ഉയിർപ്പുകാലം 07

ഉയിർപ്പുകാലം 07

ഉയിർപ്പുകാലം
ഞായർ 7⃣
മർക്കോ 16 : 14- 20

Biblical and Historical background

മർക്കോസിന്റെ സുവിശേഷം ശരിക്കും 16: 8ൽ വച്ചു അവസാനിച്ചു എന്നാണ് വെപ്പ്. പിന്നെ ഈ ഭാഗം (16; 9-20) പിന്നീട് എപ്പോഴോ ആരോ കൂട്ടി ചേർത്തതാണ് എന്നാണ് പറയുന്നത്. മത്തായിലെയും ലൂക്കയിലെയും യോഹന്നാനിലെയും അപ്പസ്തോല പ്രവർത്തന പുസ്തകങ്ങളിലെയും പല വിവരണങ്ങൾ കൂട്ടിചേർത്തതാണ് ആണ് ഈ സുവിശേഷ ഭാഗം.

Interpretation

1. ഈശോ ശിഷ്യന്മാരെ കുറ്റപ്പെടുത്തുന്നത് രണ്ടു കാര്യങ്ങൾ ക്കാണ്.

A. അവരുടെ വിശ്വാസരാഹിത്യം
B. അവരുടെ ഹൃദയ കാഠിന്യം

1. വിശ്വാസരാഹിത്യം
അന്ധവിശ്വാസത്തിന്റെയും അൽപ്പവിശ്വാസത്തിന്റെയും അബദ്ധ വിശ്വാസത്തെയും വിത്തുകൾ നമ്മുടെ ഇടയിൽ പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. യുക്തിവാദത്തിന്റെയും നിരീശ്വര പ്രസ്ഥാനങ്ങളുടെയും പിന്നാലെ പോകുന്നവരുടെ എണ്ണം യുവ തലമുറയിൽ കൂടി കൂടി വരുന്നു എന്നുള്ളത് ഏറെ സങ്കടകരമാണ്. വ്യവസ്ഥാപിത മത വിശ്വാസത്തിൽ നിന്നും അതിന്റെ ചട്ടക്കൂടിൽ നിന്നും പുറത്ത് കടക്കാനായിട്ടാണ് അവർ ആഗ്രഹിക്കുന്നത്. വാട്സാപ്പ് ,ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയയിൽ നിരീശ്വരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകൾക്ക് വൻ ഡിമാൻഡ് ആണ്. എസൻസ് , ന്യൂറോ എസ്സെൻസ്,⭕ കോളാമ്പി സയൻറിഫിക് തിങ്കേഴ്സ് ,കേരള യുക്തിവാദി സംഘം ഇങ്ങനെ ഇങ്ങനെ പോകുന്നു ഒരു നീണ്ട
നിര. ഇത്തരമൊരു കാലഘട്ടത്തിൽ പരമ്പരാഗതമായി ലഭിച്ച വിശ്വാസം നഷ്ടപ്പെടാതെ സൂക്ഷിക്കാനും വരും തലമുറയ്ക്ക് കൈമാറി കൊടുക്കുവാനുമായിട്ടുള്ള ഉത്തരവാദിത്വം ക്രൈസ്തവർക്കുമുണ്ട്. വിശ്വാസിയായി ജനിച്ച്, വിശ്വാസിയായി ജീവിച്ച്, വിശ്വാസിയായി തന്നെ മരിക്കുവാനായിട്ടുള്ള കൃപയ്ക്കുവേണ്ടി നമ്മൾ പ്രാർത്ഥിക്കണം. ഏതെങ്കിലും കാരണങ്ങളാൽ നമ്മുടെ വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടുണ്ടെങ്കിൽ നമ്മൾ അതിനെ ശക്തിപ്പെടുത്തണം. അല്പവിശ്വാസികളെ എന്നാണ് ഈശോ പലപ്പൊഴും തന്റെ ശിഷ്യരെ വിളിക്കുന്നത്.
ഈ കാര്യം പറഞ്ഞു ഈശോ പലപ്പോഴും അവരെ കുറ്റപ്പെടുത്തിയി ട്ടുണ്ട്.

Eg. "വിശ്വാസമില്ലാത്ത തലമുറയെ... " എന്നു അവരെ വിളിക്കുന്നു (Mark 9: 19)

"നിങ്ങൾ ഭയപ്പെടുന്നത് എന്തിന് നിങ്ങൾക്ക് വിശ്വസം ഇല്ലേ..?" (മത്തയി 8:26)

"അൽപവിശ്വാസി നീ സംശയിച്ചത് എന്തിനു?" ( മത്താ. 14:3)

നിങ്ങളുടെ അൽപ വിശ്വാസം കൊണ്ടാണ് അവയെ പുറത്താക്കാൻ കഴിയാതെ പോയത് ( മത്തായി 17:20) etc.

ഈശോ നമ്മെയും കുറ്റപ്പെടുത്തുന്ന ഒരു കാര്യം ഏറെക്കുറെ ഇതു തന്നെ ആയിരിക്കും.

നമ്മുടെ വിശ്വാസത്തിനു മുൻപിൽ ഒരു അഡ്ജറ്റീവ് വെക്കാൻ പറഞ്ഞ നമ്മൾ എന്തുവയ്ക്കും ? Little, A little, Big , Deep,Strong ... സ്വയം ആത്മ പരിശോധന ചെയ്യുക.



നമുക്ക് എത്രത്തോളം വിശ്വസം ഉണ്ട്.? വിശ്വാസിക്കുന്നവരുടെ അടയാളങ്ങൾളുടെ നീണ്ട ലിസ്റ്റ് സുവിശേഷത്തിൽഈശോ പറയുന്നുണ്ട്. ഇതിൽ ഏതെങ്കിലും പ്രവർത്തിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ?അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടോ.?? ഓർമിക്കുക നമ്മുടെ രക്ഷയും ശിക്ഷയും തീരുമാനിക്കുന്നത് നമ്മുടെ വിശ്വാസമാണ്.


2. ഹൃദയമുള്ള മനുഷ്യരാവുക

ഫ്രാൻസിസ് പാപ്പയുടെ അവസാനത്തെ ചാക്രിക ലേഖനമാണ് Dilexit Nos (അവൻ നമ്മെ സ്നേഹിച്ചു) ഈശോടെ തിരുഹൃദയത്തെ കുറിച്ചാണ് മാർപാപ്പ അതിൽ പറയുന്നത്. ലോകത്ത് ഹൃദയമുള്ളവരുടെ എണ്ണം കുറഞ്ഞു വരികയാണ് എന്നാണ് മാർപ്പാപ്പയുടെ നിരീക്ഷണം. തലച്ചോർ ഉള്ളവരുടെ എണ്ണം കൂടിവരുന്നുണ്ടെകിലും ഹൃദയമുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പോലുള്ള അതി നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ട് മനുഷ്യൻ തന്റെ ബൗദ്ധിക മണ്ഡലത്തിൽ ഉയർച്ചയിൽ ആണെങ്കിലും ആത്മീയതയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കാര്യത്തിൽ അവൻ പിറകിലാണ്. അതുകൊണ്ട് തന്നെ കുറെ കൂടി ഹൃദയമുള്ളവരായി ജീവിക്കുക ഇന്നത്തെ കാലത്തെ വെല്ലുവിളിയാണ് എന്നാണ് മാർപ്പാപ്പ പറയുന്നത്. ലോകത്തിന് ഹൃദയം നഷ്ടപ്പെട്ടു . ക്രിസ്തു ലോകത്തിൻറെ ഹൃദയമാണ്. ലോകം അതിന്റെ ഹൃദയം വീണ്ടെടുക്കട്ടെ എന്ന്‌ പാപ്പാ ആഹ്വാനം ചെയ്യുന്നുണ്ട്. ഹൃദയമുള്ള മനുഷ്യരായ ജീവിക്കുക എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. കരുണയും അലിവുമുള്ള മനുഷ്യനാവുക. ‍ ഹൃദയത്തിൽ നിന്നാണ് ഇത്തരം മാനുഷിക ഗുണങ്ങൾ ഉണ്ടാവുക. അതിനാൽ ഹൃദയമുള്ള മനുഷ്യരാവുക.
മറ്റുള്ളവരുടെ സങ്കടം കണ്ടു നിറയുന്ന ഒരു കണ്ണ് ഉണ്ടോ ? കേട്ടു അലിയുന്ന ഹൃദയം ഉണ്ടോ...? അതു വളരെ പ്രധാനം ആണ്. ചിലപ്പോളൊക്കെ നമ്മൾ വല്ലാതെ കഠിന ഹൃദയർ ആയിപ്പോകുന്നു .
"എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലാണ് കല്ലാണ് ഈ നെഞ്ചിലെന്നു....." എന്ന വരികൾ നമ്മെ സംബന്ധിച്ചിടത്തോളം വാസ്തവമാണെന്നു തോന്നുന്നു.

അതുകൊണ്ടു
എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിലെ വരികൾ വച്ചു വല്ലപ്പോഴും നമ്മൾ ഒന്നു പ്രാര്ഥിക്കുന്നതു നല്ലതാണ് "കർത്താവേ ഒരു പുതിയ ഹൃദയം എനിക്ക് നല്‍കണേ നിന്റെ ചൈതന്യം അതിൽ നിക്‌ഷേപിക്കണേ. എന്റെ ശരീരത്തില്‍നിന്ന്‌ ശിലാഹൃദയം എടുത്തുമാറ്റി നിന്റെ മാംസളഹൃദയം എനിക്ക് നൽകണേ."
എസെക്കിയേല്‍ 11 : 19

3.സ്വർഗാരോഹണം
ഉത്ഥാനത്തിനു ശേഷം 10-40 ദിവസം ഈശോ ഭൂമിയിൽ ചുറ്റി തിരിഞ്ഞു; കാണേണ്ടവരെ ഒക്കെ കണ്ടു പറയേണ്ടതെല്ലാം പറഞ്ഞു. എന്നിട്ടു അവൻ പയ്യെ സ്വർഗത്തിലേക്ക് അങ്ങു പോയി. (ലിറ്റർജി കലണ്ടർ പ്രകാരം പുള്ളിക്കാരൻ കഴിഞ്ഞ വ്യാഴച്ച സ്വർഗത്തിൽ പോയി കെട്ടോ. ) സത്യത്തിൽ ഓരോ ക്രിസ്ത്യാനിയുടെയും ലക്ഷ്യം എന്നു പറയുന്നത് സ്വർഗ്ഗമാണ്. അവിടേയ്ക്ക് പോകാനാണ് നാം പരിശ്രമിക്കേണ്ടത് ( അതിപ്പ ഈശോയെപോലെ ഉടലോടെ ആണെങ്കിലും അല്ലെങ്കിലും) പലപ്പോഴും മറ്റ് ചെറിയ ചെറിയ ലക്ഷ്യങ്ങളിൽ നമ്മൾ കുരുങ്ങി പോകുമ്പോൾ സ്വർഗ്ഗം എന്ന ലക്ഷ്യം മറന്നു പോകുന്നു. IELTS , GRE , ORE , TOEFL ഒക്കെ എഴുതി കാനഡയിലും ഓസ്ട്രേലിയയിലും പോകാൻ ശ്രമിക്കുന്ന നമുക്കെന്തേ ഇച്ചരി നന്മ ചെയ്തു സ്വർഗ്ഗത്തിലേക്ക് പോകാൻ ശ്രമിച്ചാല്..? ഈ കാര്യം നമ്മുടെ പിള്ളേരെക്കൂടി ഒന്നു ഓർമിപ്പിക്കുന്നത് നല്ലതാണ്.