പള്ളികൂദാശക്കാലം

ആരാധനാവത്സരത്തിലെ അവസാനത്തെ നാല് ആഴ്ചകളാണ് പള്ളിക്കൂദാശക്കാലത്തിലുള്ളത്. പള്ളിക്കുദാശ എന്നാല്‍ സഭാസമര്‍പ്പണം എന്നാണര്‍ത്ഥം. ഇതിന്റെ ആദ്യത്തെ ഞായറാഴ്ച സഭാപ്രതിഷ്ഠയുടെ അനുസ്മരണം ആചരിക്കുന്നു. മിശിഹാ തന്റെ മണവാട്ടിയായ സഭയെ അവസാനവിധിക്കുശേഷം പിതാവിനു സമര്‍പ്പിക്കുന്നതിനെ ഈ കാലത്തിന്റെ ആരംഭത്തില്‍ത്തന്നെ നാം അനുസ്മരിക്കുന്നു. യുഗാന്തത്തില്‍ സഭ തന്റെ മക്കളോടൊപ്പം സ്വര്‍ഗ്ഗീയ ഓര്‍ശ്ളേമാകുന്ന മണവറയില്‍ തന്റെ വരനെ കണ്ടുമുട്ടുന്നു. സഭാമക്കളെ കാത്തിരിക്കുന്ന നിത്യസൌഭാഗ്യത്തിന്റെ മുന്നാസ്വാദനം നല്‍കുന്ന കാലഘട്ടമാണിത്.

മിശിഹായുടെ മനുഷ്യാവതാര രഹസ്യത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ദൈവജനം ആരംഭിക്കുന്ന വിശ്വാസതീര്‍ത്ഥാടനം തിരുസഭയുടെ സ്വര്‍ഗ്ഗീയ മഹത്വരഹസ്യത്തില്‍ പൂര്‍ത്തിയാകും വിധമാണ് ആരാധനാവത്സരം സംവിധാനം ചെയ്തിരിക്കുന്നത്.