ദെനഹക്കാലം 08
ദനഹ ഞായർ 8
പുറപ്പാട് 15:22-26
ഏശയ്യ44:23-28
എഫസൂസ് 1:15-23
മർക്കോസ് 1:7-11(1:1-11)
Biblical Background
മർക്കോസ് തന്റെ സുവിശേഷം എഴുതിയത് ഈശോ ദൈവ പുത്രനാണ് എന്ന് തെളിയിക്കാൻ വേണ്ടിയാണ് . സുവിശേഷത്തിന്റെ ആരംഭത്തിൽ തന്നെ പുള്ളി അതു കൃത്യമായി പറയുന്നുണ്ട്. പോരാത്തതിന് ഈശോയുടെ ജ്ഞാന സ്നാന സമയത്ത് പിതാവായ ദൈവത്തിലൂടെ മർക്കോസ് അതു വെളിപ്പെടുത്തുന്നു.
ദനഹാകാലം ഈശോയുടെ മഹത്വം വെളിപ്പെടുത്തുന്ന കാലമാണ്. വായനകൾ ദൈവിക മഹത്വം വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ്.
ഒന്നാം വായനയിൽ പുറപ്പാട് പുസ്തകത്തിൽ മാറായിലെ കൈപ്പുള്ള ജലം മധുരമുള്ളതാക്കി തീർത്തുകൊണ്ട് ദൈവിക ശക്തി വെളിപ്പെടുന്ന ഭാഗം നാം വായിക്കുന്നു. രണ്ടാം വായനയിൽ ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ സൃഷ്ടിക്കുകയും രക്ഷിക്കുകയും ചെയ്യുന്നത് കർത്താവാണ് എന്ന് പറഞ്ഞുകൊണ്ട് ദൈവിക ശക്തി വെളിപ്പെടുത്തുന്നു. ലേഖനത്തിൽ പൗലോസ് ശ്ലീഹ പറയുന്നതും മിശിഹായാണ് മഹോന്നതൻ എന്നാണ്. സുവിശേഷത്തിൽ ഈശോയുടെ ജ്ഞാന സ്നാന സമയത്തു അവിടുന്ന് ദൈവ പുത്രനാണെന്ന് സ്വർഗീയ പിതാവ് പരസ്യമായി വെളിപ്പെടുത്തുന്നു.
1. പിന്നാലെ വരുന്നവർ
കോട്ടയം ഗവൺമെൻറ് നഴ്സിംഗ് കോളേജിലെ റാഗിംഗും അതുമായി ബന്ധപ്പെട്ട കേസുകളും വിവാദങ്ങളും കെട്ടടങ്ങി വരുന്നതേയുള്ളൂ. പറയുന്നതും കേൾക്കുന്നതും (വീഡിയോ കണ്ടതും) ശരിയാണെങ്കിൽ വളരെ ക്രൂരമായിട്ടാണ് സീനിയേഴ്സ് ആയിട്ടുള്ള ഏതാനും വിദ്യാർത്ഥികൾ തങ്ങളുടെ ജൂനിയേഴ്സിനോട് പെരുമാറിയത്. അത്രയൊന്നുമില്ലെങ്കിലും എല്ലാ ക്യാമ്പ്സിലും സീനിയേഴ്സ് ജൂനിയേഴ്സിനോട് ഇങ്ങനെ ചില 'പിപ്പിടികാണിക്കൽ' നടത്താറുണ്ട്.. അവരെ ചെറുതാക്കി കാണിക്കുന്നു, അവരെക്കൊണ്ട് കൊച്ചുകൊച്ചു ജോലികൾ ചെയ്യിപ്പിക്കുന്നു, കളിയാക്കുന്നു etc. ഇനി ഇത് കോളേജിൽ മാത്രം കാണുന്ന പ്രതിഭാസമല്ല. അതായത് ഏതൊരു തലമുറയും തങ്ങൾക്ക് ശേഷം വരുന്നവരെ തങ്ങളെക്കാൾ ചെറുതായി കണക്കാക്കി അവരെ ചൂഷണം ചെയ്യുന്ന രീതി പലപ്പോഴും പലയിടങ്ങളിലും കാണാം .ഇതൊരു സ്വാഭാവിക പ്രതിഭാസമാണ്. ജോലി സ്ഥലത്തും , കോളേജിലും , സ്കൂളിലുമൊക്കെ ഇത് കാണാം. (എന്തിനു ഇമ്മടെ senior altar boysന്റെ അടുത്തു എന്തെങ്കിലും പണി പറഞ്ഞു നോക്കിയേ അവരതു ജൂനിയർ altar boys നെ മെരട്ടി ചെയ്യിപ്പിക്കുന്നത് കാണാം.)
ഏതൊരു കാലഘട്ടത്തിലും തലമുറകൾ തമ്മിലുള്ള അകൽച്ചയും തർക്കവും സംഭവിക്കാറുണ്ട്. ഏത്.... ഇമ്മടെ സീനിയേഴ്സ് പറയും ഇമ്മള് ശരിയല്ല എന്ന്. ഇമ്മള് പറയും ഇമ്മടെ ജൂനിയേർസ് ശരിയല്ല എന്ന്, അവര് പറയും അവർക്ക് ശേഷമുള്ള generation ശരിയല്ല എന്ന്. ഈ പ്രശ്നം എല്ലാക്കാലത്തുമുണ്ട്. മുതിർന്ന തലമുറ, തങ്ങൾക്കു ശേഷമുള്ള തലമുറയ്ക്ക് വേണ്ടി അവരുടെ സ്ഥാനവും സാധ്യതകളും നഷ്ടപ്പെടുത്താൻ ഒരുക്കമല്ല എന്നുള്ള പരാതി കാലാകാലങ്ങളായി ഉള്ളതാണ്. രാഷ്ട്രീയത്തിലും കലാരംഗത്തും അഭിനയ രംഗത്തുമെല്ലാം ഇങ്ങനെ ഒരു പരാതി നമ്മൾ കേൾക്കാറുണ്ട്. അതിനിടയിലാണ് സ്നാപകൻ പറയുന്നത് തന്റെ പിന്നാലെ വരുന്നവൻ തന്നേക്കാൻ വലിയവൻ ആണെന്ന്. നമുക്ക് പിന്നാലെ വരുന്നവർ നമ്മളെക്കാൾ അറിവും കഴിവും പ്രാപ്തിയും ഉള്ളവരാണ് എന്ന് തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കാനും സ്നേഹിക്കാനും അവർക്ക് വേണ്ട സ്ഥാനങ്ങൾ കൊടുക്കാനും വലിയ മനസ്സുള്ളവർക്ക് സാധിക്കുകയുള്ളൂ. 'എനിക്കാണ് ഇവിടുത്തെ എല്ലാക്കാര്യവും അറിയുന്നത്', 'ഞാൻ ഇല്ലെങ്കിൽ ഇവിടെ ഒരു കാര്യം നടക്കില്ല', 'എനിക്ക് ശേഷം പ്രളയം' എന്നൊക്കെ ചിന്തിച്ചിരുന്നവർക്ക് ഒരു താക്കീതാണ് ഇന്നത്തെ സുവിശേഷം നൽകുന്നത് . നമ്മുടെ പിന്നാലെ വരുന്നവർ എന്തുകൊണ്ടും നമ്മളെക്കാൾ അറിവിലും കഴിവിലും മുന്നിലായിരിക്കും എന്ന് മനസിലാക്കി അവർക്ക് മുന്നിൽ എളിമപ്പെടാൻ പറ്റുക വലിയ കാര്യമാണ്.
'Christus Vivit' എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നത് സഭയാകുന്ന തോണിയിലെ തുഴക്കാരാണ് യുവജനങ്ങൾ എന്നും അവർക്ക് ദിശ കാണിക്കേണ്ടവരാണ് മുതിർന്ന തലമുറ എന്നുമാണ്. എന്നു വച്ചാൽ ഈ രണ്ടു തലമുറയേയും നമുക്ക് ഒരുപോലെ ആവശ്യമുണ്ട് എന്ന് ചുരുക്കം.തനിക്കു ശേഷം വരുന്നവരെ തന്നെക്കാൾ വലിയവരായി കണക്കാക്കുന്ന സ്നാപക മനോഭാവം നമുക്കും സ്വന്തമാക്കാം.
2. ലളിത ജീവിതം
സ്നാപകന്റെ ജീവിതത്തെക്കുറിച്ച് വളരെ കുറച്ചു മാത്രമേ ബൈബിളിൽ പറഞ്ഞിട്ടുള്ളൂ എങ്കിൽ പോലും വളരെ ലളിതമാണ് അദ്ദേഹം അദ്ദേഹത്തിൻറെ ജീവിത ശൈലി എന്നു നമുക്ക് മനസിലാക്കാം. ഒട്ടകമുള്ള വസ്ത്രവും വെട്ടുകിളിയും കാട്ടു തേനുമായിരുന്നു പുള്ളി ഭക്ഷിച്ചിരുന്നത്. ഭക്ഷണ കാര്യത്തിലും വസ്ത്രത്തിലുമെല്ലാം ഒരല്പം മിതത്വം പാലിക്കുന്നത് നമുക്കും നല്ലതാണ്. ഒരു ഉപഭോഗ സംസ്ക്കാരം നമ്മുടെയിടയിൽ വന്നു കഴിഞ്ഞു. ആവശ്യത്തിലധികം വാങ്ങുക ,ഭക്ഷിക്കുക, വലിച്ചെറിയുക. അത് വസ്ത്രത്തിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും പ്രതേകിച്ചു. അതുകൊണ്ട് ജീവിതം അൽപ്പം ലിളിതമാക്കാൻ നമുക്കും പരിശ്രമിക്കാം. ഭക്ഷണം... ,വസ്ത്രം... വാഹനം....
3.ഈശോയെ വെളിപ്പെടുത്തുക
ജ്ഞാനസമയത്ത് പിതാവായ ദൈവം ഈശോയെ ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുന്നു.. യോഹന്നാൻ ഈശോയുടെ മുമ്പിൽ 'താൻ അവന്റെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യനല്ല എന്നൊക്കെ പറഞ്ഞു എളിമപ്പെട്ടപ്പോൾ ഈശോയാകട്ടെ യോഹന്നാന്റെ മുമ്പിൽ അതിനേക്കാൾ എളിമയോടെ ശിരസ്സ് നമിച്ചു നിൽക്കുന്നു. മാതാവിന്റെയും ഏലിശാമ്മയുടെയും ഉദരത്തിൽ വച്ചുകൊണ്ട് ഇവർ രണ്ടുപേരും കണ്ടുമുട്ടിയതിനു ശേഷം പിന്നെ സ്നാന സമയത്തായിരിക്കാം അവർ പരസ്പരം കാണുന്നത്. പിതാവായ ദൈവം ഈശോയെ ലോകത്തിനു വെളിപ്പെടുത്തുന്നത് ഇവൻ എന്റെ പ്രിയപുത്രനാണ് എന്ന് പറഞ്ഞുകൊണ്ടാണ്. ഈശോയുടെ കാര്യത്തിൽ മാത്രമല്ല, നമ്മുടെ ഓരോരുത്തരുടെ കാര്യത്തിലും ഇത് ഏതാണ്ട് ശരിയാണ്. മാമ്മോദീസയിലൂടെയാണ് ഒരു കുഞ്ഞു ദൈവത്തിന്റെ പുത്രനോ പുത്രിയോ ആയി മാറുന്നത്. ഒപ്പം ദൈവരാജ്യത്തിന് അവകാശിയാകുന്നതും തിരുസഭയിലെ ഔദ്യോഗികമായ അംഗമാകുന്നതും. അങ്ങനെയുള്ള ക്രൈസ്തവരുടെ ഉത്തരവാദിത്തമാണ് ഈശോയെ മറ്റുള്ളർക്കു മുന്നിൽ വെളിപ്പെടുത്തുക എന്നുള്ളത്.