ദെനഹക്കാലം 03

ദെനഹക്കാലം 03: പാപം മോചിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് – John 1:29-34

ഞായര്‍ പ്രസംഗം ദനഹാ മൂന്നാം ഞായര്‍ 9 യോഹ. 1: 29-34 ദൈവത്തിന്റെ കുഞ്ഞാട്

ഈശോമിശിഹാ ലോകത്തിനു വെളിപ്പെടുന്നതിനെക്കുറിച്ചാണല്ലോ ദനഹാക്കാലത്ത് നമ്മള്‍ ധ്യാനിക്കുന്നത്. പിതാവായ ദൈവവും പരിശുദ്ധ റൂഹായും ചേര്‍ന്ന് ഈശോയുടെ മാമ്മോദീസാ വേളയില്‍ അവിടുത്തെ ദൈവപുത്രത്വം വെളിപ്പെടുത്തുന്നത് ദനഹാത്തിരുനാളില്‍ നമ്മള്‍ കണ്ടതാണ്. ഈ രംഗത്തിന് ഏറ്റവും അടുത്ത സാക്ഷി ഈശോയെ മാമ്മോദീസാ മുക്കിയ യോഹന്നാന്‍ മാംദാനയാണ്. ഈശോയ്ക്ക് വഴിയൊരുക്കുവാനായി അവിടുത്തേക്കു മുമ്പേ പിതാവിനാല്‍ അയയ്ക്കപ്പെട്ട യോഹന്നാന്‍, താന്‍ ദൃക്‌സാക്ഷിയായ സംഭവത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് മിശിഹായെ ലോകത്തിനു വെളിപ്പെടുത്തുന്നതാണ് ഇന്നത്തെ ധ്യാനവിഷയം (യോഹ. 1:29-34).

നാലു കാര്യങ്ങളാണ് ഈശോയെക്കുറിച്ച് യോഹന്നാന്‍ സ്‌നാപകന് സാക്ഷ്യപ്പെടുത്തുവാന്‍ ഉണ്ടായിരുന്നത്:

ഈശോ ദൈവത്തിന്റെ കുഞ്ഞാടാണ്, അവിടുന്ന് അനാദി മുതലേ ഉള്ളവനാണ്, പരിശുദ്ധാരൂപിയാല്‍ സ്‌നാനം നല്‍കുന്നവനാണ് അവിടുന്ന്, അവിടുന്ന് ദൈവപുത്രനാണ്.

ഈശോ ദൈവത്തിന്റെ കുഞ്ഞാട്

യോഹന്നാന്‍ മാംദാന ഈശോയെ തന്റെ ശ്രോതാക്കള്‍ക്ക് പരിചയപ്പെടുത്തുന്നത്, 'ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന ആമുഖത്തോടെയാണ്. ഈശോയുടെ മനുഷ്യാവതാരലക്ഷ്യം മുഴുവന്‍ വ്യക്തമാക്കുന്ന ഒരു പ്രസ്താവനായാണിത്. പൗരസ്ത്യ സഭാപിതാവായ മാര്‍ അപ്രേമിന്റെ അഭിപ്രായത്തില്‍, അബ്രാഹത്തിന്റെ ദാസനായ ഏലയാസര്‍ ഇസഹാക്കിനെ ഭാവിവധുവായ റബേക്കായ്ക്ക് കിണറ്റുകരയില്‍ വച്ച് പരിചയപ്പെടുത്തിയതു പോലെയാണ് (ഉല്‍. 24:1-67), സ്‌നാപകയോഹന്നാന്‍ ഈശോയെ അവിടുന്നില്‍ വിശ്വസിക്കാനിരുന്ന ജനത്തിന് പരിചയപ്പെടുത്തിയത്. അതുപോലെ തന്നെ യാക്കോബ് റാഹേലിനെയും (ഉല്‍. 29:1-20), മോശ സിപ്പോറായെയും (പുറ. 2:16-21) ആദ്യമായി കണ്ടുമുട്ടിയതും കിണറ്റുകരയില്‍ വച്ചാണ്. ഇതെല്ലാം ജോര്‍ദ്ദാന്‍ നദിക്കരയില്‍ നിറവേറാനിരുന്നതിന്റെ മുന്നോടികളായിരുന്നു എന്നും അപ്രേം പിതാവ് വിശ്വസിക്കുന്നു.

തന്റെ ജീവിതത്തിലൂടെയും സഹന - മരണോത്ഥാനങ്ങളിലൂടെയും മനുഷ്യകുലത്തിന്റെ പാപത്തിന് പരിഹാരം ചെയ്യുവാനായിരുന്നല്ലോ ഈശോ മനുഷ്യരൂപമെടുത്തത്. ഈ പെസഹാരഹസ്യത്തെ സൂചിപ്പിക്കുന്നതാണ് 'ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന പ്രയോഗം. കാരണം, യോഹന്നാന്റെ ശ്രോതാക്കളായിരുന്ന യഹൂദരെ സംബന്ധിച്ച് ഈജിപ്തില്‍ നിന്നുള്ള അവരുടെ വിമോചനത്തിന്റെ അനുസ്മരണവും ആഘോഷവുമായ പെസഹായുമായി ബന്ധപ്പെട്ട് കുഞ്ഞാടിന് വലിയ പ്രാധാന്യമുണ്ടായിരുന്നു (പുറ. 12:1-13). ഈജിപ്തില്‍ വച്ച് സംഹാരദൂതനില്‍ നിന്ന് ഇസ്രായേല്‍ജനത്തെ രക്ഷപെടുത്തിയത് അവരുടെ ഭവനങ്ങളുടെ കട്ടിളപ്പടിയില്‍ തളിച്ചിരുന്ന കുഞ്ഞാടിന്റെ രക്തമായിരുന്നല്ലോ. നന്ദിപൂര്‍വം ഈ സംഭവം അനുസ്മരിച്ചുകൊണ്ട് ആണ്ടുതോറും പെസഹായോടനുബന്ധിച്ച് ഒരു വയസ്സുള്ള ഒരു കുഞ്ഞാടിനെ യഹൂദര്‍ ബലികഴിച്ചിരുന്നു. ഈ പെസഹാക്കുഞ്ഞാടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു യോഹന്നാന്‍ മാംദാനയുടെ 'ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന പ്രസ്താവന.

കുരിശിലെ ബലി വഴി മനുഷ്യവര്‍ഗ്ഗത്തെ പാപത്തില്‍ നിന്നും മോചിപ്പിച്ച് ദൈവവുമായി രമ്യപ്പെടുത്തിയ പെസഹാക്കുഞ്ഞാടായ ഈശോയെ പുതിയനിയമത്തില്‍ പലയിടങ്ങളിലും അവതരിപ്പിക്കുന്നുണ്ട് (യോഹ. 19:14.36; 1കോറി 5:7; 1 പത്രോ. 1:19; വെളി. 5:9). ഈജിപ്തില്‍ വച്ച് കട്ടിളപ്പടിയിലെ കുഞ്ഞാടിന്റെ രക്തം ഇസ്രായേല്‍ ജനത്തിന്റെ വിമോചനത്തിന് നിദാനമായെങ്കില്‍, ഇന്ന് പരിശുദ്ധ കുര്‍ബാനയില്‍ നമ്മില്‍ തളിക്കപ്പെടുന്ന ദിവ്യകുഞ്ഞാടായ മിശിഹായുടെ രക്തം നമ്മുടെ രക്ഷയ്ക്ക് കാരണമാകുന്നു.

ജറുസലേം ദൈവാലയത്തിലെ പാപ പരിഹാരബലിയില്‍ കുഞ്ഞാട് ഒരു പ്രാധാന ബലിമൃഗമായിരുന്നു (ലേവ്യ 1:1-13). ജനത്തിന്റെ പാപ പരിഹാരത്തിനായി അനുദിനം ദഹനബലിയായി ഊനമറ്റ കുഞ്ഞാടിനെ ബലിയര്‍പ്പിക്കണമെന്ന് മോശ നിര്‍ദ്ദേശിക്കുന്നതും അതുകൊണ്ടാണ് (പുറ. 29:38-44). കുഞ്ഞാട് ബലിയര്‍പ്പിക്കപ്പെടുന്നതിലൂടെ ജനത്തിന്റെ പാപങ്ങള്‍ മോചിക്കപ്പെടുന്നു എന്നതായിരുന്നു ഇസ്രായേല്‍ ജനത്തിന്റെ വിശ്വാസം. മനുഷ്യശരീരമെടുത്ത ഈശോയാണ് യഥാര്‍ത്ഥത്തില്‍ ജനത്തിന്റെ പാപം നീക്കുന്ന ഊനമറ്റ കുഞ്ഞാട് എന്ന് ഒരിജന്‍ അഭിപ്രായപ്പെടുന്നു. നമ്മുടെ പാപങ്ങളുടെ മോചനത്തിനായാണ് തന്റെ രക്തം ചിന്തപ്പെടുന്നത് എന്ന് അവിടുന്ന് അന്ത്യ അത്താഴവേളയില്‍ വ്യക്തമാ ക്കുകയും ചെയ്തിരുന്നല്ലോ.

ഈശോ തന്റെ മരണത്തെ, ഏശയ്യാ പ്രവാചകനിലെ സഹനദാസനുമായി ബന്ധപ്പെടുത്തിയാണ് പലപ്പോഴും അവതരിപ്പിച്ചിരുന്നത്. ഈ സഹനദാസനെ കുഞ്ഞാടിനോട് താരതമ്യപ്പെടുത്തുന്നതും നമ്മള്‍ കാണുന്നുണ്ട്: 'കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു' (ഏശ. 53:7). നമ്മുടെ വേദനകളാണ് യഥാര്‍ത്ഥത്തില്‍ അവന്‍ വഹിച്ചത്. നമ്മുടെ ദുഃഖങ്ങളാണ് അവന്‍ ചുമന്നത്. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി അവന്‍ ക്ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്‍കി. ജെറമിയാ പ്രവാചകനും ഇതെക്കുറിച്ച് അറിയിച്ചിട്ടുണ്ട്: 'എന്നാല്‍ കൊലയ്ക്കു കൊണ്ടുപോകുന്ന ശാന്തനായ കുഞ്ഞാടിനെപ്പോലെയായിരുന്നു ഞാന്‍' (ജെറ. 11:19). 'ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്' എന്ന മാംദാനയുടെ പ്രസ്താവന, ഈശോയാണ് പ്രവാചകന്മാര്‍ മുന്‍കൂട്ടി അവതരിപ്പിച്ച സഹനദാസന്‍ എന്ന് വെളിവാക്കുന്നു.

ബലിയര്‍പ്പിക്കപ്പെടാനുള്ള കുഞ്ഞാടിനെക്കൂടാതെ, പാപ പരിഹാരദിനത്തില്‍ മറ്റൊരു ആട് കൂടിയുണ്ട്. 'ഈ ആടിന്റെ മേല്‍ ജനത്തിന്റെ പാപം ആരോപിച്ച് മരുഭൂമിയിലേയ്ക്ക് അയച്ചിരുന്നു' (ലേവ്യ 16:6-10). പഴയനിയമത്തിലെ ഈ ആട്ടിന്‍കുട്ടിയെയും അനുസ്മരിപ്പിക്കുന്നതാണ് മാംദാനയുടെ ഈ പ്രസ്താവന. വി. ആഗസ്തീനോസ് നല്‍കുന്ന വ്യാഖ്യാനം ശ്രദ്ധേയമാണ്: ദൈവത്തിന്റെ കുഞ്ഞാട് എന്ന പ്രയോഗം, മുള്‍പ്പടര്‍പ്പില്‍ അബ്രാഹത്തിന് കാണപ്പെട്ടതും ഇസഹാക്കിനു പകരമായി ബലിയര്‍പ്പിക്കപ്പെട്ടതുമായ കുഞ്ഞാടിനെ ഓര്‍മ്മപ്പെടുത്തുന്നു. ഈ മുള്‍പ്പടര്‍പ്പിനെ അനുസ്മരിപ്പിക്കുന്നതാണ് കര്‍ത്താവിന്റെ ശിരസ്സിലണിയിക്കപ്പെട്ട മുള്‍ക്കിരീടം.

വെളിപാട് പുസ്തകം ഉത്ഥിതനായ ഈശോയെ അവതരിപ്പിക്കുന്നത്, അറക്കപ്പെട്ടതുപോലെ നില്‍ക്കുന്ന കുഞ്ഞാടായാണ് (വെളി. 5:6). എന്തിനു വേണ്ടിയാണ് ഈ കുഞ്ഞാട് അറക്കപ്പെട്ടത് എന്നും വ്യക്തമാക്കപ്പെടുന്നുണ്ട്. 'എന്തെന്നാല്‍ നീ അറക്കപ്പെടുകയും നിന്റെ രക്തം കൊണ്ട് എല്ലാ വംശങ്ങളിലും ഭാഷയിലും ജനത്തിലും ജനതകളിലും നിന്ന് ദൈവത്തിനായി ഞങ്ങളെ നീ വിലയ്ക്കു വാങ്ങി' (വെളി. 5:9). മനുഷ്യവര്‍ഗ്ഗത്തിന്റെ വിമോചനത്തിനായി ഈശോ, മരണത്തിന് സ്വയം ഏല്‍പ്പിച്ചുകൊടുക്കുന്നത് സ്വന്ത ഇഷ്ടപ്രകാരമാണ് (യോഹ. 10:18). അറുക്കപ്പെട്ട കുഞ്ഞാട് നില്‍ക്കുന്നത് ഉത്ഥിതനായ മിശിഹായെ പ്രതിനിധാനം ചെയ്താണ്. അതുകൊണ്ടാണ് നമ്മുടെ ദൈവാലയങ്ങളിലും അറുക്കപ്പെട്ട കുഞ്ഞാട് നില്‍ക്കുന്നതായുള്ള ചിത്രീകരണങ്ങള്‍ കാണപ്പെടുന്നത്.

അനാദി മുതലേ ഉള്ളവന്‍

ഈശോയുടെ ദൈവികമഹത്വം വ്യക്തമാക്കുവാനായി യോഹന്നാന്‍ മാംദാന പല പ്രാവശ്യം അവിടുത്തെ പൂര്‍വ്വാസ്തിത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. യോഹ. 1:15-ല്‍ സ്‌നാപകന്‍ ഇപ്രകാരം പറയുന്നതായി നമ്മള്‍ വായിക്കുന്നു: 'ഇവനെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്; എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ മുമ്പനാണ്. കാരണം, എനിക്ക് മുമ്പുതന്നെ അവന്‍ ഉണ്ടായിരുന്നു'. തന്റെ പക്കലണഞ്ഞ യഹൂദ നേതാക്കന്മാരോട് മാംദാന ഇപ്രകാരം പറഞ്ഞു: 'എന്റെ പിന്നാലെ വരുന്നെങ്കിലും അവന്‍ എന്നെക്കാള്‍ മുമ്പനാണ്' (യോഹ. 1:27). ഇതേ കാര്യം തന്നെയാണ് ഇന്നത്തെ സുവിശേഷത്തിലും യോഹന്നാന്‍ ആവര്‍ത്തിക്കുന്നത്: 'എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ മുമ്പനാണ്. കാരണം, എനിക്ക് മുമ്പു തന്നെ അവന്‍ ഉണ്ടായിരുന്നു' (യോഹ. 1:30).

സുവിശേഷത്തിലെ ആദ്യവാചകത്തില്‍ യോഹന്നാന്‍ അവതരിപ്പിച്ച കാര്യവും ഇതായിരുന്നു: 'ആദിയില്‍ വചനമുണ്ടായിരുന്നു; ആ വചനം ദൈവത്തോടു കൂടെയായിരുന്നു; ആ വചനം ദൈവമായിരുന്നു. മനുഷ്യനായി നമ്മുടെയിടയില്‍ കൂടാരമടിച്ച ദൈവത്തിന്റെ വചനം ദൈവം തന്നെയാണ്. ദൈവമായതു കൊണ്ടാണ് ലോകം മുഴുവന്റെയും പാപം നീക്കാന്‍ അവിടുത്തേയ്ക്കു സാധിക്കുന്നത്'.

പരിശുദ്ധാരൂപിയാല്‍ സ്‌നാനം നല്‍കാനായി റൂഹായാല്‍ അഭിഷിക്താനായവന്‍

ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിരുന്നത് ഈശോയില്‍ നിറവേറി. ഭാവിരാജാവിനെപ്പറ്റി പ്രവാചകന്‍ എഴുതുന്നു: 'ജസ്സെയുടെ കുറ്റിയില്‍ നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍ നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും' (ഏശ. 11:1-2).

ദാവീദിന്റെ പിതാവായിരുന്നു ജസ്സെ. ഈ വംശത്തില്‍ വരാനിരിക്കുന്ന രാജാവ് ദൈവാരൂപിയാല്‍ അഭിഷേചിക്കപ്പെടും എന്നതായിരുന്നു പ്രവചനം. അദ്ദേഹം മൂലം ഭൂമി, കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനത്താല്‍ നിറയും എന്നുകൂടി ഏശയ്യാ അറിയിച്ചിരുന്നു (ഏശ. 11:9). യോര്‍ദ്ദാനില്‍ വച്ച് യോഹന്നാനില്‍ നിന്ന് മാമ്മോദീസാ സ്വീകരിച്ചപ്പോഴാണ് ഈശോയുടെ മേല്‍ പരിശുദ്ധ റൂഹാ ഇറങ്ങിവസിച്ചത്. ഇതിന് പ്രഥമസാക്ഷി യോഹന്നാന്‍ മാംദാന തന്നെയാണ്. മാമ്മോദീസായില്‍ തന്റെമേല്‍ ഇറങ്ങിവന്ന റൂഹായെ തന്നെയാണ് ഈശോ തന്നില്‍ വിശ്വസിക്കുന്നവരുടെ മേല്‍ വര്‍ഷിക്കുന്നത്.

ഈശോ ദൈവപുത്രന്‍

പരിശുദ്ധാരൂപിയുടെ ആവാസമാണ്, ഈശോ ദൈവപുത്രനാണ് എന്ന സത്യം യോഹന്നാനെ ബോധ്യപ്പെടുത്തിയത്. താന്‍ നേരിട്ടുകണ്ട്, തനിക്ക് ബോധ്യം വന്ന കാര്യത്തെക്കുറിച്ച് യോഹന്നാന്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: 'അത് ഞാന്‍ കാണുകയും അവന്‍ ദൈവപുത്രനാണെന്ന് സാക്ഷ്യം നല്‍കുകയും ചെയ്യുന്നു' (യോഹ. 1:34).

സമവീക്ഷണ സുവിശേഷങ്ങളില്‍ അനുതാപത്തിന്റെ സന്ദേശം പ്രസംഗിച്ച് മിശിഹായ്ക്ക് വഴിയൊരുക്കുന്നവനാണ് യോഹന്നാന്‍ സ്‌നാപകന്‍. യോഹന്നാന്‍ ശ്ലീഹായുടെ വിവരണപ്രകാരം സ്‌നാപകന്‍, താന്‍ പ്രഘോഷിച്ച മാമ്മോദീസായിലൂടെ വെളിച്ചമായ മിശിഹായ്ക്ക് സാക്ഷ്യം വഹിക്കുന്നവനാണ് (യോഹ. 1:6-7). ഈ സാക്ഷ്യം വഹിക്കലാണ് ഇന്നത്തെ സുവിശേഷഭാഗത്ത് (യോഹ. 1:29-34) നമ്മള്‍ കാണുന്നത്. വഴി ഒരുക്കിക്കൊണ്ടായാലും സാക്ഷ്യം വഹിച്ചുകൊണ്ടായാലും കര്‍ത്താവിന് മനുഷ്യഹൃദയങ്ങളിലേയ്ക്ക് പ്രവേശിക്കാന്‍ സാഹചര്യമൊരുക്കുക എന്നതായിരുന്നു മാംദാനയുടെ ലക്ഷ്യം.

സഭാപിതാവായ ക്രിസോസ്‌തോമിന്റെ വ്യാഖ്യാനപ്രകാരം, ജനം യോഹന്നാന്റെ പക്കലേയ്ക്ക് ഓടിക്കൂടിയത് അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ എന്നതിലുപരിയായി തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് മാമ്മോദീസാ സ്വീകരിക്കാനായിരുന്നു. പരിശുദ്ധ കുര്‍ബാനയിലെ വചനശുശ്രൂഷ കൂദാശകളിലേയ്ക്ക് പ്രത്യേകിച്ച്, അപ്പം മുറിക്കലിലേയ്ക്ക് നയിക്കണമെന്നു സാരം. മിശിഹായെക്കുറിച്ചുള്ള ഏത് വചനപ്രഘോഷണത്തിന്റെയും മുഖ്യലക്ഷ്യം ഇതായിരിക്കണം. ഈശോമിശിഹായെക്കുറിച്ച് വിശുദ്ധഗ്രന്ഥ കര്‍ത്താക്കള്‍ നല്‍കുന്ന സാക്ഷ്യം വചനശുശ്രൂഷയിലൂടെ ശ്രവിക്കുന്ന നമുക്കും പരിശുദ്ധ കുര്‍ബാനയിലൂടെ ദൈവിക ജീവിനില്‍ പങ്കുചേരുവാന്‍ ഇടയാകട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

www.lifeday.in

ദനഹാക്കാലം ഞായർ 3
യോഹന്നാൻ1: 29-34

Background

ദനഹാക്കാലം മൂന്നാം ഞായറാഴ്ചയാണ്. ഈ കാലത്തിൽ ഓരോ ആഴ്ചയിലും ഈശോ ആരാണ് എന്ന് വെളിപ്പെടുത്തുന്നതു സംബന്ധമായ വായനകൾ ആണ് നമ്മൾ കേൾക്കുക. കഴിഞ്ഞ ആഴ്ച്ച വചനം മാംസമായവൻ ആണ് ഈശോ എന്നു നമ്മൾ കേട്ടു. ഈ ആഴ്ച്ച ഈശോ ലോകത്തിൻറെ പാപങ്ങൾ നീക്കുന്ന കുഞ്ഞാടാണ് എന്നു വെളിപ്പെടുത്താൻ സ്നാപകയോഹന്നാൻ ശ്രമിക്കുന്നത് നമ്മൾ. കേൾക്കുന്നു.

Interpretation

1. ഈശോയുടെ ഇരട്ട പേര്
നമ്മൾ പലപ്പോഴും മറ്റുള്ളവരെ ചില ഇരട്ടപ്പേര്/ കുറ്റപ്പേര് വിളിക്കാറുണ്ടായിരിക്കും. ഉദാഹരണത്തിന് കരിങ്കണ്ണൻ, തടിയൻ, ചാള മേരി, കടുവ, കുന്തി ദേവി...ഗുണ്ട ബിനു... അങ്ങനെ പോകുന്ന നീണ്ട നിര. നമ്മളെയും പല ഇരട്ട പേരുകളും മറ്റുള്ളവർ വിളിക്കുന്നുണ്ടായിരിക്കും . അങ്ങനെ ഈശോയ്ക്ക് നൽകപ്പെട്ട ഒരു ഇരട്ട പേരാണ് 'കുഞ്ഞാട്'. സാധാരണ ഒരാളെ ഇരട്ടപ്പേര് വിളിക്കുമ്പോൾ അയാളുടെ സ്വഭാവമോ പ്രകൃതമോ ആ പേരുമായിട്ട് എന്തെങ്കിലും സാദൃശ്യം ഉണ്ടായിരിക്കും. ഈശോയെ സ്നാപകയോഹന്നാൻ 'കുഞ്ഞാട്' എന്ന് വിളിക്കാൻ കാരണം ഈശോയുടെ ചില സവിശേഷതകൾ മുന്നിൽ കണ്ടുകൊണ്ടാണ്. ഇസ്രായേൽ ജനത്തിന് 'കുഞ്ഞാട്' പാപമോചത്തിന്റെയും രക്ഷയുടെയും പ്രതീകമാണ്. ഇസ്രായേൽ ജനം അവരുടെ പാപ പരിഹാര ദിവസം (Day of Atonement) ഒരു കുഞ്ഞാടിനെ മഹാപുരോഹിതൻ ബലിപീഠത്തിലെ വെച്ച് പ്രാർത്ഥിച്ചുകൊണ്ട് ഇസ്രായേജനത്തിന്റെ സകല പാപങ്ങളും ആ കുഞ്ഞാടിനെ മേൽ ആരോപിച്ച് അതിനെ മരുഭൂമിയിലേക്ക്/ വിജനപ്രദേശത്തേക്ക് അഴിച്ചുവിടുന്നു ഏതെങ്കിലും ഒരു വന്യമൃഗം അതിനെ പിടികൂടി തിന്നുന്നതോടെ തങ്ങളുടെ പാപങ്ങളെല്ലാം മോചിതമായി എന്നാണ് അവർ വിശ്വസിക്കുന്നത്. കൂടാതെ ഇസ്രായേൽ ജനം ഈജിപ്തിന്റെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെടുന്ന ദിവസം മുട്ടാടിന്റെ രക്തമാണ് അവരുടെ ഭവനത്തിന്റെ വീടുകളിലും കട്ടിളപ്പടികളിലും തെളിക്കുന്നത് ( പുറപ്പാട് 12). ആ രക്തമാണ് ഇസ്രായേൽ ഭവനങ്ങളെ രക്ഷിച്ചത് എന്നു അവർ വിശ്വസിക്കുന്നു.. മാത്രമല്ല അബ്രാഹം ഇസഹാക്കിനെ ബലിയർപ്പിക്കാൻ തുനിയുമ്പോൾ മാലാഖ ‍വന്നു തടയുകയും അതിന് പകരമായി ഒരു മുട്ടാടിനെ ബലിയർപ്പിക്കുന്നത് നമ്മൾ കാണുന്നു.( ഉൽപ്പത്തി 22) ചുരുക്കി പറഞ്ഞാൽ 'കുഞ്ഞാട്' പഴയ നിയമത്തിൽ രക്ഷയുടെയും പാപമോചനത്തിന്റെയും പ്രതീകമാണ് . (അല്ലാതെ ആട് ഒരു ഭീകര ജീവിയല്ല കെട്ടോ...)
ആ അർത്ഥത്തിൽ
ഈശോ മനുഷ്യകുലത്തിന്റെ പാപമോചകനും അതിനായി രക്തം ചിന്തപ്പെടാൻ ഉള്ളവനാണെന്നും ഒപ്പം അവൻ രക്ഷകനാണ് എന്നതിന്റെയും സൂചനയാണ് 'കുഞ്ഞാട്' എന്ന വിശേഷണം. ആ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈശോ തന്റെ ധൗത്യം നിറവേറ്റുന്നു. നമ്മുടെ പാപങ്ങൾക്ക് വേണ്ടി അവൻ പരിഹാരം ബലിയാകുന്നു. അവൻ മൂലം നമ്മൾ രക്ഷയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു.

2. ശാന്തത എന്ന ഗുണം

ഒരു ചെറുപ്പക്കാരൻ ദേഷ്യം മൂത്ത് മൂന്നു പേരെ വീട്ടിൽ കയറി കൊലപ്പെടുത്തി എന്നതിന്റെ ഞെട്ടലിലാണ് നമ്മൾ. അത്രയും ഒന്നും ഇല്ലെങ്കിലും നമ്മളും മോശക്കാരല്ല. (മൂക്കത്ത് ആണ് ശുണ്ഠി....? ആരുടെ....?)
കുഞ്ഞാടിന്റെ ഏറ്റവും സവിശേഷമായ ഗുണം എന്ന് പറയുന്നത് 'ശാന്തത' എന്നുള്ളതാണ്. മുട്ടനാട് മുഷ്‌ക് കാണിക്കുമ്പോൾ കുഞ്ഞാട് കുറച്ചും കൂടി ശാന്തമായിട്ട് തന്നെ സ്നേഹിക്കുന്നവരുടെ അടുത്തേക്ക് വരുന്നു. ഈശോയുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണം ഈ ശാന്തതയാണ്. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍.
" ( മത്തായി 11:29) എന്നു ഈശോ തന്നെ പറയുന്നുണ്ട്. ഏശയ്യ പ്രവാചകന്റെ പുസ്തകത്തിലെ കർത്താവിൻറെ ദാസനെ കുറിച്ച് പറയുന്നിടത്തും ഈ ശാന്തത വിവരിക്കുന്നുണ്ട്. കൊല്ലാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെ രോമം കത്തിക്കാൻ കൊണ്ടുപോകുന്ന പോലെ അവൻ ശാന്തനായി നിന്നു എന്നൊക്കെയാണ് അവിടെ പറയുന്നത് ജീവിതത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു നല്ല ഗുണം ശാന്തതയാണ് വളരെ പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതമാണ് നമ്മൾ എല്ലാവരുടെതും. നമ്മെ വിമർശിക്കുമ്പോഴും കുറ്റങ്ങൾ നമുക്കെതിരെ ആരോപിക്കുമ്പോഴും നമ്മളെ പരിഹസിക്കുമ്പോഴും ഒരു കുഞ്ഞാട് കണക്കെ ശാന്തമായിട്ട് നിൽക്കാൻ പറ്റുക എന്നുള്ളത് വലിയ കൃപയാണ്. ദേഷ്യപ്പെടാതെ, പൊട്ടിത്തെറിക്കാതെ ശാന്തമായിട്ട് ഇടപെടാൻ പഠിക്കുക എന്നുള്ളത് ഇന്നത്തെ കാലത്ത് വലിയ പുണ്യമാണ്. എനിക്ക് ദേഷ്യം വന്നു, എൻറെ കൺട്രോൾ പോയി, എന്റെ സ്വാഭാവം മാറും കെട്ടോ എന്നിങ്ങനെയുള്ള പതിവ് ശൈലികൾ ഒന്നു മാറ്റി പിടിക്കുക.

3. പിന്നാലെ വരുന്നവർ ശക്തരാണ്

രാഷ്ട്രീയ രംഗത്തും കലാ കായിക രംഗത്തും ആത്മീയ മേഖലയിലുമെല്ലാം കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് ഈ രംഗത്തു മുൻ നിരയിലുള്ളവർ അവിടെ തന്നെ കടിച്ചു തൂങ്ങി കിടക്കുമെന്നത്. ചെറുപ്പക്കാർക്ക് അവസരം കിടുക്കുന്നില്ല എന്നുള്ളത് നമ്മുടെ ഒരു രാഷ്ട്രീയ പാർട്ടി നേരിടുന്ന വലിയ വിമർശനമാണിത്. ചെറുപ്പക്കാർക്ക് വേണ്ടത്ര അവസരം നൽകുന്നില്ല എന്നത്. തനിക്ക് ശേഷം പ്രളയം എന്നാണ് ഇവിടെ ചിലരുടെ വിചാരം. അത്തരക്കാരുടെ ഇടയിലാണ് സ്നാപകന്റെ വാക്കുകൾ പ്രസക്തമാകുന്നത്. പുള്ളി പറയുന്നു തന്റെ പിന്നാലെ വരുന്നവൻ തന്നെക്കാൾ ശക്തനാണ് എന്ന്. നമുക്കു ശേഷം വരുന്ന തലമുറയെ പ്രോത്സാഹിപ്പിക്കുക, അവർക്ക് വേണ്ടി വഴി മാറി കൊടുക്കുക വലിയ കാര്യമാണ്... (ഏത് ...? അതു സീരിയസിലും കൊഹ്‌ലിയും രോഹിതും തന്നെ ഇന്ത്യയെ നയിക്കാൻ ആലോചിക്കുന്ന, പെൻഷൻ പ്രായം വീണ്ടും കൂട്ടാൻ പോകുന്ന നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് എന്നോർക്കുക... )
മറ്റൊരാളെ തന്നെക്കാൾ വലിയവനായി കണക്കാക്കുക എന്നത് വലിയ മനസുള്ളവർക്ക് മാത്രം പറ്റുന്ന കാര്യമാണ്. സ്നാപകന് അതിനു കഴിഞ്ഞു. ഈശോ രംഗപ്രവേശനം ചെയ്തു കഴിഞ്ഞപ്പോൾ സ്നാപകൻ പയ്യെ അവനായി വഴിമാറി കൊടുത്തു. അപരനെ വലിയവനായി കണക്കാക്കി അവനു വേണ്ടി സ്വയം ഒഴിഞ്ഞു കൊടുക്കുന്ന സ്നാപക മനോഭാവം നമുക്കും സ്വന്തമാക്കാം

ദനഹാ മൂന്നാം ഞായർ

ഏശയ്യ: 45: 18 - 46: 4
ഹെബ്രായർ: 4: 1- 10
യോഹന്നാൻ: 1: 29 - 34 (29 - 42)

നിത്യതയിലേക്കുള്ള നിണവഴി

"ഞാൻ ബലിയാടായി തുടരുക തന്നെ ചെയ്യും, മറ്റൊരാൾ അതാകുന്നത് വരെ"- അയ്യപ്പൻ

മറ്റൊരു പ്രാർത്ഥനയ്ക്കും അവകാശപ്പെടാനില്ലാത്ത വിധം മനുഷ്യർ നെഞ്ചത്തടിച്ചു പ്രത്യുത്തരിക്കുന്ന ഒന്നാണ്, ലുത്തിനിയയ്ക്കൊടുവിലെ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ, എന്ന പ്രാർത്ഥന. അത്രമാത്രം ജീവിതത്തിൽ ആഴത്തിൽ പതിയേണ്ടതും പ്രകമ്പനം സൃഷ്ടിക്കേണ്ടതുമായ ഒരു പദപ്രയോഗമാണ് ദൈവത്തിന്റെ കുഞ്ഞാട് എന്നത്. മാനവരാശിയുടെ ദൈവീകപദ്ധതിയിലെ ഏറ്റവും മുഴക്കമുള്ള സ്വരം.

എവിടെയാണ് ബലിമൃഗം എന്ന ഉത്പത്തിയിലെ ചോദ്യത്തിന്റെ ഉത്തരമാണ് ദൈവത്തിന്റെ കുഞ്ഞാടെന്ന വിശേഷണം. സ്നാപകനാണ് യേശുവിനെ അപ്രകാരം അഭിസംബോധന ചെയ്യുന്നത്. പണ്ടൊരിക്കൽ, ഉദരത്തിൽ വച്ചു കുഞ്ഞാടിനെ തിരിച്ചറിഞ്ഞതും കുതിച്ചു ചാടിയതും അവൻ തന്നെ. പുണ്യം പുണ്യത്തെ തിരിച്ചറിയുന്നതും പ്രഘോഷിക്കുന്നതുമായ രണ്ടു സന്ദർഭങ്ങൾ. എന്നെ അയച്ചവൻ നൽകിയ അടയാളങ്ങളിൽ നിന്നാണ് ഞാൻ ക്രിസ്തുവിനെ മനസിലാക്കിയതെന്നാണ് സ്നാപകന്റെ എളിമയാർന്ന അവകാശവാദം. മരുഭൂമിയുടെ ഏകാന്തതയിൽ മോശയെ പോലെ ദൈവത്തോടു മുഖാഭിമുഖം സംസാരിക്കാനും അവിടുത്തെ ഹൃദയരഹസ്യങ്ങളും രക്ഷയുടെ അടയാളങ്ങളും കൃത്യമായി മനസിലാക്കിയെടുക്കാനും യോഹന്നാന് കഴിഞ്ഞിരുന്നുവെന്നു സാരം.

ഏതൊരു സാക്ഷ്യത്തിനും പ്രഘോഷണത്തിനും പിന്നിൽ അത്തരമൊരു നിശബ്തതയുടെയും ധ്യാനത്തിന്റെയും നിമിഷങ്ങളുണ്ടാകണം. അപ്പോഴാണ് സാക്ഷ്യങ്ങൾ അവസാനത്തോളം പ്രാധാന്യവും നൈരന്തര്യവും അവകാശപ്പെടാവുന്ന സത്യങ്ങളായി മാറുകയുള്ളൂ. നോക്കൂ, സ്നാപകന്റെ ശിഷ്യനായ അന്ത്രയോസിലേക്കും അവന്റെ സഹോദരൻ പത്രോസിലേക്കും, പിന്നീടങ്ങോട് കോടിക്കണക്കിനു മനുഷ്യരിലേക്കും കുഞ്ഞാടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കപ്പെടുന്നു.

"കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതു പോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടാണ് നാം വീണ്ടെടുക്കപ്പെടുന്നത്" - 1 പത്രോസ്: 1: 19

നിയോഗത്തിലേക്കുള്ള ചൂണ്ടുമൊഴി

ദൈവത്തിന്റെ കുഞ്ഞാട് എന്നതാണ് യേശുവിനു ലഭിച്ച ഏറ്റവും വേദനാജനകമായ വാഴ്ത്ത്. ദൈവീക വെളിപാടിന്റെ ഏറ്റുപറച്ചിലായിരുന്നു സ്നാപകന്റെ ആ വാക്കുകളെങ്കിലും നീ ക്രിസ്തുവാണെന്ന് സാക്ഷ്യപ്പെടുത്തിയ പത്രോസിനു നൽകിയതുപോലുള്ള പ്രശംസയൊന്നും യേശു സ്നാപകനിലേക്കു ചൊരിയുന്നില്ല. കാരണം, പത്രോസിന്റേത് മഹത്വത്തിന്റെ ശീതളിമ പകരുന്ന പ്രകീർത്തനമാണെങ്കിൽ, സ്നാപകന്റേത് ഉള്ളുലയ്ക്കുന്ന ഓർമ്മപ്പെടുത്തലാണ്. ബലിയുടെ ജീവിതമാണ് നിന്റേത്, ഇനിയങ്ങോട്ട് രക്തസാക്ഷിയുടെ കരളുറപ്പും ത്യാഗസന്നദ്ധതയും നീ പുലർത്തേണ്ടതുണ്ടെന്നാണ് സ്നാപകൻ പറയാതെ പറയുന്നത്.

മറ്റു ദൈവസങ്കല്പങ്ങളെല്ലാം പാപികളെ നിഷ്ക്കരുണം നിഗ്രഹിക്കാനാണ് അവതാരമെടുത്തതെങ്കിൽ ക്രിസ്തുവിന്റേത് അതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. സ്വയം പരിത്യാഗത്തിന്റെ, പാപികളുടെ വീണ്ടെടുപ്പിന്റെ പുതിയ ഒരു മാതൃകയും ചരിത്രവും സൃഷ്ടിക്കുക എന്നതായിരുന്നു അവന്റെ നിയോഗം. ആ കുരിശിന്റെ വഴിയിലേക്കാണ് സ്നാപകൻ വിരൽ ചൂണ്ടുന്നത്. സഹിക്കുന്ന ദൈവം എന്ന സത്യത്തെയാണ് അവൻ പരിചയപ്പെടുത്തുന്നത്. സഹനങ്ങളാണ് രക്ഷയുടെ മാർഗമെന്ന സൂചനയും, കുലീനമായി എങ്ങനെ സഹിക്കണം എന്ന ചോദ്യത്തിനുള്ള ഉത്തരവുമുണ്ട് ആ വാക്കുകളിൽ.

കുഞ്ഞാടെന്ന പ്രതീകം സ്വീകരിക്കുന്നതിലൂടെ നിസ്സഹായ മനുഷ്യരുടെ മാത്രമല്ല, ഒരു പിടച്ചിലിലൂടെ പോലും പ്രതികരിക്കാൻ ത്രാണിയില്ലാത്ത സൃഷ്ടവസ്തുക്കളുടെയെല്ലാം പ്രതിനിധിയും രക്ഷകനുമായി യേശു മാറുകയാണ്. അവന്റെ ബലിയോടെ ബലിമൃഗങ്ങളുടെ ചോര വീണു കറപുരണ്ട ബലിപീഠങ്ങൾ പുഷ്പാലംകൃതവും സുഗന്ധധൂപങ്ങളാൽ പൂരിതവുമായി.

"അസ്ത്രം തടഞ്ഞു പിടയുമ്പോൾ അവൻ വിളിച്ചു പറഞ്ഞു,
എന്റെ കൊക്കുകൾ കൊണ്ട് അനേകം വിത്തുകൾ ഞാൻ പാകിയിട്ടുണ്ട്.
അവ മുളച്ച്‌ ഉയരുകയും, വിരിയാൻ പോകുന്ന കിളികൾക്ക് തണലായി മാറുകയും ചെയ്യും"- അഷ്‌ക്കർ

നിർമമമായ ഒരു ചുവടുവയ്പ്

തന്റെ നിലപാടുകൾക്കും കണ്ടെത്തിയ സത്യങ്ങൾക്കും സ്വന്തം ജീവരക്തം കൊണ്ടു കൈയൊപ്പിട്ട ധീരാത്മാവായിരുന്നു സ്നാപകയോഹന്നാൻ. അവന്റെ കളമൊഴിയലും യേശുവിന്റെ അരങ്ങേറ്റവുമാണ് ദൈവത്തിന്റെ കുഞ്ഞാടെന്ന പരിചയപ്പെടുത്തൽ. സ്വന്തം ശിഷ്യരെപ്പോലും യോഹന്നാൻ യേശുവിനു വിട്ടുകൊടുക്കുകയാണ്.

നീ ആരാണെന്ന് പലരും യോഹന്നാനോട് ചോദിച്ചിട്ടുണ്ട്, മിശിഹായാണോ, ഏലിയായാണോ, പ്രവാചകനാണോ...കേട്ടറിഞ്ഞ മിശിഹാ സങ്കല്പത്തിലെ ലക്ഷണങ്ങൾ സ്നാപകനിൽ ഉണ്ടെന്നു പലരും കരുതുകയും ചെയ്തിരുന്നു. ഒരു പക്ഷേ, ഒരു ചെറിയ അവകാശവാദത്തിലൂടെ സുഖവും സ്തുതിയും സ്വന്തമാക്കാനുള്ള സാധ്യതയും സ്നാപകന്റെ മുമ്പിലുണ്ടായിരുന്നു.എന്നിട്ടും ഞാനല്ല മിശിഹാ, എന്നു പറഞ്ഞു അവൻ ഒരു ചുവടു പുറകോട്ടു മാറുന്നു. പിൻവലിയുക, വിട്ടു കളയുക, വധിക്കപ്പെടുക, എന്നതൊക്കെ പരാജയത്തിന്റെ അടയാളമായി കരുതുന്നിടത്ത്, അവയെ മഹത്വത്തിന്റെ അടയാളമായി കണ്ടു സ്നാപകൻ പിൻവാങ്ങുന്നതിനൊപ്പം, ഇവയെല്ലാം അവയുടെ പൂർണതയിൽ നിറവേറ്റാൻ തയ്യാറുള്ള മറ്റൊരുവനെ അവരുടെ മുമ്പിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

ഞങ്ങളാണ് ദൈവീക മനുഷ്യർ, ഞങ്ങൾ മാത്രമാണ് ദൈവീക വെളിപാടുകൾക്കു അവകാശികൾ എന്നു പറഞ്ഞ് അധികാരവും സ്വാർത്ഥ മോഹങ്ങളും ലക്‌ഷ്യം വയ്ക്കുന്ന ഇന്നിന്റെ സീറോ മലബാർ സഭാനേതൃത്വത്തിന് യേശുവിനെയല്ല, സ്നാപകനെപ്പോലും പിൻചെല്ലാനാകുന്നില്ല എന്നതാണ് സത്യം. ഞങ്ങളല്ല, ക്രിസ്തുവും അവന്റെ നിലപാടുകളുമാണ് നിലനിൽക്കേണ്ടതും വിജയിക്കേണ്ടതും എന്ന് ഉറപ്പിക്കാൻ തക്ക വിശാലത സ്വന്തമല്ലാത്തതിനാൽ, മനുഷ്യർ ക്രിസ്തുവിലേക്കും അവന്റെ സഭയിലേക്കും എത്തുന്നതിനുള്ള വഴികളിൽ മതിലുകളാണ് അവർ പണിതുയർത്തുന്നത്. ഒന്നുറപ്പാണ്, നിസ്വാർത്ഥതയും നീതിബോധവുമില്ലാതെ, നിസ്സഹായ മനുഷ്യരെ നിഷ്ക്കാസനം ചെയ്യാനായി എടുക്കുന്ന തീരുമാനങ്ങളിലൂടെ, അവർ സ്വന്തമാക്കുന്നതെല്ലാം അക്കൽദാമകളായി മാറും.

"സ്വന്തം ഇച്ഛകളെ ബലി ചെയ്യാതെ ഒരാൾക്കും ഒരു ബലിമൃഗത്തെ രക്ഷിക്കാനാവില്ല. സ്വന്തം ഇരിപ്പിടങ്ങളെ അവഗണിക്കാതെ ഒരാൾക്കും നിഷ്‌കളങ്ക ജീവിതങ്ങളെ താങ്ങാനുമാകില്ല"- ബോബിയച്ചൻ

നിനക്കൊപ്പം നടക്കുന്ന കുഞ്ഞാടുകൾ

ജീവിതയാത്രയിൽ നാം കണ്ടുമുട്ടുന്ന മനുഷ്യരുടെ സുകൃതങ്ങളെ തിരിച്ചറിയാൻ, ആനന്ദത്തോടെ അവയെ മറ്റുള്ളവരുടെ മുമ്പിൽ അവതരിപ്പിക്കാൻ നീ തയ്യാറാണോ എന്നതാണ് സ്നാപകൻ ഉയർത്തുന്ന ചോദ്യം.

ഓരോ മനുഷ്യനും ദൈവത്തിന്റെ സ്വന്തമാണെന്നും, അവരിലൂടെ ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടുമെന്നുമുള്ള വെട്ടം കിട്ടിയാൽ, ചുറ്റുമുള്ളവരെ കുറേക്കൂടി ആദരവോടും കൃതജ്ഞതയോടും കൂടി സമീപിക്കാനാവും. എല്ലാവിധ സീമകളെയും വൈജാത്യങ്ങളേയും അതിലംഘിച്ചുകൊണ്ടു മനുഷ്യരുമായി ഇടപഴകുവാനും, അർത്ഥരഹിതമായ സോഷ്യൽ മീഡിയ വിനോദങ്ങൾക്കും വിവാദങ്ങൾക്കും ഇടയിൽ നിന്ന് ഇറങ്ങി വന്ന്, സാധാരണ മനുഷ്യരിലെ ഈശ്വരാംശത്തെ കണ്ടെത്താനുമുള്ള ചുവടുവയ്പുകളാണ് ഇനി ഉണ്ടാകേണ്ടത്. അത്, കുഞ്ഞുങ്ങളിൽ സൃഷ്ടാവിനെ കണ്ടെത്തലാണ്, വിദ്യാർത്ഥികളിൽ ഗുരുവിനെ തേടലാണ്, പാവങ്ങളിൽ പടച്ചോനെ പരതലാണ്, അപരനിൽ അഗതീശ്വരനെ അന്വേഷിക്കലാണ്, ഇതരമതങ്ങളിലെ ഇഴയടുപ്പങ്ങളോടു ചേർന്നു നിൽക്കലാണ്, തൊഴിലാളികളിൽ ഉടയോനെ തിരയലാണ്, അത്മായരിൽ അജപാലകരെ തിരിച്ചറിയലാണ്. ഇത് സാധ്യമാകുമ്പോൾ സ്ത്രീകളിൽ നിന്നും ജനിച്ച ശ്രേഷ്ഠരുടെ നിരയിൽ ഒരിടവും കുഞ്ഞാടിനായി പ്രതിഷ്ഠിക്കപ്പെട്ടവരെന്ന മഹത്വവും നമുക്കു സ്വന്തമാകും.

നിങ്ങളിലൊരുവൻ ക്രിസ്തുവാണെന്ന ആചാര്യമൊഴി ആശ്രമത്തിൽ ഉണ്ടാക്കിയ അത്ഭുതാവഹമായ അനുരണനങ്ങളെ കുറിക്കുന്ന കഥ ഈ അവസരത്തിൽ ഒന്നോർത്തെടുക്കുന്നത് ഉചിതമായിരിക്കും.

“വ്യക്തികളിലും സമൂഹങ്ങളിലും നിങ്ങൾ കണ്ടെത്തുന്ന ഓരോ നന്മയും നിങ്ങളെ ഈശ്വരനിലേക്ക് കൂടുതൽ അടുപ്പിക്കും. കാരണം, മനുഷ്യരിലെ നന്മകൾ ഈശ്വരന്റെ നിക്ഷേപങ്ങളാണ്”

നീയുമൊരു കുഞ്ഞാടാകണം

ക്രിസ്തുവിനെക്കുറിച്ചുള്ള വിശേഷണങ്ങളും കഥകളും എന്ന രീതിയിൽ മാത്രമല്ല, സുവിശേഷത്തെ വായിച്ചെടുക്കേണ്ടത്. മറിച്ച്‌, ക്രിസ്തുബോധത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ജീവിക്കേണ്ട ജീവിതവും എന്റെ സാധ്യതകളും എന്താണെന്ന കണ്ടെത്തൽ കൂടിയാകണം അത്. സ്നേഹവും സമർപ്പണവും സാഹസികതയും ഒന്നു ചേരുന്ന രക്തസാക്ഷിയുടെ ജീവിത മാതൃകയാണ് ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന വചനഭാഗം നമുക്കു മുമ്പിലായി തുറന്നു വയ്ക്കുന്നത്. ബലിയിൽ സംബന്ധിക്കുന്നവർ മാത്രമാകാതെ ബലിവസ്തുവായി രൂപാന്തരപ്പെടാൻ, എനിക്കൊരു ചെലവുമില്ലാത്ത ദഹനബലി ഞാൻ കർത്താവിന് അർപ്പിക്കുകയില്ലെന്ന വചനത്തിന് രക്തവും മാംസവും നൽകാൻ, അങ്ങനെ ക്രിസ്തുവിന്റെ നിണവഴിയിൽ അവനൊപ്പം നടക്കാനുള്ള നിയോഗവും ബാധ്യതയുമുണ്ട് നമ്മുടെ ശിരസ്സിനു മുകളിൽ.

രക്തസാക്ഷിത്വത്തിന്റെ വഴിയിൽ ആദ്യചുവടു വച്ച സ്റ്റീഫനിൽ തുടങ്ങി ജൊവാൻ ഓഫ് ആർക്ക്, തോമസ് മൂർ, കോൾബെ, ഓസ്കാർ റൊമേരോ, ജാക്വസ് ഹമേൽ, റാണി മരിയ, സി.വത്സല, സ്റ്റാൻ സ്വാമി എന്നിവരിലൂടെ നീണ്ടു പോകുന്ന വീരാത്മാക്കളുടെ പട്ടിക നമ്മുടെ മുമ്പിൽ ഉയർത്തുന്ന വെല്ലുവിളി ഇതാണ്, നിനക്കൊരു ബലിയാടായി മാറാനാകുമോ? ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു എന്നതിനർത്ഥവും രക്തസാക്ഷിത്വം തന്നെ. രക്തസാക്ഷികളുടെ സ്ഥാനം, സ്വർഗ്ഗത്തിലെ സിംഹാസന പീഠങ്ങളിലോ, അബ്രാഹത്തിന്റെ മടിയിലോ ആകാൻ തരമില്ല, പ്രത്യുത, ക്രിസ്തുവിന്റെ ചങ്കിനകത്തായിരിക്കും. കാരണം, തന്റെ തിരുഹൃദയത്തിൽ നിന്ന് ഒഴുകിയിറങ്ങുന്ന രക്തധാര മുറിയാതെ കാക്കുന്നത് അവരാണ്.

"രക്തസാക്ഷിത്വം എന്നത് എന്നും ദൈവീക പദ്ധതിയുടെ ഭാഗമാണ്"- ടി.എസ്. എലിയട്ട്

തലമുറക്കൾക്കിപ്പുറവും നട്ടെല്ല് പണയം വയ്ക്കാത്ത മനുഷ്യരെ രൂപപ്പെടുത്തുന്ന കാറ്റലിസ്റ്റായി രക്തസാക്ഷികളുടെ ജീവിതങ്ങൾ മാറുന്നു എന്നത് ഒരു യാഥാർഥ്യമാണ്. വ്യവസ്ഥിതികളും സാഹചര്യങ്ങളും മാറിയിലെങ്കിലും കുഴപ്പമില്ലെന്നു കരുതി ജീവിക്കാമായിരുന്ന ഇടങ്ങളിൽ നിന്നാണ്, മാറ്റത്തിനായി ഇറങ്ങി തിരിച്ചു രക്തസാക്ഷികൾ മരണം വരിച്ചത്. ധനമന്ത്രി പദം ഉപേക്ഷിച്ച ചെഗുവേര, വക്കീൽ പണി വേണ്ടെന്നു വച്ച ഗാന്ധി, മെത്രാൻ പദവിയെ തൃണവത്ഗണിച്ച റൊമേരോ ഇവരൊക്കെ സ്വർഗ്ഗത്തിൽ നിന്നു ഭൂമിയിലേക്കിറങ്ങിയ മനുഷ്യപുത്രന്റെ പിന്മുറക്കാർ തന്നെ. അത്തരം മനുഷ്യർക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നതിനു തെളിവാണ് എറണാകുളം അതിരൂപതാ ആസ്ഥാനത്തേക്ക് കടന്നു ചെന്ന്, കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങിയ 21 വൈദീകർ. അവനോടൊപ്പം നമുക്കും പോയി മരിക്കാം എന്നു പറഞ്ഞവന്റെ യഥാർത്ഥ മക്കൾ തങ്ങളാണെന്നതിന്റെ പ്രഖ്യാപനം കൂടിയായി മാറി അത്.

മാനവകുലത്തിനു നിത്യതയേകാനായി ജീവൻ ത്യജിക്കാൻ തയ്യാറായി ഒരുവൻ കടന്നു വരുന്നു. അവനെ ചൂണ്ടി കാട്ടിയവനും അവന്റെ ശിഷ്യരായവരും വധിക്കപ്പെടുന്നു. എന്നിട്ടും അതെല്ലാം വായിച്ചും ധ്യാനിച്ചും നമുക്കിങ്ങനെ സ്വസ്ഥമായിട്ടിരിക്കാം എന്നു ചിന്തിക്കുന്നത് തന്നെ യേശുവിനോടുള്ള കൃതഘ്‌നതയും അനീതിയുമാണ്. അതിനാൽ, ഓരോ ചുവടിലും, ഓരോ പ്രഘോഷണത്തിലും നിന്ദിക്കപ്പെടാനും, മുറിയപ്പെടാനുമുള്ള സാധ്യതകൾ നാം തേടിക്കൊണ്ടേയിരിക്കണം.

"നന്മയുടെയും നീതിയുടെയും പക്ഷത്തു നിന്നുകൊണ്ടുള്ള ഒരു രക്തസാക്ഷിത്വം ജീവിതത്തിനു കൂടുതൽ അർത്ഥം നൽകുകയുള്ളൂ. എല്ലാം സ്നേഹത്തിലധിഷ്ഠിതമായിരിക്കാൻ ശ്രദ്ധിക്കുക. ഈ വഴിയിലൂടെ ധൈര്യപൂർവം നടന്നു നീങ്ങിയ പലരും അവസാന നിമിഷങ്ങളിൽ പുഞ്ചിരിയോടെയാണ് കടന്നു പോയത്"- ചെഗുവേര

എടുക്കാനും വാഴ്ത്താനും മാത്രമല്ല, മുറിയപ്പെടാനും കൂടിയുള്ളതാണ് ക്രിസ്ത്യാനിയുടെ ജീവിതം. കുടുംബത്തിലും സഭയിലും സമൂഹത്തിലുമുള്ള മനുഷ്യരുടെ സങ്കടങ്ങളെ ഏറ്റെടുക്കാൻ, അവരുടെ സന്തോഷങ്ങൾക്കായി ജീവിതം ഹോമിക്കാൻ, അവരുടെ സ്വപ്‍നങ്ങൾക്കായി തളർന്നു വീഴുവോളം അദ്ധ്വാനിക്കാൻ, അകന്നു പോയവരെ തിരികെ പിടിക്കാനായി ഏതറ്റം വരെയും അലയാൻ, പ്രശ്നപരിഹാരങ്ങൾക്കായി ആത്മാർത്ഥതയോടെ പരിശ്രമിക്കാൻ, സകലരും ഏറ്റെടുക്കാൻ മടിക്കുന്ന ഉത്തരവാദിത്വങ്ങൾ സ്വാഭീഷ്ടപ്രകാരം നിറവേറ്റാൻ, സത്യത്തിനു വേണ്ടി അവസാനത്തോളം സഹിച്ചു നിൽക്കാൻ നമ്മൾ തയ്യാറായാൽ, ഒരു വീടിന് ഒരു പെസഹാക്കുഞ്ഞാടിനെ വീതം കരുതിവയ്ക്കണം എന്ന, പുറപ്പാട് പുസ്തകത്തിലെ ദൈവേഷ്ടം നമ്മിൽ പൂർണമാകും. മുറിയപ്പെടുമെന്നത് നിസംശയം. പക്ഷേ, രക്ഷ നമ്മിലൂടെ സംജാതമാകുമെന്നത് ഉറപ്പ്.

www.homilieslaity.com

ദനഹാക്കാലം മൂന്നാം ഞായർ

യോഹ 1, 29 – 34

സന്ദേശം

ഇന്നത്തെ സുവിശേഷം മഹാത്യാഗമാണ് ക്രിസ്തു എന്ന് വെളിപ്പെടുത്തുകയാണ്. ദനഹാക്കാലത്തിന്റെ മൂന്നാം ഞായറാഴ്ച്ച, ത്യാഗനിർഭരമായ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിനു വെളിപ്പെടുത്തുവാൻ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്.

വ്യാഖ്യാനം

ദനഹാക്കാലത്തിന്റെ ആദ്യഞായറാഴ്ച്ച പ്രവചനങ്ങളുടെ പൂർത്തീകരണമായാണ് ക്രിസ്തു തന്നെത്തന്നെ വെളിപ്പെടുത്തിയത്. (ലൂക്ക 4, 16-21) ദനഹാതിരുനാളിൽ “ഇവനെന്റെ പ്രിയപുത്രൻ” (മത്താ 3, 17) എന്ന വെളിപാട് സ്വർഗത്തിൽ നിന്നുണ്ടായി. രണ്ടാം ഞായറാഴ്ച്ച ദൈവത്തിന്റെ വചനമാണ് ക്രിസ്തു എന്ന വെളിപാടാണ് സുവിശേഷം പ്രഘോഷിച്ചത്. (യോഹ 1, 1-18) ഇന്ന്, മൂന്നാം ഞായറാഴ്ച്ച സുവിശേഷം പ്രഖ്യാപിക്കുന്നത് “ക്രിസ്തു ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്എന്നാണ്. (യോഹ 1, 29)

വിശുദ്ധ സ്നാപക യോഹന്നാനാണ് ഈശോയെ ലോകത്തിനു പരിചയപ്പെടുത്തുന്നത്. ലോകരക്ഷകനാണ് നിങ്ങളുടെ മുൻപിൽ നിൽക്കുന്നത് എന്ന് പ്രഘോഷിക്കുവാൻ, ജനത്തിന് ചൂണ്ടിക്കാണിച്ചുകൊടുക്കുവാൻ നിയുക്തനായത് സ്നാപകനാണ്. ക്രൈസ്തവന് രണ്ട് നിയോഗങ്ങളാണ് ഈ ഭൂമിയിൽ ചെയ്തുതീർക്കുവാനുള്ളത്. 1. ലോകത്തിൽ വെളിപ്പെടുന്ന ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുക്കുക, സ്നാപകയോഹന്നാനെപ്പോലെ! ക്രിസ്തു പലരീതിയിൽ, വ്യക്തികളിലൂടെയും, സംഭവങ്ങളിലൂടെയും, പ്രകൃതിയിലൂടെയും വെളിപ്പെടുമ്പോൾ, ആ വെളിപാട് വിളിച്ചുപറയുവാൻ ക്രൈസ്തവവർക്കാകണം. ദേ ലോകരേ, ഇതാ ക്രിസ്തു, അവളിലൂടെ, അവനിലൂടെ, ഈ സംഭവത്തിലൂടെ, വെളിപ്പടുത്തപ്പെട്ടിരിക്കുന്നു എന്ന് വിളിച്ചു പറയേണ്ടവരാണ് ക്രൈസ്തവർ. സ്നാപകനെപ്പോലെ അത്രമാത്രം ജീവിതവിശുദ്ധിയും, വിശ്വാസവും, സത്യം അറിയുവാനും, അത് വിളിച്ചുപറയുവാനുമുള്ള ചങ്കൂറ്റവും ഉണ്ടായെങ്കിൽ മാത്രമേ ഈ ലോകത്തു നടക്കുന്ന ദൈവിക വെളിപാടുകളെ മനസ്സിലാക്കുവാൻ ക്രൈസ്തവർക്കാകൂ.

2. തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ ലോകത്തിന് കാണിച്ചുകൊടുക്കുവാൻ, വെളിപ്പെടുത്തിക്കൊടുക്കുവാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ. കുടുംബജീവിതക്കാർ, പുരോഹിതർ, സന്യാസിനീസന്യാസികൾ, അവരുടെ ജീവിതാന്തസ്സുകളിലൂടെ, സാധാരണ ജീവിതസാഹചര്യങ്ങളിലൂടെ ക്രിസ്തുവിനെ വെളിപ്പെടുത്തി കൊടുക്കേണ്ടവരാണ്. ഇന്ന് നമ്മുടെ പ്രവൃത്തികൾ ലോകം 24 മണിക്കൂറും ലോകം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. Privacy എന്ന വാക്കിന് അർത്ഥവ്യത്യാസങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ശരീരത്തിൽ ചിപ്പുകൾ വച്ച് പിടിപ്പിച്ച് മനുഷ്യരെ Monitor ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും ലോകത്തിന്റെ കണ്ണുകളിലുണ്ട്. അപ്പോൾ, നമ്മുടെ പ്രവൃത്തികൾ കാണുന്ന ലോകത്തിന് മുൻപിൽ നാം വെളിപ്പെടുത്തന്നത് ക്രിസ്തുവിനെയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു! നമ്മുടെ ചെയ്തികൾ വഴി ക്രിസ്തു വെളിപ്പെടുത്തപ്പെടുകയാണോ? അതോ, ക്രിസ്തു അവഹേളിക്കപ്പെടുകയാണോ? ക്രിസ്തുവിന്റെ വെളിപാട്, ദനഹാ ആകേണ്ട ക്രൈസ്തവർ ഗൗരവത്തോടെ ചോദിക്കേണ്ട ചോദ്യം!

Advertisement

Privacy Settings
‘കർത്താവിനു വഴിയൊരുക്കുവിൻ” (ലൂക്ക 3, 4) എന്ന് മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദമായ‘ സ്നാപകൻ ഉപയോഗിക്കുന്ന പേര് “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്നാണ്‌.

യോഹന്നാൻ സുവിശേഷകൻ രൂപകങ്ങളും പ്രതീകങ്ങളും ഉപയോഗിച്ചാണ് ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തുന്നത്. അദ്ദേഹം, രൂപകങ്ങളുടെ, പ്രതീകങ്ങളുടെ, വാക്കുകളുടെ ബാഹ്യമായ വിശകലനത്തിലും വിവരണത്തിലും തങ്ങിനിൽക്കാതെ ആന്തരാർത്ഥത്തിലേക്ക് ചൂഴ്ന്നിറങ്ങി ഈശോയിൽ പൂർത്തിയാകുന്ന രക്ഷാകര രഹസ്യത്തെ അനാവരണം ചെയ്തുകൊണ്ടാണ് ഈ വെളിപ്പെടുത്തൽ സാധ്യമാക്കുന്നത്. ഇന്നത്തെ സുവിശേഷത്തിലെ ഈശോ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്തരാർത്ഥം ത്യാഗം ചെയ്യുന്നവൻ, ബലിയർപ്പിക്കപ്പെടുന്നവൻ ക്രിസ്തു എന്നാണ്‌.

ആട് എല്ലാ സംസ്കാരത്തിലും മനുഷ്യന് ഇഷ്ടപ്പെട്ട മൃഗമായിരുന്നു. മെസപ്പെട്ടോമിയൻ, ഏഷ്യൻ, യൂറോപ്യൻ സംസ്കാരങ്ങളിലെല്ലാം കാലഘട്ടങ്ങളുടെ വ്യത്യാസത്തിൽ ആട് പ്രധാനപ്പെട്ട വളർത്തുമൃഗമായിത്തീരുന്നുണ്ട്. ആദ്യകാല വളർത്തുമൃഗങ്ങളിൽപെട്ട ആട് പിൽക്കാലത്ത് മതങ്ങളുടെ പ്രതീകമായി മാറുന്നുണ്ട്. Middle East പ്രദേശങ്ങളിൽ വ്യാപകമായുണ്ടായിരുന്ന ആട് പിന്നീട് അവിടെയുള്ള മതങ്ങളിലെ ബലിമൃഗമായി പരിഗണിക്കപ്പെടുന്നുണ്ട്. യഹൂദസംസ്കാരത്തിൽ അത് പെസഹാക്കുഞ്ഞാടായിട്ട് ചിത്രീകരിക്കപ്പെട്ടു. ഉത്പത്തി പുസ്തകത്തിൽ ആബേലിന്റെ ബലിയർപ്പണം മുതൽ ആട് ബലിമൃഗമായി കാണപ്പെടുന്നുണ്ട്. മോറിയ മലയിൽ ഇസഹാക്കിനു പകരം ദൈവത്തിനു അബ്രാഹം ബലിയർപ്പിക്കുന്നതു ഒരു ആടിനെയാണ്. (ഉത്പ 22, 13) പുറപ്പാടിന്റെ പുസ്തകത്തിലെ ആദ്യത്തെ പെസഹായുടെ സമയത്താണ് ആടിനെ ബലിയർപ്പിക്കുന്നതു ദൈവികവും, ആചാരബന്ധിതവുമാകുന്നത്. ഇവിടംമുതലാണ് കുഞ്ഞാടിനെ (പുറ 12, 5) അർപ്പിക്കുന്നത് കർത്താവിനു സമർപ്പിക്കുന്ന പെസഹാബലി (പുറ 12, 27) ആകുന്നതും, കുഞ്ഞാട് ലോകത്തിന്റെ പാപങ്ങൾനീക്കുന്ന, മരണത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്ന, ജീവൻ രക്ഷിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി പ്രതീകവത്ക്കരിക്കപ്പെടുന്നതും. പിന്നീട് അനുദിനബലികളിൽ കുഞ്ഞാടിനെ ബലിയർപ്പിക്കൽ യഹൂദസംസ്കാരത്തിൽ ഒരു സാധാരണ ആചാരമായിത്തീർന്നു.

ക്രിസ്തുവിനു ശേഷം 500 ൽ ഏറെ വർഷങ്ങൾ കഴിഞ്ഞു രൂപംകൊണ്ട ഇസ്‌ലാം മതത്തിലും ബലിമൃഗം ആടുതന്നെയായാണ്. ഇതിനു പല കാരണങ്ങളുണ്ടാകാം. ഒന്ന്, ഈ മതം മധ്യ പൗരസ്ത്യദേശത്തു ഉടലെടുത്തതുകൊണ്ടാകാം. രണ്ട്, യഹൂദ പാരമ്പര്യത്തിന്റെ തുടർച്ചയാണ് തങ്ങളെന്ന് കാണിക്കാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള യഹൂദ മത സംസ്കാരത്തിൽ നിന്ന് കടം കൊണ്ടതാകാം. അബ്രഹാം തന്റെ പുത്രനെ ബലിയർപ്പിക്കുവാൻ ഒരുങ്ങുന്നതും, പിന്നീട് ദൈവിക ഇടപെടലിന് ശേഷം ആട്ടിൻകുട്ടിയെ ബലിയർപ്പിച്ചതുമായ പാരമ്പര്യം യഹൂദ മത സംസ്കാരത്തിൽ നിന്ന് അവർ സ്വീകരിച്ചതാണ്. മൂന്ന്, ഇസ്‌ലാം മതം ഏതു മതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് വളർന്നുവന്നോ, ആ മതത്തിന്റെ ബലിമൃഗത്തിന്റെ തുടർച്ചയായി ആടിനെ സ്വീകരിച്ചതാകാം. എന്തായാലും ഒന്ന് തീർച്ചയാണ്: ഇസ്‌ലാം മതം യഹൂദമതത്തിന്റെ തുടർച്ചയല്ല. മാത്രമല്ല, ഇസ്‌ലാം മതത്തിനു യഹൂദമതവുമായോ, ക്രിസ്തുമതവുമായോ, അതിന്റെ പ്രതീകങ്ങളുമായോ, യാതൊരു ബന്ധവുമില്ല.

‘കുഞ്ഞാട്’ എന്ന രൂപകം യഹൂദമത പാരമ്പര്യത്തിൽ നിലനിൽക്കുന്നതാണ്. അത് യഹോവായ്ക്കുള്ള ബലിയർപ്പണവുമായി ബന്ധപെട്ടാണ് നിൽക്കുന്നതും. യഹൂദ പശ്ചാത്തലത്തിൽ വിവിധതരം ബലിയർപ്പണങ്ങൾ ഉണ്ട്, ദഹനബലി, സമാധാനബലി, പാപപരിഹാരബലി എന്നിങ്ങനെ. ബലിയായി അർപ്പിക്കപ്പെടുന്നതിനു മുൻപ്, കുഞ്ഞാടിന്റെ തലയിൽ കൈവച്ചതിനുശഷമാണ് കുഞ്ഞാടിനെ അർപ്പിക്കുന്നത്. പുരോഹിതൻ അത് ദഹിപ്പിച്ച് പാപങ്ങൾക്ക് പരിഹാരം ചെയ്യണം. അപ്പോൾ കുറ്റങ്ങൾ ക്ഷമിക്കപ്പെടും. (ലേവ്യർ 4, 35)

അതായത്, അന്നത്തെ മൃഗബലിയുടെ ലക്ഷ്യങ്ങൾ പാപപരിഹാരവും അതുവഴിയുള്ള വിശുദ്ധീകരണവുമായിരുന്നു. ഹെബ്രായരുടെ പുസ്തകത്തിൽ പറയുന്നത് “നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല”. (ഹെബ്രാ 9, 22) എന്നാണ്.

‘കുഞ്ഞാട്‘ യഹൂദ ക്രൈസ്തവ പാരമ്പര്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രതീകവും കൂടിയാണ്. അത് വിശുദ്ധിയുടെ, നിർമലതയുടെ, സ്നേഹത്തിന്റെ പ്രതീകമാണ്. കുഞ്ഞാട് നിഷ്കളങ്കതയെ, ലാളിത്യത്തെ പ്രതിനിധാനം ചെയ്യുന്നു. അത് പൂർണമായും മറ്റുള്ളവർക്ക് സമർപ്പിതമാണ്. മറ്റൊരുവാക്കിൽ, കുഞ്ഞാട് ത്യാഗത്തിന്റെ പ്രതീകമാണ്. കുഞ്ഞാടിന്റെ തലയിൽ കൈവച്ചു പാപങ്ങളെല്ലാം അതിലേക്കു ആവേശിപ്പിച്ചശേഷമാണ് ബലിയർപ്പിക്കുന്നത്‌. അപ്പോൾ കുഞ്ഞാട് പാപപരിഹാരവുമായിത്തത്തീരുന്നു.

ഇത്തരത്തിലുള്ള പ്രതീകാത്മക ഘടകങ്ങൾ ക്രിസ്തുവിലേക്കു ചേർക്കുമ്പോൾ ക്രിസ്തു ദൈവത്തിന്റെ കുഞ്ഞാടാകുന്നു; അവിടുന്ന് ത്യാഗത്തിന്റെ ആൾരൂപമാകുന്നു. ക്രിസ്തു മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരമാകുന്നു.

ശരിയാണ്. നമുക്ക് മൃഗബലിയുടെ ഒരു സംസ്കാരത്തെ ഉൾക്കൊള്ളുവാൻ സാധിക്കുകയില്ല. എന്നാൽ, അന്നത്തെ സമൂഹത്തിന്റെ മത സാംസ്കാരിക വളർച്ചയെ മനസ്സിലാക്കുവാനും അംഗീകരിക്കുവാനും കഴിയണം. ബുദ്ധിപരമായി ഒട്ടും വളരാത്ത ഒരു സമൂഹത്തിൽ, ശാസ്ത്രീയമായി ഉയർച്ചയില്ലാത്ത കാലഘട്ടത്തിൽ ഇത്തരത്തിലുള്ള ആചാരങ്ങളും രീതികളും ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്. നമുക്കിന്നു അതിനും അപ്പുറം നിൽക്കാനും കുഞ്ഞാട് എന്ന രൂപകത്തിന്റെ ആന്താരാർത്ഥം ഉൾക്കൊള്ളാനും സാധിക്കണം.

ദൈവത്തിന്റെ മഹാത്യാഗമാണ് പ്രപഞ്ചസൃഷ്ടിയും, പ്രപഞ്ചവും. ദൈവത്തിന്റെ മഹാസ്നേഹമാണ്, മഹാത്യാഗമാണ് ക്രിസ്തു, ദൈവത്തിന്റെ കുഞ്ഞാട്. “സ്വന്തം ഏകജാതനെ നൽകുവാൻ തക്കവിധം ഈ ലോകത്തെ സ്നേഹിക്കുന്ന ദൈവ” (യോഹ 3, 16) ത്തിന്റെ ത്യാഗമാണ് ക്രിസ്തു. ഈ ലോകത്തിന്റെ പാപപരിഹാരവും വിശുദ്ധീകരണവുമാണ് ക്രിസ്തു. ദൈവത്തിന്റെ മഹാത്യാഗമാണ് ദൈവമായിരുന്നിട്ടും അവിടുന്ന് മനുഷ്യനായത്. (ഫിലിപ്പി 2, 1 -6) ദൈവത്തിന്റെ അവർണ നീയമായ ത്യാഗമാണ് ഈശോയുടെ പീഢാസഹനവും മരണവും. ദൈവത്തിന്റെ അനന്തമായ, അതിരുകളില്ലാത്ത, മഹത്തായ ത്യാഗമാണ്, അപ്പത്തിന്റെ രൂപത്തിൽ അവിടുന്ന് നമ്മോടൊത്തു വസിക്കുന്ന വിശുദ്ധ കുർബാന. അവിടുത്തെ, വിവരിക്കാൻ പറ്റാത്തത്ര ത്യാഗമല്ലേ സ്നേഹമുള്ളവരേ നിങ്ങളും ഞാനും ഓരോ ബലിയിലും സ്വീകരിക്കുന്ന അവിടുത്തെ ശരീരവും രക്തവും! ഈ ത്യാഗത്തിന്റെ പ്രതീകമാണ് കുഞ്ഞാട്; ഈ ത്യാഗത്തിന്റെ ആൾ രൂപമാണ് ക്രിസ്തു! വിശുദ്ധ പൗലോശ്ലീഹാ തിമൊത്തെയോസിനോട് പറഞ്ഞതുപോലെ, ഈ ക്രിസ്തു ലോകത്തിലേക്കു വന്നത് പാപികളെ രക്ഷിക്കാനാണ് എന്ന പ്രസ്താവം വിശ്വസിനീയവും തികച്ചും സ്വീകാര്യവുമാണ്. (1 തിമോ 1, 15) ഈ ക്രിസ്തു തന്നെയാണ് സ്നാപകൻ പറഞ്ഞതുപോലെ ദൈവത്തിന്റെ കുഞ്ഞാടും ആത്മാവിനാൽ നിറഞ്ഞവനും, പരിശുദ്ധാത്മാവിനാൽ നമ്മെ സ്നാനം ചെയ്യുന്നവനും.

സ്നേഹമുള്ളവരേ, ക്രിസ്തുവിനെപ്പോലെ ത്യാഗത്തിന്റെ ആൾരൂപങ്ങളാകാനാണ് ഇന്നത്തെ ദൈവവചനം നമ്മെ ക്ഷണിക്കുന്നത്. ത്യാഗം മനുഷ്യജീവിതത്തിന്റെ സ്വഭാവം ആയതുകൊണ്ടാണ് ദൈവം ത്യാഗത്തിന്റെ വസ്ത്രം ധരിച്ചു ഈ ലോകത്തിലേക്കു വന്നത്. ത്യാഗമാണ്, സ്നേഹത്തിൽ കുതിർന്ന ത്യാഗമാണ് നമ്മുടെ ജീവിതത്തെ ധന്യമാക്കുന്നത്, നമ്മുടെ പ്രാർത്ഥനകളെ മൂല്യമുള്ളതാക്കുന്നത്.

കുരുക്ഷേത്രയുദ്ധം അവസാനിച്ചതിനുശേഷം യുധിഷ്ഠിര രാജാവ് ഒരു യാഗം (യജ്ഞം) ചെയ്തു. പുരോഹിതർക്കും, ദരിദ്രർക്കും ധാരാളം ദാനം ചെയ്തു. രാജാവിന്റെ ത്യാഗം കണ്ടു എല്ലാവരും അദ്ദേഹത്തെ പുകഴ്ത്തി. അവർ പറഞ്ഞു: “നമ്മുടെ ജീവിതകാലത്തു ഇതുപോലെയൊരു ത്യാഗം നമ്മൾ കണ്ടിട്ടില്ല.” ആ സമയത്തു ഒരു ചെറിയ കീരി അവിടെ പ്രത്യക്ഷപ്പെട്ടു. അവന്റെ ശരീരത്തിന്റെ പകുതി സ്വർണ നിറവും, മറ്റേ പകുതി തവിട്ടുനിറവുമായിരുന്നു. യജ്ഞം നടന്ന സ്ഥലത്തു അത് കിടന്നു ഉരുണ്ടു. എന്നിട്ടു ദുഃഖത്തോടെ വിളിച്ചുപറഞ്ഞു:”ഇത് യജ്ഞമല്ല. എന്തിനാണ് ഈ ത്യാഗത്തെ നിങ്ങൾ പ്രശംസിക്കുന്നത്? നിങ്ങൾ കപടവിശ്വാസികളും നുണയന്മാരുമാണ്.” സദസ്സിലുണ്ടായിരുന്ന രാജാക്കന്മാരും മറ്റുള്ളവരും ദേഷ്യപ്പെട്ടു. അവർ പറഞ്ഞു: “ഇത്തരമൊരു അത്ഭുത കരമായ ത്യാഗം ഞങ്ങൾ കണ്ടിട്ടില്ല. നീ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്?”

കീരി മറുപടി പറഞ്ഞു: “പ്രിയപ്പെട്ടവരേ, എന്നോട് ദേഷ്യം തോന്നരുത്. എന്റെ വാക്കുകൾ ക്ഷമയോടെ കേൾക്കുക.”

ഒരു ചെറിയ ഗ്രാമത്തിൽ ഒരു ബ്രാഹ്മണനും, അദ്ദേഹത്തിന്റെ ഭാര്യ, മകൻ, മരുമകൾ എന്നിവർ ജീവിച്ചിരുന്നു. കൊടിയ ദാരിദ്ര്യമായിരുന്നു അവർക്കു. മാസങ്ങളോളം ഒന്നും ലഭിച്ചില്ല. ഒരിക്കൽ അവർക്കു കുറച്ചു ചോറും, പയറും കിട്ടി. അവർ അത് പാകം ചെയ്തു ഭക്ഷിക്കാൻ തുടങ്ങിയപ്പോൾ, വാതിലിൽ മുട്ട് കേട്ടു. വാതിൽ തുറന്നപ്പോൾ വിശന്നു വളഞ്ഞ ഒരു അതിഥിയെ കണ്ടെത്തി. ബ്രാഹ്മണർ അയാളെ അകത്തു വിളിച്ചു ഭക്ഷണത്തിന്റെ ഒരു ഭാഗം നൽകി. പക്ഷെ അയാൾക്ക്‌ തൃപ്തിയായില്ല. ” പതിനഞ്ചു ദിവസമായി ഞാൻ പട്ടിണിയിലാണ്. കുറച്ചുകൂടി തരുമോ?” അപ്പോൾ ബ്രാഹ്മണരുടെ ഭാര്യ അവളുടെ പങ്കു അയാൾക്ക് നൽകി. വീണ്ടും അയാൾക്ക് തൃപ്തിയായില്ല. മകൻ തന്റെ പങ്കു കൊടുത്തു. വീണ്ടും തൃപ്തിയാകാഞ്ഞു മരുമകളും അവളുടെ പങ്കു കൊടുത്തു.

ഭക്ഷിച്ചു തൃപ്തിയായി അയാൾ അവരെ അനുഗ്രഹിച്ചിട്ടു അവിടെനിന്നും പോയി. ഈ നാലുപേരും പിറ്റേദിവസം പട്ടിണിമൂലം മരിച്ചു. അവിടെയുണ്ടായിരുന്ന ഞാൻ ഈ കാഴ്ച്ചകണ്ട്‌ അമ്പരന്നു. ഉടനെ അവിടെ കിടന്നിരുന്ന അല്പം ചോറുവറ്റുകളിൽ കിടന്നു ഞാൻ ഉരുണ്ടു. അപ്പോൾ ആ ത്യാഗത്തിന്റെ മഹത്വംകൊണ്ട് എന്റെ ശരീരത്തിന്റെ ഒരു ഭാഗം സ്വർണ നിറമായി. മറ്റേഭാഗവും സ്വർണ നിറമാക്കുവാൻ അതുപോലെയൊരു യജ്ഞത്തിനായി ഞാൻ അലയുകയാണ്. ഇതുവരെ കണ്ടെത്തിയില്ല. ഇവിടെ വന്നും യജ്ഞസ്ഥലത്തു കിടന്നു ഞാൻ ഉരുണ്ടു. ഒന്ന് സംഭവിച്ചില്ല. ധാരാളിത്തത്തിൽ എവിടെയാണ് ത്യാഗം?” ഇതുകേട്ട് യുധിഷ്ഠിര രാജാവും, മറ്റുള്ളവരും ലജ്ജിച്ചു തലതാഴ്ത്തി.

Advertisements

Report this adPrivacy
ത്യാഗമാണ് നമ്മുടെ ജീവിതത്തെയും, ജീവിത പ്രവർത്തനങ്ങളെയും മഹത്വമുള്ളതാക്കുന്നത്, ദൈവികമാക്കുന്നത്. നമ്മുടെ കുടുംബമാകുന്ന അൾത്താരകളിൽ, ക്രിസ്തുവിന്റെ വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന ബലിപീഠങ്ങളിൽ നിഷ്കളങ്കരായ ഏതെങ്കിലും മനുഷ്യർ ദൈവാനുഗ്രഹത്തിനായി കിടന്നുരുളുന്നുണ്ടാകുമോ, ആവോ? അവരുടെ ജീവിതങ്ങൾ സ്വർണ നിറമാകുന്നുണ്ടോ, അതോ, പൊടിപിടിക്കുന്നുണ്ടോ, ആവോ?

ഉത്തമമായ ത്യാഗജീവിതത്തിന് ഉദാഹരണങ്ങൾതേടി എങ്ങോട്ടും പോകേണ്ട. നമ്മുടെ കുടുംബത്തിൽ തന്നെയുണ്ട് ത്യാഗത്തിന്റെ മാതൃകകൾ! മാതാപിതാക്കൾ ഈ ലോകത്തിൽ ത്യാഗത്തിന്റെ ആൾ രൂപങ്ങളാണ്. കുടുംബത്തിനുവേണ്ടി, മക്കൾക്കുവേണ്ടി, അവർ സ്വയം ഇല്ലാതാകുകയാണ്. ഗർഭകാലത്തിലൂടെ കടന്നു ഒരമ്മ തന്റെ കുഞ്ഞിന് ജന്മം നൽകുന്ന അവസ്ഥ ത്യാഗത്തിന്റെ ഉന്നത രൂപമാണ്. പ്രകൃതിയിലെ വൃക്ഷങ്ങളും ത്യാഗത്തിന്റെ സൗന്ദര്യമാണ് പ്രഘോഷിക്കുന്നത്‌. മറ്റുള്ളവർക്കുവേണ്ടിയല്ലേ, വെയിലുദിക്കുന്നതും, മഴപെയ്യുന്നതും? ചന്ദ്രൻ നിലാവ് പൊഴിക്കുന്നത്? മരങ്ങൾ പുഷ്പിക്കുന്നത്? മൃഗങ്ങൾ പാല് തരുന്നത്? എല്ലാം ത്യാഗത്തിന്റെ പ്രതിഫലനങ്ങളാണ്!

ക്രിസ്തു, ലോകത്തിന്റെ കുഞ്ഞാട് എന്നതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാനും ത്യാഗം നിറഞ്ഞ ക്രൈസ്തവ ജീവിതം നയിക്കുവാനും നാം ശ്രമിക്കണം.

ഇന്നത്തെ സാമൂഹ്യ സമ്പർക്കമാധ്യമങ്ങൾ നൽകുന്ന സന്ദേശം ഇതിനു കടകവിരുദ്ധമാണ്. അവർ പറയുന്നത്: “മറ്റുള്ളവർക്കുവേണ്ടി, സ്വന്തം താത്പര്യങ്ങൾ മാറ്റിവച്ചു ത്യാഗപൂർവം ജീവിക്കുന്നവർ വിഡ്ഢികളാണ്” എന്നാണ്‌. ഇന്നത്തെ ലോകം അവരെ വിളിക്കുന്നത്, ‘ജീവിക്കാതെ മരിക്കുന്നവർ’ എന്നാണ്‌. ശരിയാകാം. മക്കൾക്കുവേണ്ടിമാത്രം ജീവിക്കുന്ന എത്രയോ മാതാപിതാക്കൾ പെരുവഴിയിലാകുന്നു? എത്രയോ പേരുടെ ജീവിതങ്ങൾ നരകതുല്യമാകുന്നു? മറ്റുള്ളവർക്കായി ത്യാഗം ചെയ്യുന്നവരെ ഒട്ടും പരിഗണിക്കാത്തവരുമുണ്ട്. പക്ഷേ, അത് ജീവിതത്തിന്റെ യഥാർത്ഥ ചിത്രമല്ല. ത്യാഗമാണ് നമ്മുടെ ജീവിതത്തെ മനോഹരമാക്കുന്നത് എന്ന്, ത്യാഗമാണ് നമ്മുടെ ജീവിതത്തെ ദൈവികമാക്കുന്നത്‌ എന്ന്, ത്യാഗമാണ് നമ്മുടെ യഥാർത്ഥ സ്വഭാവമെന്ന്‌ ഈ ലോകം നമ്മിലൂടെ, ക്രൈസ്തവരിലൂടെ അറിയണം.

സമാപനം

സ്നേഹമുള്ളവരേ, നമ്മുടെ ക്രൈസ്തവ ജീവിതം ബലിയർപ്പിക്കപ്പെടുന്ന കുഞ്ഞാടിന്റെതുപോലെ ത്യാഗനിർഭരമായിരിക്കുവാൻ നമുക്ക് ശ്രമിക്കാം. ഓരോ വിശുദ്ധ കുർബാനയും നമ്മോടു പറയുന്നത് വിശുദ്ധ കുർബാന ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ത്യാഗത്തിന്റെ ആഘോഷമാണ് എന്നാണ്‌.