മംഗലവാര്‍ത്തക്കാലം

മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ആരാധനാവല്‍സരം ആരംഭിക്കുന്നത് മംഗലവാര്‍ത്തക്കാലത്തോടുകൂടിയാണ്. ഡിസംബര്‍ 25-ാം തീയതി ആഘോഷിക്കപ്പെടുന്ന ഈശോയുടെ ജനനത്തിന് ഒരുക്കമായുള്ള നാല് ആഴ്ചകള്‍ കൂടിയതാണ് ഈ കാലം. തിരുപ്പിറവിക്ക് ഒരുക്കമായി ഡിസംബര്‍ 1 മുതല്‍ 25 വരെ നോമ്പ് ഈയവസരത്തില്‍ ആചരിക്കുന്നതുകൊണ്ടാണ് ഈ കാലത്തിന് ’25 നോമ്പ്’ എന്നു പറയുന്നത്.


ഈശോയില്‍ പൂര്‍ത്തിയാക്കപ്പെട്ട രക്ഷാകരപ്രവൃത്തികള്‍ ആരംഭിക്കുന്നത് അവിടുത്തെ ജനനത്തോടുകൂടിയാണല്ലോ. സുറിയാനി ഭാഷയില്‍ ‘സൂബാറാ’ എന്നാണ് ഈ കാലഘട്ടത്തിന്റെ പേര്. ‘പ്രഖ്യാപനം’, ‘അറിയിപ്പ്’ എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ത്ഥം. രക്ഷകനെ പ്രതീക്ഷിച്ചിരുന്ന മാനവവംശത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും മംഗളകരമായ വാര്‍ത്തയായിരുന്നല്ലോ ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ കന്യകാമറിയത്തെ അറിയിച്ചത്. അങ്ങനെ സമയത്തിന്റെ തികവില്‍ പൂര്‍ത്തിയായ ഈശോയുടെ മനുഷ്യാവതാര രഹസ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കാലം രൂപപ്പെടുത്തിയിരിക്കുന്നത്. അവിടുത്തെ മുന്നോടിയായ സ്നാപകയോഹന്നാന്റെ ജനനത്തെക്കുറിച്ചുള്ള മുന്നറിയിപ്പും അദ്ദേഹത്തിന്റെ ജനനവും അടങ്ങുന്ന മംഗളസംഭവവും ഈ ദിവസങ്ങളില്‍ സഭ അനുസ്മരിക്കുന്നു. ഈശോയുടെ മനുഷ്യാവതാര രഹസ്യം കൊണ്ടാടുന്നതിന് ഒരുക്കമായി മനുഷ്യസൃഷ്ടി മുതല്‍ ആദിമാതാപിതാക്കളുടെ അനുസരണക്കേടും അതിന്റെ അനന്തരഫലങ്ങളും, അധഃപതിച്ച മനുഷ്യവംശത്തിന്റെ പരിതാപകരമായ അവസ്ഥ, ദൈവം നല്കിയ രക്ഷയുടെ വാഗ്ദാനം, മാനവവംശവുമായി അവിടുന്ന് ചെയ്ത ഉടമ്പടി, രക്ഷകനെക്കുറിച്ചുള്ള പ്രവചനങ്ങള്‍ തുടങ്ങിയവയും ഈ കാലത്തില്‍ അനുസ്മരിക്കുന്നുണ്ട്. പരിശുദ്ധ ദൈവമാതാവിനു രക്ഷാകരചരിത്രത്തിലുള്ള പങ്കും ഈ കാലത്തില്‍ നാം ചിന്താവിഷയമാക്കുന്നു. 


സ്വന്തം ദയനീയാവസ്ഥയെക്കുറിച്ചു ബോധവാന്മാരായി രക്ഷകനുവേണ്ടി ദാഹിച്ച പഴയനിയമ ജനതയെപ്പോലെ, പുതിയ നിയമത്തിലെ ജനത തങ്ങളുടെ നിസ്സഹായാവസ്ഥയും പാപസാഹചര്യങ്ങളും മനസ്സിലാക്കി മിശിഹായിലേക്കു നടന്നടുക്കണമെന്നും മിശിഹായ്ക്കു പിറക്കുവാന്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ഇടം നല്കണമെന്നും ഈ കാലത്തിലെ വി. ഗ്രന്ഥവായനകളും പ്രാര്‍ത്ഥനകളും ഗീതങ്ങളും നമ്മെ അനുസ്മരിപ്പിക്കുന്നു.