മംഗലവാര്‍ത്തക്കാലം 02

മംഗലവാര്‍ത്തക്കാലം 02: ഈശോയുടെ ജനനത്തെക്കുറിച്ചുള്ള സദ്വാര്‍ത്ത -Luke 1.26-38

ഞായര്‍ പ്രസംഗം മംഗളവാര്‍ത്താക്കാലം രണ്ടാം ഞായര്‍ ഡിസംബര്‍ 08 ലൂക്കാ 1: 26-38 ഈശോയുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പ്

രക്ഷകനായ മിശിഹായുടെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പാണ് മംഗളവാര്‍ത്താക്കാലം രണ്ടാം ഞായറാഴ്ചത്തെ സുവിശേഷഭാഗം (ലൂക്കാ 1:26-38).

മനുഷ്യനായി അവതരിക്കുന്ന ദൈവത്തിന്റെ അമ്മയാകുവാന്‍ വിളിക്കപ്പെട്ട മറിയമാണ് ഈ രംഗത്തെ മുഖ്യ കഥാപാത്രം. പരിശുദ്ധ കന്യകാമറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നത് സഖറിയായ്ക്ക് അറിയിപ്പ് നല്കിയ ഗബ്രിയേല്‍ ദൂതന്‍ തന്നെയാണ്. പഴയനിയമത്തില്‍ പല സന്ദര്‍ഭങ്ങളിലായി ദൈവം രക്ഷകനായ മിശിഹായെക്കുറിച്ച് നല്കിയിരുന്ന വാഗ്ദാനങ്ങളുടെയും പ്രവചനങ്ങളുടെയും പൂര്‍ത്തീകരണത്തെക്കുറിച്ചാണ് മറിയത്തിന് അറിയിപ്പ് ലഭിച്ചത്. ഇന്നത്തെ രണ്ട് പഴയനിയമ വായനകളും ഇസ്രായേലിന്റെ രക്ഷയെക്കുറിച്ചുള്ള അറിയിപ്പുമായി ബന്ധപ്പെട്ടവയാണ്.

സംഖ്യയുടെ പുസ്തകത്തില്‍ നിന്നുള്ള ആദ്യവായനയില്‍ (സംഖ്യ 22: 20-35) വിജാതീയനായ ബാലാമിനെപ്പോലും ദൈവം തന്റെ ദൂതനായി ഉപയോഗിക്കുന്നതു കാണാം. വാഗ്ദത്തഭൂമി ലക്ഷ്യമാക്കി യാത്ര ചെയ്യുന്ന ഇസ്രായേലിനെ കണ്ടു ഭയന്ന മൊവാബ് രാജാവായ ബാലാക്കാണ് ഇസ്രായേലിനെ ശപിപ്പിക്കാനായി ബാലാമിനെ ക്ഷണിച്ചത്. മൊവാബ് ദേശത്തേയ്ക്കുള്ള മാര്‍ഗ്ഗമധ്യേ ബാലാമിനുണ്ടാകുന്ന ദര്‍ശനത്തെക്കുറിച്ചാണ് ആദ്യവായന. ബാലാം സഞ്ചരിച്ചിരുന്ന കഴുത, വഴിയില്‍ പ്രത്യക്ഷപ്പെട്ട കര്‍ത്താവിന്റെ ദൂതനെക്കണ്ട് ഭയപ്പെട്ട് വിരണ്ടോടുകയും വഴിയില്‍ വീണുകിടക്കുകയും ചെയ്തു. അരിശം പൂണ്ട ബാലാം, കഴുതയ്ക്കിട്ട് വടി കൊണ്ട് മൂന്നു തവണ അടിച്ചു. കര്‍ത്താവ് നല്കിയ സംസാരശക്തിയാല്‍ കഴുത, തന്നെ അടിച്ചതിന്റെ കാരണമന്വേഷിച്ചു. കഴുത സംസാരിക്കുന്നതു കേട്ടപ്പോള്‍ മാത്രമാണ് മുമ്പില്‍ നില്‍ക്കുന്ന കര്‍ത്താവിന്റെ ദൂതനെ ബാലാം കാണുന്നത്.

കര്‍ത്താവ് നിര്‍ദ്ദേശിക്കുന്ന വചനം മാത്രമേ ബാലാക്കിന്റെ പക്കലെത്തുമ്പോള്‍ ബാലാം പറയാവൂ എന്ന് അറിയിക്കാന്‍ വേണ്ടിയാണ് ദൂതന്‍ പ്രത്യക്ഷപ്പെട്ടത്. ഈ നിര്‍ദ്ദേശപ്രകാരമാണ് ബാലാം ഇസ്രായേലിനെ ശപിക്കുന്നതിനു പകരം അനുഗ്രഹിച്ചതും ഭാവിയില്‍ ജനിക്കാനിരുന്ന രാജാവിനെയും അവന്റെ ജനനത്തില്‍ പ്രത്യക്ഷപ്പെടാനിരുന്ന നക്ഷത്രത്തെയും കുറിച്ച് പ്രവചിച്ചതും (സംഖ്യ 24,17). ഇതിന്റെ വെളിച്ചത്തിലാണല്ലോ പൗരസ്ത്യദേശത്തു നിന്നുള്ള ജ്ഞാനികള്‍ ഈശോയുടെ ജനനവേളയില്‍, ഇസ്രായേലിന് ജനിച്ചിരിക്കുന്ന രാജാവിനെ അന്വേഷിച്ച് ജറുസലേമിലെ രാജകൊട്ടാരത്തിലെത്തുന്നത് (മത്തായി 2:1-12).

മറിയത്തിന് ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെടുന്നത്, മിശിഹായ്ക്ക് വഴിയൊരുക്കുന്ന യോഹന്നാന്‍സ്‌നാപകന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പിന്റെ ആറാം മാസത്തിലാണ്. ഇരുസംഭവങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കാനാണ് ആറാം മാസം എന്ന സമയസൂചന സുവിശേഷകന്‍ നല്കുന്നത്. സഖറിയായ്ക്ക് അറിയിപ്പ് ലഭിച്ചത് ജറുസലേം ദൈവാലയത്തില്‍ വച്ചാണെങ്കില്‍, മറിയത്തിനത് ലഭിച്ചത് നസ്രത്തിലെ ലളിതമായ കുടുംബസാഹചര്യത്തിലാണ്. ശക്തരെ അവരുടെ സിംഹാസനങ്ങളില്‍ നിന്നു താഴെയിറക്കി, വിനീതരെ ഉയര്‍ത്തുന്ന, ദാസിയുടെ താഴ്മയെ കടാക്ഷിക്കുന്ന പുതിയനിയമത്തിന്റെ നൂതനശൈലി വ്യക്തമാക്കുന്നതാണ് അറിയിപ്പിന്റെ സ്ഥലങ്ങള്‍ തമ്മിലുള്ള ഈ വ്യത്യാസം.

കന്യകയായ മറിയത്തെ അവതരിപ്പിച്ചിരിക്കുന്നത് ദാവീദ് വംശജനായ യൗസേപ്പുമായി ബന്ധിപ്പിച്ചാണ്. മറിയത്തില്‍ നിന്നു  ജനിക്കാനിരിക്കുന്നവന്‍ നിയമപ്രകാരം ദാവീദിന്റെ പുത്രനാണ് എന്നു സാരം. യാക്കോബിന്റെ ഭവനത്തിന്മേല്‍ എന്നേയ്ക്കും വാഴുവാനുള്ള നിത്യരാജാവ് ദാവീദിന്റെ പുത്രനായി ജനിക്കും എന്നായിരുന്നല്ലോ ദൈവം പ്രവാചകനായ നാഥാനിലൂടെ നല്കിയ വാഗ്ദാനം (2 സാമു. 7:12-14). ഈ വാഗ്ദാനത്തിന്റെ തന്നെ ഭാഷയുപയോഗിച്ചാണ് ഗബ്രിയേല്‍ മറിയത്തോട് രക്ഷകന്റെ ജനനത്തെക്കുറിച്ച് അറിയിക്കുന്നത് (ലൂക്കാ 1:32-33). ജറീക്കോയിലെ അന്ധന്‍ ഈശോയെ വിളിച്ചപേക്ഷിക്കുന്നതും ജറുസേലം പ്രവേശനവേളയില്‍ ജനക്കൂട്ടം ആര്‍ത്തുവിളിക്കുന്നതുമെല്ലാം 'ദാവീദിന്റെ പുത്രാ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണല്ലോ.

യൗസേപ്പുമായി മറിയത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിട്ടേയുണ്ടായിരുന്നുള്ളു; അവര്‍ ഒന്നിച്ചു ജീവിക്കാന്‍ ആരംഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെയാണ്, 'ഞാന്‍ പുരുഷനെ അറിയാതിരിക്കെ ഇതെങ്ങനെ സംഭവിക്കും' (ലൂക്കാ 1:34) എന്ന് ദൂതനോട് അവള്‍ ചോദിക്കുന്നതും. ദൈവമാണ് ഗബ്രിയേല്‍ ദൂതനെ മറിയത്തിന്റെ പക്കലേക്ക് അയച്ചത് എന്ന് എടുത്തുപറയുന്നത് അറിയിക്കാന്‍ പോകുന്ന മംഗളവാര്‍ത്ത ദൈവത്തില്‍ നിന്നു തന്നെയാണ് എന്നു കാണിക്കാനാണ്. മാലാഖവൃന്ദത്തിന്റെ തലവന്‍ സര്‍വ്വശക്തനായ ദൈവത്താല്‍ പരിശുദ്ധയായ കന്യകയുടെ പക്കലേയ്ക്ക് അയയ്ക്കപ്പെട്ടത്, അസാധാരണവും രഹസ്യാത്മകവുമായ സംഭവത്തിന്റെ നല്ല വാര്‍ത്ത അറിയിക്കുന്നതിനു വേണ്ടിയായിരുന്നു.

കൃപ നിറഞ്ഞവളേ, എന്ന അഭിസംബോധന ദൈവപുത്രന്റെ മാതാവാകുന്നതിന് മറിയത്തിനുള്ള യോഗ്യത വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ ഭാഗത്തു നിന്നുള്ള സവിശേഷമായ തിരഞ്ഞെടുപ്പിനെയും ഒരുക്കലിനെയുമാണ് ദൈവകൃപ സൂചിപ്പിക്കുന്നത്. കര്‍ത്താവ് നിന്നോടു കൂടെ എന്ന് ദൂതന്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ അര്‍ത്ഥമിതാണ്. കൃപ ദൈവത്തിന്റെ ദാനമാണ്. ഇതിന്റെ മറുവശമാണ്, നീ ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയിരിക്കുന്നു എന്ന പ്രസ്താവനയിലുള്ളത്.

പാപക്കറ ഏശാതെ ജീവിച്ചുകൊണ്ട് മറിയം ദൈവത്തിന്റെ ഈ കൃപാദാനത്തോട് പൂര്‍ണ്ണമായി സഹകരിച്ചു. തന്റെ മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും ജീവിതം മുഴുവനും വഴിയാണ് മറിയം ദൈവസന്നിധിയില്‍ സംപ്രീതി കണ്ടെത്തിയത്. ഇതെക്കുറിച്ച്‌ ബീഡ് പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: "സത്യമായും അവള്‍ കൃപ നിറഞ്ഞവളായിരുന്നു. ദൈവികപ്രീതിയാല്‍ അത് അവള്‍ക്ക് നല്കപ്പെട്ടു. പകരം, കന്യാത്വമെന്ന മഹത്വപൂര്‍ണ്ണമായ ദാനം സ്ത്രീകളില്‍ ആദ്യമായി അവള്‍ കര്‍ത്താവിന് സമര്‍പ്പിക്കുന്നു. അപ്രകാരം മാലാഖയുടെ ജീവിതത്തെ അനുകരിക്കാന്‍ ആഗ്രഹിച്ച അവള്‍ക്ക്, ഒരു മാലാഖയെ കാണാനും സംസാരിക്കാനും ഭാഗ്യം കൈവന്നു. കൃപയും സത്യവും ആരിലൂടെ വന്നുവോ ആ ഈശോമിശിഹായ്ക്കു ജന്മം നല്കിയവള്‍ കൃപ നിറഞ്ഞവളായിരുന്നു. അതുകൊണ്ട് സത്യമായും കര്‍ത്താവ് അവളോടു കൂടെ ഉണ്ടായിരുന്നു."

മറിയം ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുമെന്നും അവന്‍ അത്യുന്നതന്റെ പുത്രന്‍ എന്ന് വിളിക്കപ്പെടുമെന്നുമുള്ള അറിയിപ്പ് മറിയത്തിന് പൂര്‍ണ്ണമായി മനസ്സിലായില്ല. ദൂതന്‍ നല്കിയ വിശദീകരണവും മാനുഷിക ബുദ്ധിയ്ക്ക് ഗ്രഹിക്കാവുന്നതിലുപരിയായിരുന്നു. "പരിശുദ്ധാരൂപി നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും" എന്നായിരുന്നല്ലോ ഗബ്രിയേല്‍ മാലാഖ നല്കിയ വിശദീകരണം. ദൈവാരൂപിയുടെ പ്രവര്‍ത്തനത്താലാണെങ്കിലും വിവാഹത്തിനു മുമ്പ് ഗര്‍ഭിണിയായാല്‍ തനിക്കു ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളെയും സഹനങ്ങളെയും കുറിച്ച് മറിയം ഒരുനിമിഷം ചിന്തിച്ചുകാണണം.

ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന്  ഉറച്ചുവിശ്വസിച്ച മറിയം, ദൈവികപദ്ധതിക്ക് പൂര്‍ണ്ണമായി തന്നെത്തന്നെ വിട്ടുകൊടുക്കുന്നതായാണ് തുടര്‍ന്ന് നമ്മള്‍ കാണുന്നത്. അവള്‍ പ്രത്യുത്തരിച്ചു: "ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി; നിന്റെ വചനം പോലെ എന്നില്‍ സംഭവിക്കട്ടെ." മറിയം ദൈവകൃപ നിറഞ്ഞവളും ദൈവസന്നിധിയില്‍ സംപ്രീതി കണ്ടെത്തിയവളുമായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ മറുപടി. മറിയത്തിന്റെ സമ്പൂര്‍ണ സമര്‍പ്പണമാണ് നാമിവിടെ കാണുന്നത്. കര്‍ത്താവിന്റെ ദാസിയായുള്ള സമര്‍പ്പണം. നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്നു പറഞ്ഞപ്പോള്‍ ദൈവത്തിന്റെ വചനം മറിയത്തില്‍ മനുഷ്യനാവുകയായിരുന്നു.

സഭാപിതാവായ ഇരണേവൂസിന്റെ വാക്കുകളില്‍: "ദൈവത്തിന്റെ വചനത്തോട് മറുതലിച്ച് ദൈവത്തില്‍ നിന്ന് ഓടിയകന്ന ദൂതന്റെ (സാത്താന്റെ) വാക്കുകളാല്‍ ഹവ്വാ വശീകരിക്കപ്പെട്ടെങ്കില്‍, ദൈവത്തിന്റെ വചനം അനുസരിക്കുന്നതുവഴി മറിയം ദൈവത്തെ വഹിക്കും എന്ന സന്തോഷകരമായ വര്‍ത്തമാനം ദൂതനില്‍ നിന്ന് സ്വീകരിച്ചു. ആദ്യത്തേയാള്‍ (ഹവ്വാ) ദൈവത്തെ ധിക്കരിക്കുന്നതിനു വേണ്ടി വശീകരിക്കപ്പെടുകയും അതുവഴി പാപത്തില്‍ വീഴുകയും ചെയ്തു. എന്നാല്‍, രണ്ടാമത്തെയാള്‍ (കന്യകാമറിയം) ദൈവത്തെ അനുസരിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയും അതുവഴി ഹവ്വായുടെ വക്താവായി മാറുകയും ചെയ്തു. ഒരു കന്യകയുടെ പ്രവൃത്തി വഴി മനുഷ്യകുലം മരണത്തിന് കീഴടങ്ങി. മറ്റൊരു കന്യകയാല്‍ അതു പൂര്‍വ്വസ്ഥിതിയിലായി. വാസ്തവത്തില്‍, ആദ്യത്തെ മനുഷ്യനാല്‍ ഉണ്ടായ പാപം ആദ്യജാതനേറ്റ കഠിനസഹനം വഴി ഇല്ലാതാക്കപ്പെട്ടു. സര്‍പ്പത്തിന്റെ കൗശലത്തെ പ്രാവിന്റെ നിഷ്‌കളങ്കത കീഴടക്കി."

മറിയം എപ്രകാരമാണ് ഒരേ സമയം കന്യകയും മാതാവുമായി തുടരുന്നത് എന്ന് സഭാപിതാവായ ജെറോം വിശദീകരിക്കുന്നത് ശ്രദ്ധേയമാണ്: "കതകുകള്‍ അടച്ചിരുന്നു; ഈശോ അകത്ത് പ്രവേശിച്ചു" എന്നു നമ്മള്‍ സുവിശേഷത്തില്‍ വായിക്കുന്നു (യോഹ. 20:19.26). അടഞ്ഞ വാതിലിലൂടെ പ്രവേശിച്ചവന്‍ ഭൂതമോ അരൂപിയോ ആയിരുന്നില്ല. യഥാര്‍ത്ഥ ശരീരത്തോടു കൂടിയ യഥാര്‍ത്ഥ മനുഷ്യനാണവന്‍. അവന്‍ പറയുന്നു: "എന്നെ സ്പര്‍ശിച്ചു നോക്കുവിന്‍. എനിക്കുള്ളതു പോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ" (ലൂക്കാ 24:39). അവന് മാംസവും അസ്ഥികളും ഉണ്ടായിരുന്നു. എങ്ങനെയാണ് മാംസവും അസ്ഥികളും അടഞ്ഞ വാതിലിലൂടെ അകത്ത് പ്രവേശിക്കുന്നത്? വാതിലുകള്‍ അടച്ചിരുന്നപ്പോള്‍ തന്നെ അവന്‍ അകത്ത് പ്രവേശിക്കുന്നു. എന്നാല്‍, അവന്‍ പ്രവേശിക്കുന്നത് നമ്മള്‍ കാണുന്നില്ല. എങ്ങനെയായാലും പ്രവേശിച്ചവന്‍ അകത്തുണ്ട്. അവന്‍ എങ്ങനെ പ്രവേശിച്ചു എന്നതിനു തെളിവില്ല. ദൈവത്തിന്റെ ശക്തി അത് നിര്‍വ്വഹിച്ചു എന്ന് നീ വിശ്വസിക്കുന്നു. ഇതുപോലെ തന്നെ അവന്‍ കന്യകയില്‍ നിന്നു ജനിച്ചു. അവള്‍ ജന്മം നല്കിയതിനു ശേഷവും കന്യകയായി തുടരുന്നു. ഇതും ദൈവത്തിന്റെ ശക്തിയുടെ പ്രവര്‍ത്തനമാണെന്നു നീ വിശ്വസിക്കണം."

മറിയത്തിന് ലഭിച്ച മംഗളവാര്‍ത്ത മനുഷ്യവര്‍ഗ്ഗം മുഴുവനും വേണ്ടിയുള്ള സദ്‌വാര്‍ത്തയാണ്. പ്രവാചകനായ ഏശയ്യായിലൂടെ ദൈവം അരുളിച്ചെയ്തിരുന്നവ പൂര്‍ത്തിയാകുന്നതിന്റെ ഭാഗം കൂടിയായിരുന്നത് (രണ്ടാം വായന). "എന്റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലേ, നിന്നെ സൃഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ നിനക്ക് രൂപം നല്കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ ഭയപ്പെടേണ്ട. വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത് അരുവികളും ഞാന്‍ ഒഴുക്കും. നിന്റെ സന്തതികളുടെ മേല്‍ എന്റെ ആത്മാവും നിന്റെ മക്കളുടെ മേല്‍ എന്റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും" (ഏശ. 44:1-3).

വറ്റിവരണ്ട മനുഷ്യജീവിതങ്ങളില്‍ ജീവജലത്തിന്റെ അരുവികള്‍ ഒഴുക്കാനും നമ്മുടെ മേല്‍ കര്‍ത്താവിന്റെ റൂഹായെയും അവിടുത്തെ അനുഗ്രഹങ്ങളെയും സമൃദ്ധമായി വര്‍ഷിക്കാനും ദൈവം ആരംഭിക്കുന്നതാണ് മറിയത്തിനു ലഭിച്ച മംഗളവാര്‍ത്തയുടെ സാരം. പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവഹിതത്തിന് പൂര്‍ണ്ണമായി സമര്‍പ്പിച്ച് ദൈവികപദ്ധതിയോട് സഹകരിച്ച് ജീവിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

(www.lifeday.in)