മംഗലവാര്‍ത്തക്കാലം 03

മംഗലവാര്‍ത്തക്കാലം 03; യോഹന്നാന്‍ മാംദാനയുടെ ജനനം -Luke 1.57-66

ഞായര്‍ പ്രസംഗം മംഗളവാര്‍ത്ത മൂന്നാം ഞായര്‍ ഡിസംബര്‍ 15 ലൂക്കാ 1: 57-80 യോഹന്നാന്‍ മംദാനയുടെ ജനനം

നമ്മുടെ രക്ഷകനായ മിശിഹായുടെ പിറവിത്തിരുനാളിന് ഒരുക്കമായുള്ള ഈ മംഗളവാര്‍ത്തക്കാലത്തിലെ വിശുദ്ധ ഗ്രന്ഥവായനകളെല്ലാം മംഗളകരമായ വാര്‍ത്തകളാണ് നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നത്. മിശിഹായ്ക്ക് വഴിയൊരുക്കാനുള്ളവന്റെ ജനനത്തെക്കുറിച്ച് സഖറിയായ്ക്ക് ലഭിച്ചതായി ആദ്യ ഞായറാഴ്ച്ച നമ്മള്‍ ശ്രവിച്ച അറിയിപ്പ് അക്ഷരംപ്രതി നിറവേറുന്നതാണ് മൂന്നാം ഞായറാഴ്ച്ച നമ്മള്‍ കാണുന്നത് (ലൂക്കാ 1:57-80).

ഏലീശ്വാ ഒരു പുത്രന് ജന്മം നല്‍കിയ സംഭവത്തെ അയല്‍ക്കാരും ചാര്‍ച്ചക്കാരും മനസ്സിലാക്കിയത് ദൈവിക കാരുണ്യത്തിന്റെ പ്രകാശനമായാണ്. മനുഷ്യചരിത്രത്തിലുള്ള ദൈവത്തിന്റെ ഓരോ ഇടപെടലും അവിടുത്തെ കാരുണ്യത്തിന്റെ വെളിപ്പെടുത്തലാണല്ലോ. പഴയനിയമത്തില്‍ നിന്നുള്ള രണ്ട് വായനകളിലും ദൈവം കാരുണ്യപൂര്‍വ്വം തന്റെ ജനത്തിന്റെ ജീവിതത്തില്‍ ഇടപെടുന്നതാണ് നമ്മള്‍ വായിച്ചുകേട്ടത്. ഇസഹാക്കിന് ഭാര്യയായി റബേക്കയെ കണ്ടെത്തുന്നതിന് ദൈവത്തിന്റെ പ്രത്യേക സഹായമുണ്ടായിരുന്നു. സഖറിയാ-ഏലീശ്വാ ദമ്പതിമാരോട് പലതരത്തിലും സാമ്യമുള്ളവരായിരുന്നു സാമുവേലിന്റെ മാതാപിതാക്കളായ എല്‍ക്കാനയും ഹന്നായും. വാര്‍ദ്ധക്യത്തില്‍ ദൈവത്തിന്റെ സവിശേഷമായ ഇടപെടല്‍ കൊണ്ട് അവര്‍ക്ക് സാമുവല്‍ എന്ന പുത്രന്‍ ജനിക്കുന്നതിനെക്കുറിച്ചാണല്ലോ രണ്ടാമത്തെ വായന. ജനങ്ങളുടെയിടയില്‍ തനിക്കുണ്ടായിരുന്ന അപമാനം നീക്കാന്‍, 'കര്‍ത്താവ് തന്നെ കടാക്ഷിച്ച് ഇത് ചെയ്തിരിക്കുന്നു' എന്നാണ് ഏലീശ്വാ ഉദ്‌ഘോഷിച്ചത്. അവളോടൊപ്പം സന്തോഷിക്കുന്ന അയല്‍ക്കാരും ചാര്‍ച്ചക്കാരും നമുക്കൊരു മാതൃകയാണ്. അയല്‍ക്കാര്‍ക്കുണ്ടാകുന്ന നന്മയില്‍ അവരൊടൊപ്പം ആനന്ദിക്കാന്‍ നമുക്ക് സാധിക്കണമെങ്കില്‍ ഹൃദയവിശാലതയുണ്ടാകണം.

ഏതൊരു യഹൂദ ആണ്‍കുഞ്ഞും എന്നപോലെ, സഖറിയാ-ഏലീശ്വാമാരുടെ കുഞ്ഞും എട്ടാം ദിവസം പരിച്ഛേദനം ചെയ്യപ്പെട്ടു. യഹൂദമത ജീവിതത്തില്‍ പരിച്ഛേദനത്തിന് വലിയ പ്രാധാന്യമുണ്ട്. ദൈവം അബ്രാഹത്തോടു ചെയ്ത ഉടമ്പടിയുടെ അടയാളമായാണ് പരിച്ഛേദന കല്‍പന നല്‍കപ്പെട്ടത് (ഉല്‍. 17:10-12). അഗ്രചര്‍മ്മ ഛേദനത്തിലൂടെയാണ് ഒരുവന്‍ പഴയനിയമ ഉടമ്പടി ജനതയുടെ ഭാഗമാകുന്നത്. രക്ഷകനായ മിശിഹായെ അയച്ചുകൊണ്ട് ദൈവം പൂര്‍ത്തിയാക്കാനാരംഭിച്ചിരിക്കുന്നത് അബ്രാഹത്തോടും സന്തതികളോടും ചെയ്ത കാരുണ്യത്തിന്റെ ഉടമ്പടിയാണ് എന്ന് പരിശുദ്ധ കന്യകാമറിയം പ്രഘോഷിക്കുന്നുണ്ടല്ലോ. സംസാരശക്തി വീണ്ടുലഭിച്ച സഖറിയാ ദൈവത്തെ സ്തുതിച്ചുകൊണ്ട് ആലപിച്ച ഗീതത്തിലും അബ്രാഹത്തോട് ചെയ്ത ഉടമ്പടി ദൈവം അനുസ്മരിച്ചതിന്റെ ഫലമാണ് മനുഷ്യാവതാരം എന്ന് ഉദ്‌ഘോഷിക്കുന്നുണ്ട് (ലൂക്കാ 1:73).

യഹൂദ പരിച്ഛേദന കര്‍മ്മത്തില്‍ പ്രവാചകനായ ഏലിയായെ സവിശേഷമാംവിധം അനുസ്മരിക്കുന്നുണ്ട്. ഏലിയായുടെ സിംഹാസനം എന്നപേരില്‍ ഒരു പ്രത്യേക ഇരിപ്പിടം ഓരോ പരിച്ഛേദന വേളയിലും ക്രമീകരിക്കാറുണ്ട്. ദൈവത്തിന്റെ ഉടമ്പടിയെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ ജ്വലിച്ചിരുന്ന ഏലിയാ എല്ലാ പരിച്ഛേദനത്തിനും സാക്ഷിയായുണ്ട് എന്നതാണ് യഹൂദവിശ്വാസം. പരിച്ഛേദനം ചെയ്യാനുള്ള ശിശുവിനെ ഈ സിംഹാസനത്തില്‍ ഇരുത്തുന്ന രീതിയുമുണ്ട്.

യോഹന്നാനെക്കുറിച്ച് ഗബ്രിയേല്‍ ദൂതന്‍ അറിയിച്ചത് അവന്‍ ഏലിയായുടെ ശക്തിയോടും ചൈതന്യത്തോടും കൂടെ മിശിഹായ്ക്ക് വഴിയൊരുക്കാനായി അവിടുത്തേയ്ക്കു മുമ്പേ പോകും എന്നായിരുന്നല്ലോ (ലൂക്കാ 1:17). മിശിഹായ്ക്ക് മുമ്പ് വരുമെന്ന് ഇസ്രായേല്‍ ജനം പ്രതീക്ഷിച്ചിരുന്ന ഏലിയാ, യോഹന്നാന്‍ മാംദാന തന്നെയാണ് എന്ന് ഈശോ സാക്ഷ്യപ്പെടുത്തുന്നുമുണ്ടല്ലോ (മര്‍ക്കോ. 9:10-12).

പിതാക്കന്മാരുടെ പേര് ആണ്‍മക്കള്‍ക്ക് നല്‍കുന്ന രീതി യഹൂദര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. മക്കളിലൂടെ അവര്‍ തുടര്‍ന്നും ജീവിക്കുന്നു എന്ന വിശ്വാസമായിരുന്നു അതിനു പിന്നില്‍. ഈ പതിവനുസരിച്ച് സഖറിയായുടെ പുത്രന് ആ പേര് തന്നെ നല്‍കാന്‍ അവര്‍ ആഗ്രഹിച്ചു. പക്ഷെ അവന് 'യോഹന്നാന്‍' എന്ന് പേരിടണമെന്ന് ഏലീശ്വാ പറഞ്ഞു. ഗബ്രിയേല്‍ ദൂതന്‍ ഇപ്രകാരം നിര്‍ദ്ദേശിച്ചിരുന്നത് (ലൂക്കാ 1:13) സഖറിയാ അവളെ അറിയിച്ചിട്ടുണ്ടാകണം. അവരുടെ ചാര്‍ച്ചക്കാരില്‍പ്പോലും ആര്‍ക്കും യോഹന്നാന്‍ എന്ന പേരില്ലാതിരുന്നതിനാല്‍ ഏത് പേരിടണമെന്ന് അവര്‍ സഖറിയായോട് തന്നെ ആംഗ്യം കാട്ടി ചോദിച്ചു. 'യോഹന്നാന്‍' എന്ന പേര് പിതാവ് എഴുത്തുപലകയില്‍ എഴുതി. 'കര്‍ത്താവിന്റെ കൃപ' എന്നാണ് ഈ പേരിനര്‍ത്ഥം. ഇത് അവര്‍ക്കിടയില്‍ വലിയ വിസ്മയത്തിന് കാരണമാവുകയും ചെയ്തു. കാരണം, ദൈവം അവരോട് കാണിച്ച വലിയ കൃപയുടെ അടയാളമായിരുന്നല്ലോ യോഹന്നാന്‍.

ഈ പരിച്ഛേദനത്തോടനുബന്ധിച്ചാണ് ഒമ്പതു മാസമായി സംസാരിക്കാന്‍ കഴിയാതിരുന്ന സഖറിയാ പുരോഹിതന് സംസാരശക്തി തിരിച്ചുകിട്ടിയത്. സഖറിയാ ആദ്യം ചെയ്ത കാര്യം ദൈവത്തെ സ്തുതിക്കുക എന്നതായിരുന്നു. സങ്കീര്‍ത്തനങ്ങളിലെ ദൈവസ്തുതിയുടെ ശൈലിയിലാണ് സഖറിയാ ദൈവത്തെ സ്തുതിക്കുന്നത്. പല സങ്കീര്‍ത്തനങ്ങളുടെയും ആമുഖത്തില്‍ കാണുന്നതുപോലെ 'ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകുന്നു' എന്ന വാചകത്തോടെയാണ് സഖറിയാ തന്റെ സ്തുതിപ്പ് ആരംഭിക്കുന്നത്.

ദൈവത്തെ സ്തുതിക്കുന്നതിനുള്ള കാരണമാണ് തുടര്‍ന്നു വിവരിക്കുന്നത്. അവിടുന്ന് തന്റെ ജനത്തെ സന്ദര്‍ശിച്ച് രക്ഷിച്ചിരിക്കുന്നു എന്നാണ് സഖറിയാ പറയുന്നത്. യഥാര്‍ത്ഥത്തില്‍ മിശിഹായ്ക്ക് വഴിയൊരുക്കാനുള്ളവനേ ജനിച്ചിട്ടുള്ളൂ. മുന്നോടി വന്നതോടെ പിന്‍പേ വരാനുള്ളവനും വന്നുകഴിഞ്ഞതു പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. യോഹന്നാനെ അയച്ചുകൊണ്ട് തന്റെ രക്ഷാകരപദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആരംഭം കുറിച്ച ദൈവം ഇനി അതില്‍ നിന്ന് പിന്മാറുകയില്ല എന്ന സഖറിയായുടെ വിശ്വാസമാണിവിടെ പ്രതിഫലിക്കുന്നത്.

ദാവീദിന്റെ ഭവനത്തില്‍ നമുക്കായി ഒരു രക്ഷകനെ ഉയര്‍ത്തിയിരിക്കുന്നത്, നമ്മുടെ ശത്രുക്കളില്‍ നിന്ന് നമ്മെ രക്ഷിച്ച്, ജീവിതകാലം മുഴുവനും അവിടുത്തെ മുമ്പില്‍ നീതിയോടും വിശുദ്ധിയോടും കൂടെ ശുശ്രൂഷ ചെയ്യുന്നതിന് പ്രാപ്തരാക്കാന്‍ വേണ്ടിയാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ ശത്രു സാത്താനാണ്. തിന്മയുടെ പിടിയിലായിരുന്ന മനുഷ്യവര്‍ഗ്ഗത്തെ വിമോചിപ്പിച്ച് ദൈവീക ഭരണത്തിന്‍കീഴിലാക്കുക എന്നതായിരുന്നു മനുഷ്യാവതാര ലക്ഷ്യം. 'ശുശ്രൂഷ ചെയ്യുക' എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം 'ആരാധിക്കുക' എന്നാണ്. ആരാധനയാണല്ലോ ഏറ്റവും ശ്രേഷ്ഠമായ ദൈവശുശ്രൂഷ. പിശാചിന്റെ അടിമത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ദൈവാരാധനയിലാണ് പ്രകടമാകുന്നത്. ദൈവീകഭവനത്തില്‍ ദൈവമക്കളുടെ സ്വാതന്ത്ര്യത്തോടെ വ്യാപരിക്കുന്നതാണ് യഥാര്‍ത്ഥ ആരാധന.

സത്യാരാധനയ്ക്കുണ്ടായിരിക്കേണ്ട രണ്ട് വ്യവസ്ഥകള്‍ കൂടി സഖറിയാ സൂചിപ്പിക്കുന്നുണ്ട്. നീതിയും വിശുദ്ധിയുമാണവ. ദൈവം പരമ പരിശുദ്ധനാകയാല്‍ അവിടുത്തെ സമീപിക്കുന്നവരും പരിശുദ്ധരായിരിക്കണം. അതുകൊണ്ടാണ് വിശുദ്ധി ആരാധനയുടെ ഒരു അവശ്യഘടകമായിരിക്കുന്നത്. നീതിയുടെ ജീവിതത്താല്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നവര്‍ക്കു മാത്രമേ അവിടുത്തെ മുമ്പില്‍ നില്‍ക്കാന്‍ അവകാശമുള്ളു. നീതിയോടും വിശുദ്ധിയോടും കൂടെ ജീവിക്കുന്നവര്‍ക്ക് നിര്‍ഭയം ദൈവസന്നിധിയില്‍ സ്വാതന്ത്ര്യത്തോടെ വ്യാപരിക്കാനാവും. ഇപ്രകാരമുള്ള ഒരു ആരാധനാസമൂഹത്തിന് രൂപം നല്‍കുന്നതിനു വേണ്ടിയാണ് ദൈവം മനുഷ്യനായത്.

എപ്രകാരമാണ് ഈശോയുടെ ശിഷ്യര്‍ ആരാധനയുടെ ജീവിതം നയിക്കേണ്ടത് എന്ന് വി. പൗലോസ് ശ്ലീഹാ എഫേസോസിലെ സഭാംഗങ്ങള്‍ക്കെഴുതുമ്പോള്‍ വ്യക്തമാക്കുന്നുണ്ട്: 'അനാവശ്യമായ അശ്ലീല സംസാരവും വ്യര്‍ത്ഥഭാഷണവും പരിഹാസവും നിങ്ങളുടെയിടയില്‍ ഉണ്ടാകരുത്; മറിച്ച്, ഉണ്ടാകേണ്ടത് കൃതജ്ഞതാ സ്‌തോത്രമാണ്. വെളിച്ചത്തിന്റെ മക്കളെപ്പോലെ വ്യാപരിക്കുവിന്‍. വെളിച്ചത്തിന്റെ ഫലങ്ങള്‍ സകലനന്മയിലും നീതിയിലും സത്യത്തിലും കാണപ്പെടുന്നു. കര്‍ത്താവിന് സ്വീകാര്യമായത് എന്തെന്നു വിവേചിച്ചറിയുവിന്‍. ഭോഷന്മാരാകാതെ, ദൈവഹിതം എന്തെന്ന് ഗ്രഹിക്കുവിന്‍. ദുരാഗ്രഹം കലര്‍ന്ന വീഞ്ഞ് കുടിച്ച് ഉന്മത്തരാകരുത്. മറിച്ച്, അരൂപിയാല്‍ നിറഞ്ഞവരാകുവിന്‍. സങ്കീര്‍ത്തനങ്ങളാലും സ്‌തോത്രങ്ങളാലും അന്യോന്യം സംസാരിക്കുവിന്‍. നിങ്ങളുടെ ഹൃദയങ്ങളില്‍ കര്‍ത്താവിന് ആത്മീയഗീതങ്ങള്‍ ആലപിക്കുവിന്‍. നമ്മുടെ കര്‍ത്താവായ ഈശോമിശിഹായുടെ നാമത്തില്‍ പിതാവായ ദൈവത്തിന് എപ്പോഴും എല്ലാ മനുഷ്യര്‍ക്കും വേണ്ടി കൃതജ്ഞതയര്‍പ്പിക്കുവിന്‍' (എഫേ. 5:5-20).

സാമുവലിന്റെ ജനനവേളയില്‍ ഹന്നായും യോഹന്നാന്‍ മാംദാനയുടെ ജനനാവസരത്തില്‍ സഖറിയായും മനുഷ്യാവതാരത്തോട് ബന്ധപ്പെട്ട് പരിശുദ്ധ കന്യകാമറിയവും കൃതജ്ഞതാസ്‌തോത്രങ്ങള്‍ ആലപിച്ചതുപോലെ നമ്മുടെ ജിവിതത്തിലും രക്ഷാകരമായി ദൈവം ഇടപെടുന്നതിനെയോര്‍ത്ത് അവിടുത്തെ സ്തുതിക്കാനാണ് ശ്ലീഹാ നമ്മെ ആഹ്വാനം ചെയ്യുന്നത്. നമ്മുടെ ജീവിതം തന്നെയും ഒരു സ്തുതിഗീതമാക്കി മാറ്റാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

www.lifeday.in

മംഗളവാര്‍ത്ത മൂന്നാം ഞായര്‍

ഉത്പ. 21:1-12; ഏശ 40:1-11; 1 കോറി 1:26-31; ലൂക്ക 1:57-66

യോഹന്നാന്‍ എന്ന ദൈവകൃപ

ഡോ. റോസ് ഫിലിപ്പ്

ഒരു പേരിലെന്തിരിക്കുന്നുവെന്ന് കുറിച്ചത് ഷേക്‌സ്പിയറാണ്. പേരില്‍ ചിലതൊക്കെയുണ്ട് എന്നതിനാലാണല്ലോ പേരിടീല്‍ ഒരു ചടങ്ങായി നടത്തുന്നത്. പേരില്‍ ഇത്തിരി വലിയ കാര്യമുണ്ടെന്നു 2023 സെപ്തംബറില്‍ ഹൈക്കോടതി പറയുകയും ചെയ്തു. മകളുടെ പേരിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ കലഹം കോടതിയിലെത്തി. പേരിടാന്‍ അവകാശി ഞാനെന്ന് ഇരുവരും വാദിച്ചു. 'പേരന്റ് പാട്രിയാ' എന്ന സവിശേഷ അധികാരം ഉപയോഗിച്ച് നാലുവയസ്സുകാരിക്ക് കോടതി പേരിട്ടു. പേരിന്റെ പേരിലുള്ള തര്‍ക്കം ദൈവം നേരിട്ട് വിധി തീര്‍ത്ത ഒരു ചടങ്ങിലൂടെ വന്ന പേരാണ് യോഹന്നാന്‍. ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും, ഇല്ലായ്മയെത്തന്നെയും ദൈവം തെരഞ്ഞെടുക്കുന്നതെങ്ങ നെയെന്ന (1 കൊറി 1:27) മഹത്തായ ഒരു സംഭവമാണ് യോഹന്നാന്റെ ജനനവും പേരിടീല്‍ കര്‍മ്മവും. അപമാനത്തില്‍നിന്നും അഭിമാനത്തിലേക്ക്... മക്കള്‍ ഇല്ലാതെ പോയി എന്നതിനാല്‍ മറ്റുള്ളവരുടെ അപമാനം ഏറെ ഏറ്റു വാങ്ങിയവരാണ് സക്കറിയായും എലിസബത്തും. 'പ്രായത്തില്‍ കവിഞ്ഞവര്‍' എന്നതായിരുന്നു അവരുടെ വിശേഷണം. എങ്കിലും ദൈവ ഹിതപ്രകാരം ദേവാലയത്തില്‍ ധൂപാര്‍പ്പണത്തിന് സന്നിഹിതനാകാന്‍ സഖറിയാ സന്നദ്ധനാകുന്നു എന്നതിലൂടെ ദൈവസാന്നിധ്യത്തിന്റെ ഇടം ഒരുക്കപ്പെടുകയാണ്. പ്രായത്തില്‍ കവിഞ്ഞവനെങ്കിലും, തന്റെ ഉത്തരവാദിത്വങ്ങള്‍ മുടക്കമില്ലാതെ നിര്‍വ്വഹിക്കാന്‍ സഖറിയ അതീവ ശ്രദ്ധാലുവാണ്. നീതിയോടെ കര്‍മ്മനിരതരായി പ്രാര്‍ഥിക്കുന്നവര്‍ക്ക് ദൈവദൂതര്‍ സന്ദേശങ്ങള്‍ നല്‍കും. സദ്‌വാര്‍ത്ത ദൂതന്‍ പകരുന്നതിലൂടെ (ലൂക്കാ 1:13) അഭിമാനത്തിന്റെ വാതില്‍ തുറന്നാണ് സഖറിയാ ദേവാലയത്തില്‍നിന്നും പുറത്തുവരുന്നത്. എന്നാല്‍ അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ (1 കൊറി 1:31) എന്ന സാക്ഷ്യപ്പെടുത്തല്‍ നാം കാണൂന്നത് ദൈവത്തെ വാഴ്ത്തിക്കൊണ്ടുള്ള അവന്റെ സംസാരത്തിലൂ ടെയാണ് (ലൂക്കാ 1:64). 'സ്വതന്ത്രമായ നാവ്' ഉപയോഗപ്പെടുത്തേണ്ടത് ദൈവസ്തുതി ഘോഷിക്കുന്നതിനാണെന്ന സാക്ഷ്യത്തിലൂടെ അപമാനിതനായ ഊമന്‍, അഭിമാനിയായ ദൈവദാസനായി. ഒറ്റപ്പെടലില്‍നിന്നും കൂട്ടായ്മയിലേക്ക് ലോകത്തിന്റെ ദൃഷ്ടിയില്‍ പലതും തങ്ങള്‍ക്കു കുറവായതിനാല്‍ ഒറ്റപ്പെട്ടവരായിരുന്നു സഖറിയായും എലിസബത്തും. ധൂപാര്‍പ്പണത്തിലും സഖറിയാ ഏകനായിരുന്നു. സന്തോഷവാര്‍ത്ത അവിശ്വസിച്ചതിനാല്‍ മൂകനായി മാറിയ സഖറിയ വീണ്ടും കൂടുതല്‍ ഒറ്റപ്പെടുന്നു. വന്ധ്യയായ എലിസബത്ത് ഒരു സങ്കടദ്വീപായിരുന്നു. ഗര്‍ഭിണിയായി അഞ്ചു മാസം അവള്‍ ആര്‍ക്കും പ്രത്യക്ഷപ്പെട്ടില്ല (ലൂക്കാ 1:24). എന്നാല്‍ എലിസബത്ത് അമ്മയായതോടെ അയല്‍പക്കക്കാരും, ബന്ധുക്കളും ചേര്‍ന്ന കൂട്ടായ്മ അവരിലേക്ക് എത്തിച്ചേര്‍ന്നു. കര്‍ത്താവിന്റെ കാരുണ്യത്തിന്റെ അടയാളത്തില്‍ ഏവരും ഒരുമിച്ചു സന്തോഷിച്ചു. യൂദയായിലെ മലനാട്ടിലെങ്ങും സംസാരവിഷയമായവിധം (ലൂക്കാ1:65) സഖറിയായും എലിസബത്തും കീര്‍ത്തിനേടി. വീടിന്റെ ഒറ്റപ്പെട്ട ഇടത്തില്‍നിന്നും നാടിന്റെ കൂട്ടായ്മയിലേക്ക് അവരെ നടത്തിയത് കര്‍ത്താവിന് വഴി യൊരുക്കാന്‍ വന്നവന്‍ മൂലമാണ്. ഇരുളിലും മരണത്തിന്റെ നിഴലിലും ഇരുന്നവരായിരുന്നു ഇരുവരും (ലൂക്കാ 1:79). ദൈവത്തിന്റെ കാരുണ്യാതിരേകത്താല്‍ പ്രകാശവും സമാധാനവും നിറഞ്ഞ വഴികളിലേക്ക് അവര്‍ നയിക്കപ്പെട്ടു. ബന്ധുഹിതത്തില്‍ നിന്നും ദൈവഹിതത്തിലേക്ക് ശിശുവിന്റെ ജനനത്തില്‍ സന്തോഷിക്കുന്ന സ്വന്തക്കാരും ബന്ധു ക്കളും പിറുപിറുപ്പിലേക്ക് മാറുന്നത് പെട്ടെന്നാണ്. എട്ടാം ദിവസം പരിഛേദനച്ചടങ്ങില്‍ സഖറിയാ എന്നപേരാണ് ബന്ധുക്കള്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ എലിസബത്ത് കുഞ്ഞിന് യോഹന്നാന്‍ എന്ന പേര്‍ ഉറപ്പിച്ചു പറഞ്ഞതോടെ ഏവരുടെയും ഭാവംമാറി. പേരു വന്ന വഴി ആര്‍ക്കും പിടി കിട്ടിയില്ല. അതിനാല്‍ എലിസബത്തിനോട് അവര്‍ക്ക് യോജിക്കാനാ യില്ല. പിതാവാണ് അന്തിമതീരുമാനമെടുക്കേണ്ടത് എന്ന കാഴ്ചപ്പാടിനാല്‍, ഊമനായ സഖറിയായോട് അവര്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ സഖറിയ ആംഗ്യത്തിലൊതുക്കാതെ, ഉറപ്പിക്കാന്‍ തന്നെയാണ് എഴുത്തുപലകയില്‍ എഴുതി കാണിച്ചത്. ബാഹ്യസമ്മര്‍ദ്ദങ്ങളും, അഭിപ്രായ പ്രകടനങ്ങളും എന്തായിരുന്നാലും, ദൈവഹിതത്തില്‍ ഉറച്ചു നില്‍ക്കേണ്ടതെങ്ങനെയെന്ന മഹത്തായ മാതൃകയാണ് ഇരുവരും നല്‍കുന്നത്. അത്ഭുതത്തില്‍നിന്നും ഭീതിയിലേക്ക് മറ്റുള്ളവര്‍ക്ക് വ്യത്യസ്ത വികാരഭാവങ്ങള്‍ നിറഞ്ഞ സംഭവങ്ങള്‍ നല്‍കിയാണ് യോഹന്നാന്റെ ജനനം. ധുപാര്‍പ്പണം കഴിഞ്ഞ് വൈകുന്നതെന്തേ എന്ന് ദേവാലയത്തില്‍ വെളിയില്‍ നിന്നവര്‍ അത്ഭുതപ്പെട്ടു. ശിശുവിന്റെ ജനനത്തില്‍ സന്തോഷിച്ചു. കുടുംബത്തിലില്ലാത്ത പേരായ 'യോഹന്നാന്‍' ശിശുവിനിട്ടപ്പോള്‍ അവര്‍ പിറുപിറുത്തു. ഊമ നായ സഖറിയ എഴുത്തുപലകയില്‍ യോഹന്നാന്‍ എന്നെഴുതിയപ്പോള്‍ അവന്റെ നാവു സ്വതന്ത്രമായതു കണ്ട് ഭയപ്പെട്ടു. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടെന്നു ബോധ്യപ്പെട്ട കാഴ്ചക്കാരില്‍ അത്ഭുതം ഭീതിയിലേക്ക് മാറി. ഈ ശിശു ആരായിത്തീരും എന്നത് അത്ഭുതവും അതോടൊപ്പം ഭീതിയും ജനിപ്പിക്കുന്ന ഒന്നായിമാറി. രക്ഷകന് വഴിയൊരുക്കാന്‍ വന്നവന്‍ മുഖംനോക്കാതെ തെറ്റുകള്‍ക്കു നേരേ വിരല്‍ ചൂണ്ടുന്നവനായി മാറുന്നതിലൂടെ അനീതിയുടെ പക്ഷം ചേര്‍ന്നവര്‍ക്കു ഭയ കാരണമായി മാറി. ജനനത്തിലൂടെ അത്ഭുതം പകര്‍ന്നവന്‍ പിന്നീട് കര്‍മ്മത്തിലൂടെ തിന്മചെയ്യുന്നവര്‍ക്ക് ഭീതികാരണമായി മാറി. സ്‌നാനം സ്വീകരിക്കാന്‍ അടുത്തെത്തിയവരും, പടയാളികളും 'ഗുരോ ഞങ്ങള്‍ എന്തുചെയ്യണം' എന്ന് ചോദിക്കാന്‍ സന്നദ്ധരായത് ഈ ഭീതിമൂലമാണ്. മ്യൂട്ടില്‍ നിന്നും അണ്‍മ്യൂട്ടിലേക്ക്... ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ കൂട്ടായ്മകളില്‍ ആവശ്യാനുസരണം മ്യൂട്ട്- അണ്‍മ്യൂട്ട് ഓപ്ഷന്‍ ഉള്ളത് നമുക്ക് സുപരിചിതമാണ്. ഇത്തരം ഒരു ഓപ്ഷനില്‍ പെട്ടുപോയിരുന്നു സഖറിയായുടെ പത്തു മാസജീവിതം. ഗബ്രിയേല്‍ ദൂതന്റെ സന്തോഷവാര്‍ത്ത സഖറിയാ സ്വീകരിക്കാതിരുന്നതല്ല. ഉത്ക്കണ്ഠ കൊണ്ടു പറഞ്ഞുപോയതാണ് - 'ഞാന്‍ വൃദ്ധന്‍, ഭാര്യ പ്രായം കവിഞ്ഞവള്‍.' ഈ പ്രതികരണത്താല്‍ സഖറിയായെ ഗബ്രിയേല്‍ മ്യൂട്ടു ചെയ്തു. ഞാന്‍ അറിയിച്ചതു സംഭവിക്കുന്നതുവരെ ഇങ്ങനെ തുടരുമെന്ന് ഗബ്രിയേല്‍ കാലാവധിയും അറിയിച്ചു. കുഞ്ഞു ജനിച്ച് എട്ടുദിവസംകൂടി കാത്തിരിക്കേണ്ടിവന്നു സഖറിയാ അണ്‍മ്യൂട്ട് ആകാന്‍. യോഹന്നാന്‍ എന്നപേര് എഴുതി പൂര്‍ത്തിയായപ്പോള്‍ നാവ് സ്വതന്ത്രമായി. സഖറിയാ ദൈവത്തെ വാഴ്ത്താന്‍ നാവ് ഉപയോഗപ്പെടുത്തി. ശബ്ദത്തിലും, നിശബ്ദതയിലും ദൈവത്തോട് ചേര്‍ന്നുനിന്ന സഖറിയാ, സ്വന്തം അധരങ്ങള്‍ക്ക് കാവലായി ഒരു ദൂതനുണ്ടായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ചെയ്തത്. ഉന്നതത്തില്‍നിന്നുള്ള ഉദയരശ്മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ (ലൂക്കാ 1:78) സമാധാനം ഉണ്ടാകുന്നതെങ്ങനെയെന്ന് എലിസബത്ത് - സഖറിയ ജീവിതം നമ്മുടെ മുമ്പില്‍ തെളിയിക്കുന്നു. ഉദരത്തില്‍ വച്ചുതന്നെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവന്‍ 'ഇവന്‍ തന്നെയോ ക്രിസ്തു' എന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നവിധം സദ്വാര്‍ത്തകളുടെ പ്രഘോഷകനായി (ലൂക്കാ3:18). 'ദൈവം ഓര്‍മ്മിക്കുന്നു' എന്നര്‍ഥമുള്ള സഖറിയായും 'ദൈവ ത്തിന്റെ വാഗ്ദാനം' എന്നര്‍ഥമുള്ള എലിസബത്തും തങ്ങളുടെ പേരിന്റെ അര്‍ഥം പ്രവൃത്തിയിലൂടെ പ്രകടമാക്കിയപ്പോള്‍, 'ദൈവകൃപ' എന്നര്‍ഥം വരുന്ന യോഹന്നാന്റെ ജനനത്തിലേക്ക് അത് എത്തിച്ചേര്‍ന്നു. ദൈവം നമ്മെ ഓര്‍മ്മിക്കുന്നതിനാല്‍ ദൈവത്തിന്റെ വാഗ്ദാന മായ ദൈവകൃപ വിവിധരൂപങ്ങളില്‍ നമ്മില്‍ എത്തിച്ചേര്‍ന്നുകൊണ്ടിരി ക്കുന്നു. ദൈവഹിതത്തിന് വിധേയമായി മുന്നേറുമ്പോള്‍, ലോകത്തിന്റെ കാഴ്ചപ്പാടിലുള്ള പോരായ്മകള്‍ അനുഗ്രഹങ്ങളായിമാറുന്ന അത്ഭുതം നമ്മിലൂടെ സംഭവിക്കും. അതിനായി നാം പിടിക്കേണ്ട കരം കര്‍ത്താവിന്റേതാണെന്ന ബോധ്യം നമ്മെ നയിക്കട്ടെ. ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെയും സന്ദര്‍ശിക്കട്ടെ. ✝ ✝ ✝ ✝ ✝ ..................................... homilieslaity.com