പള്ളികൂദാശക്കാലം 03

പള്ളികൂദാശക്കാലം 03: യേശിവിന്‍റെ ശരീരം യഥാര്‍ത്ഥ ദൈവാലയം – John 2:13-22 (2:12-22)

സീറോ മലബാര്‍ പള്ളിക്കൂദാശ മൂന്നാം ഞായര്‍ നവംബര്‍ 17 യോഹ. 2: 13-22 ഈശോയുടെ ശരീരം യഥാര്‍ത്ഥ ദൈവാലയം പള്ളിക്കൂദാശാ കാലത്തിലെ മൂന്നാം ഞായറാഴ്ചയും ദൈവാലയത്തെ അഥവാ പള്ളിയെക്കുറിച്ചുള്ള പരിചിന്തനവും തിരുസഭ തുടരുകയാണ്. ദൈവമഹത്വം നിറഞ്ഞുനില്‍ക്കുന്ന സാക്ഷ്യകൂടാരത്തെക്കുറിച്ചുള്ള വിവരണമാണ് മോശയുടെ പുസ്തകത്തില്‍ നിന്ന് നമ്മള്‍ ആദ്യം ശ്രവിക്കുന്നത്. മനുഷ്യര്‍ക്കിടയിലെ ദൈവസാന്നിധ്യത്തിന്റെ ആദ്യരൂപം ഈ സാക്ഷ്യകൂടാരമായിരുന്നു. ഈ സാക്ഷ്യകൂടാരത്തിന്റെ വിസ്തൃതവും സ്ഥായിയുമായ സംവിധാനമായിരുന്നു ജറുസലേം ദൈവാലയം. ഒരു പുതിയ ജറുസലേമിലെയും കൂടുതല്‍ വിസ്തൃതമായ ഒരു കൂടാരത്തെയും കുറിച്ച് പ്രവാചകനായ ഏശയ്യായിലൂടെ ദൈവം മുന്‍കൂട്ടി അറിയിക്കുന്നതാണ് രണ്ടാമത്തെ വായന. തന്നോട് അവിശ്വസ്തരായി വര്‍ത്തിച്ച ജനത്തെ അടിമത്വത്തിനു വിട്ടുകൊടുത്തു കൊണ്ട് ശിക്ഷിച്ചതിനെക്കുറിച്ച് പരാമര്‍ശിച്ച് അവിടുന്നു പറയുന്നു: "നിമിഷ നേരത്തേയ്ക്ക് നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചു വിളിക്കും. കോപാധിക്യത്താല്‍ ക്ഷണനേരത്തേയ്ക്ക് ഞാന്‍ എന്റെ മുഖം നിന്നില്‍ നിന്നു മറച്ചുവച്ചു. എന്നാല്‍, അനന്തമായ സ്‌നേഹത്തോടെ നിന്നോടു ഞാന്‍ കരുണ കാണിക്കും എന്നു നിന്റെ വിമോചകനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. മലകള്‍ അകന്നുപോയേക്കാം. കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല. എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയില്ല (ഏശ. 54:7-10). ദൈവകരുണയുടെ എത്രയോ മനോഹരമായ പ്രകാശനമാണിത്! നാല് സുവിശേഷകന്മാരും രേഖപ്പെടുത്തുന്ന ദൈവാലയ ശുദ്ധീകരണമാണ് ഇന്നത്തെ സുവിശേഷഭാഗം. സമവീക്ഷണ സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ജറുസലേം ദൈവാലയം ശുദ്ധീകരിക്കുന്നത് അവിടുത്തെ പരസ്യജീവിതത്തിന്റെ അവസാനഘട്ടത്തിലാണ്. എന്നാല്‍, യോഹന്നാന്‍ ഈ സംഭവം ഈശോയുടെ പരസ്യജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ സംഭവിക്കുന്നതായാണ് ചിത്രീകരിക്കുന്നത്. ദൈവാലയ ശുദ്ധീകരണത്തിന് മിശിഹാസംഭവത്തിലുള്ള സവിശേഷപ്രാധാന്യം വ്യക്തമാക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. കാനായിലെ അത്ഭുതത്തിനും കഫര്‍ണാമിലെ ഹ്രസ്വവാസത്തിനും ശേഷം ഈശോ ജറുസലേമിലേയ്ക്കു പോയി. യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു. മറ്റേതൊരു ഭക്തനായ യഹൂദനേയും പോലെ, ഈശോയും വര്‍ഷംതോറും പെസഹായ്ക്കും മറ്റു പ്രധാന തിരുനാളുകള്‍ക്കും ഓര്‍ശ്ലലേം ദൈവാലയ ത്തിലെത്തിയിരുന്നു. യഹൂദമത ജീവിതത്തിന്റെ കേന്ദ്രം ജറുസലേമിലെ ഈ ദൈവാലയമായിരുന്നു. ഇസ്രായേല്‍ ജനം ദൈവസാന്നിധ്യം സവിശേഷമാംവിധം അനുഭവിച്ചിരുന്നതും ഈ ദൈവിക ഭവനത്തിലായിരുന്നു. പ്രധാന പുരോഹിതനും ജറുസലേമിലെ പുരോഹിത പ്രമുഖരുമായിരുന്നു ദൈവാലയ നടത്തിപ്പ് നിയന്ത്രിച്ചിരുന്നത്. പെസഹാത്തിരുനാളിന് ലോകമെമ്പാടുമുള്ള യഹൂദര്‍ ജറുസലേമില്‍ തീര്‍ത്ഥാടകരായി എത്തിയിരുന്നു. അക്കൂട്ടത്തില്‍ യഹൂദരാകാന്‍ ഒരുങ്ങിക്കൊണ്ടിരുന്ന വിജാതീയരും ഉണ്ടായിരുന്നു. വിജാതീയ നാടുകളില്‍ നിന്ന് തീര്‍ത്ഥാടകരായി വരുന്നവര്‍ കൊണ്ടുവരുന്ന നാണയങ്ങളില്‍ വിജാതീയ രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും രൂപങ്ങളുണ്ടായിരുന്നു. ഇപ്രകാരമുള്ള നാണയങ്ങള്‍ ദൈവാലയ നികുതിയായോ ബലിമൃഗങ്ങള്‍ക്കുള്ള വിലയായോ സ്വീകരിച്ചിരുന്നില്ല. യഹൂദാ നാണയങ്ങള്‍ മാത്രമേ ദൈവാലയത്തില്‍ സ്വീകാര്യമായിരുന്നുള്ളൂ. അതുകൊണ്ടാണ് നാണയ മാറ്റക്കാര്‍ ദൈവാലയത്തോടനുബന്ധിച്ച് ആവശ്യമായി വന്നത്. തീര്‍ത്ഥാടകര്‍ക്ക് ബലിസമര്‍പ്പണത്തിനായി ബലിമൃഗങ്ങളെ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് കാള, ആട്, പ്രാവ് എന്നിവ വിൽക്കുന്നവർ അവിടെയുണ്ടായിരുന്നതും. യഹൂദമതം സ്വീകരിക്കാന്‍ ഒരുങ്ങിക്കൊണ്ടിരുന്ന വിജാതീയര്‍ക്ക് ആരാധനയില്‍ സംബന്ധിക്കാനായി, വിജാതീയരുടെ അങ്കണം എന്ന പേരില്‍ ഒരു പ്രത്യേക സംവിധാനം തന്നെ ദൈവാലയത്തോടു ചേര്‍ന്നുണ്ടായിരുന്നു. അവിടെയാണ് ഈ കച്ചവടം നടന്നിരുന്നത്. വിജാതീയരുടെ ദൈവാരാധനയ്ക്ക് ഈ കച്ചവടം തടസ്സം സൃഷ്ടിച്ചു എന്നതായിരുന്നു ഈശോയെ ക്ഷുഭിതനാക്കിയത്. ദൈവാലയത്തില്‍ പ്രവേശിച്ച ഈശോ അവിടെ കച്ചവടം നടത്തിയിരുന്നവരെ കയർ കൊണ്ടുണ്ടാക്കിയ ചാട്ട ഉപയോഗിച്ച് പുറത്താക്കി. എന്റെ പിതാവിന്റെ ഭവനം നിങ്ങള്‍ കച്ചവടസ്ഥലം ആക്കരുത് എന്ന താക്കീതും അവിടുന്ന് അവര്‍ക്കു നല്കി. ദൈവത്തെ "എന്റെ പിതാവ്" എന്ന് ഈശോ ആദ്യമായാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. ദൈവപുത്രന്‍ എന്ന നിലയിലുള്ള അധികാരമുപയോഗിച്ചാണ് താന്‍ ദൈവാലയം ശുദ്ധീകരിക്കുന്നത് എന്നു സൂചിതം. പിതാവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളുമാണ് യഹൂദ നേതാക്കന്മാരുമായുള്ള സകല പ്രശ്‌നങ്ങള്‍ക്കും കാരണമായത്. അതു തന്നെയാണ് അവിടുത്തെ കുരിശിലെത്തിച്ചതും. മിശിഹായുടെ കാലത്ത് ബലിമൃഗങ്ങളെ വാങ്ങാനും വിൽക്കാനുമുള്ള ക്രമീകരണങ്ങള്‍ ദൈവാലയത്തില്‍ ഉണ്ടാവില്ല എന്നു സഖറിയാ പ്രവാചകന്‍ മുന്‍കൂട്ടി അറിയിച്ചിട്ടുമുണ്ട് (സഖ. 14:21). ബലിയര്‍പ്പണ സംവിധാനങ്ങള്‍ മാറ്റുക വഴി താന്‍ തന്നെയാണ് പ്രവാചകന്മാര്‍ അറിയിച്ച മിശിഹാ എന്ന് ഈശോ തെളിയിക്കുകയായിരുന്നു. പഴയനിയമ ബലിയര്‍പ്പണ സംവിധാനങ്ങള്‍ നിശ്ചലമാക്കുക വഴി ദൈവാരാധനയില്‍ സംഭവിക്കാന്‍ പോകുന്ന സാരമായ മാറ്റം അവിടുന്ന് പ്രതീകാത്മകമായി അവതരിപ്പിക്കുകയായിരുന്നു. പഴയനിയമ ആരാധന, സത്യത്തിലും അരൂപിയിലുമുള്ള പുതിയ ഉടമ്പടിയുടെ ആരാധാനയ്ക്കു വഴി മാറിക്കൊടുക്കും (യോഹ. 4:24). തന്റെ മനുഷ്യശരീരം തന്നെയാണ് യഥാര്‍ത്ഥ ദൈവാലയം എന്നു കാണിക്കുക വഴി മനുഷ്യനായവതരിച്ച താന്‍ തന്നെയാണ് പുതിയനിയമ ആരാധനയുടെ കേന്ദ്രം എന്ന് അവിടുന്നു പഠിപ്പിക്കുന്നു. മിശിഹാരഹസ്യത്തിന്റെ അനുസ്മരണവും ആഘോഷവുമായ പരിശുദ്ധ കുര്‍ബാനയാണല്ലോ പുതിയനിയമ ആരാധാനയുടെ മുഖ്യഘടകം. ഉത്ഥാനത്തിൽ എത്തിനിൽക്കുന്ന അവിടുത്തെ സഹനമരണങ്ങളുടെ കൗദാശിക ആഘോഷമായ പരിശുദ്ധ കുര്‍ബാനയിലെ തിരുലിഖിത വായനകള്‍ രക്ഷാകര ചരിത്രത്തില്‍ ദൈവം അറിയിച്ചിട്ടുള്ളതും ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ മിശിഹാസംഭവത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്. പിതാവിന്റെ ഭവനത്തെക്കുറിച്ചുള്ള ഈശോയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ശിഷ്യന്മാര്‍, നിന്റെ ഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു (സങ്കീ. 69:10) എന്ന സങ്കീര്‍ത്തനവചനം അനുസ്മരിച്ചു. ദൈവാലയത്തില്‍ പ്രത്യേകിച്ച്, വിജാതീയരുടെ അങ്കണത്തില്‍ കച്ചവടം നടത്തിയതും ആ കച്ചവടത്തില്‍ തന്നെ അഴിമതിയും ചൂഷണവും കടന്നുകൂടിയതുമാണ് ദൈവഭവനത്തെക്കുറിച്ചുള്ള തീക്ഷ്ണത ജ്വലിപ്പിക്കാന്‍ കാരണമായത്. ദൈവാലയത്തിലെയും യഹൂദമത ജീവിതത്തിലെയും ഈ പൊള്ളത്തരത്തിനെതിരെ ശബ്ദമുയര്‍ത്തിയതു കൊണ്ടാണല്ലോ അവിടുന്ന് കുരിശിലേറേണ്ടി വന്നതു തന്നെ. ദൈവാലയത്തിലെ ഈശോയുടെ പ്രവൃത്തികളില്‍ ക്ഷുഭിതരായ യഹൂദനേതാക്കള്‍ അവിടുത്തോടു ചോദിച്ചു: "ഇവ ചെയ്യാന്‍ നിനക്ക് അധികാരമുണ്ട് എന്നതിന് എന്ത് അടയാളം കാണിക്കാന്‍ കഴിയും?" ദൈവാലയത്തില്‍ ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടെന്നതിന് ദൈവത്തില്‍ നിന്ന് ഒരു സാക്ഷ്യമാണ് അവര്‍ പ്രതീക്ഷിച്ചത്. ഈശോ അവരോട് അരുളിച്ചെയ്തു: "നിങ്ങള്‍ ഈ ദൈവാലയം തകര്‍ക്കുവിന്‍. മൂന്ന് ദിവസം കൊണ്ട് ഞാന്‍ അത് പുനരുദ്ധരിക്കും." തന്റെ ദൈവാലയ ശുദ്ധീകരണത്തെ അധികം താമസിയാതെ സംഭവിക്കാനിരുന്ന ദൈവാലയ നാശവുമായി അവിടുന്ന് ബന്ധിപ്പിക്കുകയായിരുന്നു. ജറെമിയാ പ്രവാചകന്റെ ശൈലിയിലാണ് ഈശോ ഇവിടെ സംസാരിക്കുന്നത്. ജനം അനുതപിച്ച് സത്യദൈവത്തിലേയ്ക്ക് തിരിച്ചു വരുന്നില്ലെങ്കില്‍ അവരുടെ ദൈവാലയം നശിപ്പിക്കപ്പെടുമെന്ന് ബാബിലോണിയാക്കാര്‍ ദൈവാലയം നശിപ്പിക്കുന്നതിനു മുമ്പ് ജറെമിയാ മുന്നറിയിപ്പു നല്കിയിരുന്നു (ജറെ. 7:1-15). ഈശോയുടെ വാക്കുകളുടെ പൊരുള്‍ മനസ്സിലാക്കാത്ത ദൈവാലയ അധികൃതര്‍ വീണ്ടും അവിടുത്തോടു ചോദിച്ചു: "പണിയാന്‍ നാല്പത്തിയാറു വത്സരം വേണ്ടി വന്ന ഈ ദൈവലായം മൂന്നു ദിവസം കൊണ്ട് നീ പുനരുദ്ധരിക്കുമോ?" ബി.സി. ആറാം നൂറ്റാണ്ടില്‍ ബാബിലോണിയാക്കാര്‍ തകര്‍ത്ത ദൈവാലയം അടിമത്വത്തില്‍ നിന്നു തിരിച്ചെത്തിയവര്‍ പുതുക്കിപ്പണിതു. ഈ ദൈവാലയത്തിന്റെ പുനരുദ്ധാണ ജോലികള്‍ ബി.സി. 19-ല്‍ ഹേറോദ് രാജാവ് ആരംഭിച്ചു. ഈശോയുടെ കാലത്തും പുനരുദ്ധാരണ ജോലികള്‍ തുടര്‍ന്നുപോന്നു. യഹൂദാധികാരികള്‍ ചിന്തിച്ചത്, ഈശോ ഇപ്പോഴുള്ള ദൈവാലയം നശിപ്പിച്ച് മറ്റൊന്ന് പണിയുമെന്നായിരുന്നു. പക്ഷേ, ഈശോ ഉദ്ദേശിച്ചത് അതല്ല എന്നും അവിടുത്തെ വാക്കുകളുടെ ആത്മീയാര്‍ത്ഥം എന്തെന്നും യോഹന്നാന്‍ സുവിശേഷകന്‍ വ്യക്തമാക്കുന്നുണ്ട്: "തന്റെ ശരീരമാകുന്ന ദൈവാലയത്തെപ്പറ്റിയാണ് അവിടുന്നു പറഞ്ഞത്." ഈശോ മരണശേഷം ഉയര്‍ത്തപ്പോള്‍, അവിടുന്ന് ഇത് പറഞ്ഞിരുന്നുവെന്ന് ശിഷ്യന്മാര്‍ ഓര്‍ക്കുകയും തിരുലിഖിതങ്ങളും ഈശോ അരുളിച്ചെയ്ത വാക്കുകളും വിശ്വസിക്കുകയും ചെയ്തു (യോഹ. 2:21-22). മനുഷ്യനായി അവതരിച്ച വചനം തന്നെയാണ് മനുഷ്യരുടെ മധ്യേയുള്ള ദൈവിക വാസസ്ഥലം എന്ന് സുവിശേഷാരംഭത്തില്‍ യോഹന്നാന്‍ വ്യക്തമാക്കിയതാണ്. വചനം മാംസമായി നമ്മുടെയിടയില്‍ കൂടാരമടിച്ചു (യോഹ. 1:14) എന്ന് രേഖപ്പെടുത്തുമ്പോള്‍ സുവിശേഷകന്‍ ഉദ്ദേശിച്ചത്, ഈ ഭൂമിയിലെ പുതിയ ദൈവാലയം ഈശോയുടെ ശരീരമാണ് എന്നാണ്. ബേഥേലില്‍ യാക്കോബിനുണ്ടായ സ്വപ്നത്തെക്കുറിച്ച്‌ പരാമര്‍ശിക്കുമ്പോള്‍ (യോഹ. 1:51) ദൈവിക വെളിപാടിന്റെ വേദിയായ യഥാര്‍ത്ഥ ദൈവികഭവനം മനുഷ്യനായി അവതരിച്ച ദൈവത്തിന്റെ വചനമാണ് എന്നും വ്യക്തമാക്കിയിരുന്നതാണ്. ഈശോ പറഞ്ഞതിന്റെയും പ്രവര്‍ത്തിച്ചതിന്റെയുമെല്ലാം ദൈവികസാക്ഷ്യം മരിച്ചവരില്‍ നിന്നുള്ള ഈശോയുടെ ഉയര്‍പ്പാണ്. അവിടുത്തെ ശരീരമാകുന്ന ദൈവാലയത്തെ മരണത്തില്‍ നിന്നു രക്ഷിച്ചുകൊണ്ട് അവിടുന്ന് ദൈവപുത്രനാണ് എന്ന് പിതാവ് സാക്ഷ്യപ്പെടുത്തി. ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ (www.lifeday.in)