പള്ളികൂദാശക്കാലം 01: വിശ്വസമാകുന്ന പാറമേല്‍ പണിയപ്പെട്ട സഭ – Matthew 16:13-19
പള്ളികൂദാശ കാലം ഞായർ 01
മത്തായി 25: 1-13
സീറോമലബാർ ആരാധനക്രമ വത്സരത്തിലെ അവസാന കാലമാണ് പള്ളിക്കൂദാശ കാലം. പേരു സൂചിപ്പിക്കുന്ന പോലെ 'പള്ളിയുടെ' / 'സഭയുടെ', 'കൂദാശ'/ 'വിശുദ്ധീകരണം' ആണ് പ്രധാന വിഷയം. കർത്താവ് തന്റെ മണവാട്ടി യായ സഭയെ വിശുദ്ധീകരിച്ചു ദൈവ പിതാവിന് സമർപ്പിക്കും എന്നതാണ് വിശ്വാസം. വയനകളും ഏറെക്കുറെ ഇതുമായി ബന്ധപ്പെട്ടാണ്.
ഈശോയുടെ രണ്ടാമത്തെ ആഗമനവും അന്ത്യവിധിയുമായി ബന്ധപ്പെട്ട പ്രാതീകാത്മകമായ അവതരണമാണ് 10 കന്യകാരുടെ ഉപമ. മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് ഇത് കാണുന്നത്. കർത്താവിൻറെ രണ്ടാമത്തെ ആഗമനം (PARUSIA) വൈകുന്നതിനുള്ള അസ്വസ്ഥത മത്തയിയുടെ സഭയിൽ ഉണ്ടായിരുന്നിരിക്കണം. അതിനുള്ള ഒരു പരിഹാരം എന്ന രീതിയിലാണ് ഈ ഭാഗം മത്തായി തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തുന്നത്.
കന്യക: 'PARTHENOS' എന്ന വാക്കാണ് ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനു കന്യക എന്നതിലുപരി യുവതി/ വിവാഹം കഴിക്കാത്ത യുവതി എന്നൊക്കെയാണ് അർത്ഥം. പണ്ട് ഈ രണ്ടു വാക്കിനും. ഏതാണ്ട് ഒരേ അർത്ഥം കൊടുക്കാമായിരുന്നു. ഇന്ന് ഇപ്പ കല്യാണംകഴിക്കാത്ത യുവതികൾ എല്ലാം കന്യക മാർ ആകണമെന്ന് പറഞ്ഞാൽ.....
Interpretation
1. വിവേകവും അവിവേകവും
സർക്കാർ തലത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീയുടെ അത്ര വിവേകമില്ലാത്ത പെരുമാറ്റം ഒരാളുടെ ജീവനെടുത്തതും പിന്നെ അത് ആ സ്ത്രീയുടെ തന്നെ ജീവിതം തടവറയിൽ ആയതുമായ വാർത്തകളായിരുന്നു നീ കഴിഞ്ഞ ആഴ്ച പത്രങ്ങളിൽ. വിവേകം നമുക്കെല്ലാവർക്കും. ഒരുപോലെ ആവശ്യമുള്ള ഗുണമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ. സുവിശേഷത്തിൽ കാണുന്നതും 10 സ്ത്രീകളുടെ ഉപമയാണ്. അഞ്ചുപേർ വിവേകം ഉള്ളവരും അഞ്ചു പേര് വിവേകം ഇല്ലാത്തവരും.
വിവേകം എന്നതിന് നൽകുന്ന ഒരു ഡെഫിനിഷൻ : സാഹചര്യം അനുസരിച്ചു പെരുമാറുവാനുള്ള കഴിവ് എന്നതാണ്. (Ability to Act According to the Situation) . സാഹചര്യം അനുസരിച്ച് പ്രവർത്തിക്കാനും പെരുമാറുവാനുമുള്ള കഴിവ് നമ്മുടെ ഇടയിൽ നഷ്ടപ്പെട്ടു പോയികൊണ്ടിരിക്കുകയാണ്. ഒരു വിവേകം ഇല്ലാത്ത അവസ്ഥ എന്നത് ഏത് പ്രായത്തിലും ഏത് തലമുറയിലും ഏതു കാലത്തും സംഭവിക്കുന്ന അപകടമാണ്. വിവേകം (Prudence/ Reason) നഷ്ടപ്പെടുകയും വെറും വികാരത്തിൻറെ ( Emotion) അടിസ്ഥാനത്തിൽ കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും പ്രതികരിക്കാനും തുടങ്ങുന്നത് അത്ര ശുഭ സൂചനയല്ല. വിവേകത്തോടുകൂടി ഒരു കാര്യത്തെ കാണാനും വിലയിരുത്താനും നമുക്ക് പറ്റണം. നല്ല
സഭയിൽ ആയാലും സമൂഹത്തിൽ ആയാലും രാഷ്ട്രീയത്തിൽ ആയാലും ഒരല്പം കൂടി വിവേകമുള്ളവരെ (അത് കന്യകമാർ ആയാലും ശരി കന്യകന്മാർ ആയാലും ശരി) നമുക്ക് ഇന്നത്തെ കാലഘട്ടത്തിൽ ആവശ്യമുണ്ട്. സത്യത്തിൽ ഇത്തരം ഒരു പുണ്യത്തിനു വേണ്ടിയാണ് പണ്ട് സോളമൻ രാജാവ് പ്രാര്ഥിച്ചതും.
"ഈ മഹാജനത്തെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? ആകയാല്‍, നന്‍മയും തിന്‍മയും വിവേചി ച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാന പോരുന്ന വിവേകം ഈ ദാസനു നല്‍കിയാലും.
1 രാജാ 3 : ). നിങ്ങൾ സർപ്പങ്ങളെ പോലെ വിവേകികൾ ആകുവിൻ എന്ന ഇമ്മടെ കർത്താവിന്റെ വാക്കുകളും ഒപ്പം
"അതിനാല്‍, നിങ്ങള്‍ അവിവേകികളെപ്പോലെയാകാതെ വിവേകികളെപ്പോലെ ജീവിക്കാന്‍ ശ്രദ്‌ധിക്കുവിന്‍."
എഫേസോസ് 5 : 15 എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളും
ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.
2. ഒരുക്കമുള്ളവരായിരുക്കുക
മണവാളനെ കാത്തിരുന്ന കന്യകമാരിൽ 5 പേർ എണ്ണ കയ്യിൽ കരുതിയില്ല എന്നാണ് പറയുന്നത് ( ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംമ്പാനേ.....) മാത്രമല്ല മണവാളൻ വരാൻ വൈകിയതിനാൽ എല്ലാവരും ഉറങ്ങി പോയി എന്നും പറയുന്നു . ( ഉറക്കത്തിന്റെ കാര്യത്തിൽ നമ്മളും ഒട്ടും മോശം അല്ലല്ലോ) ആത്മീയ ജീവിതത്തിൽ ഒരു നിതാന്ത ജാഗ്രത ഒരു ഉണർവ് നമ്മുക്ക് എപ്പോഴും ആവശ്യമാണ്. എന്നുവച്ചാൽ ജീവിതത്തിന് ഒരുക്കം ആവശ്യമാണ്. മരണം എന്ന മണവാളൻ എപ്പോൾ വന്നു വിളിച്ചാലും പോകുവാൻ തയ്യാറാവുക/ ഒരുക്കമുള്ളവരാവുക. മരണം എന്ന യാഥാർഥ്യം ഏതു നിമിഷവും നമ്മുടെ ജീവിതത്തിലേക്ക് മണവാളനെപോലെ ( കള്ളനെപ്പോലെ എന്നൊക്കെയാണ് നമ്മൾ പറയുക) കടന്നു വന്നേക്കാം അതിനെ സ്വീകരിക്കാൻ വേണ്ടത്ര ഒരുക്കം നമുക്കുണ്ടോ...? സത്യത്തിൽ ഈ ഒരുക്കത്തോട് കൂടി ജീവിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ വിവേകം. ആത്മീയമായിട്ടുള്ള ഒരു ഉറക്കത്തിലേക്ക് ഒരു മന്ദതയിലേക്ക്/അലസതയിലേക്കു നമ്മൾ വീണു പോയിട്ടുണ്ടോ??. അവിടെ നിന്നു ഉണർന്നു ജീവിതമാകുന്ന വിളക്കുകൾ വിശ്വാസമാകുന്ന എണ്ണ ഒഴിച്ചു കത്തിച്ചു കർത്താവിന്റെ വരവിനായി കാത്തിരിക്കുക. വിവേക ശൂന്യരുടെ എണ്ണ കഴിഞ്ഞു പോയി എന്നാണ് പറയുന്നത്. എന്താണ് എണ്ണ. നമ്മുടെ കൈവശമുള്ള വിശ്വാസമാകുന്ന , പുണ്യങ്ങൾ ആകുന്ന വിശുദ്ധിയാകുന്ന എണ്ണകൾ വറ്റതെ സൂക്ഷിക്കുക
3. കർത്താവിനു നമ്മളെ അറിയുമോ??
കന്യകമാർ എണ്ണ വാങ്ങാൻ പോയപ്പോൾ ആണ് മണവാളൻ വന്നതും വതിലടച്ചതും. (വാങ്ങാൻ പോയത് എണ്ണ ആണെങ്കിലും ശരി സോപ്പ് ആണെകിലും ശരി ഷോപ്പിങ്ങിനു പോയി കഴിഞ്ഞാൽ നമ്മുടെ സ്ത്രീജനങ്ങൾ നേരം വൈകിയേ വരൂ) തന്നെ വിളിച്ച് കരയുന്ന കന്യകമാരുടെ അടുത്തു മണവാളൻ പറയുന്നത് "എനിക്ക് നിങ്ങളെ അറിയില്ല" എന്നാണ്. നമുക്ക് ചിലപ്പോൾ സംഭവിക്കാനിരിക്കുന്ന വലിയൊരു അപകടം എന്താണ് എന്ന് വച്ചാൽ നമ്മൾ ഇത്രയേറെ പ്രാർത്ഥിച്ചു കണ്ണിൽ എണ്ണയൊഴിച്ച് കാത്ത് ഇരിക്കുന്ന, നിലവിളിച്ചു കരഞ്ഞപേക്ഷിക്കുന്ന ആ ദൈവത്തിന് നമ്മളെ അറിയുമോ എന്നുള്ളതാണ്? ഒരാൾക്ക് നമ്മളെ പരിചയമുണ്ടാകുന്നത് അയാളുമായിട്ടുള്ള നിരന്തര കോൺടാക്ട് നമ്മൾ നിലനിർത്തുമ്പോഴാണ്. സംസാരിച്ചും കത്തെഴുതിയും ഫോൺ വിളിച്ചും മെസ്സേജ് അയച്ചും നേരിൽ പോയി കണ്ടു നമ്മൾ ചില ബന്ധങ്ങൾ നിലനിർത്തുന്നു. ഈശോയ്ക്ക് നമ്മളെ പരിചയമില്ല എന്നുണ്ടെകിൽ നമുക്ക് അവനുമായുള്ള കോൺടാക്ട് എവിടെയോ നഷ്ടപ്പെട്ടു എന്നർത്ഥം. .പ്രാർത്ഥനയിലൂടെ, ബൈബിൾ വായനയിലൂടെ, ദിവ്യ ബലിയിലൂടെ അതൊന്ന് തിരിച്ചുപിടിക്കുക.