. അതിന് ഒരു അപവാദമാണ് ഈ ദമ്പതികൾ. അതുകൊണ്ട് സഖറിയ - എലിസിബത്തത് ദമ്പതികളെപോലെ ഭദ്രതയുള്ള കുടുംബബന്ധങ്ങൾ പണിതുയർത്താൻ ആയിട്ട് നമുക്ക് ശ്രമിക്കാം.
3.കാത്തിരിക്കുക
ആഗമനകാലം കാത്തിരിപ്പിന്റെ കാലമാണ്. രക്ഷകന്റെ വരവിനായി ഒരു ജനത കാത്തിരുന്നതുപോലെ നമ്മുക്കും പ്രതീക്ഷയോടെ കാത്തിരിക്കാം. കാത്തിരിപ്പാണ് ജീവിതത്തിൽ പ്രതീക്ഷക്കു വക നൽകുന്നത്
കഥ: സി . വി ബാലകൃഷ്ണന്റെ 'ദൈവം പോകുന്ന പാത' എന്ന കൊച്ചു കഥയുണ്ട്. നിരാശനായി വെറുപ്പിനെ ഭാണ്ഡവും പേറി കൊണ്ട് ആത്മഹത്യ ചെയ്യണം എന്നുറച്ച് നടന്നുനീങ്ങിയ ഒരാൾ. തന്റെ ഒരുപാട് അലച്ചിലുകൾക്കു ശേഷം അയാൾ രു പുഴയുടെ തീരത്ത് എത്തുന്ന. അവിടെ ആ പുഴയുടെ മണൽത്തിട്ടയിൽ കത്തി എരിയുന്ന ചിതയും ഒരു കൊച്ചു കുട്ടിയേയും കാണുന്നു. അയാൾ അവനെ സൂക്ഷച്ചു നോക്കി. ഉന്തിയ വയർ, മുഷിഞ്ഞ വസ്ത്രം, കുഴിഞ്ഞ കണ്ണുകൾ, മെലിഞ്ഞ ശരീരം... അയാളെ കണ്ട ഉടൻ അവൻ ചോദിച്ചു: "അല്ല, എന്തേ വരാൻ വൈക്യ..? അയാൾക്ക് അതിശയമായി. "അല്ല, ഞാൻ ആരാണ് എന്നു കരുതിയാണ് .." സംശയത്തോടെ അയാൾ ചോദിച്ചു. ഇടറിയ സ്വരത്തിൽ അവൻ വീണ്ടും പറഞ്ഞു: "എത്ര നേരമായി ഞാൻ ഇവിടെ കാത്തു നിൽക്കുന്നു . വൈകിയാലും നീ വന്നല്ലോ". ആകാംക്ഷയോടെ അയാൾ കുട്ടിയെ നോക്കി പറഞ്ഞു:" മോനെ, ഞാൻ ആരാണെന്ന് കരുതിയാണ് ..?" ഉടനെ ഉറച്ച ശബ്ദത്തിൽ അവൻ മറുപടി പറഞ്ഞു: " ദൈവം അല്ലാതാരാ..? ന്റെ അമ്മ പറഞ്ഞിരുന്നു ആരുമില്ലാത്തവർക്കു കൂട്ടിനായി ദൈവം വരുമെന്ന്. ഞാൻ സഹിച്ചതൊക്കെ നീ കണ്ടില്ലേ. എൻറെ അമ്മയെ ഇവിടെ അടക്കിയത് മുതൽ ഞാൻ നിൻറെ വരവും കാത്തു നിൽക്കുകയായിരുന്നു . വൈകിയാലും നീ വന്നല്ലോ. നെക്കതുമതി." ഇതു കേട്ട അയാൾ ഉടൻ ആ കുട്ടിയെ വാരിയെടുത്ത് തുടർന്നുള്ള യാത്രയിൽ കൂടെകൂട്ടി. കഥക്ക് ഒടുവിൽ കഥാകൃത്ത് എഴുതി വച്ചു "നിരാശയിലും പ്രതീക്ഷയുടെ വഴിക്കണ്ണുമായി കാത്തു നിൽക്കുന്നവന്റെ മുമ്പിൽ ദൈവം വരും ഏതെങ്കിലുമൊരു രൂപത്തിൽ തീർച്ച!!!
കര്‍ത്താവിന്റെ മുന്‍പില്‍ സ്വസ്‌ഥനായിരിക്കുക; ക്‌ഷമാപൂര്‍വം അവിടുത്തെ കാത്തിരിക്കുക; ദുഷ്‌ടമാര്‍ഗം അവലംബിച്ച് അഭിവൃദ്‌ധിപ്പെടുന്നവനെക്കണ്ട് അസ്വസ്‌ഥനാകേണ്ടാ.
സങ്കീര്‍ത്തനങ്ങള്‍ 37 : 7
ജീവിതത്തിൽ കഷ്ടതകളും സഹനങ്ങളുടെ മധ്യത്തിൽ പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുക. ദൈവം പ്രവർത്തിക്കും.
മംഗള വാർത്തകാലം കാത്തിരിപ്പിന്റെ കാലമാണ്. .....നോമ്പും നോക്കി ....സുകൃത ജപങ്ങൾ ചൊല്ലി,..... സത്കൃത്യങ്ങൾ ചെയ്തു ....രക്ഷകന്റെ വരവിനായി ഹൃദയമായ പുൽക്കൂട് ഒരുക്കി നമുക്കും കാത്തിരിക്കാം....
പ്രസംഗവും പ്രവർത്തിയും
വചന പാരായണ മാസമാണ്. പള്ളിയിലെ വചന വായന ഒന്നു പ്രോത്സാഹിപ്പിക്കുക. കൂട്ടത്തിൽ ഇമ്മടെ ബൈബിളും ഒന്നു പൊടി തട്ടിയെടുത്ത് വായിക്കുക. ലോഗോസ് പ്രതിഭയൊന്നും ആകാൻ പറ്റിയില്ലെങ്കിലും ഒന്നു രണ്ടു വചനം പഠിക്കുന്നത് നല്ലതാണ്.