ദെനഹക്കാലം 05

ദെനഹക്കാലം 05: രക്ഷ പ്രധാനം ചെയ്യുന്ന വെളിച്ചം – John 3:14-21

ഞായര്‍ പ്രസംഗം ദനഹാ അഞ്ചാം ഞായര്‍ രക്ഷ പ്രദാനം ചെയ്യുന്ന വെളിച്ചം

ഇസ്രായേല്‍ജനത്തോട് ദൈവം സംസാരിച്ചത് മോശയിലൂടെയായിരുന്നു. ദൈവം ജനത്തിന് സ്വയം വെളിപ്പെടുത്തിയതും തന്റെ ഹിതം പ്രമാണങ്ങളുടെ രൂപത്തില്‍ അവര്‍ക്കു നല്‍കിയതും അദ്ദേഹം വഴിയായിരുന്നു. മോശ തന്റെ അവസാന നാളുകളില്‍ ഒരു ഭാവിപ്രവാചകനെക്കുറിച്ച് മുന്‍കൂട്ടി അറിയിക്കുന്നതാണ് ഇന്നത്തെ ഒന്നാമത്തെ വായനയിലെ പ്രമേയം.

"നിന്റെ ദൈവമായ കര്‍ത്താവ് നിന്റെ സഹോദരങ്ങളുടെ ഇടയില്‍ നിന്ന് എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയയ്ക്കും. അവന്റെ വാക്കാണ് നീ ശ്രവിക്കേണ്ടത്" (നിയമാ. 18:15). മോശ മുന്‍കൂട്ടി അറിയിച്ച പ്രവാചകന്‍ ദൈവപുത്രനായ ഈശോമിശിഹായാണ്. ഇസ്രായേല്‍ജനം ശ്രവിക്കേണ്ടിയിരുന്നത് മോശയെ ആയിരുന്നുവെങ്കില്‍, ഇന്ന് നമ്മള്‍ കേള്‍ക്കേണ്ടത് ഈ അഭിഷിക്ത പ്രവാചകനെയാണ്. കാരണം, മോശവഴി നിയമം നല്‍കപ്പെട്ടെങ്കില്‍ ഈശോമിശിഹാ വഴി കൃപയും സത്യവും നല്‍കപ്പെട്ടിരിക്കുന്നു (യോഹ. 1:17). ഇന്നത്തെ സുവിശേഷത്തില്‍ നിക്കൊദേമോസുമായുള്ള സംഭാഷണത്തില്‍ നിത്യജീവന്‍ പ്രാപിക്കാനായി നമ്മള്‍ കേട്ടു വിശ്വസിക്കേണ്ട കാര്യങ്ങളാണ് ഈശോ അരുള്‍ചെയ്യുന്നത്.

കുരിശില്‍ മഹത്വീകരിക്കപ്പെട്ട മിശിഹാ

മനുഷ്യാവതാരത്തിലാണ് ദൈവം നമുക്കായി തന്റെ പുത്രനെ നല്‍കിയത്. ദൈവത്തിന്റെ പരമാവധി സ്‌നേഹത്തിന്റെ പ്രകാശമാനമായ ഈ നല്‍കല്‍ പൂര്‍ത്തിയായത് കുരിശിലും. മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയ സംഭവത്തോടാണ് തന്റെ കുരിശുമരണത്തെ ഈശോ ഉപമിക്കുന്നത്. മനുഷ്യപുത്രന്റെ കുരിശിലെ ഉയര്‍ത്തപ്പെടലിനെ വി. യോഹന്നാന്‍ ശ്ലീഹാ ഉപമിക്കുന്നത്, മോശ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതിനോടാണ്. സംഖ്യയുടെ പുസ്തകത്തിലാണ് പ്രസ്തുത സംഭവം വിവരിക്കപ്പെടുന്നത് (സംഖ്യ 21). വാഗ്ദത്തഭൂമി ലക്ഷ്യമാക്കി മരുഭൂമിയിലൂടെ യാത്ര ചെയ്ത ഇസ്രായേല്‍ജനം അക്ഷമരായി ദൈവത്തിനും മോശയ്ക്കുമെതിരെ സംസാരിച്ചു. അവരെ ശിക്ഷിക്കാനായി കര്‍ത്താവ് അവരുടെ പക്കലേയ്ക്ക് ആഗ്നേയസര്‍പ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് അനേകം ഇസ്രായേല്‍ക്കാര്‍ മരിച്ചു. തങ്ങളുടെ തെറ്റ് മനസ്സിലാക്കിയ ജനം കുറ്റമേറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചു. ഈ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാനായി കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കണമെന്ന് അവര്‍ മോശയോടു യാചിക്കുകയും ചെയ്തു. അപ്പോള്‍ കര്‍ത്താവ് മോശയോട് അരുള്‍ചെയ്തു: "ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തി നിര്‍ത്തുക. ദംശനമേല്‍ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല" (സംഖ്യ 21:8). ദൈവം നിര്‍ദ്ദേശിച്ചതുപോലെ മോശ പ്രവര്‍ത്തിച്ചു. പിച്ചളസര്‍പ്പത്തെ നോക്കിയവരെല്ലാം ജീവിക്കുകയും ചെയ്തു.

മനുഷ്യവര്‍ഗ്ഗത്തിന്റെ അവസ്ഥ മരുഭൂമിയില്‍ വച്ച് സര്‍പ്പദംശനമേറ്റ ജനത്തിന്റേതിനു സമാനമായിരുന്നു. ആദിമാതാപിതാക്കന്മാര്‍ സര്‍പ്പത്തിന്റെ പ്രേരണയ്ക്ക് വഴങ്ങിയതുകൊണ്ടാണല്ലോ അവര്‍ക്ക് ദൈവികജീവന്‍ നഷ്ടമായതും പറുദീസായില്‍ നിന്ന് അവര്‍ പുറത്തായതും. അവര്‍ക്കേറ്റ സര്‍പ്പദംശനമായിരുന്നു അത്. ഈ മനുഷ്യവര്‍ഗ്ഗത്തിന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ജീവിക്കുന്നതിനുള്ള ഏകമാര്‍ഗ്ഗം ദൈവം കുരിശിലുയര്‍ത്തിയ മനുഷ്യപുത്രനിലേയ്ക്ക് വിശ്വാസത്തോടെ നോക്കുക എന്നതാണ്. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: "മരുഭൂമിയില്‍ വച്ച് മോശ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, മനുഷ്യപുത്രനും ഉയര്‍ത്തപ്പെടേണ്ടിയിരിക്കുന്നു. അത് അവനില്‍ വിശ്വസിക്കുന്നവര്‍ ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനാണ്."

മനുഷ്യപുത്രന്‍ കുരിശില്‍ ഉയര്‍ത്തപ്പെട്ടപ്പോഴാണ് ദൈവിക വെളിപാട് പൂര്‍ത്തിയായത്. ദൈവത്തിന് മനുഷ്യരായ നമ്മോടുള്ള സ്‌നേഹത്തിന്റെ ആഴവും പരപ്പും അവിടെ വെളിവായി. മരുഭൂമിയിലെ പിച്ചളസര്‍പ്പത്തെ വിശ്വാസത്തോടെ നോക്കിയവര്‍ ജീവിച്ചതുപോലെ കുരിശില്‍ ഉയര്‍ത്തപ്പെട്ട മനുഷ്യപുത്രനെ വിശ്വാസത്തോടെ നോക്കുന്നവരും രക്ഷ പ്രാപിക്കുകയും നിത്യം ജീവിക്കുകയും ചെയ്യും. ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പായുടെ വാക്കുകളില്‍ കുരിശിലെ നിശബ്ദതയിലാണ് പിതാവായ ദൈവം ഏറ്റവും വാചാലനാകുന്നത്. അവിടെയാണ് ദൈവിക വെളിപാടിന്റെ പൂര്‍ണ്ണത.

മനുഷ്യപുത്രന്റെ ഉയര്‍ത്തപ്പെടല്‍ അവിടുത്തെ മഹത്വീകരണമായ ഉയിര്‍പ്പിനെയാണ് സൂചിപ്പിക്കുന്നത്. ഉയര്‍ത്തപ്പെടല്‍ സ്വര്‍ഗ്ഗാരോഹണമായാണ് ആദിമസഭ മനസ്സിലാക്കിയത്. യോഹന്നാന്റെ വീക്ഷണമനുസരിച്ച് കുരിശുമരണത്തില്‍ തന്നെ മഹത്വീകരണം സംഭവിച്ചു. മരണവും ഉയിര്‍പ്പും ഈ മഹത്വീകരണത്തിന്റെ രണ്ട് മാനങ്ങള്‍ മാത്രമാണ്. ഈശോയുടെ മഹത്വീകരണത്തെക്കുറിച്ച് യോഹന്നാന്റെ സുവിശേഷത്തിലുള്ള പ്രസ്താവനകള്‍ സമവീക്ഷണ സുവിശേഷങ്ങളിലെ പീഡാനുഭവ പ്രവചനങ്ങള്‍ക്ക് സമാനമാണ്. വിശ്വാസത്തോടെ കുരിശില്‍ നോക്കുന്നവന്‍, പിതാവിന് ലോകത്തോടുള്ള തീവ്രസ്‌നേഹമാണ് കാണുന്നത്. വിശ്വസിക്കുന്നവന്‍ സ്‌നേഹിക്കാന്‍ നിര്‍ബന്ധിതനാകുന്നു. ഇവിടെ വിശ്വാസവും സ്‌നേഹവും ഒന്നായി ഭവിക്കുന്നു. വിശ്വസിക്കുകയെന്നാല്‍ സ്‌നേഹിക്കുകയെന്നു സാരം.

ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു

സുവിശേഷങ്ങളിലെ സുവിശേഷം എന്നാണ് യോഹ. 3:16 അറിയപ്പെടുന്നത്. മനുഷ്യനായി അവതരിച്ച ഈശോമിശിഹായില്‍ പിതാവായ ദൈവത്തിന്റെ സ്‌നേഹം പ്രകാശിതമായതിന്റെ വിവരണമാണല്ലോ സുവിശേഷത്തിലുള്ളത്. ഈ വിവരണം മുഴുവന്റെയും സംഗ്രഹം ഈ ഒരു വാക്യത്തിലുണ്ട്: "തന്റെ ഏകജാതനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് അവനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു" (യോഹ. 3:16). സുവിശേഷം വിവരിക്കുന്നത്, ദൈവത്തിന് ലോകത്തോടുള്ള സ്‌നേഹത്തിന്റെ ഫലമായി തന്റെ പുത്രനെ നമ്മുടെ പക്കലേയ്ക്ക് അയയ്ക്കുന്ന സംഭവമാണല്ലോ. ദൈവത്തിന് മനുഷ്യരായ നമ്മോട് എത്രമാത്രം സ്‌നേഹമുണ്ടെന്ന് വ്യക്തമാക്കപ്പെട്ടത് ഈശോയുടെ മനുഷ്യാവതാരത്തിലാണ്. പുത്രനായ മിശിഹാ രക്ഷണീയകര്‍മ്മം പൂര്‍ത്തിയാക്കിയത് തന്റെ കുരിശുമരണത്തിലൂടെയാണ്. അവിടെയാണ് പിതാവായ ദൈവത്തിന് മനുഷ്യനോടുള്ള സ്‌നേഹം അതിന്റെ പൂര്‍ണ്ണത പ്രാപിച്ചത്. ഈ ചരിത്രമാണല്ലോ സുവിശേഷങ്ങള്‍ വിവരിക്കുന്നത്.

സുവിശേഷവിവരണത്തിന്റെ ലക്ഷ്യം യോഹന്നാന്‍ ശ്ലീഹാ വ്യക്തമാക്കുന്നത് സുവിശേഷാവസാനത്തില്‍ നാം വായിക്കുന്നുണ്ട്: "ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത്, ഈശോ ദൈവപുത്രനായ മിശിഹായാണെന്ന് നിങ്ങള്‍ വിശ്വസിക്കാനും അങ്ങനെ വിശ്വസിച്ച് അവന്റെ നാമത്തില്‍ നിങ്ങള്‍ക്ക് നിത്യജീവന്‍ ഉണ്ടാകുവാനുമാണ്" (യോഹ. 20:31). ഇതേകാര്യം തന്നെയാണ് യോഹ. 3:16-ലും പറയുന്നത്. "തന്റെ ഏകജാതനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ, നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്റെ പുത്രനെ നൽകുവാൻ തക്കവണ്ണം പിതാവ് തിരുമനസ്സായി." പുത്രനെ ലോകത്തിലേയ്ക്ക് അയച്ചപ്പോള്‍ പിതാവിനുണ്ടായിരുന്ന ലക്ഷ്യം തന്നെയാണ് സുവിശേഷരചനയില്‍ ശ്ലീഹായ്ക്കുമുള്ളത്. ഈശോയില്‍ വിശ്വസിക്കാനും സുവിശേഷപാരായണം നമ്മെ സഹായിക്കണം.

വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്‌നേഹിക്കുന്ന ജനം

പുത്രന്റെ മനുഷ്യാവതാരത്തെ ദൈവസ്‌നേഹത്തിന്റെ പ്രകാശനമായാണല്ലോ സുവിശേഷകന്മാര്‍ വര്‍ണ്ണിക്കുന്നത്. അതുകൊണ്ടാണ് പ്രകാശം എന്ന് അവിടുത്തെ വിശേഷിപ്പിക്കുന്നതു തന്നെ. വെളിച്ചം ലോകത്തിലേയ്ക്കു വന്നുവെന്നാണ് മനുഷ്യാവതാരത്തെക്കുറിച്ച് യോഹന്നാന്‍ ശ്ലീഹാ പറയുന്നത് (3:19). ഈശോയില്‍ വിശ്വസിക്കാതിരുന്ന ജനം പ്രകാശത്തേക്കാള്‍ ഇരുളിനെ സ്‌നേഹിച്ചു. കാരണം, പ്രകാശമായ മിശിഹായിലേയ്ക്കു വന്നാല്‍ തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ വെളിച്ചത്തു വരുമോ എന്നവര്‍ ഭയപ്പെട്ടു. ഇരുളിന്റെ മറവിലാണല്ലോ തിന്മകള്‍ അരങ്ങേറുന്നത്.

വിശ്വസിക്കാത്തവന് കുരിശിലെ ദൈവിക വെളിപാട് വെളിച്ചം പ്രദാനം ചെയ്യുന്നില്ല. അവന്‍ രക്ഷിക്കപ്പെടുന്നുമില്ല. പ്രത്യുത, അവന്‍ ശിക്ഷയ്ക്ക് പാത്രമാകുന്നു. ശിക്ഷാവിധി ഇതാണ്: "വെളിച്ചം ലോകത്തിലേയ്ക്കു വന്നു. എന്നാല്‍, തങ്ങളുടെ പ്രവൃത്തികള്‍ ദുഷ്ടമായിരുന്നതിനാല്‍, മനുഷ്യര്‍ വെളിച്ചത്തേക്കാള്‍ ഇരുളിനെ സ്‌നേഹിച്ചു. ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെല്ലാം വെളിച്ചത്തെ വെറുക്കുന്നു. തങ്ങളുടെ പ്രവൃത്തികള്‍ വെളിപ്പെടാതിരിക്കാന്‍ അവര്‍ വെളിച്ചത്തിലേയ്ക്കു വരുന്നില്ല. സത്യം പ്രവര്‍ത്തിക്കുന്നവരെല്ലാം ദൈവത്തെപ്രതി തങ്ങള്‍ ചെയ്ത പ്രവൃത്തികള്‍ അറിയപ്പെടേണ്ടതിന് വെളിച്ചത്തിലേയ്ക്കു വരുന്നു" (യോഹ. 3:19-21).

ദുഷ്ടത പ്രവര്‍ത്തിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഈശോയിലുള്ള ദൈവിക വെളിപാടിനെ നിരസിക്കുന്നതിനെയാണ്. സത്യത്തിന്റെ പ്രവൃത്തികള്‍ ചെയ്യുകയെന്നാല്‍ ഈ ദൈവിക വെളിപാട് സ്വീകരിക്കുകയെന്നും അര്‍ത്ഥം. ഇപ്രകാരം വെളിച്ചത്തിലേയ്ക്ക് വരുന്നവന്‍ ഈ വെളിപാടിനനുസരിച്ച് ജീവിതത്തില്‍ മാറ്റം വരുത്തുവാന്‍ നിര്‍ബന്ധിതനാകും. അതുകൊണ്ടാണ് പലരും കുരിശില്‍ വെളിവാക്കപ്പെട്ട സ്‌നേഹത്തില്‍ വിശ്വസിക്കാന്‍ വിസമ്മതിക്കുന്നത്. സ്‌നേഹം സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യുകയെന്നാല്‍, സ്‌നേഹിക്കാന്‍ തയ്യാറാവുക എന്നുകൂടിയാണര്‍ത്ഥം. കുരിശിലെ പരമാവധി സ്‌നേഹം സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായാല്‍ അതിന് ആനുപാതികമായി സ്‌നേഹിക്കാനും ഞാന്‍ തയ്യാറാകണം.

യോഹന്നാന്‍ ശ്ലീഹാ തന്റെ ലേഖനത്തില്‍ തുടര്‍ന്ന് എഴുതുന്നു: "ദൈവം പ്രകാശമാണെന്നും അവനില്‍ അന്ധകാരം ഒട്ടുമില്ലെന്നുമുള്ള സന്ദേശമാണ് ഞങ്ങള്‍ അവന്റെയടുക്കല്‍ നിന്ന് ശ്രവിച്ചതും നിങ്ങളോട് പ്രഖ്യാപിക്കുന്നതും. നമുക്ക് അവനോടു കൂട്ടായ്മ ഉണ്ടെന്നു പറയുകയും അതേസമയം അന്ധകാരത്തില്‍ ചരിക്കുകയും ചെയ്താല്‍ നാം നുണ പറയുന്നവരാകും. സത്യത്തില്‍ വ്യാപരിക്കുന്നുമില്ല" (1 യോഹ. 1:5-6). പ്രകാശത്തില്‍ ചരിക്കുക എന്നതിന്റെ പൊരുളും ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്: "പ്രകാശത്തിലാണെന്ന് പറയുകയും സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്ധകാരത്തില്‍ തന്നെയാണ്. സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു" (1 യോഹ. 2:7-11). പ്രകാശമായി മിശിഹായില്‍ വസിച്ചുകൊണ്ട് നിത്യജീവന് അര്‍ഹമായ ജീവിതം നയിക്കാന്‍ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

ഫാ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

www.lifeday.in