പിറവിക്കാലം 02

പിറവി 1 ഞായർ.

പുറ. 2: 1-10
എശ. 49: 1-6.
2 തിമോ. 2: 16-26.
ലൂക്കാ. 2: 21-25.


സന്തോഷ്‌ ജോർജ് കുളങ്ങര ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള രാജ്യങ്ങളെക്കുറിച്ച് സംസാരിക്കവേ, സമ്പന്നരാഷ്ട്രങ്ങൾ പലതും ശ്രോതാക്കളുടെ മനസ്സിൽ മിന്നിമറഞ്ഞു.
റുവാണ്ട എന്ന ആഫ്രിക്കൻ ദരിദ്രരാജ്യത്തെയാണ് വൃത്തിയിൽ ഏറ്റവും മികച്ചതായി അദ്ദേഹം അവതരിപ്പിച്ചത്. ഭേദങ്ങളില്ലാതെ സകലരും രാജ്യനിയമങ്ങൾ കൃത്യമായി പാലിക്കുന്നുവെന്നതാണ്
അതിന് കാരണമായി
അദ്ദേഹം നിരീക്ഷിച്ചത് . ജനങ്ങളുടെ ഉയർന്ന പൗരബോധത്തി ലേക്കാണ് ഈ നേട്ടം വിരൽ ചൂണ്ടുന്നത്. നിയമം പാലിക്കുന്നത് മികച്ച പൗരബോധത്തിന്റെ സൂചികയാണ്.
രക്ഷാകരപദ്ധതിയുടെ ഭാഗമായി മോശയുടെ നിയമം പാലിക്കുന്ന മിശിഹായും, യൗസേപ്പും മറിയവുമാണ് ഇന്നത്തെ സുവിശേഷത്തിൽ ആദ്യഭാഗത്ത് പ്രത്യക്ഷപ്പെടുന്നത്.

അധീനരും അതീതരും:
നിയമങ്ങൾ പിറന്നത് ക്രമസമാധാനത്തിനും പൊതുനന്മക്കും വേണ്ടിയത്രേ. നിയമം അറിയാത്തത് നിയമലംഘനത്തിന് ന്യായീകരണമല്ല. എന്നാൽ നിയമങ്ങൾ വള്ളിപുള്ളി തെറ്റാതെ അറിഞ്ഞിട്ടും, നിക്ഷിപ്തതാത്പര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി, നിയമത്തെ ഇഴകീറി
വിശകലനം ചെയ്ത്, ന്യായാന്യായങ്ങൾ വാദിച്ച് തങ്ങളുടെ വാദങ്ങൾ സ്ഥാപിച്ചെടുക്കുന്ന അധികാരികളും ദല്ലാളുകളും എക്കാലത്തെയും ചരിത്രത്തിലെന്ന പോലെ യേശുവിന്റെ കാലത്തും - ഫരീസേയർ, നിയമജ്ഞർ, യഹൂദപ്രമാണികൾ, പുരോഹിതർ എന്നിവരുൾപ്പെടെ - കുറേപ്പേർ അരങ്ങുവാണിരുന്നു! 'ലംഘിച്ച് ന്യായീകരിക്കുക' എന്ന അധികാരഭാഷയ്ക്കുള്ള താക്കീതാണ് 'അനുസരിച്ച് പൂർത്തീകരിക്കുക' എന്ന യേശുഭാഷ. നിയമം സമഗ്രമാകുന്നത് അത് സത്തയിൽ സകലരും ശിരസ്സാവഹിക്കുമ്പോഴാണ്, മറിയവും ജോസഫും
തങ്ങളുടേതായ രീതിയിൽ നിയമാനുസരണം നിറവേറ്റുന്നത് ദൈവീക ശരണത്തിലൂടെയും ഭക്തിയിലൂടെയുമാണ്. അതിന്റെ ഭാഗമായി നടത്തുന്ന പുറപ്പാടാണ് ഇന്നത്തെ സുവിശേഷത്തിൽ വിവരിക്കുന്ന ജെറൂസലേം ദേവാലയത്തിലേക്കുള്ള അവരുടെ ഹ്രസ്വയാത്ര.
ഗർഭത്തിൽ ഉരുവാകും മുമ്പേ അരുളപ്പാട് വഴി നിർദ്ദേശിക്കപ്പെട്ട പേരിടുന്നതും, ശുദ്ധീകരണദിനങ്ങൾ എണ്ണിയെണ്ണി കാത്തിരുന്ന് ഉണ്ണിയേശുവിനെ കാഴ്ചവയ്ക്കുന്നതും മോശയുടെ നിയമത്തിന്റെ അനുസരണം തന്നെ! മോശയുടെ നിയമമനുസരിച്ച് നിയമം പൂർത്തീകരിക്കുന്ന മിശിഹായും, ദൈവീകപദ്ധതിയ്ക്ക് ഹൃദയപൂർവ്വം വിധേയരാകുന്ന ജോസഫും മറിയവും, ആരും തന്നെ നിയമത്തിന് അതീതരല്ല എന്നു വ്യക്തമാക്കുന്നു!

നിയമത്തിന്റെ നൂലാമാലകളും അപവാദങ്ങളും തേടിപ്പിടിച്ച്, നീതി വൈകിക്കുകയും നിഷേധിക്കുകയും ചെയ്ത്, നിയമത്തിന് അധീനരായവർ അതീതരായി മാറുന്നത് ഒരു ദേശത്തിന്റെ നീതിവ്യവസ്ഥയ്ക്ക് ഭീഷണിയത്രേ. വൈകുന്ന നീതി നീതിനിഷേധ മെങ്കിൽ, നീതിനിഷേധം നീതീകരിക്കപ്പെടുന്ന ഒരു കാലത്താണ് നീതിസൂര്യന്റെ പിറവിത്തിരുന്നാൾ ഇക്കൊല്ലവും കടന്ന് പോയത്!

കാത്തിരിപ്പ് വെറുതെയാവില്ലെന്നേ!
രക്ഷകന് വേണ്ടിയുള്ള കാത്തിരിപ്പ്, അവിടുത്തെ കാണാതെ കണ്ണടയില്ലെന്ന് ശിമയോന് കിട്ടിയ ആത്മീയവെളിപാടിന്റെ ബലത്തിലായിരുന്നു. സ്വന്തം ആശയായിരുന്നില്ല, ഒരു ജനതയുടെ ആശ്വാസമായിരുന്നു ശിമയോന്റെ സ്വപ്നം. കാപട്യത്തിന്റെ ദുർഗന്ധം വമിക്കുന്ന കുഴിമാടങ്ങൾ തുറന്നുകാട്ടി, ലോകമാസകലം നീതി സംസ്ഥാപിക്കാൻ വരുന്നവന് വേണ്ടിയുള്ള ശിമയോന്റെ കാത്തിരിപ്പ് ഒടുവിൽ സഫലമായി...

എന്നേയ്ക്കും നിലനിൽക്കുന്ന നീതി (എശ. 42:6) വീണ്ടും മരീചികയായി തുടരുമ്പോൾ മറിയത്തിന്റെ സ്തോത്രഗീതം അനാവരണം ചെയ്യുന്ന സമത്വസുന്ദരമായ ദൈവീകനീതി നടപ്പിലാക്കാൻ അവൻ ഓരോ വർഷവും വന്നുപോകുമെന്ന നിലയിൽ ഭക്താഭ്യാസങ്ങൾ ഒരു പതിവ് പരിപാടിയായി തുടരുന്നു ...

പ്രാർത്ഥന - നിരന്തരം: ശക്തരാൽ ഞരുക്കപ്പെട്ട്, പോരാട്ട വീര്യം ചോർന്ന്, നിസ്സംഗതയിൽ മുങ്ങുന്ന സഭാമക്കൾക്ക് പ്രത്യാശ പകരാൻ ശിമയോനും അന്നയും നിർദ്ദേശിക്കുന്ന ഒറ്റമൂലിയത്രേ നിരന്തരമുള്ള പ്രാർത്ഥന.
എൺപത്തിനാല് തികഞ്ഞ വാർദ്ധക്യത്തിലും ഫനുവേലിന്റെ പുത്രിയെ ധീരപ്രേഷിതയാക്കുന്നത് ഉപവാസവും നിരന്തരമായ പ്രാർത്ഥനയുമത്രേ.
തിന്മയുടെ ശക്തികൾ ഉയർത്തുന്ന കഠിനമായ വെല്ലുവിളികൾ, നാട്ടുനടപ്പനുസരിച്ച് കണ്ടില്ലെന്ന് നടിച്ച്, സ്വയം ഉൾവലിഞ്ഞ്, എന്നോടല്ല എനിക്കെന്ത് എന്ന് ആത്മഗതം ചെയ്ത്, ഈ വർഷാന്തവേളയിലും വേണമെങ്കിൽ സ്വന്തം ജീവിതവ്യഗ്രതകളിൽ മുങ്ങാംകുഴിയിടാം. എന്നാൽ പ്രാർത്ഥനാപൂർവ്വമായ ഉണർവ്വും ജാഗ്രതയും, ദൈവസ്വരത്തിന്റെ നിശബ്ദശ്രവണവും ക്ഷമയോടെയുള്ള കാത്തിരിപ്പും നിശ്ചയമായും ഒരിക്കൽ ഫലം ചൂടുമെന്നാണ് ഇവർ പറയുന്നത്...

ജന്മസാഫല്യം - സമർപ്പണത്തിലൂടെ:*

ജനിച്ച് എട്ടാം ദിവസം
പരിച്ഛേദനവും ശുദ്ധീകരണഘട്ടം പൂർത്തിയാകുമ്പോൾ സമർപ്പണവുമെന്ന നിയമം ആദരവോടെ പാലിക്കുന്ന തിരുക്കുടുംബം, ശിശുക്കൾ ദൈവദാനമാണെന്നും ആകയാൽ അവർ ദൈവത്തിന് സമർപ്പിക്കപ്പെടേണ്ടവരാണെന്നും നമ്മോട് പറയാതെ പറയുന്നുണ്ട്. ജീവൻ ദൈവദാനമാണ്, മക്കൾ സ്നേഹപ്രസാദവും. ഗോതമ്പ്മണി നിലത്ത് വീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും, അഴിയുന്നെങ്കിലോ ഫലം പുറപ്പെടുവിക്കും. ഈശോ തന്നെത്തന്നെ ദൈവപിതാവിന്, ഇഷ്ടത്തിന് സമർപ്പിക്കുന്നതാണ് അവിടുത്തെ ജന്മസാഫല്യം, വ്യയം ചെയ്യാത്ത മനുഷ്യജന്മം സഫലമോ?...

ആരെയൊക്കെ കണ്ടുമുട്ടും, മക്കളെപ്പറ്റി എന്തൊക്കെ പറയപ്പെടും എന്നൊന്നും യാതൊരു രൂപവുമില്ലാത്ത മാതാപിതാക്കളുടെ ജീവിതയാത്രയ്ക്ക് സമാനമാണ് ഉണ്ണീശോയെയും കൂട്ടിയുള്ള മാതാപിതാക്കളുടെ ദേവാലയം ലക്ഷ്യമാക്കിയുള്ള യാത്ര. ദിവ്യശിശുവിനെപ്പറ്റിയും തങ്ങളെപ്പറ്റിയും എന്തൊക്കെ കേൾക്കും? ലോകം തീർക്കുന്ന അനിശ്ചിതത്വങ്ങൾക്കിടയിലും ദൈവവിശ്വാസത്തിൽ തങ്ങളെ തന്നെ പൊതിഞ്ഞുപിടിച്ചുള്ള യാത്രകൾ ലക്ഷ്യം നേടുന്നു. തിരുക്കുടുംബത്തിന്റെ പലായനങ്ങൾ എന്നും വിശ്വാസത്തിൽ ചുവടുറപ്പിച്ചുള്ളതായിരുന്നു. ലോകം നൽകുന്ന സുരക്ഷിതത്വത്തേക്കാൾ വിശ്വാസത്തിന്റെ ഉറപ്പാണ് തിരുക്കുടുംബം നൽകുന്ന മാതൃക. മറ്റുള്ളവരുടെ ഹൃദയവിചാരങ്ങളും ദൈവേഷ്ടത്തിന്റെ അകപ്പൊരുളും വിവേചിക്കാനും, ദൈവ ദൂതുകളുടെ നിമന്ത്രണങ്ങൾ കേൾക്കാനും, ദിവ്യദർശനങ്ങളും സ്വപ്നങ്ങളും വെളിപ്പെടാനും
സമർപ്പണമുള്ള വിശ്വാസം അനിവാര്യമാണ്; സമർപ്പണം വിശ്വാസത്തിന്റെ തുടർച്ചയും പ്രകാശനവുമാണ്.

ശിമയോനും അന്നയും: ഉൾക്കാഴ്ച്ചയുടെ പ്രതിരൂപങ്ങൾ: മനുഷ്യകുലത്തിന്റെ രക്ഷകനെ ദർശിക്കാൻ കഴിയുമെന്ന പരിശുദ്ധാത്മവാഗ്ദാനം ശിമയോൻ ദേവാലയത്തിൽ സാക്ഷാല്ക്കരിക്കുന്നു. മിശിഹായുടെ വരവിനായി ആയുസ്സ് മുഴുവൻ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നവരത്രേ ശിമയോനും അന്നയും. കാത്തിരിപ്പിന്റെ മാധ്യസ്ഥരെന്ന് വിശേഷിപ്പിക്കാവുന്ന അവർ നൽകുന്ന ആത്മീയപാഠങ്ങളിൽ പ്രധാനം, മതബോധന വിദ്യാർത്ഥികളുടെ ആപ്തവാക്യം കൂടിയായ 'പ്രാർത്ഥനയിൽ വളരാം' എന്നത് തന്നെയാണ്. പ്രാർത്ഥനയുടെ നൈരന്തര്യം, ദൈവത്തിന്റെ സമയത്തിനായുള്ള പ്രത്യാശ നിറഞ്ഞ കാത്തിരിപ്പ്, ദൈവം വെളിപ്പെടുത്തിയ സദ്വാർത്ത സഹജരുമായി പങ്കുവയ്ക്കുന്നതിലുള്ള സന്തോഷം ഇവയൊക്കെ ഇരുവരുടെയും ജീവിതസന്ദേശമായി.

ബാല്യകാല വിവരണം - പരിശുദ്ധാത്മമയം:
ദേവാലയം പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുടെ അത്യപൂർവ്വസംഗമവേദിയായി മാറുന്നത് ദൈവത്തിന്റെ തൂലികയിൽ ചുരുളഴിയുന്ന തിരക്കഥയായി വിശ്വാസികൾക്ക് വെളിപ്പെടുന്നു. രക്ഷകനെപ്പറ്റിയുള്ള വെളിപാട് നൽകുന്നതും, ദേവാലയത്തിലെത്തിക്കുന്നതും, സമയോചിതമായുള്ള ദിവ്യശിശുദർശനവും എല്ലാമെല്ലാം സുവിശേഷകൻ ദൈവാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രാധാന്യം സുവ്യക്തമാക്കുന്നു. സുവിശേഷകൻ നിരത്തുന്ന നിരവധി സംഭവവിവരണങ്ങൾ സുവിശേഷത്തിലും നടപടി പുസ്തകത്തിലും പരിശുദ്ധാത്മവെളിച്ചം വാരിവിതറുന്നതായി കാണാം! പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുടെ സംഗമസ്ഥലമാണ് ദേവാലയമെന്നത് ഒരു മണികിലുക്കത്തിന്റെ ഞൊടിയിടയിൽ മാത്രം അനുസ്മരിക്കുന്നതും നമുക്ക് സുപരിചിതമായിരിക്കുന്നു!

രക്ഷ സാർവ്വത്രികം :
ക്രിസ്തുവിൽ സമ്പൂർണ്ണം :-
"എന്റെ രക്ഷ ലോകാതിർത്തി വരെ എത്തുന്നതിന്, ഞാൻ നിന്നെ ലോകത്തിന്റെ പ്രകാശമായി നൽകും." എന്ന പ്രവാചകശബ്ദത്തിന്റെ അലയൊലികൾ സുവിശേഷത്തിൽ ശിമയോനിലൂടെ ആവർത്തിച്ച് പ്രതിധ്വനി ക്കുന്നു. ശിശുവിനെ കണ്ട മാത്രയിൽ രക്ഷ കൈവരിച്ച നിർവൃതിയാണ് ശിമയോന്റെ വാക്കുകളിൽ തുള്ളിക്കളിക്കുന്നത്. ഖസാക്കിന്റെ ഇതിഹാസം ഉതിർന്നുവീണ തൂലികയിൽനിന്ന് വീണ്ടുയൊരു ഉപരിസൃഷ്ടി വരാനില്ല എന്നതിനാൽ കൃതി രചിച്ച കൈ തന്നെ ഛേദിക്കപ്പെടട്ടെ എന്ന പരാമർശം ശ്രീ ഓ വി വിജയന് സർവ്വകലാശാല വിദ്യാർത്ഥികൾ നൽകിയ അംഗീകാരമാണ്. രക്ഷ നേരിൽ കണ്ടതിലും ശുഭകരമായ കാഴ്ച്ച ഉണ്ടാകാനില്ല എന്നതിനാൽ ഇനി തന്റെ കണ്ണടയട്ടെ എന്ന് ആശിക്കുന്ന ശിമയോൻ ആത്മസംതൃപ്തിയുടെ കൊടുമുടിയിലാണ്. ദിവ്യ ശിശുവിനെക്കുറിച്ചുള്ള സാക്ഷ്യം മാതാപിതാക്കളെ വിസ്മയിപ്പിച്ചതായി വചനം പറയുന്നുവെങ്കിലും തുടർന്ന് ചില അപ്രിയസത്യങ്ങൾ കൂടി ഹൃദിസ്ഥമാക്കാൻ സുവിശേഷകൻ കരുതിവയ്ക്കുന്നുണ്ട്. പലരുടെയും വീഴ്ചയും ഉയർച്ചയും, വിവാദവിഷയവും, ഹൃദയത്തെ വാൾ പിളർക്കുന്നതും ഇന്നിന്റെയും യാഥാർത്ഥ്യങ്ങളാണ്. യൗസേപ്പിനെപ്പോലെ ദൈവാശ്രയത്തിന്റെ സ്വച്ഛതയിൽ ഉറങ്ങാൻ വിശ്വാസം തന്നെ ശരണം! വിശ്വാസം യുദ്ധങ്ങളെ അകറ്റും! സ്ഥായിയായ വിശ്വാസം നിരന്തരമായ പ്രാർത്ഥന, പരിശുദ്ധാത്മ പ്രചോദനങ്ങളോടുള്ള തുറവി, ദൈവേഷ്ടം വിവേചിച്ചറിയൽ, സത്തയുൾക്കൊണ്ടുള്ള നിയമപാലനം, ദൈവിക പദ്ധതിയോടുള്ള സഹകരണം ഇവയൊക്കെ ഇന്നത്തെ സുവിശേഷം നിർദ്ദേശിക്കുന്ന പുണ്യങ്ങളാണ്. പുണ്യങ്ങൾ പുലരട്ടെ, പുതുവത്സരം ഒത്തിരി പുതുദർശനങ്ങളും അഭിവൃദ്ധിയും പ്രദാനം ചെയ്യട്ടെ! സ്നേഹവന്ദനം!!

.........................................
ഷാജു അച്ചിനിമാടൻ

www.homilieslaity.com