നോയമ്പ്ക്കാലം 01

നോയമ്പ്ക്കാലം 01: ഉപവാസത്തിലൂടെ പരീക്ഷകളെ അതി ജീവിച്ച ഈശോ -Matthew 4:1-11

ഞായര്‍ പ്രസംഗം നോമ്പുകാലം ഒന്നാം ഞായര്‍ മത്തായി 4: 1-11 മരുഭൂമിയിലെ പരീക്ഷ

ആരാധനാക്രമവത്സരത്തിലെ നോമ്പുകാലത്തിലെ ഒന്നാം ഞായറാഴ്ചയാണ് ഇന്ന്. വി. മത്തായിയുടെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത്, ഈശോ ദൈവപുത്രനാണ് എന്ന യാഥാര്‍ത്ഥ്യം സുവിശേഷകന്‍ ഊട്ടിയുറപ്പിക്കുകയാണ്. ഈശോയുടെ ജ്ഞാനസ്‌നാന വേളയില്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഈശോയെപ്പറ്റിയുള്ള പിതാവായ ദൈവത്തിന്റെ സാക്ഷ്യപ്പെടുത്തല്‍ നാം കാണുന്നുണ്ട്. ''ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' (മത്തായി 3:17). പിശാചിന്റെമേല്‍ വിജയം വരിച്ച് സകല തിന്മകളുടെയും ആധിപത്യം തകര്‍ത്ത് ദൈവപുത്രനായ ഈശോ, തന്നിലൂടെ പൂര്‍ത്തിയാകേണ്ട രക്ഷാകരപദ്ധതി ആരംഭിക്കുവാനായി ഒരുങ്ങുന്നു. ഓരോ പ്രലോഭനത്തിന്റെ വേളയിലും അവയുടെമേല്‍ വിജയം വരിക്കുന്ന ഈശോയില്‍ അവിടുത്തെ ദൈവപുത്രസ്ഥാനമാണ് തെളിഞ്ഞുവരിക.

ജ്ഞാനസ്‌നാന വേളയില്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ ഈശോയുടെമേല്‍ ഇറങ്ങിവന്നു. തുടര്‍ന്ന് വചനം പറയുന്നത്: ''അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവ് മരുഭൂമിയിലേയ്ക്ക് നയിച്ചു." പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിനായി ദൈവാത്മാവാണ് ഈശോയെ മരുഭൂമിയിലേയ്ക്കു നയിക്കുന്നത്. ഒരുപക്ഷേ, ഇതൊരു വിരോധാഭാസമായി തോന്നാം. പരീക്ഷകളും പരീക്ഷണങ്ങളും എല്ലാ ജീവിതങ്ങളിലുമുണ്ടാകും. അപ്പോള്‍, നമ്മെ നയിക്കുന്ന ദൈവാത്മാവ് നമ്മുടെ കൂടെയുണ്ടെന്ന സത്യം നാം മറക്കരുത്. ദൈവാരൂപിയുടെ നിയന്ത്രണത്തിന് നാം സ്വയം വിട്ടുകൊടുക്കണം.

നാല്‍പതു ദിവസത്തെ ഉപവാസം കഴിഞ്ഞപ്പോള്‍ യേശുവിന് വിശന്നു. മനുഷ്യന്റെ ഏറ്റവും പ്രാഥമികമായ ആവശ്യമാണ് ഭക്ഷണം. വളരെ സ്വാഭാവികമായ ആഗ്രഹമാണ് വിശപ്പ്. നമ്മുടെ ഏറ്റവും പ്രാഥമികമായ ആവശ്യത്തിന്മേലാണ് പലപ്പോഴും പ്രലോഭനങ്ങള്‍ ആരംഭിക്കുക. ആദിമാതാപിതാക്കള്‍ക്കുണ്ടായ പ്രലോഭനവും പഴത്തിനു വേണ്ടി - ഭക്ഷണത്തിനു വേണ്ടിയുള്ളതായിരുന്നു. അങ്ങനെ ഭക്ഷണം മൂലം പാപത്തില്‍ വീണ മനുഷ്യനെ രക്ഷിക്കാന്‍ അവൻ സ്വയം ഭക്ഷണമായി - അപ്പമാകാന്‍ വന്നവനാണ് ഈശോ. അപ്പമാകാന്‍ വന്ന ഈശോയുടെ തന്നെ ആദ്യത്തെ പ്രലോഭനം കല്ലിനെ അപ്പമാക്കാന്‍ - ആത്മീയതയെ സ്വന്തം സുഖസൗകര്യങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കുമുള്ള മാര്‍ഗ്ഗമാക്കാനുള്ള പ്രലോഭനം.

നമ്മുടെയൊക്കെ ആത്മീയജീവിതത്തില്‍ ഒരു പരിശോധന നടത്താനുള്ള ക്ഷണമാണ് ഈശോയ്ക്കുണ്ടായ പ്രലോഭനങ്ങളെ ധ്യാനിക്കുന്നതുവഴി തിരുസഭ നമുക്ക് നല്‍കുക. നമ്മുടെ ജീവിതങ്ങളിലെ പ്രലോഭനസാഹചര്യങ്ങളെ നാം തിരിച്ചറിയണം. അതിനുള്ള ഓര്‍മ്മപ്പെടുത്തലാണ് നാം ഇന്ന് ആരംഭിക്കുന്ന നോമ്പുകാലം. ജീവിതത്തില്‍ മാറ്റേണ്ടവയെ മാറ്റാന്‍ നമുക്ക് സാധിക്കണം. ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാത്ത തിന്മയാണ് ഞാന്‍ ചെയ്യുന്നതെന്ന വി. പൗലോസ് അപ്പസ്‌തോലന്റെ വചനം നമ്മെ സംബന്ധിച്ച് ശരിയാണ്.

ഒരുവന്‍ സുഹൃത്തിനോട് ചോദിച്ചു: "എന്താ നിന്റെ ചെവി പൊള്ളിയിട്ടുണ്ടല്ലോ?"

അയാള്‍ പറഞ്ഞു: "എന്തുചെയ്യാനാ, തുണി ഇസ്തിരിയിട്ടു കൊണ്ടിരുന്നപ്പോഴാണ് ഫോണ്‍ ബെല്ലടിച്ചത്. ഫോണ്‍ ആണെന്നു കരുതി തേപ്പുപെട്ടിയാണ് ചെവിയില്‍ വച്ചത്."

അപ്പോള്‍ സുഹൃത്ത് ചോദിച്ചു: "മറ്റേ ചെവിയും പൊള്ളിയിട്ടുണ്ടല്ലോ?"

അയാള്‍ പറഞ്ഞു: "ആ ദ്രോഹി പിന്നെയും ഫോണ്‍ വിളിച്ചു."

പ്രിയപ്പെട്ടവരേ, ആഗ്രഹം ഫോണെടുക്കാനാണെങ്കിലും എടുക്കുന്നത് അയണ്‍ ബോക്‌സ്. നമ്മുടെയൊക്കെ ജീവിതങ്ങളിലും വ്യക്തമായ ബോധ്യത്തോടെ നല്ല തീരുമാനങ്ങളെടുക്കുവാനും പാപങ്ങളും പ്രലോഭനങ്ങളുമൊക്കെ നമ്മിലേല്‍പ്പിക്കുന്ന പൊള്ളലുകളില്‍ നിന്ന് വിമുക്തരാകാനും നോമ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു. മനുഷ്യരുടെ മുമ്പില്‍ കഴിവ് തെളിയിക്കാനും ആദരവും പ്രശസ്തിയുമൊക്കെ നേടാനുമുള്ള പ്രലോഭനമാണ് രണ്ടാമത്തേത്. മരണത്തിന്റെ മൂന്നാം നാള്‍ അടക്കപ്പെട്ട കല്ലറയില്‍ നിന്ന് മഹത്വീകൃതനായി ഉയര്‍ത്ത യേശുവാണ് ദേവാലയഗോപുരത്തിന്റെ മുകളില്‍നിന്നും ചാടാന്‍ തയ്യാറാകാഞ്ഞത്. കഴിവുകളെ തന്റെ കാര്യസാധ്യത്തിനുവേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗിക്കണമെന്ന് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നു.

ആരാധിക്കേണ്ടത് ദൈവത്തെയാണെന്നും ദൈവത്തെ മാത്രമാണെന്നുമാണ് അവസാനത്തെ പ്രലോഭനത്തെ കീഴടക്കിയ ഈശോ പ്രഖ്യാപിക്കുന്നത്. ജീവിതത്തില്‍ ദൈവത്തെക്കാളുപരി സമ്പത്തിനും വസ്തുവകകള്‍ക്കും സുഖസൗകര്യങ്ങള്‍ക്കുമൊക്കെ പ്രാധാന്യം കൊടുക്കുമ്പോള്‍ യേശുവിന്റെ പാതയില്‍ നിന്നും നാം വഴിമാറുന്നു. ഈശോയുടെ ജീവിതത്തില്‍ ഈ പ്രലോഭനങ്ങള്‍ ഉണ്ടായെങ്കില്‍ നമ്മുടെ ആത്മീയജീവിതത്തിലും പ്രലോഭനങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. അവയെയൊക്കെ വിജയിച്ചു മുന്നേറണമെങ്കില്‍ ആത്മീയജീവിതത്തില്‍ ചില തിരഞ്ഞുനോക്കലുകള്‍ കൂടിയേ തീരൂ. പിന്നോട്ടുകൂടി തിരിഞ്ഞുനോക്കിയാലേ നമ്മുടെ സഞ്ചാരത്തിന്റെ ഗതി നമുക്ക് വ്യക്തമാകൂ.

ഒരു ഗ്രാമത്തിലെ നമ്പൂതിരിയുടെ ആഗ്രഹമായിരുന്നു ആനപ്പുറത്ത് കയറുക എന്നത്. അങ്ങനെയിരിക്കെ ഒരു ആന ആ ഗ്രാമത്തിലൂടെ വരികയും നമ്പൂതിരിക്ക് ആനപ്പുറത്ത് കയറാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തു. എന്നാല്‍, ആനപ്പുറത്ത് കയറിയ ആഹ്ളാദം മൂലം, ആന മുമ്പോട്ടുപോകുമ്പോള്‍ മുമ്പോട്ട് ഇരിക്കുന്നതിനു പകരം പുറകിലേയ്ക്ക് തിരിഞ്ഞാണ് നമ്പൂതിരി ഇരുന്നത്. ഇതുകണ്ട എല്ലാവരും നമ്പൂതിരിയോട് പറഞ്ഞു, തിരിഞ്ഞിരിക്ക് എന്നാലെ ആനയെ നിയന്ത്രിക്കാന്‍ സാധിക്കൂ. ഇതുകേട്ട നമ്പൂതിരി പറഞ്ഞു "ഞാന്‍ തിരിയില്ല വേണമെങ്കില്‍ ആന തിരിയട്ടെ."

പ്രിയപ്പെട്ടവരേ, നോമ്പുകാലം തിരിഞ്ഞുനോക്കാനും സാഹചര്യങ്ങളെ പഴിക്കാതെ സ്വയം തിരുത്താനും മാറാനുമുള്ള അവസരവും ഓര്‍മ്മപ്പെടുത്തലുമാണ്. നോമ്പുകാലത്തിലൂടെ നമ്മുടെ ജീവിതങ്ങളെ ഒന്നുകൂടി ആത്മശോധന ചെയ്ത് ദൈവത്തിങ്കലേയ്ക്ക് അടുപ്പിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ജോബിന്‍ കോലോത്ത്‌

www.lifeday.in