ദെനഹക്കാലം 07

ദനഹാ എഴാം ഞായര്‍ : മത്തായി 8:5-13 – ശതാധിപന്‍റെ വിശ്വാസം

ദനഹാ എഴാം ഞായര്‍ : മത്തായി 8:5-13 – ശതാധിപന്‍റെ വിശ്വാസം

ഞായര്‍ പ്രസംഗം ദനഹാ ഏഴാം ഞായര്‍ മത്തായി 8: 5-13 ശതാധിപന്‍റെ വിശ്വാസം

ഈശോമിശിഹായുടെ ദൈവികമഹത്വം വെളിപ്പെടുത്തുന്ന രംഗങ്ങളാണല്ലോ ദനഹാക്കാലത്തെ നമ്മുടെ ധ്യാനവിഷയം. തളര്‍വാതം പിടിപെട്ട ഒരുവനെ സുഖപ്പെടുത്തിക്കൊണ്ട് ഈശോ തന്റെ ദൈവികാധികാരം തെളിയിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗം (മത്തായി 8:5-13). ഈശോയില്‍ വിശ്വസിക്കാന്‍ നമ്മെ ക്ഷണിക്കുന്നതാണ് ഈ സംഭവം. സുവിശേഷഭാഗത്തെ ശതാധിപന്റെ വിശ്വാസം നമുക്കും മാതൃകയാകേണ്ടതാണ്.

ഗിരിപ്രഭാഷണത്തിനുശേഷം മലയില്‍ നിന്നിറങ്ങിവന്ന ഈശോ പ്രവര്‍ത്തിച്ച നിരവധി അത്ഭുതങ്ങളാണ് വി. മത്തായിയുടെ 8, 9 അദ്ധ്യായങ്ങളില്‍ വിവരിക്കുന്നത്. അവയില്‍ ഒരു രോഗശാന്തിക്ക് അര്‍ഹനായത് ഒരു ശതാധിപന്റെ ഭൃത്യനാണ്. നൂറ് അംഗങ്ങളുള്ള ഒരു പട്ടാളവിഭാഗത്തിന്റെ തലവനാണ് ശതാധിപന്‍. ഈശോയുടെ കാലത്തെ പലസ്തീനാ, റോമാക്കാരുടെ അധീനതയിലായിരുന്നതുകൊണ്ട് റോമന്‍ പടയാളികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ പാളയമടിച്ചിരുന്നു. സുവിശേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന പല ശതാധിപന്മാരും നല്ല മനുഷ്യരാണ്. ഉദാഹരണത്തിന്, സാബത്ത് ദിവസം യഹൂദര്‍ക്കു സമ്മേളിക്കുന്നതിനുള്ള സിനഗോഗ് പണിയിച്ചു നല്‍കിയ ഒരു ശതാധിപനെ ലൂക്കായുടെ സുവിശേഷത്തില്‍ നമ്മള്‍ കണ്ടുമുട്ടുന്നുണ്ട് (ലൂക്കാ 7:5). ഈശോയുടെ കുരിശുമരണത്തിന്റെ അവസരത്തില്‍ മറ്റൊരു ശതാധിപനാണല്ലോ അവിടുത്തെ ദൈവപുത്രത്വം പ്രഘോഷിക്കുന്നത് (മര്‍ക്കോ. 15:39).

ഇസ്രായേലില്‍ പോലും കാണാത്ത വിശ്വാസം

ഈശോയെക്കുറിച്ചു കേട്ടറിഞ്ഞ ശതാധിപന്‍, തളര്‍വാതം ബാധിച്ചു വിഷമിക്കുന്ന തന്റെ ഭൃത്യനുവേണ്ടി അവിടുത്തെ പക്കല്‍ അപേക്ഷയുമായി എത്തുന്നു. ഇതു തന്നെ അദ്ദേഹത്തിന്റെ നന്മയുടെ തെളിവാണല്ലോ. തല്‍ക്ഷണം ഈശോയുടെ മറുപടി. "ഞാന്‍ വന്ന് അവനെ സുഖപ്പെടുത്തട്ടെയോ?" (മത്തായി 8:7) എന്നായിരുന്നു. അശുദ്ധരാകുമോ എന്നു ഭയന്ന് യഹൂദര്‍, വിജാതിയരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കിയിരുന്നു. ഈ പാരമ്പര്യത്തെ മറികടന്ന് ആ വിജാതീയന്റെ ഭവനത്തിലേയ്ക്ക് പോകാനുള്ള തയ്യാറാണ് അവിടുന്നു പ്രദര്‍ശിപ്പിച്ചത്. തന്റെ സാന്നിധ്യം വഴി ആ ഭവനം ശുദ്ധമാക്കപ്പെടുകയേ ഉള്ളൂ എന്ന് അവിടുത്തേയ്ക്ക് അറിയാമായിരുന്നു. മനുഷ്യാവതാരത്തില്‍ സംഭവിച്ചതും ഇതുതന്നെയായിരുന്നു. മനുഷ്യവര്‍ഗ്ഗത്തെ രക്ഷിക്കാനായി ഈ ഭൂമിയിലേയ്ക്ക് കടന്നുവരുന്ന ദൈവമാണവിടുന്ന്. അവിടുന്ന് ഈ ലോകത്തിലായിരുന്നെങ്കിലും ലോകത്തിന്റെ അശുദ്ധിയൊന്നും അവിടുത്തെ ബാധിച്ചില്ല. മറിച്ച്, അവിടുന്നു വഴി ലോകം വിശുദ്ധീകരിക്കപ്പെടുകയാണുണ്ടായത്.

ഈശോയെ സ്വീകരിക്കാന്‍ തന്റെ ഭവനം യോഗ്യമല്ലെന്നു കരുതിയ ശതാധിപന്‍ പറഞ്ഞു: "അങ്ങ് ഒരു വാക്ക് അരുള്‍ചെയ്താല്‍ എന്റെ ഭൃത്യന്‍ സുഖംപ്രാപിക്കും." 'ഉണ്ടാകട്ടെ' എന്ന ഒറ്റവാക്കുകൊണ്ട് ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചവന് തന്റെ ഭൃത്യന്റെ രോഗം മാറ്റാന്‍ എത്രയോ എളുപ്പമാണ് എന്നാണ് ഈ പ്രസ്താവനയുടെ അര്‍ത്ഥം. ശതാധിപന്റെ വിശ്വാസത്തിന്റെ ആഴമാണിവിടെ വെളിവാകുന്നത്. തന്റെ കീഴിലുള്ള പടയാളികളുടെമേല്‍ തനിക്കുള്ള അധികാരത്തോട് താരതമ്യപ്പെടുത്തിയാണ് അദ്ദേഹം ഈശോയുടെ അധികാരത്തെ മനസ്സിലാക്കിയത്. ഈശോയുടെ ദൈവികാധികാരത്തില്‍ അദ്ദേഹത്തിന് അത്രമാത്രം വിശ്വാസമുണ്ടായിരുന്നു. ഇതുകേട്ട് ആശ്ചര്യപ്പെട്ട ഈശോ, തന്നെ അനുഗമിച്ചിരുന്നവരോട് അരുളിചെയ്തു: "ഇസ്രായേലില്‍പ്പോലും ഇതുപോലുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ലെന്നു സത്യമായി നിങ്ങളോടു പറയുന്നു" (മത്തായി 8:10). ഇസ്രായേല്‍ ഭവനത്തിനെ - നഷ്ടപ്പെട്ട ആടുകളെ രക്ഷിക്കുകയാണ് തന്റെ ആഗമനോദ്ദേശ്യമെങ്കിലും യഥാര്‍ത്ഥ വിശ്വാസമുള്ളവരുടെയെല്ലാം രക്ഷകനാണ് താന്‍ എന്നാണ് ഈശോ വ്യക്തമാക്കുന്നത്. വിശ്വാസം ,യഹൂദനും വിജാതീയനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നു. ഈശോയിലുള്ള വിശ്വാസം വഴി ഇരുകൂട്ടരും ഒരുപോലെ രക്ഷിക്കപ്പെടുന്നു എന്നു സാരം. ഈശോ അദ്ദേഹത്തോട് തുടര്‍ന്ന് അരുള്‍ചെയ്തു: "പൊയ്‌ക്കൊള്ളുക. നീ വിശ്വസിച്ചതുപോലെ സംഭവിക്കട്ടെ" (മത്തായി 8:13). രക്ഷ പ്രാപിക്കാനുള്ള ഏകമാര്‍ഗ്ഗം ഈശോമിശിഹായില്‍ വിശ്വസിക്കുകയാണ് എന്ന സത്യം ഒരിക്കല്‍ക്കൂടി ഈശോ നമ്മെ അനുസ്മരിപ്പിക്കുകയാണ് ഈ വാക്യത്തിലൂടെ.

രക്ഷയുടെ അനുഭവത്തെ അഥവാ സ്വര്‍ഗ്ഗരാജ്യത്തെ വിരുന്നിനോട് ഉപമിക്കുന്നത് ഈശോയുടെ പ്രബോധനത്തിന്റെ ശൈലിയാണ്. രക്ഷ പ്രാപിക്കുന്നവര്‍ പൂര്‍വ്വപിതാക്കന്മാരായ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗ്ഗത്തില്‍ ഒന്നിച്ചു ഭക്ഷിക്കും. അതുകൊണ്ടാണ് അവിടുന്ന് പറഞ്ഞത്: "വളരെപ്പേര്‍ കിഴക്കു നിന്നും പടിഞ്ഞാറു നിന്നും വന്ന് സ്വര്‍ഗ്ഗരാജ്യത്തില്‍ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരോടൊപ്പം വിരുന്നിനിരിക്കും. രാജ്യത്തിന്റെ പുത്രരെയാകട്ടെ, പുറത്ത് ഇരുട്ടിലേയ്ക്ക് എറിഞ്ഞുകളയും. അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാകും" (മത്തായി 8:11-12). മരിച്ചു മണ്‍മറഞ്ഞുവെങ്കിലും പൂര്‍വ്വപിതാക്കന്മാര്‍ ഇന്നും ദൈവസന്നിധിയില്‍ ജീവിക്കുന്നു. ഈശോയില്‍ വിശ്വസിക്കുക വഴി രക്ഷിക്കപ്പെടുന്നവര്‍ ഉത്ഥാനത്തിന്റെ ഈ ജീവനിലാണ് പങ്കുചേരുന്നത്. ശരീരപ്രകാരം അബ്രാഹത്തിന്റെ മക്കളായതുകൊണ്ടു മാത്രം ആരും രക്ഷിക്കപ്പെടുന്നില്ല (ലൂക്കാ 3:8). പുറത്തേയ്ക്ക് എറിയപ്പെടുന്ന ഈ രാജ്യത്തിന്റെ മക്കള്‍ ഈശോയില്‍ വിശ്വസിക്കാത്ത ഇസ്രായേല്‍ മക്കളാണ്. ദൈവജനത്തിന്റെ ഭാഗമായതുകൊണ്ടു മാത്രം ആരും രക്ഷ പ്രാപിക്കുന്നില്ല എന്നു സാരം. ഈശോയിലുള്ള അടിയുറച്ച വിശ്വാസവും അനുതാപത്തിന് യോജിച്ച ജീവിതശൈലിയുമുള്ളവനേ രക്ഷിക്കപ്പെടുന്നുള്ളു.

കര്‍ത്താവിന്റെ ദാസനെക്കുറിച്ച് ഏശയ്യാ, നിവ്യായിലൂടെ അരുളിച്ചെയ്യപ്പെട്ടിരുന്നതാണ് ഈശോയില്‍ നിറവേറിയത്. പ്രവാചകനില്‍ നിന്നുള്ള വായനയില്‍ നമ്മള്‍ ഇപ്രകാരം ശ്രവിച്ചു: "അന്ധര്‍ക്കു കാഴ്ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍ നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകള്‍ക്ക് പ്രകാശവുമായി നല്‍കിയിരിക്കുന്നു" (ഏശ. 42:7). ദൈവം ഇസ്രായേല്‍ ജനവുമായി ചെയ്ത ഉടമ്പടിയുടെ പൂര്‍ത്തീകരണമാണ് ഈശോയുടെ മനുഷ്യാവതാരം. അത് ജനതകളെ - വിജാതീയരെ - പ്രകാശത്തിലേയ്ക്ക് നയിക്കാന്‍ വേണ്ടിക്കൂടിയായിരുന്നു. വിജാതീയനായ ശതാധിപന്‍ പ്രകാശമായ മിശിഹായിലേയ്ക്ക് വന്നുവെന്ന് വിശ്വസിക്കുമ്പോള്‍ ഈ ദൈവവചനവും പൂര്‍ത്തിയാകുന്നു.

ദരിദ്രരെക്കുറിച്ച് പരിഗണനയുള്ളവരാകുക

ഈശോയില്‍ വിശ്വസിക്കുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വര്‍ഗ്ഗീയജീവനില്‍ പങ്കു ലഭിക്കുവാന്‍ നമ്മള്‍ എപ്രകാരം ജീവിക്കണമെന്നാണ് പുതിയനിയമത്തില്‍ നിന്നുള്ള ആദ്യവായനയില്‍ വി. പൗലോസ് ശ്ലീഹാ നമ്മെ അനുസ്മരിപ്പിക്കുന്നത് (1 തിമോ. 6:17-21). ആദിമസഭാംഗങ്ങളെ ഉദ്ദേശിച്ച് വി. പൗലോസ് ശ്ലീഹാ തിമോത്തേയോസിനു നല്‍കുന്ന ഉപദേശം ആധുനികകാലത്ത് നമ്മെ സംബന്ധിച്ചും പ്രസക്തമാണ്: "ഈ ലോകത്തിലെ സമ്പന്നരോട് അഹങ്കരിക്കാതിരിക്കാനും അസ്ഥിരമായ സമ്പത്തില്‍ ആശ്രയിക്കാതെ, നമ്മുടെ ഉപയോഗത്തിനായി സകലവും സമൃദ്ധമായി തന്നിരിക്കുന്ന ജീവനുള്ള ദൈവത്തില്‍ പ്രത്യാശയര്‍പ്പിക്കാനും ഉദ്ബോധിപ്പിക്കുക. സത്പ്രവൃത്തികള്‍ ചെയ്യുവാനും സത്കര്‍മ്മങ്ങളില്‍ സമ്പന്നരാകാനും തങ്ങള്‍ക്കുള്ളത് പങ്കുവയ്ക്കാന്‍ സന്നദ്ധരാകാനും അവരെ ഉദ്‌ബോധിപ്പിക്കുക. അങ്ങനെ, ഭാവിയില്‍ യഥാര്‍ത്ഥജീവന്‍ കരസ്ഥമാക്കാന്‍ ഉതകുന്ന അടിസ്ഥാനമിടാന്‍ അവര്‍ക്ക് കഴിയട്ടെ" (1 തിമോ. 6:17-19).

ഭാവിജീവന്‍ ലക്ഷ്യം വച്ച് ജീവിക്കണമെന്നാണ് ശ്ലീഹ ഉപദേശിക്കുന്നത്. സ്വര്‍ഗ്ഗത്തിലെ യഥാര്‍ത്ഥജീവന്‍ പ്രാപിക്കാന്‍ സാധിക്കണമെങ്കില്‍ തങ്ങളുടെ സമ്പത്ത്, ഇല്ലാത്തവരുമായി പങ്കുവയ്ക്കാന്‍ തയ്യാറാകണം. ഇതേക്കുറിച്ചു തന്നെയാണ് പഴയനിമയത്തില്‍ നിന്നുള്ള ആദ്യവായനയിലും നമ്മള്‍ ശ്രവിച്ചത്. മോശയിലൂടെ ദൈവം ഇപ്രകാരം അരുള്‍ചെയ്യുന്നു: "ഓരോ മൂന്നാം വര്‍ഷത്തിന്റെയും അവസാനം ആ കൊല്ലം നിനക്കു ലഭിച്ച ഫലങ്ങളുടെയെല്ലാം ദശാംശം കൊണ്ടുവന്ന് നിന്റെ പട്ടണത്തില്‍ സൂക്ഷിക്കണം. നിന്റെ പട്ടണത്തില്‍ താമസിക്കുന്ന, നിനക്കുള്ളതു പോലെ ഓഹരിയും അവകാശവുമില്ലാത്ത, ലേവ്യരും പരദേശികളും അനാഥരും വിധവകളും വന്ന് അവ ഭക്ഷിച്ചു തൃപ്തിയടയട്ടെ. അപ്പോള്‍ നിന്റെ ദൈവമായ കര്‍ത്താവ് എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കും" (നിയമാ . 14:28-29).

നമ്മുടെ ഈ സാമൂഹിക ഉത്തരവാദിത്വ ദൗത്യത്തെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഇപ്രകാരം എഴുതുന്നു: "അതുല്യനായ സുവിശേഷകനും സുവിശേഷത്തിന്റെ ആള്‍രൂപവുമായ ഈശോ തന്നെത്തന്നെ ഏറ്റവും ചെറിയവര്‍ക്ക് സമാനനാക്കുന്നു" (മത്തായി 25:40). ഭൂമിയിലെ ദുര്‍ബലരെ ശുശ്രൂഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഈ വാക്യം ക്രൈസ്തവരായ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ദാരിദ്ര്യത്തിന്റെയും ദുര്‍ബലതയുടെയും പുതിയ രൂപങ്ങളുടെ അടുത്തുചെല്ലുക അനുപേക്ഷണീയമാണ്. ഇത് തൊട്ടറിയാവുന്നതോ പെട്ടെന്നുള്ളതോ ആയ പ്രയോജനമൊന്നും നമുക്ക് കൊണ്ടുവരുന്നതായി കാണപ്പെടുന്നില്ലെങ്കിലും ഇതില്‍ സഹിക്കുന്ന മിശിഹായെ കാണുവാന്‍ നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഭവനരഹിതര്‍, ലഹരിയുടെ അടിമകള്‍, അഭയാര്‍ത്ഥികള്‍, ആദിവാസികള്‍, കൂടുതലായി ഒറ്റപ്പെടുത്തപ്പെട്ടും ഉപേക്ഷിക്കപ്പെട്ടും വരുന്ന വൃദ്ധജനങ്ങള്‍ എന്നിവരെയും സമാനമായ മറ്റു പലരെയുംകുറിച്ച് ഞാന്‍ ചിന്തിക്കുന്നു (സുവിശേഷത്തിന്റെ ആനന്ദം, നമ്പര്‍ 209-210).

തന്റെ ഭൃത്യന്റെ രോഗാവസ്ഥ ഈശോയുടെ മുമ്പിലുണര്‍ത്തിച്ച ശതാധിപനെപ്പോലെ, നമ്മുടെ വേദനകളും ദുഃഖങ്ങളും രോഗങ്ങളും അവിടുത്തെ മുമ്പിലവതരിപ്പിക്കാനും അവയ്ക്കുള്ള പരിഹാരം അവിടുത്തെ പക്കലുണ്ടെന്ന് വിശ്വസത്തോടെ ഏറ്റുപറയാനും നമുക്കു സാധിക്കട്ടെ. ഭാവിയിലെ യഥാര്‍ത്ഥജീവന്‍ ലക്ഷ്യം വച്ച് ചുറ്റുമുള്ളവരുടെ വേദനയില്‍ മനസ്സലിവുള്ളവരായി ജീവിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

www.lifeday.in