ദെനഹക്കാലം 06

ദനഹാ ആറാം ഞായര് – യോഹ. 3: 22-31 – മിശിഹാ ഉന്നതത്തില് നിന്നുള്ളവന്

ദനഹാ ആറാം ഞായര് – യോഹ. 3: 22-31 – മിശിഹാ ഉന്നതത്തില് നിന്നുള്ളവന്

ഞായര് പ്രസംഗം ദനഹാ ആറാം ഞായര് യോഹ. 3: 22-31 മിശിഹാ ഉന്നതത്തില് നിന്നുള്ളവന്

ഈശോയും യോഹന്നാന് മാംദാനയും ഒരേസമയം സമാന്തരമായി മാമ്മോദീസാ നല്കുന്ന രംഗം വി. യോഹന്നാന് മാത്രമേ സുവിശേഷത്തില് രേഖപ്പെടുത്തുന്നുള്ളൂ (യോഹ. 3:22-23). മറ്റു മൂന്ന് സുവിശേഷങ്ങളിലും മാംദാന, കാരാഗൃഹത്തിലാക്കപ്പെട്ട ശേഷമാണ് ഈശോ തന്റെ പരസ്യജീവിതവും പ്രവര്ത്തനങ്ങളും ആരംഭിക്കുന്നത് (മര്ക്കോ. 1:14). സമവീക്ഷണ സുവിശേഷങ്ങളിലെ വിവരണം ആരംഭിക്കുന്നതിനു മുമ്പുള്ള സംഭവമാണ് യോഹന്നാന് ശ്ലീഹാ വര്ണ്ണിക്കുന്നത് (യോഹ. 3:22-31).

രംഗം യൂദയാ ദേശമാണ്. ഇരുകൂട്ടരും - ഈശോയും ശിഷ്യരും, യോഹന്നാന് മാംദാനയും ശിഷ്യരും - മാമ്മോദീസാ നല്കുന്നത് വിവരിച്ചുകൊണ്ടാണ് സുവിശേഷകന് ആരംഭിക്കുന്നത്. പക്ഷേ, ഈശോ മാമ്മോദീസാ നല്കിയിരുന്നില്ല. മറിച്ച്, അവിടുത്തെ ശിഷ്യരാണ് നല്കിയിരുന്നത് എന്ന് ശ്ലീഹാ തുടര്ന്ന് വ്യക്തമാക്കുന്നുണ്ട് (യോഹ. 4:1-2). ധാരാളം വെള്ളമുണ്ടായിരുന്ന സാലിമിനടുത്തുള്ള ഏനോനിലായിരുന്നു സ്നാപകയോഹന്നാന് മാമ്മോദീസാ നല്കിയിരുന്നത് എന്ന് സുവിശേഷകന് എടുത്തുപറയുന്നുണ്ട്. 'സാലിം' (ശലോം) എന്ന പദത്തിന് 'സമാധാനം' എന്നും 'ഏനോന്' എന്ന പദത്തിന് 'നീരുറവ' എന്നും അര്ത്ഥം. യഥാര്ത്ഥ സമാധാനത്തിന്റെ നീരുറവയായ മിശിഹായുടെ കൃപാസമൃദ്ധിയിലാണ് സ്നാപകയോഹന്നാന് സ്നാനം നല്കിയിരുന്നത് എന്നു സൂചിതം. മിശിഹായിലുള്ള വിശ്വാസത്തിലേയ്ക്ക് ജനത്തെ ഒരുക്കുക എന്നതായിരുന്നല്ലോ യോഹന്നാന് മാംദാനയുടെ സ്നാനത്തിന്റെ ലക്ഷ്യം. ഈശോയുടെ ശിഷ്യര് സ്നാനം നല്കിയിരുന്നെങ്കില് അതിന്റെ ലക്ഷ്യവും മറ്റൊന്നായിരിക്കാന് തരമില്ല.

തങ്ങളുടെ ഗുരുവായ സ്നാപകയോഹന്നാനെപ്പോലെ തന്നെ ഈശോയുടെ ശിഷ്യര് മാമ്മോദീസാ നല്കിയിരുന്നത് യോഹന്നാന്റെ ശിഷ്യര്ക്ക് ഇഷ്ടമായില്ല. ഈ ഇഷ്ടക്കുറവാണ് യോഹന്നാനോടുള്ള അവരുടെ വാക്കുകളില് നിഴലിക്കുന്നത്. അവര് പറഞ്ഞു: "ജോര്ദാന്റെ അക്കരെ നിന്നോടുകൂടെ ഉണ്ടായിരുന്നവന് - നീ സാക്ഷ്യം നല്കിയവന് - ഇതാ മാമ്മോദീസാ നല്കുന്നു. അനേകമാളുകള് അവന്റെയടുക്കലേക്കു പോകുന്നു." സ്നാപകനെ മിശിഹായായി കണ്ടിരുന്ന അദ്ദേഹത്തിന്റെ ശിഷ്യര്ക്ക് ഈശോയുടെ പക്കല് ആളുകള് കൂടുന്നതില് അസൂയയുണ്ടായിരുന്നു എന്ന് വ്യക്തം. അവരെ കുറ്റപ്പെടുത്താതെ, എത്രയോ ശാന്തവും സൗമ്യവുമായാണ് സ്നാപകയോഹന്നാന് അവരെ തിരുത്തുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

താന് മിശിഹായ്ക്ക് വഴിയൊരുക്കുവാനായി ദൈവത്താല് അയയ്ക്കപ്പെട്ടവനാണെന്നും താന് നല്കിയ മാമ്മോദീസാ, മിശിഹായെ യോഗ്യതാപൂര്വ്വം സ്വീകരിക്കാനായി ജനത്തെ ഒരുക്കുന്നതിനു വേണ്ടിയുള്ളതു മാത്രമാണെന്നുമാണ് യോഹന്നാന് മാംദാന വ്യക്തമാക്കുന്നത്. അദ്ദേഹം പറഞ്ഞു: "സ്വര്ഗത്തില് നിന്ന് നല്കപ്പെടാതെ ആര്ക്കും ഒന്നും സ്വീകരിക്കുക സാധ്യമല്ല. ഞാന് മിശിഹായല്ലെന്നും അവനുമുമ്പേ അയയ്ക്കപ്പെട്ടവനാണെന്നും ഞാന് പറഞ്ഞതിന് നിങ്ങള് തന്നെ സാക്ഷികളാണ്" (യോഹ. 3:28). സ്വര്ഗത്തില് നിന്ന് അതായത്, ദൈവത്തില് നിന്ന് കൃപ സ്വീകരിച്ചവന് മാത്രമാണ് താന്. മിശിഹായാകട്ടെ, സ്വര്ഗത്തില് നിന്ന് വന്ന ദൈവവും. ഈ മിശിഹായ്ക്കു മുമ്പേ, വഴിയൊരുക്കുവാനായി അയയ്ക്കപ്പെട്ടവന് മാത്രമാണ് താന് എന്നാണ് സ്നാപകന് പറയാനുണ്ടായിരുന്നത്. ജനത്തിന്റെ ഇംഗിതത്തിനു വിട്ടുകൊടുത്തിരുന്നെങ്കില് കുറച്ചകാലത്തേയ്ക്കാണെങ്കില് പോലും മിശിഹായായി വാഴാമായിരുന്ന സാഹചര്യത്തിലാണ് സ്നാപകന് എളിമയോടെ ഇപ്രകാരം ഏറ്റുപറയുന്നത് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ട കാര്യമാണ്.

മിശിഹായും താനും തമ്മിലുള്ള ബന്ധത്തെ മണവാളനും അദ്ദേഹത്തിന്റെ സ്നേഹിതനും തമ്മിലുള്ള ബന്ധത്തോടാണ് യോഹന്നാന് മാംദാന ഉപമിക്കുന്നത്. "മണവാട്ടി ഉള്ളവനാണ് മണവാളന്. അടുത്തുനിന്ന് മണവാളന്റെ സ്വരം കേള്ക്കുന്ന സ്നേഹിതന് അതില് ആഹ്ലാദിക്കുന്നു. അതുപോലെ, എന്റെ സന്തോഷം ഇതാ പൂര്ണ്ണമായിരിക്കുന്നു. അവന് വലുതാകുകയും ഞാന് ചെറുതാകയും ചെയ്യുക ആവശ്യമാണ്" (യോഹ 3:9-30).

ദൈവത്തിന് ഇസ്രായേല് ജനത്തോടുള്ള ബന്ധത്തെ വിവാഹബന്ധത്തോട് ഉപമിക്കുന്നത് പഴയനിയമത്തിന്റെ ശൈലിയാണ് (ഏശ. 54:5; ഹോസി. 2:19-20). പുതിയനിയമവും ഇതേ ശൈലി പിന്തുടരുന്നുണ്ട് (എഫേ. 5). ഈശോമിശിഹായാണ് മണവാളന്. അവിടുത്തെ ശിഷ്യഗണം (തിരുസഭ) മണവാട്ടിയും. ഒരു നല്ല സ്നേഹിതനെപ്പോലെ ഇവരെ തമ്മില് യോജിപ്പിക്കുക എന്നതായിരുന്നു യോഹന്നാന് മാംദാനയുടെ ദൗത്യം. ഇതേക്കുറിച്ച് വ്യക്തമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നുതാനും. അതുകൊണ്ടാണ്, തന്റെ ശിഷ്യന്മാര്ക്ക് ലോകത്തിന്റെ പാപം നീക്കുന്ന കുഞ്ഞാടായ ഈശോയെ പരിചയപ്പെടുത്തിക്കൊടുത്ത് അവിടുത്തെ അനുഗമിക്കുന്നതിന് അദ്ദേഹം അവരെ പ്രേരിപ്പിച്ചത്.

മണവാളന്റെ സ്വരം ശ്രവിക്കുന്നതില് അതിയായി ആഹ്ലാദിക്കുന്നവനാണ് യോഹന്നാന് മാംദാന. അമ്മയുടെ ഉദരത്തില് വച്ചുപോലും ഈ ആഹ്ലാദം യോഹന്നാന് പ്രകടമാക്കിയതാണല്ലോ (ലൂക്കാ 1:39-45). യഹൂദ വിവാഹാഘോഷത്തില് മണവാളന്റെ തോഴന് പ്രധാനപ്പെട്ട പങ്ക് നിര്വ്വഹിക്കാനുണ്ടായിരുന്നു. ആഘോഷങ്ങള്ക്കുള്ള ക്രമീകരണങ്ങള് ഒരുക്കുന്നതും മണിയറ വാതലില് വരെ മണവാളനെ അനുഗമിക്കുന്നതും ഈ സ്നേഹിതന്റെ ഉത്തരവാദിത്വത്തില്പ്പെട്ട കാര്യങ്ങളാണ്. യഥാര്ത്ഥ മണവാളനായ മിശിഹായെ ലോകത്തിന് പരിചയപ്പെടുത്തിയതോടെ തനിക്ക് ജീവിതസാഫല്യമായി എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള് തെളിയിക്കുന്നത്. അതുപോലെ, എന്റെ സന്തോഷം ഇതാ പൂര്ണ്ണമായിരിക്കുന്നു. അവന് വലുതാകയും ഞാന് ചെറുതാകയും ചെയ്യുക ആവശ്യമാണ്.

മിശിഹായ്ക്ക് സാക്ഷ്യം വഹിക്കാന് വിളിക്കപ്പെടുന്ന ആര്ക്കും യോഹന്നാന് മാംദാന ഒരു ഉത്തമ മാതൃകയാണ്. സ്വയം ശൂന്യമാക്കിക്കൊണ്ടുള്ള സാക്ഷ്യമായിരുന്നു യോഹന്നാന്റേത്. ഏല്പിക്കപ്പെട്ട ഉത്തരവാദിത്വം ശരിയായി നിര്വ്വഹിച്ചശേഷം രംഗത്തുനിന്നു നിഷ്ക്രമിക്കുന്ന കഥാപാത്രം. മിശിഹാ പരസ്യമായി പ്രത്യക്ഷപ്പെടുന്നതോടെ തനിക്ക് രംഗം വിടാമെന്ന് യോഹന്നാന് മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്ത്തിക്കുകയും ചെയ്യുന്നു. നമ്മില് എത്ര പേര്ക്കുണ്ടാകും ഈ ധൈര്യം?

അവന് വലുതാകുകയും ഞാന് കുറയുകയും ചെയ്യണം. ഏതൊരു സാക്ഷ്യം വഹിക്കലിന്റെയും ശൈലി ഇതായിരിക്കേണ്ടതാണ്. മിശിഹായ്ക്കും അവിടുത്തെ സുവിശേഷത്തിനും മനുഷ്യഹൃദയങ്ങളില് സ്ഥാനമുണ്ടാകുക എന്നതായിരിക്കണം പ്രഘോഷകന്റെ ലക്ഷ്യം. താന് ഒരു സ്വരം മാത്രമാണ് എന്നുപറഞ്ഞ യോഹന്നാന്റെ മനോഭാവം അതായിരുന്നു. സുവിശേഷത്തിന്റെ ആനന്ദം എന്ന തന്റെ ശ്ലൈഹികപ്രബോധനത്തില് ഫ്രാന്സിസ് മാര്പ്പാപ്പ ഇതേക്കുറിച്ച് ഇപ്രകാരം എഴുതുന്നു: "സുവിശേഷപ്രസംഗം നടത്തുന്ന പുരോഹിതനെക്കാള് കൂടുതലായി, കര്ത്താവ് ശ്രദ്ധാകേന്ദ്രമായിരിക്കത്തക്കവണ്ണം പ്രസംഗകന്റെ വാക്കുകള് ക്രമപ്പെടുത്തണം" (നമ്പര് 138). തന്റെ വിജ്ഞാനചാതുരിയോ പ്രസംഗപാടവമോ പ്രകടിപ്പിക്കാനുള്ള വേദിയാക്കരുത് സുവിശേഷ പ്രസംഗപീഠമെന്ന് ചുരുക്കം.

ഫ്രാന്സിസ് മാര്പ്പാപ്പായുടെ എല്ലാ പ്രബോധനങ്ങളിലും മുന്നിട്ടുനില്ക്കുന്ന മറ്റൊരാശയത്തിലേയ്ക്കാണ് ആദ്യവായന നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സമൂഹത്തിന്റെ അതിര്ത്തികളില് കഴിയേണ്ടി വരുന്നവരെക്കുറിച്ച് നമുക്കുണ്ടാകേണ്ട കരുതലിനെക്കുറിച്ചാണത്. "അഗതിയും ദരിദ്രനുമായ കൂലിക്കാരനെ, അവന് നിന്റെ സഹോദരനോ നിന്റെ നാട്ടിലെ പട്ടണങ്ങളൊന്നില് വസിക്കുന്ന പരദേശിയോ ആകട്ടെ, നീ പീഡിപ്പിക്കരുത്. അവന്റെ കൂലി അന്നന്ന് സൂരന് അസ്തമിക്കുന്നതിനു മുമ്പ് കൊടുക്കണം. പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്. വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്. നീ ഈജിപ്തില് അടിമയായിരുന്നുവെന്നും നിന്റെ ദൈവമായ കര്ത്താവ് നിന്നെ അവിടെ നിന്ന് മോചിപ്പിച്ചുവെന്നും ഓര്ക്കണം" (നിയമാ. 24:14-18).

ഈ വിശുദ്ധ ഗ്രന്ഥഭാഗത്തിനുള്ള വ്യാഖ്യാനം ഫ്രാന്സിസ് മാര്പ്പാപ്പയുടെ വാക്കുകളിലുണ്ട്: "ഇന്ന് ഒഴിവാക്കലിന്റെയും അസമത്വത്തിന്റെയും സമ്പദ്വ്യവസ്ഥയോട് നമുക്ക് അരുത് എന്നു പറയാന് സാധിക്കണം. അത്തരം ഒരു സമ്പദ്വ്യവസ്ഥ മാരകമാണ്. ആളുകള് പട്ടിണി കിടക്കുമ്പോള് ഭക്ഷണം പാഴാക്കിക്കളയുന്നതിനെ നമുക്ക് ന്യായീകരിക്കാന് സാധിക്കുമോ? ഇത് അസമത്വത്തിന്റെ വിഷയമാണ്. മനുഷ്യര് തന്നെയും ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെടേണ്ട ഉപഭോഗസാധനങ്ങളായി പരിഗണിക്കപ്പെടുന്നു. നമ്മള് ഒരു വലിച്ചെറിയല് സംസ്കാരം സൃഷ്ടിച്ചിരിക്കുകയാണ്. ഒഴിവാക്കപ്പെടുന്നവര് സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരോ അതിന്റെ പാര്ശ്വങ്ങളിലുള്ളവരോ അല്ല. അവര് ഇനിമുതല് അതിന്റെ ഭാഗം പോലുമല്ല. ഒഴിവാക്കപ്പെടുന്നവര് ചൂഷിതര് അല്ല, ബഹിഷ്കൃതരാണ്, അവശിഷ്ടങ്ങള് മാത്രമാണ്" (സുവിശേഷത്തിന്റെ ആനന്ദം, നമ്പര് 53).

ഇസ്രായേല്ക്കാര് ഈജിപ്തില് അനുഭവിച്ച കഷ്ടതകള് അനുസ്മരിച്ചുകൊണ്ട് പാവപ്പെട്ടവരോട് കരുണ കാണിക്കണമെന്നാണ് മോശ കല്പിച്ചത്. അടിമത്വത്തില് നിന്ന് വിമോചിപ്പിച്ച ദൈവത്തോടുള്ള കൃതജ്ഞതാപ്രകാശനം കൂടിയാണത്. ഇതേക്കുറിച്ചാണ് രണ്ടാം വായനയില് നമ്മള് ശ്രവിച്ചത്: "അവിടുന്ന് തന്നെയാണ് അവരെ രക്ഷിച്ചത്. അവിടുന്ന് അവരുടെ രക്ഷകനായി ഭവിച്ചു. അവരുടെ കഷ്ടതകളില് ദൂതനെ അയച്ചില്ല. അവിടുന്ന് തന്നെയാണ് അവരെ രക്ഷിച്ചത്. തന്റെ കരുണയിലും സ്നേഹത്തിലും അവിടുന്ന് അവരെ വീണ്ടെടുത്തു. കര്ത്താവേ, അങ്ങു തന്നെയാണ് ഞങ്ങളുടെ പിതാവ്. ഞങ്ങളുടെ വിമോചകന് എന്നാണ് പണ്ടുമുതലേ അങ്ങയുടെ നാമം" (ഏശ. 63:9-16).

ഈജിപ്തിലെയും ബാബിലോണിലെയും അടിമത്വങ്ങളില് നിന്ന് ജനത്തെ രക്ഷിച്ച ദൈവം തന്നെയാണ് തന്റെ പുത്രനായ ഈശോമിശിഹായിലൂടെ മനുഷ്യവര്ഗ്ഗം മുഴുവനെയും നിത്യമായി രക്ഷിച്ചതും. അവിടുന്നാണ് നമ്മുടെ യഥാര്ത്ഥ വിമോചകന്. ഈ വിമോചകനെയാണ് യോഹന്നാന് മാംദാന ലോകത്തിന് പരിചയപ്പെടുത്തിയത്.

ഫാ. ആന്ഡ്രൂസ് മേക്കാട്ടുകുന്നേല്

www.lifeday.in