മംഗലവാര്‍ത്തക്കാലം 04

മംഗലവാര്‍ത്തക്കാലം 04: ഈശോയുടെ ജനനത്തിലുള്ള ദൈവിക ഇടപെടല്‍ -Matthew 1:18-24

മംഗളവാര്‍ത്ത നാലാം ഞായര്‍

പുറ 34:1-9; സഖ 2:7-13; വെളി 21:1-7; മത്താ 1:18-24

ഉപേക്ഷിക്കലിനും സ്വീകരിക്കലിനും ഇടയിലുള്ളത്

വിനായക് നിര്‍മ്മല്‍

ദൈവത്തിന്റെ കളികള്‍

ആറു പ്രസവിക്കുകയും അഞ്ച് മക്കള്‍ ആയുസ്സോടെ ബാക്കി നിൽക്കുകയും ചെയ്ത അവസരത്തിലായിരുന്നു ആ അമ്മ ഏഴാമതും ഗര്‍ഭിണിയായത്. അപ്പോള്‍ അമ്മയ്ക്ക് നാല്പതിലേറെയും അച്ഛന് അമ്പതിനടുത്തും പ്രായമുണ്ടായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത ആ ഗര്‍ഭധാരണത്തെ മനസ്സുകൊണ്ട് അംഗീകരിക്കാന്‍ ഇരുവര്‍ക്കും ബുദ്ധി മുട്ടുണ്ടായിരുന്നു. എങ്കിലും കുട്ടി ജനിച്ചതോടെ അവന്‍ എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറി. കാലം കടന്നുപോയി. അഞ്ചു മക്കളും അവരവരുടെ ജീവിതങ്ങളുമായി പങ്ക് പിരിഞ്ഞു. ആറാമനും ജീവിതമാര്‍ഗ്ഗത്തിനായി വീടും നാടും വിട്ടു. കൂട്ടുവിട്ടുപോയവരെയെല്ലാം തിരികെ കൂട്ടിലെത്തിച്ച കൊറോണക്കാലം അവനെയും തിരികെ കൊണ്ടുവന്നു, ജോലിരഹിതനും കടക്കാരനുമായി. അപ്പോഴേക്കും അമ്മ സ്മൃതിനാശത്തിന്റെ വഴുവഴുപ്പുള്ള വഴികളിലൂടെ ഇടയ്ക്ക് പാവാടക്കാരിയായും വേറെ ചില നേരങ്ങളില്‍ പെറ്റമ്മയെ കാണണമെന്ന് വാശിപിടിച്ചു കരയുന്ന കൈക്കുഞ്ഞുമൊക്കെയായി മാറിക്കഴിഞ്ഞിരുന്നു. പിന്നെ ഒരു വീഴ്ചയെതുടര്‍ന്ന് പരിപൂര്‍ണ്ണമായും ശയ്യാവലംബിയും. പിന്നീട് അമ്മ യാത്ര പറയുന്നതുവരെ ഒരു പിഞ്ചുകുഞ്ഞിനെയെന്നതുപോലെ അമ്മയെ പരിചരിച്ചത് അവനായിരുന്നു. നേരംതെറ്റിയും കാലംതെറ്റിയും പിറന്നുവീണ അവന്‍ അമ്മയെ കൈക്കുഞ്ഞിനെ യെന്നതുപോലെ പരിചരിക്കുന്നത് പതിവാക്കിയ ഏതോ ദിവസങ്ങളിലൊന്നിലാണ് അച്ഛന്‍ അത് അവനോട് പറഞ്ഞത് : ''ദൈവത്തിന്റെ ഓരോരോ കളികള്‍'' 'എന്തുകളി'യെന്ന് അവന്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ കണ്ണുനിറഞ്ഞു പറഞ്ഞു: ''നീയുള്ളതുകൊണ്ടല്ലേ നിന്റെ അമ്മ ഇത്രയും ഭംഗിയായി ഈ അവസ്ഥയിലും ജീവിക്കുന്നത്? നീയില്ലായിരുന്നുവെങ്കില്‍ അവള് പുഴുത്തു ചാകുമായിരുന്നു''! തന്റെ ജീവിതംകൊണ്ട് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് പ്രയോജനമുണ്ടാവുന്നുണ്ടല്ലോയെന്ന് ആദ്യമായി മനസ്സിലാക്കിയത് അന്നായിരുന്നുവെന്നും ആ സംതൃപ്തി മാത്രം മതി ഇനിയുള്ള ജീവിതമത്രയുമെന്നും അവന്‍ അന്ന് രാത്രിയില്‍ ഡയറിയില്‍ കുറിച്ചുവച്ചു. ജനനത്തിന് പിന്നിലെ നിയോഗങ്ങള്‍ ബൈബിളിലുടനീളം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെല്ലാം നിയോഗങ്ങളുള്ളവരായിരുന്നു. മോശയും അഹറോനും ജോഷ്വായും പൂര്‍വ്വയൗസേപ്പും പുതിയ കാലത്തിലെത്തുമ്പോള്‍ ക്രിസ്തുവും എന്തിന് ഒറ്റുകാരന്‍ യൂദാസ് വരെ നിയോഗങ്ങളുള്ളവരായിരുന്നു. ക്രിസ്തുവിനെ ഒറ്റുകൊടുക്കുക എന്ന നിയോഗത്തിലൂടെ അറിയാതെയാണെങ്കിലും യൂദാസ് മാനവരക്ഷയ്ക്ക് നിമിത്തമാവുകയായിരുന്നുവല്ലോ ചെയ്തത്? ഓരോ ജനനങ്ങള്‍ക്ക് പിന്നിലും ഓരോ നിയോഗങ്ങളുണ്ട്. വലിയ ദൗത്യങ്ങള്‍ ഏറ്റെടുത്തു നിര്‍വഹിക്കുന്നവരുടെ ജീവിതങ്ങളെ മാത്രമേ നാം കാണുന്നുള്ളൂവെന്നതുകൊണ്ട് അത്ര ശോഭയും മനോഹാരിതയും ഇല്ലാത്ത ജീവിതങ്ങള്‍ക്ക് നിയോഗമില്ലെന്ന് തെറ്റിദ്ധരിക്കരുത്. താഴേക്കിടയിലുളളതെന്ന് ചിലരൊക്കെ വില കുറച്ചു പറയുന്ന ജോലി ചെയ്തു ജീവിക്കുന്നവര്‍പോലും നിയോഗങ്ങളുള്ളവരാണ്. അവരൊക്കെ തങ്ങളുടെ കടമകള്‍ ജോലിയുടെ ഭാഗമായി നിര്‍വഹിക്കുന്നതുകൊ ണ്ടാണ് ചെരിപ്പ് പൊട്ടിപ്പോകുമ്പോഴും കുട കേടാകുമ്പോഴും പറമ്പില്‍ കാട് വളരുമ്പോഴും നമുക്കവര്‍ സഹായികളാകുന്നത്. ചിലരുടെ നിയോഗം ഒറ്റപ്പെട്ട ഇടങ്ങളിലും വ്യക്തികളിലും പരിമിത പ്പെട്ടുപോവുകയും നിര്‍ദ്ദിഷ്ട ലക്ഷ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യു മ്പോള്‍ ക്രിസ്തുവിന്റെ നിയോഗം അങ്ങനെയുള്ളതായിരുന്നില്ല. അങ്ങനെയാണ് ക്രിസ്തുവിന്റെ നിയോഗം നമ്മുടെ ധ്യാനവിഷയവും രക്ഷയുടെ അച്ചാരവുമാകുന്നത്. കാഴ്ചപ്പാടുകള്‍ വലുതാക്കുക, ലോകത്തെ മുഴുവന്‍ ഒരുമിച്ചു കാണുക, ഇതാണ് ക്രിസ്തു നമുക്ക് മുമ്പിലുയര്‍ത്തുന്ന വെല്ലുവിളി. തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്ന് മോചിപ്പിക്കുക, ഇതാ യിരുന്നു ക്രിസ്തുവിന്റെ ദൗത്യം. ഇതായിരുന്നു അവിടുത്തെ ജന്മനി യോഗവും. ഇന്നും നമുക്ക് ചുറ്റിനും ആരൊക്കെയോ ഏതൊക്കെയോ വിധ ത്തില്‍ ചുറ്റിവരിയപ്പെട്ട് കഴിയുന്നുണ്ട്. പലതരത്തിലുളള അടിമത്തങ്ങള്‍. പക്ഷേ കെട്ടിവരിഞ്ഞിരിക്കുന്ന അത്തരം ചുറ്റുപാടുകളില്‍നിന്ന് ഒരാളെയെങ്കിലും മോചിപ്പിക്കുവാന്‍ ഇന്നേവരെ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ജോസഫിന്റെ തീരുമാനങ്ങള്‍ ഉപേക്ഷിക്കലിനും സ്വീകരിക്കലിനും ഇടയിലുള്ള ഓപ്ഷന്റെ പേരാണ് ജീവിതം. ഒരു നിമിഷം നമ്മള്‍ വേണ്ടെന്ന് വയ്ക്കുന്നത് അടുത്ത നിമിഷം സ്വീകരിക്കാന്‍ തയ്യാറാവുന്നു. ഉപേക്ഷിക്കാന്‍ തയ്യാറായത് അതിന്റെ ഗുണത്തെക്കുറിച്ച് ഉറപ്പില്ലാത്തതുകൊണ്ടും സംശയം അവശേഷിക്കുന്നതുകൊണ്ടുമാണ്. സ്വീകരിക്കാന്‍ തയ്യാറാകുന്നതോടെ വലിയൊരു വെല്ലുവിളിയുടെ ഏറ്റെടുക്കലാണ് സംഭവിക്കുന്നത്. ജോസ ഫിന്റെ ജീവിതത്തില്‍ നാം കാണുന്നത് അതാണ്. ഉപേക്ഷിക്കാന്‍ തീരുമാനിച്ചു, സ്വീകരിച്ചു ഈ വചനഭാഗത്ത് ശ്രദ്ധേയമായി തോന്നിയ രണ്ടു വാചകങ്ങള്‍ ഇവയാണ്. ഉപേക്ഷിക്കലിനും സ്വീകരിക്കലിനും ഇടയില്‍ ഒരു അത്ഭുതം സംഭവിക്കുന്നുണ്ട്. ആ അത്ഭുതമാണ് യേശു. മറിയം ഗര്‍ഭിണിയാണെന്ന് അറിയുമ്പോള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്ന ജോസഫ്, മാലാഖയുടെ വിശദീകരണം ലഭിക്കുന്നതോടെ മറിയത്തെ സ്വീകരിക്കാന്‍ തീരുമാനിക്കുന്നു. ചിലതൊക്കെ നമ്മള്‍ വേണ്ടെന്ന് വയ്ക്കുന്നത് മാനുഷികമായിട്ടായിരിക്കും. എന്നാല്‍ ദൈവസ്വരത്തിന് കാതു കൊടുക്കുമ്പോള്‍ ചിലതിനെയൊക്കെ സ്വീകരിക്കാന്‍ നാം സന്നദ്ധരാവും. നീ പോയി ഒരു വേശ്യയെ വിവാഹം ചെയ്ത് അവളില്‍നിന്ന് മക്കളെ നേടുക എന്ന് ഹോസിയാ പ്രവാചകനോട് ദൈവം ആവശ്യപ്പെട്ടതുപോലെ. ഏകമകനെ ബലികൊടുക്കാന്‍ അബ്രാഹത്തിനോട് ആവശ്യപ്പെട്ടതു പോലെ. കേള്‍ക്കുന്ന മാത്രയില്‍ അസാധ്യമെന്നും അസഹനീയമെന്നും തോന്നുമ്പോഴും ദൈവസ്വരത്തിന് കീഴടങ്ങാന്‍ സന്നദ്ധമാകുമ്പോള്‍ അവിടെ അത്ഭുതം സംഭവിക്കുന്നു. ഏതിനെയും മനസ്സാ സ്വീകരിക്കാനുള്ള സന്നദ്ധതയുടെ പേരാണ് ദൈവസ്വരത്തിന് കാതോര്‍ക്കല്‍. മനുഷ്യര്‍ പറഞ്ഞതുകേട്ട് എടുക്കുന്ന തീരുമാനങ്ങള്‍ വഴിതെറ്റിച്ചേക്കാമെങ്കിലും ദൈവത്തോട് ആലോചിച്ച് നടപ്പിലാക്കുന്ന തീരുമാനങ്ങള്‍ എവിടെയാണ് തെറ്റിപ്പോയിട്ടുള്ളത്? തീരുമാനങ്ങളുടെ വില ജീവിതത്തില്‍ നടപ്പിലാക്കുന്ന തീരുമാനങ്ങള്‍ക്കെല്ലാം വില കൊടുക്കേണ്ടതുണ്ട്. തെറ്റിപ്പോകുന്ന തീരുമാനങ്ങളുടെ പേരില്‍ പഴി കേള്‍ക്കുന്നവര്‍ ഒരിക്കലും നല്ല തീരുമാനങ്ങളുടെ പേരില്‍ പ്രശംസിക്കപ്പെടാറില്ല. സത്യത്തില്‍ ജോസഫിന്റെ തീരുമാനമാണ് തിരുക്കുടുംബത്തിന് രൂപം കൊടുത്തത്. അല്ലെങ്കിലും ദൈവത്തിന്റെ തീരുമാനങ്ങള്‍ക്ക് മാറ്റമുണ്ടാവില്ലല്ലോ? നിനവെയിലേക്ക് അയച്ചവന്‍ വഴി മറന്ന് താര്‍സീസിലേക്ക് വണ്ടി മാറിക്കയറുമ്പോഴും അവനെ നിനവെയില്‍ തന്നെയെത്തിച്ചവനാണ് ദൈവം. മനുഷ്യന്റെ തീരുമാനങ്ങള്‍ തെറ്റിപ്പോയേക്കാം. എന്നാല്‍ ദൈവത്തിന്റെ തീരുമാനങ്ങള്‍ ഒരിക്കലും തെറ്റിപ്പോവുകയില്ല. പക്ഷേ ദൈവത്തിന്റെ തീരുമാനങ്ങളെ മനുഷ്യര്‍ ചിലപ്പോള്‍ തെറ്റിയെഴുതാന്‍ സാധ്യതയുണ്ട്. അപ്പോഴും തെറ്റിപ്പോയതിനെ നേര്‍വഴിയിലെഴുതാന്‍ ദൈവം സന്നദ്ധനാകും. ഏതൊക്കെ തരത്തില്‍ തെറ്റിപ്പോകാമായിരുന്ന ജീവിതങ്ങളായിരുന്നു ജോസഫിന്റെയും മറിയത്തിന്റേതും. എന്നിട്ടും ആ ജീവിതങ്ങള്‍ നേരെഴുത്തുകളായി മാറ്റിയെഴുതിയത് ദൈവത്തിന്റെ തീരുമാന ങ്ങള്‍ അവര്‍ക്ക് മീതെ നടപ്പിലാക്കപ്പെട്ടതുകൊണ്ടാണ്. അടുത്തയിടെ ഒരു വ്യക്തി കടന്നുപോകുന്ന ഒരു പ്രശ്നത്തിന് പരിഹാരമായി എന്നോട് നിര്‍ദ്ദേശിച്ചത് ഇതായിരുന്നു. ''മാനുഷികമായി ഈ വിഷയത്തില്‍ തീരുമാനമെടുക്കാതിരിക്കുക. ദൈവത്തിന് മുമ്പില്‍ കുറച്ചുനേരം ഇരുന്നതിന് ശേഷം ദൈവം പറയുന്നതുപോലെ ചെയ്യുക.'' ദൈവം പറയുന്നതുപോലെ ചെയ്യാന്‍ മനസ്സാക്ഷിയുടെ സ്വരം കേട്ടാല്‍ മതി. അതുകൊണ്ട് ജീവിതത്തില്‍ തീരുമാനമെടുക്കാന്‍ കഴി യാതെ വിഷമിക്കുന്ന എല്ലാവരോടും എന്നോട് തന്നെയും എനിക്ക് പറ യാനുളളത് ഇത്ര മാത്രമേയുള്ളൂ: ദൈവത്തിന്റെ മുമ്പില്‍ സ്വസ്ഥനും ശാന്തനുമായിരിക്കുക. അവിടുന്ന് പറയുന്നത് കേള്‍ക്കുക. ആ തീരുമാനം നടപ്പിലാക്കുക. അത് നല്ല തീരുമാനമായിരിക്കും. സ്വന്തം ജീവിത നിയോഗം തിരിച്ചറിയാനും പ്രവര്‍ത്തിക്കാനും ഇതേറെ സഹായകരമായിരിക്കും. ✝ ✝ ✝ ✝ ✝ homilieslaity.com